x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​ഥാ​ർ​ഥ മ​ഹ​ത്വം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: November 9, 2025 12:54 AM IST | Updated: November 9, 2025 12:55 AM IST

ഗ്രി​ഗ​റി പെ​ക്ക്, ഓ​ഡ്റി ഹെ​പ്ബേ​ണ്‍ (വലത്ത്)

ഒ​രു​കാ​ല​ത്ത് ഹോ​ളി​വു​ഡി​ന്‍റെ രോ​മാ​ഞ്ച​മാ​യി​രു​ന്ന അ​തു​ല്യ​ന​ട​നാ​ണ് ഗ്രി​ഗ​റി പെ​ക്ക് (1916- 2003). കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം അ​ന്പ​തി​ലേ​റെ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന​ത്. 1940ക​ളി​ൽ സി​നി​മ​യി​ൽ തു​ട​ക്ക​മി​ട്ട പെ​ക്ക് 1950-60 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ലോ​ക​പ്ര​ശ​സ്ത​നാ​യി മാ​റി.

1962ൽ "​ടു കി​ൽ എ ​മോ​ക്കിം​ഗ് ബേ​ർ​ഡ്' എ​ന്ന സി​നി​മ​യി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു. അ​തി​ലെ ആ​റ്റി​ക്ക​സ് ഫി​ഞ്ച് എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പെ​ക്കി​ന് ആ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ന​ട​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. ഹാ​ർ​പ്പ​ർ ലി ​എ​ന്ന നോ​വ​ലി​സ്റ്റ് ര​ചി​ച്ച ഈ ​സി​നി​മ​യി​ലെ ക​ഥ​യ​നു​സ​രി​ച്ച് സ​ത്യ​സ​ന്ധ​നാ​യ, മൂ​ല്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​നീ​ത​നാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് ഫി​ഞ്ച്. ഈ ​ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ മ​ഹാ​ന​ട​നാ​യ പെ​ക്കും മ​നോ​ഹ​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു.

സി​നി​മാ​ലോ​ക​ത്ത് അ​ദ്ഭു​ത​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൊ​യ്തെ​ടു​ത്ത അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""ഞാ​ൻ എ​ന്‍റെ ജോ​ലി ഇ​ഷ്ട​പ്പെ​ടു​ന്നു. എ​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. ഞാ​ൻ എ​പ്പോ​ഴും സ്വ​യം പ​റ​യാ​റു​ണ്ട്- നീ ​ഒ​രു ഭാ​ഗ്യ​വാ​നാ​ണ് ഗ്രി​ഗ​റി പെ​ക്ക്. ശ​രി​ക്കും ഒ​രു ഭാ​ഗ്യ​വാ​ൻ!''

പെ​ക്ക് അ​ങ്ങ​നെ പ​റ​യു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത്. അ​ദ്ദേ​ഹം ജീ​വി​ച്ച​ത് അ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു.
വി​ന​യാ​ന്വി​ത​മാ​യി​രു​ന്നു പെ​ക്കി​ന്‍റെ ജീ​വി​ത​ശൈ​ലി. മ​റ്റു പ്ര​സി​ദ്ധ ന​ട​ന്മാ​രെ​പ്പോ​ലെ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വീ​ട്ടി​ല​ല്ല അ​ദ്ദേ​ഹം ജീ​വി​ച്ച​ത്. ഹോ​ളി​വു​ഡി​ലെ പാ​ർ​ട്ടി​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും​നി​ന്ന് അ​ദ്ദേ​ഹം പൊ​തു​വേ അ​ക​ന്നു​നി​ന്നു. ഒ​രു സാ​ധാ​ര​ണ പൗ​ര​നെ​പ്പോ​ലെ ജീ​വി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത്.

ഒ​രു​ദി​വ​സം സു​ഹൃ​ത്തി​നോ​ടൊ​പ്പം പെ​ക്ക് ലോ​സ് ആ​ഞ്ച​ല​സി​ലെ തി​ര​ക്കേ​റി​യ ഒ​രു റ​സ്റ്റോ​റ​ന്‍റി​ൽ പോ​യി. തി​ര​ക്കു​മൂ​ലം അ​വ​ർ​ക്ക് സീ​റ്റു കി​ട്ടാ​ൻ ഏ​റെ​സ​മ​യം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. അ​വി​ട​ത്തെ റി​സ​പ്ഷ​നി​സ്റ്റാ​വ​ട്ടെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞ​തു​മി​ല്ല. അ​പ്പോ​ൾ സു​ഹൃ​ത്ത് അ​സ​ഹി​ഷ്ണു​ത​യോ​ടെ പ​റ​ഞ്ഞു: ""ഗ്രി​ഗ​റി, നീ ​പോ​യി ആ​രാ​ണെ​ന്ന് റി​സ​പ്ഷ​നി​സ്റ്റി​നോ​ടു പ​റ​യൂ. അ​പ്പോ​ൾ ന​മു​ക്കു വേ​ഗം സീ​റ്റ് കി​ട്ടും.'' ഉ​ട​നെ ശാ​ന്ത​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ഇ​ല്ല, നീ ​ആ​രാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​ന്നാ​ൽ നീ ​യ​ഥാ​ർ​ഥ​ത്തി​ൽ അ​താ​യി​രി​ക്കു​ക​യി​ല്ല.''

എ​ത്ര​യോ അ​ർ​ഥ​പൂ​ർ​ണ​മാ​യ മ​റു​പ​ടി​യാ​ണി​ത്! എ​ന്താ​ണ് ഈ ​മ​റു​പ​ടി​യു​ടെ അ​ർ​ഥം? സ്വ​യം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത​ല്ല യ​ഥാ​ർ​ഥ മ​ഹ​ത്വം എ​ന്ന​ത​ല്ലേ? യ​ഥാ​ർ​ഥ മ​ഹ​ത്വം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് വി​ന​യ​ത്തി​ലാ​ണ്. യ​ഥാ​ർ​ഥ മ​ഹ​ത്വ​മു​ള്ള​വ​ർ​ക്ക് അ​ത് സ്വ​യം പ്ര​ഖ്യാ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​രു​ടെ ന​ന്മ നി​ശ​ബ്ദ​മാ​യി അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു​കൊ​ള്ളും.

പെ​ക്കി​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ന്മ അ​ദ്ദേ​ഹം പ്ര​തി​ഫ​ലി​പ്പി​ച്ച ഒ​രു സം​ഭ​വം ഇ​വി​ടെ കു​റി​ക്ക​ട്ടെ. 1953ൽ ​പെ​ക്ക് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന "റോ​മ​ൻ ഹോ​ളി​ഡേ' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന അ​വ​സ​രം. അ​പ്പോ​ഴാ​ണ് ത​ന്നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ഓ​ഡ്റി ഹെ​പ്ബേ​ണ്‍ എ​ന്ന ന​ടി​യു​ടെ അ​ഭി​ന​യ​ശേ​ഷി​യും മ​ഹ​ത്വ​വും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്.

സി​നി​മ​യു​ടെ ക​രാ​ർ അ​നു​സ​രി​ച്ച് പ​ര​സ്യ​ങ്ങ​ളി​ൽ പെ​ക്കി​ന്‍റെ പേ​രും ചി​ത്ര​വു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഡ്റി​യു​ടെ അ​ഭി​ന​യം ക​ണ്ട​പ്പോ​ൾ ആ ​ന​ടി​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ന​ൽ​കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. പ​ര​സ്യ​ങ്ങ​ളി​ൽ ത​ന്‍റെ ചി​ത്ര​ത്തി​ന്‍റെ​യും പേ​രി​ന്‍റെ​യു​മൊ​പ്പം അ​തേ വ​ലി​പ്പം​ത​ന്നെ ഓ​ഡ്റി​യു​ടെ​യും ചി​ത്ര​ത്തി​നും പേ​രി​നും ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ശ​ഠി​ച്ചു.
എ​ന്നാ​ൽ ഇ​ങ്ങ​നെ ചെ​യ്ത​ത് ത​ന്‍റെ മ​ഹ​ത്വ​മാ​യി കാ​ണാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

അ​ത് സ്റ്റു​ഡി​യോ​യു​ടെ സ​ല്പേ​രി​ന് ആ​വ​ശ്യ​മാ​ണെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. കാ​ര​ണം ഓ​ഡ്റി ഓ​സ്ക​ർ അ​വാ​ർ​ഡ് നേ​ടു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തീ​ർ​ച്ച​യാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഡ്റി​ക്ക് മു​ൻ​കൂ​ട്ടി പ​ബ്ലി​സി​റ്റി കൊ​ടു​ക്കാ​തി​രു​ന്നാ​ൽ അ​ത് സ്റ്റു​ഡി​യോ​യു​ടെ തെ​റ്റാ​കു​മെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഗ​മ​നം ശ​രി​യാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്രം തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ആ​ത്മ​പ്ര​ശം​സ ചെ​യ്യ​രു​ത്. മ​റ്റു​ള്ള​വ​ർ നി​ന്നെ പ്ര​ശം​സി​ക്ക​ട്ടെ. അ​ന്യ​ന്‍റെ നാ​വാ​ണ്, നി​ന്‍റേ​ത​ല്ല അ​തു ചെ​യ്യേ​ണ്ട​ത്'' (സു​ഭാ​ഷി​ത​ങ്ങ​ൾ 27:2). പെ​ക്ക് എ​ന്ന അ​സാ​ധാ​ര​ണ ന​ട​ൻ ആ​ത്മ​പ്ര​ശം​സ​യു​ടെ വ​ഴി​യേ പോ​യി​ല്ല. വി​നീ​ത​മാ​യ ജീ​വി​തം ന​യി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച​ത്. അ​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ക്കു​ക​യും ചെ​യ്തു.

നാം ​ആ​രും പെ​ക്കി​നെ​പ്പോ​ലെ കേ​മ​ന്മാ​രോ പ്ര​സി​ദ്ധ​രോ അ​ല്ല. എ​ങ്കി​ൽ​പ്പോ​ലും നാം ​അ​റി​യാ​തെ​യാ​ണെ​ങ്കി​ലും ആ​ത്മ​പ്ര​ശം​സ​യു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​റി​ല്ലേ? സ്വ​ന്തം സ്തു​തി​യും പു​ക​ഴ്ച​യും നാം ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു സാ​രം.

എ​ന്നാ​ൽ ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ത​ന്നെ​ത്ത​ന്നെ ഉ​യ​ർ​ത്തു​ന്ന​വ​ൻ താ​ഴ്ത്ത​പ്പെ​ടും. ത​ന്നെ​ത്ത​ന്നെ താ​ഴ്ത്തു​ന്ന​വ​ൻ ഉ​യ​ർ​ത്ത​പ്പെ​ടും'' (മ​ത്താ 23:12).

ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലും മ​നു​ഷ്യ​രു​ടെ മു​ന്നി​ലും നാം ​വി​ന​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. കാ​ര​ണം പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു​പോ​ലെ നാം ​എ​ന്താ​യി​രി​ക്കു​ന്നു​വോ അ​ത് ദൈ​വ​കൃ​പ​യാ​ലാ​ണ് (1 കോ​റി​ന്തോ​സ് 15:10). ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ സ​ക​ല ന​ന്മ​ക​ളു​ടെ​യും അ​ടി​സ്ഥാ​നം ദൈ​വ​ത്തി​ന്‍റെ കൃ​പ​യാ​ണെ​ന്നു സാ​രം. ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യാ​ൽ നാം ​എ​ന്നും വി​ന​യ​മു​ള്ള​വ​രാ​യി ജീ​വി​ക്കും. അ​പ്പോ​ൾ ന​മ്മു​ടെ ന​ന്മ ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്യും.

Tags : glory disappeared Gregory Peck Hollywood actor Audrey Hepburn

Recent News

Up