ആയിരം യുഗങ്ങളുടെ ഇടവേളകളിൽ ഭൂമിയിൽ ഉയിർക്കൊള്ളുമത്രേ ഗന്ധർവന്മാർ- ഈ ഭൂമിയെ, ഇവിടത്തെ മനുഷ്യരെ, സമസ്ത ജീവജാലങ്ങളെ സ്വർഗീയ സംഗീതത്തിൽ മതിമയക്കാൻ!
ഫോർട്ട് കൊച്ചിയിലെ ബാസ്റ്റ്യൻ സ്ട്രീറ്റിൽ സ്വപ്നക്കൂടു പോലൊരു ഹോട്ടൽ ഉണ്ട്- "ദി ഹൗസ് ഓഫ് യേശുദാസ് ’
പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമാതാവും മുൻ പ്രവാസിയുമായ സി.എ.നാസർ എന്ന നാസർ ചെറിയിലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അകത്തളത്തിലേക്കു കയറുമ്പോൾ ഡോ. കെ.ജെ. യേശുദാസിന്റെ മനോഹരമായൊരു ഛായാചിത്രമുണ്ട്. താടിയിൽ കൈചേർത്ത് എന്തോ ആലോചിച്ചിരിക്കുന്ന, കണ്ണുകളിൽ പേരറിയാത്ത ഏതോ രാഗത്തിന്റെ ആഴങ്ങളുള്ള മലയാളത്തിന്റെ സ്വന്തം കാട്ടാശേരി ജോസഫ് യേശുദാസിന്റെ ചിത്രം... ഉള്ളിൽനിന്നെങ്ങോ യേശുദാസിന്റെ ഗാനം ഒഴുകിവരുന്നുണ്ട്.
"ജബ് ദീപ് ജലേ ആനാ...’ എഴുപതുകളുടെ പ്രണയത്തിന്റെ മനോജ്ഞമായ സാന്ദ്രതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അനശ്വര ഹിന്ദി ഗാനം. കൊറോണ മഹാമാരിക്കുശേഷം അമേരിക്കയിൽനിന്നു നാട്ടിലെത്താൻ പല കാരണങ്ങൾകൊണ്ട് യേശുദാസിന് സാധിച്ചിട്ടില്ല.എങ്കിലും, ഇവിടെ ഫോർട്ട് കൊച്ചിയിലെ ഹൗസ് ഓഫ് യേശുദാസിൽ ഗാനഗന്ധർവനെ തൊട്ടറിയാം... യേശുദാസിന് ഏറ്റവും പ്രിയമേറിയ ഓർമകളെ ഓമനിക്കാം.
ഹോട്ടലിന്റെ ഹൃദയത്തിനുള്ളിൽതന്നെ വേരുകളാഴ്ത്തിനിൽക്കുന്ന വലിയ ബംഗനപ്പള്ളി മാവ് യേശുദാസിന്റെ അമ്മ എലിസബത്ത് ജോസഫ് നട്ടതാണ്. മാവിനെ ഉള്ളിൽ പൂർണമായും സംരക്ഷിച്ചു കൊണ്ടാണ് ഹോട്ടൽ പണിതിരിക്കുന്നത്. രണ്ടാംനിലയ്ക്കുമേലെ മട്ടുപ്പാവിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന മാവിന്റെ ചില്ലകളിൽ കുരുവികൾ തത്തിക്കളിക്കുന്നുണ്ട്... ഡിസംബറിന്റെ തണുപ്പേറ്റ് ശിഖരങ്ങളായ ശിഖരങ്ങൾ മുഴുവൻ തളിർത്തു പൂത്തു നിൽക്കുന്നു.
കേരളത്തിലെന്നല്ല ലോകത്തുതന്നെ ഇങ്ങനെയൊരു മരത്തിന്റെ "സ്നേഹചുറ്റൽ’ കാണുമോയെന്നു സംശയമാണ്! വിലകൊടുത്തു വാങ്ങിയ വീടിന്റെ ആദ്യ ഉടമയുടെ വികാരങ്ങൾക്കും ഓർമകൾക്കുംമേൽ ഒരു ക്ഷതവും ഏൽപ്പിക്കാതെ സ്വന്തം ബിസിനസ് സ്ഥാപനം കെട്ടിയുയർത്തി നിലനിർത്തുന്ന ഒരു വ്യവസായിയെയും മറ്റൊരിടത്തും കാണാൻ സാധിക്കില്ല.
ഇനി "ദി ഹൗസ് ഓഫ് യേശുദാസിന്റെ' കഥ കേൾക്കാം.
1950കളിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാര്യ എലിസബത്തിന്റെ പേരിൽ ഫോർട്ടു കൊച്ചിയിൽ കുറച്ചു സ്ഥലവും വീടും വാങ്ങിയിരുന്നു. പിതാവിന്റെ കുടുംബവീടിന്റെ പേരായ കാട്ടാശേരി എന്നു തന്നെയായിരുന്നു വീടിനു നൽകിയ പേര്. നല്ല തടിപ്പണികളുള്ള പ്രൗഢിയേറിയ പഴയ വീടായിരുന്നു അത്. പിൽക്കാലത്ത് യേശുദാസ് ആണ് ആ വീട് മാറ്റിപ്പണിയുന്നത്. ഒറ്റനിലയിൽ ആധുനിക രീതിയിലുള്ള ടെറസ് കെട്ടിടത്തിന് കാട്ടാശേരി എന്നുതന്നെയാണ് യേശുദാസും പേരുനൽകിയത്.
വീടിന്റെ ഗേറ്റിൽ വയലിനും മൃദംഗവും ചെണ്ടയും ഉൾപ്പെടെയുള്ള പക്കവാദ്യമേളങ്ങളുടെ രൂപങ്ങളും ഉണ്ടായിരുന്നു. മുറ്റത്ത് യേശുദാസിന്റെ അമ്മ നട്ട അതീവ രുചിയേറിയ മാമ്പഴം നൽകുന്ന ബംഗനപ്പള്ളി മാവ് ഐശ്വര്യത്തിന്റെ അടയാളംപോലെ നിന്നു...
നിയോഗംപോലെ...
കാലത്തിന്റെ ഒഴുക്കിൽ വീടിന്റെ ഉടമസ്ഥാവകാശം ലഭിച്ച യേശുദാസിന്റെ കുടുംബാംഗങ്ങൾ വീട് വില്പന നടത്തി. ആദ്യം വീടു വാങ്ങിയ ആളിൽനിന്നാണ് ഫോർട്ട് കൊച്ചി സ്വദേശിയായ നാസർ ഈ വീട് വാങ്ങിയത്- രണ്ടായിരാമാണ്ടിൽ. അതൊരു നിയോഗംപോലെ സുന്ദരമാണ്, യാദൃച്ഛികമാണ്. അക്കഥ നാസർ ചെറിയിൽതന്നെ പറയട്ടെ...
""ഫോർട്ടു കൊച്ചിയിൽ എനിക്കുവേണ്ടി എന്റെ വാപ്പിച്ചി (റീയൂണിയൻ അബൂക്ക എന്നറിയപ്പെടുന്ന സി.എ. അബൂ) ഒന്നുരണ്ടു വീടും സ്ഥലവും നോക്കിയിരുന്നു. അക്കാലത്ത് ഞാൻ ഗൾഫിലാണ് ജോലി ചെയ്തിരുന്നത്. അക്കൂട്ടത്തിൽ ദാസേട്ടന്റെ കാട്ടാശേരി വീടും ഉൾപ്പെട്ടിരുന്നു.1991ൽ വാപ്പിച്ചി മരിച്ചു. അതിനുമുന്പായിരുന്നു വീട് എനിക്കുവേണ്ടി നോക്കുന്നത്. വാപ്പിച്ചി ആഗ്രഹിച്ചതു കൊണ്ടുതന്നെ പിന്നീട് കാട്ടാശേരി വീട് വാങ്ങുന്നതിനെക്കുറിച്ച് ഞാനും ആലോചിച്ചു. എന്നാൽ എന്റെ അന്വേഷണത്തിൽ ആ വീടിന്റെ വില്പന നടന്നുകഴിഞ്ഞു എന്നാണ് അറിഞ്ഞത്. ആ സംഭവം അവിടെ അവസാനിക്കുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം ഒരു ദിവസം കാട്ടാശേരി വീട് നിന്നിരുന്ന റോഡിലൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ, വളരെ യാദൃച്ഛികമായി വില്പനയ്ക്കുവച്ചിരുന്ന വീട് എന്റെ ശ്രദ്ധയിൽപ്പെട്ടു. രണ്ടര കൊല്ലമായി വീട് വിൽക്കാനിട്ടിരിക്കുകയായിരുന്നു. മറ്റാരുടെ കൈയിലും പോവാതെ കാട്ടാശേരി വീട് എന്റെ കൈവശംതന്നെ വന്നത് ദൈവനിശ്ചയമാണെന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്. വെറും പത്തു മിനിറ്റ് കൊണ്ടുതന്നെ വീടുവാങ്ങാനുള്ള കരാർ ഉറപ്പിക്കുകയായിരുന്നു.
രണ്ടായിരത്തിൽ വീട് വാങ്ങുന്ന കാലത്ത് എനിക്ക് ദാസേട്ടനോടു വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ല. മുറ്റത്തുനിൽക്കുന്ന വലിയ ബംഗനപ്പള്ളി മാവുമായി ദാസേട്ടനുള്ള ആത്മബന്ധവും അറിയുമായിരുന്നില്ല. വീട് പുതുക്കിപ്പണിത് താമസിക്കുവാനായിരുന്നു ആദ്യം ആലോചിച്ചത്. പണി തുടങ്ങിയപ്പോൾത്തന്നെ മാവിന്റെ പ്രശ്നം വന്നു. എൻജിനീയർമാർ ഉൾപ്പെടെ എല്ലാവരും മാവ് വെട്ടിമാറ്റി സൗകര്യപൂർവം മുറികൾ പണിയാനാണ് ഉപദേശിച്ചത്.
ആ രണ്ടു സംഭവങ്ങൾ...
എന്നാൽ നിനച്ചിരിക്കാതെനടന്ന രണ്ടു സംഭവങ്ങൾ എന്നെ മാറ്റി ചിന്തിപ്പിച്ചു. അന്ന് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ എറണാകുളം സന്ദർശനവുമായി ബന്ധപ്പെട്ട് മറൈൻ ഡ്രൈവിൽ ഹെലികോപ്റ്റർ ഇറങ്ങാനായി കുറച്ചു മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഈ സംഭവമറിഞ്ഞ രാഷ്ട്രപതി അന്നത്തെ കൊച്ചി കളക്ടറെ വിളിച്ചു മരം മുറിച്ചുമാറ്റിയതിൽ അനിഷ്ടം അറിയിക്കുകയും പകരം മരം വച്ചുപിടിപ്പിച്ചാൽ മാത്രമേ എറണാകുളത്തു വരൂ എന്നു പറയുകയും ചെയ്തു.
ഈ സംഭവം എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചിരുന്നു. ഇതേ സമയത്താണ്, അടുപ്പമുള്ള ഒരാളോട് ദാസേട്ടൻ "വീട് വാങ്ങിയ ആൾ മാവു വെട്ടാതിരുന്നാൽ നന്നായിരുന്നു’ എന്നുപറഞ്ഞതായി ഞാൻ അറിയുന്നത്. വീടിനു പകരം ഹോട്ടൽ എന്ന ആശയവുമായി അപ്പോഴേക്കും ഞാൻ മുന്നോട്ടു പോയിരുന്നു. മുറ്റത്തെ വലിയ മാവ് നിലനിർത്തിക്കൊണ്ട് ഹോട്ടൽ പണിയുക എന്നതും വലിയ പ്രയാസമായിരുന്നു.
എന്റെ ആശങ്ക പ്രവാസി സുഹൃത്തായ ഒരു ഡോക്ടറോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് "ധൈര്യമുണ്ടെങ്കിൽ മാവിനെ നിലനിർത്തിത്തന്നെ ഹോട്ടൽ പണിയൂ' എന്നാണ്. മാവ് നിലനിർത്തുന്നതാണ് ശരിയെന്നും സുഹൃത്ത് പറഞ്ഞു. അങ്ങനെയാണ് ഹോട്ടലിനുള്ളിൽ മാവിനെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പാക്കിയത്. എല്ലാം ഒരു നിമിത്തമായി ഇപ്പോൾ അനുഭവപ്പെടുന്നു. മാവ് നിൽക്കുന്നതുകൊണ്ട് ഒരു കേടുപാടും ഇത്രകാലമായി കെട്ടിടത്തിന് സംഭവിച്ചിട്ടുമില്ല- നാസർ ചെറിയിലിന്റെ വാക്കുകൾ.
വീടിന്റെ ആത്മാവു ചോരാതെ...
ദാസേട്ടന്റെ വീടിന്റെ ആത്മാവ് ചോർന്നുപോകാതെതന്നെയാണ് നാസറിന്റെ പുനഃസൃഷ്ടി! സ്വീകരണ മുറി, അടുക്കള, ഊണുമുറി, മൂന്നു കിടപ്പുമുറികൾ തുടങ്ങിയവ അതേരീതിയിൽ നിലനിർത്തിക്കൊണ്ടാണ് പുതുക്കിപ്പണിതിരിക്കുന്നത്. മാവിന് യഥേഷ്ടം വളർന്നുപന്തലിക്കാൻ വഴിയൊരുക്കിയാണ് വീടിനെ ഹോട്ടലാക്കി മാറ്റിയത്.
മാവിന്റെ ചുവട് നിൽക്കുന്ന ഭാഗം ഒരു മുറിയായി തിരിച്ചിട്ടുണ്ട്. പ്രധാന തടിക്കും കൊമ്പുകൾക്കും വളരാനും പന്തലിക്കാനും സ്ഥലംനൽകി. ജാലകങ്ങളിലൂടെ ശിഖരങ്ങൾ പുറത്തേക്കു നീളുന്നതും കാണാം. നാസറിന്റെതന്നെ മേൽനോട്ടത്തിലുള്ള ഹോട്ടലിനൊപ്പം അന്താരാഷ്ട്ര ഹോട്ടൽ ഗ്രൂപ്പിന്റെ കഫേ ഉൾപ്പെടെ മറ്റു ചില സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലെ അധികാരി വളപ്പിലെ കപ്പേള പള്ളി പെരുന്നാളിന് എത്തിയ സമയത്തെല്ലാം യേശുദാസ് "ഹൗസ് ഓഫ് യേശുദാസി' ൽ എത്തിയിട്ടുണ്ട്. അമ്മ നട്ട മാവിനെ തൊടുമ്പോൾ പെറ്റമ്മയെ തൊടുന്ന അനുഭവം എന്നാണ് യേശുദാസ് പറഞ്ഞിട്ടുള്ളത്. മാവിനു വെള്ളമൊഴിക്കുകയും പഴുത്ത മാങ്ങ ശേഖരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഭാര്യ പ്രഭയും കുടുംബാംഗങ്ങളും ഓർമകൾ പങ്കുവയ്ക്കാൻ എത്തിയിട്ടുണ്ട്.
ബില്ലുകളിൽ സ്നേഹത്തിന്റെ പേര്
വീടിന്റെ വൈദ്യുതി ബിൽ ഇപ്പോഴും യേശുദാസിന്റെ പിതാവും പഴയകാല നാടക-ചലച്ചിത്രനടനും ഗായകനുമായ അഗസ്റ്റിൻ ജോസഫിന്റെ പേരിലാണ്. അമ്മ എലിസബത്ത് ജോസഫിന്റെ പേരിലാണ് ഇപ്പോഴും വെള്ളത്തിന്റെ ബില്ലുവരുന്നത്.ആ പേരുകളിൽ വരുന്ന ബില്ലുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും, പേരുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ആവശ്യം വന്നുവെങ്കിലും തന്റെ മനസ് അതിനനുവദിക്കുന്നില്ലെന്നും നാസർ പറയുന്നു.
മലയാള മണ്ണിനുതന്നെ അഭിമാനമായ ഈ സ്നേഹത്തിന്റെ കഥകൾ കേട്ടറിഞ്ഞ് ഫോർട്ടു കൊച്ചിയിലെ ഈ തീരത്ത് എത്തിയവർ നിരവധി.
യേശുദാസിന്റെ ജന്മദിനമായ ജനുവരി പത്തിന് വർഷംതോറും വലിയ ആഘോഷം "ദി ഹൗസ് ഓഫ് യേശുദാസി' ൽ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ. സ്വാമി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും. അതിനുള്ള തയാറെടുപ്പുകളിലാണ് സി.എ. നാസർ.
Tags : house dreams moon yesudas