1970കളിലും 80കളിലും അമേരിക്കയിൽ ഏറെ ജനപ്രിയമായിരുന്ന ഒരു ടെലിവിഷൻ സീരീസായിരുന്നു "ഓൾ ഇൻ ദ ഫാമിലി.' ആർച്ചി ബങ്കർ എന്ന പരുക്കൻ മനുഷ്യനും അയാളുടെ സൗമ്യയും ദയാലുവുമായ ഭാര്യ ജൂഡിത്തുമാണ് ഈ സീരീസിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ. ഒട്ടേറെ മുൻവിധികളുള്ള ആർച്ചി ആളുകളുടെ പുറംരൂപം, അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്പോൾ ഈഡിത്ത് മനുഷ്യരെ കാണുന്നത് ഹൃദയത്തിന്റെ കണ്ണുകളോടെയാണ്. ആർച്ചിയുടെ കടുത്ത പ്രതികരണങ്ങളിലൂടെയും ഈഡിത്തിന്റെ നിസാരമെന്നു തോന്നുന്ന എന്നാൽ ആഴമേറിയ വാക്കുകളിലൂടെയും ഈ ടിവി പരന്പര പല ജീവിതസത്യങ്ങളും അവതരിപ്പിക്കുകയുണ്ടായി.
ഈഡിത്തിന്റെ ഹൈസ്കൂൾ റീയൂണിയനിൽ ഈഡിത്തും ആർച്ചിയും പങ്കെടുക്കുന്നതാണ് ഒരു എപ്പിസോഡ്. അവിടെവച്ച് ഈഡിത്ത് തന്റെ പഴയ സഹപാഠിയായ ബക്കിനെ കാണുന്നു. ഹൈസ്കൂൾ പഠനകാലത്ത് സുന്ദരനും സുമുഖനുമായിരുന്നു ബക്ക്. ഇപ്പോൾ പൊണ്ണത്തടിയനാണ്. എന്നാൽ ഈഡിത്ത് അതൊന്നും ശ്രദ്ധിക്കുന്നില്ല. പഴയ ഓർമകൾ ഈഡിത്ത് ബക്കുമായി ആഹ്ലാദപൂർവം പങ്കുവയ്ക്കുകയാണ്. അവർ ബക്കിനെ കാണുന്നത് മുന്പെന്നതുപോലെ മനോഹരമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ്.
അടുത്ത ഒരു രംഗത്തിൽ നാം കാണുന്നത് ആർച്ചിയും ഈഡിത്തും സംസാരിക്കുന്നതായിട്ടാണ്. പതിവുള്ള മൃദുലസ്വരത്തിൽ ഈഡിത്ത് പറയുന്നു: ""നോക്കൂ ആർച്ചി, ബക്ക് എത്ര മനോഹരനായ മനുഷ്യനാണ്!'' ബക്കിന്റെ രൂപംകണ്ട് വെറുപ്പുതോന്നിയ ആർച്ചി അപ്പോൾ പറയുകയാണ്: ""ഈഡിത്ത്, നീയൊരു അസാധാരണക്കാരിതന്നെ! നിനക്കതറിയാം.
നീയും ഞാനും ഒരാളെത്തന്നെ നോക്കുന്നു. നീ കാണുന്നത് മനോഹരനായ ഒരു മനുഷ്യനെ. ഞാൻ കാണുന്നത് ഒരു പൊണ്ണത്തടിയനെയും!'' ഒരുനിമിഷം പകച്ചുനിന്നുപോയ ഈഡിത്ത് അപ്പോൾ പറയുകയാണ്: ""ഓ, അത് എത്ര ദുഃഖകരമാണ്!''
ആർച്ചിയും ഈഡിത്തും കണ്ടത് ഒരാളെത്തന്നെയായിരുന്നു. എന്നാൽ ആർച്ചി കണ്ടത് ബക്കിന്റെ പുറംരൂപമായിരുന്നു. ഈഡിത്ത് കണ്ടതാകട്ടെ ബക്കിന്റെ ഹൃദയവും. ആർച്ചി കണ്ടത് ബക്കിന്റെ പോരായ്മകൾ.
ഈഡിത്ത് ശ്രദ്ധിച്ചതാകട്ടെ ബക്കിന്റെ ഹൃദയസൗന്ദര്യവും. ഇന്നത്തെ ലോകത്ത് ആളുകളെ അവരുടെ രൂപം, നിറം, വിദ്യാഭ്യാസം, സന്പത്ത്, സാമൂഹികനില എന്നിവയൊക്കെ നോക്കിയാണ് നാം പലപ്പോഴും വിലയിരുത്താറുള്ളത്. തന്മൂലം ഇവയൊന്നും ഇല്ലാത്തവരെ തരംതാഴ്ന്നവരായിട്ടാണ് നാം പരിഗണിക്കുക. അവരുടെ ജീവിത പോരാട്ടങ്ങളും ത്യാഗങ്ങളും മനോവേദനകളും നമുക്കു കാണാൻപോലും കഴിയാതെപോകുന്നു. ഈഡിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അതു ദുഃഖകരംതന്നെ.
ബൈബിൾ പറയുന്നതനുസരിച്ച്, ദൈവം നമ്മെ കാണുന്നത് മനുഷ്യൻ കാണുന്നതുപോലെയല്ല. സാമുവൽ പ്രവാചകൻ ജസെയുടെ പുത്രന്മാരിൽ രാജാവിനെ തെരയുന്പോൾ ദൈവം പറഞ്ഞു: ""മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു, കർത്താവാകട്ടെ ഹൃദയഭാവത്തിലും'' (1 സാമു 16:7). ചുങ്കക്കാരനായ സക്കേവൂസിനെ അകറ്റിനിർത്തേണ്ട പാപിയായി ജനങ്ങൾ കണ്ടപ്പോൾ, ദൈവപുത്രനായ യേശു കണ്ടത് ഹൃദയപരിവർത്തനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനായിട്ടായിരുന്നു (ലൂക്കാ 19:1-10). വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ യേശുവിന്റെ പക്കൽ കൊണ്ടുവന്നു. അപ്പോൾ, അവിടന്ന് അവളിൽ കണ്ടത് പശ്ചാത്താപമുള്ള ഒരു ഹൃദയമായിരുന്നു (യോഹ 8:1-11). യേശുവിന്റെ വലതുഭാഗത്തു കുരിശിൽ തറയ്ക്കപ്പെട്ട കള്ളൻ പൊതുജനത്തിന്റെ മുന്പിൽ വലിയ പാപിയായിരുന്നു. എന്നാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിനെയാണ് യേശു അവനിൽ ദർശിച്ചത്.
ലെബനീസ്- അമേരിക്കൻ കവിയായ ഖലീൽ ജിബ്രാൻ ഒരിക്കൽ എഴുതി: ""സൗന്ദര്യം മുഖത്തല്ല; സൗന്ദര്യം ഹൃദയത്തിലെ ഒരു പ്രകാശമാണ്.'' ആർച്ചി കണ്ടതു ബക്കിന്റെ പൊണ്ണത്തടിയായിരുന്നു. എന്നാൽ ഈഡിത്ത് കണ്ടത് ബക്കിന്റെ ഹൃദയത്തിലെ പ്രകാശവും. ആർച്ചിയുടെയും ഈഡിത്തിന്റെയും കണ്ണുകളുടെ വ്യത്യാസമായിരുന്നില്ല ഇതിനു കാരണം.
ഒരു യഹൂദ പഴമൊഴിയുണ്ട്: ""ഹൃദയം എന്തു മനസിലാക്കാൻ തയാറാകുന്നുവോ അതു മാത്രമേ കണ്ണുകൾ കാണുകയുള്ളൂ.'' മുൻവിധികൾ നിറഞ്ഞ ഹൃദയം കാണുന്നതു നന്മയായിരിക്കുകയില്ല, കുറ്റങ്ങളും കുറവുകളുമായിരിക്കും. എന്നുമാത്രമല്ല, ആരെങ്കിലും നന്മ ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാനും തയാറാകില്ല. എന്നാൽ സ്നേഹംനിറഞ്ഞ ഹൃദയമാണെങ്കിലോ? മറ്റുള്ളവരുടെ പോരായ്മകൾക്കിടയിലും അവരുടെ നന്മകൾ കാണാൻ തയാറാകും.
"അത് ഏറെ ദുഃഖകരം' എന്ന് ഈഡിത്ത് പറഞ്ഞത് ആർച്ചിയുടെ വീക്ഷണവ്യത്യാസത്തെക്കുറിച്ചായിരുന്നു. എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം ഇതു പലപ്പോഴും ശരിയായിരിക്കാം. നാം ചിലപ്പോഴെങ്കിലും മറ്റുള്ളവരെ വിലയിരുത്തുന്നത് അവരുടെ രൂപവും ഭാവവുമൊക്കെ കണ്ടിട്ടല്ലേ? അതു മാത്രമോ? നമ്മുടെ മുൻവിധികളുടെ പശ്ചാത്തലത്തിലല്ലേ ഈ വിലയിരുത്തലുകൾ നടക്കുക? എന്നാൽ ഈഡിത്തിനെപ്പോലെ, മറ്റുള്ളവരുടെ നന്മ കാണുന്നതിലാണു നമ്മുടെ ശ്രദ്ധയെങ്കിൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം എത്രയോ സുന്ദരമായി മാറുമായിരുന്നു.
റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി പറയുന്നതു ശ്രദ്ധിക്കൂ: ""ലോകത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നുണ്ട്. എന്നാൽ തന്നെത്തന്നെ മാറ്റിയെടുക്കുന്നതിന് ആരും ചിന്തിക്കുന്നില്ല.''
ഒരുപക്ഷേ നമ്മിൽ ആദ്യം വരേണ്ട മാറ്റം നാം ചുറ്റുമുള്ള ലോകത്തെയും മനുഷ്യരെയും എങ്ങനെ കാണുന്നു എന്നതാണ്. നമ്മുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യം മറ്റുള്ളവർ എങ്ങനെ കാണപ്പെടുന്നു എന്നതല്ല. പ്രത്യുത, നാം എങ്ങനെ അവരെ കാണുന്നു എന്നതാണ്. ഈഡിത്തിനെപ്പോലെ ഹൃദയംകൊണ്ടാണോ നാം മറ്റുള്ളവരെ കാണുന്നത്? എങ്കിൽ നമുക്കാശ്വസിക്കാം. കാരണം അതാണ് നാം പിന്തുടരേണ്ട യഥാർഥ മാതൃക.
Tags : vision of the heart vision of the mind sunday deepika