x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 12

സി.​എ​ൽ. ജോ​സ്
Published: December 7, 2025 05:15 AM IST | Updated: December 7, 2025 05:15 AM IST

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

കു​റേ നാ​ളു​ക​ളാ​യി മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ ഞാ​ൻ നേ​രി​ട്ടു കാ​ണാ​റി​ല്ല. കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. ദി​വ​സ​വും രാ​വി​ലെ മോ​ണിം​ഗ് റൂ​മി​ലെ വീ​ട്ടു​ഫോ​ണി​ലൂ​ടെ അ​ന്ന​ന്ന​ത്തെ മെ​നു എ​ന്നെ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ പു​തി​യ​വ ചേ​ർ​ക്കാ​നോ വേ​ണ്ടി​യാ​ണ്. ഇ​തൊ​രു പ​തി​വു ച​ട​ങ്ങാ​യി മാ​റി. അ​വ​രു​മാ​യി വേ​റേ അ​ധി​കം സ​ന്പ​ർ​ക്ക​ങ്ങ​ളി​ല്ല. അ​ത്ര​യും ന​ല്ല​തെ​ന്ന് ഞാ​നും ക​രു​തി.

ആ​ലീ​സ് എ​ന്‍റെ പ​രി​ചാ​ര​ക​യാ​ണെ​ങ്കി​ലും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക്ലാ​രീ​സ് എ​ന്ന പു​തി​യൊ​രു പെ​ണ്‍​കു​ട്ടി​യെ മി​സി​സ് ഡാ​ൻ​വേ​ഴ്സ് നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ എ​സ്റ്റേ​റ്റി​ലെ​ത​ന്നെ ഒ​രു വീ​ട്ടി​ലെ കു​ട്ടി​യാ​ണ​ത്രേ. അ​വ​ൾ അ​ക​ലെ​യു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ലാ​ണ് പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും. ന​ല്ല അ​ട​ക്ക​വും ഒ​തു​ക്ക​വും പ്ര​സ​രി​പ്പു​മു​ള്ള ഒ​രു കൊ​ച്ചു​മി​ടു​ക്കി. അ​വ​ൾ​ക്ക് ഞാ​ൻ യ​ജ​മാ​ന​ത്തി​യും മി​സി​സ് മാ​ക്സി​മു​മാ​ണ്. സ്നേ​ഹ​ബ​ഹു​മാ​ന​ത്തോ​ടെ അ​വ​ൾ എ​ന്നെ വി​ളി​ക്കു​ന്ന​ത് "കൊ​ച്ച​മ്മേ!' എ​ന്ന്.

മി​സി​സ് ഡാ​ൻ​വേ​ഴ്സ് എ​ന്നോ​ട് അ​തൃ​പ്തി​യും നീ​ര​സ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ബി​യാ​ട്രീ​സ് അ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ആ ​സ്ത്രീ റെ​ബേ​ക്ക​യെ മ​ന​സി​ൽ കു​ടി​യി​രു​ത്തി ആ​രാ​ധി​ക്കു​ന്നു. അ​തി​നാ​ൽ​ത​ന്നെ റെ​ബേ​ക്ക​യു​ടെ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന എ​ന്നെ വെ​റു​ക്കു​ന്നു. ഞാ​ൻ മാ​ത്ര​മ​ല്ല ഇ​വി​ട​ത്തെ പ​ല​രും അ​വ​രെ വെ​റു​ക്കു​ന്നു​ണ്ട്. ഫ്രാ​ങ്ക് മോ​ണിം​ഗ് റൂ​മി​ൽ വ​രി​ല്ല. വ​ന്നാ​ൽ​ത​ന്നെ റെ​ബേ​ക്ക ഇ​രു​ന്നി​രു​ന്ന ചെ​യ​റി​ൽ ഇ​രി​ക്കി​ല്ല. ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ തൊ​ടി​ല്ല. ഡൈ​നിം​ഗ് റൂ​മി​ൽ റെ​ബേ​ക്ക​യു​ടെ ചെ​യ​റി​ൽ ഇ​രി​ക്കി​ല്ല. ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി​യും ഫോ​ർ​ക്കും എ​ടു​ക്കി​ല്ല.

എ​ന്നാ​ൽ ഞാ​ൻ അ​ങ്ങ​നെ​യ​ല്ല. ഞാ​ൻ ഞാ​നാ​യി​ട്ടു​ത​ന്നെ ഇ​വി​ടെ പെ​രു​മാ​റും. റെ​ബേ​ക്ക എ​ന്ന ചി​ന്ത എ​ന്‍റെ മ​ന​സി​ലോ സ്വ​പ്ന​ത്തി​ൽ​പോ​ലു​മോ വ​രു​ത്ത​ല്ലേ എ​ന്നാ​ണ് ദൈ​വ​ത്തോ​ടു​ള്ള എ​ന്‍റെ പ്രാ​ർ​ഥ​ന. എ​നി​ക്കു സ​ന്തോ​ഷം വേ​ണം. സ​മാ​ധാ​നം വേ​ണം. മാ​ക്സി​മി​നെ സ​ന്തോ​ഷി​പ്പി​ക്കു​ക​യും ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യും വേ​ണം. ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് സൗ​ഭാ​ഗ്യ​ത്തി​ൽ ക​ഴി​യ​ണം. ഇ​തൊ​ഴി​ച്ച് മ​റ്റൊ​രാ​ഗ്ര​ഹ​വും എ​നി​ക്കി​ല്ല.

പൂ​ന്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​റു​ത്തെ​ടു​ത്ത അ​തി​സു​ന്ദ​ര​മാ​യ ഒ​രു​കൊ​ട്ട ലൈ​ലാ​ക്ക് പു​ഷ്പ​ങ്ങ​ളു​മാ​യി ഒ​രു​ദി​വ​സം ഞാ​ൻ ക​യ​റി​വ​ന്നു. ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞു: ""ഇ​ത് അ​ല​ങ്ക​രി​ച്ചു​വ​യ്ക്കാ​ൻ വ​ലു​തും ഉ​യ​ര​മു​ള്ള​തു​മാ​യ ഒ​രു ഫ്ള​വ​ർ​വേ​സ് വേ​ണം. ലൈ​ബ്ര​റി​യി​ൽ വ​യ്ക്കാ​നാ​ണ്. അ​വി​ടെ​യു​ള്ള​ത് ന​ന്നേ ചെ​റു​ത്.''
""ഒ​രെ​ണ്ണ​മു​ള്ള​ത് മോ​ണിം​ഗ് റൂ​മി​ലാ​ണ്. ഇ​ത്ത​രം പൂ​ക്ക​ൾ അ​തി​ലാ​ണ് വ​യ്ക്കാ​റു പ​തി​വ്.''
""ഓ, ​അ​ങ്ങ​നെ​യാ​ണോ?'' ഞാ​ൻ ശ​ങ്കി​ച്ചു​നി​ന്നു.

""റെ​ബേ​ക്കാ മാ​ഡം ചി​ല​പ്പോ​ൾ മാ​റ്റി​വ​യ്ക്കാ​റു​ണ്ട്. വേ​ണ​മെ​ങ്കി​ൽ കൊ​ണ്ടു​വ​രാം.''
""ശ​രി, കൊ​ണ്ടു​വ​രൂ!''
ഫ്രി​ത്ത് വേ​ഗം അ​തെ​ടു​ത്തു കൊ​ണ്ടു​വ​ന്നു. വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു നി​ർ​മി​ച്ച അ​തി​മ​നോ​ഹ​ര​മാ​യ ഫ്ള​വ​ർ​വേ​സ്. അ​തി​ൽ ഞാ​ൻ ഓ​രോ പൂ​വും ഭം​ഗി​യാ​യി വ​ച്ചു​കൊ​ണ്ടി​രു​ന്നു. ഫ്രി​ത്ത് മ​റ്റു​പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി പോ​യി.

അ​ടു​ത്ത​ദി​വ​സം ല​ഞ്ച് ക​ഴി​ഞ്ഞ് പ​തി​വു​ള്ള കാ​പ്പി ഞ​ങ്ങ​ൾ​ക്കു കൊ​ണ്ടു​വ​ന്നു​ത​ന്ന​ശേ​ഷം ഫ്രി​ത്ത് അ​വി​ടെ ചു​റ്റി​പ്പ​റ്റി​നി​ന്നു. ജാ​സ്പ്പ​ർ എ​ന്‍റെ അ​രി​കി​ലേ​ക്ക് ഓ​ടി​വ​ന്ന​പ്പോ​ൾ ഞാ​ൻ നീ​ങ്ങി അ​പ്പു​റ​ത്തെ ക​സേ​ര​യി​ലേ​ക്കു മാ​റി ഇ​രു​ന്നു.
""മാ​ഡം! ഞാ​നൊ​രു കാ​ര്യം പ​റ​യ​ട്ടെ?''
മാ​ക്സിം തി​രി​ഞ്ഞു​നോ​ക്കി. ദുഃ​ഖ​ഭാ​വ​ത്തി​ൽ ഭ​യ​ഭ​ക്തി​പു​ര​സ​രം നി​ൽ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ ഉ​ത്ക​ണ്ഠ​യോ​ടെ ചോ​ദി​ച്ചു.

""എ​ന്താ​ണ് ഫ്രി​ത്ത്?''
""റോ​ബ​ർ​ട്ടി​നെ​പ്പ​റ്റി പ​റ​യാ​നാ​ണ്.''
""റോ​ബ​ർ​ട്ടി​ന് എ​ന്തു​പ​റ്റി?''
""മി​സി​സ് ഡാ​ൻ​വേ​ഴ്സും റോ​ബ​ർ​ട്ടും ത​മ്മി​ലാ​ണ് പ്ര​ശ്നം. റോ​ബ​ർ​ട്ട് വ​ല്ലാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്നു മാ​ഡം.''
""എ​ന്താ​ണ് സം​ഭ​വം?''

""ദി​വ​സ​വും മോ​ണിം​ഗ് റൂ​മി​ൽ പു​തി​യ പൂ​ക്ക​ൾ അ​ല​ങ്ക​രി​ച്ചു​വ​യ്ക്കേ​ണ്ട ചു​മ​ത​ല റോ​ബ​ർ​ട്ടി​നാ​ണ്. മി​സി​സ് ഡാ​ൻ​വേ​ഴ്സ് കു​റേ​സ​മ​യം ക​ഴി​ഞ്ഞ് ആ ​മു​റി​യി​ൽ പോ​യ​പ്പോ​ൾ വ​ള​രെ വി​ല​പി​ടി​പ്പു​ള്ള ഒ​രു സാ​ധ​നം അ​വി​ടെ കാ​ണു​ന്നി​ല്ല. ഇ​ന്ന​ലെ അ​ത​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ട് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി- ഒ​ന്നു​കി​ൽ റോ​ബ​ർ​ട്ട് അ​തു മോ​ഷ്ടി​ച്ചു, അ​ല്ലെ​ങ്കി​ൽ അ​ത് ഉ​ട​ച്ചു. ഈ ​ര​ണ്ടു കു​റ്റ​ങ്ങ​ളും റോ​ബ​ർ​ട്ട് നി​ഷേ​ധി​ച്ചു. ക​ര​യാ​റാ​യ മ​ട്ടി​ലാ​ണ് അ​വ​ൻ എ​ന്‍റെ അ​ടു​ത്തു വ​ന്ന​ത്.''

""ശ​രി. റോ​ബ​ർ​ട്ടി​നോ​ടു ചോ​ദി​ക്കാം. വ​രാ​ൻ പ​റ​യൂ!''
നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ബ​ർ​ട്ട് വ​ന്നു. മാ​ക്സിം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മാ​ർ​ബി​ളി​ന്‍റെ ഫ്ള​വ​ർ​വേ​സാ​ണ് കാ​ണാ​താ​യ​തെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഉ​ൾ​ക്കി​ടി​ല​മു​ണ്ടാ​യ​ത് എ​നി​ക്കാ​ണ്. റോ​ബ​ർ​ട്ട് പോ​യ​ശേ​ഷം മാ​ക്സിം പ​റ​ഞ്ഞു.

""ദൈ​വ​മേ! അ​ത് ഇ​വി​ട​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഒ​രു മു​ത​ലാ​ണ്. തു​ട​ർ​ന്ന് എ​ന്‍റെ നേ​രേ തി​രി​ഞ്ഞ്- ജോ​ലി​ക്കാ​ർ ഓ​രോ​രു​ത്ത​ർ എ​ന്‍റെ മു​ന്പി​ലാ​ണ് വ​രു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ മോ​ളേ, നീ​യാ​ണ് ഇ​ട​പെ​ടേ​ണ്ട​ത്.'' അ​സ്വ​സ്ഥ​ത ഉ​ള്ളി​ലൊ​തു​ക്കി മ​യ​ത്തി​ലാ​ണ് പ​റ​ഞ്ഞ​ത്.
ഞാ​ൻ മ​നോ​വി​ഷ​മ​ത്തോ​ടും ഉ​ൾ​ഭ​യ​ത്തോ​ടും കൂ​ടി മു​ന്നോ​ട്ടു​വ​ന്നി​ട്ടു പ​റ​ഞ്ഞു: ""എ​ന്‍റെ പ്രി​യ മാ​ക്സിം! ഇ​ന്ന​ലെ അ​ത് എ​ന്‍റെ കൈ​യി​ൽ​നി​ന്നാ​ണ് നി​ല​ത്തു​വീ​ണു പൊ​ട്ടി​യ​ത്.''
""ങേ! ​നി​ന്‍റെ കൈ​യി​ൽ​നി​ന്നോ?''

""ഞാ​നി​തു മു​ന്പേ പ​റ​യേ​ണ്ട​താ​യി​രു​ന്നു. സോ​റി, വെ​രി സോ​റി..''
""ഈ ​വി​വ​രം എ​ന്തേ ഫ്രി​ത്തി​നോ​ടും മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടും പ​റ​യാ​ഞ്ഞ​ത്?''
""ഭ​യ​ന്നി​ട്ട്. അ​വ​ർ എ​ന്നെ​ക്കു​റി​ച്ച് മോ​ശ​മാ​യി ധ​രി​ക്കു​മെ​ന്നു ക​രു​തി​യി​ട്ട്.''
""ഇ​പ്പോ​ഴ​ല്ലേ നീ ​കൂ​ടു​ത​ൽ മോ​ശ​മാ​യ​ത്! ഉം, ​ശ​രി. എ​ന്താ​യാ​ലും അ​വ​ർ വ​ര​ട്ടെ.''

അ​ല്പ​നേ​ര​ത്തി​നു​ള്ളി​ൽ ഫ്രി​ത്തും മി​സി​സ് ഡാ​ൻ​വേ​ഴ്സും വാ​തി​ൽ തു​റ​ന്ന് ക​ട​ന്നു​വ​ന്നു. ഞാ​ൻ വി​റ​പൂ​ണ്ടു നി​ന്നു. ആ ​സ​മ​യ​ത്ത് മാ​ക്സിം പ​കു​തി ത​മാ​ശ​രൂ​പ​ത്തി​ലും പ​കു​തി ദേ​ഷ്യ​ത്തോ​ടെ​യും പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ്! സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്നു പ​റ​യ​ട്ടെ?'' (എ​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി) ""ഈ ​നി​ൽ​ക്കു​ന്ന ആ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ഒ​രു കൈ​പ്പി​ഴ​യാ​ണ്. അ​തു നി​ല​ത്തു​വീ​ണു പൊ​ട്ടി.''

ഞാ​ൻ ഒ​രു കു​റ്റ​വാ​ളി​യെ​പ്പോ​ലെ നി​ന്നു. ഫ്രി​ത്ത് അ​തു​കേ​ട്ട് വി​ഷ​മി​ച്ചു​നി​ന്നു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് ത​ല​യോ​ടു​പോ​ലു​ള്ള അ​വ​രു​ടെ വെ​ളു​ത്ത മു​ഖ​വും ക​റു​ത്ത ക​ണ്ണു​ക​ളും​വ​ച്ച് എ​ന്‍റെ നേ​രേ നോ​ക്കി. തെ​ല്ലും അ​നു​ക​ന്പ​യി​ല്ലാ​ത്ത നോ​ട്ടം. ഞാ​നാ​ണ് അ​തു പൊ​ട്ടി​ച്ച​തെ​ന്ന് അ​വ​ർ​ക്ക് മു​ന്പേ അ​റി​യാം. റോ​ബ​ർ​ട്ടി​നെ കു​റ്റം​ചാ​ർ​ത്തി​യ​ത് ഞാ​നി​തു തു​റ​ന്നു​പ​റ​യു​മോ എ​ന്ന് പ​രീ​ക്ഷി​ക്കാ​നാ​ണ്.

""അ​തു റി​പ്പ​യ​ർ ചെ​യ്യാ​ൻ ക​ഴി​യു​മോ മാ​ഡം?''
""പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​ത് അ​നേ​കം ക​ഷ​ണ​ങ്ങ​ളാ​യി.''
""എ​ന്നി​ട്ട് അ​തെ​ന്തു​ചെ​യ്തു?''
ഒ​രു ക​വ​റി​ലാ​ക്കി മേ​ശ​വ​ലി​പ്പി​ൽ വ​ച്ചു.

ഈ ​സ​മ​യ​ത്ത് മാ​ക്സിം എ​ന്‍റെ ര​ക്ഷ​യ്ക്കെ​ത്തി. മാ​ക്സിം പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ് നി​ന്നെ പി​ടി​ച്ചു ജ​യി​ലി​ലി​ടു​മോ എ​ന്ന ഭ​യ​മു​ണ്ടോ?''
അ​ത് അ​വ​ർ​ക്കു​ള്ള ഒ​രു തൊ​ഴി​യാ​യി​രു​ന്നു.
വ​ന്ന​വ​ർ ര​ണ്ടു​പേ​രും ക​ത​ക​ട​ച്ചു പോ​യി. അ​പ​രാ​ധ​ബോ​ധ​ത്തോ​ടെ വീ​ണ്ടും ഞാ​ൻ പ​റ​ഞ്ഞു: ""തെ​റ്റു​പ​റ്റി. ഞാ​ൻ കു​റേ​ക്കൂ​ടി സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു.''

""ഈ ​വി​ഷ​യം വി​ടൂ. ആ ​സ്ത്രീ ഇ​ത്ര ചൂ​ടാ​വാ​ൻ എ​ന്താ അ​വ​രു​ടെ സ്വ​ന്തം മു​ത​ലാ​ണോ? നീ ​ചി​ല​പ്പോ​ൾ പ​റ​യു​ന്നു​ണ്ട്, നി​ന​ക്ക​വ​രെ പേ​ടി​യാ​ണെ​ന്ന്. എ​ന്തി​ന്? അ​വ​ർ ഇ​വി​ട​ത്തെ ആ​രാ? ഇ​റ​ങ്ങി​പ്പോ​കാ​ൻ ഞാ​ൻ പ​റ​ഞ്ഞാ​ൽ അ​വ​ർ പോ​ക​ണം. മാ​ൻ​ഡെ​ർ​ലി അ​വ​രു​ടെ സ്വ​ന്ത​മൊ​ന്നു​മ​ല്ല. നീ​യാ​ണ് എ​ന്‍റെ സ്വ​ന്തം. നി​ന​ക്ക് ഞാ​നു​ണ്ട്. ന​മ്മ​ൾ ഒ​ന്നാ​ണ്. ഒ​രു​മി​ച്ചാ​ണ്.''

അ​ഭി​മാ​ന വി​ജൃം​ഭി​ത​യാ​യി ഞാ​ൻ മാ​ക്സി​മി​ന്‍റെ കൈ​യെ​ടു​ത്ത് അ​തി​ൽ ചും​ബി​ച്ചു. മാ​ക്സിം എ​ന്നെ മാ​റോ​ടു​ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്ലേ​ഷി​ച്ചു.

(തു​ട​രും)

Tags : Rebecca Novel Daphne Du Maurier sunday deepika

Recent News

Up