x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്! യോഗ്യത ഇങ്ങനെ!

അനീഷ് ആലക്കോട്
Published: November 22, 2025 01:58 PM IST | Updated: November 22, 2025 02:38 PM IST

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്‍കിയ 70, 80, 90 കിഡ്‌സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

സമീപ ചരിത്രം

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്‌ബോള്‍ സീസണ്‍ മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്‌ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്‌ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.

 

K-Rail Survey

ആരോഗ്യം ഒരു പ്രശ്‌നമോ..?

ലോക ഫുട്‌ബോളിലേക്ക് ഇടിച്ചു കയറാന്‍ മാത്രം ശാരീരിക കരുത്ത് ഇന്ത്യക്കാര്‍ക്ക് ഇല്ലേ..? പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്ന ചിലകാര്യങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കണം. ബ്രസീലിന്‍റെ നെയ്മറിനും സ്‌പെയിനിന്‍റെ കൗമാര സൂപ്പര്‍ താരം ലാമിന്‍ യമാലിനും ഫുട്‌ബോള്‍ ചാതുര്യമുണ്ടെങ്കിലും ശാരീരികശേഷി കുറവാണെന്നാണ് റൊണാള്‍ഡോ ചൂണ്ടികാണിക്കുന്നത്. സ്പാനിഷ് താരം സെര്‍ജിയോ റാമോസ് പോലുള്ള പ്രതിരോധക്കാര്‍ക്കു മുന്നില്‍പ്പെട്ടാല്‍ അവരെല്ലാം തീര്‍ന്നെന്നും റൊണാള്‍ഡോ പറയുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യക്കാരടെ ശരാരികശേഷി ഒരു പ്രധാന വസ്തുതയായി വരും. നിലവില്‍ ദേശീയ, ക്ലബ് ഫുട്‌ബോള്‍ രംഗത്ത് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യക്കാര്‍ കൂടുതല്‍ വരുന്നുണ്ട്. അവിടെ ഫുട്‌ബോള്‍ ഡെവലപ്‌മെന്‍റ് നടക്കുന്നുണ്ടെന്നതും കൂടുതല്‍ ശാരീരികക്ഷമയുള്ളവരുണ്ടെന്നതും ഇതിന്‍റെ കാരണങ്ങളാണ്. ചെറുപ്പം മുതല്‍ ടാലന്‍റ്സ് കണ്ടെത്തി ശാരീരികക്ഷമത കൂട്ടാനുള്ള നീക്കം ഇന്ത്യയില്‍ നടക്കുന്നില്ലെന്നതു യാഥാര്‍ഥ്യം.
ഇന്ത്യക്കു ഡിഫെന്‍ഡേഴ്‌സും മധ്യനിരക്കാരും ഉണ്ട്. ഫിനിഷറുടെ അഭാവം നേരിടുന്നു. അതു തീര്‍ക്കാനായി ഓസ്‌ട്രേലിയക്കാരന്‍ റയാന്‍ വില്യംസിനെ നൂലില്‍കെട്ടിയിറക്കിയെന്നതും ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ദയനീയതയാണ്. അങ്ങനെ നോക്കിയാല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ ദേശീയ ടീമുകളിലെല്ലാം ആഫ്രിക്കന്‍ കുടിയേറ്റക്കാരാല്‍ നിറഞ്ഞിരിക്കുകയാണെന്നതും മറ്റൊരു വാസ്തവം.

ആ ചരിത്ര മണ്ടത്തരം

ഇന്ത്യയില്‍ ഫുട്‌ബോള്‍ തളരാനും ക്രിക്കറ്റ് വളരാനുമുണ്ടായ ഒരേയൊരു കാരണം രാജ്യത്തെ കാല്‍പ്പന്ത് നിയന്താവായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) വീഴ്ചയാണ്. ബ്രസീലില്‍ നടന്ന 1950 ഫിഫ ലോകകപ്പിനു ക്ഷണം ലഭിച്ചിട്ടും സാമ്പത്തിക പ്രശ്‌നവും ഒളിമ്പിക്‌സാണ് അതിലും വലുതെന്നും ചൂണ്ടിക്കാട്ടി എഐഎഫ്എഫ് ടീമിനെ അയച്ചില്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്രമണ്ടത്തരം.
1950കളിലും 60കളിലും ഇന്ത്യ ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തിയായിരുന്നു. 1951, 1962 ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം സ്വന്തമാക്കി. 1956 ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തും ഇന്ത്യ എത്തി. 1952നും 1982നും ഇടയില്‍ നടന്ന ഏഴ് ഫിഫ ലോകകപ്പിനും ടീമിനെ അയയ്ക്കാന്‍ എഐഎഫ്എഫ് ശ്രമിച്ചില്ല, ശ്രദ്ധിച്ചില്ല. ഒളിമ്പിക്‌സാണ് ലോകകപ്പിലും വലുതെന്നായിരുന്നു 1937ല്‍ പിറവിയെടുത്ത എഐഎഫ്എഫിന്റെ നിലപാട്..! 1986ല്‍ ആണ് ഇന്ത്യ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിനായി ടീമിനെ അയച്ചത്. അപ്പോഴേക്കും ലോകഫുട്‌ബോള്‍ കുറേയേറെ മുന്നേറിക്കഴിഞ്ഞിരുന്നു. ഐസിസി 1983 ഏകദിന ലോകകപ്പ് കിരീടം കപില്‍ ദേവും സംഘവും ഇന്ത്യയില്‍ എത്തിച്ചതോടെ രാജ്യത്ത് ഫുട്‌ബോളിനേക്കാള്‍ പ്രിയം ക്രിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

എഐഎഫ്എഫ് x ബിസിസിഐ

ഇന്ന് ലോകത്തിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള കായിക സംഘടന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് (ബിസിസിഐ). മറുവശത്ത് സ്വന്തമായി ഒരു ആഭ്യന്തര ലീഗ് പോലും നടത്താനാവാത്ത അവസ്ഥയില്‍ എഐഎഫ്എഫും. ആഭ്യന്തര ലീഗ് കൃത്യമായും ശക്തമായും നടക്കാത്തതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശാപം. 1996ല്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് വന്നെങ്കിലും അകാലത്തില്‍പൊലിഞ്ഞു. നിലവിലെ ഒന്നാം ഡിവിഷനായ ഐഎസ്എല്‍ 2025-26 സീസണ്‍ മുടങ്ങിയ അവസ്ഥയിലും. 2014ലാണ് ഐഎസ്എല്‍ ആരംഭിച്ചതെന്നതും മറ്റൊരു വാസ്തവം.
യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കെല്ലാം മികച്ച ഫുട്‌ബോള്‍ കോച്ചിംഗ് സിസ്റ്റം ഉണ്ട്. അതില്‍പേരുകേട്ടതാണ് സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയുടേത്. അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസിവരെ ബാഴ്‌സയുടെ ഫുട്‌ബോള്‍ സ്‌കൂളായ ലാ മാസിയയുടെ പ്രൊഡക്റ്റാണെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ ഇല്ലാത്തതും ഇതാണ്. ഇന്ത്യന്‍ ക്ലബ്ബുകള്‍ അകാലത്തില്‍ പൊലിയുന്നു, ഉള്ള ക്ലബ്ബുകള്‍ക്കാണെങ്കില്‍ മികച്ച നിലയിലുള്ള ഫുട്‌ബോള്‍ സ്‌കൂളുകള്‍ ഇല്ല. അതേസമയം, ബിസിസിഐ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് യുവതാരങ്ങളെ വളര്‍ത്തുന്നുണ്ട്. കൗമാര തലം മുതലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. അതായത് ഒരു ഗെയിമിനെ എങ്ങനെ വളര്‍ത്താമെന്ന് അങ്ങ് യൂറോപ്പിലേക്കോ ലാറ്റിനമേരിക്കയിലേക്കോ എഐഎഫ്എഫ് നോക്കേണ്ട, തൊട്ടടുത്തുള്ള ബിസിസിഐയിലേക്കു നോക്കിയാല്‍മതി...

Tags : FIFA World Cup football india indian football reasons why India is a zero sports indian sports players football players

Recent News

Up