കുട്ടനാടിന്റെ തനതുവിഭവങ്ങളിൽ പലതും ലോകപ്രശസ്തമാണ്. അതു കാണാനും ആസ്വദിക്കാനും വേണ്ടി മൈലുകൾ താണ്ടി കടൽ കടന്നെത്തുന്ന നിരവധി വിദേശികളുണ്ട്. കുട്ടനാടൻ താറാവും കരിമീനും എന്നു കേട്ടാൽ നാവിൽ വെള്ളമൂറാത്തവരായി ആരുമില്ല.
തനതു കുട്ടനാടൻ താറാവിന്റെ രുചിയും ഗുണവും അത്രയേറെ പ്രസിദ്ധവും അന്യരാജ്യങ്ങളിൽവരെ കീർത്തി കേട്ടതുമാണ്. കുട്ടനാടൻ താറാവിനങ്ങളായ ചാരയും ചെന്പല്ലിയും ഓളപ്പരപ്പിൽ താളത്തിൽ നീന്തി നടക്കുന്നതുപോലും നയനാനന്ദകരമാണ്.
കഴിഞ്ഞ 28 വർഷമായി കുട്ടനാടൻ താറാവിന്റെ മൊത്ത ഉത്പാദകനായി പേരെടുത്ത് ആളാണ് ചെന്നിത്തല തൃപ്പെരുന്തുറ മൂന്നുതെങ്ങിൽ ഷോബി ഫിലിപ്പ് എന്ന അന്പത്തിയൊന്പതുകാരൻ. ഇഷ്ടിക ചൂളയിൽനിന്ന് ഒരു ചുവടുമാറി താറാവ് കൃഷിയിലേക്കും ഹാച്ചറിയിലേക്കും എത്തിയയാളാണ് ഇദ്ദേഹം.
ഇന്നു രണ്ടു ലക്ഷം താറാവിൻ കുഞ്ഞുങ്ങളെവരെ വിരിയിച്ചിറക്കാൻ സൗകര്യമുള്ള ഹാച്ചറിയുടെ ഉടമയാണ്. തിരുവല്ല മാവേലിക്കര റൂട്ടിലൂടെ യാത്ര ചെയ്ത് ചെന്നിത്തല എത്തി അവിടുന്ന് ഹരിപ്പാട് റൂട്ടിൽ യാത്ര ചെയ്യുന്പോഴാണ് വിസ്താരമേറിയ ചെന്നിത്തല പുഞ്ച.
ഇതിന്റെ മൂന്നാം ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള തോട്ടിറന്പിൽ മൂന്നുതെങ്ങിൽ എന്ന തന്റെ വീടിനോടു ചേർന്നാണ് വിശാലമായ ഹാച്ചറി ഒരുക്കിയിരിക്കുന്നത്.
വിരിയിക്കുന്നത് രണ്ടുലക്ഷം മുട്ട
1997 ൽ മൂന്നു സെക്ടറുകളിലായി 62,000 മുട്ടകൾവരെ വിരിയിച്ചെടുക്കാൻ സൗകര്യമുളള ഇടത്തരം ഹാച്ചറിയായി തുടങ്ങിയതാണ് ഇപ്പോൾ 12 സെക്ടറുകളിലായി 2 ലക്ഷം മുട്ട വരെ വിരിയിക്കാൻ സൗകര്യമുള്ളതായി മാറ്റിയെടുത്തത്.
പുഞ്ചപ്പാടത്തെ കൃഷിപോലെതന്നെ വ്യത്യസ്തമാണ് പുഞ്ചപ്പാടത്ത് ജീവിക്കുന്ന കുട്ടനാടൻ താറാവും. സമയം നോക്കി വിത്തു വിതക്കും എന്ന പോലെയാണ് താറാംമുട്ട വിരിയിച്ച് കുഞ്ഞിനെ ഇറക്കുന്നത്.
സാധാരണയായി ചിങ്ങക്കുഞ്ഞ്, വൃശ്ചികക്കുഞ്ഞ്, കുംഭക്കുഞ്ഞ് എന്നിങ്ങനെ മൂന്ന് തവണയാണ് കുഞ്ഞുങ്ങളെ വിരിയിക്കുക. മലയാളമാസങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വിരിയിക്കലും.
താറാവു കർഷകരുടെ താറാവ് വളർത്തി വേർതിരിച്ച് മാറ്റുന്നതിനുള്ള മൂന്ന് മാസ കാലാവധി കൂടി കണക്കാക്കിയാണ് മുട്ടവിരിയിക്കൽ. മഴക്കാലത്തു കുഞ്ഞുങ്ങളെ വിരിയിക്കാറില്ല. അതാണ് കുംഭം കഴിഞ്ഞാൽ വീണ്ടും ചിങ്ങംവരെ കാത്തിരിക്കുന്നത്.
കുട്ടനാട്ടിൽനിന്നു തമിഴ്നാട്ടിൽ കൊണ്ടുപോയി വളർത്തുന്ന ചെന്പനും ചാരയും ഇനങ്ങളുടെ മുട്ടയാണ് പ്രധാനമായും ഹാച്ചറിയിലേക്ക് ഉപയോഗിക്കുന്നത്. നനവു പറ്റാത്ത മുട്ടയാണ് വിരിയിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നനവു പറ്റാത്ത മുട്ട ലഭ്യമല്ല എന്നതുകൊണ്ടാണ് മുട്ടയ്ക്കു തമിഴ്നാട്ടിലെ കുട്ടനാടൻ പൈതൃകമുള്ള ചെന്പനെയും ചാരയെയും ആശ്രയിക്കേണ്ടിവരുന്നത്. ഇതുമൂലം ഒരു മുട്ടയ്ക്കു ശരാശരി 11 രൂപ വില നല്കിയാണ് ഹാച്ചറിയിലേക്കു കൊണ്ടുവരുന്നത്.
കുട്ടനാടൻ താറാവ് കർഷകരാണ് പ്രധാനമായും ഷോബിയുടെ ഹാച്ചറിയിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങുന്നത്. രണ്ടുലക്ഷം കുഞ്ഞുങ്ങളെവരെ വിരിയിക്കാൻ സൗകര്യം ഉണ്ടെങ്കിലും മുട്ടയിൽ പകുതിയും വിരിയാറില്ല എന്നതുകൊണ്ട് ഒരിക്കൽപോലും എല്ലാ സെക്ടറുകളും പൂർണമായും ഉപയോഗിക്കാറില്ല.
2014ന് മുൻപ് ധാരാളം താറാവുകർഷകർ കുട്ടനാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ആ വർഷത്തെ പക്ഷിപ്പനിയോടു കൂടി പലരും താറാവുകൃഷിയിൽനിന്നു പിൻമാറുകയുണ്ടായി. കുട്ടനാടൻ താറാവ് കർഷകരിൽ പലരും 5000 മുതൽ 10,000 വരെ താറാവുകുഞ്ഞുങ്ങളെയാണ് ഒരേസമയം ആവശ്യപ്പെടുന്നത്.
25,000 താറാവിൻ കുഞ്ഞുങ്ങളെവരെ ഒന്നിച്ചു വിരിയിച്ചുനല്കിയ അവസരങ്ങളുമുണ്ട്. 9798 കാലഘട്ടത്തിൽ ഹാച്ചറി ആരംഭിച്ച കാലഘട്ടം മുതലുള്ള താറാവുകർഷകർ ഷോബിയെ വിട്ടുപിരിയാതെ ഇന്നും ആവശ്യക്കാരായുണ്ട്.
എന്നാൽ, പല കർഷകരും പക്ഷിപ്പനിയുടേയും കോവിഡിന്േറയും കാലത്ത് ഈ തൊഴിൽ അവസാനിപ്പിച്ച് മറ്റു ജോലികളിലേയ്ക്ക് മാറിയിട്ടുണ്ട്. ഹാച്ചറിയിൽ മുട്ടവിരിയിക്കുന്നതിൽ സാധാരണ കാലങ്ങളിലെ നഷ്ടസാധ്യത 50% ആണ്.
അതായത് 25,000 കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കണമെങ്കിൽ 50,000 മുട്ടകളെങ്കിലും ആവശ്യം വരും. സാധാരണ അടവച്ച് കുഞ്ഞുങ്ങളെ ഇറക്കുന്നതു പോലെ തന്നെ 28 ദിവസങ്ങൾ കൊണ്ടാണ് ഇവിടേയും മുട്ടവിരിയിക്കുന്നത്.
പകുതിയോളം മുട്ടകൾ വിരിയാതെ കേടായി പോകാറുണ്ട്. നഷ്ടസാധ്യത കണക്കിലെടുത്താണ് ഡിമാൻഡ് അനുസരിച്ച് മുട്ടകൾ ഹാച്ചറിയിലേക്ക് എടുക്കുന്നത്.

തിരിച്ചടികളിലും തളരാതെ
2014 മുതൽ പല വർഷങ്ങളിലും ലക്ഷക്കണക്കിന് മുട്ടകൾ ആണ് പക്ഷിപ്പനിയുടെ പേരിൽ നശിപ്പിച്ചു കളയേണ്ടിവന്നത്. അങ്ങനെ നശിപ്പിച്ചപ്പോഴെല്ലാം നഷ്ടം പതിൻമടങ്ങായിരുന്നു. പതിനൊന്നു രൂപ പ്രകാരം വാങ്ങുന്ന മുട്ടക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വെറും അഞ്ചു രൂപ മാത്രം. അതും പകുതിക്ക് മാത്രമേ ലഭിക്കു.
ഉദാഹരണമായി ഒരു ലക്ഷം മുട്ട നശിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടാൽ അൻപതിനായിരം മുട്ടയ്ക്ക് മാത്രമേ അഞ്ചു രൂപ പ്രകാരമുളള നഷ്ടപരിഹാരം ലഭിക്കു. അതായത് 11 ലക്ഷം രൂപയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് കേവലം 2.5 ലക്ഷം രൂപ മാത്രം.
2014, 2016, 2017, 2019 തുടങ്ങിയ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായത്. കൂടാതെ പക്ഷിപ്പനിയുടെ പേരിൽ ഓരോ കാലത്തും ഓരോ വർഷത്തോളം വീതം ഹാച്ചറി അടച്ചിടേണ്ടിയും വന്നു.
തന്റെ വീടിനോടു ചേർന്നുള്ള വിസ്താരമേറിയ പുരയിടത്തിൽ വിവിധ തരം പക്ഷികളെ വളർത്തുന്ന ഷോബി ഒരു മികച്ച താറാവുകർഷകൻ കൂടിയാണ്. സാധാരണയായി ഓരോ സീസണിലും അയ്യായിരത്തിലധികം താറാവുകളെ ഇദ്ദേഹം വളർത്തിയിരുന്നു.
അടുത്ത കാലത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 600ൽ അധികം താറാവുകളാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. നാലു തൊഴിലാളികൾ താറാവ് വളർത്തലിനും രണ്ട് പേർ ഹാച്ചറിയിലെ സഹായികളായും എന്നും എപ്പോഴും നിഴലായി കൂടെയുള്ളതാണ് ഹാച്ചറിയുടേയും താറാവ് വളർത്തലിനും പിന്നിലുള്ള രഹസ്യം.
ഇതൊരു പോരാട്ടമാണ്. കുട്ടനാടിന്റെ തനത് ഇനങ്ങൾ അതുപോലെ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹവും താറാവ് വളർത്തലിനോടുള്ള അഭിനിവേശവും ഒന്നിച്ച് ചേർന്നിരിക്കുന്ന ഷോബിക്ക് ഇടക്കാലങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിത നഷ്ടങ്ങൾ കണ്ട് പിൻതിരിയാൻ തോന്നിയിട്ടില്ല.
കാരണം ഇതൊരു പോരാട്ടമായാണ് ഷോബി കാണുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും കുറച്ചുകൂടി സഹായ ഇടപെടൽ ഉണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
ഭാര്യ ഷീനയും മക്കളായ ഷിബിൻ (ജർമ്മനി), ഷിജോ (ബിടെക് വിദ്യാർഥി) എന്നിവരും ഷോബിയുടെ താറാവു കൃഷിക്കും ഹാച്ചറിക്കും പ്രോത്സാഹനവും പിന്തുണയായി എപ്പോഴും കൂടെയുണ്ട്.
ഷോബി: ഫോണ് 9446119432
Tags : Agriculture