കണ്ണെത്താദൂരം ഭേദിക്കുന്ന ജാവലിനിൽ കയ്യൂർ സ്വദേശി ശോഭന രാജീവൻ തൊടുത്തു വച്ച സ്വപ്നം ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ യാഥാർഥ്യമായി. 23-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടിയാണ് ശോഭന തന്റെ സ്വപ്നം സഫലമാക്കിയത്.
2023ൽ ഫിലിപ്പീൻസിൽ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതെ വെള്ളി മെഡൽ നേടിയായിരുന്നു ശോഭനയുടെ മടക്കം.
എന്നാൽ, ആത്മവിശ്വാസത്തോടെ മാസങ്ങളോളം നീണ്ടുനിന്ന കഠിന പ്രയത്നത്തിലും പരിശീലനത്തിലും ശോഭന വിജയം നേടിയെടുത്തു. ലോകചാന്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ശോഭന.
കായികരംഗത്തേക്ക്
തൃക്കരിപ്പൂർ പടന്ന യുപി സ്കൂളിൽ പഠനം ആരംഭിച്ച ശോഭന സ്കൂളിലെ മികച്ച കായിക താരമായിരുന്നു. കായിക മത്സങ്ങൾക്കൊപ്പം കലാമത്സരങ്ങളിലും പങ്കാളിയായിരുന്നു.
പിന്നീട് ഹൈസ്കൂൾ പഠനത്തിനായി പടന്ന എംആർഎച്ച്എസിൽ ചേർന്നെങ്കിലും കായിക മത്സങ്ങളിൽ കൂടുതൽ കഴിവുണ്ടായിരുന്ന ശോഭനയ്ക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. ഇതാണ് ശോഭനയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
സ്കൂളിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ശോഭനയുടെ ജീവിതത്തിലേക്ക് ജാവലിൻ എന്ന കായിക ഇനം കടന്നുവന്നത് സ്പോർട്സ് സ്കൂളിലെ പരിശീലനത്തിലാണ്. ചിട്ടയായ പരിശീലനത്തിലൂടെ ജാവലിൻത്രോ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയിൽ പങ്കെടുത്ത് എല്ലാ മത്സരങ്ങളിലും വിജയം നേടാൻ താരത്തിന് സാധിച്ചു.
1992-93 കാലഘട്ടത്തിൽ സംസ്ഥാന സ്കൂൾ മീറ്റിൽ ജാവലിനിൽ ഒന്നാംസ്ഥാനം നേടി ദേശീയ മീറ്റിലേക്ക് യോഗ്യത നേടി. വെള്ളപ്പൊക്കം കാരണം ആവർഷം മീറ്റ് നടന്നില്ല. എന്നാൽ, തൊട്ടടുത്ത വർഷം നടന്ന ദേശീയ മീറ്റിൽ ആറാംസ്ഥാനവും സൗത്ത്സോൺ മീറ്റിലും ഇന്റർസോൺ മീറ്റിലും ഒന്നാംസ്ഥാനവും നേടി.
കായികമേഖലയിലെ മികവുറ്റ പ്രകടനത്തിന്റെ ഫലമായാണ് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ പ്രീഡിഗ്രി പഠിക്കാൻ താരത്തിന് അവസരം ലഭിച്ചത്.
കോളജിലെ കായികാധ്യാപകരായ വെൽസി, ഉദയകുമാർ എന്നിവരുടെ കീഴിലുള്ള പരിശീലനത്തിലൂടെ മഹാത്മഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് മീറ്റിൽ ഒന്നാംസ്ഥാനവും സൗത്ത്സോൺ അണ്ടർ 17 മീറ്റിലെ രണ്ടാംസ്ഥാനവും പ്രീഡിഗ്രീ കാലത്തെ മികച്ച നേട്ടങ്ങളാണ്.
അസംപ്ഷനിൽ തന്നെ ഡിഗ്രീ പഠനം ആരംഭിച്ച ശോഭനയ്ക്ക് കോളജ് പഠന കാലത്തും ജാവലിനിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ജാവലിൻ ജൂണിയർ വിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാമതെത്തി വിജയം ആവർത്തിച്ചു.
ദേശീയതലത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റേൺ റെയിൽവേയിൽ ജൂണിയർ ക്ലർക്കായി ജയ്പൂരിൽ നിയമനം ലഭിച്ചു. ജോലിക്കിടയിലും മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയുണ്ട്.
വിവാഹം, നിരന്തരമായുള്ള സ്ഥലം മാറ്റം, ജോലി ഭാരം എന്നിവ മാനസികമായി തളർത്തി. അതുകൊണ്ട് 2021ൽ റെയിൽവേയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്തു. പിന്നീട് കായികമത്സരങ്ങളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനും മകൾക്കുമൊപ്പം ജീവിതം നയിച്ചു.
കായിക രംഗത്തേക്കുള്ള തിരിച്ചുവരവ്
ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലൂടെയാണ് ശോഭന വീണ്ടും കായിക രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് പഴയ ആർജവത്തോടെ ജാവലിനിൽ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ്, മൺസൂൺമീറ്റ്, മാഫി അത്ലറ്റിക് മീറ്റ് എന്നിവയിൽ വിജയം ആവർത്തിച്ചു.
ഫിലിപ്പീൻസിൽ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടി. ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടി ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് മീറ്റിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
മീറ്റിൽ പങ്കെടുക്കാനായി കൂടുതൽ സാമ്പത്തികം ആവശ്യമാണ്. സർക്കാരിൽ നിന്നും മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വേൾഡ് മീറ്റിൽ എങ്ങനെ പങ്കെടുക്കും എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് ശോഭന പറയുന്നു.
ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെടുകയും അമ്മയുടെ മരണത്തിൽ മാനസികമായി തളർന്ന അച്ചനും സഹോദരങ്ങൾക്കും താങ്ങായത് അമ്മമ്മ പാറുക്കുട്ടിയും മാമൻ ഭാസ്കരനുമാണ്. മാമന്റെയും അമ്മമ്മയുടെയും പിന്തുണയും പ്രോൽസാഹനവുമാണ് ജീവിതത്തിലെ ഈ വിജയങ്ങൾക്ക് കാരണമെന്ന് ശോഭന പറയുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് കെ. രാജീവും മകൾ അവന്തികയും പൂർണ പിന്തുണയും സ്നേഹവും നൽകി കൂടെയുണ്ടെന്നും ശോഭന പറയുന്നു.
Tags : STHREEDHANAM