ജാനുവും ഫെബിയും ജൂലിയും ഇന്നു വലിയ സന്തോഷത്തിലാണ്. നോട്ടക്കാരൻ അഴകൻ എത്തുന്നതിനുമുമ്പായി തങ്ങളെ കുളിപ്പിക്കാനും തീറ്റ തരാനും തങ്ങളുടെ അമ്മ എത്തിയിട്ടുണ്ട്. പറഞ്ഞുവരുന്നത് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിക്കു സമീപത്തെ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ കോണ്വെന്റിലെ പശുഫാമിനെക്കുറിച്ചാണ്.
പശുക്കൾക്കും പശുഫാം നോട്ടക്കാരനും മറ്റു സഹായികൾക്കും എല്ലാം സിസ്റ്റർ ജോസഫൈൻ എസ്വിഎം അമ്മയാണ്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിക്കും നഴ്സിംഗ് കോളജിനും പുറകിലുള്ള മഠവും പരിസരവും പച്ചപ്പ് നിറഞ്ഞു നിൽക്കുകയാണ്.
കപ്പ, വാഴ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പാവൽ, കോവൽ എന്നിവയാണ് പ്രധാന കൃഷി. അതിരുകളിൽ തേക്കും മാവും പ്ലാവും ധാരാളമുണ്ട്. മൂത്ത ചക്കകൾ നിറഞ്ഞ നിരവധി ബഡ്ഡുപ്ലാവുകളും കൃഷിയിടത്തെ സമൃദ്ധമാക്കുന്നു.
കടപ്ലാവ്, പേര, ആത്ത, പപ്പായ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയും മറ്റു രണ്ടിടത്തായുള്ള മഠത്തിന്റെ കൃഷിഭൂമിയിലുണ്ട്. ഫാം സിസ്റ്റർ എന്നു മഠത്തിലെ സഹപ്രവർത്തകർ വിളിക്കുന്ന സിവിൽ എൻജിനിയറായ സിസ്റ്റർ ജോസഫൈൻ പതിനൊന്നു വർഷമായി കിടങ്ങൂരിലെ മഠത്തിലുണ്ട്.
പ്രീഡിഗ്രി പഠനത്തിനുശേഷം സഭാവസ്ത്രം സ്വീകരിച്ച ജോസഫൈൻ പിന്നീട് സിവിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി. മഠത്തിന്റെ തന്നെ കടുത്തുരുത്തി, അമനകര ഐടിസികളിൽ അധ്യാപികയായി പ്രവർത്തിച്ചു.
ജനറലേറ്റിന്റെ കീഴിൽ കുട്ടനാട് മുതൽ ബംഗളൂരു വരെയുള്ള മഠങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. കിടങ്ങൂർ ആശുപത്രി, മഠം എന്നിവയുടെ നിർമാണപ്രവർത്തന മേൽനോട്ട ചുതമല വഹിക്കുമ്പോഴും കൃഷിയും പശുവളർത്തലും ഒരു ഹരമായി സിസ്റ്റർ മുന്നോട്ടു കൊണ്ടുപോവുകയാണ്.
പേരും ജനനമാസവും
അഞ്ചു പശുക്കളും രണ്ടു കിടാരികളുമാണ് ഫാമിൽ ഉള്ളത്. മഠത്തിലെ തൊഴുത്തിൽ ജനിച്ച പശുക്കളാണ് എല്ലാം. രേഖകൾ സൂക്ഷിക്കേണ്ടതിനാൽ ജനിച്ച മാസം കണക്കാക്കി പശുക്കൾക്ക് പേരിടും, ജനുവരിയിൽ ജനിച്ച കിടാവ് ജാനു, ഫെബ്രുവരിയിലേത് ഫെബി, ജൂണിലേത് ജൂലി എന്നിങ്ങനെ.
ഡിസംബർ 25ന് ജനിക്കുകയാണെങ്കിൽ ക്രിസ്റ്റി എന്ന പേരുനൽകുമെന്നും സിസ്റ്റർ പറഞ്ഞു. രാവിലെ പത്തുമണിക്കും വൈകുന്നേരം ആറുമണിക്കുമാണ് പശുക്കളെ കറക്കുന്നത്. പറന്പിലെ കൃഷിപ്പണികൾക്കും പശുക്കൾക്കുള്ള പുല്ല് അരിയുന്നതിനുമായി മാത്തുക്കുട്ടി, തോമസ് എന്നീ സഹായികളുമുണ്ട്.
പശുത്തൊഴുത്തിലെ പണികളെല്ലാം സിസ്റ്ററിന്റെയും അഴകന്റെയും നേതൃത്വത്തിലാണ് ചെയ്യുന്നത്. അഴകൻ മറ്റു ഫാമുകളിലും കറവയ്ക്കു പോകുന്നതിനാലാണ് ആദ്യ കറവ രാവിലെ പത്തിനു നടക്കുന്നത്. നാല്പതിലധികം ലിറ്റർ പാൽ പതിവായി ലഭിക്കും.
പശുക്കളിലേതെങ്കിലും ചനയിലാണെങ്കിൽ കുറവുണ്ടാകും. ഇരുപത്തിയഞ്ച് ലിറ്ററോളം പാൽ മഠത്തിലെ ആവശ്യത്തിന് ഉപയോഗിക്കും. ബാക്കി മഠവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ആവശ്യക്കാർക്കും നൽകും.
പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് പശുക്കൾക്ക് നൽകുന്നത്. പശുക്കൾക്ക് വെള്ളം കുടിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്.

അറുപതംഗ കുടുംബം
മഠത്തിൽ നാല്പത്തിയഞ്ച് കന്യാസ്ത്രീമാരുൾപ്പെടെ അറുപത് അന്തേവാസികളാണുള്ളത്. കന്യാസ്ത്രീകളിൽ അഞ്ചു ഡോക്ടർമാരും ആശുപത്രിയിലെ മറ്റു ഡിപ്പാർട്ടമെന്റ് ജീവനക്കാരുമുണ്ട്. കൂടാതെ വിശ്രമജീവിതം നയിക്കുന്നവരുമുണ്ട്.
കന്യാസ്ത്രീമാരെ മൂന്നായി തിരിച്ചാണ് മഠത്തിലെ ജോലികൾ വിഭജിച്ച് നൽകിയിരിക്കുന്നത്. സിസ്റ്റർ ജോസഫൈൻ അസിസ്റ്റന്റ് മദറിന്റെ ചുമതലയും നിർവഹിച്ചുവരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും മദർ സിസ്റ്റർ റ്റിറ്റി എസ്വിഎമ്മിന്റെ പിന്തുണയുണ്ട്.
അമ്മഞ്ചേരി വടകര ജോസഫ്-റോസമ്മ ദമ്പതികളുടെ പത്തു മക്കളിൽ ഒരാളായാണ് സിസ്റ്റർ ജനിച്ചത്. എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്ന പിതാവ് ജോസഫിനും അമ്മയ്ക്കും കൃഷികാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്നു.
ഹൈറേഞ്ചിലെ ജോലി സ്ഥലത്തുനിന്നുമെത്തിച്ച കുരുമുളകു ചെടികളും മറ്റും പിതാവ് വീട്ടിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചിരുന്നു. പിതാവിന്റെ പാരന്പര്യത്തിൽനിന്നാണു തനിക്കു കൃഷിക്കന്പം ഉണ്ടായതെന്ന് സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ ജോസഫൈന്റെ സഹോദരി സിസ്റ്റർ അനസ്റ്റസ് ഹൈദരാബാദ് മിണ്ടാമഠത്തിൽ ദൈവവേല ചെയ്യുന്നു. ബാക്കി സഹോദരങ്ങൾ അമേരിക്കിയിലും ബ്രിട്ടനിലും കുടുംബത്തോടൊപ്പം കഴിയുന്നു. അടുത്തവർഷം സിസ്റ്റർ ജോസഫൈൻ സഭാവസ്ത്രം സ്വീകരിച്ചതിന്റെ അന്പതാംവാർഷികമാണ്.
നിലവിൽ ആശുപത്രിക്കെട്ടിടത്തിന്റെയും വൃദ്ധസദനത്തിന്റെയും നിർമാണപ്രവർത്തനങ്ങൾ ലിറ്റൽ ലൂർദ് മിഷൻ ആശുപത്രിയിലും മഠത്തിലും നടക്കുന്നുണ്ട്.
ഇവയുടെ മേൽനോട്ടത്തിനൊപ്പം കൃഷിപ്പണിയും പശുഫാമിലെ തിരക്കുമായി സിസ്റ്റർമാരുടെയും ജീവനക്കാരുടെയും പ്രിയപ്പെട്ട ഫാം സിസ്റ്റർ ദൈവവേലയിലാണ്.

മഠത്തിലെ പാചകം ബയോഗ്യാസിൽ
തൊഴുത്തിൽനിന്നുള്ള ചാണകവും മൂത്രവും ബയോഗ്യാസ് നിർമാണത്തിന് ഉപയോഗിക്കുന്നു. ചപ്പാത്തി ചുടുന്നത് ഒഴിച്ച് ബാക്കി മഠത്തിലെ അടുക്കളയിലെ എല്ലാ പാചകവും ബയോഗ്യാസിലാണ്. രാവിലത്തെ കറവയ്ക്കുശേഷം പശുക്കൾക്ക് തീറ്റ നൽകി, കൂട്ടിലെ ചാണകം ബയോഗ്യാസ് പ്ലാന്റിലേക്ക് കലക്കി ഒഴിക്കുകയാണ് പതിവ്.
ഗ്യാസ് നിർമാണത്തിനുശേഷം പ്ലാന്റിൽനിന്നുള്ള സ്ലറി പൈപ്പിലൂടെയെത്തിച്ച് കൃഷിയിടത്തിൽ വളമായി ഉപയോഗിക്കും. പറന്പിലെ കപ്പയ്ക്കും കാച്ചിലിനും ചേനയ്ക്കുമുള്ള പ്രധാനവളമാണ് സ്ലറി. മഠത്തിലെ മുറ്റത്തും പരിസരത്തും പുറത്തെ വഴികളിലും ഗ്രോബാഗുകളിൽ ഇഞ്ചിക്കൃഷിയുണ്ട്. ചെടിച്ചട്ടികളിൽ പൂത്തുനിൽക്കുന്ന അഡീനിയം കണാൻ നല്ല ഭംഗിയാണ്.
വടവൃക്ഷങ്ങളുടേതുപോലെ വലുപ്പമേറിയ ചുവടുഭാഗവും നല്ല പൂക്കളുമുള്ള ബോണ്സായ് പോലെ തോന്നുന്ന ചെടികൾ ആരെയും ആകർഷിക്കും. മഠത്തിലെ വലിയ കിണറ്റിൽ കരിമീൻ ഉൾപ്പെടെയുള്ള മീനുകളെയും വളർത്തുന്നു. ഗോതമ്പു ചേമ്പിലയുമാണ് മീനുകൾക്കു ഭക്ഷണം.
സിസ്റ്റർ ജോസഫൈൻ എസ്വിഎം
ഫോണ്: 9447294625
ചിത്രങ്ങൾ: അനൂപ് ടോം
Tags : Agriculture Kidangoor