ഹുലാ ഹൂപ്പ് പ്രകടനം പരിചിതമല്ലെന്ന് തീര്‍ത്തും പറയാന്‍ വയ്യ. ടെലിവിഷന്‍ ചാനലുകളിലെ വിവിധ സ്റ്റേജ് ഷോകളില്‍ ഇത് പതിവ് കാഴ്ചയാണ്. നൃത്തത്തിന് ഒപ്പമുള്ള ഹുലാ ഹൂപ്പ് പ്രകടനം പലപ്പോഴും കാണികളെ അമ്പരപ്പിക്കുന്നുമുണ്ട്.
സാധാരണ നൃത്തരൂപങ്ങളില്‍ നിന്നു മാറി മറ്റിനങ്ങള്ക്കൊപ്പമായാല് ഹുലാ ഹൂപ്പ് ഒരു അത്ഭുതം തന്നെയാകില്ലേ ? ഓരോ നൃത്തത്തിന്റെയും ചട്ടക്കൂടുകള്‍ തെറ്റിക്കാതെ അതില്‍ ഹുലാ ഹൂപ്പ് ലയിപ്പിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി.
നിശ്ചയ ദാര്‍ഢ്യത്തിനും തീവ്രമായ ആഗ്രഹത്തിനും പ്രതിഫലമായി സിന്നു കുര്യാക്കോസ് എന്ന യുവ നര്‍ത്തകിയെ തേടിയെത്തിയത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ്. ആ വിശേഷങ്ങള്‍ വായിക്കാം...
നൃത്തത്തെ പ്രണയിച്ച കുട്ടിക്കാലം
കല്ലൂര്‍ക്കാട് കളമ്പുകാട്ട് സിന്നു കുര്യാക്കോസിന് കുട്ടിക്കാലം മുതല്‍ നൃത്തത്തോട് കമ്പമായിരുന്നു. കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ നൃത്ത മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങി.
ശാസ്ത്രീയ നൃത്തത്തില്‍ ഭരതനാട്യത്തിലാണ് കൂടുതല്‍ പരിശീലനം നേടിയത്. 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന സിന്നു എട്ടു വര്‍ഷമായി ഹുലാ ഹൂപ്പും പരിശീലിച്ചുവരുന്നു.
വേള്‍ഡ് റിക്കാര്ഡിലെത്തിച്ച ഹൂലാ ഹൂപ്പ്
ഏറെ ഇഷ്ടപ്പെട്ട നൃത്തം എവിടെ കണ്ടാലും അത് സൂക്ഷ്മമായി കാണുന്നത് സിന്നു ഒരു ശീലമാക്കി. ഇതിനിടയില്‍ ഹുലാ ഹൂപ്പ് ചുറ്റി നടത്തുന്ന പ്രകടനം ഒരു ടി വി പ്രോഗ്രാമില്‍ കാണാനിടയായതാണ് സിന്നുവിന് വഴിത്തിരിവായത്.
സ്വന്തമായി അതൊന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന തോന്നല്‍ ഉണ്ടായതോടെ പിന്നീട് അതിനുള്ള പരിശ്രമമായി. നൃത്തത്തിലല്ലാതെ ഹുലാ ഹൂപ്പ് അരയില്‍ ധരിച്ച് പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് സാധാരണ നൃത്തത്തിനൊപ്പവും പരിശീലിച്ചു. പല നൃത്ത പരിപാടികളും കണ്ട് അതു പോലെ പരിശീലനം നടത്തി നോക്കി.
റിംഗ് ഏതാണ്ട് വഴങ്ങുമെന്നായപ്പോള്‍ ഭരതനാട്യത്തിനൊപ്പം അതു ചെയ്യാന്‍ പറ്റുമോ എന്നതായി പിന്നീടുള്ള ശ്രമം. തുടര്‍ന്നങ്ങോട്ട് ഭരതനാട്യത്തില്‍ അനുവദനീയമായ മോഡിഫിക്കേഷന് നടത്തി ഹുലാ ഹൂപ്പ് പ്രകടനവും ഒന്നിപ്പിക്കുകയായിരുന്നു.

പരിശീലിച്ചു കൊണ്ടിരുന്നപ്പോള്‍ പരമാവധി 300 തവണ വരെ മൂന്നു മിനിറ്റിനുള്ളില്‍ റിംഗ് ചുറ്റാന്‍ കഴിഞ്ഞിട്ടുള്ളതായി സിന്നു പറഞ്ഞു. ഗിന്നസിന് പ്രകടനം നടത്തിയപ്പോള്‍ 251 ഹൂലാ ഹൂപ്പ് റിംഗ് വരെ ചുറ്റാന്‍ കഴിഞ്ഞു.
ലോക റിക്കാര്‍ഡ് ലക്ഷ്യമിട്ടാണ് സിന്നു കുര്യാക്കോസ് പ്രദര്‍ശനം നടത്തിയത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വാഴക്കുളം ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രദര്‍ശനം വേള്‍ഡ് റിക്കാര്‍ഡിന് അരങ്ങൊരുക്കുകയായിരുന്നു.
ഭരതനാട്യം അവതരിപ്പിക്കുമ്പോള്‍ ഹുലാഹൂപ്പ് റിംഗ് അരയില്‍ ധരിച്ച് മൂന്നു മിനിറ്റിനുള്ളില്‍ ചുറ്റുന്ന എണ്ണമാണ് റിക്കാര്‍ഡിനായി പരിഗണിച്ചത്. ആദ്യ 60 സെക്കന്‍ഡില്‍ 89 തവണയും പിന്നീടുള്ള ഓരോ മിനിറ്റിലും 78, 84 തവണ വീതവുമായി ആകെ 251 തവണ സിന്നുവിന് ഭരതനാട്യത്തിനൊപ്പം ഹുലാ ഹൂപ്പ് ചുറ്റാനായി.
പ്രകടനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് തെളിവുകള്‍ സഹിതം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നിര്‍ണയ സമിതിക്ക് അയച്ചു നല്‍കുകയായിരുന്നു. വിശദമായ പരിശോധന കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് പൈനാപ്പിളിന്റെ നാടായ വാഴക്കുളത്തിന് ഗിന്നസ് റിക്കാര്‍ഡ് ഉടമയെ പ്രഖ്യാപിച്ചു കിട്ടിയത്.
മറ്റ് അംഗീകാരങ്ങള്‍
ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്റർനാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് എന്നിവയുടെ അംഗീകാരങ്ങള്‍ നേരത്തെ സിന്നു നേടിയിട്ടുണ്ട്. ഓരോ അംഗീകാരവും കൂടുതല്‍ മികവു തെളിയിക്കാന്‍ പ്രചോദനമാകുകയാണെന്ന് സിന്നു കുര്യാക്കോസ് പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണ
ബംഗളൂരു ക്രിസ്തു ജയന്തി ഡീംഡ് ടു ബി സര്‍വകലാശാലയിലെ അവസാന വര്‍ഷ ബി.എസ്.സി ബയോ ടെക്നോളജി, ബയോ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് സിന്നു കുര്യാക്കോസ്. പിതാവ് കല്ലൂര്‍ക്കാട് കളമ്പുകാട്ട് കെ.കെ. കുര്യാക്കോസ് എറണാകുളത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.
മാതാവ് ബെന്‍സി പോള്‍ കാര്‍മല്‍ സിഎംഐ പബ്ലിക് സ്കൂള്‍ അധ്യാപികയാണ്. സഹോദരി അന്നു ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ഇവരുടെയെല്ലാം പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ വിജയത്തിനു പിന്നിലുള്ളതെന്ന് സിന്നു പറയുന്നു.
സമയം കുറച്ച് കൂടുതല്‍ ഹൂലാ ഹൂപ്പ് റിംഗ് ചുറ്റി നൃത്തം ചെയ്ത് തന്റെ റിക്കാര്‍ഡ് തിരുത്തിക്കുറിക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഈ നര്‍ത്തകി.
Tags : Hula Hoop Guinness World Records