"ബൊയർഹാവിയ ഡിഫ്യൂഡി' എന്ന ശാസ്ത്രനാമത്തോടുകൂടിയ തഴുതാമയ്ക്ക് "പുനർനവ' എന്നു സംസ്കൃതത്തിലും "തമിഴാമ' എന്നു തമിഴിലും "സ്പെഡിംഗ് ഹോഗ്വീഡ്' എന്ന് ഇംഗ്ലീഷിലും പേരുകളുണ്ട്.
വേനൽക്കാലത്ത് ഉണങ്ങുകയും വർഷകാലത്ത് തളിർത്ത് പടർന്നു വളരുകയും ചെയ്യുന്നതിനാലാണ് ഇതിനു പുനർനവ എന്ന പേരു കിട്ടിയത്. ഔഷധസസ്യമായ ഇതിനെ "നിക്ടാ ജിനേസിയേ' എന്ന സസ്യകുടുംബത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശരീരത്തിലെ നീര് ഇല്ലാതാക്കാനുള്ള ഇതിന്റെ കഴിവാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.
ഔഷധച്ചെടി: തഴുതാമയുടെ ഇലയും വേരും സമൂലം ഔഷധയോഗ്യമാണ്. ഇളംതണ്ടും ഇലയും ഭക്ഷ്യയോഗ്യവും. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന തോരൻ, മെഴുക്കുപുരട്ടി എന്നിവ ആരോഗ്യപ്രദമായ കറികൾതന്നെയാണ്.
ഇനങ്ങൾ: തഴുതാമ വെള്ള, ചുവപ്പ്, നീല, ഇളംപച്ച എന്നീ നിറങ്ങളിൽ നാല് ഇനങ്ങളുണ്ട്. ഭാരതത്തിലുടനീളം കളയായി വളരുന്ന ഈ ഔഷധച്ചെടിയുടെ പൂക്കൾ ചെറുതും കുലകളായി കാണപ്പെടുന്നതുമാണ്. ഇതിൽ വെള്ളനിറമുള്ള ഇനം വിയർപ്പിനെ വർധിപ്പിക്കും.
പക്ഷവാതസംബന്ധമായ രോഗങ്ങൾക്കും ഇതു ഫലപ്രദമാണ്. കൂടാതെ ഹൃദയത്തെയും വൃക്കയെയും ഉത്തേജിപ്പിക്കുന്ന ഒരു ഉത്തമ ഒൗഷധവുമാണിത്. കുഷ്ഠത്തിനും പാണ്ടുരോഗത്തിനും തഴുതാമ തൈലരൂപത്തിൽ ഉപയോഗിക്കാൻ ചകരസംഹിതയിൽ നിർദേശമുണ്ട്.
രാസഘടകങ്ങൾ: തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റും "പുനർന്നവിൻ' എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു. തഴുതാമ മലമൂത്രവിസർജനം ത്വരിതപ്പെടുത്തും. നീര്, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.
ഹൃദ്രോഗം, വൃക്കരോഗം, വാതരോഗങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തമ ഒൗഷധംകൂടിയാണിത്. തഴുതാമയുടെ വേര് പനിയെ ദൂരീകരിക്കുന്നു. ആമവാതം ശമിക്കാനുള്ള കഷായ നിർമാണത്തിൽ തഴുതാമ ഒരു പ്രധാന ഘടകമാണ്.
ആമവാതവും നീരും ശമിക്കാൻ തഴുതാമ ഇലത്തോരൻ വളരെ നന്ന്. അതുപോലെ ചുമയുടെ ശമനത്തിനും തഴുതാമ ഉത്തമമാണ്. കൂടാതെ മഞ്ഞപ്പിത്തം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയുടെ ശമനത്തിനും തഴുതാമ ഉത്തമമാണ്.
ശരീരത്തിലുണ്ടാകുന്ന നീരു മാറ്റാൻ തഴുതാമവേര് അരിക്കാടിയിൽ അരച്ചുപുരട്ടുന്നതു ഫലപ്രദമാണ്. കൂടാതെ തഴുതാമ വേര് പനിയെ ശമിപ്പിക്കുകയും ചെയ്യും.
തഴുതാമവേര് കഷായം
മൂത്രനാളീവീക്കം, മൂത്രക്കല്ല്, എലിവിഷം, പാന്പിൻവിഷം, ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്ക്ക് തഴുതാമവേര് കഷായം അതീവ ഗുണകരമാണ്.
തഴുതാമ ഔഷധങ്ങൾ
ഗുരുതരമായ അൽസറേറ്റീവ് കോളൈറ്റിസ്, ഹീമോഫീലിയ രോഗം എന്നിവയ്ക്കു ചുമന്ന തഴുമതാമ ഉപയോഗിച്ചുള്ള ഔഷധങ്ങൾ മേന്മയേറിയതാണ്. ഉയർന്ന രക്തസമ്മർദത്തിനും തഴുതാമ വേരു കഷായം നല്ലതാണ്.
തഴുതാമ ചേർന്ന ആയുർവേദ കഷായങ്ങളിൽ ചിലതാണ് പുനർന്നവാദി കഷായം, സുകുമാരഘൃതം എന്നിവ. ഭഗന്ദം അഥവാ ഫിസ്റ്റുലയ്ക്കുള്ള ഔഷധത്തിൽ തഴുതാമയും ഒരു പ്രധാന ഘടകമാണ്.
Tags : Agriculture