വളക്കൂറുള്ള മണ്ണിൽ ഒരു തൈ നട്ടാൽ കൈ നിറയെ ഫലം കൊയ്യാമെന്നാണ് പത്തനംതിട്ട കൊല്ലമുളയിലെ സെബാസ്റ്റ്യൻ ഫിലിപ്പോസിന്റെ വാദം. അതിനാൽ, സെബാസ്റ്റ്യൻ മക്കളെപ്പോലെ മണ്ണിനെയും സ്നേഹിക്കുന്നു.
ആരു ചതിച്ചാലും മണ്ണ് തന്നെ ചതിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. രണ്ട് പെണ്മക്കളെയും പഠിപ്പിച്ച് വിവാഹം ചെയ്തയച്ചതും മണ്ണു തന്ന വിളകൊണ്ടാണെന്നാണ് ഇദ്ദേഹം പറയുന്നത്. 75 വയസൊക്കെ ഇദ്ദേഹത്തിന് വെറും അക്കങ്ങൾമാത്രമാണ്.
അഞ്ച് ഏക്കർ കൃഷിഭൂമിയിൽ കപ്പയും ഇഞ്ചിയുമെല്ലാം ചേനയും ചേന്പുമെല്ലാം യഥേഷ്ടം വിളയുന്നു. കപ്പയും ഇഞ്ചിയുമാണ് മുൻ നിരക്കാരെങ്കിലും കാച്ചിലും ചേന്പും വാഴയും തുടങ്ങി സർവ്വതും ഇവിടെയുണ്ട്.
കപ്പക്കൃഷി
പുതുമഴ പെയ്യുമ്പോൾ മണ്ണിൽ തടമെടുക്കും. പിന്നീട് കപ്പത്തണ്ട് നടും. ഇല മുളയ്ക്കുന്പോൾ തടത്തിലേക്ക് ചാണകപ്പൊടി ഇടും. മൂന്ന് ബാച്ച് ആയിട്ടാണ് കപ്പയ്ക്ക് വളം ഇടുന്നത്. ഒപ്പം വളർന്നു വരുന്ന കളയും ഇവയ്ക്ക് വളമാകാറുണ്ട്.
നല്ല ചൂടുള്ള സമയത്താണ് വളം ഇടുന്നതെങ്കിൽ അൽപം നനച്ച് കൊടുക്കേണ്ടി വരും. പത്താം മാസം കപ്പ വിളവെടുക്കും. നടാനുള്ള കമ്പ് എടുക്കുന്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വണ്ണമുള്ള തണ്ട് എടുക്കുക എന്നത്.
കപ്പത്തണ്ട് ലെവലിൽ മുറിക്കാനാണ് രണ്ടാമത് ശ്രദ്ധിക്കേണ്ടത്. അര അടി നീളത്തിലാണ് കപ്പത്തണ്ട് മുറിക്കേണ്ടത്. മുറിച്ച ഭാഗത്തുനിന്നും ഏകദേശം ഒരിഞ്ച് മുകളിൽ ചെറുതായി വരഞ്ഞു കൊടുക്കുക. അവിടെയാണ് വേരു കിളിർത്തു വരുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ വേരുകൾക്കും ശക്തി കൂടും. കലക്കിവച്ച റൂട്ടെക്സ് ലായനിയിൽ തണ്ടിന്റെ മുറിച്ച ഭാഗം മുക്കിവച്ച് പത്ത് മിനിട്ടിനു ശേഷം നട്ടാൽ മതി.

കാലം മാറുന്നത് അനുസരിച്ച് ചില രീതികളും മാറേണ്ടതായുണ്ട്. അതിനാൽ പഴയരീതി വിട്ട് പുതിയ രീതിയിലും കപ്പക്കൃഷി ചെയ്യാൻ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. നീളത്തിലുള്ള കപ്പത്തണ്ടിന്റെ ഒരു വശം ചെത്തിക്കളഞ്ഞ് മൊത്തമായി നടുന്ന രീതിയുമുണ്ട്.
നീളത്തിലുള്ള തണ്ട് നടുന്ന വാരത്തിലേക്ക് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകം, ചാരം എന്നിവയാണ് വളമായി നൽകുന്നത്. ആവശ്യമെങ്കിൽ അൽപം വെള്ളം തളിച്ചു കൊടുക്കാം. ആറു മാസത്തിനുശേഷം ഇതിൽനിന്നു മികച്ച രീതിയിൽ വിളവെടുക്കാൻ സാധിക്കും.
നന്നായി വളരാൻ
കോഴി വളം കപ്പയ്ക്ക് ഏറ്റവും മികച്ചതാണ്. സ്വതവേ കോഴി വളത്തിന് ചൂട് കൂടുതലാണ്. അതുകൊണ്ട് കപ്പയുടെ ചുവട്ടിൽ ഇട്ടശേഷം രണ്ടു മൂന്നു ദിവസത്തിനു ശേഷം നനച്ചു കൊടുക്കണം. മഴയുള്ള ദിവസങ്ങളിൽ കോഴി വളമിട്ടാൽ അത്യുത്തമം.
മഴയുള്ള സമയമാണെങ്കിൽ ഏപ്രിൽ മാസത്തിൽ കപ്പ നടാം. ഈ സമയങ്ങളിൽ മഴ കുറവാണെങ്കിൽ അടുത്ത മഴയ്ക്കായി കാത്തു നിൽക്കണം. മേയ്, ജൂണ് മാസങ്ങളും കപ്പ കൃഷിക്ക് അനുയോജ്യമാണ്. ആവശ്യത്തിന് ജലസേചന സൗകര്യമുണ്ടെങ്കിൽ വർഷത്തിൽ ഏത് സമയത്തും കപ്പയിടാം.
കറുത്ത മിച്ചർ, ആന്പക്കാടൻ എന്നിവയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇവയ്ക്ക് പുറമേ മറ്റിനങ്ങളും നടാറുണ്ട്.
ഭാര്യ ഏലിയാമ്മയുടെയും മക്കളായ ജോസ്നയും ജോമിയയുടെയും പിന്തുണ സെബാസ്റ്റ്യനു കൃഷിയിലുണ്ട്.
സെബാസ്റ്റ്യൻ ഫിലിപ്പോസ്
ഫോണ്: 7907647106
Tags : Agriculture