തൃശൂർ പൂരത്തെക്കുറിച്ചോ കൂർക്കഞ്ചേരി തൈപ്പുയത്തെക്കുറിച്ചോ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യാതൊരു പിടിയും ഉണ്ടാവില്ല.
എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിന് നടക്കാൻ പോകുന്ന കൂർക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിൽ ഈ പോർച്ചുഗീസ് രാജാവുണ്ടാകും. പൂക്കാവടികളുടെ അമരത്തിരുന്ന് ഫുട്ബോളിലെ ഈ രാജാവ് പൂയക്കാഴ്ചകളെല്ലാം രാപ്പകൽ കാണും.
തൃശൂരിന്റെ ആഘോഷക്കാഴ്ചകളിൽ ഒന്നായ കൂർക്കഞ്ചേരി പൂയത്തിന്റെ കാവടിയാട്ടത്തിന് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകും.
എന്നുവച്ചാൽ കൂർക്കഞ്ചേരി പൂയത്തിന് കാവടിയാട്ടത്തിൽ എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർ ദേശത്തിന്റെ ഇത്തവണത്തെ വിസ്മയ കാഴ്ച റൊണാൾഡോ കാവടി ആണ്.
നാലടി ഉയരമുള്ള ജീവൻ തുടിക്കുന്ന റൊണാൾഡോയുടെ പടുകൂറ്റൻ ശില്പം. 16 അടി ഉയരം വരുന്ന കാവടിക്കുമേൽ ഉണ്ടാകും. കൂർക്കഞ്ചേരി പൂയം മുഴുവൻ വീക്ഷിച്ച് റൊണാൾഡോ അങ്ങനെ തല ഉയർത്തി നിൽക്കും.
കളിക്കളത്തിൽ എതിരാളിയുടെ ഗോൾമുഖം കുലുക്കുമ്പോൾ നിൽക്കുന്ന അതേ ആവേശത്തോടെ... മികച്ച ഫിനിഷിംഗിലാണ് റൊണാൾഡോയുടെ രൂപം വാർത്തെടുത്തിരിക്കുന്നത്.
മാസങ്ങൾ നീണ്ട പണികൾക്കൊടുവിലാണ് ശില്പം പൂർത്തിയാകുന്നത്. ഫെബ്രുവരി ഒന്നിന് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിലേക്ക് കൂർക്കഞ്ചേരിയുടെ വിവിധ തട്ടകങ്ങളിൽ നിന്ന് കാവടികൾ എത്തുമ്പോൾ വടൂക്കരക്കാർക്കൊപ്പം റൊണാൾഡോയുടെ ആരാധകരും ചുവടുവെച്ചെത്തും.
കൂർക്കഞ്ചേരി പൂയത്തിന്റെ ചരിത്രത്തിൽ ഒരുപക്ഷേ ആരുംതന്നെ ഇത്തരം ഒരു കാവടി ഒരുക്കി ഇറക്കിയിട്ടുണ്ടാവില്ല എന്ന് വടൂക്കരക്കാർ തറപ്പിച്ചു പറയുന്നു. റൊണാൾഡോയുടെ ആരാധകരായ മൂവർ സംഘമാണ് സി ആർ സെവൻ എന്ന ഈ കാവടിയുടെ ഈ ആശയത്തിന്റെ ക്യാപ്റ്റന്മാർ.
പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് സാക്ഷാൽ റൊണാൾഡോ ജനിച്ചതെങ്കിൽ പൂയത്തിൽ എത്തുന്ന റൊണാൾഡോയുടെ ജനനം വടൂക്കരയിൽ തന്നെയായിരുന്നു. ആറടി രണ്ട് ഇഞ്ച് ആണ് യഥാർഥ റൊണാൾഡോയുടെ ഉയരമെങ്കിൽ നാലടിയിലേറെ ഉയരമുണ്ട് വടൂക്കരയുടെ സ്വന്തം റൊണാൾഡോക്ക്.
തൃശൂർ പൂരത്തിന് സ്പെഷ്യൽ കുടകൾ ഒരുക്കുന്ന രഹസ്യ സ്വഭാവത്തോടെയാണ് മുവർ സംഘമായ അഖിൽ മുരളീധരനും, ഇസ്മയിൽ ഇബ്രാഹിമും, ജെറി ജോർജും മുൻകൈയെടുത്ത് റൊണാൾഡോയെ ഒരുക്കിയത്.
റൊണാൾഡോയുടെ കടുത്ത ആരാധകരായ ഈ മൂവർ സംഘം ഇത്തരമൊരു ശില്പം നിർമിച്ച് കാവടി ഒരുക്കാനായി പല പ്രമുഖ ശില്പികളെയും ആർട്ടിസ്റ്റ്മാരെയും സമീപിച്ചപ്പോൾ വലിയ തുകയാണ് അവരെല്ലാം ഇതിനുവേണ്ട ചെലവായും പ്രതിഫലമായും എല്ലാം ആവശ്യപ്പെട്ടത്.
അതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ട് ഇവർ തന്നെ മുൻകൈയെടുത്ത് ഈ രംഗത്തെ പ്രൊഫഷണലുകളെയും അല്ലാത്തവരെയുമൊക്കെ ചേർത്തുനിർത്തി സി ആർ സെവൻ എന്ന പേരിലുള്ള റൊണാൾഡോ കാവടിയുടെ പണി തുടങ്ങി.
കളിക്കളത്തിൽ റൊണാൾഡോ കാണിക്കുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും വിജയതൃഷ്ണയും തങ്ങൾക്ക് പ്രചോദനമായെന്നും റൊണാൾഡോയുടെ ആ ആറ്റിറ്റ്യൂഡ് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങൾക്ക് തുണയായെന്നും ഇവർ പറയുന്നു.
ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്.എൻ. നഗർ ദേശത്തെ സകലരും ഈ കാവടി ഒരുക്കുന്നതിൽ തങ്ങളുടെതായ പങ്കുവഹിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ വരെ അവരാൽ കഴിയും വിധം ഈ കാവടി അണിയിച്ചൊരുക്കുന്നതിൽ പങ്കാളികളായി.
ഇതിലും ഏറെ കൗതുകമായ മറ്റൊരു കാര്യം റൊണാൾഡോ കാവടി എന്ന ആശയം അല്ലെങ്കിൽ സി ആർ സെവൻ എന്ന കാവടി റൊണാൾഡോയുടെ ആരാധകരുടെ ഐഡിയ ആയിരുന്നെങ്കിലും കാവടി പണിയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി നിന്നത് ലയണൽ മെസിയുടെയും നെയ്മറിന്റേയും കടുത്ത ആരാധകരായിരുന്നു.
അഖിൽ -ഇസ്മായിൽ- ജെറി എന്ന മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ റൊണാൾഡോ കാവടി യാഥാർത്ഥ്യമാക്കാൻ മെസിയും നെയ്മറും കളത്തിലിറങ്ങി എന്ന് വേണമെങ്കിൽ കാവ്യാത്മകമായി പറയാം. കാവടി നിർമാണ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഒരു സംഘം തന്നെ ഈ കാവടിയുടെ പിന്നിലുണ്ട്.
ഈ മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ഇവരുടെ സുഹൃത്തുക്കളും ഉറ്റവരും ഉടയോരും ഇതേക്കുറിച്ച് കേട്ടറിഞ്ഞവരും പറഞ്ഞറിഞ്ഞവരും പരിചയമുള്ളവരും ഇല്ലാത്തവരും എല്ലാം കട്ടക്ക് കട്ടയായി ഒപ്പം നിന്നപ്പോൾ പ്രതിസന്ധികളുടെ ചുവപ്പു കാർഡുകൾ ഇല്ലാതാവുകയും സി ആർ സെവൻ എന്ന കാവടി സ്വപ്നത്തിലേക്ക് എതിരാളിയുടെ ഗോൾ വല ലക്ഷ്യമാക്കി റൊണാൾഡോ പാഞ്ഞടുക്കും പോലെ എല്ലാവരും ഒത്തൊരുമിച്ച് മുന്നേറുകയും ചെയ്തു.
വരാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ മിക്കവാറും റൊണാൾഡോയുടെ അവസാനത്തെ ലോകകപ്പ് മത്സരം ആയിരിക്കുമെന്നും ആ ലോകകപ്പിന് ഇറങ്ങുന്ന റൊണാൾഡോയ്ക്ക് ഇന്ത്യയെന്ന മഹാരാജ്യത്തെ കേരളമെന്ന സംസ്ഥാനത്തെ തൃശൂർ എന്ന നഗരത്തിലെ കൂർക്കഞ്ചേരി എന്ന പ്രദേശത്തെ വടൂക്കരക്കാർ നൽകുന്ന ഒരു സമ്മാനം എന്നാണ് ഈ കാവടിയെ മൂവർ സംഘവും വടൂക്കരക്കാരും വിശേഷിപ്പിക്കുന്നത്.
കവടിയുടെ ഏറ്റവും മുകളിലുള്ള റൊണാൾഡോയുടെ ഐക്കോണിക് സെലിബ്രേഷൻ മൂഡിലും പോസിലുമുള്ള ശില്പത്തിന് പുറമേ ആറ് വ്യത്യസ്ത റൊണാൾഡോ ശില്പങ്ങൾ കൂടി ഈ കാവടിയിൽ ഉണ്ടാകും. ലക്ഷങ്ങൾ ചെലവിട്ടാണ് ഇവർ റൊണാൾഡോ കാവടി തയാക്കുന്നത്.

കൂർക്കഞ്ചേരി പൂയത്തിന്റെ തന്നെ ഇത്രയും ചിലവേറിയ ഒരു കാവടി വേറെ ഉണ്ടാവില്ല എന്ന് ഇവർ പറയുന്നു. ഏറ്റവും ആധുനിക സംവിധാനങ്ങളും ത്രീഡി പ്രിന്റിംഗ് മറ്റും പയോഗിച്ച് ഏറ്റവും ക്വാളിറ്റിയുള്ള പ്ലാസ്റ്റിക്കിലാണ് ശില്പങ്ങളെല്ലാം ചെയ്തിരിക്കുന്നത്. മറ്റ് മീഡിയങ്ങളിൽ ചെയ്താൽ ഭാരം കൂടുമെന്നതുകൊണ്ടുതന്നെ പരമാവധി വെയിറ്റ് കുറച്ചാണ് ശില്പങ്ങളെല്ലാം നിർമിച്ചിട്ടുള്ളത്.
ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്.എൻ. നഗർ ദേശത്തിന്റെ കാവടി ഷെഡിലാണ് കാവടി പണി പുരോഗമിക്കുന്നതെങ്കിലും ശില്പങ്ങൾ പലഭാഗത്തുനിന്നായാണ് ഈ കാവടിയിലേക്ക് എത്തുന്നത്.
കാവടി നിലത്തു വച്ചാൽ റൊണാൾഡോയുടെ ശില്പം ഇല്ലാതെ 12 അടിയുണ്ട് പൊക്കം . റൊണാൾഡോയുടെ നാലടി പൊക്കമുള്ള ശില്പം കൂടി കാവടിയുടെ മുകളിൽ ഉറപ്പിക്കുന്നതോടെ കാവടിയുടെ പൊക്കം 16 അടിയാകും. അഞ്ചടി ഉയരമുള്ള ഒരു കാവടിയാട്ടക്കാരൻ ഇതെടുത്ത് ഉയർത്തുന്നതോടെ കാവടിയുടെ ഉയരം 21 അടിയാകും.
ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്.എൻ. നഗർ ദേശം റൊണാൾഡോ കാവടി തയാറാക്കുന്നത് കേട്ടറിഞ്ഞ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഈ കാവടി വാടകയ്ക്ക് ആവശ്യപ്പെട്ടുകൊണ്ട് ഉത്സവാഘോഷ സംഘങ്ങളും ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടകരും ഫുട്ബോൾ ആരാധകരും വടൂക്കരയ്ക്ക് എത്തുന്നുണ്ട്.ഫുട്ബോളിന്റെ ഈ പോർച്ചുഗൽ രാജാവിന്റെ കാവടി എഴുന്നള്ളത്തിന് രാജകീയമായ വരവേൽപ്പ് നൽകാനാണ് വടൂക്കരക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 1 ഞായറാഴ്ചയാണ് കൂർക്കഞ്ചേരി പൂയം. പകൽക്കാവടിക്കും, രാത്രി കാവടിക്കും സി ആർ സെവൻ കാവടി അവിടെ ഉണ്ടാകും. രാത്രിയിൽ എൽഇഡി ലൈറ്റിന്റെ മനംമയക്കുന്ന പ്രഭയിൽ സി ആർ സെവൻ കാവടിക്ക് മുകളിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന റൊണാൾഡോ എന്ന പോർച്ചുഗൽ രാജാവിന്റെ ലുക്ക് വേറെ ലെവലായിരിക്കും.
റൊണാൾഡോയുടെ ജീവൻ തുടിക്കുന്ന ശിൽപ്പത്തിന്റെ കഥ കേട്ട് കേരളത്തിലെ റൊണാൾഡോ ആരാധകർ അവർ ഇന്നേവരെ കണ്ടിട്ടില്ലാത്ത കൂർക്കഞ്ചേരി പൂയം കാണാൻ ഇത്തവണ എത്തും.
പൂയത്തിന് ധാരാളം വിദേശികൾ എത്താറുണ്ട്. അവരെടുക്കുന്ന ഫോട്ടോകളും വീഡിയോകളും റൊണാൾഡോയുടെ ശ്രദ്ധയിൽപ്പെടുമെന്നും ആ ഒരു നിമിഷമാണ് തങ്ങൾ കാത്തിരിക്കുന്നത് എന്നും മൂവർ സംഘം മനസുതുറക്കുന്നു.
നമ്മുടെ സി ആർ സെവൻ കാവടി റൊണാൾഡോ കാണണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഇതേക്കുറിച്ച് റൊണാൾഡോ അറിയണമെന്ന് ഇവർ മോഹിക്കുന്നു.
അപ്പോൾ ആരാധകരെ ശാന്തരാകുവിൻ... നിങ്ങളുടെ പ്രിയപ്പെട്ട താരം സി ആർ സെവൻ തൃശൂർ കൂർക്കഞ്ചേരി പൂയത്തിന് എത്താൻ പോവുകയാണ്... ആവേശത്തോടെ കൗണ്ട് ഡൗൺ തുടങ്ങിക്കോളൂ..
Tags : Koorkenchery Pooyam Cristiano Ronaldo CR7 Todays Story