ചില അദ്ഭുതങ്ങളെപ്പറ്റി മറ്റുള്ളവര്‍ എത്ര കാര്യമായി പറഞ്ഞാലും നേരിട്ടു കാണാതെ നാം അത് വിശ്വസിക്കാന്‍ തയാറാവില്ല. ഒഡീഷയിലെ ചാന്ദിപ്പുര്‍ ബീച്ചില്‍ സംഭവിക്കുന്ന "കടലിന്റെ പിന്‍വാങ്ങല്‍’ എന്ന പ്രതിഭാസം അത്തരത്തിലൊന്നാണ്.
ഇവിടെ എല്ലാ ദിവസവും വേലിയിറക്ക സമയത്ത് അഞ്ചു കിലോമീറ്റര്‍ വരെ പിന്‍വാങ്ങുന്ന ബംഗാള്‍ ഉള്‍ക്കടല്‍ പിന്നെ നാലഞ്ചു മണിക്കൂറുകള്‍ക്കു ശേഷം വേലിയേറ്റ സമയത്താണ് തിരികെയെത്തുന്നത്. ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത കാഴ്ച. കടല്‍ ഉള്‍വലിയുന്ന അവസരത്തില്‍ പ്രത്യേക വര്‍ണം പ്രാപിക്കുന്ന കടല്‍ത്തടം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ്. ആഴക്കടലിന്റെ അവിശ്വസനീയമായ ശാന്തത അനുഭവിക്കാനുള്ള അവസരമാണ് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.
എപ്പോഴാണ് വേലിയേറ്റമുണ്ടാവുക, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നുള്ള വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ ബീച്ചിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ളതിനാല്‍ കടല്‍ ഉള്‍വലിയുന്ന അവസ്ഥയില്‍ കടല്ത്തടത്തിലൂടെ നടക്കുന്ന ആളുകള്‍ക്ക് വേലിയേറ്റ സമയത്ത് കടലില്‍ കുടുങ്ങിപ്പോവുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.
നൂറു കണക്കിന് സന്ദര്‍ശകരും പ്രകൃതി സ്നേഹികളും ഫോട്ടോഗ്രാഫര്‍മാരും ഈ അദ്ഭുതക്കാഴ്ച നേരിട്ടറിയാന്‍ ദിവസവും ഇവിടെയെത്തുന്നു. ശൈത്യകാലത്ത് ഇവിടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ കടല്ത്തടത്തിന്റെ നിറം ഇരുണ്ടതായി മാറുന്നതിനാല്‍ ഇവിടെ ഒരു മാന്ത്രിക പ്രഭാവം സൃഷ്ടിക്കപ്പെടുന്നു.തിരകളുടെ സ്വഭാവത്തില്‍ ഉണ്ടാവുന്ന ശക്തമായ വ്യതിയാനങ്ങളാണ് ഈയൊരു പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രീയ നിഗമനം. വേലിയേറ്റത്തിനും വേലിയിറക്കത്തിനുമിടയില് ഇത് കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നു.
കടല്‍ ഇറങ്ങുന്ന പ്രതിഭാസമാണെങ്കിലും വാനിഷിംഗ് സീ (അപ്രത്യക്ഷമാവുന്ന കടല്‍) എന്നാണ് ഇത് അറിയപ്പെടുന്നത്. കടലിന് ഇത്രയധികം കിലോമീറ്റര്‍ ഉള്ളിലേക്ക് ജലത്തെ വലിക്കാന്‍ കഴിയുമെന്നത് മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും വെല്ലുവിളിക്കുന്നതാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി പറയുന്നത്.എല്ലാ ദിവസും സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കൃത്യമായ ഒരു സമയമൊന്നുമില്ല. ചാന്ദ്രചക്രത്തില് വരുന്ന വ്യതിയാനമനുസരിച്ച് വേലിയേറ്റ സമയം വ്യത്യാസപ്പെടുന്നു.ഇതൊക്കെയായാലും ഈ പ്രതിഭാസത്തെപ്പറ്റി ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.
ചാന്ദ്ര-സൂര്യ ഗുരുത്വാകര്‍ഷണങ്ങള്‍ മൂലം ഭൂമിയിലെ സമുദ്രങ്ങളില്‍ ഉണ്ടാവുന്ന സമ്മര്‍ദം ജലത്തെ ഇരുവശത്തേക്കും ഒഴുക്കുന്നത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ കാരണമാവുന്നു. ഇതോടൊപ്പം ഭൂമിയുടെ ഭ്രമണവും വേലിയേറ്റങ്ങളുടെ ചാക്രിക സ്വഭാവത്തിന് കാരണമാവുന്നു. ഇതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് മൊഹന്തി പറയുന്നു.അതേസമയം ഈ പ്രതിഭാസത്തിനു കാരണം വേലിയേറ്റ ഏറ്റക്കുറച്ചിലാണെന്ന് പറയുന്ന ചില പഠനങ്ങളുമുണ്ട്. ചെറിയ തോതിലുള്ള കടലിറക്കങ്ങള് ലോകത്തിന്റെ പലയിടങ്ങളിലും സാധാരണമാണെങ്കിലും മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന ഇത്തരമൊരു പ്രതിഭാസം ലോകത്ത് വെറെങ്ങും കാണാനാവില്ല.