Kerala
അടൂര്‍: എല്‍ഡിഎഫിന് മൂന്നാം ഭരണം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിനു ഭരണം ലഭിക്കുമെന്നത് ഉറപ്പാണ്. എല്‍ഡിഎഫിനുള്ളില്‍ എല്ലാ വിഷയങ്ങളിലും ഐക്യം മാത്രമാണുള്ളത്. സിപിഎമ്മും സിപിഐയും ഇടതുപക്ഷത്തെ പ്രധാന കണ്ണികളും ഘടകങ്ങളുമാണ്.
സിപിഐയും സിപിഎമ്മും തമിലുള്ള ബന്ധം കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തുസൂക്ഷിക്കും. അപൂര്‍വം ഒന്നോ രണ്ടോ പേർ മാത്രമാണ് പാര്‍ട്ടിയില്‍നിന്ന് പോയിട്ടുള്ളത്. പോകുന്നവരെ മാത്രമാണ് നിങ്ങള്‍ കാണുന്നത്. വരുന്നവരെ കാണുന്നില്ല.
സിപിഐക്കു വേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുന്നത് അവര്‍ക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ തെളിയുന്നതു കേരളത്തിന്റെ ജനപക്ഷ ബദലും കേന്ദ്രസർക്കാർ പിന്തുടരുന്ന നിയോലിബറൽ നയങ്ങളോടുള്ള പ്രതിരോധവുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണം, കേന്ദ്രസർക്കാർ കൈവിടുന്ന തൊഴിലുറപ്പു പദ്ധതിക്കുള്ള സഹായം, റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കുള്ള അപകട ഇൻഷ്വറൻസ്, വയോജന ക്ഷേമ പരിപാടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണന മേഖലകൾ വ്യക്തമാക്കുന്നുവെന്നും ബിനോയ് പറഞ്ഞു.
District News
അങ്കമാലി: ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഏറെക്കാലമായി അങ്കമാലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായതിൽ സിപിഐ ലോക്കൽ കമ്മിറ്റി സന്തോഷം പ്രകടിപ്പിച്ചു.
നവകേരള സദസിലടക്കം വിവിധ വേദികളിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ പരിഗണിച്ചുകൊണ്ടാണ് സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. റവന്യൂ മന്ത്രി കെ. രാജന്റെ പ്രത്യേക ഇടപെടലും നേതൃത്വവുമാണ് അങ്കമാലി ജനതയുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ വഴിയൊരുക്കിയതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി അറിയിച്ചു.
ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതിനായി സിപിഐ ലോക്കൽ കമ്മിറ്റി എൽഡിഎഫ് സർക്കാരിനും റവന്യൂ മന്ത്രിക്കും നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും വിഷയത്തെ നിരന്തരമായി പിന്തുടരുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ന്യായമായ പരാതികൾ ഗൗരവപൂർവ്വം പരിഗണിച്ച് ഭൂമിയുടെ ന്യായവില വിഷയത്തിൽ അനുകൂല തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ അവകാശ സംരക്ഷണം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിപിഐ എന്നും മുന്നിട്ട് നിൽക്കുമെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം.
ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും ഇടതുപക്ഷം മാത്രമാണ് ഏക രക്ഷയെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഫാസിസത്തിന്റെ ഇരകളാകാൻ ന്യൂനപക്ഷത്തെ വിട്ടുകൊടുക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മണിപ്പുരിലെ സ്ത്രീകളെ കാണാൻ വർഷങ്ങൾ എടുത്ത പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഓടി വന്നത് ഇലക്ഷൻ ഗിമ്മിക്കാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. മോദിയുടെ തിരുവനന്തപുരം സന്ദർശനം മല എലിക്കുഞ്ഞിനെ പ്രസവിച്ചതു വരെ പോലുമായില്ല .
തിരുവനന്തപുരം മേയറെയെയും മുൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയെയും പ്രധാനമന്ത്രിയുടെ ചടങ്ങിൽ അവഹേളിച്ചു. ഇതിനു രണ്ടിനും ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എ.കെ. ബാലനു പിന്നാലെ മന്ത്രി സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ സിപിഐക്കു കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പരാമർശങ്ങളാണു സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിക്കു കാരണമാകുമെന്നാണ് സിപിഐ നേതാക്കളുടെ പക്ഷം. ഇതിലെ പ്രതിഷേധം സിപിഐ നേതാക്കൾ സിപിഎം നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഇരുപാർട്ടികളും ഗൃഹസന്ദർശന പരിപാടിയുമായി മുന്നോട്ടു പോകവേ വിവാദങ്ങൾ സൃഷ്ടിക്കുന്നതു രാഷ്ട്രീയമായി പിന്നാക്കം പോകാനേ ഉപകരിക്കൂ എന്ന നിലപാടിലാണു സിപിഐ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന. ഇതു സിപിഎമ്മിനുള്ളിൽത്തന്നെ വലിയ ചർച്ചയായി. ബാലന്റെ പരാമർശത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പരസ്യമായി ബാലനെ അനുകൂലിച്ചത്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരേ സിപിഎമ്മിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പാർട്ടി നേതൃയോഗങ്ങളിൽപോലും ഒരു നേതാവും ഇതേക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. ഇതിനു പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാൽ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശമുണ്ടായത്. ഇതു ന്യൂനപക്ഷങ്ങൾക്കെതിരായുള്ള നിലപാടായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരായി.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം നേതാക്കളിൽനിന്ന്, പ്രത്യേകിച്ച് മന്ത്രിയിൽനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതു ന്യൂനപക്ഷത്തെ ഇടതുമുന്നണിയിൽനിന്നു കൂടുതൽ അകറ്റുമെന്ന ആശങ്കയിലാണു സിപിഐ. എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടാണ്.
തെരഞ്ഞെടുപ്പിൽ ദോഷമാകുന്ന ഒരു പരാമർശവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ ഗോവിന്ദൻ നേതാക്കൾക്കു നൽകിയ നിർദേശം. എന്നാൽ ഇതു മുതിർന്ന നേതാക്കൾതന്നെ ലംഘിച്ചത് അച്ചടക്കലംഘനമായാണ് പാർട്ടി കാണുന്നത്.
District News
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബത്തിന് തിക്താനുഭവം. ജീവിതസന്പാദ്യം അപ്പാടെ ഉരുൾവെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. കുടുംബശ്രീ മിഷൻ തയാറാക്കിയ മൈക്രോ പ്ലാൻ ഗുണഭോക്തൃ പട്ടികയിലും ഇടം കിട്ടിയില്ല. റവന്യു വകുപ്പ് കൈയാളുന്ന പാർട്ടിയുടെ വെള്ളാർമല ലോക്കൽ സെക്രട്ടറി പ്രശാന്ത് ചാമക്കാട്ടിനും കുടുംബത്തിനുമാണ് ദുര്യോഗം.
ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് താനും കുടുംബവും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്തതിനു കാരണമെന്നു പ്രശാന്ത് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. നീതി ഉറപ്പാക്കുന്നതിന് സമാന അനുഭവമുള്ള ദുരന്തബാധിതരെ സംഘടിപ്പിച്ച് ഫെബ്രുവരി ഒന്നു മുതൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയാണ് പ്രശാന്ത്. ചൂരൽമലയിൽ അട്ടമല റോഡിലെ ഹെൽത്ത് സെന്ററിനു സമീപം എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം. പ്രശാന്തും കുടുംബവും താമസിച്ചിരുന്ന മുറി ഉൾപ്പെടുന്നതടക്കം മൂന്ന് എസ്റ്റേറ്റ് പാടികൾ ഉരുൾപൊട്ടലിൽ കഥാവശേഷമായി.
അപകടസാധ്യത മുന്നിൽക്കണ്ട് പാടിയിൽനിന്നു മാറിയതാണ് പ്രശാന്തിന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷപ്പെടുന്നതിനു സഹായകമായത്. മകൾക്കുവേണ്ടി വാങ്ങി പാടിയിൽ സൂക്ഷിച്ച 10 പവൻ വരുന്ന ആഭരണങ്ങൾ, ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക്, വീട്ടുപകരണങ്ങൾ, വായ്പയെടുത്ത് പാടിക്കടുത്ത് നിർമിച്ച തൊഴുത്ത്, അതിലുണ്ടായിരുന്ന നാല് പശുക്കൾ എന്നിവ ഉരുൾപൊട്ടലിൽ പ്രശാന്തിനു നഷ്ടമായി. ദുരന്തബാധിതരുടെ കരടുപട്ടികയിൽ പ്രശാന്തും കുടുംബവും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്രസിദ്ധപ്പെടുത്തിയ പട്ടികകളിലും മൈക്രോ പ്ലാനിലും കുടുംബം ഉൾപ്പെട്ടില്ല.
10 വർഷം മുന്‍പ് പ്രശാന്തിന്റെ ഭാര്യ രേഖയ്ക്ക് ലൈഫ് ഭവന പദ്ധതിയിൽ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പേരിലാണ് ദുരന്തബാധിത കുടുംബമെന്ന പരിഗണന ലഭിക്കാതിരുന്നതെന്നാണ് പ്രശാന്ത് നടത്തിയ അന്വേഷണത്തിൽ മനസിലായത്. നൈനാർകുളത്ത് പ്രശാന്തിന്റെ തറവാട് ഭൂമിയിലാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം തുടങ്ങിയത്. പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതിരുന്ന വീട് ഇപ്പോൾ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ജില്ലയ്ക്കു പുറത്തുള്ള സന്നദ്ധപ്രസ്ഥാനത്തിന്റെ സാന്പത്തിക പിന്തുണയോടെ അരപ്പറ്റയിൽ വാങ്ങിയ ആറ് സെന്റ് സ്ഥലത്ത് മറ്റൊരു സന്നദ്ധ സംഘടന നിർമിച്ചുനൽകിയ വീട്ടിലാണ് പ്രശാന്തും കുടുംബവും നിലവിൽ താമസം.
ദുരന്തബാധിതനെന്ന് അംഗീകരിച്ച് മൈക്രോ പ്ലാനിൽ ഉൾപ്പെടുത്താത്തതുമൂലം വലിയ വിഷമതകളാണ് പ്രശാന്തും കുടുംബവും നേരിടുന്നത്. ദുരന്തബാധിതരുടെ ഗണത്തിലും മൈക്രോ പ്ലാനിലും ഉൾപ്പെടുത്തുന്നതിന് റവന്യു മന്ത്രി ഉൾപ്പെടെ അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ലെന്നു പ്രശാന്ത് പറഞ്ഞു. മൈക്രോ പ്ലാനിലെങ്കിലും ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ദുരന്തബാധിതരുടെ പട്ടികയിൽ അനർഹർ കയറിക്കൂടി വലിയ തോതിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ് -എം ഇടതുമുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു എൽഡിഎഫിന്റെ ഭാഗമായി അവർ തുടരുമെന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാനാണ് സിപിഐക്കു താത്പര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കെ.എം. മാണിയെ എതിർത്തതും സമരം ചെയ്തതുമെല്ലാം പഴയ കഥ. അതിനുശേഷം ധാരാളം വെള്ളം ഒഴുകിപ്പോയില്ലേ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
Kerala
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ തീരുമാനം. വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്നാണ് നിർദേശം.
വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരേ നടത്തിയ ചതിയൻചന്തു പരമാർശത്തിന് ഉചിതവും അർഹവുമായ മറുപടി സംസ്ഥാന സെക്രട്ടറി നൽകിയിട്ടുണ്ടെന്നും, വിഷയത്തിൽ പരസ്യ പോരിനു പോകേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ കൗൺസിലിന്റെ തീരുമാനം.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫ് വെള്ളാപ്പള്ളിക്കെതിരേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു.എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Kerala
ഒറ്റപ്പാലം: സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി മുൻ എംപിയും സിപിഎം നേതാവുമായ എസ്. അജയകുമാർ. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണു പെരുമാറുന്നത്. ഉത്തരംതാങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കെന്നും അജയകുമാർ ആരോപിച്ചു.
ദീർഘനാളായി സിപിഎം - സിപിഐ പോര് തുടരുന്ന ഒറ്റപ്പാലം മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു പരാമർശം. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കമാണോ എന്നും എസ്. അജയകുമാർ ചോദിച്ചു.
അജയകുമാറിനു
വിഭ്രാന്തി: സിപിഐ
പാലക്കാട്: ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെന്നു പറഞ്ഞ സിപിഎം നേതാവ് എസ്. അജയകുമാറിനു മാനസികവിഭ്രാന്തിയെന്നു സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. അജയകുമാറിനെ പാർട്ടി തിരുത്തണമെന്നും സുമ ലത പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് പണം വാങ്ങിയിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഴിവിട്ട സഹായം ചെയ്യില്ലെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നതായും മൂന്നു ലക്ഷം രൂപ വാങ്ങിയെന്നും അദ്ദേഹം അറിയിച്ചു. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്നു തന്നെ പറയുമെന്നും വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽനിന്ന് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുപക്ഷത്തിനു ബാധ്യതയാകുമെന്നും മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയത്തിന് കാരണമാകുമെന്നുമാണ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
Kerala
പാലക്കാട്: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം.
എസ്എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും എന്നാൽ അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നതെന്നും പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയമുയരാൻ കാരണമാകും. വിഷയത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു.
Kerala
തിരുവനന്തപുരം: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർഥം എല്ലാവർക്കും മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുനർജനി അന്വേഷണം കൂടി വരുമ്പോൾ വിഡി സതീശന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെ തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം "പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വന്ന് നിൽക്കണമെ” എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
Kerala
കൊച്ചി: പിണറായി വിജയന്റെ അഴിമതിക്കും തെറ്റായ നയങ്ങള്‍ക്കും പിന്തുണ നല്കാന് സിപിഐക്ക് കഴിയില്ലെന്നും സിപിഎം നേതൃത്വം നല്കുന്ന മുന്നണിയില്‍ തുടരാന്‍ സിപിഐക്ക് സാധ്യമല്ലെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
സത്യത്തിനും നീതിക്കും വേണ്ടി സിപിഐ നിലകൊള്ളുമെന്ന് ജനങ്ങള്‍ക്കു വിശ്വാസമുണ്ട്.
കൈക്കൂലിക്കും സ്വജനപക്ഷ പാതത്തിനും സ്വര്‍ണക്കൊള്ളയ്ക്കും പിന്തുണ നല്കാന് സിപിഐ തയാറാകരുതെന്നും തോമസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തർക്കങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടുന്നതിൽ സിപിഐ കടുത്ത അമർഷത്തിൽ. കഴിഞ്ഞ ദിവസം സിപിഐയെ ചതിയന്മാർ എന്നു വിളിച്ച വെള്ളാപ്പള്ളിയെ /”അവരങ്ങനെയല്ല’ എന്നു മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവന്ദനും പറഞ്ഞത്. എന്നിട്ടും വെള്ളാപ്പള്ളിയ്ക്കെതിരേ ഒരക്ഷരം മിണ്ടാൻ ഇരുവരും തയാറായില്ല. ഇതിൽ സിപിഐ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വെള്ളാപ്പള്ളിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആക്ഷേപമാണ് ഒരു വിഭാഗം സിപിഐ നേതാക്കൾക്കുള്ളത്. വരും ദിവസങ്ങളിൽ ജില്ലകളിൽ പൊതുയോഗം സംഘടിപ്പിച്ചു വെള്ളാപ്പള്ളിക്ക് മറുപടി പറയാനാണു സിപിഐ തീരുമാനം.
പറയേണ്ടതു സിപിഐ ഇടതുമുന്നണിയിൽ പറയണമെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളിയുടെ ഉപദേശം. കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കാറിൽ കയറേണ്ട കാര്യം തനിക്കില്ലെന്നും തന്റെ കൈയിൽനിന്നു കൈ നീട്ടി കാശ് വാങ്ങിയതു സിപിഐ നേതാക്കൾ മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം സിപിഐക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്. തത്കാലം വെള്ളാപ്പള്ളിക്ക് മറുപടി പറയുന്നില്ലായെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേ വലിയ വിവാദങ്ങളിലേക്കു പോകണ്ടായെന്ന നിർദേശമാണു സിപിഐ ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളി സിപിഐയ്ക്കെതിരേ നിരന്തരം വിമർശനം നടത്തുന്പോഴും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അദ്ദേഹത്തെ തള്ളിപ്പറയുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയോടു ബിനോയ് സൂചിപ്പിരുന്നു. ഇതിനു ശേഷമാണു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിക്കാൻ തയാറായത്.
വെള്ളാപ്പള്ളിയെ പൂർണമായും തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണു സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇതിനു കാരണം. ഇക്കാര്യം സിപിഐക്കും ബോധ്യമുള്ളതാണ്. എന്നാൽ പാർട്ടിയെ നിരന്തരം അദ്ദേഹം വിമർശിക്കുന്നതും മുന്നണിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതും സിപിഎം നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്നാണു സിപിഐ പ്രാദേശിക ഘടകങ്ങൾ മുതലുള്ള പ്രവർത്തകരുടെ വികാരം. മുഖ്യമന്ത്രിയും ഗോവിന്ദനും വെള്ളാപ്പള്ളിയെ വെള്ളപൂശാൻ തുനിയുന്പോഴും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം നേതാക്കൾക്കും വിയോജിപ്പുണ്ടെന്നുള്ളതു സത്യമാണ്.
പക്ഷേ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വെള്ളാപ്പള്ളി വിഷയത്തിൽ ഒരേ നിലപാടു സ്വീകരിക്കുന്നതാണ് അവരെയും കുഴപ്പിക്കുന്നത്. സിപിഐയും വെള്ളാപ്പള്ളി നടേശനും ഈ രീതിയിൽ മുന്നോട്ടുപോകുകയും മുഖ്യമന്ത്രിയും ഗോവിന്ദനും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്താൽ അത് ഇടതുമുന്നണിയുടെ നിലവിലെ കെട്ടുറപ്പിനെയും ദോഷമായി ബാധിക്കും.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹം സമുന്നതനായ സമുദായ നേതാവാണ്. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണെന്ന് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കേണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലബാറില്‍ സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. അതില്‍ പാര്‍ട്ടിക്ക് റോളില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന കോഴ ആരോപണത്തില്‍, ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും നടത്തുന്ന രീതി സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ എന്തിനു കാണാന്‍ പോയെന്നും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പോറ്റിയോടൊപ്പം പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
എസ്ഐടിയുടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.
സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.
Kerala
തിരുവനന്തപുരം: പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ സിപിഐയുടെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അത് ശരിയായ പ്രവർത്തി തന്നെയാണെന്നും അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിൽ ഒരു തെറ്റുമുണ്ടെന്ന് താൻ കരുതുന്നില്ല. വിഷയത്തിൽ ബിനോയ് വിശ്വത്തിന് അദേഹത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതായ നിലപാടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
താനാണെങ്കിൽ ഒരു കാരണവശാലും വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശം.
Kerala
തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്ന എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു തൊപ്പി ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ ആർ. ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലറാണ് ആർ. ശ്രീലേഖയെന്നും ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു.
ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. ആർ. ശ്രീലേഖയുടെ നിലപാടിനെ അഭ്യർഥന, അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ല. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ.എസ്. ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്കു വേണ്ടി സംസാരിക്കുന്ന മൂന്നു പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂരാണ്. മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നതു ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു വിലയിരുത്താനായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. സിപിഎം സംസ്ഥാന സമിതി നാളെയും മറ്റന്നാളുമായി ചേരും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും 29നു ചേരും.
30നാണ് സിപിഐ സംസ്ഥാന കൗണ്‍സിൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും കാരണങ്ങളും ഇരുപാർട്ടികളുടെയും നേതൃയോഗങ്ങൾ വിശദമായി പരിശോധിക്കും.
ഇതിനുശേഷം സിപിഎം സംസ്ഥാന സമിതി തയാറാക്കുന്ന തെരഞ്ഞെടുപ്പ് റിപ്പോർട്ട് കീഴ്ഘടകങ്ങൾ ചർച്ച ചെയ്യും. അതിനുശേഷമാകും സംഘടനാ നടപടികൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക. സിപിഐ സംസ്ഥാന കൗണ്‍സിൽ തയാറാക്കുന്ന റിപ്പോർട്ടും ഇതേ രീതിയിൽ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ഭരണവിരുദ്ധവികാരം കാരണമായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി വിലയിരുത്തിയത്. എന്നാൽ, ഭരണവിരുദ്ധവികാരവും സ്വർണപ്പാളി കേസും തിരിച്ചടിയായെന്നായിരുന്നു സിപിഐയുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളും അയ്യപ്പ സംഗമത്തിനിടെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതുമൊക്കെ തിരിച്ചടിയുടെ കാരണങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നുണ്ട്.
സ്വാഭാവികമായും സിപിഎം സംസ്ഥാന സമിതിയിലും സിപിഐ സംസ്ഥാന കൗണ്‍സിലിലും സർക്കാരിനെതിരേയും പാർട്ടി നേതൃത്വങ്ങൾക്കെതിരേയും കടുത്ത വിമർശനമുണ്ടാകും. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിക്കു ലഭിച്ചതു യോഗങ്ങളിൽ മുഖ്യ ചർച്ചയാകും.
നേരത്തേ ഇടതുമുന്നണി യോഗം ചേർന്നെങ്കിലും തെരഞ്ഞെടുപ്പിലെ തിരിച്ചടി വിശദമായി ചർച്ച ചെയ്തില്ല. മുന്നണിയിലെ ഓരോ പാർട്ടികളും തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതിനു ശേഷം ഇടതുമുന്നണി യോഗം ചേരാനാണു ധാരണ.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെ സിപിഎമ്മില്‍ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയതോടെ പാര്‍ട്ടി വെട്ടിലായി.
മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാല്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.
കെ.സി. രാജഗോപാല്‍ ഏരിയാ സെക്രട്ടറിക്കെതിരേ നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിയില്‍ വിവാദത്തിനു തിരി കൊളുത്തിയിരുന്നു. കെസിആറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു. നേതാക്കളെ സുഖിപ്പിക്കുന്നവര്‍ക്കും മൂടു താങ്ങികള്ക്കുമേ ഇന്നത്തെ സിപിഎമ്മില്‍ സ്ഥാനമുള്ളൂവെന്ന രാജഗോപാലിന്റെ നിലപാട് ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരിച്ച കെസിആറിന് ലഭിച്ചത് വെറും 28 വോട്ടുകളുടെ ഭൂരിപക്ഷം. 2020-ല്‍ 92 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച വാര്‍ഡിലാണ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കെ സി രാജഗോപാല്‍ മത്സരിച്ചപ്പോള്‍ നിസാര വോട്ടുകള്‍ക്ക് കടന്നു കൂടിയത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്റ്റാലിനാണ് തന്നെ തോലപിക്കാന് പരസ്യമായി കരുക്കള്‍ നീക്കിയതെന്ന് കെസിആര്‍ തുറന്നടിച്ചു. 2024 ഡിസംബര്‍ 30 ന് തന്നെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ പടക്കം പൊട്ടിച്ചവരാണവർ. തെരഞ്ഞെടുപ്പ് ഫലം വന്ന 13 നും അവര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടു. ഏരിയാ സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലായിരുന്നു അടുത്ത ദിവസം നടന്ന ആഹ്ളാദ പ്രകടനമെന്ന് രാജഗോപാല്‍ പറഞ്ഞു.
ഉന്നത നേതൃത്വം ഇടപെട്ടാണ് പഞ്ചായത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത്. തന്റെ തണലില്‍ വളര്‍ന്നവനാണ് സ്റ്റാലിന് . സുഖിപ്പിക്കുന്നവര്‍ക്ക് മാത്രം സംരക്ഷണം ഒരുക്കുകയാണ് അയാളുടെ തന്ത്രം. താഴെ തട്ടില്‍ കിടക്കുന്നവരുടെ വികാരം മനസിലാക്കാന്‍ അയാള്‍ ശ്രമിക്കാറില്ല. അടിസ്ഥാന വിവരം ഇല്ലെന്നു മാത്രമല്ല പാര്‍ട്ടി സാഹിത്യം പോലും വായിക്കാറില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന് താന്‍ പരാതി സമര്‍പ്പിക്കുമെന്നും കെസിആര്‍ പറഞ്ഞു.
ആദ്യ ദിവസത്തെ ആരോപണം ഇങ്ങനെ പോയെങ്കില്‍ ഇന്നലെ പല കോണുകളില്‍ നിന്നും രാജഗോപാലിനെതിരേ വിമര്‍ശനം ഉണ്ടായപ്പോള്‍ നിലപാട് അടുപ്പം കൂടി കടുപ്പിച്ചു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മൂട് താങ്ങുകളുമായി മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു കാരണമാകുമെന്നും രാജഗോപാല്‍ തുറന്നടിച്ചു.
കെസിആറിനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി പ്രകാശ് ബാബു
പത്തനംതിട്ട: മെഴുവേലിയില്‍ മത്സരിച്ച തന്നെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാലുവാരിയെന്ന മുന്‍ എംഎല്‍എയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കെ.സി. രാജഗോപാലിന്റെ പരസ്യ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ.പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും കുതികാല് വെട്ടും വഞ്ചനയും അത്ര പുതിയ കാര്യമൊന്നുമല്ലെന്നാണ് ഫേസ് ബുക്കില്‍ പ്രകാശ് ബാബു കുറിച്ചത്.
പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വി.എസ്. അച്യുതാനന്ദന്റെ സമ്പൂര്‍ണ ആശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണെന്ന് പ്രകാശ് ബാബു കുറിച്ചു.
അനര്‍ഹര്‍ക്ക് താത്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവുവന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരം ഉള്‍പോരാട്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ 75 വയസാകാന്‍ കാത്തുനില്‍ക്കാതെ 60 ലെ സ്വയം റിട്ടയര്‍ ചെയ്തത്.
താങ്കളും മറ്റുള്ളവരും ഞാനും നടത്തിയ പോരാട്ടങ്ങള്‍ വ്യക്തിപരമായിരുന്നില്ല. റിട്ടയര്‍മെന്റു കഴിഞ്ഞ നമുക്ക് പാര്‍ട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവയ്ക്കുക. നമുക്ക് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്.
റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല.
റിട്ടയര്‍ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കു. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുകയെന്നുമാണ് കുറിപ്പിലുള്ളത്.
പ്രകാശ് ബാബുവിന്റെ കുറിപ്പിനു പ്രതികരണമായി, ആറന്മുളയില് എം.വി. രാഘവനെതിരേ സീറ്റ് ചോദിച്ചപ്പോള്‍ താന്‍ എതിര്‍ത്തിരുന്നുവെന്നും അതാണ് അദ്ദേഹത്തിനു തന്നോടുള്ള പകയെന്നും രാജഗോപാല്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ പലയിടത്തും കാലുവാരി; സിപിഐക്കും പരാതി
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സിപിഐയെ പലയിടത്തും സിപിഎം വഞ്ചിച്ചതായി ആരോപണം. സിപിഐ മത്സരിച്ച പല വാര്‍ഡുകളിലും സിപിഎം കാലുവാരിയെന്നാണ് ആക്ഷേപം. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭ വാര്‍ഡുകളില്‍ പ്രകടമായ കാലുവാരല്‍ ഉണ്ടായി.
കോണ്‍ഗ്രസും സിപിഐയും എസ്ഡിപിഐയും മത്സരിച്ച പത്തനംതിട്ട നഗരസഭ വാര്‍ഡുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തുച്ഛമായ വോട്ടുകളാണ് ലഭിച്ചത്. പന്തളം നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ സിപിഐിലെ ഡോ. അജിത്ത് ആർ. പിള്ളയ്ക്കു ലഭിച്ചത് വെറും 84 വോട്ടുകള്‍ മാത്രം. ഇവിടെ 271 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കെ ആര് രവിയാണ് വിജയിച്ചത്. യുഡിഎഫില്‍ ആര്‍എസ്പിക്കായിരുന്നു സീറ്റ്.
ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എസ്. ശിവകുമാറിനു ലഭിച്ചത് 190 വോട്ടുകൾ. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കും ആര്എസ്പിയിലേക്കും പോയെന്നാണ് ആരോപണം.
ഇത്തരം വോട്ട്മറിക്കല്‍ പലയിടത്തും ആവര്‍ത്തിച്ചതായാണ് സിപിഐയുടെ വാദം. ഗ്രാമ പഞ്ചായത്ത് തലത്തിലും സിപിഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചു.
കോയിപ്രം പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇതിന് ഉദാഹരണമായി സിപിഐ ചൂണ്ടിക്കാട്ടുന്നു. സിപിഐക്ക് വാര്‍ഡ് ലഭിച്ചതോടെ സിപിഎം പ്രചാരണ രംഗത്തു നിന്നും പിന്മാറി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനായ വിജയകുമാറിനെ വിമതനായി കളത്തിലിറക്കി. സിപിഎം വിജയകുമാറിന് പൂര്‍ണ പിന്തുണ നല്കി. ഫലം വന്നപ്പോള്‍ 160 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയകുമാര്‍ വിജയിച്ചു.
സിപിഐ സ്ഥാനാര്‍ഥി മൂന്നാമതായി. എന്നാല്‍ സിപിഐ സ്ഥാനാര്‍ഥി നിര്‍ണയത്തെ സിപിഎം തുടക്കംമുതല്‍ വിമര്‍ശിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലും സിപിഎം കാലുവാരിയതായി സിപിഐ ആരോപിക്കുന്നു. പാര്‍ട്ടിയുടെ അഭിമാന ഡിവിഷനായിരുന്നു പള്ളിക്കൽ. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ശ്രീനാദേവി കുഞ്ഞമ്മയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. അവരെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡിവിഷനില്‍ ശ്രീലത രമേശിനെ മത്സര രംഗത്തിറക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 196 വോട്ടുകളുടെ വ്യത്യാസത്തില്‍ ശ്രീലത രമേശ് തോറ്റു.
നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് സിപിഐ രംഗത്തു വന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
Kerala
തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി കേസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടയിൽ പ്രധാന കാരണങ്ങളിലൊന്നായെന്നു സിപിഐ.
വിവാദം ഉണ്ടായപ്പോൾ തന്നെ സർക്കാർ വിഷയത്തെ ഗൗരവമായി കണ്ടില്ല. പ്രതിസ്ഥാനത്തുള്ള മുൻ ദേവസ്വം പ്രസിഡന്റും പാർട്ടി നേതാവുമായ എ.പത്മകുമാറിനെതിരെ സിപിഎം ഇതുവരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
തെറ്റു ചെയ്തവരെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയെന്നും ഹിന്ദുവോട്ടുകൾ യുഡിഎഫിലേക്കു പോകാൻ ഇതു കാരണമായെന്നും ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളിൽ വിമർശനമുണ്ടായി.
വെള്ളാപ്പള്ളി നടേശൻ അടിക്കടി ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. ഇതു ന്യൂനപക്ഷങ്ങളെ വീണ്ടും യുഡിഎഫിലേക്ക് അടുപ്പിക്കാൻ ഇടയാക്കി. മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളി കാറിൽ യാത്ര ചെയ്തതു ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്നും ഇതും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായെന്നും നേതൃയോഗങ്ങളിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടിട്ടും കുടിശികയോ മറ്റ് ആനുകൂല്യങ്ങളോ നൽകാൻ തയാറായില്ല. ഇതൊക്കെ സാധാരണ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ചിന്തിക്കാനുള്ള കാരണമായെന്നും വിമർശനമുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോയില്ലെങ്കിൽ വീണ്ടും ഭരണം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്നാണ് സിപിഐ യോഗത്തിൽ ഉയർന്ന ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ വീണെന്നാണ് സിപിഐ നേതൃയോഗം വിലയിരുത്തിയത്. മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ടെന്നും മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും സിപിഐ വിമർശനം ഉയർത്തി. ശബരിമല സ്വർണക്കൊളളയടക്കം വിധിയെഴുത്തിൽ പ്രതിഫലിച്ചെന്നും നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരെന്നുമാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ജനവിധിയെ മാനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം. ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ തങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തിയെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതേസമയം സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും തൃശൂരിലെ ജനതയെ വഞ്ചിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സുരേഷ് ഗോപി ശാസ്തമംഗലത്തു വോട്ട് രേഖപ്പെടുത്തിയതു സംബന്ധിച്ച വിവാദത്തിൽ പത്രക്കുറിപ്പിലാണ് പ്രതികരണം.
താൻ തൃശൂരിന്റെ സ്വന്തമാണെന്നും ഇവിടെയാണു തന്റെ ഗൃഹമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ വഞ്ചനയുടെ മുഖം ഒരിക്കൽകൂടി വ്യക്തമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടു ചേർക്കുകയും രേഖപ്പെടുത്തുകയുംചെയ്ത സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തു വോട്ട് ചെയ്തിരിക്കുന്നു.
വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും കെ.ജി. ശിവാനന്ദൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
കൊഴിക്കോട്: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശ നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. വൈകീട്ട് ആറ് വരെയായിരുന്നു പരസ്യപ്രചാരണം.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിലെ വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒരേ ആവേശത്തോടെ പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കളത്തിലിറങ്ങിയതോടെ വടക്കൻ ജില്ലകളിലെ കൊട്ടിക്കലാശം ഗംഭീരമായി.
കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം മുന്നണികളുടെ പ്രവർത്തകർ ആവേശത്തോടെയാണ് എത്തിയത്. സ്ഥാനാർഥികൾ കൂടി പ്രവർത്തകരോടൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി. തൃകോണ പോരാട്ടം നടക്കുന്ന തൃശൂർ കൊർപ്പറേഷൻ, പാലക്കാട് നഗരസഭ എന്നിവിടിങ്ങളെല്ലാം കൊട്ടിക്കലാശം കളറായി.
പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശമെങ്കിലും മലപ്പുറത്തും വടകരയിലും സംഘർഷമുണ്ടായി. എന്നാൽ പോലീസ് ഇടപെട്ടതോടെ ഇവിടങ്ങളിലെല്ലാം സ്ഥിതി ശാന്തമായി.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ നിയമപോരാട്ടങ്ങൾ ഇന്നത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. അതിജീവത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക ഇനി ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ സ്ത്രീ-പുരുഷന്മാർ രംഗത്തുവരും.
അതിജീവതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും നിലകൊള്ളുക. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർക്ക് ശക്തിപകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി കഴിഞ്ഞു. ഈ നിയമ പോരാട്ടത്തിലൂടെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് കേരള ജനത വിശ്വസിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥകളിലേക്ക് വിരൽചൂണ്ടാൻ അതിജീവിതയുടെ പോരാട്ടത്തിലൂടെ കഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Kerala
കോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിന്ന ചരിത്രമാണു സാമൂതിരിയുടെ നാടിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രമാണു കോഴിക്കോടിനുള്ളത്. രണ്ട് ലോക്സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡലവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല.
വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും ഓരോ സീറ്റുകള്‍ മാത്രമാണു നേരിയ ആശ്വാസം. സമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്. സംവിധായകന് വി.എം. വിനുവിനെ മേയര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ശ്രമിച്ച് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാൽ അവസാന നിമിഷം തള്ളിപ്പോയ നാണക്കേട് യുഡിഎഫിന് കോര്‍പറേഷനില്‍ ഉണ്ട്.
ചുവപ്പ് വിടാതെ...
കോര്പറേഷന് രൂപവത്കരിച്ചതു മുതല്‍ ഇടതുചായ്വാണ്. ആകെയുള്ള 75 കോര്പറേഷന് വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. 2010-ല്‍ യുഡിഎഫിന് കോര്‍പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്കു കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. 2020-ൽ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്കു ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴു സീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മേയര്സ്ഥാനമെങ്കില് ഇത്തവണ ജനറലിലേക്ക് മാറി.
ജില്ലാ പഞ്ചായത്ത്
തുടര്‍ച്ചയായ 35-ാം വര്‍ഷവും കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. 2015-ല്‍ 27-ല്‍ 16 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9. നേരത്തേ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിനുശേഷം 28 സീറ്റായി.
ത്രിശങ്കുവിലായി മുക്കം
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ്-20, എല്‍ഡിഎഫ്-17, എന്‍ഡിഎ-1), പയ്യോളി (യുഡിഎഫ്-21, എല്‍ഡിഎഫ്-14, എന്‍ഡിഎ-1), കൊടുവള്ളി( യുഡിഎഫ്-21, എല്‍ഡിഎഫ്-5, മറ്റുള്ളവര്‍-10 ), രാമനാട്ടുകര (യുഡിഎഫ്-17, എല്‍ഡിഎഫ്-12, മറ്റുള്ളവര്‍-2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കൊയിലാണ്ടി (യുഡിഎഫ്-16, എല്‍ഡിഎഫ് -25, എന്‍ഡിഎ-3), വടകര (യുഡിഎഫ്-16, എല്‍ഡിഎഫ്-27, എന്‍ഡിഎ-3, മറ്റുള്ളവര്‍-1), മുക്കം(യുഡിഎഫ്-11, എല്‍ഡിഎഫ്-12, എന്‍ഡിഎ-1, മറ്റുള്ളവര്‍-9) എന്നീ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.
മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്കു സാധിച്ചപ്പോള്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടെയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്.
എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, 42 പഞ്ചായത്തുകൾ.
യുഡിഎഫ്
നാല് നഗരസഭ,
28 പഞ്ചായത്ത്,
രണ്ട് ബ്ലോക്ക് പഞ്ചായത്ത്.
എന്‍ഡിഎ
കോർപറേഷനിൽ
ഏഴ് വാര്‍ഡുകള്‍.
Kerala
മെട്രോ നഗരത്തിലെ ഓട്ടപ്പാച്ചിലും ഗോത്രവിഭാഗത്തിനായി വനത്തിനുള്ളിൽ പോളിംഗ് ബൂത്തും. എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു കാഴ്ചകളിൽ വൈവിധ്യങ്ങൾ ഏറെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടിനും നഗരത്തിനും ഒരേ താളം, ഒരേ വേഗം.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്താൻ അഞ്ചു ദിനം ശേഷിക്കേ, ആഘോഷിക്കപ്പെടുന്ന പ്രചാരണങ്ങൾ കുറവെങ്കിലും വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടഭ്യർഥനകൾക്കു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഒട്ടും പിന്നിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണെന്നിരിക്കെ, സൂക്ഷ്മതയോടെ കിട്ടാവുന്ന വോട്ടെണ്ണി, കണക്കുകൂട്ടി, അടിയൊഴുക്കുകൾ അറിഞ്ഞ്, കരുക്കൾ നീക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. മൂന്നു മുന്നണികളുടെയും സംസ്ഥാന, കേന്ദ്ര നേതാക്കൾ എറണാകുളത്തെത്തി പ്രചാരണത്തിൽ പങ്കാളികളായി. വരുംദിനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്തുന്നതോടെ പോരാട്ടം മുറുകും.
കോർപറേഷൻ ആരു പിടിക്കും?
കൊച്ചി കോർപറേഷൻ ഭരണം ആർക്കെന്ന ചോദ്യം എറണാകുളം ജില്ലാ അതിർത്തി കടന്നുമുള്ള തെരഞ്ഞെടുപ്പു ചർച്ചകളിൽ മുഖ്യവിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷം മികച്ച നഗരഭരണമെന്ന പ്രചാരണത്തിന്റെ തോണിയിലേറിയാണ് എൽഡിഎഫ് ഇക്കുറിയും കൊച്ചിയിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. ഭരണത്തുടർച്ചയ്ക്കായി ചിട്ടയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇടതുനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ട വിമതശല്യമൊഴിച്ചാൽ എൽഡിഎഫിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ വർഷം കൈവിട്ട കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ, എറണാകുളം തങ്ങളുടെ കോട്ടയെന്ന പെരുമയ്ക്കാണു പരിക്കേൽക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അടിവരയിട്ടു പഠിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായുള്ള അഭിപ്രായസമന്വയവും മികച്ച സ്ഥാനാർഥിപ്പട്ടികയും മുൻനിർത്തി യുഡിഎഫ് പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കോൺഗ്രസിനു പതിവുപോലെ വിമതശല്യം കോർപറേഷനിലുമുണ്ട്. പത്തു ഡിവിഷനുകളിൽ വിമതന്മാർ പാർട്ടി സ്ഥാനാർഥികൾക്കു തലവേദനയാകുന്നു. ഭരണം കിട്ടിയാൽ മേയർ കസേര നോട്ടമിട്ട് മൂന്നിലധികം പേരുണ്ടെന്നതും ചർച്ചകളിലുണ്ട്. 76 ഡിവിഷനുകളുള്ള കൊച്ചി കോർപറേഷനിൽ 65ലും കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റിടങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ.
പാളയത്തിലെ പട എൻഡിഎയിൽ ഏൽപിച്ച ക്ഷീണം മാറിയിട്ടില്ല. നിലവിൽ അഞ്ചു കൗൺസിലർമാരുള്ള എൻഡിഎയ്ക്ക് ഇക്കുറി നാലു സീറ്റുകളിൽ സ്ഥാനാർഥികളില്ല. ഭൂരിഭാഗം ഡിവിഷനുകളിലും മത്സരിക്കുന്ന ട്വന്റി 20യും മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
നിലവിൽ 74 ഡിവിഷനുകളിൽ 38 ഉം ഭരണകക്ഷിയായ എൽഡിഎഫിലാണ്. യുഡിഎഫിനു 31ഉം ബിജെപിക്ക് അഞ്ചും കൗൺസിലർമാർ. അടുത്ത കൊച്ചി മേയർ സ്ഥാനം വനിതയ്ക്കാണ്.
ജില്ലാ പഞ്ചായത്തിൽ നോട്ടമിട്ട്
യുഡിഎഫ് ഇതുവരെ കൈവിടാത്ത ജില്ലാ പഞ്ചായത്തിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 27ൽ 17ഉം യുഡിഎഫ് അംഗങ്ങളാണ്. എൽഡിഎഫ്-ഒന്‍പത്, ട്വന്റി 20 - ഒന്ന് എന്നതാണു നിലവിലെ കക്ഷിനില.
നിലവിലെ ഭരണ സമിതിയുടെ മികച്ച പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതുസ്വഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം, മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചു ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 28 ഡിവിഷനുകളിലേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
നഗരസഭകൾ നിറം മാറുമോ?
ജില്ലയിലെ നഗരസഭകളിൽ കാലങ്ങളായി യുഡിഎഫ് മേധാവിത്വമാണ്. നിലവിൽ ആകെയുള്ള 13ൽ ഒന്‍പതിലും യുഡിഎഫാണ് ഭരിച്ചത്. ഇക്കുറി സ്ഥിതി മാറുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുന്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശേരി, കൂത്താട്ടുകുളം നഗരസഭകളാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃപ്പൂണിത്തുറ, പിറവം, ഏലൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ഭരണം. അധ്യക്ഷപദവിയെച്ചൊല്ലി കലഹങ്ങൾ കണ്ട കൂത്താട്ടുകുളത്ത് ഒടുവിൽ യുഡിഎഫ് പിന്തുണച്ച കലാ രാജുവായിരുന്നു ചെയർപേഴ്സൺ.
പഞ്ചായത്തുകളിൽ പ്രവചനാതീതം
നിലവിൽ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളിൽ 48ൽ യുഡിഎഫിനു ഭരണമുണ്ട്. 30ൽ എൽഡിഎഫാണ് ഭരിക്കുന്നത്. നാലിടത്ത് ട്വന്റി 20. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണു മേൽക്കൈ. 14ൽ ഏഴിലും എൽഡിഎഫിനാണു ഭരണം.ആറിടത്ത് യുഡിഎഫും ഒന്നിൽ (വടവുകോട്-പുത്തൻകുരിശ്) ട്വന്റി 20യുമാണ്.
പ്രാദേശികസാഹചര്യങ്ങൾ തന്നെയാകും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ജയപരാജയങ്ങൾ നിർണയിക്കുകയെന്നുറപ്പ്.
ട്വന്റി 20 ഫാക്ടർ
നിലവിൽ ഭരണമുള്ള കിഴക്കന്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിൽ ഈ തെരഞ്ഞെടുപ്പിലും ട്വന്റി 20 നിർണായകമാണ്. ഐക്കരനാടിൽ പ്രതിപക്ഷമില്ല. കിഴക്കന്പലത്ത് ഒരു യുഡിഎഫ് സ്വതന്ത്രൻ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
ഇക്കുറി തങ്ങളെ പരാജയപ്പെടുത്താൻ ഇടതു-വലതു മുന്നണികൾ പൊതുസ്ഥാനാർഥികളെയാണ് കിഴക്കന്പലത്തു മത്സരിപ്പിക്കുന്നതെന്നാണ് ട്വന്റി 20യുടെ ആക്ഷേപം. ആരോപണത്തിൽ വസ്തുതയെന്തെന്ന് ഇരുമുന്നണികളും വിശദീകരിച്ചിട്ടില്ലെങ്കിലും ട്വന്റി20യെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഇരുപക്ഷങ്ങളും ബിജെപിയും നന്നായി വിയർപ്പൊഴുക്കുന്നുണ്ട്. ഇക്കുറി വിവിധ നഗരസഭകളിലും കൊച്ചി കോർപറേഷനിലും ട്വന്റി20 സമാഹരിക്കുന്ന വോട്ടുകളെത്ര എന്നത് കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ്.
എറണാകുളം ജില്ല ഒറ്റ നോട്ടത്തിൽ
ആകെ സ്ഥാനാർഥികൾ- 7366
പുരുഷന്മാർ- 3451
സ്ത്രീകൾ- 3915
സ്ഥാനാർഥികളിൽ സ്ത്രീപ്രാതിനിധ്യം - 53.12 ശതമാനം
പോളിംഗ് സ്റ്റേഷനുകൾ- 3021
ആകെ വോട്ടർമാർ- 26,67,746
സ്ത്രീകൾ- 13,88,544
പുരുഷന്മാർ- 12,79,170
ട്രാൻസ്ജെൻഡർ- 32
Kerala
കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കരുത്താര്‍ജ്ജിക്കുന്ന മാഫിയാ സംഘത്തിന്റെയും മാഫിയാ സംസ്കാരത്തിന്റെയും തുടര്‍ച്ചയാണു പാലക്കാട്ട് മുന്‍പ്രതിപക്ഷ നേതാവും മുന്‍കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ അനുവദിക്കില്ല എന്നതാണ് സമീപനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം. രമേശിനെതിരേ നടന്നത് കൊള്ളാം എന്നു ചിന്തിക്കുന്നവരുണ്ടാകാം.
പക്ഷെ അവരോര്‍ക്കണം ഇന്ന് രമേശിനെങ്കില്‍ നാളെ സതീശനാകാം, കെ.സി. വേണുഗോപാലും സണ്ണി ജോസഫും ഒക്കെ ഇരകളാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തു കുറച്ചുനാളുകളായി കൊല്ലം അല്പം ഇടതുചെരിഞ്ഞാണ് നടക്കുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് വൻഭൂരിപക്ഷത്തോടെ ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും കൂടുതൽ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമാണ്.
നാലു പഞ്ചായത്തുകളിൽ തുല്യം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. നറുക്കെടുപ്പിലൂടെ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തിയതും ശ്രദ്ധേയമായി. ഇക്കുറി കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടു തിരിച്ചുവരവിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
ഇടത് ആധിപത്യം ഉലയാതെ കാക്കാൻ എൽഡിഎഫ് കച്ചമുറുക്കുമ്പോൾ ഒത്തു പിടിച്ച് കോട്ട തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊല്ലത്ത് യുഡിഎഫിന്റെ തേരോട്ടം. അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി കണക്കുകൂട്ടൽ.
22.71 ലക്ഷം വോട്ടർമാർ 1698 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്.കഴിഞ്ഞതവണ ജില്ല പഞ്ചായത്തും കോർപറേഷനും നാലു നഗരസഭകളിൽ മൂന്നെണ്ണവും 11 ബ്ലോക്കുകളിൽ 10ഉം 67ൽ 47 ഗ്രാമപഞ്ചായത്തുകളും നേടിയ ഇടതിനെ തളയ്ക്കാനായി തങ്ങളുടെ തിളങ്ങുന്ന ഭൂതകാലവും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുൻതൂക്കവും കൈമുതലാക്കിയാണ് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലടക്കം ഒരുമുഴം മുമ്പേ കരുക്കൾ നീക്കിയത്.
കൂടുതൽ പുതുമുഖങ്ങളെ നിരത്തി അതിനെ പ്രതിരോധിക്കാൻ ഇടതിനും കഴിഞ്ഞിട്ടുണ്ട്. രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിലുള്ള കോർപറേഷൻ പിടിക്കുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണന. സ്ഥാനാർഥിനിർണയത്തിൽ മുൻകൈ നേടിയെങ്കിലും അവർക്കു നാലിടത്ത് റിബലുണ്ട്. എൽഡിഎഫിനുമുണ്ട് രണ്ടു റിബൽ.
ഗ്രാമപഞ്ചായത്തുകളിൽ 11 വാർഡുകളിൽ യുഡിഎഫിനും ഒമ്പതിടത്തും ഇടതിനും വിമതരുണ്ട്. പാർട്ടി സെക്രട്ടറി എം.എ. ബേബിയുടെ നാടായ തൃക്കരുവയിലുമുണ്ട് വിമതൻ.
കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിക്ക് സിപിഎമ്മാണ് റിബൽ. ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രിനും സ്ഥാനാർഥികളുണ്ട്. പരവൂർ നഗരസഭയിൽ കോൺഗ്രസും ലീഗും വെവ്വേറെയാണ് മത്സരം. ജില്ലയിലെ യുഡിഎഫിൽ തങ്ങളേക്കാൾ പരിഗണന ആർഎസ്പിക്കു കിട്ടുന്നതിൽ ലീഗിന് പരിഭവമുണ്ട്.
പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. കരുനാഗപള്ളിയിൽ സിപിഎമ്മിലെ വിഭാഗീയതയ്ക്കു താത്കാലിക പരിഹാരമായെങ്കിലും പരസ്പരമുള്ള അമർഷം അടിത്തട്ടിലുണ്ട്. ബിജെപി ഇവിടെ പാർലമെന്റിൽ ശോഭ സുരേന്ദ്രൻ നേടിയ വോട്ട് ബലത്തിൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കല്ലുവാതുക്കൽ ജില്ല പഞ്ചായത്ത് ഡിവിഷനിലും ബിജെപിക്ക് കണ്ണുണ്ട്.
കൊറ്റങ്കര, പേരയം പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും തമ്മിലാണ് മത്സരം. ഇവിടെ സിപിഐയിൽനിന്നു രാജിവച്ചവർ സിപിഎമ്മിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ ഇടതിൽ മൂന്നുവനിതകൾ ഒഴികെ എല്ലാം പുതുമുഖങ്ങളാണ്. മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയും മുൻഎംഎൽഎയുമായ ലതദേവിയെ ജില്ല പഞ്ചായത്തിലേക്ക് സിപിഐ മത്സരിപ്പിക്കുന്നത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാലാവണം.
യുഡിഎഫിനു സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി വേണമെങ്കിൽ മാറ്റിയെടുക്കാൻ മുന്നണിക്കു സാധിക്കും. കൂടാതെ കൊല്ലം ജില്ലയിലെ പ്രബലരായ രണ്ടു പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം മുന്നണിക്കുള്ളിലെ പോരായ്മയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടുനാൾമുന്പുവരെ സിപിഐയിൽനിന്നു രാജി വാർത്തകളാണ് നിറഞ്ഞുനിന്നിരുന്നത്. രാജിവച്ചവരിൽ ഭൂരിപക്ഷവും സിപിഎമ്മിലേക്കും കോൺഗ്രസിലേക്കുമാണ് പോയത്. ഇതെല്ലാം മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഘടകകക്ഷികളെ പരിഗണിക്കാത്ത സിപിഎമ്മിന്റെ നിലപാടും കീറാമുട്ടിയായി നിൽക്കുന്നുണ്ട്. എന്നാൽ, ഇതെല്ലാം യുഡിഎഫിനു മുതലാക്കാൻ സാധിക്കില്ല.
വിമതശല്യം കൂടുതൽ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ്. ഘടകകക്ഷികളെ ഒതുക്കിയെന്ന പരാതിയും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. ഒന്നിച്ചുനിന്നാൽ ഈകൊല്ലം കൈപ്പിടിക്കുമെന്നു യുഡിഎഫ് അനുഭാവികൾ വിശ്വസിക്കുന്നുണ്ട്.
മൂന്നാം മുന്നണിക്കു നേതൃത്വം നൽകുന്ന ബിജെപിയാകട്ടെ ഘടകകക്ഷികളെ ഒട്ടും പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. പല പാർട്ടികളിൽനിന്നു കൂറുമാറി വന്നവരെ സ്ഥാനാർഥിയാക്കുന്ന ബിജെപി നേതൃത്വത്തിനെതിരേ പാർട്ടിയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.
Kerala
കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം പത്തനംതിട്ടയാണെന്നു പറയാം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണികൾ എത്ര ശ്രമിച്ചാലും പത്തനംതിട്ടയിൽ മറുപടി പറയാതിരിക്കാനാകില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ ആ വിവാദവും കത്തിനിൽക്കുകയാണ്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായപ്പോൾ അതിലെ പാർട്ടി നിലപാട് വിശദീകരിച്ച് അണികളെ തദ്ദേശ തെരഞ്ഞെടുപ്പു ഗോദായിലേക്ക് ഇറക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പത്തനംതിട്ടയിലേക്ക് ഓടിയെത്തേണ്ടിവന്നു.
ത്രിതല പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 1099 സീറ്റുകളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വൻ നേട്ടത്തിന്റെ പിൻബലത്തിലാണ് എൽഡിഎഫ് മത്സരരംഗത്തേക്കിറങ്ങിയത്.
ഒരുകാലത്ത് യുഡിഎഫിന്റെ ശക്തമായ കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയെ അടിമുടി ചുവപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് നേതൃത്വത്തിനു കൈവന്നിരുന്നു. എന്നാൽ, 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇതെല്ലാം മാറിമാറിഞ്ഞുവെന്നും ശക്തമായ തിരിച്ചുവരവാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ജില്ലയിൽ പര്യടനത്തിനെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും അടുത്ത ദിവസമെത്തും. എൽഡിഎഫിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കാണ് പ്രചാരണരംഗത്ത് സജീവമായുള്ളത്. മറ്റു നേതാക്കൾ വരുംദിവസങ്ങളിൽ എത്തും.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫിന് നാല് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. 12 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം നടത്തി. നാല് നഗരസഭകളിൽ തിരുവല്ലയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭരണസ്ഥിരത ഉണ്ടായില്ല. അടൂരിലും പത്തനംതിട്ടയിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. പന്തളം ബിജെപിയും ഭരിച്ചു.
വിമതഭീഷണി ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരേപോലെ നേരിടുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുഡിഎഫിനു വിമതന്മാർ കുറവെന്ന് നേതാക്കൾ അവകാശപ്പെടുന്നു. മത്സരരംഗത്തു തുടരുന്ന വിമതർക്കെതിരേ നടപടിയും എടുത്തുവരുന്നു. ഘടകകക്ഷികളുമായി സുദൃഢബന്ധം നിലനിർത്തി സീറ്റ് വിഭജനം നടത്തിയെന്നതാണ് മറ്റൊരു അവകാശവാദം.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിലടക്കം തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിനു നേരിടേണ്ടിവന്നു. നഗരസഭകളിലെ തർക്കങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലും സമാനമായ വിഷയങ്ങളുണ്ട്. സ്വതന്ത്രരും വിമതരുമൊക്കെ ജയിച്ചുകയറുന്നതോടെ പലയിടത്തും ഭരണം പിടിക്കുകയെന്നത് മുന്നണികൾക്കു തലവേദനയായി മാറും. 2020ൽ സമാനവിഷയം ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായതാണ്.
എൽഡിഎഫിനും ഇക്കുറി പലയിടത്തും വിമത പ്രശ്നങ്ങളുണ്ട്. ഘടകകക്ഷികൾക്കായി ചില സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവന്നപ്പോൾ സിപിഎമ്മുകാർ തന്നെ വിമതവേഷത്തിലെത്തിയിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കൾ കേരള കോൺഗ്രസ് ചിഹ്നത്തിലടക്കം മത്സരിക്കുന്നുണ്ട്.
സിപിഎമ്മിലാകട്ടെ സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എൻഡിഎ ഭരണം ലക്ഷ്യമിട്ട് പന്തളം നഗരസഭയിലും ചില ഗ്രാമപഞ്ചായത്തുകളിലും ശക്തമായ മത്സരത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ചില മണ്ഡലങ്ങളിലും അവർക്കു വിജയപ്രതീക്ഷയുണ്ട്.
ശബരിമല വിഷയവും രാഹുൽ വിവാദവുമൊക്കെ പ്രാദേശിക വിഷയങ്ങൾ മറച്ചുപിടിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ചർച്ചയാകുന്നില്ല.
പദ്ധതിവിഹിതം വെട്ടിക്കുറച്ചതും ഇതിലൂടെ ഗ്രാമീണ മേഖലകളിലുണ്ടായ വികസന സ്തംഭനവുമെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തെരുവുനായ വിഷയവും വന്യമൃഗശല്യവും അടക്കം വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവരണമെന്ന പൊതുതാത്പര്യത്തെയും രാഷ്ട്രീയമത്സരം വഴിമാറ്റിയിരിക്കുകയാണ്.
സ്ഥാനാർഥികളുടെ മികവ് രാഷ്ട്രീയത്തിനതീതമായി വിഷയമാക്കിയിട്ടുണ്ട്. മത്സരരംഗത്ത് യുവസ്ഥാനാർഥികൾ ഇക്കുറി വേണ്ടുവോളമുണ്ട്. 21 വയസുകാർ മുതൽ രംഗത്തിറങ്ങിയിരിക്കുകയാണ്. ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ നല്ലൊരു പങ്കും മത്സരിക്കാനുണ്ടെന്നുള്ളതും പ്രത്യേകതയാണ്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും യുവനിരയ്ക്ക് മുന്നണികൾ പ്രാമുഖ്യം നൽകിയിട്ടുണ്ട്. സിപിഐ വിട്ട് സമീപകാലത്ത് കോൺഗ്രസിൽ ചേർന്ന് ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുന്ന പള്ളിക്കൽ ഡിവിഷൻ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. സിപിഐയുടെ മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലതാ രമേശാണ് എൽഡിഎഫ് സ്ഥാനാർഥി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തുടർച്ചയായി മത്സരിച്ചുവരുന്നവരും മുൻ എംഎൽഎ കെ.സി. രാജഗോപാലുമൊക്കെ സ്ഥാനാർഥികളായുണ്ട്.3549 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളതിൽ 1910 വനിതകളും 1639 പുരുഷന്മാരുമാണ്.
Kerala
ആലപ്പുഴ: കേരളത്തില്‍ തെരഞ്ഞെടുപ്പു വന്നാല്‍ ഇഡിയും വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇഡി വരും, കുറച്ച് ബഹളമുണ്ടാക്കി പോകും. ഇഡി ഇപ്പോള്‍ തമാശയായി മാറിയെന്നും ബിനോയി വിശ്വം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇഡി എന്ന പാഴ്മുറംകൊണ്ട് തടയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയില്ല. എല്‍ഡിഎഫിന്റെ മൂന്നാമൂഴത്തിനുള്ള നാന്ദിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇഡിയെ ഡല്‍ഹിയില്‍ എതിര്‍ക്കുകയും കേരളത്തില്‍ അനുകൂലിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ കേരളം തോല്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും വലിയ ഐക്യത്തോടെയാണ് പോകുന്നത്. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചത് ആരായാലും ശിക്ഷിക്കപ്പെടും.
ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്റേത് മാത്രമാണ്. അത് കൈയിട്ടുവാരാന്‍ ആര്‍ക്കും അവകാശമില്ല. എസ്ഐടി കുറ്റക്കാരായി കണ്ടെത്തുന്നത് ഏത് പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. രാഹുലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയുടെ ധാര്‍മികത്തകര്‍ച്ചയുടെ പര്യായമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തദ്ദേശ തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. ജില്ലാ പഞ്ചായത്തും തൊടുപുഴ, കട്ടപ്പന നഗരസഭകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 52 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിനായിരുന്നു ഭരണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ രണ്ടു നഗരസഭകളും യുഡിഎഫ് കൈയടക്കി. എന്നാല്‍, തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയൊഴികെ നാലിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം.
എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ അഞ്ചുമണ്ഡലങ്ങളിലും യുഡിഎഫ് വ്യക്തമായ മേല്‍ക്കോയ്മ നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജില്ലാപഞ്ചായത്തടക്കം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണം മുന്നേറുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
ഭൂപതിവ് ചട്ടഭേദഗതിയിലുടെ ക്രമവത്കരണത്തിന് ഫീസ് ഈടാക്കാനുള്ള നീക്കം, വന്യമൃഗശല്യം, ശബരിമലയിലെ സ്വര്‍ണക്കൊള്ള, കാര്‍ഷികമേഖലയുടെ തകര്‍ച്ച, റോഡ് വികസനത്തില്‍ വനംവകുപ്പിന്റെ അനാവശ്യ ഇടപെടല്‍, സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യപ്രചാരണമെങ്കിലും പ്രാദേശിക പ്രശ്നങ്ങളും ശക്തമായി ഉയര്‍ത്തുന്നുണ്ട്. ജില്ലയുടെ വികസനത്തിനുതകുന്ന പദ്ധതികളുടെ പോരായ്മകള്‍, നിര്‍മാണ നിരോധനത്തിനെതിരേ ജില്ലാ പഞ്ചായത്ത് സ്വീകരിച്ച മൗനം തുടങ്ങിയ നിരവധി ജനകീയ പ്രശ്നങ്ങളാണ് യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
ഇതേസമയം പതിറ്റാണ്ടുകളായി ജില്ലയിലെ ജനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമെന്ന നിലയില്‍ നടപ്പാക്കിയ ഭൂപതിവ് ചട്ടഭേദഗതി, ക്ഷേമ പെന്ഷന് വര്‍ധന, പട്ടയവിതരണം, റോഡ് വികസനം, കുടിവെള്ള പദ്ധതികള്‍, ലൈഫ് ഭവനനിര്‍മാണം തുടങ്ങിയവയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ അടിസ്ഥാന സൗകര്യവികനത്തിനായി നടപ്പാക്കിയ ചെറുതുംവലുതുമായ പദ്ധതികള്‍ക്കു പുറമേ സ്വകാര്യപങ്കാളിത്തത്തോടെ ജില്ലയെ ടൂറിസം ഹബ്ബാക്കി മാറ്റാനായി നടത്തുന്ന പ്രവർത്തനങ്ങളും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിൻ കീഴില്‍ രാജ്യത്തുണ്ടായ വികസനവും ജനക്ഷേമം മുന്‍ നിര്‍ത്തി നടപ്പാക്കിയ പദ്ധതികളുമാണ് എന്‍ഡിഎയുടെ മുഖ്യവിഷയം. കുടുംബയോഗങ്ങള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവയില്‍ ഊന്നിയാണ് നിലവിലെ പ്രചാരണം മുന്നേറുന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സംസ്ഥാന, ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ജില്ലയില്‍ സജീവമാണ്.
തെരഞ്ഞെടുപ്പ് ദിനം അടുത്തുവരുന്നതോടെ പ്രചാരണത്തിന് ഇനിയും മൂര്‍ച്ചകൂടും. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതോടൊപ്പം പുതിയ വാഗ്ദാനങ്ങള്‍ നല്കാനുമാകും മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും ശ്രമം. ജില്ലയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസാധ്യതയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ചരിത്രം തിരുത്താനുള്ള പരിശ്രമത്തിലാണ് എന്‍ഡിഎ.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒയ്ക്കും എതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ഓലപ്പാന്പ് കാട്ടി പേടിപ്പിക്കുന്നതിനു സമാനമായ പ്രവൃത്തിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. .
Kerala
പാലക്കാട്: പാതാളത്തിലേക്കു സ്വയം വീണുപോയ കോൺഗ്രസിനെ ഇനി ആരു വിചാരിച്ചാലും രക്ഷിച്ചെടുക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ രക്ഷിക്കാനാണ് കോൺഗ്രസ് ഇത്രനാള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയെ ദീപാദാസ് മുൻഷിയും കെപിസിസി അധ്യക്ഷൻ സണ്ണിജോസഫും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവിക്ക് സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ മത്സരിക്കാൻ നൽകുമെന്നാണ് വിവരം
അധികാരമല്ല വലുത്, ആദർശമാണ് വലുതെന്ന് ശ്രീനാദേവി പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.
ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നേതാവാണ് നിമിഷ രാജു.
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നാണ് നിമിഷ രാജുവിനെ സിപിഐ സ്ഥാനാർഥിയാക്കിയത്.
എംജി സർവകലാശാലയിൽ 2021 ഒക്ടോബറിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പോലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തത്.
നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
Kerala
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചത്.
മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയെന്നും പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നുവെന്നും അൻസിയ കുറ്റപ്പെടുത്തി. പാർട്ടിവിട്ടെങ്കിലും മുന്നണിയിൽ തുടരുമെന്ന് അൻസിയ വ്യക്തമാക്കി.
ലീഗിന്റെ തട്ടകത്തിൽ നിന്നാണ് ജയിച്ച് വന്നത്. പ്രതിസന്ധികൾ പാർട്ടിയോട് പറഞ്ഞിരുന്നുവെന്നും പാർട്ടിയുടെ പിന്തുണ ഉണ്ടായില്ലെന്നും അൻസിയ കൂട്ടിച്ചേർത്തു.
District News
കാക്കനാട്: സീറ്റു വിഭജനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ തൃക്കാക്കര നഗരസഭയിൽ സിപിഐ ഒറ്റയ്ക്കു മൽസരിക്കും. തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ പോലും വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടെടുത്ത സിപിഎമ്മുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കമല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.
നഗരസഭയിലേക്ക് കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥികൾ വിജയിച്ച വാർഡുകൾ ഇത്തവണ നൽകില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ തൃക്കാക്കര മണ്ഡലം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തവണ ആറ് സീറ്റുകളിൽ മൽസരിച്ച സിപിഐ രണ്ടു സീറ്റുകളിൽ വിജയിച്ചിരുന്നു. സ്നേഹനിലയം, അത്താണി ഹെൽത്ത് സെന്റർ വാർഡുകളിൽ നിന്നാണ് സിപിഐ സ്ഥാനാർഥികൾ വിജയിച്ചത്. ഇതേ സീറ്റുകൾ ഇത്തവണ വിട്ടുതരില്ലെന്നാണ് സിപിഎം നേതൃത്വം സീറ്റു വിഭജന ചർച്ചകളിൽ ആവർത്തിച്ചത്.
ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐക്ക് സീറ്റു നിഷേധിക്കപ്പെട്ടാൽ തനിച്ചു മൽസരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് സിപിഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി കത്തു നൽകിയിരുന്നു. ഈ കത്ത് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കു വിട്ടിരുന്നു. സിപിഐ തനിച്ചു മൽസരിക്കാൻ തീരുമാനിച്ചതോടെ തൃക്കാക്കരയിൽ ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരികയാണ്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.
District News
കൂരാച്ചുണ്ട്: തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഘടകകക്ഷിയായ സിപിഐക്ക് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം.
കൂരാച്ചുണ്ട് പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. 10 സീറ്റ് സിപിഎം, നാല് സീറ്റ് കേരള കോണ്‍ഗ്രസ് - എം ഇങ്ങനെയാണിപ്പോള്‍ ധാരണയിലുള്ളത്. 12, 13 വാര്‍ഡുകളില്‍ ഏതെങ്കിലും ഒരു സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു സിപിഐ ആവശ്യപ്പെട്ടിരുന്നത്.
സിപിഎം അതിനു തയാറാകാത്തതിനാല്പ്രതിഷേധ സൂചകമായി, ബാലുശേരി എംഎല്‍എ കെ.എം. സച്ചിന് ദേവിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് നടക്കുന്ന വിഷന്‍ ഓഫ് കൂരാച്ചുണ്ട് പരിപാടിയില്‍ പങ്കെടുക്കാതെ സിപിഐ വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് പുറത്തിറക്കിയ കുറ്റപത്രം പരിപാടിയിലും സിപിഐയെ ക്ഷണിച്ചില്ലെന്ന് ആരോപണമുണ്ട്. 14ന് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്താനാണ് നീക്കം.
District News
പത്തനംതിട്ട: ജില്ലയിലെ ഏറത്ത് പഞ്ചായത്തിലെ 17 സീറ്റുകളിലും മത്സരിക്കാനൊരുങ്ങി. സിപിഐ ലോക്കല്‍ കമ്മറ്റി. ഏറത്ത് പഞ്ചായത്തില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 17 സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനമുണ്ടായത്. 17 വാര്‍ഡുകളുള്ള ഏറത്ത് പഞ്ചായത്തില്‍ മുന്‍പ് സിപിഐ ക്ക് മൂന്ന് സീറ്റുകളാണ് നല്‍കിയിരുന്നത്.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റായ മൂന്നാം വാര്‍ഡടക്കം വച്ചുമാറാന്‍ എല്‍ഡിഎഫില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് തീരുമാനങ്ങള്‍ക്കു വിരുദ്ധമായി സിപിഎം പല വാര്‍ഡുകളിലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കു നല്‍കുമെന്ന് പറഞ്ഞ 14 ാം വാര്‍ഡില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി തന്നെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് സിപിഐ യെ പ്രകോപിപ്പിച്ചത്.
സിപിഎം, മുന്നണി മര്യാദകള്‍ പാലിക്കാത്ത സാഹചര്യത്തിൽ, ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ ഇത് സംബന്ധിച്ച് മണ്ഡലം കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതിയിൽനിന്ന് പിന്മാറുമെന്നു സിപിഎം സിപിഐക്കു നൽകിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സിപിഐയെ ഒരിക്കൽക്കൂടി വല്യേട്ടൻ പറഞ്ഞു പറ്റിച്ചു.ഒന്നു പ്രതിഷേധിക്കാൻ പോലും ത്രാണിയില്ലാതെ സിപിഐ കീഴടങ്ങി. സിപിഎമ്മിനെ അടിയറവ് പറയിച്ചെന്നുള്ള സിപിഐയുടെ അവകാശവാദത്തിന് ഒരു ദിവസത്തെ ആയുസു പോലും ലഭിച്ചില്ല. സിപിഐ മന്ത്രിമാരും നേതാക്കളും ദിവസേന സിപിഎമ്മിനോടു മാപ്പുപറഞ്ഞ് കൂട്ടക്കരച്ചിൽ നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡു നേടിയ വിദ്യാഭ്യാസമന്ത്രി അടുത്ത ഗഡു നേടാൻ ഡൽഹിക്ക് ചർച്ചയ്ക്ക് പോകുകയാണ്. ബിജെപിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തിൽ സിപിഐ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്മാറുന്നുവെന്നു കാണിച്ച് കേന്ദ്ര സർക്കാരിനു കത്ത് നൽകാനുള്ള മന്ത്രിസഭാതീരുമാനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിപിഐ.
മന്ത്രിസഭ തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് നൽകാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിളിച്ചു പാർട്ടിയുടെ പ്രതിഷേധം അറിയിച്ചു.
എന്നാൽ കത്തയയ്ക്കുന്നതിൽ വന്നിട്ടുള്ള കാലതാമസത്തെ സംബന്ധിച്ചു പരിശോധിക്കാമെന്നും നിലപാടിൽ ഒരു മാറ്റവും വരുത്തില്ലെന്നും ഗോവിന്ദൻ ബിനോയിയെ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽത്തന്നെ കത്ത് കേന്ദ്രത്തിനു നൽകാൻ സർക്കാർതലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ സിപിഎം-സിപിഐ തർക്കത്തിനു പരിഹാരമായെങ്കിലും സിപിഐയുടെ നിലപാടിൽ വലിയ പ്രതിഷേധത്തിലാണു സിപിഎം നേതാക്കൾ. അനാവശ്യ വിവാദമുണ്ടാക്കി സർക്കാരിനെ സിപിഐ സമ്മർദത്തിലാക്കിയെന്ന ആക്ഷേപമാണു സിപിഎമ്മിനുള്ളത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടപ്പോൾ തർക്കങ്ങളെല്ലാം പരിഹരിച്ചു. എന്നാൽ ചിലതു പറയാനുണ്ട്. ഇപ്പോൾ അതു പറയുന്നില്ലായെന്നു പറഞ്ഞതു സിപിഐയോടുള്ള പ്രതിഷേധം തന്നെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു ദിവസം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ ഇടതുനയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതിനു സിപിഐ മറുപടി നൽകേണ്ടിവരുമെന്നാണു സിപിഎം നേതാക്കളുടെ ഭാഷ്യം.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരസ്പരം പഴിചാരിയതിൽ ഇരു പാർട്ടികളുടെയും നേതാക്കൾ ഇപ്പോൾ മാപ്പുപറച്ചിലിലേക്കു കടന്നിരിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിസഹായനായിപ്പോയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ്ബാബു വിമർശിച്ചിരുന്നു. തർക്കം പരിഹരിച്ചതിനു പിന്നാലെ ബേബിയെ ഫോണിൽ വിളിച്ചു പ്രകാശ്ബാബു ഖേദം പ്രകടിപ്പിച്ചു. വിഷയത്തിൽ പരിഹാരം കണ്ടതിനു ബേബിയെ പ്രശംസിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തന്റെ വീട്ടിലേക്കു എഐഎസ്എഫും എഐവൈഎഫും പ്രതിഷേധുമായി വന്നതു വേദനിപ്പിച്ചുവെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
താൻ എം.എൻ. സ്മാരകത്തിൽ സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിൽ കണ്ടതിനു ശേഷം മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു പറഞ്ഞ കാര്യം ഏറെ വേദനയുണ്ടാക്കിയെന്നും അനിലിനെ ഫോണിൽ വിളിച്ചു പറഞ്ഞശേഷമാണു പിഎം ശ്രീയെ സംബന്ധിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ബിനോയിയെ കണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു. ഓഫീസിൽ വരുന്നവരോടു വരണ്ടേന്നുപറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രി അനിലിന്റെ പ്രതികരണം.
അതു മര്യാദയില്ലാത്ത സംസ്കാരമാണ്. പ്രകാശ് ബാബു എം.എ. ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണു ബേബി നിസഹായൻ എന്നു ബാബു പറഞ്ഞത്. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വെടിനിർത്തൽ താത്കാലികം?
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഎം-സിപിഐ തർക്കം തത്കാലം തീർന്നെങ്കിലും ഇരുപാർട്ടികൾക്കുമിടയിലുള്ള സംഘർഷം പരോക്ഷമായി രൂക്ഷമാകാനാണു സാധ്യത. സിപിഐ നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രതിഷേധത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ തത്കാലം സിപിഐക്കെതിരേ പരസ്യപ്രതികരണങ്ങളൊന്നും വേണ്ടെന്നാണു പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. പിഎം ശ്രീ പദ്ധതിയിൽനിന്നും പിൻവാങ്ങിയതിൽ സർക്കാരിനുണ്ടായ വലിയ സാമ്പത്തികനഷ്ടത്തെ സംബന്ധിച്ചു നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. പാർട്ടിയുടെ നവമാധ്യമ സംഘത്തെ ഇതിനായി പ്രയോജനപ്പെടുത്താനും സിപിഎം തീരുമാനിച്ചു. ഇതുവഴി സിപിഐക്കു മറുപടി നൽകാനാണ് ഇപ്പോഴത്തെ ധാരണ.
National
ന്യൂഡൽഹി: പിഎം ശ്രീ വിവാദത്തിൽ പോസ്റ്റ്മോർട്ടത്തിനില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. എന്തെല്ലാം ശരിയാണ് തെറ്റാണു എന്നതിൽ പ്രസക്തിയില്ല. ഇപ്പോൾ ഒരു ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും പിഎം ശ്രീയിൽ ഒപ്പിട്ടത് സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ബാബു ഉത്തമനായ സുഹൃത്താണ്. ഇനി കേരളത്തിൽ എത്തുമ്പോൾ ഒന്നിച്ചു ഭക്ഷണം കഴിക്കും. മാധ്യമങ്ങൾ കുരുക്കുന്ന ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ അതുപോലെ മിടുക്കോടെ മറുപടി പറയേണ്ടി വരും.
തെറ്റ് പറ്റുന്നത് മാനുഷികവും, ക്ഷമിക്കുന്നത് ദൈവികവും എന്നാണെല്ലോ. പ്രകാശ് ബാബുവിന് തെറ്റു പറ്റി എന്ന് ഞാൻ പറയുന്നില്ലെന്നും നിങ്ങൾ ചോദിക്കുമ്പോൾ ചിലപ്പോൾ എനിക്കും പിശക് സംഭവിക്കാമെന്നും ബേബി പറഞ്ഞു.
പ്രകാശ് ബാബുവും ഞാനും ഒരേ ജില്ലക്കാരനാണെന്നും ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും സിപിഎമ്മും സിപിഐയും ഉത്തമ സഖാക്കളായി ഒന്നിച്ചു പോകുമെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തിൽ കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെ ഒഴിവാക്കിയതിൽ സിപിഐയിൽ പ്രതിഷേധം. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണു കർഷക പെൻഷൻ പദ്ധതിക്കു തുടക്കം കുറിച്ചത്.
കൃഷിമന്ത്രി പി. പ്രസാദ് പലതവണ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തിയെങ്കിലും പണമില്ലെന്നു പറഞ്ഞ് കർഷക പെൻഷൻ പദ്ധതിയുടെ ഫയലിൽ ഇതുവരെയും ഒപ്പിട്ടിട്ടില്ല. എന്നാൽ, ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളിൽ കർഷക ക്ഷേമപെൻഷൻ പദ്ധതിയെ അവഗണിക്കുകയായിരുന്നു.
ധനവകുപ്പിന് പതിനായിരം കോടി രൂപയുടെ അധിക ബാധ്യത വരുന്ന നിരവധി പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാധ്യത സർക്കാരിനു താങ്ങാനാവത്തതല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. ഇതാണ്, കൃഷിവകുപ്പ് ഭരിക്കുന്ന സിപിഐയെ പ്രകോപിതരാക്കുന്നത്. കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ച് നവംബർ നാലിനു സിപിഐ സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്യും.
സിപിഐയുടെ കർഷക ഘടനയായ അഖിലേന്ത്യാ കിസാൻ സഭ പ്രതിനിധികൾ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കർഷക ക്ഷേമപെൻഷൻ പദ്ധതി ധനവകുപ്പ് അംഗീകരിക്കാത്തതിനെതിരേ അഖിലേന്ത്യാ കിസാൻ സഭ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയിരുന്നു.
എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് പദ്ധതിക്കു ധനവകുപ്പ് അംഗീകാരം നല്‍കാമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്കുകയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്യുന്നത്.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണ് കൃഷിമന്ത്രി തുറന്നുകൊടുത്തത്. എന്നാൽ, 2025 ഒക്ടോബർ 30 വരെ 15,559 പേരുടെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്.പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലാണ്.
കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 2027 ജനുവരി മുതൽ പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ, തുകയും മറ്റാനുകൂല്യങ്ങളും സർക്കാർ ഇതുവരെയും തീരുമാനിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: സിപിഎം-സിപിഐ തർക്കത്തിന് ഇടയാക്കിയ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിസഭാ യോഗത്തിനു മുൻപ് ഉഭയകകക്ഷി ചർച്ചകൾക്കു ശേഷമാണ് സിപിഐയുടെ നാലു മന്ത്രിമാരും പങ്കെടുത്തത്. പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് വരുന്നതു വരെ പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭായോഗത്തിനു മുൻപ് പിഎം ശ്രീ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്ത് തയാറാക്കിയ ശേഷമാണ് മന്ത്രിസഭ തുടങ്ങിയത്. അതേസമയം, ധാരണാപത്രം മരവിപ്പിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രസർക്കാരിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കണമെന്ന സിപിഐയുടെ നിർദേശം നടപ്പായില്ല.
പിഎം ശ്രീ പദ്ധതി ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചു പുനഃപരിശോധന നടത്താൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ഉപസമിതിയാണ് രൂപീകരിച്ചത്.
മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി.രാജീവ്, എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളായിരിക്കും. ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതുവരെ സംസ്ഥാനത്ത് പിഎം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകില്ലെന്ന് കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയെയും മന്ത്രിസഭയെയും അറിയിക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, പുനഃപരിശോധിക്കാൻ ഉപസമിതി രൂപീകരിച്ചതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വേഗത്തിൽ റിപ്പോർട്ട് നൽകാനാണ് ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: രണ്ടു പാർട്ടികളാണെങ്കിലും സിപിഐക്കും സിപിഎമ്മിനും ഒരേ ഹൃദയമാണെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരസ്പരബഹുമാനത്തോടെ ചർച്ചചെയ്തു രമ്യമായി പരിഹരിക്കുമെന്നും സാംസ്കാരികമന്ത്രി സജി ചെറിയാൻ ഇന്നലെ രാവിലെ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചചെയ്ത് പരിഹരിക്കാനുള്ള കരുത്ത് ഇരുപാർട്ടികൾക്കുമുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടതുമാത്രമാണു വിഷയം, സിപിഐ ഉന്നയിച്ച സംശയങ്ങളും ആശങ്കകളും ചർച്ചചെയ്യും. സജി ചെ റിയാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനേക്കുറിച്ചുള്ള കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പദ്ധതിയില്‍നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിനുശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചെന്നും സതീശന് പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും സതീശന് പരിഹസിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തർക്കം തീർന്നെന്ന് സൂചന. സിപിഐയുടെ നിലപാടിന് സിപിഎം വഴങ്ങിയതോടെയാണ് തർക്കം അവസാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇതോടെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. വിഷത്തിൽ ഇരു പാർട്ടികളും ഇന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് സൂചന.
പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒപ്പുവച്ച കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് സൂചന. ഈക്കാര്യം സിപിഐയെ സിപിഎം അറിയിച്ചെന്നാണ് വിവരം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും.
എന്നാൽ ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ നിലപാടിന് സിപിഎം കീഴടങ്ങുമെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന.
കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വയ്ക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക.
ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്.
ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന.
Kerala
കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
സിപിഐഎമ്മും ബിജെപിയും പ്രമേയത്തെ എതിർത്തു. സിപിഐഎമ്മിന്റെ വിയോജന കുറിപ്പിൽ സിപിഐ ഒപ്പുവച്ചില്ല. സിപിഐ കൗൺസിലർ കെ.വി. അനിതയാണ് വിയോജനകുറിപ്പിൽ ഒപ്പുവെക്കാതെ വിട്ടുനിന്നത്.
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് കൗൺസിലർ പിഎം ശ്രീ സംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫിന് 19ഉം ബിജെപിയ്ക്ക് ഒരു കൗൺസിലറുമാണ് ഇവിടെയുള്ളത്. ഇതിൽ സിപിഐയുടെ ഏക കൗൺസിലറാണ് അനിത. സിപിഐ- സിപിഐഎം പശ്നങ്ങൾ തദ്ദേശ തലത്തിലും അലയടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ കോർപറേഷനിലെ സംഭവം.
Kerala
കണ്ണൂർ: സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും സമീപിക്കുക എന്ന കടമ നിർവഹിക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് - വർഗീയ ഭീകരതയ്ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമയെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീർക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സർക്കാരിന്റെയും ഇഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്.'-ജയരാജൻ കുറിച്ചു.
"ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികൾക്ക് ചില വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടായേക്കാം. മുന്നണി സംവിധാനത്തിൽ ഓരോ കക്ഷിയുടെയും പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിൻ്റെ വികസനം ലക്ഷ്യമിട്ടും നാടിൻ്റെ പൊതുവായ താൽപര്യം മുന്നിൽ കണ്ടുമാണ്. അത്തരത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഒറ്റപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനും സംവിധാനമുണ്ട്.'-ജയരാജൻ കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ചർച്ചയിലൂടെയും മുന്നണി യോഗത്തിൽ പൊതുചർച്ചയിലൂടെയും പരിഹരിക്കാൻ കഴിയുന്നതേ ഉള്ളുവെന്നും അതിന് പകരം പരസ്യമായ വിവാദം സൃഷ്ടിക്കപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും സർക്കാറിനേയും ദുർബലപ്പെടുത്താനെ സഹായിക്കൂവെന്നും ജയരാജൻ കുറിച്ചു.
"രാജ്യം അഭിമുഖീകരിക്കന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാർടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്പോൾ ദുർബലപ്പെടുന്നത് ഈ കാഴ്ചപ്പാടാണ്'.-ജയരാജൻ ചൂണ്ടിക്കാട്ടി
"കഴിഞ്ഞ ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികൾ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകർന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഘട്ടങ്കിലും വലതു മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിച്ചു. അത്തരം പ്രചാരണങ്ങൾ അപ്പാടെ ജനങ്ങൾ തള്ളിക്കളഞ്ഞു. അങ്ങനെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്.'-ജയരാജൻ ഓർമിപ്പിച്ചു.
"ഈ ഘട്ടത്തിൽ കൂടുതൽ ഐക്യത്തോടെ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി വർധിത ശക്തിയോടെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നാണ് കേരള ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആ പ്രതീക്ഷയ്ക്കൊത്താണ് ഉയർന്ന ബോധത്തോടെ നാം പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കേണ്ടതും.'-ജയരാജൻ കൂട്ടിച്ചേർത്തു.
"മുന്നണിക്കകത്ത് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ഈ ഉയർന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതൽ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയും. എതിരാളികളുടെ മനക്കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും.'-ജയരാജൻ കുറിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് ഗോവിന്ദന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. ബുധനാഴ്ച തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ് സൂചന. ഇന്ന് രാവിലെയാണ് എംവി ഗോവിന്ദന് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ ഉറച്ചുനിൽക്കുകയാണ്. മന്ത്രിമാര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. ബുധനാഴ്ച രാവിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിപ്പ് സിപിഐ നേതൃത്വത്തിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍, ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും.
ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് നടത്താനിരുന്ന മന്ത്രിസഭ യോഗം വൈകീട്ട് 3.30ലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി സമവായത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍.
ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു.
Kerala
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല' എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇങ്ങനെ പറഞ്ഞത്.
പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വി.എസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയതല്ല. അതിനു പിന്നിൽ പുന്നപ്ര വയലാർ സമരം പോലെയുള്ള ത്യാഗങ്ങൾ ഉണ്ട്. ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ട്.
കേരളം രാജ്യത്തിനു അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുത്. നവോത്ഥാനം വഹിച്ച പങ്ക് പ്രധാനമാണ്. നവോഥാനത്തിനു പിന്തുടർച്ച ഉണ്ടായി. അതു മുന്നോട്ടു കൊണ്ടു പോയത് കമ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിനു അടിത്തറയിട്ടത് ഇംഎംഎസ് സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടന്നെത്താവുന്നതിലും ദൂരയായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്നു എത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉണ്ട് ഇപ്പോൾ. അത് നാടിനു വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
1957ലെ ഇഎംഎസ് സർക്കാർ പോലീസ് നയം അഴിച്ചു പണിതു നവീകരണം ആരംഭിച്ചു. കേരളത്തെ മാറ്റി മറിക്കാൻ ഇത്തരത്തിലുള്ള നടപടികൾ സഹായിച്ചു. അത്തരത്തിൽ ഒരു ഘട്ടത്തിൽ ആണ് എൽഡിഎഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ടു നയിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.