രാജ്യത്തു പ്രകൃതികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ന്ധനാഷണൽ മിഷൻ ഫോർ നാച്ചുറൽ ഫാർമിംഗ്’ (NMNF) എന്ന പുതിയ പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുന്നു.
കാർഷിക മേഖലയിലെ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനങ്ങളും പാരന്പര്യമായി ഇന്ത്യയിൽ പ്രചരിച്ചിരുന്ന പ്രകൃതികൃഷിരീതികൾക്ക് വീണ്ടും പ്രാധാന്യം ലഭിക്കാനുള്ള കാരണമായി വിലയിരുത്തുന്നു.
ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക കാർഷികപരിസ്ഥിതി സാഹചര്യങ്ങൾ പരിഗണിച്ച് 15,000 പ്രകൃതികൃഷി ക്ലസ്റ്ററുകൾ രൂപീകരിക്കുകയും ഇതുവഴി 1.7 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ പ്രകൃതികൃഷി വ്യാപിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിവിധ തലങ്ങളിലായി പ്രചാരണ പരിപാടികൾ, പരിശീലനങ്ങൾ, ഡെമോണ്സ്ട്രേഷൻ ഫാമുകളുടെ രൂപീകരണം, എക്സ്പോഷർ സന്ദർശനങ്ങൾ എന്നിവയിലൂടെ കുറഞ്ഞത് ഒരു കോടി കർഷകരിലേക്ക് പ്രകൃതികൃഷിയുടെ സന്ദേശം വ്യാപിപ്പിച്ച് കാർഷികരീതികളിൽ വിപുലമായ മാറ്റം സൃഷ്ടിക്കുകയാണു നാഷണൽ മിഷൻ ഫോർ നാച്ചുറൽ ഫാമിംഗിന്റെ പ്രധാന ലക്ഷ്യം.
അതോടൊപ്പം, പ്രകൃതികൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിവിധതരം വിളകൾക്കും ഉത്പന്നങ്ങൾക്കും സർട്ടിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുകയും അവയ്ക്ക് പൊതുവായ ദേശീയതല ബ്രാൻഡ് സംവിധാനമായി ന്ധപ്രകൃതികൃഷി വിള’ എന്ന പേരിൽ ഒരു ദേശീയ ബ്രാൻഡ് രൂപീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
കേരളത്തിൽ ആദ്യഘട്ടമായി 105 ക്ലസ്റ്ററുകളിലായി ആകെ 5100 ഹെക്ടർ വിസ്തൃതിയിൽ പ്രകൃതികൃഷി നടപ്പിലാക്കുന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്റ്റേറ്റ് നാച്ചുറൽ ഫാർമിംഗ് സെൽ രൂപീകരിക്കുകയും സംസ്ഥാനതല പ്രകൃതികൃഷിയുടെ നടത്തിപ്പിനായുള്ള നടപ്പാക്കൽ രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ (KVKs) തുടങ്ങിയ സ്ഥാപനങ്ങൾ ശാസ്ത്രീയ അറിവുകൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഇതിനായി ഓരോ ജില്ലകളിലും ഫാർമർ മാസ്റ്റർ ട്രെയിനർമാർ (FMTs) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജില്ലാതലത്തിൽ ഇവരാണ് പ്രധാന പ്രകൃതികൃഷി ഡെമോണ്സ്ട്രേഷൻ മോഡലുകൾ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് തലത്തിൽ മിഷന്റെ നടപ്പാക്കലിന്റെ പ്രധാന കണ്ണികളായി (Krishi Sakhis) അഥവാ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണുകൾ (CRPs) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് 125 താല്പര്യമുള്ള കർഷകരെ ഉൾപ്പെടുത്തി ഓരോ പ്രകൃതികൃഷി ക്ലസ്റ്ററും രൂപീകരിക്കാനുള്ള ചുമതല ലഭിച്ചിട്ടുണ്ട്.
ഗ്രാമതലത്തിൽ കർഷകരുടെ വിവരശേഖരണം നടത്തുകയും, പ്രകൃതികൃഷിയുടെ പ്രായോഗിക മാർഗങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് സിആർപികളുടെ പ്രധാന ചുമതല.
Tags : Agriculture