x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് ചേ​ട്ട​ന്‍റെ ഒ​റ്റ​യാ​ള്‍പോ​രാ​ട്ടം തു​ര​ങ്ക​മാ​യി

പീറ്റർ ഏഴിമല
Published: January 10, 2026 05:33 PM IST | Updated: January 10, 2026 05:33 PM IST

കോ​ട്ട​യം രാ​മ​പു​ര​ത്ത് ജ​നി​ച്ച് കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം 1970ക​ളി​ല്‍ പു​ളി​ങ്ങോ​ത്തെ​ത്തു​ക​യും പി​ന്നീ​ട് മാ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള പെ​രു​വാ​മ്പ​യി​ലേ​ക്ക് താ​മ​സം മു​റ്റു​ക​യും ചെ​യ്ത ചെ​രി​യ​മ്പ​റ​ത്ത് തോ​മ​സ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ ഇ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് അ​ദ്ഭു​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വീ​ടി​നു സ​മീ​പ​ത്ത് ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ലൂ​ടെ നൂ​റ്റി​യി​രു​പ​ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍​മിച്ച​താ​ണ് തോ​മ​സ് ചേ​ട്ട​നെ അ​ദ്ഭുത​മാ​യി മാറ്റി​യ​ത്.

25 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍മി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത്. പി​ന്നീ​ട​ത് അന്പ​താ​യി. ആ​വേ​ശം ല​ക്ഷ്യ​ത്തെ മ​റി​ക​ട​ന്ന​പ്പോ​ള്‍ തു​ര​ങ്ക​ത്തി​ന്‍റെ നീ​ളം 75 ആ​യി. ഇ​പ്പോ​ഴ​ത് നൂ​റ്റി​യി​രു​പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​യി മാ​റി.

ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നൂ​റ്റി​യ​ന്പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​ക്കി മാ​റ്റി ഈ ​ദൗ​ത്യം നി​ര്‍​ത്ത​ണ​മെ​ന്ന​താ​ണ് തോ​മ​സ് ചേ​ട്ടന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം. അ​തി​ന​പ്പു​റ​ത്തേ​ക്ക് നീ​ണ്ടു​പോ​യാ​ല്‍ വാ​യു കി​ട്ടാ​താ​കു​മോ​യെ​ന്ന സ​ന്ദേ​ഹ​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തു​ര​ക്ക​ലും കി​ള​ക്ക​ലും മ​ണ്ണ് പു​റ​ത്തേ​ക്ക് മാ​റ്റ​ലും എ​ല്ലാം തോ​മ​സ് ചേ​ട്ട​ന്‍ ഒ​റ്റ​ക്കാ​ണ് ചെ​യ്യു​ന്ന​ത്.

 

K-Rail Survey

അ​ഞ്ചുവ​ര്‍​ഷം കൊ​ണ്ട് തു​ര​ന്ന​ത് 120 മീ​റ്റ​ര്‍

അ​ഞ്ച് വ​ര്‍​ഷ​മാ​യി തോ​മ​സ് ചേ​ട്ട​ന്‍ ഇ​തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ അ​ധ്വാ​നി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. അ​തി​നി​ട​യി​ല്‍ ഹൃ​ദ്രോ​ഗ ബാ​ധി​ത​നാ​യി ആ​ന്‍​ഞ്ചി​യോ പ്ലാ​സ്റ്റി ചെ​യ്തി​രു​ന്നു. കൂ​ടു​ത​ല്‍ ക​ഠി​നാ​ധ്വാ​ന​മു​ള്ള ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​ത് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​ക്കി​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മീ​ക​ര​ണ​ത്തി​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍, ഇ​തൊ​ന്നും വ​ക​വയ്​ക്കാ​തെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ര​ങ്ക നി​ര്‍​മാണം. ഭാ​ര്യ​യും മ​ക്ക​ളും വി​ല​ക്കി​യി​ട്ടും അ​തി​ന് വ​ഴ​ങ്ങാ​തെ​യാ​ണ് നി​ശ്ച​യ​ദാ​ര്‍​ഢ്യത്തോ​ടെ ഇ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള മ​രു​ന്നു​ക​ള്‍ തെ​റ്റാ​തെ ക​ഴി​ക്കു​മ്പോ​ഴും ഇ​ഷ്ട​ഭ​ക്ഷ​ണം ബി​രി​യാ​ണി​യും പൊ​റോ​ട്ട​യു​മാ​ണ്!

ഇ​ത്ത​രം ഭ​ക്ഷ​ണ​വും ക​ഠി​നാ​ധ്വാ​ന​വും ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യി​ട്ടി​ല്ലെ​ന്നാ​ണ് തോ​മ​സ് ചേ​ട്ട​ന്‍ പ​റ​യു​ന്ന​ത്. തു​ര​ങ്ക നി​ര്‍​മാണം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് ആ​കെ​യു​ള്ള പ്ര​ചോ​ദ​നം. ഓ​ട്ടോ​റി​ക്ഷ​യ്ക്കു സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യി​ലും എ​ട്ട​ടി​യോ​ളം ഉ​യ​ര​ത്തി​ലു​മാ​ണ് ചെ​ങ്ക​ല്ലി​ല്‍ കൊത്തി​ക്കു​ഴി​ച്ചു​ണ്ടാ​ക്കി​യ തു​ര​ങ്ക​മു​ള്ള​ത്.

സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​രു​ട്ട​ക​റ്റാ​നാ​യി ലൈ​റ്റു​ക​ളും പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റും തേ​പ്പ് പ​ണി​ക​ളു​മൊ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ​പ്പ​ണി​ക​ളും സ്വ​ന്ത​മാ​യി ചെ​യ്ത് വീ​ട് നി​ര്‍​മിച്ച അ​നു​ഭ​വ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം തു​ര​ങ്കം നി​ര്‍​മിക്കു​ന്ന​ത്.

16-ാം വ​യ​സു​മു​ത​ല്‍ ടാ​പ്പിംഗ് ജോ​ലി​യി​ലൂ​ടെ അ​ധ്വാ​ന മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന തോ​മ​സ് ചേ​ട്ട​ന്‍ തോ​ട്ട​ത്തി​ലെ പ​ണി​ക​ള്‍​ക്കു പു​റ​മേ​യാ​ണ് തു​ര​ങ്ക നി​ര്‍​മാ​ണ​വും ന​ട​ത്തു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ നീ​ളു​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്വാ​ന​സ​മ​യം.

അ​സു​ഖം വ​ന്ന​തി​നുശേ​ഷം ജോ​ലി സ​മ​യം പ​ത്തും പ​തി​നൊ​ന്നും മ​ണി​ക്കൂ​റാ​യി കു​റയ്​ക്കേ​ണ്ടി വ​ന്നു. പി​ക്കാ​സു​കൊ​ണ്ടാ​ണ് ചെ​ങ്ക​ല്ലി​ല്‍ ചെ​ത്തി മി​നു​ക്കി​യും കി​ള​ച്ചും തു​ര​ങ്കം നി​ര്‍​മിക്കു​ന്ന​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ അ​ഞ്ച് പി​ക്കാ​സു​ക​ള്‍ തേ​ഞ്ഞു​തീ​ര്‍​ന്നു.

പി​ന്നീ​ട് വാ​ങ്ങി​യ നാ​ലെ​ണ്ണം തേ​ഞ്ഞ് തീ​രാ​റു​മാ​യി. ര​ണ്ടേ​കാ​ല്‍ ല​ക്ഷ​ത്തോ​ള​മാ​ണ് പ​ണി​യു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി ചെ​ല​വാ​യ​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ നി​ര്‍​വ​ച​ന രേ​ഖ​യി​ലൊ​തു​ങ്ങി​ക്കൂ​ടാ​ന്‍ തയാറ​ല്ലാ​ത്ത തോ​മ​സ് ചേ​ട്ട​ന്‍ തു​ര​ങ്ക​ത്തിന്‍റെ നീ​ളം നൂ​റ്റ​ന്പ​ത് മീ​റ്റ​റി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ഠി​നാ​ധ്വാ​നം തു​ട​രു​ക​യാ​ണ്.

 

K-Rail Survey

താ​‌‌യ്‌ലൻഡിൽ‍ ക​ണ്ട​ത് വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​ക്കി

ഭാ​ര്യ സാ​ലി​യും മ​ക്ക​ളാ​യ ജി​സ്മോ​ന്‍, വി​മ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ അ​ധ്വാ​ന​ശീ​ല​രാ​യ ക​ര്‍​ഷ​ക കു​ടും​ബ​മാ​ണ് തോ​മ​സ് ചേ​ട്ട​ന്‍റേ​ത്. മ​ക്ക​ളെ ന​ന്നാ​യി പ​ഠി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ത്ത​മ​ക​ന്‍ ജി​സ്മോ​ന്‍ സി​ങ്ക​പ്പൂ​രി​ലെ ബാ​ങ്കി​ല്‍ സോ​ഫ്റ്റ്‌വെയർ എ​ൻജിനി​യ​റാ​യി.

ര​ണ്ടാ​മ​ത്തെ മ​ക​ന്‍ വി​മ​ലി​ന് ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് അ​യ​ര്‍​ല​ൻഡില്‍ ജോ​ലി ല​ഭി​ച്ച​ത്. മൂ​ത്ത​മ​ക​ന്‍ മാ​താ​പി​താ​ക്ക​ളെ സി​ങ്ക​പ്പൂ​രി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​യി​രു​ന്നു. അ​വി​ടെ​നി​ന്നു ടൂ​ര്‍ പാ​ക്കേ​ജി​ല്‍ താ​‌‌യ്‌ലന്‍റി​ല്‍ കാ​ണാ​ന്‍ പോ​യി. അ​വി​ടത്തെ ബോ​ട്ടു​യാ​ത്ര​യി​ലാ​ണ് താ​‌‌യ്‌ലന്‍റ് ക​ട​ലി​ലെ തു​ര​ങ്കം കാ​ണാ​നാ​യ​ത്. എ​ന്തു​കൊ​ണ്ട് വീ​ട്ടു​വ​ള​പ്പി​ല്‍ ഒ​രു തു​ര​ങ്കം നി​ര്‍​മിച്ചു​കൂ​ടാ​യെ​ന്ന ചോ​ദ്യ​മാ​ണ് പി​ന്നീ​ട് മ​ന​സി​ല്‍ കി​ട​ന്നു പു​ക​ഞ്ഞുകൊ​ണ്ടി​രു​ന്ന​ത്.

അ​ങ്ങ​നെ​യാ​ണ് നി​ശ്ച​യ​ദാ​ര്‍​ഢ്യത്തോ​ടെ അ​ഞ്ചുവ​ര്‍​ഷം മു​മ്പ് ചെ​ങ്ക​ല്‍ പാ​റ കു​ത്തി​ക്കു​ഴി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പേ​ര​മ​ക്ക​ള്‍ എ​ത്തു​മ്പോ​ള്‍ അ​ധി​ക​സ​മ​യ​വും ഇ​തി​ന​ക​ത്താ​ണ് ക​ളി​ക്കു​ന്ന​ത്. കൂ​ടാ​തെ ധാ​രാ​ള​മാ​ളു​ക​ള്‍ തു​ര​ങ്കം കാ​ണാ​നു​മെ​ത്തു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പൂ​ട്ടി​യി​ടാ​ന്‍ പ​റ്റു​ന്ന​വി​ധ​ത്തി​ല്‍ ഗ്രി​ല്ലു​കൊ​ണ്ടു​ള്ള ഗേ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​ക​ത്തെ കു​ളി​ര്‍​മ ആ​സ്വ​ദി​ച്ച് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളു​മു​ണ്ട്. തു​ര​ങ്ക നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ഇ​തൊ​രു​പ​ക്ഷേ ചെ​റി​യ വ​രു​മാ​ന മാ​ര്‍​ഗ​മാ​യി മാ​റി​യേ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​ഞ്ചു​വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം മ​നോ​ഹ​ര​മാ​യ തു​ര​ങ്ക​മാ​യി മാ​റ്റിയ തോ​മ​സ് ചേ​ട്ട​ന്‍ ഇ​ന്ന് പ​ല​ര്‍​ക്കും അ​ദ്ഭുത​ത്തി​നു പു​റ​മെ ആ​രാ​ധ​നാപാ​ത്ര​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Thomas Chettan Todays Story

Recent News

Up