Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. പരിപാടിക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.
ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളജ് വിദ്യാർഥികളെ സർവേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നു കണ്ടെത്തിയ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനായി ലേലനടപടികൾ തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി.
കാറഡുക്ക വനമേഖല ഉൾപ്പെടുന്ന നാർളം ബ്ലോക്കിലാണ് ആദ്യമായി ലേലനടപടികൾ തുടങ്ങുന്നത്. 82.16 ഹെക്ടർ വിസ്തീർണമുള്ള ഈ ബ്ലോക്കിൽ 4.88 ദശലക്ഷം ടൺ സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും ഉള്ളതായിട്ടാണ് സർവേയിൽ കണ്ടെത്തിയത്. 365 കോടി രൂപയാണ് ഈ ധാതുനിക്ഷേപത്തിനു മൂല്യം നിർണയിച്ചിട്ടുള്ളത്. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും.
ഓൺലൈൻ ലേലം നടത്തുന്നത് സംസ്ഥാന സർക്കാരിനു കീഴിലാണെങ്കിലും കേന്ദ്ര ഉരുക്കു മന്ത്രാലയത്തിനു കീഴിലുള്ള പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. ടാറ്റയും അദാനിയും ഉൾപ്പെടെ വൻകിട കമ്പനികൾതന്നെ ലേലത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.
Kerala
പാലക്കാട്: പാർട്ടി എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല സംസ്ഥാന സര്‍ക്കാരെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. ജില്ലയില്‍ എല്‍ഡിഎഫ് വടക്കന്മുന്നേറ്റ വികസനജാഥയ്ക്കിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും അതു വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ല. പ്രതിസന്ധികളുണ്ടാകണമെന്നു മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടസംവിധാനമല്ല സര്‍ക്കാരിനുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിനു കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം.
ഇക്കാര്യം 1957ല്‍തന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപക, അനധ്യാപക നിയമനാംഗീകാരം വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അനന്തമായി നീട്ടുന്നതും തടയപ്പെടുന്നതും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും ഇത് കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിയില്ലെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ നടന്ന പ്രതിനിധിസമ്മേളനം പ്രമേയം പുറത്തിറക്കി.
എന്‍എസ്എസിന് ലഭിച്ച സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട് മറ്റ് അധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്.
ഇരുപതിനായിരത്തോളം വരുന്ന അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്തത് സര്‍ക്കാര്‍ കാട്ടുന്ന അനീതിയാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് എന്ന സര്‍ക്കാര്‍ ഭാഷ്യം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇക്കാര്യത്തില്‍ സ്ഥാപിത താത്പര്യങ്ങള്‍ മുന്‍നിർത്തിയുള്ള വിദ്യാഭ്യാസ വിരുദ്ധമായ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തി നിയമനാംഗീകാരം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പ്രമേയം അവതരിപ്പിച്ചു.
Kerala
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.
ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.
ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വാസവൻ പറഞ്ഞു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ ശിക്ഷാനിയമവും നടപ്പാക്കി താലിബാൻ ഭരണകൂടം. പുതിയ നിയമപ്രകാരം സർക്കാരിനെ വിമർശിക്കുന്നത് മാരക പാപമാണ്. വിമർശിക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കണ്ട് കഠിനശിക്ഷയ്ക്കു വിധേയരാക്കും.
കടുത്ത വിമർശനമുന്നയിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വരെ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം തുടങ്ങി സ്വാതന്ത്ര്യവും നിഷേധിച്ച താലിബാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റും നിരോധിച്ചിരിക്കുകയാണ്.
Kerala
കോട്ടയം: സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ജനകീയ ഹോട്ടലുകളേറെയും നിലച്ചു.
സംസ്ഥാനത്തുണ്ടായിരുന്ന 1116 ജനകീയ ഹോട്ടലുകളില്‍ നൂറില്‍ താഴെയേ നിലവില്‍ ഊണു വിളമ്പുന്നുള്ളു. സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കിയതും 2023ല്‍ ഊണിന് 35 രൂപ ആയി ഉയര്‍ത്തിയതുമാണ് പദ്ധതിയുടെ താളം തെറ്റിച്ചത്. ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
വാടകയും വൈദ്യുതി ബില്ലും ഉറപ്പു പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ 2019-20 വാര്‍ഷിക ബജറ്റില്‍ അവതരിപ്പിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്താണ് 20 രൂപ നിരക്കില്‍ ഊണും 25 രൂപയ്ക്ക് പൊതിച്ചോറുമായി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
ഇതിനായി കൂടുംബശ്രീയുടെ കീഴില്‍ 1116 ജനകീയ ഹോട്ടലുകളും സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ 50 സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിച്ചത്. അരി, പച്ചക്കറി, പാചകവാതകം തുടങ്ങി സകല സാധനങ്ങളുടെയും വില വര്‍ധിച്ചതോടെ ഹോട്ടലുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണ് നടത്തിപ്പുകാര്‍ പിന്‍വാങ്ങുന്നത്.
ഒരു ഊണിന് പത്ത് രൂപ വീതം സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡിയും കുടിശികയായി. സബ്സിഡി നിരക്കില്‍ അരി നല്കിയിരുന്നതും രണ്ടു വര്‍ഷം മുന്‍പ് നിലച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചന് എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന് എന്നത് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ എന്ന് മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Kerala
കൊച്ചി: കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം വൈകുന്നത് സര്‍ക്കാരിന് ചെലവ് കൂട്ടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാക്കനാട് വരെയുള്ള ആദ്യ അഞ്ചു സ്റ്റേഷനുകളിലേക്ക് ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കി.
അതുപ്രകാരം പാലാരിവട്ടം ജംഗ്ഷന്, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ സ്റ്റേഷനുകളിലേക്ക് ആദ്യം സര്‍വീസ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ബാക്കി വരുന്ന സിവില്‍ സ്റ്റേഷന് ജംഗ്ഷന്, കൊച്ചിന് സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് എന്നിവ രണ്ടാം ഭാഗമായി ഡിസംബറില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ. നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം മാത്രമാകും പൂര്‍ത്തിയാവുക.
ഇത് നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകും. മെട്രോയുടെ പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ നിലവില്‍ വലിയ ഗതാഗത കുരുക്ക് കൊച്ചിയിലുണ്ട്. പണികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്നത് ചെലവും ഗതാഗത കുരുക്കും വര്‍ധിപ്പിക്കും. നിര്‍മാണ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്ലൈന് മാറ്റുന്നതില്‍ ഉള്‍പ്പെടെ കാലതാമസം വന്നു.
വാഴക്കാലയിലും പടമുകളിലും സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടില്ലെന്നും ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിട്ടുണ്ട്. തടസങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും നിര്‍മാണം നടക്കുന്നുണ്ട്.
അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ മാര്‍ച്ച് പകുതിയോടെ തയാറാകുമെന്നും ലോക്നാഥ് ബഹ്റ പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകാതെ എന്ന് മൂന്നാം ഘട്ടം ആരംഭിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണ്.
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണ്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. സംസ്ഥാനത്താകെ സിപിഎമ്മിന് മുന്നൂറിലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മുന്നൂറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും.
പയ്യന്നൂരിലെ രക്തസാക്ഷിക്കായി പാർട്ടിക്കാരിൽനിന്നു മാത്രമല്ല ഫണ്ട് പിരിച്ചത്. ജനങ്ങളിൽനിന്നുകൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുധാകരൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം പറഞ്ഞ് സർക്കാർ എയ്ഡഡ് അധ്യാപകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ) യോഗം ആരോപിച്ചു.
ഭിന്നശേഷി വിഷയം അവതരിപ്പിച്ച് 22000 എയ്ഡഡ് അധ്യാപകരുടെ നിയമനം നിരോധിച്ച സർക്കാരാണ് രണ്ടാം പിണറായി സർക്കാർ.
ഭിന്നശേഷി നിയമനത്തിന് സുപ്രീംകോടതിയാണു തടസം എന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉന്നയിച്ചത്. ഈ സർക്കാരിന്റെ കാലത്ത് എയ്ഡഡ് മേഖലയിൽ നിയമന നിരോധനമാണു നടന്നതെന്നു സമ്മതിക്കാൻ സർക്കാർ തയാറാകണം.
കാലാവധി പൂർത്തീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നിയമനം ലഭിച്ച മുഴുവൻ എയ്ഡഡ് അധ്യാപകർക്കും അംഗീകാരം നൽകാൻ സർക്കാർ തയാറാകണമെന്നും കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി. ശ്രീപ്രകാശ്, പി.ആർ. അനിൽകുമാർ, രാധാകൃഷ്ണപിള്ള, അലക്സ് ജേക്കബ്, അജിതകുമാരി എന്നിവർ പ്രസംഗിച്ചു.
Kerala
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും കൈയിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല.'-മുരളീധരൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താക്കുമെന്നും മുരളീധരൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
National
ചെന്നൈ: അഡയാർ മേഖലയിൽ നിന്നുള്ള ചത്ത പക്ഷികളുടെ സാമ്പിളുകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തി. നൂറുകണക്കിന് കാക്കളെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു.
രോഗവ്യാപനം തടയാൻ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന "വൺ ഹെൽത്ത്' രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല.
പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.
ചത്ത പക്ഷികളെ ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. ഇത് വന്യജീവികളോ തെരുവ് നായകളോ കടക്കാത്ത വിധത്തിലായിരിക്കണം. അറിഞ്ഞോ അറിയാതെയോ പക്ഷികളെ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. തൊഴിലാളികൾ ഫാമുകളിൽ പ്രവേശിക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കണം.
Kerala
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 19,00 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്.
110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും.
പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, എട്ട് കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു.
ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കാൻ കൂടുതൽ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിൾ മാനേജ്മെന്റുകൾക്കുവേണ്ടി മാത്രമായാണ്.
സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും മറ്റ് ഏജൻസികൾക്കും എൻഎസ്എസിന് 2025 മാർച്ച് അഞ്ചിനു നൽകിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാൽ മറ്റ് കോർപറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളിൽ അധ്യാപക നിയമനാംഗീകാരം നൽകാൻ യാതൊരു തടസവും ഇപ്പോഴില്ല; മുൻപുമില്ല.
പകൽപോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസമന്ത്രി തന്ത്രപൂർവം മറച്ചുവയ്ക്കുകയാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. എൻഎസ്എസ് കേസ് അനാവശ്യമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സുപ്രീംകോടതി കേസിലേക്ക് തള്ളിവിട്ട സർക്കാരാണ് യഥാർഥ കുറ്റവാളികൾ.
ഈ അപകടം മുൻകൂട്ടി കണ്ട് ഗിൽഡ് ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ഈ പ്രശ്നം വീണ്ടും അനാവശ്യമായി കോടതിയുടെ പരിഗണനയ്ക്കു വിട്ടാൽ അനന്തമായി നീളുമെന്ന് ഗവൺമെന്റിനെ നിരന്തരം ഓർമപ്പെടുത്തിയിട്ടുള്ളതാണ്.
2021 നവംബർ എട്ടിനുമുമ്പ് ജോലിയിൽ പ്രവേശിച്ച് ശമ്പളം വാങ്ങുന്ന അധ്യാപകരാണ് ഇപ്പോൾ വിവാദമായ കേസിലെ പരാതിക്കാർ. ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ എല്ലാ വിധത്തിലും സഹകരിച്ചിട്ടുള്ള കോർപറേറ്റ് സ്കൂൾ മാനേജ്മെന്റ് ഏജൻസികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും സർക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തൽ വിരോധാഭാസമാണ്.
നിലവിൽ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപകരിലാരും കോടതിയിൽ ഒരു വാദവും ഉയർത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകർ പെറ്റീഷണറും ഭിന്നശേഷിക്കാർ റെസ്പോണ്ടന്റും ആയ കേസിൽ ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സർക്കാർ അധ്യാപകസമൂഹത്തോട് മാപ്പ് പറഞ്ഞ് തിരുത്തണമെന്ന് ഗിൽഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kerala
കൽപ്പറ്റ: സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി. 2025 ഓഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്. ഉത്തരവിലെ ‘വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ ആയത് ഒഴിവാക്കി’ എന്ന ഭാഗം ഭേദഗതിയിലൂടെ നീക്കി. ആരാധനാലയങ്ങളും ശ്മശാനങ്ങളും 1990 ജനുവരി ഒന്നിനു മുമ്പ് നിലവിലുള്ളതാകണം എന്ന വ്യവസ്ഥ ‘2008 ഓഗസ്റ്റ് 25ന് മുമ്പ് നിലവിലുള്ളതാകണം’ എന്ന് ഭേദഗതി ചെയ്തു.
സെറ്റിൽമെന്റ് രജിസ്റ്ററിൽ പേരുള്ള ഭൂമി പതിച്ചുനൽകുന്നതിന് പുതുക്കിയ മാനദണ്ഡപ്രകാരം ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കണം. സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശമുള്ള ഭൂമിക്ക് ന്യായവിലയുടെ 10 ഉം സ്വാതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിന് മുന്‍പും ഉള്ളതിന് 15 ഉം 1971 ഓഗസ്റ്റ് ഒന്നിന് ശേഷവും 1990 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള സ്ഥലത്തിന് 50 ശതമാനവും നിരക്ക് ഈടാക്കണം.
1990 ജനുവരി ഒന്നിന് ശേഷവും 2000 ജനുവരി ഒന്നിന് മുമ്പും കൈവശമുള്ള ഭൂമി പതിച്ചുകൊടുക്കുന്നതിന് ന്യായവിലയും 2000 ജനുവരി ഒന്നിന് ശേഷവും 2008 ഓഗസ്റ്റ് 25ന് മുന്‍പും കൈവശമുള്ളതിന് കന്പോളവിലയും ഈടാക്കണം. നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്ക് കമ്പോളവിലയാണ് ഈടാക്കേണ്ടത്.
Kerala
പരവൂർ: ചെറിയ മൂല്യമുള്ള കറൻസികൾ മാത്രം വിതരണം ചെയ്യുന്നതിന് മാത്രം പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നു. ദൈനംദിന ഇടപാടുകൾക്കായി ഇപ്പോഴും ചെറിയ തുകകളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷും.
ദിവസ വേതനക്കാർ, തെരുവ് കച്ചവടക്കാർ / ചെറുകിട കടയുടമകൾ, യാത്രക്കാർ തുടങ്ങിയവർ ഇപ്പോഴും പതിവ് വാങ്ങലുകൾക്കും കൊടുക്കലുകൾക്കും ചെറിയ തുകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ചെറിയ തുകകളുടെ കറൻസികൾ ഇപ്പോൾ എടിഎമ്മുകളിൽ ലഭ്യമല്ല.
ഇപ്പോൾ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളിൽ 500, 200, 100 രൂപ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ കൂടുതലും 500 രൂപ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ മാത്രം ലഭിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്നത്.
ഇത് കൂടാതെ 500 രൂപ അടക്കമുള്ള വലിയ തുകയുടെ നോട്ടുകൾ ചെറിയ തുകയുടെ നോട്ടുകളായി മാറ്റി വാങ്ങാൻ സൗകര്യമുള്ള ഹൈബ്രിഡ് എടിഎമ്മുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ചെറിയ നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന പുതിയ എടിഎമ്മുകൾ മുംബൈയിൽ പൈലറ്റ് പ്രോജക്ടായി പ്രവർത്തനം തുടങ്ങി. പ്രാദേശിക മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് പുതിയ എടിഎമ്മുകൾ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതലായി അച്ചടിക്കുന്ന കാര്യവും റിസർവ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി.
ഇടപാടുകാരെ സംബന്ധിച്ചിടത്തോളം പുതിയ എടിഎമ്മുകൾ ഗുണകരമാണെങ്കിലും പദ്ധതി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ കണക്കുകൂട്ടൽ.
പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനും അവ പരിപാലിക്കുന്നതിനും ഉയർന്ന ചെലവുകൾ വഹിക്കേണ്ടി വന്നേക്കാം എന്നതാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. മാത്രമല്ല സുരക്ഷാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
പതിനെട്ട് കോടി ഏഴുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാരാരിക്കുളം സർക്കാർ എല്‍പി സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ ഇന്ന് മുതല്‍ 21 ദിവസം സ്കൂളിന് അവധി നല്കി.
ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.
Kerala
കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.
Leader Page
ഭൂമി പാട്ടത്തിനു കൊടുത്തിരിക്കുന്ന കേസുകൾ സർക്കാർ നിരന്തരം തോറ്റുപോകുന്നത് ആശങ്കയോടെയേ കാണാനാകൂ. കോടതികളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് കേസുകളുടെ നടത്തിപ്പ് സർക്കാർ കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ കേരളം നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരിക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് വിദേശ പൗരന്മാർക്കും കമ്പനികൾക്കും പാട്ടത്തിനും ഗ്രാന്റ് ആയും നൽകിയ കേരളത്തിലെ വലിയ എസ്റ്റേറ്റുകളെയാണ് വിദേശ തോട്ടഭൂമി എന്ന് പ്രധാനമായും സൂചിപ്പിക്കുന്നത്.
ഗവൺമെന്റ് ലാൻഡ് റിഡംപ്ഷൻ വകുപ്പിൽനിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിവിധ കമ്പനികളും വ്യക്തികളും 15 ഏക്കറിൽ കൂടുതൽ വീതം ആകെ 1,66,000 ഏക്കർ വിദേശ തോട്ടഭൂമികൾ കൈവശം വച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിവിധ ജില്ലകളിൽ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാൻ കളക്ടർമാർ വഴി സർക്കാർ നൽകിയിരിക്കുന്ന സിവിൽ കേസുകളും പുരോഗമിക്കുന്നുണ്ട്. എന്നാൽ, ഇതേ ഗണത്തിൽപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പാലാ കോടതിവിധി വിദേശ തോട്ടഭൂമികൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
അവകാശം ഉന്നയിച്ച 2,263 ഏക്കർ ഭൂമി സർക്കാരിന്റേതല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. 2005ൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി വിറ്റതും കോടതി ശരിവച്ചു. ഇതോടെ, സമാനമായ സാഹചര്യങ്ങളിലുള്ള മറ്റു വിദേശ തോട്ടഭൂമികളുടെ ക്രയവിക്രയങ്ങളും അംഗീകരിക്കപ്പെടുമെന്നാണ് ആശങ്ക. വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന എൽസ്റ്റോൺ, നെടുമ്പാല എസ്റ്റേറ്റുകളും വിദേശ തോട്ടഭൂമികളാണ്. ജില്ലാ അടിസ്ഥാനത്തിൽ വരുമ്പോൾ വയനാട് 54,756.69 ഏക്കർ, ഇടുക്കി 54,722.45 ഏക്കർ, കൊല്ലം 11,203.84, പത്തനംതിട്ട 10,720.76 ഏക്കർ എന്നിങ്ങനെയാണ് കൂടുതൽ വിദേശ തോട്ട ഭൂമികളുള്ള ജില്ലകൾ.
കേരളത്തിൽ മൂന്നുലക്ഷത്തിൽ അധികം ഭൂരഹിതർ തലചായ്ക്കാൻ ഒരുതുണ്ട് ഭൂമിക്കായി സർക്കാരിൽ അപേക്ഷവച്ച് കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ അധീനതയിലുള്ള ഭൂമി കേസുകൾ നിരന്തരം തോറ്റുപോകുന്നത്. കേരളം ഭൂമി സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്ന കേരള വനം (പരിസ്ഥിതിശാസ്ത്രപരമായ ദുര്‍ബല ഭൂപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വം നടത്തിപ്പും-ഇഎഫ്എൽ) ആക്ട് ഒക്കെ നടപ്പാക്കി സാധാരണക്കാരായ കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കാൻ കാണിച്ച ശുഷ്കാന്തിയുടെ ആയിരത്തിലൊന്ന്, സർക്കാരിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നതും പാട്ടത്തിനു കൊടുത്തുപോയിരിക്കുന്നതുമായ തോട്ടഭൂമികൾ നഷ്ടപ്പെടാതിരിക്കാൻ കാണിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ഭൂരഹിതർ ഉണ്ടാകുമായിരുന്നില്ല.
കൊലക്കേസിലെ പ്രതികൾക്കുവേണ്ടി വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകരെ സുപ്രീംകോടതിയിൽനിന്നുവരെയിറക്കുന്ന സർക്കാർ, ഭൂമിക്കേസുകളിൽ കാണിക്കുന്ന അലംഭാവം സംശയത്തോടെയേ കാണാനാവൂ.
Kerala
തിരുവനന്തപുരം: കേരളത്തിലെ ജയിൽ തടവുകാരുടെ വേതനം കുത്തനേ കൂട്ടിയ ഉത്തരവിൽ ഭാഗികമായി മാറ്റംവരുത്താൻ ഗവണ്മെന്റ് ആലോചന. വൻവർധനയ്ക്കെതിരേ ജനങ്ങൾക്കിടയിലും എൽഡിഎഫിലും ഉയരുന്ന പ്രതിഷേധവും പ്രത്യാഘാതവും കണക്കിലെടുത്താണു തീരുമാനം എന്നറിയുന്നു.
സംസ്ഥാനത്തെ പലതരം ജയിലുകളിലുള്ള രാഷ്ട്രീയ തടവുകാരുൾപ്പെടെ ഏതാണ്ട് 3,000 പേരെയെങ്കിലും ബാധിക്കുന്ന ജോലിയുടെ സ്വഭാവത്തിനനുസരിച്ച് എട്ട് ഇരട്ടി വരെ വർധിപ്പിച്ച വേതന നിരക്ക് ഭാഗികമായി റദ്ദാക്കാനാണു തീരുമാനം. നിരക്കു പ്രഖ്യാപിച്ചതിന്റെ 30 ശതമാനം കുറച്ച് പുനർവിജ്ഞാപനം ചെയ്യാനാണ് ആലോചിക്കുന്നത്. എൽഡിഎഫിലോ സംസ്ഥാന സെക്രട്ടേറിയറ്റിലോ ആലോചിക്കാതെയാണു ജനുവരി ഒന്പതിനു ജയിൽ നിരക്കുകൾ കുത്തനേ കൂട്ടിയ പ്രഖ്യാപനം ഉണ്ടായത്. ജയിൽ മേധാവി ശിപാർശ ചെയ്ത ഇരട്ടി വർധന എന്ന നിരക്കിനേക്കാൾ വലിയ വർധനയാണു സർക്കാർ ഉത്തരവിലൂടെ നൽകിയത്.
2018ലെ കൂലിഘടന പ്രകാരം സാധാരണ തടവുകാരന് 63 രൂപ, ഭാഗികമായി തൊഴിൽ വൈദഗ്ധ്യം ഉള്ള ആൾക്ക് 127 രൂപ, പൂർണവൈദഗ്ധ്യം ഉള്ളവർക്ക് 168 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. ഇത് 530, 560, 620 എന്നിങ്ങനെയാണ് കഴിഞ്ഞയാഴ്ച വർധിപ്പിച്ചത്. സംസ്ഥാനത്തെ സാധാരണ തൊഴിലാളിക്കും കർഷക തൊഴിലാളികൾക്കുമുള്ള അടിസ്ഥാന വേതനം 678- 706 രൂപയായി സർക്കാർതന്നെ നിശ്ചയിച്ചിരിക്കുകയാണ്.
വസ്ത്ര, താമസ, ഭക്ഷണചെലവുകൾ ഇല്ലാത്ത ജയിൽ പുള്ളികൾക്ക് വൻ വർധന പ്രഖ്യാപിച്ചത് സ്വന്തം പാർട്ടിക്കാർക്കുള്ള പാരിതോഷികം ആണെന്നൊക്കെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇതിനെതിരേ പരിഹാസം ഉയർന്നു.
ഇപ്പോൾ ജയിലിലുള്ള രണ്ടായിരത്തോളം പാർട്ടി തടവുകാർക്കും കുടുംബത്തിനുമായി പാർട്ടി കോടികൾ ചെലവഴിക്കുന്നുണ്ടെന്നും ഭരണം നഷ്ടപ്പെട്ടാൽ അത്രയും വലിയ തുക പാർട്ടിക്കു വലിയ ബാധ്യതയാകുമെന്ന് മുൻകൂട്ടി കണക്കാക്കിയാണ് വേതനം വർധിപ്പിച്ചത് എന്നുവരെ ആക്ഷേപം ഉണ്ടായി. മാത്രമല്ല പണം കിട്ടാതെ വന്നാൽ പല അവിശുദ്ധ ബന്ധങ്ങളും പുറത്തുവരുമെന്നും പാർട്ടി നേതൃത്വം ഭയക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും മുൻ ഉദ്യോഗസ്ഥർക്കിടയിലും വർധനയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ആശാ വർക്കർമാരുടെ വേതനവുമായി ബന്ധപ്പെട്ടാണു കൂടുതൽ വിമർശനം ഉയർന്നത്. സമരം ചെയ്തിട്ടു പോലും സാധാരണ ആശ തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം 260 രൂപ മാത്രമേ കിട്ടുന്നുള്ളൂ. മാസം പരമാവധി 13,500 രൂപ മാത്രം കിട്ടുന്പോൾ ജയിൽപുള്ളികൾക്ക് പ്രതിമാസം 18,500 ആണ് ലഭിക്കുന്നത്. ആശ വർക്കർമാരുടെ വേതനം ഉയർത്തുന്നതിന് ചെലവ് 20 കോടിയെങ്കിൽ ജയിൽ വേതനം വർധിപ്പിക്കുന്നതിനു പ്രതിമാസം 150 കോടി രൂപയെങ്കിലും വേണ്ടിവരും. മാത്രമല്ല, ഭക്ഷണം പോലുള്ള ജയിലിലെ ഉത്പാദന കേന്ദ്രങ്ങളിലെ ശന്പള വർധനയുടെ അധിക ബാധ്യത അതതു വകുപ്പുകൾതന്നെ കൂടുതൽ കണ്ടെത്തേണ്ടിവരും.
എന്നാൽ സുപ്രീംകോടതിയുടെ കർശന നിർദേശം അനുസരിച്ചാണ് ഏഴു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വേതന വർധന നടപ്പാക്കിയതെന്നും കർണാടകം പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ പുതിയ നിരക്കുകൾ കുറവാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട് .കർണാടകത്തിൽ 2024ൽ നടപ്പാക്കിയ സാധാരണ തൊഴിലാളിക്ക് 524 രൂപയും വിദഗ്ധ തൊഴിലാളിക്ക് 663 രൂപയുമാണ്. ഇതിൽ 524 രൂപയിൽ 175 രൂപയാണ് ജയിൽ പുള്ളിക്കു നേരിട്ടു നൽകുന്ന വേതനം. ബാക്കി വസ്ത്രത്തിനും ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി പിടിക്കും. ഓരോ വർഷത്തിനനുസരിച്ചാണ് കർണാടകത്തിൽ വേതന വർധന.
കേരളത്തിൽ പുതുതായി കൂട്ടുന്ന വേതനത്തിൽനിന്ന് 30 ശതമാനം തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് (വിക്റ്റിം കോന്പൻസേഷൻ സ്കീം) പിടിക്കാൻ ആലോചിക്കുന്നുണ്ട്. 2024 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരമാണ് ഈ നിർബന്ധിത പിടിക്കൽ. കുറ്റകൃത്യങ്ങളിൽ ഇരയായവരെ സഹായിക്കുന്ന പദ്ധതിയിലേക്ക് ഈ തുക വക മാറ്റും. ഇത് 2025 മുതൽ നടപ്പാക്കേണ്ടതായിരുന്നുവെങ്കിലും ജയിൽപുള്ളികളുടെ വേതനം വളരെ തുച്ഛമായതിനാൽ നീട്ടിവയ്ക്കുകയായിരുന്നു.
പല തടവുകാരുടെയും കുടുംബങ്ങൾ ജയിലിൽനിന്നു നൽകുന്ന കൂലി വിഹിതംകൊണ്ടാണ് പുലരുന്നതെന്ന് ആഭ്യന്തരവകുപ്പ് കരുതുന്നു. മൊത്തം വേതനത്തിന്റെ 50 ശതമാനം കുടുംബത്തിനും 25 ശതമാനം കാന്റീനും ബാക്കി 25 ശതമാനം ശിക്ഷാ കാലാവധി കഴിയുന്പോൾ നൽകാനുമാണു വ്യവസ്ഥ. ലഘു ശിക്ഷാ കാലാവധിയുള്ളവർക്കു ജയിലിൽ ജോലി നിർബന്ധമല്ലെങ്കിലും നീണ്ട കാലാവധിക്കാർക്കു പലവിധ തൊഴിലുകളിൽ ഏർപ്പെടേണ്ടി വരും.
കർണാടകം മാത്രമല്ല തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ 2024ൽ വേതനം കൂട്ടിയിരുന്നു. ഓരോ മൂന്നുവർഷം കൂടുന്പോഴും ജയിൽ മാന്വൽ പ്രകാരം വേതനം വർധിപ്പിക്കേണ്ടതുണ്ട്. കർണാടകം നൽകുന്നതുപോലെ വേതനം നൽകണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞവരുടെ പിന്നീടുള്ള ജീവിതത്തിനു മാന്യതയും സമാധാനവും നൽകാനാണു വേതനം പുതുക്കുകയും അതു സമാഹരിച്ചു നൽകുകയും ചെയ്യുന്നതിലൂടെ ജയിൽ വകുപ്പ് ഉദ്ദേശിക്കുന്നത്.
National
ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചെന്ന കാരണത്താൽ നിർബന്ധിത നടപടി നേരിടുന്ന ‘പഞ്ചാബ് കേസരി’ പത്രത്തിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസം. പത്രത്തിന്റെ പ്രസിദ്ധീകരണം തടയുന്ന തരത്തിൽ നിർബന്ധിത നടപടികൾ പാടില്ലെന്ന് ആംആദ്മി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
വിഷയത്തിൽ പത്രമാനേജ്മെന്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിവിധി വന്ന് ഒരാഴ്ചവരെയും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും അതിലൂടെ കക്ഷികൾക്ക് അപ്പീൽ തേടാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വൈദ്യുതി വിച്ഛേദിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസുകൾ, പത്രത്തിന്റെ കാന്റീൻ അടച്ചുപൂട്ടൽ തുടങ്ങി നിരവധി നടപടികൾ രണ്ടു ദിവസത്തെ ഇടവേളയിൽ പത്രം നേരിടേണ്ടിവന്നതായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനുമുന്നിൽ പരാമർശിച്ചു.
സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഈ നടപടികൾ നേരിടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷമായി പ്രവർത്തിക്കുന്ന പത്രം ജലമലിനീകരണം ആരോപിച്ച് അടച്ചുപൂട്ടാനാണു സർക്കാർ നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ.
പത്രത്തിന്റെ പ്രസിദ്ധീകരണം തടയാനാകില്ലെന്നും പ്രിന്റിംഗ് തടസമില്ലാതെ തുടരട്ടേയെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നിരീക്ഷണം.
കേസുമായി ബന്ധപ്പെട്ട് പത്രം ഉടമകൾ സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയെങ്കിലും വിഷയത്തിൽ ഇടക്കാല ഉത്തരവുകളൊന്നും ഉണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ ഇന്നലെ വിഷയം പരാമർശിച്ചത്.
എന്നാൽ നിയമമനുസരിച്ചു മാത്രമാണ് സംസ്ഥാനസർക്കാർ പ്രവർത്തിച്ചതെന്ന് പഞ്ചാബിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഷദൻ ഫറാസത്ത് വാദിച്ചു.
മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ഒരു യൂണിറ്റ് മാത്രം അടച്ചുപൂട്ടാനാണു നിർദേശമെന്നും പത്രം പൂർണമായും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ സുപ്രീംകോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.
Leader Page
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങൾ പരസ്പരം നിരാശ പങ്കുവച്ചാണ് പിരിഞ്ഞത്.
സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകന്റെ ക്ഷേമം, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകൽ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എന്നിവയാണ് ബോർഡിന്റെ ലക്ഷ്യം. 2019 ഡിസംബർ 20നു നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ആക്ടിന്റെ തുടർപ്രവർത്തനമായാണ് 2020 ഒക്ടോബർ 14ന് കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായത്. ഒക്ടോബർ 15നുതന്നെ ചെയർമാനും ബോർഡ് അംഗങ്ങളും ചുമതലയേറ്റു. തൃശൂർ ചെന്പൂക്കാവ് കേന്ദ്രീകരിച്ച് ക്ഷേമനിധി ബോർഡ് ഓഫീസ് 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
2021 ഡിസംബർ ഒന്നു മുതൽ കർഷകരെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാക്കിത്തുടങ്ങി. അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ചെയ്യുകയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടാതെയുമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാൻ വ്യവസ്ഥയുണ്ടായി. ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാമെന്നു ലക്ഷ്യമിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 12,022 പേർ മാത്രമാണ് അംഗത്വമെടുത്തത്. കർഷകർ രജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകണം. രജിസ്റ്റർ ചെയ്ത കർഷകന് 250 രൂപ വീതം സർക്കാർ നിക്ഷേപമായി നൽകണമെന്നുണ്ടായിരുന്നു. അതും ലഭിച്ചില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളിലേക്ക് ചട്ടങ്ങൾ തയാറാക്കി നൽകിയത് സർക്കാർ അംഗീകരിച്ചു. എന്നാൽ, പദ്ധതി അംഗീകരിച്ചില്ല. കർഷക പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പദ്ധതിയിൽ ചട്ടപ്രകാരം അംഗമാകുന്ന കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അംഗത്വമെടുത്ത ഒരാൾക്കുപോലും ഒരു ആനുകൂല്യവും ലഭ്യമാക്കാനായില്ല. രജിസ്ട്രേഷനിൽനിന്നുള്ള വരുമാനമല്ലാതെ ബോർഡിനു മറ്റു വരുമാനങ്ങളുണ്ടായില്ല. പ്രവർത്തന മൂലധനമായി സർക്കാർ ഫണ്ട് നൽകിയതുമില്ല. ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ച് നിർദേശങ്ങളുണ്ടായെങ്കിലും ഇതു സംബന്ധമായ ഉത്തരവുകളുമുണ്ടായില്ല.
കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. പി. രാജേന്ദ്രൻ ചെയർമാനായ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അംഗങ്ങളായുണ്ട്. അഞ്ചുവർഷത്തിനിടെ 17 തവണ ബോർഡ് യോഗം ചേർന്നു. സിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ ക്ഷേമനിധി ബോർഡിലേക്കു നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ 22 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഓഫീസ് ചെലവിനും ജീവനക്കാരുടെ ശന്പളത്തിനും ചെയർമാന്റെ യാത്രയ്ക്കുമുള്ള പണം സർക്കാർ നൽകി. എന്നാൽ, കർഷകക്ഷേമത്തിനായി ഒരു നടപടിയും ബോർഡ് മുഖേന നടപ്പാക്കിയില്ല.
ബോർഡ് യോഗങ്ങൾ ചേർന്ന് ഓരോ തവണയും പദ്ധതി അംഗീകാരത്തിനായി സർക്കാരിലേക്ക് കത്തെഴുതി. 2022 നവംബർ 28ന് കർഷക ക്ഷേമനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായി പദ്ധതിരേഖകൾ പുതുക്കി സർക്കാരിനു സമർപ്പിച്ചതാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അഡ്വ. സുരേഷ് കോശിയുടെ അഭിപ്രായത്തിൽ, കർഷക ക്ഷേമനിധി ബോർഡ് വെറും തട്ടിപ്പായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ബോർഡിനെ സംബന്ധിച്ചു നടത്തിയ വീരവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനിടെ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു തീരുമാനവും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷാമബത്ത നൽകുന്നത് സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
National
ദിണ്ഡിഗൽ: തമിഴ്നാട്ടിൽ സഖ്യകക്ഷി ഭരണം ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ഡിഎംകെ. സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്ന് ഡിഎംകെ നേതാവും മന്ത്രിയുമായ ഐ. പെരിയസാമി പറഞ്ഞു. അധികാരം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെക്കുറിച്ചു ചോദിപ്പോൾ, കോൺഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നായിരുന്നു പെരിയസ്വാമിയുടെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ സർക്കാരിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് എംപി മാണിക്കം ടാഗോറും നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ്കുമാറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
തമിഴ്നാട്ടിൽ 1967ൽ അധികാരത്തിൽനിന്നു പുറത്തായ കോൺഗ്രസിന് പിന്നീട് ഒരിക്കലും മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. 59 വർഷമായി ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികളാണ് അധികാരത്തിലിരിക്കുന്നത്.
2006ൽ ഡിഎംകെയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നിട്ടും കോൺഗ്രസിനെയോ മറ്റു ഘടകകക്ഷികളെയോ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെയാണ് ഡിഎംകെ സർക്കാർ അഞ്ചു വർഷം ഭരണം പൂർത്തിയാക്കിയത്.
Kerala
തിരുവനന്തപുരം: തിരക്ക് പിടിച്ച് അന്വേഷണസംഘം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം ശബരിമലയിലെ മോഷണത്തിൽ പ്രതൃക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി, എന്നാൽ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നിൽ സർക്കാരിന്റെ താല്പര്യമാണ് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ്. സുപ്രീം കോടതി പോലും കുറ്റവാളിയാണ് എന്ന് സൂചിപ്പിച്ച മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെയൊ കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താൽപര്യവും കാണിക്കാത്ത എസ്ഐടി ഇപ്പോൾ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണെന്നും അനിൽ പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത് തന്ത്രി ആയാലും എന്ന് തന്നെയാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്. നിയമം അതിന്റെ വഴിക്ക് കൂടി പോകണം. എന്നാൽ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമർപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.
ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ സൂചിപ്പിക്കുകയുണ്ടായി. സോണിയ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് എംപിമാർ, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യാ മുന്നണിയുടെ നേതാക്കന്മാരും ശബരിമല കൊള്ളയും ആയി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരാണ്.
ഇവരിലേക്ക് അന്വേഷണം എത്തരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. സിബിഐ പോലെയുള്ള ഏജൻസി ഈ കേസിന്റെ അന്വേഷണം ഉടൻ തന്നെ ഏറ്റെടുത്തില്ല എങ്കിൽ നിലവിലെ കേസ് അന്വേഷണം യഥാർഥി പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതിൽ അടയ്ക്കും.
ശബരിമലയിലെ യുവതി പ്രവേശന സമയത്ത് തന്നെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്മാർക്ക് തന്ത്രിയോട് വിരോധം ഉണ്ടായിരുന്നു. അന്ന് തീർക്കാൻ സാധിക്കാതിരുന്ന അവരുടെ വിരോധം ശബരിമല കൊള്ളയുടെ മറവിൽ നടപ്പാക്കിയിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ എന്നിവരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള അടുപ്പം അന്വേഷിക്കാൻ നാളിതുവരെ എസ്ഐടി തയ്യാറാകാതിരിക്കുന്നത് ദുരൂഹമാണ് എന്നും അനിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനം സ്വന്തമാക്കിയ നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുവെന്നും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽനിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്.
അത്തരക്കാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2016ൽ കേരളത്തിൽ 170 സർക്കാർ ഫാക്ടറികളുണ്ടായിരുന്നത് 2024ൽ 163 ആയി . ഇതേ കാലയളവിൽ കർണാടകയിൽ പൊതുമേഖല ഫാക്ടറികളുടെ എണ്ണം 151ൽ നിന്ന് 74 ആയും, ഉത്തർപ്രദേശിൽ 117ൽ നിന്ന് 45 ആയും കുത്തനെ ഇടിഞ്ഞു.
സ്വകാര്യവൽക്കരണ നയങ്ങൾ ശക്തമായ ഗുജറാത്തിൽ 406ൽ നിന്ന് 139 ആയും മഹാരാഷ്ട്രയിൽ 343ൽ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകൾ കുറഞ്ഞു. പശ്ചിമ ബംഗാളിലും 152ൽ നിന്ന് 63 ലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
2016ൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 5,756 കോടി രൂപയുടെ മൂല്യവർധനവാണ് ഉണ്ടായിരുന്നതെങ്കിൽ 2024ൽ മൂല്യവർധനവ് 17,801 കോടി രൂപയായി ഉർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Business
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന മിൽമ ഫെഡറേഷൻ, ബോർഡ് യോഗങ്ങളിൽ നാലു രൂപ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടും, ഇതിനു സർക്കാരിന്റെ അനുവാദം ലഭിക്കാത്തതാണു പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗം ലിറ്ററിനു നാലു രൂപ വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചിരുന്നു. നേരത്തേ പാൽവില വർധനയെ എതിർത്ത മേഖലാ യൂണിയനുകളും ഒടുവിലെ ഫെഡറേഷൻ യോഗത്തിൽ നിലപാടു മാറ്റുകയും ചെയ്തു. ഇതോടെ ക്ഷീരകർഷകർക്കു നേട്ടമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കാൻ ഫെഡറേഷൻ ഐകകണ്ഠേ്യനയാണു തീരുമാനമെടുത്തത്.
ക്ഷീരവികസന വകുപ്പും മന്ത്രിയും മിൽമയുടെ തീരുമാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചതാണ്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയശേഷം, കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞെന്നു മിൽമ ബോർഡംഗം പ്രതികരിച്ചു. പാലിന്റെ വില വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതം മൂളിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽവില വർധിപ്പിക്കുമെന്നു ക്ഷീരവികസന വകുപ്പുമന്ത്രി നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നതാണ്.
മിൽമ ഫെഡറേഷനും ഡയറക്ടർ ബോർഡും വില വർധിപ്പിക്കാൻ തീരുമാനിച്ചാൽ നടപ്പാക്കുന്നതിനു നിയമപരമായി തടസമില്ലെങ്കിലും, അതിനു സർക്കാരിന്റെ അനുവാദം കൂടി വാങ്ങുന്നതാണു കീഴ്വഴക്കം.
ഉത്പാദന ചെലവിനനുസരിച്ചു പാലിനു വില ലഭിക്കാത്തതു മൂലം സംസ്ഥാനത്തു ക്ഷീരകർഷകകർ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകരിൽ ക്ഷീരമേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.
പ്രത്യക്ഷ സമരത്തിലേക്ക്:കർഷകർ
തങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും പാൽവില വർധിപ്പിച്ച് അല്പമെങ്കിലും ആശ്വാസമാകേണ്ട സർക്കാർ, അവഗണന തുടരുന്നതിനെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നു ക്ഷീരകർഷകർ.
പാലിനു സംഭരണ വില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് പ്രതിഷേധ യോഗങ്ങളും ധർണയും നടത്തുമെന്ന് വിവിധ ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകുന്ന ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിൽ നിലനിർത്തുന്ന ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി, ചന്ദനം, എബണി എന്നീ മരങ്ങളുടെ ഉടമസ്ഥാവകാശമാണ് സർക്കാരിൽ നിലനിർത്തിയത്.
പതിച്ചുനല്‍കുന്ന സമയത്തു ഭൂമിയിലെ രാജകീയ മരങ്ങളുടെ അവകാശമാണ് സർക്കാരിൽ നിലനിർത്തുക. പിന്നീട് ആ ഭൂമിയിൽ വളർന്നുവരുന്ന രാജകീയ മരങ്ങളുടെ അവകാശം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. അതിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതു സംബന്ധിച്ച് വനം, നിയമ, റവന്യു വകുപ്പുകളുടെ കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറക്കും.
ഭൂമി പതിച്ചുനൽകൽ ഉത്തരവിൽ ഭേദഗതി
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിലും മന്ത്രിസഭ ഭേദഗതി വരുത്തി. സ്വാതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിനുമുന്പും കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുകിട്ടുന്നതിന് ന്യായവിലയുടെ 15 ശതമാനം നൽകണമെന്നാണ് ഭേദഗതി.
സ്വാതന്ത്ര്യത്തിനുശേഷവും കേരള പിറവിക്ക് മുന്‍പും കൈവശം വച്ചിരുന്ന ഭൂമിക്ക് ന്യായവിലയുടെ 25 ശതമാനം നല്‍കണമെന്ന നിലവിലെ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
കൈവശഭൂമി പതിച്ചുനൽകലുമായി ബന്ധപ്പെട്ട് നേരത്തേതന്നെ നിശ്ചയിച്ചിട്ടുള്ള വർഷം എന്ന നിലയിലാണ് 1971ന്റെ അടിസ്ഥാനത്തിൽ സ്ലാബ് നിശ്ചയിച്ചത്. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ കൈവശം വച്ചിട്ടുള്ള ഒരു ഏക്കർ വരെയുള്ള ഭൂമിയാണ് കൈവശ കാലയളവിന് അനുസരിച്ച് ന്യായവിലയുടെ നിശ്ചിത ശതമാനം ഈടാക്കി പതിച്ചുനൽകുക.
നിർമിതികൾ ക്രമപ്പെടുത്താൻ ഡെപ്യൂട്ടി കളക്ടർ
കൃഷിക്കും വീടു വയ്ക്കാനും പട്ടയം നൽകിയ ഭൂമിയിലെ മറ്റ് നിർമിതികൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലകളിലെ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് വിജ്ഞാപനമിറക്കി.
ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ(ലാൻഡ് റവന്യു) ആണ് അധികാരി. ഇടുക്കിയിൽ ഭൂപതിവ്, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർക്കാണ് അധികാരം. താലൂക്ക് പരിധിയിൽ ബന്ധപ്പെട്ട തഹസീൽദാറാണ് അധികാരി. ഇടുക്കി, വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിലെ നൂറുകണക്കിന് പട്ടയ ഉടമകൾക്കാണ് ചട്ടഭേദഗതി ഗുണകരമാകുക.
Kerala
കൊച്ചി: റാഗിംഗ് നിരോധന ഭേദഗതി ബില്ലിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കരട് ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റിയടക്കം നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്.
നിയമനിര്‍മാണം വേഗത്തിലാക്കുകയും ചട്ടങ്ങള്‍ രൂപീകരിക്കുകയും വേണമെന്നു നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
സംസ്ഥാനത്തെ നിര്‍ദിഷ്ട റാഗിംഗ് നിരോധന (ഭേദഗതി) ബില്ലിന്റെ കരട് എത്രയും വേഗം അന്തിമമാക്കണമെന്നും നിയമസഭയില്‍ വയ്ക്കുംമുമ്പുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും ഒക്ടോ ബര് 30ന് കോടതി ഉത്തരവിട്ടിരുന്നു. നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മാണം വേഗത്തില്‍ വേണമെന്നു കോടതി നിര്‍ദേശിച്ചത്.
District News
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്ത് പ്രദേശവാസികളുടെ എതിർപ്പ് വകവയ്ക്കാതെ അനധികൃത കരിങ്കൽ കരിങ്കൽ ഖനനം സജീവം. ഓരോ ദിവസവും പൊട്ടിച്ചുകടത്തുന്നത് ലോഡ് കണക്കിന് കരിങ്കല്ലുകൾ.
നാട്ടുകാർ പുള്ളിപ്പാടം വില്ലേജ് ഓഫീസർക്കും മലപ്പുറം ജിയോളജി വിഭാഗത്തിനും നൽകിയ പരാതിയെത്തുടർന്ന് വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും ഇന്നലെ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങി.
കരിങ്കൽ ക്വാറി നടത്തുന്നതിന് ആവശ്യമായ രേഖകൾ ഇല്ലാതെയാണ് സ്വകാര്യവ്യക്തിയുടെ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജിയോളജി, റവന്യൂ വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് കരിങ്കൽ ഖനനം നിർബാധം തുടരുന്നതെന്നാണ് ആരോപണം. ജെസിബി, ഹിറ്റാച്ചി എന്നി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്ന കരിങ്കൽ പുലർച്ചെ മുതൽ ലോറികളിൽ മതിയായ രേഖകളില്ലാതെ കടത്തുകയാണ്.
ഏറ്റവും കൂടുതൽ മണ്ണിടിക്കലും കുന്നിടിക്കലും നടക്കുന്നത് പുള്ളിപ്പാടം വില്ലേജിലാണ്. ക്വാറി ഉടമകളിൽനിന്ന് അനധികൃതമായി പണംവാങ്ങി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരും വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വാഹനം പിടിച്ചെടുത്ത് രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്നാണ് പുള്ളിപ്പാടം വില്ലേജ് ഓഫീസിൽനിന്നുള്ള പ്രതികരണം. അതേസമയം നടപടിയെടുക്കേണ്ടത് വില്ലേജ് അധികൃതരാണെന്നാണ് ചാലിയാർ പഞ്ചായത്ത് പറയുന്നത്.
Kerala
സുൽത്താൻ ബത്തേരി: സ്വർണപ്പാളി മോഷണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമാണ് ഉത്തരവാദിത്വമെന്ന് രമേശ് ചെന്നിത്തല. സ്വർണപ്പാളി അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ കെ.പി. ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണ്. കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്. ഓരോ ദിവസവും കൂടുതുൽ സ്വർണം പോയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമില്ലേ. ജയിലിൽ കിടക്കുന്നവരെല്ലാം സിപിഎം നേതാക്കളല്ലേ. പത്തു വർഷം കേരളം ഭരിച്ചു. മൂന്ന് തവണ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ നിയമിച്ചു. അവരാണ് ഇന്ന് ജയിലിൽ കിടക്കുന്നത്. അപ്പോൾ പാർട്ടിക്കും ഗവണ്മെന്റിനും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഉത്തരവാദിത്വം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും.അടിച്ചുകൊണ്ടുപോയ സ്വർണം എവിടെ? തൊണ്ടിമുതൽ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.
അന്വേഷണം ത്വരിതപ്പെടുത്തണം. വൻ സ്രാവുകൾ രക്ഷപ്പെടാൻ സമ്മതിച്ചുകൂടാ. കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയിട്ടുള്ള കവചം തീർക്കുകയാണ് സർക്കാരിപ്പോൾ. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിപിമ്മിന്റെ പോലീസ് അസോസിയേഷനിലെ രണ്ടു ഭാരവാഹികളെ കൊടുത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെയൊന്നും സത്യം മൂടിവയ്ക്കാൻ കഴിയില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ ഉണ്ടാക്കിയ തടസങ്ങള്‍ മാറ്റാമെന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉറപ്പു പറഞ്ഞ സര്‍ക്കാര്‍ നിഷേധാത്മക നിലപാടെടുക്കുന്നത് കടുത്ത വഞ്ചനയാണെന്നും നീതീകരിക്കാനാവില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
നിയമന നിരോധനത്തിനുള്ള കുറുക്കുവഴിയായി ഭിന്നശേഷി സംവരണത്തെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. യോഗ്യരായ ഭിന്നശേഷിക്കാരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ അവരുടെ തസ്തിക ഒഴിച്ചിട്ട് മറ്റ് നിയമനങ്ങള്‍ അനുവദിക്കാം എന്ന് പറഞ്ഞ സര്‍ക്കാര്‍ ഇലക്ഷനുവേണ്ടി കള്ളം പറയുക മാത്രമാണ് ചെയ്തത്.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ അനിശ്ചിതാവസ്ഥയിലാക്കി സാധാരണ ജനത്തിന്റെ മൗലികാവകാശം ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. നിയമന അംഗീകാരം നല്കി എന്ന പേരില്‍ പോസ്റ്ററുകളും പ്രചാരണങ്ങളും നടത്തിയവര്‍ മറുപടി പറയണം.
ഇത്തരം നടപടികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭിന്നശേഷി നിയമനത്തിന്റെ മറവിലുള്ള നിയമന നിരോധനം മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അല്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യ പ്രഭാഷണം നടത്ത
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി.
പോലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആർ. നിശാന്തിനി പോലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയുമാകും.
ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷ്ണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി.
തിരുവനന്തപുരം കമ്മീഷ്ണർ തോംസണ്‍ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.
Kerala
തിരുവനന്തപുരം: നെൽക്കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല. കൃത്യസമയത്ത് നെല്ലെടുക്കാതിരിക്കുകയും എടുത്ത നെല്ലിനു പണം നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാർ നെൽക്കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.
കഴിഞ്ഞ തവണ സർക്കാരിൽനിന്നു പണം ലഭിക്കാൻ ആറുമാസം വരെ എടുത്തുവെന്നാണ് മാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാരിന്റെ സമീപനം ഇതാണ്. കൃത്യസമയത്ത് നെല്ലു സംഭരിക്കാത്തതു മൂലം അത് നശിച്ചുപോകുന്ന അവസ്ഥയുണ്ടാകും. കർഷകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമാണത്. അപ്പോൾ കിട്ടുന്ന വിലയ്ക്ക് അവർ നെല്ല് പൊതുവിപണിയിൽ നൽകും.
മില്ലുടമകളും, സ്വകാര്യ കച്ചവടക്കാരും നെൽക്കർഷകരുടെ ഈ ഗതികേട് മുതലെടുത്ത് നിസാര വിലയ്ക്ക് നെല്ല് വാങ്ങി സംഭരിക്കുകയാണ്. നമ്മുടെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണിത്. സർക്കാരും സിവിൽ സപ്ലൈസും വിപണിയിൽ നിന്നും പിൻവാങ്ങുന്പോൾ സ്വകാര്യ മില്ലുടമകളും വ്യാപാരികളും ആ അവസരം മുതലെടുക്കും.
കർഷകരാകട്ടെ, കിട്ടിയ വിലയ്ക്ക് നഷ്ടം സഹിച്ചു നെല്ല് അവർക്ക് നൽകാൻ നിർബന്ധിതരാകുകയാണ്. സ്വകാര്യ മില്ലുടമകൾ പണം നൽകാതെ കർഷകരെ വ്യാപകമായി പറ്റിക്കുന്നുവെന്നാണു മനസിലാക്കാൻ കഴിയുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് നെൽക്കർഷകരിൽനിന്ന നെല്ല് സംഭരിക്കുകയും അവർക്കു നെല്ലിന്റെ പണം കൃത്യമായി നൽകുകയും വേണം. എങ്കിൽ മാത്രമേ സ്വകാര്യമില്ലുടമകളുടെ ചൂഷണത്തിൽനിന്നു നെൽക്കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നും ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പിൻവലിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര, സാന്പത്തിക കേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവകാശാധിഷ്ഠിതമായുള്ള ഒരു പദ്ധതിക്കെതിരേയും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരേയുമുള്ള ആക്രമണമാണ് പുതിയ നിയമമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിനുശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
മന്ത്രിസഭയുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രിയുടെ "വണ്‍ മാൻ ഷോ' യാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
നമ്മുടെ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിച്ചിരുന്ന നിയമത്തെ തകർക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഴുവൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. രാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകി.
റാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.
കൊലപാതക കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും.
കുടുംബത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം ഉറപ്പുകൾ നൽകിയിരിക്കുന്നത്. ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടർ വാർത്താക്കുറിപ്പായി പുറത്തിറക്കും. വാർത്താക്കുറിപ്പ് പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാൻ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഇടക്കാല ബജറ്റില്‍ സർക്കാർ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ക്ഷേമപെന്ഷന് വര്‍ധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്.സ്ഥാനാര്‍ഥികളെ അതിവേഗത്തില്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. രണ്ട് ടേം വ്യവസ്ഥ കര്‍ശനമാക്കില്ല.
മൂന്നാം ഭരണം ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് കടുത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാല്‍ അതിനെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ക്ഷേമ ആനുകൂല്യങ്ങള്‍ മുറുകെ പിടിക്കാനാണ് മുന്നണിയുടെ നീക്കം. ജന പിന്തുണ തിരിച്ച് പിടിക്കാനായി പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും ഇതിനായി കഠിനപരിശ്രമം നടത്തും.
Kerala
കോട്ടയം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടത്തുന്നതിനെതിരെ ബിജെപി.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയോളം സമയം ഉണ്ടായിരുന്നിട്ടും ചടങ്ങ് നടത്താതെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ദിവസവും പൊതു അവധി ദിവസവുമായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് പിണറായി സർക്കാർ വാശിപിടിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ് ചോദിച്ചു.
കേരളത്തിലെ ക്രൈസ്തവർക്കെതിരെ തുടർച്ചയായി പിണറായി സർക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അവഹേളനങ്ങളുടെ ബാക്കിപത്രമായി ഇതിനെയും കാണാൻ കഴിയും.
ക്രിസ്ത്യൻ സമൂഹം വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച, വിശ്വാസികൾക്ക് പരിശുദ്ധ കുർബാന നിഷേധിക്കപ്പെടുന്നു എന്ന് മാത്രമല്ല സൺഡേ സ്കൂൾ അധ്യാപകരായ പലരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ അവർക്കും അന്നേദിവസം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ പിണറായി സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കേണ്ടതാണ്.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച അവരുടെ വിശുദ്ധ ദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്രൈസ്തവരുടെ വിശുദ്ധ ദിനത്തിൽ തന്നെ സർക്കാറിന്റെ പല പരിപാടികളും ആസൂത്രണം ചെയ്യുന്നത് ക്രിസ്ത്യാനികളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആണോ എന്ന സംശയം കൂടുതൽ ഉറപ്പിക്കുന്ന നീക്കം ആണ് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
തുടരെത്തുടരെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഇടതുപക്ഷ സർക്കാരിന്റെ ഒത്താശ ഉണ്ടോയെന്ന് സംശയിക്കേണ്ട സഹചര്യമുണ്ട്. പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ ഇടപെടാതെ ക്രൈസ്തവരെ അവഹേളിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്.
ക്രൈസ്തവ അവഹേളനങ്ങളിൽ യുഡിഎഫ് നിശബ്ദത പാലിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് സത്യപ്രതിജ്ഞയുടെ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായും സുമിത്ത് ജോർജ് പറഞ്ഞു.
Business
നെടുമ്പാശേരി: സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സർക്കാരിനു കൈമാറി.
സിയാലിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വർഷമാണ് 2024–25. കമ്പനിയുടെ മൊത്തവരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. 50 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് വീതിച്ചുനൽകാൻ ഡയറക്ടർ ബോർഡ് യോഗം ശിപാർശ ചെയ്തിരുന്നു.
33.38 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനസർക്കാരാണ് സിയാലിലെ ഏറ്റവും വലിയ നിക്ഷേപകർ. ഇതിന്റെ അടിസ്ഥാനത്തിലുള്ള ലാഭവിഹിതമാണ് സർക്കാരിനു കൈമാറിയത്. സിയാൽ ഡയറക്ടർമാർകൂടിയായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനും ഗവർണർക്കും കഴിയാതെ വന്നതോടെ ഇരുപക്ഷവും സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ വന്ന സുപ്രീംകോടതിവിധി ഇരുപക്ഷത്തിനും കനത്ത തിരിച്ചടി.
വിസി നിയമനത്തെ ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ സർവകലാശാലകളിലേറെയും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സ്ഥിതിയായിട്ട് നാളുകളേറെയായി. വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റി രൂപീകരണം ഉൾപ്പെടെ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. വിഷയം പരിഗണിച്ച സുപ്രീംകോടതി ആദ്യഘട്ടത്തിൽ സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിലെത്താൻ നിർദേശിച്ചിരുന്നു. ഇരു കൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് മുഖ്യമന്ത്രി ഗവർണർക്ക് നല്കിയ ലിസ്റ്റിൽ ഡോ. സജീവ് ഗോപിനാഥിന്റെയും ഡോ. സി. സതീഷ്കുമാറിന്റെയും പേരുകളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ ലിസ്റ്റ് മെറിറ്റ് മാനദണ്ഡം പാലിച്ചുള്ളതല്ലെന്ന നിലപാടായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചത്. സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. സിസാ തോമസ്, പ്രഫ. പ്രിയ ചന്ദ്രൻ എന്നിവരെ വിസിമാരായി രണ്ടു സർവകലാശാലകളിലും നിയമിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി. ഇതോടെയാണ് വീണ്ടും കോടതി ഇടപെടൽ ഉണ്ടായതും രണ്ടു സർവകലാശാലകളിലേയ്ക്കും ഓരോ പേര് ഉൾപ്പെടുത്തി മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്പോൾ സുപ്രീം കോടതി തന്നെ വൈസ് ചാൻസർമാരുടെ നിയമനത്തിൽ തീരുമാനം കൈക്കൊള്ളും.
ഇന്നലെ ഉണ്ടായ കോടതി വിധി ഒരേപോലെ സർക്കാരിനും ഗവർണർക്കും പ്രഹരമാണ്. വൈസ് ചാൻസലർമാരുടെ നിയമനാധികാരി നിലവിലെ ചട്ടപ്രകാരം ഗവർണറാണ്. എന്നാൽ കോടതി വിധിയോടെ ആ അധികാരം എങ്ങനെ വിനിയോഗിക്കാൻ കഴിയുമെന്ന ചോദ്യമുയരുന്നു. മുൻപ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയ്ക്ക് വിസി സ്ഥാനം നഷ്ടമായത് അവരെ തെരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായി എന്നതിനാലാണ്. അക്കാഡമീഷ്യനല്ലാത്ത ഒരാൾ അംഗമായി എന്നതിനാലായിരുന്നു രാജലക്ഷ്മിയുടെ നിയമനം അസാധുവായത്.
സുപ്രീംകോടതിവിധിയെ സർക്കാർ സ്വാഗതം ചെയ്യുന്പോഴും മുഖ്യമന്ത്രി ഗവർണർക്കു നല്കിയ ലിസ്റ്റിൽ നിന്നുള്ളവരെയല്ല സുപ്രീംകോടതി നിയമിക്കുന്നതെങ്കിൽ സർക്കാരിന് അത് തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടും. അതേപോലെ ഗവർണർ സത്യവാങ്മൂലത്തിൽ നല്കിയ പേരുകൾ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ യുജിസി ചട്ടമനുസരിച്ച് വൈസ് ചാൻസലർ നിയമനാധികാരി കൂടിയായ ഗവർണർക്കും അത് കനത്തപ്രഹരമായിരിക്കും.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാരിന്റെ വാദം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎൽഎ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാൻ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുൽ സമാനമായ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്നാണ് സൂചന. കുന്നത്തൂർമേട്ടിലുള്ള സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കവർച്ച കേസിൽ കേരളത്തിലെ ഇടത് സർക്കാർ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കബൂറിന്റെ രീതിയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ശബരിമല സ്വർണ കവർച്ചയിൽ പ്രതികളായവർ ജയിലിലായിട്ടും സർക്കാർ സംരക്ഷിക്കുകയാണ്. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം കൂടുതൽ വികൃതമാകുമെന്നതിനാലാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രയും ഉണ്ടാകുമായിരുന്നില്ല. കൊള്ളയക്കു പിന്നിൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിലെ സ്വർണം നാണയമൂല്യത്തെക്കാളും വിശ്വാസമൂല്യമുള്ളതാണ്. വിശ്വാസികളുടെ വിശ്വാസത്തെയാണ് ഇതു സംരക്ഷിക്കാൻ ചുമതലപ്പടുത്തിയവർ തന്നെ കൊള്ളയടിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും സർക്കാരിനെതിരേ യുഡിഎഫ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വിശദീകരിച്ച് 'മറക്കില്ല കേരളം' എന്ന കുറ്റപത്രം പുറത്തിറക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
ഇതിൽ സമസ്ത മേഖലയിലുമുള്ള സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇതിൽ വിശദമാക്കുന്നുണ്ട്. ഭൂ നികുതിയിൽ 612 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ റബറിന് 240 രൂപ താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് നടപ്പാക്കിയില്ലെന്നു മാത്രമല്ല. ഇക്കാര്യം നവകേരള സദസിൽ മുൻ എംപിയും എംഎൽഎയുമായ തോമസ് ചാഴിക്കാടൻ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്.
ശശി തരൂർ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അദ്ദേഹം യുഡിഎഫിന്റെ പ്രചാരണ രംഗത്ത് സജീവമാണെന്നായിരുന്നു മറുപടി. സവർക്കർ പുരസ്കാരം വാങ്ങാൻ അദ്ദേഹം പോകുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂരിനെ നിലക്കു നിർത്തണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തോട് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും കെപിസിസിയോട് അഭിപ്രായം ചോദിച്ചാൽ അറിയിക്കുമെന്നും കെപിസിസിയുടെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ മുഖത്തു നോക്കി നിങ്ങൾ വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മാധ്യമങ്ങളോടു കടക്ക് പുറത്ത് എന്നും അവരോട് അകത്ത് ഇരിക്ക് എന്നു പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു
National
ന്യൂഡൽഹി: സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ പലതും റദ്ദാക്കേണ്ടിവന്നതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമത്തിലാണ് ഇൻഡിഗോയ്ക്ക് വൻ തോതിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.
ദിവസവും 2200ഓളം സർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്. 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരും. സർവീസുകൾ കുറയ്ക്കുമെങ്കിലും നേരത്തെയുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമുണ്ടാകും.
ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒ പീറ്റർ എൽബേഴ്സ് നേരിട്ടെത്തി വിശദീകരണം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഡിസംബർ ആറു വരെ മുടങ്ങിയ എല്ലാ സർവീസുകൾക്കും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്നു അദ്ദേഹം അറിയിച്ചു. ബാക്കി റീഫണ്ടും അവശേഷിക്കുന്ന ബാഗേജുകളും സമയബന്ധിതമായി തിരിച്ചു നൽകാൻ മന്ത്രി നിർദേശം നൽകി.
National
ന്യൂഡൽഹി: പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമായിരിക്കും.
13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും.
സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
Kerala
കണ്ണൂർ: പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി കോടതി. കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തള്ളിയത്.
ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്. 2015ൽ രാമന്തളിയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. കേസിൽ വിചാരണ തുടരാനും കോടതി നിർദേശിച്ചു.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. അക്രമ സംഭവത്തിൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യോഗി ആദിത്യനാഥ് സർക്കാർ കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്.
Kerala
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. രാഹുല്‍ വിഷയത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും മുരളീധരന് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുത്താൽ പാര്‍ട്ടിയും കൂടുതല്‍ നടപടിയെടുക്കും. സസ്പെന്‍ഷനില്‍ നിന്ന് കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. ശബ്ദരേഖയല്ല നടപടിയാണ് വേണ്ടത്. പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായാലേ പുറത്താക്കലിനെ പറ്റി ചിന്തിക്കൂ.
യാഥാർഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പോലീസാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതും മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: അരൂർ- തുറവൂർ മേൽപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും കെ.സി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോക്ടര്‍മാര്‍. പലപ്പോഴും നടപടികള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല. ഇക്കാര്യങ്ങള്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 68-ാമത് വാർഷിക സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യുമെന്നും ഐഎംഎ ഭാരവാഹികള്‍. സംസ്ഥാന സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫറോക്ക് മറീന കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യ രംഗത്തെ നിലവിലുള്ള സമകാലിക പ്രശ്നങ്ങളും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും മുൻ നിർത്തിയുള്ള ചർച്ചകൾ നടക്കും.വാർഷിക സംസ്ഥാന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ രാവിലെ എട്ടിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ പതാക ഉയർത്തും. തുടർന്ന് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ഡോ. കെ. ജയറാം മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ് നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സമാന്തര സിഎംഇ പ്രോഗ്രാം, പിജി വിദ്യാർഥികൾക്കുള്ള പേപ്പർ പ്രസന്റെഷൻ, ഇ-പോസ്റ്റർ അവതരണം എന്നിവ നടക്കും. ഉച്ച കഴിഞ്ഞ് ഐഎംഎ വിമൻസ് വിംഗിന്റെ സംസ്ഥാന സമ്മേളനവും ഒത്തുചേരലും നടക്കും. വൈകുന്നേരം സാംസ്കാരിക പരിപാടികൾ അരങ്ങേറും. തുടർന്ന് റിപ്പോർട്ടിൽ ചർച്ച നടക്കും. പിന്നീട് പുതിയ സംസ്ഥാന ഭാരവാഹികൾ തെരഞ്ഞെടുത്ത് ചുമതലയേൽക്കും. വിവിധ മേഖലകളിൽ തിരഞ്ഞെടുത്ത ഐ എം എ അംഗങ്ങൾക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ.വി.ജി. പ്രദീപ് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറിപ്രൊഫ. അനീൻ എൻ. കുട്ടി, ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ. സന്ധ്യക്കുറുപ്പ്, ഡോ.ശങ്കർ മഹാദേവൻ, ഡോ.പി. രഞ്ജിത്ത്,ഡോ.പി.എൻ. അജിത, ഡോ.ബി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
District News
നെടുമങ്ങാട്: അർഹതപ്പെട്ട കൈകളിൽ പട്ടയം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് സർക്കാർ നിലപാടെന്ന് മന്ത്രി ജി.ആർ. അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ് ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലിയും ഓരോ മണ്ഡലത്തിലും ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് മണ്ഡലത്തിൽ നാലര വർഷത്തിനിടെ പട്ടയത്തിനായി 484 അപേക്ഷകൾ ലഭിച്ചു. ഇതുവരെ 373 പട്ടയങ്ങൾ വിതരണം ചെയ്തു.
ജനുവരിയിൽ വീണ്ടും പട്ടയ മേള സംഘടിപ്പിച്ച് അവസാനത്തെയാളിന്റെയും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ 41 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആർഡിഒ കെ.പി. ജയകുമാർ, തഹസിൽദാർ ഷെഫീക്ക്. വൈ തുടങ്ങിയവർ പങ്കെടുത്തു.
District News
മലപ്പുറം: 2025 -26 സാന്പത്തിക വർഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തി മലപ്പുറം ജില്ലാ പഞ്ചായത്ത്. 29.48 ശതമാനം വാർഷിക പദ്ധതി വിഹിതമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
വാർഷിക പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാനതലത്തിൽ പോരൂർ ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനത്തും നിലന്പൂർ മുൻസിപ്പാലിറ്റി മൂന്നാം സ്ഥാനത്തും തിരൂർ ബ്ലോക്ക് പഞ്ചായത്ത് നാലാം സ്ഥാനത്തുമാണ് നിലവിലുള്ളത്. സംസ്ഥാനതലത്തിൽ 21.49 ശതമാനം പദ്ധതി വിനിയോഗത്തോടെ ജില്ല നാലാം സ്ഥാനത്താണ്.
പദ്ധതി നിർവഹണത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ മികച്ച നേട്ടം കൈവരിച്ചതിന് ജില്ലാ ആസൂത്രണ സമിതി യോഗം അഭിനന്ദിച്ചു.
ചെലവ് ശതമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 15-ാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾ, കഐസ്ഡബ്ലിയുഎംപി ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
District News
മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വഞ്ചിച്ച പിണറായി സര്‍ക്കാരിനെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനത തൂത്തെറിയുമെന്ന് കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്.
രക്ഷവേണം കര്ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസും, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫും നേതൃത്വം നല്കിയ വാഹനപ്രചാരണജാഥയ്ക്ക് മൂവാറ്റുപുഴ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു.
District News
വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്റർ പഞ്ചായത്ത് ഒരുക്കിയത്.
ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
District News
കോഴിക്കോട്: പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
ഇതിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ കൈപ്പിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ഓരോ കുട്ടിക്കും 25 ലക്ഷം വീതം 1104 കുട്ടികൾക്ക് വിദേശത്ത് പഠിക്കാനുള്ള സഹായം, പാലക്കാട് എസ്സി മെഡിക്കൽ കോളജിൽ 72 കുട്ടികൾക്ക് വൈദ്യ പഠനത്തിന് അവസരം, സിവിൽ സർവീസസ്, എൽഎൽബി എന്നിങ്ങനെ നിരവധി കോഴ്സുകൾ പഠിക്കാൻ സംവിധാനം തുടങ്ങി പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സർക്കാർ എല്ലാവിധ സഹായവും പ്രോത്സാഹനവുമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്സി, എസ്ടി വിഭാഗത്തിന്റെ പശ്ചാത്തല വികസനങ്ങൾക്ക് പുറമെ വീടിനായി ഒരു തുണ്ട് ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പ്രകാരം 3000 ൽ അധികം കുടുംബത്തിന് ഭൂമി വാങ്ങിച്ച് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാലത്തിനൊപ്പം സഞ്ചരിക്കാനും മുന്നേറാനും എസ്സി-എസ്ടി വിഭാഗക്കാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് പി.കെ. ആയിശ, തോടന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.വി. കുഞ്ഞിരാമൻ, പി.എം. ലതിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
വീട് അറ്റക്കുറ്റപ്പണി, കിണർ നിർമാണം, റോഡ് നിർമാണം, വീട് വൈദ്യുതീകരണം തുടങ്ങി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് വാളാഞ്ഞി-കുളങ്ങരത്ത് നഗറിൽ നടപ്പിലാക്കുക. സിൽക്കിനാണ് പ്രവൃത്തിയുടെ ചുമതല. ആറു മാസമാണ് പദ്ധതി നിർവ്വഹണ കാലാവധി.
District News
നെടുമ്പാശേരി : ജിഎസ്ടിയുടെ തർക്ക പരിഹാര സംവിധാനമായ അപ്പലേറ്റ് ട്രൈബ്യൂണൽ എറണാകുളം ജില്ലയിൽ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ വ്യാപാരികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷത വഹിച്ചു.
കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്തോസ്, ടി.എസ്. മുരളി,കെ.ജെ. ഫ്രാൻസിസ്, എൻ.എസ്. ഇളയത്, എ.വി. രാജഗോപാൽ, വി.ഡി. പ്രഭാകരൻ, ബൈജു ഇട്ടൂപ്പ്, പി.കെ.അശോക് കുമാർ,വി.എ.ഖാലിദ്,ഷാജി മേത്തർ,ഷൈബി ബെന്നി, ജിന്നി പ്രിൻസ്,മായ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
Editorial
സർക്കാർ ജീവനക്കാർ ചവിട്ടിപ്പിടിച്ച കൃഷ്ണസ്വാമി എന്ന കർഷകന്റെ ഫയലും നിശ്ചലമായി. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ?
ഒരു തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറു മാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടാണ് കൃഷ്ണസ്വാമി കയറെടുത്തത്. അല്ലെങ്കിൽ അദ്ദേഹം ജീവനൊടുക്കില്ലായിരുന്നെന്നു ഭാര്യ പറയുന്നു. അതു വസ്തുതാപരമാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും വേണം. പക്ഷേ, സാധ്യതയില്ല.
ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ ജീവനക്കാർ ചവിട്ടിപ്പിടിച്ച ഒരു ഫയൽകൂടി നിശ്ചലമായത്? ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഈ ദുഷ്പ്രഭുക്കളെ ഒതുക്കാൻ ശേഷിയുള്ള ഭരണാധികാരികൾക്കായി ഇനിയെത്ര കാലം കാത്തിരിക്കണം!
അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ ആണ് തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കുടുംബം പറഞ്ഞത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നുമാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. ഇത്തരം കേസുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് സാങ്കേതിക പ്രശ്നം. ആറു മാസംകൊണ്ടും തീർക്കാനാകാത്ത ആ സാങ്കേതിക പ്രശ്നം എന്താണെന്ന് അറിയാൻ ജനത്തിനു താത്പര്യമുണ്ട്. ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയും വേണം.
തണ്ടപ്പേർ പകർപ്പ് കൊടുക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാനന്തനാടി പയ്യന്പള്ളി വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടിയത്. തണ്ടപ്പേർ പകർപ്പ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെത്തന്നെ പാലക്കാട് വാണിയംകുളം-1 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായത് കഴിഞ്ഞ ജൂണിലാണ്. ഏപ്രിലിലാണ് കൈക്കൂലി വാങ്ങവെ പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ അറസ്റ്റിലായത്. വളരെ ചുരുക്കം ആളുകളാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കൈക്കൂലിക്കേസിൽ പരാതി കൊടുക്കുന്നത്. 99 ശതമാനത്തിലധികവും പണം കൊടുത്ത് എങ്ങനെയെങ്കിലും കാര്യം സാധിക്കട്ടെയെന്നു തീരുമാനിക്കുകയാണ്.
പതിറ്റാണ്ടുകളായി മാറിമാറി വരുന്ന സർക്കാരുകൾ, ഭരണം സുതാര്യമാക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും വീന്പിളക്കുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കുന്നില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നു ശന്പളം വാങ്ങുന്നതിൽ വലിയൊരു വിഭാഗം അതേ ജനങ്ങളുടെ അവകാശങ്ങൾ നടത്തിക്കൊടുക്കാൻ കൈക്കൂലിയും വാങ്ങുന്നു. അഴിമതിക്കാരായ ഭരണകർത്താക്കൾക്ക് ഇതു നിയന്ത്രിക്കുന്നതിനു പരിമിതിയുണ്ട്. ജീവനക്കാരുടെ സംഘടനകളും തങ്ങളുടെ അഴിമതിക്കാരെ തൊടില്ല. പ്രസംഗവും അഴിമതിയും സമാന്തരമായി മുന്നേറുന്നതിനാൽ കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂയെന്നതു നാട്ടുനടപ്പായി. വിരലിലെണ്ണാവുന്നവർ പിടിയിലായാലും ചെറിയൊരു സസ്പെൻഷന്റെ, ശന്പളത്തോടുകൂടിയ അവധി ആസ്വദിക്കുകയാണ്.
കൈക്കൂലിപോലെ മറ്റൊരു അഴിമതിയാണ് സർക്കാർ ഓഫീസുകളിലെ അലസത. 10 മിനിറ്റുകൊണ്ട് ചെയ്തുകൊടുക്കാവുന്ന ജോലികളും അവധിക്കു വച്ച് ജനത്തെ നരകിപ്പിക്കുന്നതു പതിവായി. ആവശ്യത്തിനും അനാവശ്യത്തിനും കോടതികൾ കേസ് അവധിക്കു വയ്ക്കുന്നതുപോലെയാണ് സർക്കാർ ഓഫീസുകളിലെയും സ്ഥിതി. കൈക്കൂലി, ഓഫീസിൽനിന്ന് മുങ്ങൽ, ജോലി വൈകിക്കൽ, ധാർഷ്ട്യം ഉൾപ്പെടെയുള്ള എല്ലാ അഴിമതികളെയും ഒളിപ്പിച്ചിരിക്കുന്ന കോട്ടകൾ തകർക്കേണ്ട കാലം കഴിഞ്ഞു. ഇത് അസാധ്യമല്ല, പക്ഷേ, അഴിമതിരഹിതരായ, ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടാകണം.
ശിക്ഷിക്കപ്പെടുന്നവരെ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തരംതാഴ്ത്തുകയോ ജോലിയിൽനിന്നു പിരിച്ചുവിടുകയോ ചെയ്യണം. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ജീവനക്കാരുടെ സംഘടനകളെ അനുവദിക്കരുത്. ജീവനക്കാർ കൈക്കൂലിക്കേസിൽ പിടിയിലാകുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അവർക്കെതിരേ സ്വീകരിച്ച നടപടികളും ജനങ്ങൾ അറിയേണ്ടതാണ്. ഓൺലൈൻ, ഡിജിറ്റൽ സാധ്യതകൾ ഇത്ര വിപുലമായ കാലത്ത് ജീവനക്കാരന്റെ മുന്നിൽ ജനം കുന്പിട്ടു നിൽക്കുന്ന സ്ഥിതി അപമാനകരമാണ്.
കൃഷ്ണസ്വാമിയില്ലാത്ത കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആധിയോ, എല്ലുമുറിയെ പണിതാലും പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത കർഷകരുടെ ക്ലേശങ്ങളോ ചില്ലുമേടയിലിരിക്കുന്ന ജീവനക്കാർക്കു മനസിലാകില്ല. ഈ കേസിൽ ഉത്തരവാദികളുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, നാളെ മറ്റൊരാൾ മറ്റൊരു പേരിൽ കൃഷ്ണസ്വാമിയുടെ വഴിയേ പോകും.