ഒരു നാടിനെ മുഴുവൻ പാലൂട്ടി സംസ്ഥാനത്തെയും പലതവണ ജില്ലയിലെയും മികച്ച ക്ഷീര കർഷകയായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന വീട്ടമ്മ. പാളയംപറന്പ് ക്ഷീര സഹകരണ സംഘത്തിൽ 1,13,181 ലിറ്റർ പാൽ അളന്നാണു ലക്ഷ്മി മേനോൻ ഇത്തവണ തൃശൂർ ജില്ലയിലെ മികച്ച വനിതാ ക്ഷീരകർഷകയായത്.
ക്ഷീരസംഘത്തിൽ അളക്കുന്നതിനേക്കാൾ കൂടുതൽ പാൽ വീട്ടിലും ഹോട്ടലുകളിലും വിൽക്കുന്നു. വീട്ടിൽനിന്നും ക്ഷീരസംഘത്തിലേക്കുള്ള വഴിയിലെ ഇരുപതോളം പോയിന്റുകളിൽ ഉപഭോക്താക്കൾ എന്നും ലക്ഷ്മിയുടെ വരവും കാത്ത് നിൽക്കുന്നു എന്നതാണ് ഈ ധവളവിപ്ലവത്തിന്റെ ശക്തി.
മിച്ചംവരുന്ന പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളായ മോര്, തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി ഭർത്താവ് ശിവദാസനൊപ്പം ഇവർ വിപണനം നടത്തുന്നു.
പശുക്കളെ പ്രണയിച്ച ബിരുദധാരി
അന്നമനട കുഴിക്കാട്ട് ഗോപാലകൃഷ്ണമേനോന്റെയും സാവിത്രിയമ്മയുടെയും ഇളയ മകനും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയുമായ ശിവദാസന് ചെറുപ്പം മുതലേ പശുക്കളോട് ഏറെ പ്രിയമായിരുന്നു.
അച്ഛൻ ഹോട്ടൽ നടത്തുന്നതിനൊപ്പം പതിനഞ്ചോളം എരുമകളെയും പത്തോളം പശുക്കളെയും വീട്ടിൽ വളർത്തിയിരുന്നു. അമ്മയായിരുന്നു അവയുടെ സംരക്ഷണവും പരിപാലനവും. മാതാപിതാക്കളെ സഹായിക്കാൻ എന്നും തല്പരനായിരുന്ന ശിവദാസന് സ്വദേശത്തും വിദേശത്തും ജോലിസാധ്യതകൾ വന്നപ്പോഴും അമ്മയുടെ പാത പിന്തുടരാൻ അവൻ തീരുമാനിച്ചു.
ജീവിതസഖിയായി എത്തിയ ലക്ഷ്മി പ്രിയതമന്റെ ഇഷ്ടത്തിനു പൂർണപിന്തുണയേകിയതോടെ പുതുചരിത്രംപിറന്നു.
ധവളവിപ്ലവത്തിന്റെ "ഭാഗ്യലക്ഷ്മി'
പറവൂർ ഇളങ്കുന്നപ്പുഴ നെല്ലാട്ട് കലാധരമേനോന്റെയും ഗിരിജയുടെയും രണ്ടു പെണ്മക്കളിൽ മൂത്തയാളായ ലക്ഷ്മിക്ക് പശുവിനെ പരിപാലിച്ച് യാതൊരു പരിചയവും ഇല്ലായിരുന്നു. പക്ഷേ, ഈ എംബിഎക്കാരി ഭർത്താവിന്റെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ തീരുമാനിച്ചതോടെ വെസ്റ്റ്കൊരട്ടി വാപ്പറന്പിൽ "ലക്ഷ്മി ഡയറി ഫാം’ പിറവികൊണ്ടു.
ഇന്ന് ഇവിടെയുള്ള 68 പശുക്കളിൽ 55 എണ്ണം കറവപ്പശുക്കളാണ്. ബാക്കിയുള്ളവ ഗർഭിണികളും. പ്രതിദിനം 750 ലിറ്ററിലധികം പാൽ ലഭിക്കും. രാവിലെ 450 ലിറ്ററും ഉച്ചതിരിഞ്ഞ് മുന്നൂറും. 350-400 ലിറ്റർ പാലാണ് ക്ഷീരസംഘത്തിൽ അളക്കുന്നത്. കൂടാതെ വീടിനോടുചേർന്നുള്ള തൊഴുത്തിലുമുണ്ട് ഏഴു പശുക്കൾ. ഇതിൽ മൂന്നെണ്ണത്തിനേ ഇപ്പോൾ കറവയുള്ളൂ. ബാക്കിയുള്ള പശുക്കൾ ഗർഭിണികളാണ്.
ഫാമിലെ പശുക്കളിൽ 40 എണ്ണം ജഴ്സിയാണ്. പിന്നെ എച്ച്എഫ്, ക്രോസ് എന്നിവയും. പേരിന് ഓരോ ഗിർ, സഹിവാൾ, സിന്ധി എന്നീ നാടൻപശുക്കളുമുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഫാമിൽ ആറു നേപ്പാളികൾ സഹായത്തിനുണ്ട്.
പുല്ലരിയലും കുളിപ്പിക്കലും തീറ്റകൊടുക്കലും എല്ലാം ഇവർ ചെയ്യും. ചിലർ ശിവദാസനോടൊപ്പം കറവയ്ക്കും കൂടും. എല്ലാത്തിനെയും കൈകൊണ്ടുകറന്നാണു പാലെടുക്കുന്നത്. മെഷീൻ കറവ ഇവിടെയില്ല.
അതിരാവിലെ പാലുമായി...
പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്ന ശിവദാസനും കുടുംബവും പശുക്കളെ കറന്ന് പാലുമായി ആറു കിലോമീറ്റർ അകലെയുള്ള പാളയംപറന്പ് ക്ഷീരസഹകരണസംഘത്തിൽ എത്തും. ഈ യാത്രയിൽ ഇരുപതോളം പോയിന്റുകളിലായി തന്നെ കാത്തുനിൽക്കുന്ന 100-110 ഉപഭോക്താക്കൾക്കായി 120 ലിറ്ററോളം പാൽ അളന്നു നൽകും.
അവർ കൊണ്ടുവരുന്ന പാത്രത്തിലേക്കു ലിറ്റർപാത്രംകൊണ്ട് അളന്ന് ഒഴിച്ചുകൊടുക്കുക എന്നതാണു രീതി. അല്ലാതെ പായ്ക്കിംഗ് ഇല്ല. ലിറ്ററിന് 60 രൂപ നിരക്കിലാണ് ചില്ലറ വില്പന. കൂടാതെ പ്രതിദിനം 130 ലിറ്ററോളം വീട്ടിലും 100 ലിറ്ററിലധികം ഹോട്ടലുകൾക്കും നൽകുന്നുണ്ട്.
ശിവദാസന്റെ പേരിൽ വെസ്റ്റ് കൊരട്ടി ക്ഷീരസംഘത്തിൽ 100-125 ലിറ്റർ ദിനംപ്രതി അളന്നിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഇതുവേണ്ടെന്നുവച്ചു. സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് 45 രൂപ നിരക്കിൽ ലഭിക്കുന്പോൾ വ്യക്തികളിൽനിന്നും ലഭിക്കുന്നത് 60 രൂപയാണ്.

മക്കൾക്കും പ്രിയം
ഇപ്പോൾ യൂറോപ്പിലെ മോണ്ടിനിഗ്രോയിൽ പഠിക്കാനായി പോകുവാൻ ഒരുങ്ങിനിൽക്കുന്ന മൂത്തമകൻ മഹാദേവനും രണ്ടാമൻ അനന്തകൃഷ്ണനും (പത്താം ക്ലാസ് വിദ്യാർഥി, സെന്റ് ജോസഫ്സ് എച്ച്എസ്, പൂവത്തുശേരി) ഗോപരിപാലനത്തിൽ തങ്ങളെ ഏറെ സഹായിക്കുന്നുണ്ടെന്നു ശിവദാസനും ലക്ഷ്മിയും പറഞ്ഞു.
"മൂത്തവൻ കുറച്ചു വർഷങ്ങളായി നന്നായി പശുവിനെ കറക്കും. അവൻ വിദേശത്തേക്കു പോകുന്നത് എനിക്കൊരു ക്ഷീണമാണ്. പിന്നെ അവരുടെ ഭാവികൂടി നോക്കണ്ടേ. എന്റെ കുടുംബം കഴിയുന്നതും കുട്ടികളുടെ പഠനവും ആശുപത്രിച്ചെലവും എല്ലാം ഇതിലൂടെയാണു നടക്കുന്നത്.
അതുകൊണ്ടുതന്നെ ക്ഷീരകൃഷി നഷ്ടമല്ല. കാലിത്തീറ്റയ്ക്കു വിലവർധിച്ചതോടെ ലാഭം അല്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും, മാന്യമായി ജീവിച്ചുപോകാൻ ഇതുകൊണ്ടാകും. പക്ഷേ, നല്ല കഷ്ടപ്പാടുണ്ട്. പൂർണഗർഭിണികളായ പശുക്കൾ ഉള്ളപ്പോൾ രാത്രികിടന്നാൽ ഉറക്കംപോലും വരില്ല’ ശിവദാസൻ പറഞ്ഞു. ഇളയ മകൾ അഞ്ചാംക്ലാസുകാരിയാണ്.
ക്ഷീരകർഷകർ കുറയുന്നു
കഴിഞ്ഞവർഷം അന്നമനട പഞ്ചായത്തിൽ പാല് തരുന്ന 1500 ഉരുക്കളാണ് (പശുവും എരുമയുംകൂടി) ഉണ്ടായിരുന്നത്. ഈ വർഷം അത് 690 ആയി കുറഞ്ഞു. ആരും ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നില്ല. കാരണം, കഷ്ടപ്പെടാൻ പലർക്കും മനസില്ല.
പാലിനും പാലുത്പന്നങ്ങൾക്കും ഡിമാൻഡ് ഉണ്ടെങ്കിലും മറ്റുപല ബിസിനസുംപോലെ ലാഭം ഇല്ലാത്തതിനാൽ പുതുതലമുറ വളരെ കുറച്ചേ ഇതിലേക്കു വരുന്നുള്ളൂ. പുതിയ കർഷകർക്കു സർക്കാർ ആനുകൂല്യം നൽകുന്നുണ്ടെങ്കിലും പലരും അത് ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതി മൃഗാശുപത്രിവഴി കിട്ടുന്നതു വലിയൊരു ആശ്വാസമാണ്.
ഇതിന് ഒരു വർഷം 1300 രൂപ മാത്രമാണു പ്രീമിയം തുക. പശുക്കൾക്ക് മരണം സംഭവിച്ചാൽ 65,000രൂപ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സ്വകാര്യ ഏജൻസി വഴിയാണെങ്കിൽ ഇതിന് 5000ത്തോളം രൂപ വരും.
പ്രളയത്തെ അതിജീവിച്ച വിജയം
018ലെ പ്രളയത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ഒരു പശു ഒഴുകിപ്പോയി. ഫാം, മോട്ടോർ, ജനറേറ്റർ എന്നിവയ്ക്കു വലിയ നാശം ഉണ്ടായി; അനേകം പശുക്കൾക്ക് രോഗാവസ്ഥയും. പശു നഷ്ടപ്പെട്ടതിനു ക്ഷീരവികസന വകുപ്പിൽനിന്ന് 30,000 രൂപ കിട്ടി.
നാശം കണക്കിലെടുത്ത് മൃഗസംരക്ഷണവകുപ്പിൽനിന്ന് 40,000 രൂപയും കുറച്ച് കാലിത്തീറ്റയും ലഭിച്ചു. "കാമധേനുക്കളിലൂടെ ലക്ഷ്മി കൊണ്ടുവന്ന ഭാഗ്യമാണ് തന്റെ ഇന്നത്തെ നേട്ടമെല്ലാം’ എന്നാണ് ശിവദാസൻ ഉറപ്പിച്ചു പറയുന്നത്.
ഫോണ്: 9446233180
ചിത്രങ്ങൾ: ടോജോ പി. ആന്റണി
Tags : Agriculture Karshakan