ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായനാണ് ഡോ. സാമുവൽ ജോണ്സണ് (1709-1784). കവി, നാടകകൃത്ത്, പ്രബന്ധകാരൻ, നിരൂപകൻ, ജീവചരിത്രകാരൻ, എഡിറ്റർ എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ അദ്ദേഹമാണ് ഇംഗ്ലീഷിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയത്.
ഇംഗ്ലീഷ് സാഹിത്യചരിത്രത്തിൽ അദ്ദേഹത്തിന് ഒപ്പംനിൽക്കാൻ ആരുമില്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വം എന്ന് ഓക്സ്ഫഡ് ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ലിച്ച്ഫീൽഡിലാണ് ജോണ്സണ് ജനിച്ചത്. ഒരു ബുക്സ്റ്റോളിന്റെ ഉടമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു. പഠിക്കാൻ അതിമിടുക്കനായിരുന്ന അദ്ദേഹം ചെറുപ്പത്തിൽതന്നെ ലാറ്റിൻ ഭാഷയിൽ വലിയ പാണ്ഡിത്യം നേടി. അദ്ദേഹത്തിനു ലാറ്റിൻ ഭാഷയിൽ കവിതയെഴുതാനും വശമായിരുന്നു.
കോളജ് പഠനത്തിനായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ജോണ്സണ് ചേർന്നെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുമൂലം പൂർത്തിയാക്കാൻ സാധിച്ചില്ല. വർഷങ്ങൾക്കുശേഷം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനു മാസ്റ്റർ ബിരുദവും ഓണററി ഡോക്ടറേറ്റും നൽകിയെന്നതു വേറേകാര്യം.
കോളജ് പഠനം ഉപേക്ഷിച്ചതിനുശേഷം അദ്ദേഹം പിതാവിനൊപ്പം കുറേക്കാലം പുസ്തക കച്ചവടം നടത്തി. അതിനുശേഷം ഒരു സ്കൂളിൽ അധ്യാപകനായി. അതോടൊപ്പം സാഹിത്യരംഗത്തേക്കും കടന്നു. അപ്പോഴും അദ്ദേഹം ദാരിദ്ര്യത്തിൽനിന്നു മോചനം നേടിയിരുന്നില്ല.
1746ൽ ഒരുകൂട്ടം പ്രസാധകർ ഇംഗ്ലീഷ് ഭാഷയിലെ ആധികാരികമായ ഒരു നിഘണ്ടു തയാറാക്കാൻ ജോണ്സനെ ചുമതലപ്പെടുത്തി. മൂന്നു വർഷംകൊണ്ട് ആ ജോലി പൂർത്തിയാക്കാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും എട്ടുവർഷം വേണ്ടിവന്നു.
എന്നാൽ ഈ എട്ടുവർഷക്കാലം അദ്ദേഹം നിഘണ്ടുവിന്റെ ജോലികൾ മാത്രമല്ല ചെയ്തത്. നിരവധി കവിതകളും നൂറുകണക്കിന് ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇവയുടെകൂടി പശ്ചാത്തലത്തിലാണ് നിഘണ്ടു പ്രസിദ്ധീകരിക്കുന്ന അവസരത്തിൽതന്നെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനു മാസ്റ്റർ ബിരുദം സമ്മാനിച്ചത്.
ജോണ്സണ് വലിയ പണ്ഡിതനായിരുന്നെങ്കിലും പണക്കാരനായിരുന്നില്ല. എഴുത്തിലൂടെയും മറ്റും അദ്ദേഹം സന്പാദിച്ച തുക തനിക്കുവേണ്ടിമാത്രം മാറ്റിവയ്ക്കുകയല്ല ചെയ്തത്. ആ തുകയുടെ നല്ലൊരു ഭാഗം പാവങ്ങൾക്കുവേണ്ടി അദ്ദേഹം ചെലവഴിച്ചു. ജോലികഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുന്പോൾ പോക്കറ്റിലെ ചില്ലിക്കാശെല്ലാം വഴിവക്കിലെ കൊടുംതണുപ്പിൽ അന്തിയുറങ്ങുന്ന ദരിദ്രർക്കു കൊടുക്കുമായിരുന്നത്രേ.
വീടില്ലാത്തവരെ തന്റെ ഭവനത്തിൽ അന്തിയുറങ്ങാനും പലപ്പോഴും അദ്ദേഹം അനുവദിച്ചിരുന്നു. ഇതൊക്കെ എങ്ങനെ ചെയ്യാൻ സാധിക്കുന്നുവെന്ന് ഒരു സുഹൃത്ത് ജോണ്സനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നെ ആരു സഹായിക്കാനാണ്? അവർ ഒരിക്കലും ആശ്രയമില്ലാതെ പോകരുത്.
ജോണ്സണ് രൂപംകൊടുത്ത നിഘണ്ടു വാക്കുകളെയാണ് നിർവചിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം നിർവചിക്കുന്നതാകട്ടെ യഥാർഥ കരുണ എന്താണെന്നും. ദാരിദ്ര്യം എന്താണെന്ന് ജോണ്സന് അറിയാമായിരുന്നു.
ദരിദ്രരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് തന്റെ ഇല്ലായ്മകൾക്കിടയിലും തനിക്കുള്ളതിന്റെ ഒരോഹരി പാവങ്ങൾക്കു നൽകാൻ ആദ്ദേഹം തയാറായത്.
ദൈവവചനം പറയുന്നു: ""ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ കഴിയുന്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമുള്ളത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം?'' (യാക്കോബ് 2:15-16). ഇക്കാര്യം വ്യക്തമായി മനസിലാക്കിയ കരുണാർദ്രനായ മനുഷ്യനായിരുന്നു ജോണ്സണ്. തന്മൂലമാണ് തന്റെ ദാരിദ്ര്യം കണക്കാക്കാതെ പാവങ്ങളെ ഉദാരമായി സഹായിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
ദരിദ്രരെ സഹായിക്കേണ്ടിവരുന്പോൾ എന്താണ് നമ്മുടെ നിലപാട്? നമ്മൾ സന്പന്നരല്ലാത്തതുകൊണ്ട് അതു സാധിക്കുകയില്ലെന്നാണോ? ദരിദ്രരെ സഹായിക്കുന്നതിനു നാം സന്പന്നരായിരിക്കണമെന്നില്ല. അതിനു നമുക്കു വേണ്ടത് ജോണ്സണ് ഉണ്ടായിരുന്നതുപോലെ കരുണാർദ്രമായ ഹൃദയമാണ്. അപ്പോൾ നമ്മുടെ ഇല്ലായ്മകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ നമുക്കു സാധിക്കും.
മറ്റുള്ളവർ സഹായത്തിനായി നമ്മുടെ മുന്നിൽ കൈനീട്ടുന്പോൾ, നാം സഹായിച്ചില്ലെങ്കിലും അവരെ മറ്റാരെങ്കിലും സഹായിച്ചുകൊള്ളും എന്നായിരിക്കും ചിലപ്പോഴെങ്കിലും ചിന്തിക്കുക. എന്നാൽ അങ്ങനെയൊരു ചിന്തയ്ക്ക് അല്പംപോലും പ്രസക്തിയില്ല. അവർ സഹായം ചോദിക്കുന്നത് നമ്മോടല്ലേ? അപ്പോൾ നാംതന്നെയല്ലേ സാധിക്കുന്ന രീതിയിൽ അവരെ സഹായിക്കേണ്ടത്.
ജീവിതത്തെ നിർവചിക്കാൻ നാം സാധാരണ ഉപയോഗിക്കുന്ന അളവുകോൽ പണവും പ്രൗഢിയും പ്രശസ്തിയുമൊക്കെയായിരിക്കും. എന്നാൽ അവയെക്കാളൊക്കെ അധികമായി നമ്മുടെ ജീവിതത്തെ നിർവചിക്കേണ്ടത് കരുണയുടെ അളവുകോൽ ഉപയോഗിച്ചാണെന്നത് നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Tags : Sunday Deepika