പുതുതലമുറയെ കൃഷിയിലേക്കും കാർഷിക സംരംഭമേഖലയിലേക്കും ആകർഷിക്കുന്നതിനായി കൃഷിയെയും കർഷകരെയും റീബ്രാൻഡ് ചെയ്യണമെന്ന ആശയം കർഷകൻ മാസികയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രീൻ ടോക്ക് ചർച്ചയിൽ ഉരുത്തിരിഞ്ഞു.
യുവാക്കൾക്ക് കൃഷിയിൽ കരിയർ കണ്ടെത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാരുകളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണ്. കാർഷിക മേഖലയിൽ വൻ നിക്ഷേപങ്ങൾ എത്തുന്നതിനുള്ള വഴി തുറക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ ഏകകണ്ഠമായി പറഞ്ഞു. "യുവാക്കൾ കൃഷി വിടുന്നോ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
കാർഷിക ദിനപത്രമായ ദീപികയും സഹോദര പ്രസിദ്ധീകരണമായ കർഷകൻ മാസികയും സംയുക്തമായാണ് കോട്ടയത്ത് ചർച്ച സംഘടിപ്പിച്ചത്. കൃഷിയോടുള്ള ആകർഷണം വർധിപ്പിച്ച് കാർഷിക മേഖലയിൽ പുതിയ തലമുറയുടെ സജീവപങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഗ്രീൻ ടോക്ക് ഉദ്ഘാടനം ചെയ്തു.
കാർഷിക സംരംഭകനും കേരള കോണ്ഗ്രസ് ഉന്നതാധികാരസമിതി അംഗവുമായ അപു ജോണ് ജോസഫ്, കർഷക തൊഴിലാളിയും സംസ്ഥാന സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവുമായ കെ.പി. പ്രശാന്ത്, കരിമ്പ് കർഷകനും സംരംഭകനുമായ മനു മാത്യു, സമ്മിശ്ര കർഷകനും യൂത്ത്ഫ്രണ്ട്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെഫിൻ കെ. അഗസ്റ്റിൻ, കർഷക സംരംഭകൻ മാത്തുക്കുട്ടി ടോം, ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാം ഉടമ ടോം ഫിലിപ്പ്, യുഎഫ്പിഎ ദേശീയ ചെയർമാനും ഇഞ്ചിക്കർഷകനുമായ തോമസ് പി. മാണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്ററായിരുന്നു. കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫ് സ്വാഗതവും ജനറൽ മാനേജർ സർക്കുലേഷൻ ജിനോ പുന്നമറ്റം നന്ദിയും പറഞ്ഞു.
കൃഷി ലാഭകരമായ തൊഴിൽ മേഖലയാണെന്നും എന്തു കൃഷിയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന വ്യക്തമായ കാഴ്ചപ്പാടാണ് പ്രധാനമെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കൃഷിയെ ഒരു ഉദ്യോഗമായി കണ്ട് അധ്വാനിച്ചാൽ മാത്രമേ വിജയം ലഭിക്കൂ. പാർട്ട് ടൈം കൃഷിയിലേക്ക് തിരിയുന്പോഴാണ് പരാജയം സംഭവിക്കുന്നത്. വൈദഗ്ധ്യമുള്ള കർഷകതൊഴിലാളികൾക്ക് നാട്ടിൽ മികച്ച വേതനം ലഭിക്കുന്നുണ്ടെന്നും ഗ്രീൻ ടോക്ക് വിലയിരുത്തി.
ഗ്രീൻടോക്കിലെ പ്രധാന ആശയങ്ങൾ
പരമ്പരാഗത കർഷകനിൽനിന്ന് കർഷക സംരംഭകൻ എന്ന നിലയിലേക്ക് മാറണം.
വിപണി സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിക്കണം.
നിക്ഷേപങ്ങൾ വരണം, ഗ്ലാമറുള്ള തൊഴിൽ മേഖലയാകണം - അപു ജോണ് ജോസഫ്
കർഷകർ പരമ്പരാഗത കാർഷികരീതികളിൽനിന്ന് ഹൈടെക്ക് ആയി മാറിയെന്ന വിവരം പൊതുസമൂഹം അറിയിക്കണം. ഫാമിംഗിനെ ഒരു ഗ്ലാമർ തൊഴിൽ മേഖലയായി മാറ്റണം. കർഷകരുടെ വിജയഗാഥകൾ സമൂഹത്തിലേക്ക് എത്തണം. ഇതിനായി മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പിന്തുണ കർഷകർക്ക് ആവശ്യമാണ്.
കൃഷികൊണ്ട് അന്തസായി ജീവിക്കാൻ സാധിക്കും. കുട്ടികൾ കൃഷിയിൽ താത്പര്യമുണ്ടാകുന്നതിനായി സ്കൂൾ പാഠ്യപദ്ധതയിൽ കൃഷിയും ഉൾപ്പെടുത്തണം. കൃഷിയിൽ പ്രാക്ടിക്കൽ അറിവ് നൽകുന്നതിനുള്ള നടപടി വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കണം.
വർഷം മുഴുവൻ വിള ലഭിക്കുന്ന രീതിയിൽ കർഷകർ സമ്മിശ്രകൃഷി നടപ്പിലാക്കണം. ഐടി സ്റ്റാർട്ട്ആപ്പുകളിൽ നിക്ഷേപം എത്തുന്നതുപോലെ കാർഷിക സ്റ്റാർട്ട്ആപ്പുകളിലും നിക്ഷേപം വരണം. ഇതിനായി ഗവണ്മെന്റുകൾ പോളിസികൾ പ്രഖ്യാപിക്കണം.
ഐടി ആൻഡ് പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ. എൻജിനിയറിംഗ് ബിരുദധാരി. ഇന്ത്യയിലും സ്വിറ്റ്സർലൻഡിലും പ്രഫഷണൽ കരിയർ. 2008 മുതൽ കാർഷിക മേഖലയിലേക്കു തിരിഞ്ഞു.
തമിഴ്നാട് മീനാക്ഷിപുരത്ത് നാളികേരം, മാവ് ഫാം. തൊടുപുഴയിൽ വീടിനോട് ചേർന്ന് 110 പശുക്കളുള്ള ഫാം. റബർ, ജാതി, കമുക്, തെങ്ങ്, റംബൂട്ടാൻ, മംഗോസ്റ്റിൻ ഉൾപ്പെടെ വിവിധ തരം വിളകളുടെ സമ്മിശ്രകൃഷി. തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് പ്രസിഡന്റ്.
കൃഷി പ്രഫഷൻ ആക്കണം, ഉചിതമായ അംഗീകാരം നൽകണം - കെ.പി. പ്രശാന്ത്
കൃഷിയെ ഒരു പ്രഫഷൻ ആയി കരുതി അധ്വാനിച്ചാൽ വേണ്ട പ്രതിഫലവും മാനസിക സംതൃപ്തിയും ലഭിക്കും. പതിനൊന്നു വർഷം ട്രാക്ടർ ഡ്രൈവിംഗ് തൊഴിലാളിയായിരുന്നു. ഒരു മണിക്കൂർ ട്രാക്ടർ ഓടിയാൽ ചെലവ് കഴിഞ്ഞ് 500 രൂപ ലഭിക്കും.
വരന്പ് കോരുന്ന യന്ത്രം കണ്ടുപിടിച്ചതോടെ പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിച്ചു തുടങ്ങി. കൃഷി ലാഭകരമായ ഒരു തൊഴിൽ മേഖലയാണ്. എന്താണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന് കൃത്യമായ വ്യക്തതയാണ് ആദ്യം വേണ്ടത്.
പാർട് ടൈം കൃഷിയിലേക്കു തിരിഞ്ഞാൽ നഷ്ടം സംഭവിക്കും. സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന് കർഷകർക്ക് കൂടുതൽ ആംഗീകാരം ആവശ്യമാണ്. കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കണം.
കർഷക തൊഴിലാളി, ചേർത്തല സ്വദേശി, സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവ്. പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷി രീതിയിലെ യന്ത്രങ്ങളുടെ പ്രവർത്തനത്തിലും പരിചയവും. കർഷക കോണ്ഗ്രസ് നേതാവ്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തു പച്ചക്കറികൃഷിയും പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്തു നെൽകൃഷിയും ചെയ്യുന്നു.
വിളകൾക്ക് മിനിമം വില ലഭിക്കണം - ജെഫിൻ കെ. അഗസ്റ്റിൻ
കാർഷിക വിളകൾക്ക് മിനിമം വില ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കേരളത്തിൽ ഒരു സീസണിൽ ഒരു പ്രത്യേക വിള ലഭിക്കുന്നതിനാൽ കൃഷിക്കാർക്ക് മികച്ച വില ലഭിക്കുന്നില്ല. ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്.
ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനായി ഇവ സംഭരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കൃഷിത്തോട്ടങ്ങളിൽ യന്ത്രവത്കരണം നടപ്പിലാക്കുന്നതുമൂലം കൂലിച്ചെലവ് കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സബ്സിഡിയും വിളനാശം സംഭവിച്ചാൽ ഇൻഷ്വറൻസും ലഭിക്കുന്നുണ്ട്.
എന്നാൽ, ഇത്തരം പദ്ധതികളെക്കുറിച്ച് ഭൂരിഭാഗം കർഷകരും അറിയുന്നില്ല. സർക്കാർ സബ്സിഡിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കർഷകരെ ബോധവാ·ാരാക്കണം. പരന്പരാഗത കർഷകരുടെ കാർഷിക അറിവുകൾ പുതുതലമുറയും പ്രയോജനപ്പെടുത്തണം. കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നത് കൃഷി കൂടുതൽ ആയാസകരമാക്കും.
തൊടുപുഴ സ്വദേശി. കേരള യൂത്ത് ഫ്രണ്ട് -എം നേതാവ്. സ്വന്തം ഭൂമിയിലും പാട്ടത്തിനെത്തു ഭൂമിയിലും സമ്മിശ്രകൃഷി ചെയ്തുവരുന്നു. നേന്ത്രവാഴ, കപ്പ എന്നിവ പ്രധാന വിളകൾ. കണ്സ്ട്രക്ഷൻ മേഖലയിലും പ്രവർത്തിക്കുന്നു.
സമൂഹം നൽകുന്ന പരിഗണന മാറ്റണം - തോമസ് പി. മാണി
സർക്കാരുകൾ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കാർഷിക മേഖലയിലേക്ക് ഫണ്ടുകൾ വകയിരുത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ശന്പളവിതരണത്തിനുമാത്രമാണ് ഇത് ഉതകുന്നത്. ഇതിനു മാറ്റം വരണം. ശാസ്ത്രീയമായി കൃഷി പഠിച്ചവർ കൃഷിയിലേക്ക് ഇറങ്ങുന്നില്ല എന്നതു പോരായ്മയാണ്.
കാർഷിക മേഖലയിലെ മാറ്റത്തെക്കുറിച്ച് പൊതുസമൂഹത്തിന് അറിവില്ല. ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികൾ കർഷകരിലേക്ക് എത്തണം. ആഗോളതലത്തിൽ കാർഷിക മേഖലയിൽ വൻ മാറ്റങ്ങളാണ് നടക്കുന്നത്.
കർഷകർക്ക് സമൂഹം പരന്പരാഗതമായി കൽപ്പിച്ചിരിക്കുന്ന പരിഗണനയ്്ക്കു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ മികച്ച പരിശീലനം സർക്കാർ നൽകണം. കൂടാതെ സബ്സിഡികൾ ഫലപ്രദമായി വിതരണം ചെയ്യണം. കർഷകർക്ക് അവരുടെ അധ്വാനത്തിന് മികച്ച പ്രതിഫലം ലഭിക്കുന്ന അവസ്ഥയുണ്ടാകണം.
സ്വന്തന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യുഎഫ്പിസിഒ) ദേശീയ ചെയർമാൻ. കേരളം, ചണ്ഡിഗഡ്, ഒഡീഷ, ഗോവ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി സംഘടനയിൽ 1500 ഓളം അംഗങ്ങൾ. യുഎഫ്പിസിഒ പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ. കർണാടക മാണ്ഡ്യയിൽ ഇഞ്ചി, വാഴ, കപ്പ, പാഷൻ ഫ്രൂട്ട് കൃഷി നടത്തുന്നു.
അറിവുകൾക്ക് ഓണറേറിയം നൽകണം - മാത്തുക്കുട്ടി ടോം
ഏതു തൊഴിൽ മേഖലപോലെയും കൃഷിയിൽ വിജയിക്കാൻ അറിവും നൈപുണ്യവും അധ്വാനവും അനിവാര്യമാണ്. വിത്തുമുതൽ വിപണി വരെ കർഷകൻ കൂടെയുണ്ടാകണം. വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കി ഫാം ടു ഡോർ പദ്ധതി നടപ്പിലാക്കണം.
ചെയ്യാൻ ആഗ്രഹിക്കുന്ന കൃഷിയെക്കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടായിരിക്കണം. മറ്റു കർഷകർക്ക് അറിവുകൾ പകർന്നു നൽകുന്ന കർഷകർക്ക് ഓണറേറിയം നൽകണം. ഫാം ടൂറിസത്തിനൊപ്പം താത്പര്യമുള്ള ഫാമുകളിൽ ഇന്േറണ്ഷിപ്പ് ട്രെയിനിംഗ് നൽകാവുന്നതാണ്.
കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പരിശീലനമാണ് ഇന്റേണ്ഷിപ്പിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ചെലവ് ഫാം ഉടമകളും സർക്കാരും സംയുക്തമായി വഹിക്കണം. കൃഷിയും മൃഗസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ ഫാം വിജയിക്കുകയുള്ളൂ. ഉത്പന്നങ്ങൾ സ്വന്തമായി വിപണനം ചെയ്യുന്ന രീതിയാണ് ഫാമിൽ അവലംബിച്ചിരിക്കുന്നത്.
എംബിഎ ബിരുദധാരി. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി. ബിഎംഡബ്ല്യു കന്പനിയിലെ ജോലി രാജിവച്ച് കൃഷിയിലേക്ക് ഇറങ്ങി. 18 ഏക്കറിൽ സമ്മിശ്ര കൃഷി. പോത്ത്, പന്നി, ഫിഷ് ഫാം. സ്വന്തം ഔട്ട്ലറ്റിലൂടെ മത്സ്യ-മാംസ വിപണനം നടത്തുന്നു.
വിപണി സാധ്യതകൾ കണ്ടെത്തണം - ടോം ഫിലിപ്പ്
ഉത്പന്നം ഏതാണെങ്കിലും കർഷകൻ തന്നെ വിപണി സാധ്യത കണ്ടെത്തണം. ഇതിനായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഫലപ്രദമായി വിനയോഗിക്കണം. മൂല്യവർധിത ഉത്പന്ന നിർമാണത്തിന്റെ പുത്തൻ സാധ്യതകൾ കണ്ടെത്തണം.
വദേശരാജ്യങ്ങളിലേതിനു സമാനമായി ഫാമുകളിൽ ഇന്റണ്ഷിപ്പിനായി വിദ്യാർഥികൾ എത്തുന്ന അവസരമൊരുക്കണം. ഫാം ടൂറിസം മേഖലയിൽ കർഷകസംരംഭകർക്ക് മികച്ച സാധ്യതയാണുള്ളത്. ഇതു ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതി തയാറാക്കണം.
എൻജിനിയറിംഗ് ബിരുദധാരി, തേനീച്ച കർഷകൻ. പിതാവ് കുമളി അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പിന്റെ പാത പിന്തുടർന്ന് തേനീച്ച വളർത്തലിലേക്ക് തിരിഞ്ഞു. ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാം ഉടമ.
വൻതേനും ചെറുതേനുമായി ഏകദേശം 70,000 ലിറ്റർ വിപണിയിൽ എത്തിക്കുന്നു. തേനീച്ച കർഷകർക്കുള്ള പരിശീലനവും തേനീച്ച പെട്ടിയുൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില്പനയും നടത്തുന്നു.
കൃഷിയെ പാഷനായി കാണണം മനു മാത്യു
കൃഷിയെ ഒരു പ്രഫഷൻ ആയി കാണുന്നതിലുപരി ഒരു പാഷനായി കാണണം. കൃഷിയിൽനിന്നുള്ള ലാഭം ലഭിക്കാൻ കുറച്ചു സമയമെടുക്കും. കൃഷിയിലേക്ക് ഇറങ്ങുന്ന യുവാക്കൾക്ക് ക്ഷമ ആവശ്യമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപദമായി ഉപയോഗിക്കാൻ കർഷകർക്ക് സാധിക്കണം. കർഷകർ തന്നെ വിപണി സാധ്യത കണ്ടെത്തണം. വൻകിട കർഷകർ ചെറുകിടക്കാരെ സഹായിക്കാൻ സന്നദ്ധത കാണിക്കണം.
എൻജിനിയറിംഗ് ബിരുദധാരി. പാലാ കുറിഞ്ഞി സ്വദേശി. കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് വിദേശ തുടർപഠന മോഹം ഉപേക്ഷിച്ചു. കരിന്പ് കൃഷി ഒരു സംരംഭമായി തുടങ്ങി. കുറിഞ്ഞിയിലും പാലായിലും നാടൻ ശർക്കര നിർമാണ യൂണിറ്റുകൾ. 25 ഏക്കറോളം സ്ഥലത്തു കരിന്പ് കൃഷി. കന്പനി വിപുലീകരണത്തിന്റെ പാതയിൽ.
Tags : Agriculture