സംസ്ഥാനമാകെ കാത്തിരിക്കുന്ന വയനാട് ചുരം തുരങ്കപാതയ്ക്കായി ഓസ്ട്രേലയന് സാങ്കേതിക വിദ്യ. കട്ട് ആൻഡ് കവർ രീതിയിലാകും നിർമാണം. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ.
പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്റ്റ് ഡ്രില്ലിംഗാകും. കാഠിന്യം കൂടിയതാണെങ്കിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാകും തുരക്കൽ.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അതിവേഗത്തിൽ. ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങളെത്തിച്ചു.
തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണവും ഡംപിംഗ് യാർഡുകളുടെയും ക്രഷറുകളുടെയും പ്രവൃത്തിയും പുരോഗമിക്കുകയാണ് . കള്ളാടിയിൽനിന്ന് മലയടിവാരംവരെ റോഡ് വെട്ടികയറുകയാണ്.
നിരവധി തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. പവർസ്റ്റേഷനുള്ള ഉപകരണങ്ങളും എത്തിച്ചു.
റോക്ക് ഡ്രിൽ ബൂമറുകൾ എത്തി
ആനക്കാംപൊയിൽ ഭാഗത്ത് ഇരവഴിഞ്ഞിപ്പുഴയിൽ താൽകാലിക പാലം നിർമിച്ച് മെഷിനറികൾ എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ പൂർണമായി എത്തിക്കഴിഞ്ഞാൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിക്കും.
ഇതോടൊപ്പം ഇരവഞ്ഞിപുഴയിൽ പാലം നിർമാണവും അപ്രോച്ച് റോഡ് പ്രവൃത്തിയും തുടങ്ങും. തുരങ്കപാത നിർമാണ കന്പനിയായ ദിലീപ് ബിൽഡ്കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് രണ്ട് റോക്ക് ഡ്രിൽ ബൂമർ വയനാട്ടിൽ എത്തിച്ചത്.
വലിയ ട്രക്കിൽ പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്ഫോമിലാണ് കൊണ്ടുവന്നത്. കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിൽനിന്നിറക്കി ബൂമറുകൾ കള്ളാടിയിലേക്ക് എത്തിക്കും.
ബൂമർ പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം ലഭിച്ച രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളും എത്തിയിട്ടുണ്ട്. ആനക്കാംപൊയിൽ ഭാഗത്തേക്കുള്ള ബൂമറും അടുത്തദിവസം കൊണ്ടുവരും. കൃത്യമായ അളവിലും ആഴത്തിലും റോക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് തുരങ്കം നിർമിക്കാനാകും.

നാടിന്റെ പ്രതീക്ഷ
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വികസനക്കുതിപ്പിനാകും നാഴികക്കല്ലാകുക. ഏതു കാലാവസ്ഥയിലും സുഗമമായ സഞ്ചാരമാർഗമെന്നതാണ് പാതയുടെ സവിശേഷത. താമരശേരി ചുരത്തിന്റെ ബദലായാണ് നാലുവരി തുരങ്കപാത.
ചുരത്തിലെ സങ്കീർണമായ ഗതാഗതപ്രശ്നത്തിന് വലിയ അളവിൽ ആശ്വാസമാകുന്നതാണ് തുരങ്കപാത. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-രൽമല റോഡുമായാണ് (എസ്എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്.
തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കുകുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്ഷൻ കമ്പനിക്കുമാണ്.
Tags : Todays Story