ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കുകൾക്കിടയിലും കാർഷിക വൃത്തിയിൽ ആത്മസംതൃപ്തി കണ്ടെത്തുകയാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആസാദ് തോമസ്.
സ്റ്റേഷനിലെ ജോലിസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തി കാർഷിക ജോലിയിൽ ഏർപ്പെടുന്നതാണ് ആസാദിന്റെ രീതി. പുരയിടത്തിൽ എല്ലാത്തരം കൃഷികളും ഉണ്ടെങ്കിലും ജാതിക്കൃഷിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ നേരം ഇരുട്ടുവോളം കൃഷിപ്പണികളിലേർപ്പെടും.
കുരുമുളകും ഏലവും ജാതിയും ഉൾപ്പെടെ എല്ലാത്തരം കൃഷികളും ആസാദിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ജാതികൃഷിയിൽ പുതുമ തേടുന്ന ഈ പോലീസ് ഉദ്യോഗസ്ഥൻ മുപ്പത്തിയഞ്ചോളം ഇനത്തിൽപ്പെട്ട ജാതി മരങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്.
റൗണ്ട് ലീഫ്, ഇന്തോനേഷ്യൻ, പാലത്തിങ്കൽ ഗോൾഡ്, നിലമ്പൂർ ജാതി, ആലപ്പുഴ ജാതി ഇങ്ങനെയുള്ള ഓരോ ഇനവും വ്യത്യസ്തവും ഏറെ കായ്ഫലമുള്ളവയുമാണ്. ഇവയുടെ എല്ലാത്തിന്റെയും തൈകൾ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
കൃഷിച്ചെലവ് കുറവും പരിപാലിക്കാൻ എളുപ്പവും എന്നതാണ് ജാതികൃഷിയോട് താത്പര്യമുണ്ടാകാൻ കാരണമെന്ന് ആസാദ് പറയുന്നു. ജാതിക്കൃഷി വീട്ടമ്മമാർക്കുപോലും നോക്കിനടത്താൻ കഴിയുന്നതാണെന്നും കർഷകർക്ക് കഴിയുന്നത്ര പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും ആസാദ് പറയുന്നു.
ഹൈറേഞ്ചിലെ മാതൃകാ കൃഷിത്തോട്ടം എന്ന നിലയിൽ ആസാദ് തോമസിന്റെ കാർഷിക പ്രവർത്തനങ്ങൾ മനസിലാക്കാൻ കൃഷിയിൽ താത്പര്യമുള്ള പുറം നാടുകളിൽ നിന്നുള്ളവർ പോലും കഞ്ഞിക്കുഴിയിൽ എത്തുന്നുണ്ട്.
Tags : Agriculture