അതിരേത്? എതിരാര്?
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
പെട്ടെന്നാണ് ആറു പട്ടാളക്കാർ ഞങ്ങളുടെ വാഹനം വളഞ്ഞത്. ഒലിവ് ഗ്രീൻ കലർന്ന ഇരുണ്ട നിറത്തിലുള്ള യൂണിഫോമിൽ കൈകളിൽ എ.കെ. 203 റൈഫിളും ജാഗ്രതയുള്ള നോട്ടവുമായി അവർ ഞങ്ങളുടെ അടുത്തെത്തി. അല്പം അകലെ നിന്ന ഒരു വലിയ സ്റ്റാലിയൻ ട്രക്കിൽ നിറയെ പട്ടാളക്കാർ നാലുവശത്തേക്കും തോക്കു ചൂണ്ടിനിൽക്കുന്നു. ഞങ്ങൾ എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, വാഹനത്തിലുള്ളവർ ആരാണ്, ആധാർ കാർഡ് എവിടെ തുടങ്ങി വിശദമായ പരിശോധനകൾ... എല്ലാം ഓക്കെ എന്നു കണ്ടപ്പോൾ മുന്നോട്ടുപോകാൻ അനുമതി കിട്ടി.
സിഎംഐ സഭയുടെ ജമ്മു-കാഷ്മീഷിരിലെ മിഷനറിവൈദികരെ സന്ദർശിക്കാനെത്തിയ വൈദികരായിരുന്നു ഞങ്ങളുടെ വാഹനത്തിലുണ്ടായിരുന്നത്. ജമ്മുവിലെ ലംബേരി ക്രൈസ്റ്റ് സ്കൂൾ സന്ദർശിച്ചശേഷം നൗഷരയിലും രജൗരിയിലും പൂഞ്ചിലും ദെഗ്വാറിലുമുള്ള വിദ്യാലയങ്ങളും മിഷൻ പ്രവർത്തന മേഖലകളും ലക്ഷ്യംവച്ചാണ് ഞങ്ങൾ യാത്ര ചെയ്തത്.
നമ്മുടെ മാതൃരാജ്യത്തിന്റെ നെറുകയിലൂടെ സ്രഷ്ടാവിന്റെ വിസ്മയ നിർമിതികൾപോലെ ഉയര്്ന്നു നിൽക്കുന്ന മഹാമേരുക്കൾക്കു ചുവട്ടിലൂടെ.... അഗാധമായ ഗർത്തങ്ങൾക്കു മുകളിലൂടെ, വെൺകന്പിളി പുതച്ചുകിടക്കുന്ന ഹിമമലകൾകണ്ട് അതിശയിച്ചും മഞ്ഞു പാളികളിൽനിന്നും കൊടും തണുപ്പും നുള്ളിക്കൊണ്ടുവരുന്ന ശീതക്കാറ്റിന്റെ തലോടലേറ്റ് കുളിർന്നും കുതിർന്നുമായിരുന്നു ഞങ്ങളുടെ യാത്ര!
പ്രിയ കൂട്ടുകാരേ, ഞാനീ കത്ത് നിങ്ങൾക്കെഴുതുന്നത്, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ്. ലംബോരി മുതൽ ശ്രീനഗർവരെയുള്ള ഇടുങ്ങിയ പാതയിലെ 320-ലേറെ കിലോമീറ്റർ ദൂരം താണ്ടാൻ 10-15 മണിക്കൂറെങ്കിലും വേണം.
നമ്മുടെ രാജ്യത്തിന്റെ അതിർത്തിഗ്രാമങ്ങളിലൂടെയായിരുന്നു ഈ യാത്ര! അഖ്നൂറും സുന്ദർബാനിയും സുരങ്കോട്ടെയും പുൽവാമയും തനമണ്ടിയും തുടങ്ങി അതിസുരക്ഷയുള്ള അതിർത്തിഗ്രാമങ്ങളിലെല്ലാം സമ്പൂർണ്ണസജ്ജരായ നൂറുകണക്കിന് സായുധസന സദാനേരവും കണ്ണിമചിമ്മാതെ കാവലിരിക്കുകയാണ്.
സിന്ധൂർ ആക്രമണപരമ്പര അരങ്ങേറിയ പൂഞ്ചിലുൾപ്പെടെ പാക്കിസ്ഥാൻ അതിർത്തിയോടു തൊട്ടുകിടക്കുന്ന ദെഗ്വാറിലുമെല്ലാം എത്രയോ ജാഗ്രതയോടെയാണ് നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ പട്ടാളക്കാർ അതിർത്തികൾ സംരക്ഷിക്കുന്നത്!
നമ്മുടെ രാജ്യത്തിന് അതിരുകളുണ്ട്. അതിരിനപ്പുറത്ത് അയൽരാജ്യങ്ങളുണ്ട്. ഇന്ത്യയോടു സൗഹൃദവും ശത്രുതയുമുള്ള രാജ്യങ്ങളുണ്ട്. അതിനാൽ നമ്മുടെ രാജ്യത്തിന്റെ അതിരേത്, നമ്മോട് എതിരുള്ളവർ ആരെല്ലാം എന്ന് രാജ്യത്തിന് അറിയാം. അതിനനുസരിച്ചാണ് അതിരുകളിൽ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നത്.
നമ്മുടെ ജീവിതവും ലക്ഷ്യങ്ങളും , നമ്മുടെ വ്യക്തിത്വവും ബന്ധങ്ങളും സുരക്ഷിതമാണോ എന്നൂകൂടി ഗൗരവമായി ചിന്തിക്കണം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് അതിരുകളുള്ളതുപോലെ നമ്മുടെ വ്യക്തിബന്ധങ്ങൾക്കും അതിരുകൾവേണം.
ഏതു ബന്ധത്തിലും എതു പ്രവൃത്തിയിലും എന്റെ അതിരേത് എന്നും എതിരാര് എന്നു ഞാൻ അറിയണം. അതിരേത് എന്ന് അറിയുന്നവർ ഓരോ സമയത്തും എവിടെവരെ പോകാം എന്ന് ബോധമുള്ളവരാണ്. നമ്മുടെ ലക്ഷ്യത്തിലേക്കും വിജയത്തിലേക്കുമുള്ള യാത്രയിൽ, സുരക്ഷ കുറവുള്ള, ജാഗ്രത പാളുന്ന അതിരുകളിലൂടെ നമ്മുടെ എതിരാളികൾ നുഴഞ്ഞുകയറും. അവർ നമ്മെ നന്നാക്കാനല്ല, കൊള്ളയടിക്കാനാണ് വരുന്നത്.
നല്ല വ്യക്തിത്വങ്ങളുടെ അതിരുകളിൽ ദൈവവിശ്വാസം, മാതാപിതാക്കളോടും കുടുംബത്തോടും ഉറച്ച സ്നേഹം, അധ്യാപകരോടുള്ള ആദരവ്, സാഹോദര്യം, സേവനസന്നദ്ധത, കൃത്യനിഷ്ഠ, അച്ചടക്കം, സത്യസന്ധത, നീതിബോധം തുടങ്ങിയ കരുത്തുറ്റ മൂല്യങ്ങൾ പട്ടാളക്കാരായി ജാഗ്രതയോടെ കാവൽ നിൽക്കുന്നുണ്ടാകും.
ഇത്, ജൻ-സി ക്കാലം. നവമാധ്യമങ്ങളും ഇന്റർനെറ്റും നമ്മുടെ ധാർമ്മിക മൂല്യങ്ങളെ കീഴ്പ്പെടുത്തി നമ്മുടെ വ്യക്തിത്വ സുരക്ഷയിലേക്ക് അധിനിവേശം നടത്തുന്നുണ്ടോ എന്ന് നമുക്കു പരിശോധിക്കാം.
ചില അപരിചിത സൗഹൃദങ്ങൾ നമ്മുടെ നന്മമൂല്യസേനകളെ തകർത്ത് നുഴഞ്ഞുകയറി, നമ്മുടെ ജീവിതം അരക്ഷിതമാക്കുന്നുണ്ടോ, നമ്മുടെ ഉള്ളിലും കുടുംബത്തിലും ആഭ്യന്തരകലാപത്തിനു കാരണമാകുന്നുണ്ടോ എന്നും ശ്രദ്ധിക്കാം. എപ്പോഴും സ്വയം ചോദിക്കാം, എന്റെ അതിരേത്? എതിരാര്?
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
സംസ്ഥാന ബാഡ്മിന്റൺ: തൃശൂർ പ്രവിശ്യ ജേതാക്കൾ
തൊടുപുഴ: ഡി.സി.എൽ സംസ്ഥാന ബാഡ്മിന്റൺ (ഡബിൾസ്) ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും തൃശൂർ പ്രവിശ്യ ജേതാക്കളായി.
തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ . ദീപക് ഉദ്ഘാടനം ചെയ്തു . കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ചു. ഡിസിഎൽ സംസ്ഥാന സ്പോർട്സ് കോ - ഓർഡിനേറ്റർ ജെയ്സൺ പി ജോസഫ് , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർ എബി ജോർജ് എന്നിവർ പ്രസംഗിച്ചു .
ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പ്രവിശ്യയുടെ അനിരുദ്ധ് പി.ഡി - ജാക്ക് രാജ് ബാബു ടീമിനാണ് ( സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പാവറട്ടി ) കിരീടം . കോട്ടയം പ്രവിശ്യയെ പ്രതിനിധീകരിച്ച അലക്സ് ജേക്കബ് - നൈതൻ വിവി ബിനു ടീമിന് (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല് ) രണ്ടാം സ്ഥാനം ലഭിച്ചു . തൊടുപുഴ പ്രവിശ്യയുടെ ഡിനു ജോർജ് - ഡിറോൺ ജോസഫ് റോബി ടീം (സെന്റ്ജോസഫ്സ് ഹൈസ്കൂൾ പിറവം ) മൂന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പ്രവിശ്യയെ പ്രതിനിധീകരിച്ച സാൻവിയ റ്റി.എം - എലിയട്ട് ജോസ് ടീം ( കാർമൽ അക്കാദമി സി.എം.ഐ ഐസിഎസ്ഇ സ്കൂൾ ചാലക്കുടി) കിരീടം നേടി. തൊടുപുഴ പ്രവിശ്യയുടെ ആൻ റോസ് ജോജി , എയ്ഞ്ചൽ റോസ് ജോജി ടീമിനാണ് (ഡി പോൾ പബ്ലിക് സ്കൂൾ തൊടുപുഴ ) രണ്ടാം സ്ഥാനം. കോട്ടയം പ്രവിശ്യയെ പ്രതിനിധാനം ചെയ്ത എയ്മി റോസ് കോശി - മന്ന മറിയം സാവിയോ ടീം ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല് ) മൂന്നാം സ്ഥാനം നേടി .
സമാപന സമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു . കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ജേതാക്കൾക്ക് കാഷ് അവാർഡും ട്രോഫികളും ബഹുമതിപത്രങ്ങളും സമ്മാനിച്ചു . ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി ബിലേഷ് സുകുമാരൻ ,അജികുമാർ റ്റി.ആർ എന്നിവർ പ്രസംഗിച്ചു .
ഡിസിഎൽ കോട്ടയം പ്രവിശ്യയ്ക്ക് പുതിയ സാരഥികൾ
കോട്ടയം: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യയ്ക്ക് ചങ്ങനാശേരി മേരി റാണി പബ്ലിക് സ്കൂളിലെ റോൺ റെജി ലീഡറായും ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ എയ്മൻ ഫയസും ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ അലീഷ മരിയ ജോസും ജനറൽ സെക്രട്ടറിമാരായും പുതിയ നേതൃത്വം നിലവിൽവന്നു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ പാല മേരി മാതാ പബ്ലിക് സ്കൂലിലെ ശ്രേയ എസ്. നായർ ഡെപ്യൂട്ടി ലീഡറായും കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലക് സ്കൂളിലെ ഡിയാ ജോബിഷ് ട്രഷററായും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഡോൺ ഏബ്രഹാം പ്രോജക്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കൗൺസിലർമാരായി മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂളിലെ അഭിയ അന്ന തോമസും എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദി വൈഷ്ണവും തെരഞ്ഞെടുക്കപ്പെട്ടു. പ്രവിശ്യാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കാഞ്ഞിരപ്പള്ളി മേഖല രക്ഷാധികാരി സിസ്റ്റർ ലൂസി എസ്എബിഎസ്, മേഖല പ്രസിഡന്റ് ഷാജി ഇടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഡിസിഎൽ ടാലന്റ് ഫെസ്റ്റ് പാലാ മേരിമാതാ പബ്ലിക് സ്കൂളിൽ നവംബർ 22ന്
പാലാ: ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റ് നവംബർ 22ന്- രാവിലെ 10 മണി മുതൽ പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ വച്ച് നടക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് മേഖല ഓർഗനൈസർ ജയ്സൺ ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.. Mob. 9446037482
Tags : DCL DCL Balarangam
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)