ലഹരിയുടെ മാസ്മര വലയത്തില്‍ അകപ്പെട്ട് ജീവിതം തന്നെ ഇല്ലാതാക്കുന്ന ഇന്നത്തെ യുവസമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ 12 വീട്ടമ്മാര്‍. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗമാകട്ടെ ലഹരി വിരുദ്ധ പ്രചാരണവുമായി ഒരു സൈക്കിള്‍ യാത്രയാണ്.
"സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ലൈഫ്' എന്നതാണ് ലഹരിക്കെതിരേയുള്ള സൈക്കിള്‍ സന്ദേശയാത്രയുടെ മുദ്രാവാക്യം.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്
അഞ്ചു ജില്ലകളിലായി 200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവര്‍ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. നവംബര്‍ 2ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബര്‍ 8ന് തിരുവനന്തപുരത്ത് സമാപിക്കും.
യാത്രികരില്‍ അങ്കണവാടി ആശ പ്രവര്‍ത്തകരും തയ്യല്‍ക്കാരികളും വീട്ടമ്മമാരുമാണുള്ളത്. ലഹരി വ്യാപനത്തിനെതിരേ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുകയെന്നതാണ് അമ്മമാരായ തങ്ങള്‍ ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷീ സൈക്ലിംഗ് നാഷണല്‍ പ്രോജക്ട് ഓര്‍ഡിനേറ്റര്‍ എം.എ. സീനത്ത് പറഞ്ഞു.
യാത്ര കടന്നുപോകുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 14 സ്കൂളുകളിലും നാല് കോളജുകളിലും സംഘം ബോധവല്‍ക്കരണ പരിപാടി നടത്തും. സൈക്ലിങ് അംഗങ്ങളുടെ സ്കിറ്റും നാടന്പാട്ടുസംഘത്തിന്റെ കലാപരിപാടിയും ഉണ്ടാകും.
എന്‍സിസി, എസ്പിസി, എന്‍എസ്എസ് വളന്റിയര്‍മാരും പരിപാടിയുടെ ഭാഗമാകും. ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയില്‍ ഷീ സൈക്ലിംഗും, താരസംഘടനയായ അമ്മയും, ഇന്റസ് മീഡിയയും കൈകോര്‍ക്കുന്നു.
ഈ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിള്‍ മേയറും, ഷീ സൈക്ലിങ്ങിന്റെ സീനിയര്‍ നാഷണല്‍ പ്രോജക്ട് മാനേജറും ആയ പ്രകാശ് പി. ഗോപിനാഥാണ്.

ഇവരാണ് റൈഡേഴ്സ്
ഷീ സൈക്ലിംഗ് നാഷണല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.എ. സീനത്താണ് യാത്ര ക്യാപ്റ്റന്‍. 48 കാരി സീനത്തു മുതല്‍ 60കാരി ലൈല നിസാര്‍ വരെ യാത്രാസംഘത്തിലുണ്ട്. റൂഹി യൂസഫ് സെയ്ദ്, സുനിത ഗഫൂര്‍, ബേബി നാസ്, പി.എ. സൈനബ, മുംതാസ് കബീര്‍, ട്രീസ സെബാസ്റ്റ്യന്‍, ജെസി ജോണി, പി. എ. റഹാന, ഷബാന ഭായ്, ഷംല സുലൈമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
നവംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപനത്തില്‍ 50ലധികം വനിതാ സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും. മാനവീയം വീഥിമുതല് ശംഖുമുഖംവരെ 'ലൂപ് റൈഡ്' നടത്തും. മാനവീയം വീഥിയില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
ചുക്കാന്‍ പിടിച്ചത് സീനത്ത്
സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നതിനിടെയാണ് എം.എ സീനത്ത് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. അതും 44-ാമത്തെ വയസില്‍. ടൂവിലര്‍ ഓടിക്കാന്‍ പഠിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.
താന്‍ പഠിച്ച കാര്യം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകട്ടെയെന്നു കരുതി ഫോര്‍ട്ടുകൊച്ചി വെളി പള്ളത്തു രാമന് ഗ്രൗണ്ടില്‍ 40 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയായിരുന്നു തുടക്കം. തുടര്‍ന്ന് സംസ്ഥാനത്ത് പല ജില്ലകളിലും പോയി സീനത്ത് സ്ത്രീകളെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചു.
ബൈക്ക്സ് ഇന്ത്യ നാഷണല്‍ കോ ഓര്‍ഡിനേറ്ററര്‍ കൂടിയായ സീനത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് സൈക്കിളോടിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കി. കാഷ്മീര്‍, പൂനെ, ലഡാക്ക്, ബംഗളൂരു എന്നിവിടങ്ങളിലെ സ്ത്രീകളെ സൈക്കിള്‍ ചവിട്ടാന്‍ സീനത്ത് പരിശീലിപ്പിച്ചു.
പരിശീലനം നേടിയ സ്ത്രീകള്‍ക്കായി ഐസ് ഷീറോസ് കൊച്ചി എന്ന ക്ലബും പ്രവര്‍ത്തിക്കുന്നുണ്ട്.
Tags : STHREEDHANAM