കൃഷി ലാഭകരമല്ലെന്ന പൊതുബോധത്തെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് തിരുത്തിക്കുറിക്കുകയാണ് തൃശൂർ ജില്ലയിലെ പുല്ലൂർ തൊമ്മാനയിലുള്ള ദമ്പതികൾ- സിൻസിയും സോജനും. രണ്ടു പറന്പുകളിലായി നടത്തുന്ന വാഴകൃഷി (നേന്ത്രൻ, ഞാലിപ്പൂവൻ, റോബസ്റ്റ)യാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം; ഒപ്പം സോജൻ ഓടിക്കുന്ന ഓട്ടോയും.
പുത്തൻചിറ പനയപ്പിള്ളി യാക്കോബിന്റെയും റോസിയുടെയും മകൾ സിൻസി ജനിച്ചതും വളർന്നതും കർഷക കുടുംബത്തിലായിരുന്നു. പുല്ലൂർ തൊമ്മാന കോക്കാട്ട് പാവുണ്ണിയുടെ മകൻ സോജൻ വിവാഹം ചെയ്തതോടെ സിൻസി തൊമ്മാനക്കാരിയായി. സോജൻ ഗൾഫിൽ ആയിരുന്നതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്വം. പിന്നെ മക്കളായതോടെ അവരുടെ കാര്യങ്ങൾ. ഇതിനിടെ സോജൻ നാട്ടിൽ മടങ്ങിയെത്തി; ഓട്ടോയും വാങ്ങി. അപ്പോഴേക്കും കുട്ടികളെല്ലാം സ്കൂളിൽ പോയിത്തുടങ്ങി. അതോടെ സിൻസി വീണ്ടും കൃഷിയിടത്തിലേക്കിറങ്ങാൻ തീരുമാനിച്ചു. സമ്പൂർണ പിന്തുണയുമായി ഭർത്താവും.
വാഴകൃഷിയിലേക്ക്
വീട്ടുപറമ്പിലെ പച്ചമുളക്, കപ്പ, വെണ്ട, വഴുതന തുടങ്ങിയവ കൂടാതെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ ആരംഭിച്ചു. ചാലക്കുടി- ഇരിങ്ങാലക്കുട റൂട്ടിൽ തൊമ്മാന സെന്ററിനു സമീപം 20 സെന്റ് പ്ലോട്ടിൽ 100 തനി നാടൻ നേന്ത്രവാഴ വച്ചായിരുന്നു പരീക്ഷണം. അതു വിജയമായതോടെ തൊട്ടടുത്തുള്ള മറ്റൊരു അരയേക്കർ ഭൂമി അഞ്ചുവർഷത്തേക്ക് പാട്ടത്തിനെടുത്തു. അവിടെയും 250 നേന്ത്രവാഴകളും 250 ഞാലിപ്പൂവൻ തൈകളും 80 റോബസ്റ്റ തൈകളും വച്ചു. കഴിഞ്ഞ ആറു വർഷമായി വിജയകരമായി ഇതു തുടരുന്നു.
നടീലും പരിപാലനവും
ഇപ്പോൾ കുലച്ചിരിക്കുന്നതും കുല വെട്ടിത്തുടങ്ങിയതുമായ വാഴകൾ കഴിഞ്ഞ മാർച്ച് മാസത്തിൽ വച്ചവയാണ്. ചാലക്കുടിയിൽ നിന്നാണ് വിത്തുകൾ കൊണ്ടുവന്നത്. മണ്ണുമാന്തിയന്ത്രംകൊണ്ട് വാരംകോരി അതിൽ രണ്ടു മൂന്നു ദിവസം ഇത്തിൾപൊടി ഇട്ടുവയ്ക്കും. വിത്തുകൾ രണ്ടോ മൂന്നോ ദിവസം ചാണക വെള്ളത്തിൽ മുക്കി വെയിലത്തുവയ്ക്കും. തുടർന്നാണു നടുക.
ചപ്പും ചവറും ചാണകപ്പൊടിയും ഇട്ടശേഷമാണു വാഴക്കന്ന് വയ്ക്കുക. വാരം കോരിയതിനു മുകളിൽ കുറ്റിപ്പയർ വിതച്ചുകൊടുക്കും. ഇവ പെട്ടെന്ന് മുളച്ചു പൊന്തും. തുടർന്ന് ജൈവ വളമിടും. മൂന്ന് ഇല വന്നാൽ വീണ്ടും ചാണകപ്പൊടിയും ചാരവും വളമായി ഇടും. ഇതിനിടെ കുറ്റിപ്പയർ വിളവെടുക്കും. ശേഷം അവയുടെ കടവലിച്ച് വാഴയുടെ കടയിൽ ഇട്ടശേഷം തിണ്ട് (വാരം) ഇടിച്ചിറക്കും. പിന്നെ എൻപികെ മിശ്രിതം ഇട്ടുകൊടുക്കും. ഇതു മാത്രമാണ് കൃഷിയിൽ ഇവർ ഉപയോഗിക്കുന്ന ജൈവമല്ലാത്ത വസ്തു.
അടുത്ത വളമായി കപ്പലണ്ടി പിണ്ണാക്കുപൊടി ഇട്ടുകൊടുക്കും. പിന്നെ വീണ്ടും ജൈവവളം. കുല പൊട്ടിക്കഴിയുമ്പോൾ വീണ്ടും ജൈവവളം നൽകും. സമൃദ്ധിയായി വെള്ളം കിട്ടാവുന്നവിധം നന്നായി നനയ്ക്കും. കുടപ്പൻ ഒടിച്ചുകഴിഞ്ഞാൽ നന കുറയരുത്. ഇതിനിടെ പിണ്ടിപ്പുഴുവിന്റെ സാന്നിധ്യമെങ്ങാനും കണ്ടാൽ അതിനു മരുന്നടിക്കും. പിന്നെ കുല വെട്ടുംവരെ നനയാണ് പ്രധാനം. ഞാലിപ്പൂവൻ, റോബസ്റ്റ എന്നിവയ്ക്കും ഇതേ പ്രക്രിയ തന്നെയാണെങ്കിലും വളമിടൽ മാസാമാസം ആവശ്യമില്ല.
നാടൻ കായയ്ക്ക് ആവശ്യക്കാരേറെ
എൻപികെ മിശ്രിതം നൽകുന്നതൊഴിച്ചാൽ ബാക്കിയെല്ലാം തനി ജൈവകൃഷിയാണ്. അതിനാൽ പഴുപ്പിക്കാനും വറക്കാനുമായി ഈ നാടൻ കുലകൾ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. 20-25 കിലോ തൂക്കംവരുന്ന നേന്ത്രക്കുലകളാണ് ഭൂരിഭാഗവും. ഇപ്പോൾ കിലോയ്ക്ക് 40-45 രൂപയാണ് വില കിട്ടുന്നത്.
വരവുകായ സമൃദ്ധമായി ഉള്ളതിനാലാണ് ഈ വിലയിടിവ്. വരവുകായയ്ക്ക് 25-30 രൂപയേ കിലോയ്ക്ക് വിലയുള്ളൂ. 25-30 കിലോ തൂക്കമുള്ള വലിയ കുലകളാണ് റോബസ്റ്റിന്റേത്. ഇതിനും കിലോ 22 രൂപവരെ വില കിട്ടുന്നുണ്ട്. ഞാലിപ്പൂവനും ശരാശരി 13-14 കിലോ തൂക്കം ഉള്ളവയാണ്. ഇവയ്ക്ക് കിലോ 40-45 രൂപയാണ് ഇപ്പോഴത്തെ വില.
വഴിവക്കിലെ വില്പന
മെയിൻ റോഡിനോടു ചേർന്നുള്ള നേന്ത്രവാഴത്തോട്ടത്തിനു മുന്നിലെ വഴിയോരക്കച്ചവടമാണ് ഇവരുടെ ഹൈലൈറ്റ്. ഒരു ത്രാസ് മാത്രമാണ് മുതൽമുടക്ക്. വാഴക്കുടപ്പൻ, കപ്പ, പച്ചമുളക്, നാടൻ പയർ, വഴുതന എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് നേരിട്ടുകണ്ട് മിതമായ നിരക്കിൽ വാങ്ങാം. വാഴത്തോട്ടത്തിൽ വന്ന് ഇഷ്ടമുള്ള കുലകൾകണ്ട് വെട്ടി വാങ്ങുന്നതും പലർക്കും പ്രിയങ്കരമാണ്.
കൃഷിയിടത്തിൽ മക്കളായ അന്ന മരിയ (പത്താം ക്ലാസ് വിദ്യാർഥി) അന്ന റോസ് (എട്ടാം ക്ലാസ് വിദ്യാർഥി) എന്നിവർ ഒഴിവു സമയങ്ങളിൽ സജീവമായി സഹായിക്കുന്നുണ്ട്; കുസൃതിക്കുരുന്നായി ഇളയമകൻ ആന്റണിയും (എൽകെജി വിദ്യാർഥി).
Tags : Cincy and Sojan super happy banana farming