ഇടുക്കി ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്ടം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല.
മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കൾക്കൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടുംകേട്ടും നടന്നപ്പോഴുദിച്ചഴിച്ചതാണ് ഈ ഇഷ്ടം. തളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം.
ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർകോഡൻ കമുക് -250, കൊക്കോ -90, വാഴ - 75 ഡി ഃ ടി തെങ്ങ് -120 എന്നിവയെല്ലാം നട്ടു പരിപാലിച്ചു വരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻ തൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽ നിന്നാണ് വാങ്ങിയത്.
ഒരു തൈയ്ക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽ പെട്ട ജാതി തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ് നഴ്സറിയിൽ നിന്നാണ് എത്തിച്ചത്.
മഞ്ചേരി കുള്ളൻ ഇനം വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂർ വെള്ളായണി കൊക്കോ ഗവേഷണ കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന കൊക്കോ തൈകളും പെട്ടെന്ന് തഴച്ചു വളർന്നു. വിവിധയിനം ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ട്.
കോശേരി, നീലം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, മിറക്കിൾ ഫ്രൂട്ട്, റംബുട്ടാൻ, ലൂബിക്ക, നാടൻ ബഡ് ഇനങ്ങളിൽപെട്ട പ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു. കൃത്യമായ അകലം പാലിച്ചാണ് ഇവ കൃഷി ചെയ്തിരിക്കുന്നത്.
വേനലിൽ ചെടികൾ നനയ്ക്കുന്നതിനായി സ്പ്രിംഗ്ളർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ചെടികൾക്ക് പുതയിടുന്നതും പതിവാണ്.

ജൈവവളം മാത്രം
രാസവളം അൽപംപോലും ഉപയോഗിക്കുന്നില്ല എന്നതാണ് ഈ തോട്ടത്തിന്റെ പ്രത്യേകത. ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കും. മണ്ണിലെ മണ്ണിരയും സൂക്ഷ്മാണുക്കളും നിലനിൽക്കുന്നതിനും ജൈവസന്പുഷ്ടത കാത്തുസൂക്ഷിക്കുന്നതിനും പര്യാപ്തമായ കൃഷിരീതിയാണ് റോബിൻ പിന്തുടരുന്നത്.
വിശാലമായ നാലു മത്സ്യക്കുളങ്ങൾ തോട്ടത്തിലുണ്ട്. തിലാപ്പിയ, ഗൗരാമി, കാർപ്പ്, വാള എന്നിവയാണ് കുളത്തിൽ. മീൻ തീറ്റയ്ക്കൊപ്പം ഇവയ്ക്കു ഗോതന്പും പുഴുങ്ങി നൽകും.
വിപണനം
പ്രാദേശിക വിപണിയിലാണ് വിളകളുടെ വില്പന. പാക്ക് ഉണങ്ങി അടയ്ക്കയാക്കിയാണ് വിൽക്കുന്നത്. കിലോയ്ക്ക് 300-350 രൂപയാണ് ശരാശരി ലഭിക്കുന്ന വില. ജാതിയ്ക്ക തൊണ്ട് ഉപയോഗിച്ച് ജ്യൂസ് ഉൽപാദനവും നടത്തിവരുന്നു.
ജാതിയ്ക്ക തൊണ്ടിനൊപ്പം ആവശ്യത്തിന് പഞ്ചസാരയും മേന്പൊടിയായി ഗ്രാന്പൂവും ചേർത്ത് 24 മണിക്കൂർ ഭരണിയിൽ വച്ചശേഷം എടുത്താൽ സ്വാദിഷ്ഠമായ ജ്യൂസ് ലഭിക്കുമെന്ന് റോബിൻ പറഞ്ഞു.
റോബിൻ: 9495514073
Tags : Agriculture