മണ്ണിൽ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യവികസിപ്പിച്ച് മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എൻഎഫ്പിഒ). ഗ്രോബാഗുകളിൽ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എൻഎഫ്പിഒ വികസിപ്പിച്ചത്.
കർണാടകയിലെ നഞ്ചൻഗോഡിൽ സംഘടന കോംപോ എക്സ്പേർട്ട് എന്ന കെമിക്കൽ കന്പനിയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയമായി.
മണ്ണില്ലാക്കൃഷി കൂടുതൽ തോട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഎഫ്പിഒ. ചെലവുകുറവും ഉയർന്ന ഉത്പാദനവുമാണ് മണ്ണില്ലാകൃഷിയുടെ നേട്ടം.
ഗ്രോബാഗിൽ ചകിരിച്ചോറും എൻഎഫ്പിഒ സോയിൽ പവറും (സോയിൽ ഗോൾഡ് ജൈവവളം) നിറച്ചശേഷമാണ് ഇഞ്ചിവിത്തുകൾ നടുന്നത്. റിയോഡി ജനീറോ, ചൈനീസ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും നൽകി.
ഒരേക്കർ സ്ഥലത്ത് 22 ലിറ്റർ ശേഷിയുള്ള 22,000 ഗ്രോബാഗുകളിൽ കൃഷിചെയ്യാം. ഒരു ഗ്രോബാഗിൽനിന്ന് മൂന്നു മുതൽ അഞ്ചു കിലോഗ്രാംവരെ വിളവ് ലഭിക്കും. കള വരാതിരിക്കാൻ വീഡ്മാറ്റുകളിലാണ് ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത്.
ഇത്രയും ബാഗുകളിൽ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചിവിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകിരിച്ചോറാണ് ഒരു ബാഗിൽ വേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചകിരിച്ചോർ കുറഞ്ഞ വിലയിൽ സുലഭമാണ്.
ഉത്പാദനം കൂടും
വിളവെടുപ്പ് പ്രായമായപ്പോൾ ഗ്രോബാഗുകളിൽ ഇഞ്ചിക്കു മുകളിൽ വീണ്ടും ചകിരിച്ചോറ് നിറയ്ക്കും. ഒരു ഏക്കറിൽ ഏകദേശം എട്ടു ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്.
ഒരു ബാഗിലെ ചെടിയിൽ കീട-രോഗബാധ കണ്ടാൽ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയിൽ വിളയിക്കുന്നതിനേക്കാൾ വളരെ ഉയർന്നതാണ്.
ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷൻ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എൻഎഫ്പിഒ കർഷകർക്ക് ലഭ്യമാക്കും.
ഗ്രോബാഗിൽ കൃഷി വിജയിച്ചതോടെ കൃഷിക്കായി സ്ഥലവും മണ്ണും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലെന്ന് എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
മഴയെ ആശ്രയിച്ച് കൃഷി ഇറക്കേണ്ട ആവശ്യമില്ല. മോട്ടർ ഉപയോഗിച്ച് ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷനിലൂടെ നൽകാം. പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗിലും മണ്ണില്ലാകൃഷി പരീക്ഷിക്കാം.
പരന്പരാഗതരീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയർന്ന ഉത്പദാനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയർന്ന ഉത്പാദനത്തിനു സഹായകമാകുന്നത്.
മണ്ണിൽ നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.
മറുനാടൻ കർഷകർക്കൊപ്പം
മറുനാടൻ കർഷകർക്കൊപ്പം ഏതൊരാവശ്യത്തിനും നിൽക്കുന്ന എൻഎഫ്പിഒയിൽ നിലവിൽ ആയിരത്തിന് മുകളിൽ അംഗങ്ങളുണ്ട്. അംഗങ്ങൾ ഇഞ്ചി, വാഴ, പച്ചക്കറി കർഷരാണ്.
എസ്.എം റാസാഖ്, ബോബി ഏബ്രഹാം, പി.പി. തോമസ്, വി.എൽ. അജയകുമാർ, പി.സി. ടോമി എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സംഘടനയുടെ കീഴിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി പ്രവർത്തിക്കുന്നുണ്ട്. കർണാടകയിലെ നഞ്ചൻഗോഡ്, ഹാൻഡ്പോസ്റ്റ് ഡിപ്പോകളിൽനിന്ന് കർഷകർക്ക് ആവശ്യമായ എല്ലാ പണിയുപകരണങ്ങളും കീടനാശിനികളും നൽകുന്നു.
എൻഎഫ്പിഒ എൽഎൽപിയിലൂടെ ജൈവവള ഫാക്ടറിയും പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിലെ പുൽപ്പള്ളിയിലാണ് എൻഎഫ്പിഒയുടെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. എൻഎഫ്പിഒയ്ക്ക് ജീവകാരുണ്യപ്രവർത്തനവുമുണ്ട്.
അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ അവകാശികൾക്ക് ധനസാഹയം നൽകുന്നു. "കണ്ണീരൊപ്പാൻ കൈകോർക്കാം' എന്ന പേരിൽ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനം ചെയ്തിരുന്നു.
ഫോണ്: 9605974764
ചിത്രങ്ങൾ: ജോജി വർഗീസ്
Tags : Agriculture Krishithottam Karshakan