തെയദോറ ചകരവർത്തിനി വിശുദ്ധ വിത്താലസിന്റെ ബസിലിക്കയിലെ മൊസയിക്കിൽ
"ഫ്രാൻസിസ് അൾത്താരയുടെ മുകളിലെ രൂപത്തിലേക്കുതന്നെ ദൃഷ്ടികൾ ഉയർത്തി വികാരമൂർച്ഛയിൽ എന്നോണം മുട്ടുകുത്തി നിന്നു. എനിക്കു സംശയം. എന്താണീക്കാണുന്നത്? പറുദീസയോ? നാനാവർണ മനോഹരമായ പശ്ചാത്തലത്തിൽ വിശുദ്ധ അപ്പോള്ളിനാരിയൂസിന്റെ രൂപം. ചുറ്റിലും സൈപ്രസ് മരങ്ങൾ. വെളുത്ത ചെമ്മരിയാടുകൾ. പൂത്തും കായ്ച്ചും നിൽക്കുന്ന ചെടികൾ. ഏതാണീ ഹരിതാഭമായ രംഗം? ഈ പുതുമ? ഈ മധുരിമ? എത്ര പരമമായ നിശബ്ദതയാണിവിടെ. അമാനുഷമായ ശാന്തതയാണിവിടെ.
ആത്മാക്കൾക്ക് യുഗാന്ത്യംവരെ മേഞ്ഞു നടക്കാൻ പറ്റിയ പച്ചപ്പുൽമേട്... അടക്കാനാവാതെ ഞാൻ വിങ്ങിക്കരഞ്ഞു.' -കസാൻദ്സാക്കിസിന്റെ "ദൈവത്തിന്റെ ദരിദ്രനി'ൽ വിശുദ്ധ ഫ്രാൻസിസ് അസീസി റാവെന്നയ്ക്കു സമീപമുള്ള ക്ലാസെയിലെ വിശുദ്ധ അപ്പോള്ളിനാരിസിന്റെ ബസിലിക്കയിലെ മദ്ബഹാഭിത്തിയിലെ മൊസയിക്ക് ചിത്രംകണ്ട് വികാര വിവശനാകുന്നതാണ് രംഗം.
ഫ്രാൻസിസ്(1181-1226) കണ്ട് അത്ഭുതപരനായിത്തീർന്ന ആ മൊസയിക്ക് ചിത്രങ്ങൾക്കു മുമ്പിലാണ് നാമിപ്പോൾ. ഇന്നേക്ക് 806 വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഈ മൊസയിക്കിനുമുമ്പിൽ നിന്നത്. ഫ്രാൻസിസ് അവിടെ നിൽക്കുമ്പോൾതന്നെ ഈ മൊസയിക്കുകൾക്ക് ഏകദേശം ഏഴു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് എഡി 549ൽ വിശുദ്ധ അപ്പോള്ളിനാരിസിന്റെ പേരിൽ ഇറ്റലിയിലെ റാവെന്ന പട്ടണത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ക്ലാസെ പട്ടണത്തിൽ പണിതീർത്ത ബസിലിക്ക. ലോക പൈതൃക പദവി നേടിയ റാവെന്നയിലെ എട്ടു സൈറ്റുകളിൽ ഒന്നായ ഇത് റാവെന്ന യിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ അപ്പോള്ളിനാരിസിന്റെ കബറിടത്തിന്മേലാണ് പണിതിരിക്കുന്നത്.
റാവെന്ന നഗരം ഇറ്റലിയിലെ 20 റീജണുകളിൽ ഒന്നായ എമിലിയ റൊമാഞ്ഞയിലെ റാവെന്ന പ്രവിശ്യയുടെ തലസ്ഥാനമാണ്. ഒന്നരലക്ഷത്തിൽ അല്പം കൂടുതൽ മാത്രം ജനസംഖ്യ. അതീവ സമ്പന്നമായ ചരിത്രവും സാംസ്കാരികശേഷിപ്പുകളുമാണ് റാവെന്നയുടെ ആകർഷണം. മൊസയിക്കുകളുടെ ലോകതലസ്ഥാനം എന്നാണ് റാവെന്ന അറിയപ്പെടുന്നത്.
അതീവ സുന്ദരവും അമൂല്യവുമായ മൊസയിക്കുകൾ കൊണ്ട് അലംകൃതമായ എത്രയെത്ര നിർമിതികൾ! അതുല്യ കലാകാരന്മാരുടെ കരവിരുവിൽ ജന്മംകൊണ്ട അനശ്വര ചിത്രങ്ങൾ. ചിത്രാങ്കിതമായ ഈ ചുമരുകൾക്കുമുമ്പിൽ നിൽക്കുമ്പോൾ 15 നൂറ്റാണ്ടുകൾക്ക് മുമ്പ് കൽക്കഷണംകൊണ്ട് ദൃശ്യവിസ്മയം തീർത്ത ആ അജ്ഞാത കലാകാരന്മാരുടെ സർഗവൈഭവത്തിനു മുമ്പിൽ നാം കൈകൂപ്പുകതന്നെചെയ്യും.
മൊസയിക്ക്
വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലുമുള്ള കല്ല്, മാർബിൾ, ചില്ല് , ഓട് തുടങ്ങിയവയുടെ കഷണങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ചിത്രങ്ങളോ ജ്യാമിതീയ രൂപങ്ങളോ ഒക്കെ മൊസയിക്ക് എന്നാണ് അറിയപ്പെടുന്നത്. കെട്ടിടങ്ങളുടെയും പള്ളികളുടെയും നടപ്പാത, തറ, ചുമരുകൾ, മച്ച് എന്നിവിടങ്ങളിലൊക്കെ മൊസയിക്കുകൾ പതിപ്പിച്ചു മനോഹരമാക്കുന്ന സമ്പ്രദായം വളർന്നത് റോമൻ സാമ്രാജ്യ കാലഘട്ടത്തിലാണ് (ബിസി എട്ടു മുതൽ എഡി 6 വരെ നൂറ്റാണ്ടുകളിൽ).
തുടർന്ന് ബൈസന്റൈൻ കാലഘട്ടത്തിൽ (പതിനഞ്ചാം നൂറ്റാണ്ട് വരെ) മൊസയിക്ക് കലാസങ്കേതം വളരെ പുഷ്ടിപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രതിമകൾ സ്ഥാനംപിടിച്ചു തുടങ്ങിയിരുന്നില്ല. ചിത്രങ്ങളും ഐക്കണുകളും മൊസയിക്കും കൊണ്ട് ദേവാലയങ്ങൾ അലങ്കരിക്കുകയായിരുന്നു പതിവ്. കൊത്തുരൂപങ്ങൾ പ്രചാരത്തിലായതോടെ പള്ളികളിൽ മൊസയിക്ക് പണികൾ ചെയ്യാനുള്ള താല്പര്യം കുറഞ്ഞു.
റാവെന്ന നഗരം
ബിസി അഞ്ചാം നൂറ്റാണ്ടുമുതലുള്ള ചരിത്രം റാവെന്ന നഗരത്തിനുണ്ട്. ചതിപ്പുനിലമായിരുന്ന റാവെന്ന ബിസി 89ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ബിസി 31ൽ റാവെന്നയുടെ സമീപത്ത് ഒരു നാവിക തുറമുഖം സ്ഥാപിച്ചു.
"കാസ്ത്രും ക്ലാസിസ്’ (നാവികകോട്ട) എന്ന ആ പേരിൽ നിന്നാണ് ക്രമേണ ക്ലാസെ എന്ന പേര് ആ സ്ഥലത്തിനു കിട്ടിയത്. റോമൻ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട ഒരു നഗരമായിരുന്നു റാവെന്ന. എഡി 401ൽ ഹൊണോരിയൂസ് ചക്രവർത്തി പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം മിലാനിൽനിന്ന് റാവെന്നയിലേക്ക് മാറ്റിയതോടെ നഗരത്തിന്റെ തലവര തെളിഞ്ഞു. തുറമുഖം വളർന്നു. അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഇറ്റലി എന്ന രാജ്യത്തിന്റെ തലസ്ഥാനവുമായി റാവെന്ന.
പട്ടണമധ്യത്തിൽ വിശുദ്ധ അപ്പോള്ളിനാരിസിന്റെ നവ (നുവോവോ) ദേവാലയം നിർമിതമായി. അടുത്ത നൂറ്റാണ്ടിൽ ബൈസന്റൈൻ തലസ്ഥാനമായശേഷം നിർമിക്കപ്പെട്ട വിശുദ്ധ അപ്പോള്ളിനാരിസിന്റെ (ക്ലാസെയിൽ) ബസിലിക്കയും വിശുദ്ധ വിത്താലസ്സിന്റെ ബസിലിക്കയും ഇപ്പോഴുമുണ്ട്. പൗരസ്ത്യ സഭകളുമായി ഉറ്റ ബന്ധം പുലർത്തിയ റാവെന്നയിലെ ആർച്ച് ബിഷപ്പിന് ബൈസന്റൈൻ കാലഘട്ടത്തിൽ റോമിലെ മാർപാപ്പ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഉണ്ടായിരുന്നു.
ശരത്കാലത്ത് ഉച്ചകഴിഞ്ഞ നേരത്താണ് ഞങ്ങൾ റാവെന്നയിൽ എത്തിയത്. വിശുദ്ധ അപ്പോള്ളിനാരിസിന്റെ പുതിയപള്ളിയുടെ അടുത്തു കാർ പാർക്ക് ചെയ്ത് ഞങ്ങൾ അങ്ങോട്ടു നടന്നു. മൊബൈലിൽ ജിപിഎസ് സംവിധാനം ഉള്ളതുകൊണ്ട് പട്ടണത്തിൽ വഴിതെറ്റാതെ നടക്കാം. നഗരത്തിനകത്ത് വാഹനഗതാഗതം നിരോധിച്ചിട്ടുള്ള നിരത്തുകൾ ഏറെയാണ്. വൃത്തിയും വെടിപ്പുമുള്ളതും കല്ലുകൾ പാകിയതുമായ നിരത്തുകൾ.
പൗരാണിക സൗന്ദര്യത്തിന് കേടുപറ്റാതെ സംരക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ. വഴികൾക്കിരുപുറവും നിരയൊപ്പിച്ചു നിൽക്കുന്നതും വെട്ടിയൊരുക്കിയതുമായ മരങ്ങൾ. നല്ല സൗന്ദര്യബോധമുള്ള ഒരു ജനതയാണ് ഇവിടെ അധിവസിക്കുന്നത് എന്ന കാര്യം നിശ്ചയമാണ്. കാഴ്ചകൾകണ്ടു നീങ്ങുന്ന കൊച്ചു ടൂറിസ്റ്റ് സംഘങ്ങൾ.
മൊസയിക്കുകളുടെ മാസ്മരിക ലോകം
വിശുദ്ധ അപ്പോള്ളിനാരിസിന്റെ പുതിയ പള്ളി ആറാം നൂറ്റാണ്ടിൽ പണിയപ്പെട്ടതാണ്. ഒന്നാം ലോകയുദ്ധത്തിൽ കേടുപാടുകൾ പറ്റിയ പൂമുഖം പുനർനിർമിച്ചതൊഴിച്ചാൽ നാം കാണുന്ന പള്ളി ആറാം നൂറ്റാണ്ടിൽ നിർമിച്ചതുപോലെ തന്നെയാണ്. പള്ളിയുടെ വലതുവശത്ത് 40 മീറ്റർ ഉയരമുള്ള വൃത്താകാരത്തിലെ മണിമാളിക 11ാം നൂറ്റാണ്ടിൽ പണിതതാണ്. പള്ളിയകം അതിവിശാലവും ഗംഭീരവും. പള്ളിയുടെ പ്രധാന ശാലയുടെ ഇരുവശങ്ങളിലെയും ഭിത്തികളിലാണ് റാവെന്നയുടെ പ്രസിദ്ധിക്ക് നിദാനമായ മൊസയിക്കുകൾ.
വലതുവശത്ത് ബൈബിളിലെ സംഭവങ്ങളും നിരയായി നിൽക്കുന്ന വിശുദ്ധരും പ്രവാചകരും രക്തസാക്ഷികളും ചേതോഹരമായ ദൃശ്യമാണ്. സിംഹാസനസ്ഥനായ മിശിഹായുടെ പക്കലേക്ക് പ്രദക്ഷിണമായി നീങ്ങുന്ന അവർ കൈകളിൽ കിരീടങ്ങൾ സംവഹിക്കുന്നുണ്ട്. പ്രതീകങ്ങളുടെ സമൃദ്ധികൊണ്ട് ഓരോ ചിത്രവും മനസിലാക്കാൻ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. റോമൻ ബൈസന്റൈൻ കാലഘട്ടത്തിലെ രക്തസാക്ഷികളായ 22 കന്യകകൾ നിരയായി നീങ്ങുന്നു.
അവർ കിരീടങ്ങളുമായി ആദരപൂർവം പോകുന്നത് ബാലനായ ഈശോയെ മടിയിലിരുത്തി സിംഹാസനസ്ഥയായിരിക്കുന്ന മറിയത്തിന്റെ പക്കലേക്കാണ്. ഈ മൊസയിക്കിലെ നിറങ്ങളുടെ ശോഭ കുറയ്ക്കണമെന്ന് മഹാനായ ഗ്രിഗോറിയസ് പാപ്പ ആവശ്യപ്പെടുകയുണ്ടായി. ആ ചിത്രങ്ങളുടെ ശോഭയും വർണശബളിമയും പള്ളിയിൽ ആരാധിക്കാൻ എത്തുന്നവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നാണ് അദ്ദേഹം അതിനുപറഞ്ഞ ന്യായം.
പരിശുദ്ധ റൂഹയുടെ പള്ളിക്ക് സമീപത്തെ മാമ്മോദീസകപ്പേളയും പുതിയ വിശുദ്ധ അപ്പോള്ളിനാരിസിന്റെ ബസിലിക്കയും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിയപ്പെട്ടതാണ്. മാമ്മോദീസാ കപ്പേളയുടെ മേൽക്കൂര കുംഭഗോപുരത്തിന്റെ മാതൃകയിലാണ്. അതിന്റെ മച്ചിലും അതിമനോഹരമായ ചിത്രവേലകൾ ഉണ്ട്. ഇറ്റാലിയൻ രാജ്യത്തിന്റെ രാജാവായിരുന്ന തെയോദെറിക്ക് (ആരിയൂസിന്റെ അനുയായി) ആണ് ഇതിന്റെ നിർമാതാവ്. ചുറ്റുഭിത്തികളിൽ ഉണ്ടായിരുന്ന മൊസയിക്കുകൾ നഷ്ടപ്പെട്ടു.
ജോർദാൻ നദിയിൽ ഈശോ സ്നാപകയോഹന്നാനിൽനിന്ന് സ്നാനമേൽക്കുന്നതിന്റെ ചിത്രീകരണമാണ് മൊസയിക്കിൽ ഉള്ളത്. മാമ്മോദിസായുടെ ചിത്രത്തിനുചുറ്റും 12 ശ്ലീഹന്മാരെ ചിത്രീകരിച്ചിരിക്കുന്നു.
സമൃദ്ധമായ പഴക്കുലകൾ വഹിക്കുന്ന ഈന്തപ്പനകളാണ് ശ്ലീഹന്മാരുടെ ചിത്രങ്ങൾക്കിടയിൽ. ശ്ലീഹന്മാരുടെ വൃത്തത്തിന്റെ അധ്യക്ഷപദവിയിൽ സിംഹാസനസ്ഥമായ നിലയിൽ രത്നഖചിതമായ ഒരു സ്ലീവാ. കത്തീഡ്രൽ പള്ളിയോടു ചേർന്നുള്ള മാമ്മോദീസ കപ്പേളയാണ് റാവെന്നയിലെ ഇന്നവശേഷിക്കുന്ന ഏറ്റവും പുരാതനമായ നിർമിതി. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിത അഷ്ടകോണാകൃതിയിലുള്ള കുംഭഗോപുരത്തിന്റെ മച്ചിൽ ഈശോയുടെ ജ്ഞാന സ്നാനത്തിന്റെ ആലേഖനം ഉണ്ട്. ശ്ലീഹന്മാരുടെ ചിത്രീകരണങ്ങളും ആകർഷകമാണ്.
റാവെന്നയിലെ പുരാതന നിർമിതികളിൽ ജസ്റ്റീനിയന്റെ (എഡി 482-565) കാലത്തുനിന്നുള്ള ഏറ്റവും പൂർണമായ ഒരു പള്ളിയാണ് വിശുദ്ധ വിത്താലസിന്റെ പേരിലുള്ളത്. കോൺസ്റ്റാന്റിനോപ്പിളിലെ വിവിധ ബസിലിക്കകളോട് വളരെ സാമ്യമുള്ള ഈ പള്ളി അതിന്റെ സവിശേഷമായ രൂപകല്പനകൊണ്ടും അത്യാകർഷകമായ മൊസയിക്കുകൾകൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഉൾഭാഗത്തിന് പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ബസിലിക്കയുമായി വിദൂരസാമ്യമുണ്ട്.
റോമൻ ബസിലിക്കകളിൽനിന്നു വ്യത്യസ്തമായി അഷ്ടകോണാകൃതിയിലാണ് നിർമാണം. എഡി 548ലായിരുന്നു പള്ളി വെഞ്ചരിപ്പ്. ഭിത്തികളിലും മച്ചിലും തൂണുകളിലും മാത്രമല്ല തറയിലും നടപ്പാതയിലും എല്ലാമുള്ള മൊസയിക്കുകളുടെ ബാഹുല്യവും വൈചിത്ര്യവും അവതീർക്കുന്ന വർണപ്രപഞ്ചവും വിവരണാതീതമാണ്.
ബൈബിളിൽനിന്നുള്ള പ്രമേയങ്ങൾ മാത്രമല്ല ജ്യാമിതീയ രൂപങ്ങളും വൃക്ഷലതാദികളും ഫലമൂലാദികളും വള്ളിപ്പടർപ്പുകളും പക്ഷിമൃഗാദികളുമൊക്കെ സജീവമായി മാറുന്ന മൊസയിക്കുകൾ. സിംഹാസനാരൂഢനായിരിക്കുന്ന ഈശോമിശിഹായെ ആരാധിച്ചുകൊണ്ട് നിൽക്കുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെയും തെയദോറ ചക്രവർത്തിനിയുടെയും അവരെ അനുഗമിക്കുന്ന നിരവധി ചരിത്ര വ്യക്തികളുടെയും ചിത്രീകരണങ്ങൾ ജീവൻ തുടിക്കുന്നവയാണ്.
ബസിലിക്കയോടു ചേർന്നുതന്നെയാണ് ഗാല്ല പ്ലസീദിയ എന്നു പേരുള്ള ശവകുടീരം. റോമൻ ചക്രവർത്തിയായിരുന്ന തെയഡോഷ്യസ് ഒന്നാമന്റെ മകളാണ് ഗാല്ല പ്ലസീദിയ (എഡി 392-450). കോൺസ്റ്റന്റൈൻ മൂന്നാമന്റെ ഭാര്യയായിരുന്ന അവർ പശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ ഇടക്കാല ഭരണാധികാരിയുമായിരുന്നു.
റാവെന്ന, റോം, ജറൂസലെം, കോൺസ്റ്റാന്റിനോപ്പിൾ നഗരങ്ങളിലെ പല മന്ദിരങ്ങളും അവരുടെ ശ്രമഫലമായി നവീകരിക്കപ്പെടുകയോ പുതുതായി നിർമിക്കപ്പെടുകയോ ചെയ്തു. സാമ്രാജ്യ ചരിത്രത്തിൽ നിർണായകമായി ഇടപെട്ട അവർ തനിക്കുവേണ്ടി നിർമിച്ച ശവകുടീരമാണ് ഗാല്ല പ്ലസീദിയ എന്നറിയപ്പെടുന്നത്. അവർ ഇവിടെ സംസ്കരിക്കപ്പെട്ടിട്ടില്ല എന്നാണ് പണ്ഡിതമതം. വിശുദ്ധ ലോറൻസിന്റെ പേരിലുള്ള ഒരു പള്ളിയായി ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. അത്ര വശ്യസുന്ദരമല്ല കെട്ടിടത്തിന്റെ ബാഹ്യദർശനം. എന്നാൽ അകത്തു കയറിയാലോ! ഒരു ചെണ്ട നെടുകെ മുറിച്ചു കമഴ്ത്തിയതു പോലെയുള്ള പ്രധാന ശാലയിലേക്കാണ് നാം കയറുന്നത്.
ആദ്യം കാണുന്നത് ചെണ്ടയുടെ കുറിയവശത്തെ അകം ഭിത്തിയിൽ ആട്ടിൻപറ്റത്തെ മേയ്ക്കുന്ന നല്ല ഇടയന്റെ ചിത്രമാണ്. ചെണ്ടയുടെ വർത്തുളമായ ഭിത്തിയിൽ നീലാകാശത്തിൽ തിളങ്ങുന്ന രമണീയ താരകങ്ങൾ. കെട്ടിടത്തിന്റെ മധ്യശാലയുടെ മച്ചിൽ സുവർണനക്ഷത്രങ്ങളുടെ നടുവിൽ വിളങ്ങുന്ന സുവർണ സ്ലീവാ. നാലു മൂലയ്ക്കും സുവിശേഷകന്മാരുടെ പ്രതീകങ്ങൾ സ്വർണവർണത്തിൽ. കെട്ടിടത്തിന്റെ ചുമരുകൾ മുഴുവൻ ബൈബിൾ പ്രമേയങ്ങൾ ചിത്രീകരിച്ചിരിക്കുന്ന അതിസുന്ദരമായ മൊസയിക്കുകൾ.
പച്ചക്കുട നിവർത്തിനിൽക്കുന്നതുപോലെയുള്ള വമ്പൻ പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന വിശുദ്ധ അപ്പോള്ളിനാരിസിന്റെ ക്ലാസെയിലെ ബസിലിക്കയും വൃത്താകാരത്തിൽ 38 മീറ്റർ ഉയരമുള്ള മണിമാളികയും ദൂരെനിന്നുതന്നെ കാണാം. റാവെന്നയിലെ ആദ്യ മെത്രാനായിരുന്ന അപ്പോള്ളിനാരിസ് ഇവിടെയാണ് മെത്രാസനം സ്ഥാപിച്ചത്. അദ്ദേഹം അന്ത്യോഖ്യ സ്വദേശിയായിരുന്നു. എഡി 549ൽ ഈ പള്ളിയുടെ കൂദാശ കർമം നടന്നു.
പള്ളിയകം അഭൗമമായ സൗന്ദര്യ പ്രകർഷത്തിൽ ജ്വലിച്ചുനിൽക്കുന്നു. പറുദീസയുടെ പകർപ്പു തന്നെയെന്നു തോന്നിപ്പോകും. മദ്ബഹാ ഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്ന പച്ചപ്പുൽതകിടിയും അപ്പോള്ളിനാരിസും വൃക്ഷലതാദികളും ആട്ടിൻപറ്റവുമൊക്കെ ഫ്രാൻസിസ് അസീസിയെ പോലെ നമ്മെയും വ്യാമുഗ്ധരാക്കും. 12 വീതം മാർബിൾ തൂണുകൾ വേർതിരിക്കുന്ന ഹൈക്കലായും ഇരുവശത്തുമുള്ള ഉപശാലകളും. മേൽക്കൂരയുടെ ഭിത്തികളിൽ പ്രവാചകൻമാരും ശ്ലീഹന്മാരും വിശുദ്ധരും മാലാഖമാരും ചരിത്രപുരുഷന്മാരുമൊക്കെ ജീവൻ തുളുമ്പുന്ന വ്യക്തികളായി സന്നിഹിതരാണ്...
റാവെന്നയിൽ ഇനിയും ഏറെയുണ്ട് കാഴ്ചകൾ. എല്ലായിടത്തുമുണ്ട് മൊസയിക്കിൽ ചെയ്ത വിശിഷ്ട രചനകളുടെ സമൃദ്ധി. കത്തീഡ്രൽ പള്ളി, പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ അഗാഥയുടെയും ബസിലിക്കകൾ, പരിശുദ്ധാത്മാവിന്റെ പള്ളി, വിശുദ്ധ യോഹന്നാന്റെ പള്ളി, പരിശുദ്ധ മറിയത്തിന്റെ ആശ്രമം, കത്തീഡ്രൽ മ്യൂസിയം, ദാന്തെയുടെ ശവകുടീരം, ടൗൺ ആർട്ട് മ്യൂസിയം, മൊസയിക്ക് കലാ പഠനത്തിനുള്ള അന്തർദേശീയ കേന്ദ്രം, പരി. മറിയവും ബാലനായ ഈശോയും, ക്ലാസെയിലെ പൈൻ മരക്കാട്...
Tags : Poems blossom mosaic sunday deepika