വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ വിപുലമായ കാർഷിക പ്രവർത്തനങ്ങൾ നടത്തി നൂറുമേനി വിളവെടുക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെയും പിടിഎയുടെയും മാനേജ്മെന്റിന്റെയും പിന്തുണയോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനും വിദ്യാർഥികൾക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനും വിഷമില്ലാത്ത ധാരാളം പച്ചക്കറികൾ ഉല്പ്പാദിപ്പിക്കുന്നതിനും സ്കൂൾ കൃഷി കാരണമായിട്ടുണ്ട്.
പയർ, പച്ചമുളക്, വെണ്ട, വഴുതന, തക്കാളി, ചുരക്ക, കോവൽ, പാവൽ, പടവലം, മത്തൻ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. വിളവെടുക്കുന്നവ സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗിക്കുന്നു.
മികച്ച രീതിയിൽ വീടുകളിൽ കൃഷി ചെയ്യുന്ന കുട്ടിക്കർഷകരെ കണ്ടെത്തി ആദരിച്ചു വരുന്നു. പച്ചക്കറി കൃഷിക്കു പുറമെ വിദ്യാലയ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റുമൊക്കെ കൃഷി ചെയ്തു വരുന്നു.
വിളവെടുത്ത കരനെല്ല് പായസമായും ചോളം ചോളപ്പൊരിയാക്കിയും കാരറ്റ് ജ്യൂസാക്കിയും വിദ്യാർഥികൾക്ക് നൽകി ചരിത്രം കുറിക്കുകയാണ് ഈ വിദ്യാലയം.

വിദ്യാലയ അങ്കണത്തിൽ മുന്നൂറിലേറെപ്പേർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന ജൈവവൈവിധ്യ പാർക്കും ഇരുന്നൂറോളം വൃക്ഷതൈകൾ നട്ടു പരിപാലിക്കുന്ന വിദ്യാവനവും അൻപതിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള മുളങ്കൂട്ടങ്ങളും ഫലവൃക്ഷത്തോട്ടവും ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികളെല്ലാം നടപ്പാക്കുന്നത്. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ഒട്ടേറെ സംസ്ഥാന ജില്ലാ അംഗീകാരങ്ങളാണ് വേനപ്പാറ യുപി സ്കൂളിനെ തേടിയെത്തിയത്.
സംസ്ഥാന പരിസ്ഥിതി അവാർഡ്, വിദ്യാവനം പുരസ്കാരം എന്നിവ ഈ വർഷം ലഭിച്ച വിദ്യാലയത്തിന് ഹരിതകേരളം മിഷന്റെയും മുക്കം നഗരസഭയുടെയും മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോണ്: 9447396905
Tags : kutti karshakan school