ഇന്ത്യയുടെ ആർമി ചീഫിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നത് അഞ്ചര അടി നീളത്തിലും നാല് അടി വീതിയിലും വരയ്ക്കപ്പെട്ട ഒരു എണ്ണച്ചായചിത്രമാണ് - കരംക്ഷേത്ര.
കർമങ്ങളുടെ മണ്ഡലം എന്ന് അർഥം വരുന്ന ചിത്രം. വിജയകരമായ ഇന്നലെകളും ശക്തമായ ഇന്നും മഹനീയവും പ്രതീക്ഷാനിർഭരവുമായ നാളെകളെയും സൂചിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച കരവും മനവും ഒരു മലയാളിയുടേതാണ്.
ആലപ്പുഴ കുട്ടനാട്ടിലെ പുളിങ്കുന്ന് സ്വദേശിയും 28 മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലുമായ തോമസ് ജേക്കബ് എന്ന 42കാരനാണ് ഈ ചിത്രം തയാറാക്കിയത്.
ഫാൽക്കേ അവാർഡ് നേടിയ നടൻ മോഹൻലാലിന് ആർമി ചീഫ് ഓഫീസിൽ സ്വീകരണം നല്കിയത് ഈ ചിത്രത്തിനു മുന്നിൽവച്ചായിരുന്നു. അന്ന് ഈ പുതിയ ചിത്രത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നുവന്നു. സൈനിക മേധാവിയുടെ ലോഞ്ചിൽ അദ്ദേഹം സ്വദേശത്തെയും വിദേശത്തെയും വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നത് ഈ ചിത്രത്തിനു മുന്നിലാണ് എന്ന് കാണുമ്പോഴാണ് ഈ ചിത്രം സ്ഥാനം പിടിച്ചിരിക്കുന്നത് എത്ര ഉന്നതമായ ഇടത്തിലാണെന്ന് വ്യക്തമാവുക.
സന്ദേശങ്ങളുടെ ചിത്രം
കരസേനാ മേധാവിയുടെ സ്വീകരണമുറിയിൽ മുന്പുണ്ടായിരുന്ന 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തെ ചരിത്രപ്രസിദ്ധമായ പെയിന്റിംഗ് മാറ്റി പകരം പുതിയ കലാസൃഷ്ടി സ്ഥാപിച്ചത് സൈന്യത്തിന്റെ ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയമായ മാറ്റത്തിന്റെകൂടി പ്രതീകമായാണ്.
മുന്പത്തെ ചിത്രം ഒരു സംഭവത്തെ മാത്രമാണ് പ്രതിനിധീകരിച്ചതെങ്കിൽ ഇപ്പോഴത്തെ ചിത്രത്തിന്റെ അർഥവ്യാപ്തി വലുതാണ്. കർമങ്ങളുടെ മണ്ഡലം എന്ന പെയിന്റിംഗ് ഇന്ത്യ-ചൈന അതിർത്തിയിലെ പാങ്കോങ് തടാകത്തെയും സൈന്യത്തിന്റെ ആക്രമണ ശേഷിയേയും എടുത്തുകാണിക്കുന്നു. പുരാതന, ആധുനിക പ്രമേയങ്ങളെ സമന്വയിപ്പിക്കുന്ന ഒന്നാണ് ഈ പെയിന്റിംഗ്.
പാങ്കോങ് തടാകത്തിനു പുറമേ ബോട്ടുകൾ, ഓൾടെറൈൻ വാഹനങ്ങൾ, ടാങ്കുകൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ തുടങ്ങിയ ആധുനിക സൈനിക ഉപരണങ്ങളും ഈ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാഭാരതത്തിൽ അർജുനന്റെ രഥത്തെ നയിക്കുന്ന ഭഗവാൻ കൃഷ്ണൻ, തന്ത്രങ്ങളിൽ അഗ്രഗണ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാണക്യൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തന്ത്രപരമായ പ്രതീകാത്മകത സൈന്യത്തിന്റെ ഗണ്യമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അയൽരാഷ്ട്രങ്ങൾക്ക് വ്യക്തമായ സന്ദേശം നല്കുകകൂടി ചെയ്യുന്നതാണ്.
പാകിസ്ഥാൻ വലിയ എതിരാളികളല്ലെന്ന് പറയാതെപറയുന്ന തന്ത്രപരമായ ഒരു മാറ്റം ഇന്ത്യ നടത്തുന്നു എന്ന സന്ദേശംകൂടി ഈ ചിത്രത്തിൽ ദർശിക്കാം. 1971ലെ ഇന്തോ-പാക് യുദ്ധം പ്രമേയമായ പെയിന്റിംഗിന്റെ സ്ഥാനത്താണ് കഴിഞ്ഞവർഷം ഈ ചിത്രം എത്തിയത്.
പാകിസ്ഥാൻ ജനറൽ എ.എ.കെ. നിയാസി കീഴടങ്ങൽരേഖയിൽ ഒപ്പുവച്ച് തൊണ്ണൂറായിരം പാക് സൈനികരെ ആയുധം താഴെവയ്ക്കാൻ പ്രേരിപ്പിച്ച സംഭവത്തിന്റെ ചിത്രമാണ് പതിറ്റാണ്ടുകളായി സേനാ മേധാവിയുടെ ലോഞ്ചിൽ പ്രദർശിപ്പിച്ചിരുന്നത്.
ഈ ഐക്കണിക് ചിത്രം ഇന്ത്യയുടെ വിജയത്തിന്റെയും, പാകിസ്ഥാനുമേലുള്ള സൈനിക മേധാവിത്വത്തിന്റെയും പ്രതീകമായിരുന്നു. അതു മാറ്റിയാണ് വിപുലമായ അർഥങ്ങളും സന്ദേശങ്ങളുമുള്ള ചിത്രം സ്വീകരണമുറിയിൽ സ്ഥാപിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ ആധുനീകരണം, യുദ്ധശേഷി, ആരോടും കിടപിടിക്കുന്ന കരുത്ത്, ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ അതിന്റെ ശ്രദ്ധ തുടങ്ങിയവ ഇത് എടുത്തുകാണിക്കുന്നു.
പാകിസ്ഥാനുമായുള്ള പരമ്പരാഗത യുദ്ധത്തിൽനിന്ന്, ചൈന ഉയർത്തുന്ന സങ്കീർണമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള സൈന്യത്തിന്റെ പരിവർത്തനത്തെ ഈ മാറ്റം അടിവരയിടുന്നുവെന്ന് പല പ്രതിരോധ വിദഗ്ധ രും ഈ ചിത്രം കണ്ട് അഭിപ്രായപ്പെട്ടിരുന്നു.
മുൻകാല വിജയങ്ങളെക്കാൾ ഭാവിയിലെ വെല്ലുവിളികളെ ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. അതോടൊപ്പം ഇന്ത്യയുടെ പരമാധികാരം സുരക്ഷിതമാക്കുന്നതിനും, ആഗോളതലത്തിൽ അതിന്റെ ശക്തി ഉറപ്പിക്കുന്നതിനും എന്നും പ്രതിജ്ഞാബദ്ധമെന്നും ഈ ചിത്രം അടിവരയിടുന്നു.
മഹാഭാരത യുദ്ധത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ധർമത്തിനു വേണ്ടിയുള്ള യുദ്ധമാണ് ഭാരതത്തിന്റേത് എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം , സൈന്യത്തെ രാഷ്ട്രത്തിന്റെ സംരക്ഷകനായും നീതിയുടെ വക്താവായും ഈ ചിത്രത്തിൽ വരച്ചുകാട്ടുന്നു.
തന്ത്രത്തിലും നയതന്ത്രത്തിലും വേരൂന്നിയതായിരുന്നു ചാണക്യന്റെ ജ്ഞാനം. ഇന്ത്യയുടെ നേതൃത്വത്തിനും സൈനിക തയാറെടുപ്പിനും ചാണക്യന്റെ തന്ത്രങ്ങൾ മാതൃകയാണ്. കഴിഞ്ഞ കാലത്തെ പല സംഘർഷങ്ങൾക്കും ശേഷം ചൈനീസ് നേതൃത്വത്തെ ചർച്ചയ്ക്കു കൊണ്ടുവരാൻ സാധിച്ചത് ഈ ചാണക്യസമാന തന്ത്രങ്ങളാണ്.
രാജ്യത്തെ മൂന്നു സേനകൾ തമ്മിലുള്ള ഐക്യത്തെയും ഈ ചിത്രം വെളിവാക്കുന്നു. അടുത്ത കാലത്തെ ഇന്ത്യയുടെ യുദ്ധമുന്നേറ്റങ്ങളിലുണ്ടായ ഈ ഐക്യവും സംയോജിതമായ നീക്കങ്ങളും ചിത്രത്തിന് വിഷയമാകുന്നു. കര, കടൽ, വായു എന്നിവയിലുടനീളം വേഗത്തിലും നിർണായകമായും പ്രവർത്തിക്കാൻ കഴിവുള്ള ഒരു സൈന്യമാണ് ഇന്ത്യയുടേത് എന്ന് കൂടി പ്രഖ്യാപിക്കുന്ന ഒന്നാണ് ഈ ചിത്രം.
വരയ്ക്കാൻ ഒരു മാസം
ജനറൽ ഉപേന്ദ്ര ത്രിവേദി സ്ഥാനമേറ്റതോടെയാണ് ഈ ചിത്രം വരയ്ക്കുന്നതിന്റെ ആശയം രൂപപ്പെട്ടത്. ഒരു ചിത്രകാരനാണ് തോമസ് ജേക്കബ് എന്ന് അറിഞ്ഞ ആർമി ചീഫ് ഇങ്ങനെ ഒരു ചിത്രം വരയ്ക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് പുരാണവും ചരിത്രവും ആധുനിക കാലഘട്ടവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രം തോമസ് ജേക്കബിന്റെ മനസിൽ രൂപപ്പെട്ടത്. ഏതാണ്ട് ഒരു മാസം കൊണ്ടാണ് ലെഫ്. കേണൽ തോമസ് ജേക്കബ് ഈ ചിത്രം പൂർത്തിയാക്കി സേനാ മേധാവിയുടെ ലോഞ്ചിൽ എത്തിച്ചത്.
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്ന ഇദ്ദേഹത്തിന് പട്ടാള ഉദ്യോഗസ്ഥനായതോടെ സേനയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുന്നതിൽ കൂടുതൽ താത്പര്യമുദിച്ചു. കരസേനയിൽ ഓഫീസറായിരുന്ന പിതാവിനൊപ്പമുള്ള ജീവിതം കലയോ വളർത്തി. സേനയുമായി ബന്ധപ്പെട്ട പല ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്.
2023ലെ നാവിക സേനാദിനത്തോടനുബന്ധിച്ച് വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് അർഹമായി. തന്റെ ചിത്രരചന ദേശസ്നേഹത്തിന്റെയും സൈനിക സേവനത്തിന്റെയും ഭാഗം തന്നെയെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. നേവി ചീഫിനു വേണ്ടിയും ഇദ്ദേഹം ചിത്രങ്ങൾ തയാറാക്കി.
പട്ടാള കുടുംബമാണ് തോമസ് ജേക്കബിന്റേത്. 22 വർഷമായി 28 മദ്രാസ് റെജിമെന്റിൽ ഓഫീസറായി സേവനമനുഷ്ടിക്കുന്നു. പിതാവ് കേണൽ ജെ.റ്റി. കളത്തിലിന്റെ പാത പിൻതുടർന്നാണ് ഇദ്ദേഹവും സഹോദരനും സൈന്യത്തിലെത്തിയത്.
സഹോദരൻ കേണൽ ജയിംസ് ജേക്കബ് ഇപ്പോൾ അമൃത്സറിൽ സേവനം ചെയ്യുന്നു. അമ്മ മറിയാമ്മ ജേക്കബ് ചമ്പക്കുളം പുല്പത്ര കുടുംബാംഗം. മൂലമറ്റം പൈകടയിൽ ആൻ മേരി തോമസാണ് ഭാര്യ. എട്ടാം ക്ലാസിൽ പഠിക്കുന്ന മകനും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളും.
പട്ടാളസേവനം ഏറ്റവും മികച്ച കർമങ്ങളുടെ മണ്ഡലമാണെന്നു വിശ്വസിക്കുന്ന ഈ കലാകാരൻ കരം ക്ഷേത്ര എന്ന പെയിന്റിംഗിലൂടെ സൈന്യത്തിന്റെ ഇന്നലകളെയും ഇന്നിനെയും നാളെകളെയും ഒരുമിച്ചുചേർത്ത് ഏവർക്കും ബോധ്യമാവുംവിധം കാൻവാസിലാക്കിയിരിക്കുന്നു. ഈ ചിത്രം കാണുന്ന ഓരോ ഇന്ത്യക്കാരന്റെയും ശിരസ് അഭിമാനത്തോടെ ഉയരുമെന്നുറപ്പ്.
ആന്റണി ആറിൽചിറ, ചമ്പക്കുളം
Tags : Sunday deepika