മറയൂർ മലനിരകളിലെ ചിന്നാറിനടുത്ത് തായണ്ണൻകുടി പരമ്പരാഗത വിത്തുകളുടെയും വിളവുകളുടെയും വിളനിലമാണ്. കൈമോശം വന്നുപോയ വിത്തുകളെ തിരികെപ്പിടിച്ച് വനഭൂമിയിൽ കൃഷി ചെയ്യുന്നു.
മുതുവാൻ ഗോത്രവാസികൾ കൈമോശം വന്നുപോയ 38 ഇനം വിത്തുകൾ തിരികെപ്പിടിച്ച് തായണ്ണൻകുടിയിൽ കൃഷിയിറക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനവും മലകളും അതിരിടുന്ന തായണ്ണൻകുടി.
ഇവിടത്തെ വൈവിധ്യമാർന്ന കാർഷിക വിപ്ലവം ദേശത്തോളം പെരുമ നേടിക്കൊടുത്തിരിക്കുകയാണ്. റാഗി, ചീര, ബീൻസ്, കിഴങ്ങ് എന്നിവയുടെ വിവിധ ഇനങ്ങൾ. വിളവിലും രുചിയിലും എല്ലാം വ്യത്യസ്തം.
വിത്തുകളെ വീണ്ടെടുത്തു നടത്തുന്ന കാർഷിക വൈവിധ്യത്തിന് തായണ്ണൻകുടി സ്വന്തമാക്കിയ ബഹുമതികൾ ചെറുതൊന്നുമില്ല. പരന്പരാഗത വിത്തിനങ്ങളും കൃഷിരീതികളും പരിപാലിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 2018ലെ പ്ലാന്റ് ജിനോം സേവിയർ പുരസ്കാരം സ്വന്തമായിരിക്കുന്നു.
കീർത്തിപത്രവും പത്ത് ലക്ഷം രൂപയുമാണ് തായണ്ണൻകുടിക്കു കിട്ടിയ ബഹുമതി. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയുടെ കാർഷിക അവാർഡും ഇവർക്കു ലഭിച്ചു.
ചിന്നാർ പുഴയോരത്ത് തമിഴ്നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ട് മലയ്ക്കും വെള്ളക്കല്ല്മലയ്ക്കും മധ്യത്തിലുള്ള ആദിവാസി ഊരാണ് തായണ്ണൻകുടി. പുഴയിലെ വെള്ളം ചാലു കീറി കൃഷിയിടങ്ങളിലൂടെ സമൃദ്ധിയോടെ ഒഴുക്കുന്നു. ഭക്ഷണത്തിൽ സ്വാശ്രയത്വം നിലനിർത്താനാകുന്ന ആദിവാസി ഗ്രാമമാണിത്.
വെള്ള റാഗി, മട്ടതേങ്ങൻ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകമ്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടമ്പാറ റാഗി, മീൻ കണ്ണി, പൂവൻ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ, കുതിരവാലി, പുല്ലു തിന, കമ്പൻ തിന, മുളിയൻ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരക് എന്നിവയൊക്കെ തിരികെയെത്തിച്ചിരിക്കുന്നു.
ഇക്കൊല്ലം പതിനേഴര ടണ്‍ ചോളവും മൂന്നര ടണ്‍ ബീൻസും രണ്ടു ടണ്‍ റാഗിയും കഴിഞ്ഞ കൃഷിയിൽ വിളവെടുത്തു. വേണ്ടിടത്തോളം ചീരകളും പയറും റാഗിയും വിളയിക്കുന്നു. വിളവുകൾ എല്ലാവരും വീതം വച്ചെടുക്കുകയാണ്.
.jpg1765358979.jpg)
പുരുഷൻമാർക്കൊപ്പം സ്ത്രീകളും കൃഷിയിൽ സജീവമാണ്. കുടിലുകൾക്കുള്ളിൽ കുട്ടയിലും വട്ടിയിലും കുഴിയാലകളിലും തട്ടുകളിലുമൊക്കെ വിത്തും വിളവും ഇവർ കരുതലായുണ്ട്. കപ്പ, കിഴങ്ങ് ഇനങ്ങളും ഇവിടെ സുലഭം.
ജൈവ കൃഷിക്കു മേൽനോട്ടവും പരിപാലനവും വ്യാപനവുമൊക്കെ വനംവകുപ്പിന്റെ ആനമുടി വനവികസന ഏജൻസിയുടെ സഹകരണത്തോടെയാണ് നടത്തിപ്പോരുന്നത്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത കൃഷിയാണ് തായണ്ണൻകുടിയിൽ.
തിരികെ കൊണ്ടുവന്ന വിത്തുകൾക്കു പുറമെ നാടൻ പച്ചക്കറികളും നെല്ലും കിഴങ്ങുകളും കൃഷി ചെയ്യുന്നു. നൂറിലേറെ ഏക്കറിൽ ഇവിടെ പരമ്പരാഗത കൃഷി മടങ്ങിവന്നിരിക്കുന്നു. വർഷത്തിലെ ആദ്യ കൃഷി ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ എന്നിവയാണ്.
നെല്ല്, ബീൻസ് എന്നിവ രണ്ടാം കൃഷിയും. വളക്കൂറുള്ള ഈ കറുത്ത മണ്ണിൽ കാലിവളവും ഗോമൂത്രവും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. കൃഷിയിടത്തെ പരിപാവനമായി കണക്കാക്കുന്ന തായണ്ണൻകുടിക്കാർ നഗ്നപാദരായി മാത്രമെ വിളഭൂമിയിൽ പ്രവേശിക്കൂ.
ചിന്നാറിന്റെ കവാടത്തിൽ നക്ഷത്ര ആമയുടെ രൂപത്തിലുള്ള ഇക്കോ ഷോപ്പിൽ തായണ്ണൻകുടിക്കാരുടെ കാട്ടു തേൻ, ചോളപ്പൊടി, റാഗിപ്പൊടി, കാട്ടിലെ വിഭവങ്ങൾകൊണ്ടുള്ള അച്ചാറുകൾ, പുൽ തൈലം, ചന്ദനതിരി എന്നിവയും വിൽക്കുന്നു.