കേരളം ക്ലീനാക്കുന്ന വനിതാ ഹരിതകര്‍മ സേനയുടെ അംഗബലം 36,000 പിന്നിടുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 86 ലക്ഷം പാര്‍പ്പിടങ്ങളിലും 2.57 ലക്ഷം സ്ഥാപനങ്ങളിലുംനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചീകരണ സേനയാണ് ഇവിടത്തെ ഹരിതകര്‍മസേന.
കുടുംബശ്രീ മിഷനു കീഴില്‍ 2017ല്‍ ആരംഭിച്ച ഹരിതകര്‍മസേന ഇപ്പോള്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ മറ്റൊരു മുന്നേറ്റംകൂടി കുറിച്ചിരിക്കുന്നു. ഇക്കൊല്ലം അര ലക്ഷം ടണ്‍ ഇ വേസ്റ്റ് സേന സംഭരിച്ചുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ വില നല്‍കിയാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യ സംഭരണം. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളാണ് സേന വില നല്കി ശേഖരിക്കുന്നത്. ഇ- മാലിന്യത്തിന് വിലയായി മൂന്നര ലക്ഷം രൂപയാണ് ഇതുവരെ ഉടമസ്ഥര്‍ക്കു നല്‍കിയത്.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, തേപ്പുപെട്ടി, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേന ഏറ്റെടുക്കും.
പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും വില നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീന്- 16 രൂപ , ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള വില നിരക്ക്.

മാലിന്യശേഖരണത്തിലൂടെ ഹരിതകര്‍മ സേനയിലെ ഓരോ അംഗത്തിനും 10,000 രൂപ മുതല്‍ 25,000 രൂപ വരെ എല്ലാ മാസവും കണ്ടെത്താനും സാധിക്കുന്നു.
വീടുകളില്‍നിന്നു ലഭിക്കുന്ന തുകയാണ് ഇവരുടെ വരുമാനം . കൂടാതെ പ്ലാസ്റ്റിക് വിറ്റു കിട്ടുന്ന തുകയും അവര്‍ക്കുള്ളതാണ്. പഞ്ചായത്ത് പരിധിയില്‍ 50 രൂപയും നഗരസഭയില്‍ 70 രൂപയുമാണ് നിരക്ക്. സ്ഥാപനങ്ങള്‍ 100 രൂപ നല്‍കണം.
കഴിഞ്ഞ വര്‍ഷം സേന കൈമാറിയത് 50,190 ടണ്‍ അജൈവ മാലിന്യമാണ്. 4,438 യൂണിറ്റുകളില്‍ അംഗങ്ങളായ 35,214 വനിതകളുടെ നേതൃത്വത്തിലായിരുന്നു ഇത്. മാലിന്യ ശേഖരണം വഴി ലഭിക്കുന്ന യൂസര്‍ഫീ ഇനത്തിലും പോയ വര്‍ഷം വര്‍ധനയുണ്ടായി.
341 കോടി രൂപയാണ് ഈ ഇനത്തില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്. തരംതിരിച്ച മാലിന്യം ക്ലീന്‍കേരള കമ്പനിക്കു കൈമാറിയതുവഴി 7.8 കോടി രൂപയും നേടാനായി. ഇക്കൊല്ലം പുതുതായി 1,412 പേര്‍കൂടി ഹരിതകര്‍മസേനയില്‍ അംഗങ്ങളായി.
അജൈവമാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തി പ്രകൃതിസൗഹൃദ സംരംഭ രൂപവത്കരണവും കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്നു. 223 തുണിസഞ്ചി നിര്‍മാണ യൂണിറ്റുകളും 540 പേപ്പര്‍ ബാഗ് യൂണിറ്റുകളും ഈ രംഗത്തുണ്ട്.
മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുസ്ഥിര വരുമാനമാര്‍ഗം ഒരുക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് കൊച്ചിയിലെ ഹരിയാലി. സംഭരിക്കുന്ന മാലിന്യത്തില്‍നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ഇവര്‍ വിറ്റഴിക്കുന്നു.
പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് പ്രസംഗപീഠം, പൊട്ടിയ ടൈല്‍ കൊണ്ടു ചെടിച്ചട്ടി, പഴയ തുണികളില്‍നിന്ന് ചവിട്ടി, തുണി ബാഗുകള്‍, വലിയ ടെലിവിഷന്‍ സ്ക്രീനും ടയറുകളും കൊണ്ട് മേശ, ടയര്‍ കൊണ്ട് ഇരിപ്പിടങ്ങള്‍ തുടങ്ങി പുനരുപയോഗത്തിന്റെ സാധ്യതകളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്തെ 80 ശതമാനം വീടുകളിലും നിന്ന് ഹരിതകര്‍മസേന മാലിന്യം ശേഖരിക്കുന്നുണ്ട്. ജൈവ, അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ചാണ് ശേഖരണം. പഞ്ചായത്തുകളില്‍ മാസത്തില്‍ ഒരു തവണയും മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളില്‍ രണ്ടു തവണയുമാണ് മാലിന്യം ശേഖരിക്കുന്നത്.
അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഓരോ പഞ്ചായത്തിലും എംസിഎഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ഉണ്ട്. കൂടാതെ, വാര്‍ഡ് അടിസ്ഥാനത്തില്‍ മിനി എംസിഎഫുകളും ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ ആര്‍ആര്‍എഫും (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) ഉണ്ട്.
എംസിഎഫില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി വിലകൊടുത്തു വാങ്ങി മറ്റു സംസ്ഥാനങ്ങള്‍ക്കോ റീസൈക്ലിംഗ് ഏജന്‍സികള്‍ക്കോ കൈമാറുന്നു. റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത മാലിന്യങ്ങള്‍ സിമന്റ് ഫാക്ടറിയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
Tags : Todays Story Haritha Karmasena