രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര വികസനമേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. കർഷകുടെ വീട്ടുപടിക്കൽ സേവനം, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി എന്നിവ എടുത്തുപറയാവുന്ന നേട്ടമാണ്.
പാലുത്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ക്ഷീരകർഷകർ തൃപ്തരല്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അന്താരാഷ്ട്ര മൃഗസംരക്ഷണ ദിനവും ദേശീയ ക്ഷീര ദിനവും ആചരിക്കുന്ന അവസരത്തിൽ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫിന് നൽകിയ അഭിമുഖം.
സംസ്ഥാനത്തു മൃഗസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികൾ? കന്നുകാലികളുടെയും ക്ഷീരകർഷകരുടെയും എണ്ണം കുറയുന്നു സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ?
കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്നത്. ഇതിനായി 76 ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.
12 ജില്ലാ കേന്ദ്രങ്ങളിൽ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളോടു കൂടിയ മൊബൈൽ സർജറി യൂണിറ്റുകൾ, 156 കേന്ദ്രങ്ങളിൻ രാത്രികാല അടിയന്തിര ചികിത്സാ സംവിധാനം, കന്നുകുട്ടി പരിപാലന പദ്ധതി, ഇടത്തരം ഡയറി ഫാമുകൾക്കായി സമഗ്ര ഫാം എയ്ഡ് പാക്കേജ്, 1962-കോൾ സെന്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 31 മൃഗാശുപത്രികൾ എന്നിവ നടപ്പിലാക്കി.
കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്ന നഷ്ടപരിഹാരതുക വർധിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കുവാൻ ന്ധഇ-സമൃദ്ധ’ പദ്ധതി, സംരംഭകത്വ വികസന സെൽ എന്നിവ സ്ഥാപിച്ചു.
കന്നുകാലികളുടെയും കർഷകരുടയും എണ്ണം കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും പാലുത്പാദനത്തിൽ കുറവ് വന്നിട്ടില്ല. വകുപ്പ് മുഖേന നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലൂടെ അത്യുത്പാദന ശേഷിയുള്ള ഒരു കന്നുകാലി സന്പത്തു നമുക്കുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണത്.
തെരുവുനായ ശല്യവും പേവിഷബാധയും വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ അആഇ സെന്ററുകൾ ആരംഭിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണ കുറവാണ്. തെരുവുനായ ശല്യം കുറയ്ക്കാനും പേവിഷ ബാധതടയാനുമുള്ള നടപടികൾ?
സംസ്ഥാനത്തു 2019 സെൻസസ് പ്രകാരം സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 2.89 ലക്ഷവും വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 8.3 ലക്ഷവും ആണ്. നിലവിൽ സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള ആകെ 17 എബിസി കേന്ദ്രങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാലും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പൊതുജനങ്ങളുടെ എതിർപ്പ് പല സ്ഥലങ്ങളിലും വളരെയധികം രൂക്ഷമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോർട്ടബിൾ അആഇ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.
ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാപിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണിത്. ഇതുകൂടാതെ ഉത്തരവാദിത്വമുള്ള വളർത്തുമൃഗ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലൈസൻസ് മുഖേന നേടിയെടുത്ത് അവയെ വളർത്തുക എന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതായിട്ടുണ്ട്.
നമ്മുടെ വീടുകളിലെ മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയാതിരിക്കുവാനും അതു ശാസ്ത്രീയമായി സംസ്കരിച്ച് അതുവഴി അവയെ ഭക്ഷണമാക്കുന്ന തെരുവ് നായ്ക്കളുടെ വംശവർധനവ് തടയുവാനും ഓരോ പൗരനും കഴിയും.
സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചു?
2024-25 വർഷം 55.92 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മുൻ വർഷങ്ങളിൽ സർക്കാരിൽനിന്ന് അനുവദിച്ച തുകയുടെ 95 ശതമാനത്തോളം കർഷകക്ഷേമത്തിനായി ഉപയോഗപ്പെടുത്തുവാൻ ക്ഷീരവികസനവകുപ്പിന് സാധിച്ചിട്ടുണ്ട്.
സങ്കരയിനം പശുക്കളുടെ പ്രതിദിന പാലുത്പാദന ശേഷിയിൽ വന്ന വർധനവിലൂടെ പശുക്കളുടെ ഉൽപാദന ക്ഷമതയിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു (ഒരു പശുവിന് ശരാശരി പ്രതിദിനം 10.79 ലിറ്റർ).
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 24,000ത്തോളം പുതിയ ഉരുക്കളെ നമ്മുടെ സ്റ്റോക്കിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം, ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക്, ക്ഷീരലയം/ക്ഷീരതീരം പദ്ധതികൾ, ബാങ്ക് ഇന്ററസ്റ്റ് സബ് വെൻഷൻ സ്കീം, ഇടുക്കി സ്പെഷൽ പാക്കേജ്, ഹെർഡ് ക്വാറന്റെെൻ കം ക്യാറ്റിൽ ട്രേഡിംഗ് സെന്റർ എന്നിവ നടപ്പിലാക്കി.

കന്നുകാലി, കോഴിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് തീറ്റ ഗുണനിലവാര നിയമം നടപ്പാക്കുന്നത് സംബന്ധിച്ച്?
കേരള കന്നുകാലി, കോഴിവർഗതീറ്റ, ധാതുലവണ മിശ്രിതം (നിർമാണവും, സംഭരണവും, വിതരണവും, വില്പനയും നിയന്ത്രിക്കലും ഗുണനിലവാരം ഉറപ്പാക്കലും)-ആക്ട് 2023 നവംബർ 12 തീയതിയിൽ ഗവർണർ അംഗീകരിച്ചിരുന്നു. നിയമവുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ നിലവിൽ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
കന്നുകാലി വളർത്തൽ ലാഭകരമല്ലെന്നു പറഞ്ഞ് കർഷകർ ഈ മേഖല വിടുകയാണ്. ക്ഷീര കർഷകർക്ക് ഉത്പാദന ചെലവ് അനുസരിച്ചുള്ള വില ലഭിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ?
ക്ഷീര സംഘങ്ങളിൽ കർഷകർ നൽകുന്ന പാലിന്റെ വില നിശ്ചയിക്കുന്നത് സർക്കാർ അംഗീകാരത്തോടെ മിൽമ രൂപീകരിക്കുന്ന പാൽവില ചാർട്ട് പ്രകാരമാണ്.
നിലവിൽ കർഷകർക്ക് പാൽവില നൽകുന്നത് 2022 ഡിസംബറിലെ വില ചാർട്ട് പ്രകാരമാണ്. വർധിച്ച വേതന നിരക്കും കാലിത്തീറ്റയുടെ വില വർധനവും മറ്റു പ്രാദേശിക തീറ്റ വസ്തുക്കളുടെ ദൗർലഭ്യവും കാരണം പാലുൽപാദന ചെലവ് വർധിച്ചു വരികയാണ്.
ഈ സാഹചര്യത്തിൽ ക്ഷീരകർഷകർ ഈ മേഖലയിൽനിന്നു കൊഴിഞ്ഞുപോകുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു. കേരളത്തിന്റെ ആഭ്യന്തര പാലുത്പാദനവും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കുന്നതിനും ക്ഷീരകർഷകരെ ഈ മേഖലയിൽനിലനിർത്തുന്നതിനും കാലോചിതമായ വില വർധനവ് അനിവാര്യമാണെന്ന് കർഷക പ്രതിനിധികൾ, സഹകാരികൾ, സംരംഭകർ തുടങ്ങിയവർ വിവിധ വേദികളിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്.
ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് ക്ഷീരവികസന വകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുള്ളതും പാൽവില ചാർട്ട് പരിഷ്കരിക്കുന്നതിനായുള്ള നടപടികൾക്കായി മിൽമയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്.
വനിതകളേയും യുവാക്കളേയും ക്ഷീരമേഖലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ?
യുവ സംരംഭകരെ ആകർഷിക്കുവാൻവേണ്ടി പ്രത്യേക 10 പശു യൂണിറ്റ് പദ്ധതിയായ സ്മാർട്ട് ഡയറി യൂണിറ്റുകൾ (ക്ഷീരയുവ) നടപ്പിലാക്കി വരുന്നു. ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരകർഷകർക്കായുള്ള എല്ലാ പദ്ധതികൾക്കും വനിതകൾക്ക് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാണ് വകുപ്പിന്റെ ഓണ്ലൈൻ പോർട്ടലായ ക്ഷീരശ്രീ സംവിധാനം ചെയ്തിരിക്കുന്നത്.
പാലുത്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി സെക്സ് സോൾട്ടഡ് സെമൻ ടെക്നോളജി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ നടപ്പിലാക്കാൻ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ ഏതൊക്കെയാണ്?
2023 ആഗസ്റ്റിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ആരംഭിച്ച പദ്ധതി നിലവിൽ എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ കർഷകരുടെ കൈവശമുള്ള ഉത്പാദനക്ഷമത കൂടിയ തെരഞ്ഞെടുക്കപ്പെട്ട ഉരുക്കളിൽ വർധിച്ച ജനിതകമൂല്യമുള്ള ലിംഗ നിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തി. 90% കൃത്യതയോടെ പശുക്കുട്ടികളെ മാത്രം ഉത്പാദിപ്പിക്കുകയും അതുവഴി വർധിത ഗുണമേ·യുള്ള കന്നുകാലികളെ സൃഷ്ടിക്കാനും സാധിക്കും.
മൃഗസംരക്ഷണം വീട്ടുപടിക്കൽ എത്തിക്കാൻ വകുപ്പ് ശ്രമിക്കുന്പോഴും ആവശ്യത്തിനു ജീവനക്കാരില്ലാത്തതു പ്രശ്നം സൃഷ്ടിക്കുന്നില്ലേ? മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവുകൾ സംബന്ധിച്ച് ചില പരാതികൾ ഉണ്ട്. ഒഴിവ് നികത്തുന്നതിനു വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്?
നിലവിൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും കേരള പുനനിർമാണ ഫണ്ട് ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ കൊണ്ടുവന്ന 47 മൊബൈൽ യൂണിറ്റുകളുമായി കൂടിച്ചേർത്ത് 76 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ജീവനക്കാരെ കൃത്യമായി നിയോഗിക്കുന്നതിനായി ഓരോ ജില്ലയിലും ജീവനക്കാരെ നിയമിക്കുന്നതിനായി നടപടികൾ പൂർത്തീകരിച്ച് വെയിറ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ തയാറാക്കിയിട്ടുണ്ട്.
മിൽമയും മറ്റു സഹകരണ സംഘങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളികൾ?
ഇടത്തട്ടുകാരുടെ ചൂഷണംകൊണ്ട് ബുദ്ധിമുട്ടിയിരുന്ന ഒരു ക്ഷീരകർഷക സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു. അതിൽനിന്നൊരു മാറ്റം ഉണ്ടാകുന്നത് ഈ മേഖലയിലേക്കു സഹകരണ പ്രസ്ഥാനം കടന്നുവന്നതോടു കൂടിയാണ്.
എന്നാൽ, ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഈ കാലഘട്ടത്തിൽ ക്ഷീര സഹകരണ പ്രസ്ഥാനങ്ങളും പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. താരതമ്യേന ഉത്പാദനച്ചെലവു കൂടിയ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പാലിന് അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിലകുറഞ്ഞ പാൽ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ ഒരു സൗകര്യം മുതലാക്കി ധാരാളം സ്വകാര്യ സംരംഭകരും അന്യസംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് പാൽ വാങ്ങി കേരളത്തിൽ വിപണനം നടത്തുന്നുണ്ട്. ഗുണമേ·യുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും നൽകാതെയാണ് ഇത്തരത്തിലുള്ള പാൽ കച്ചവടം പുരോഗമിക്കുന്നത്. മികച്ച ലാഭമുള്ളതുകൊണ്ട്കച്ചവടക്കാർക്കും ഇത്തരം പാൽവിൽപന നടത്തുന്നതിൽ താല്പര്യം കൂടുതലാണ്.
ഇ-സമൃദ്ധ ഉൾപ്പെടെ മൃഗസംരക്ഷണ മേഖലയിൽ ഡിജിറ്റൽവത്കരണത്തിനു പദ്ധതികൾ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്, ഇത്തരം പദ്ധതികളെക്കുറിച്ചു വിശദമാക്കാമോ?
കേരളത്തിലെ മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കാനാണ് ന്ധഇ-സമൃദ്ധ’ പദ്ധതി വഴി ലക്ഷ്യമിടുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കിയ ഈ പദ്ധതിയുടെ സേവനം എല്ലാ ജില്ലകളിലെയും ചികിത്സാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
7.525 കോടി രൂപ ചെലവഴിച്ചു റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻവഴി കർഷകർക്കു ചികിത്സാ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും മൃഗപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു സേവനങ്ങളെല്ലാംതന്നെ വിരൽത്തുന്പിൽ ലഭ്യമാക്കാനും സാധിക്കും.
അടിയന്തരഘട്ടങ്ങളിൽ കർഷകരുടെ വീട്ടുപടിക്കൽ ചികിത്സാ സേവനം നൽകുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനവും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുവാൻ സാധിക്കും.
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ജന്തു ജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ജന്തുജന്യ രോഗനിവാരണത്തിനു നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ?
പ്രധാനപ്പെട്ട ജന്തുജന്യരോഗങ്ങളായ പേവിഷബാധ, എലിപ്പനി, ക്ഷയം, ബ്രൂസല്ലോ സിസ്, ആന്ത്രാക്സ് എന്നിവയുടെ രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ പാലോട് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് റഫറൽ ലബോറട്ടറിയായ ടകഅഉ -ൽ ലഭ്യമാണ്.
പേവിഷബാധ രോഗ നിർണയത്തിനുള്ള സൗകര്യം വകുപ്പിന്റെ തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ലാബുകളിലും കൊല്ലം ജില്ലാ ലാബിലും ലഭ്യമാണ്. കൂടാതെ രണ്ടു വെറ്ററിനറി കോളേജുകളിലും പേവിഷ ബാധനിർണയം നടത്തി വരുന്നു.
വിഷൻ 2031 എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ വിഷൻ 2031 മായി ബന്ധപ്പെട്ട് മന്ത്രിക്കു പങ്കുവയ്ക്കാനുള്ള പ്രതീക്ഷകളും ആശയങ്ങളും എന്തെല്ലാമാണ്?
2031ൽ കേരളത്തിലെ മൃഗചികിത്സയിലും ക്ഷീര മേഖലയിലും അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ മുൻകൂട്ടി കാണുകയും പാൽ ഉത്പാദനത്തിലും മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തിലും സ്വയം പര്യാപ്തമായ ഒരു കേരളം സാധ്യമാവുകയും വർധിച്ചുവരുന്ന ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു സമീപനരേഖ തയാറാക്കുന്നതിന് ഒരു സെമിനാർ കൊല്ലം ജില്ലയിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ വഴി ഉരുത്തിരിയുന്ന ആശയങ്ങൾ മിഷൻ 2031 നയ സമീപന രേഖയിൽ ഇടം പിടിക്കും. തെരുവുനായ ശല്യത്തിനും പേവിഷബാധ തടയുന്നതിനും ശാശ്വതമായ പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ കൂട്ടായ്മയും പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണ്.
1962 എന്ന നാലക്ക നന്പറിൽ വിളിച്ചാൽ കർഷകരുടെ വീട്ടുപടിക്കൽ സേവനം എത്തിക്കുന്നതിന് നിലവിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്, പക്ഷേ ഈ പദ്ധതിയിൽ കർഷകർക്ക് സേവനം നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫീസ് കൂടുതലാണെന്ന പരാതിയുണ്ട്. കർഷകരുടെ വീട്ടുപടിക്കൽ ഉള്ള സേവനം പൂർണമായും സൗജന്യമാക്കാൻ കഴിയില്ലേ ?
മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ നിലവിൽ രണ്ട് ബ്ലോക്കുകൾക്കൊന്ന് എന്ന നിലയ്ക്കാണ് സജ്ജീകരിച്ചിട്ടുള്ളത്. സമീപഭാവിയിൽ തന്നെ എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി സേവനം (ങഢഡ)ലഭ്യമാക്കും. അടിയന്തര മികച്ച ചികിത്സാ സേവനം എന്ന നിലയ്ക്കാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
അടിയന്തരമല്ലാത്ത സാഹചര്യത്തിൽ മൃഗചികിത്സക്ക് എല്ലാ ഗ്രാമപഞ്ചായത്തിലും മൃഗസംരക്ഷണ വകുപ്പിന് മൃഗാശുപത്രികൾ ഉണ്ട്. അവിടെ സൗജന്യ ചികിത്സയാണ് നൽകുന്നത്. മൃഗാശുപത്രിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം മൂന്നു വരെയാണ്.
ഈ സമയത്തിനുശേഷം കർഷകരുടെ മൃഗങ്ങൾക്ക് അടിയന്തരചികിത്സ നൽകേണ്ട രോഗങ്ങൾ വന്നാൽ എത്രയും പെട്ടെന്ന് മരുന്നുകൾ സഹിതം ഡോക്ടറുടെ സേവനം വീട്ടുപടിക്കൽ എത്തിക്കാനാണ് ഈ പദ്ധതി.
കർഷകൻ നേരിട്ട് ഒരു ഡോക്ടറെ വിളിക്കുമ്പോൾ ഡോക്ടർ ഫീസ്, മരുന്നിന്റെ ചെലവ്, വണ്ടി വാടക നൽകേണ്ടിവരും. ആ ചെലവ് കണക്കിലെടുക്കുമ്പോൾ MVU ഫീസ് അധികമാണെന്ന് പറയാനാവില്ല. എന്നിരുന്നാലും ഫീസ് കുറയ്ക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
അരുമ മൃഗങ്ങളുടെ ചികിത്സയ്ക്ക് സർക്കാർ മൃഗാശുപത്രികളിലും കുറേക്കൂടി ആധുനികമായ സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ?
കോവിഡ്കാലത്തിനു ശേഷം അരുമ മൃഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൃഗാശുപത്രികളിൽ അരുമ മൃഗങ്ങൾക്ക് ചികിത്സ നൽകുന്നുണ്ട്. കൂടാതെ 50ഓളം വെറ്ററിനറി പോളി ക്ലിനിക്കുകളും ജില്ലാ കേന്ദ്രങ്ങളും വകുപ്പിലുണ്ട്.
കൂടാതെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടി സ്പെഷാലിറ്റി വെറ്ററിനറികേന്ദ്രം തിരുവനന്തപുരം കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്നു.
Tags : J. Chinchu Rani Minister Karshakan