x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ്കൈ ഒ​രു​വ​ട്ടം ഡാ...

സി. വിനോദ് കൃഷ്ണൻ
Published: January 11, 2026 05:09 AM IST | Updated: January 11, 2026 05:10 AM IST

സി​നി​മ​യി​ൽ ഫ​സ്റ്റ് ഹാ​ഫ് വെ​ട്രി​നേ​ടി​യ ദ​ള​പ​തി വി​ജ​യ് രാ​ഷ്ട്രീ​യ​മെ​ന്ന സെ​ക്ക​ൻ​ഡ് ഹാ​ഫി​ലേ​ക്ക്. അ​വ​സാ​ന​ചി​ത്ര​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഒരുക്കിയ പു​തി​യ ചി​ത്രം "ജ​ന​നാ​യ​ക​'ന്‍റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്പോൾ വിജയിന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.., ഒപ്പം തമിഴ് രാഷ്ട്രീയത്തിലേക്കും...

​ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​റിന്‍റെ​യും ശോ​ഭ​യു​ടെ​യും മ​ക​നാ​യി 1974ലാ​ണ് ജോ​സ​ഫ് വി​ജ​യ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്ന വി​ജ​യ് ജ​നി​ച്ച​ത്. ഒ​രു സ​ഹോ​ദ​രി​യു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടു വ​യ​സി​ൽ മ​രിച്ചു. ചെ​ന്നൈ ല​യോ​ള കോ​ള​ജി​ൽ ഡി​ഗ്രി പ​ഠ​നം പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ചു. അ​ച്ഛ​ൻ സം​വി​ധാ​നം​ചെ​യ്ത വെ​ട്രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ​ത്താം​വ​യ​സി​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. അ​ച്ഛ​ന്‍റെ ത​ന്നെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘നാ​ള​യ തീ​ർ​പ്പ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​മ്പോ​ൾ വ​യ​സു 18. തു​ട​ർ​ന്ന് ഇ​ന്നോ​ളം 69 ചി​ത്ര​ങ്ങ​ൾ മാ​ത്രം. ത​ന്‍റെ 51 -ാംവ​യ​സി​ൽ അ​ഭി​ന​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്നു പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​ര ങ്ങളിലൊരാളാണ് വി​ജ​യ്.

തുടക്കചി​ത്ര​ങ്ങ​ൾ വി​ജ​യം ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യം ന​ല്ല സം​വി​ധാ​യ​ക​രു​ടെ ക​ണ്ണി​ലൊ​ന്നും വി​ജ​യ് പെ​ട്ടി​ല്ല. 1996ൽ ​വി​ക്ര​മ​ൻ സം​വി​ധാ​നം​ചെ​യ്ത ‘പൂ​വേ ഉ​ന​ക്കാ​കെ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഒ​രു പൊ​തു​സ​മ്മ​തി ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മ​ല​യാ​ളി സം​വി​ധാ​യ​ക​രാ​യ ഫാ​സി​ലി​ന്‍റെ കാ​ത​ലു​ക്ക് മ​ര്യാ​ദൈ, സി​ദ്ദി​ഖി​ന്‍റെ ഫ്ര​ണ്ട്സ്, തു​ള്ളാ​ത മ​ന​വും തു​ള്ളും എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വി​ജ​യ​നാ​യ​ക​നാ​യി. തു​ട​ർ​ന്നു തി​രു​മ​ലൈ, ഗി​ല്ലി, തി​രു​പ്പാ​ച്ചി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ദ​ള​പ​തി​യാ​യി ഉ​യ​ർ​ന്നു. പോ​ക്കി​രി, ന​ൻപ​ൻ, തു​പ്പാ​ക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴ് മ​ക്ക​ളു​ടെ ര​ജ​നീ​കാ​ന്തി​നു​ശേ​ഷ​മു​ള്ള പ്രി​യ​നാ​യ​ക​നാ​യി വി​ജ​യ്.

ത​ലൈ​വ, ക​ത്തി, ജി​ല്ലാ, സ​ർ​ക്കാ​ർ, മെ​ർ​സ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​വി​ജ​യ​ത്തോ​ടെ ര​ജ​നി​യെ​പ്പോ​ലും ഭ​യ​പ്പെ​ടു​ത്തു​ന്ന ബോ​ക്സ് ഓ​ഫീസ് രാ​ജാ​വാ​യി.
താ​യ്, ത​ങ്ക​ച്ചി പാ​സ​വും മാ​സ് ഡ​യ​ലോ​ഗും ചേ​ർ​ന്ന ഫോ​ർ​മു​ല ചി​ത്ര​ങ്ങ​ളാ​യി വി​ജ​യ് പ​ട​ങ്ങ​ൾ മാ​റി​യ​തോ​ടെ ര​ജ​നി​യോ, വി​ജ​യ്‌യോ എ​ന്ന ചോ​ദ്യം​ത​ന്നെ ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ട​ലെ​ടു​ത്തു. എ​ന്നാ​ൽ ഇ​ത് അ​വി​ടെ​മാ​ത്രം മു​ഴ​ങ്ങു​ന്ന ഒ​രു ചോ​ദ്യമ​ല്ലാ​യി​രു​ന്നു. തെ​ന്നി​ന്ത്യ മു​ഴു​വ​ൻ വി​ജ​യ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. പ്ര​ത്യേ​കി​ച്ചു ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ. അ​ടി​പൊ​ളി സീ​നു​ക​ളും പാ​ട്ടും ഡാ​ൻ​സും സം​ഘ​ട്ട​ന​വും നാ​യി​ക​മാ​രും ചേ​രും​പ​ടി ചേ​ർ​ന്ന വി​ജ​യ് പ​ട​ങ്ങ​ൾ തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും മ​ല​യാ​ള​ത്തി​ലും ഹി​റ്റു​ക​ളാ​യി.

 നാ​ങ്ക അ​പ്പ​ൻ പേ​ച്ചേ കേ​ക്ക​മാട്ടോം, ആ​നാ അ​പ്പ​ന​ക്കു എ​താ​വ​ത് വ​ന്താ യെ​വ​ൻ പേ​ച്ച​യും കേ​ക്ക മാ​ട്ടോം...

വി​ജ​യ്‌​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​ശ​ക്തി പി​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​ണ്. മ​ക​നെ നാ​യ​ക​നാ​ക്ക​ണം, വി​ജ​യി​പ്പി​ക്ക​ണം, മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്നു​റ​പ്പി​ച്ചു​ത​ന്നെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ വി​ജയ്​യെ പി​ച്ച​വ​യ്പ്പി​ച്ച​ത്. ആ​ഗ്ര​ഹം ആ​ളി​ക്ക​ത്തി​ക്കാ​ൻ, സം​ഭ​വം മാ​സ് ആ​കാ​ൻ ഒ​രു ക​ഥ​യു​മു​ണ്ട്. ഏ​തോ ഒ​രു നി​ർ​മാ​താ​വ് വി​ജ​യ്‌യെ പ​രി​ഹ​സി​ച്ചു​വ​ത്രേ. ഈ ​മു​ഖം കാ​ണാ​ൻ ആ​രെ​ങ്കി​ലും തി​യ​റ്റ​റി​ൽ പോ​കു​മോ എന്നായിരുന്നു ചോദ്യം. ആ​ദ്യ​കാ​ല​ത്തു ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​ണ് ക​ഥ കേ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് ക​ഥ മാ​ത്ര​മ​ല്ല, സം​വി​ധാ​യ​ക​രെ​യും ന​ടീ​ന​ട​ന്മാ​രെ​യുമെ​ക്കെ നി​ശ്ച​യി​ച്ചി​രു​ന്ന​തും അ​ച്ഛ​ൻ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ഥ. ഇ​ക്കാ​ര്യം ച​ന്ദ്ര​ശേ​ഖ​ർ പൊ​തു​വേ​ദി​യി​ൽ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.

എ​ന്തും മാ​ന​ത്തു​ക​ണ്ടി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ർ 2020ൽ "ദ​ള​പ​തി വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്കം’ എ​ന്ന പാ​ർ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്നു. എ​ന്നാ​ൽ അ​ച്ഛ​നെ​യും ത​മി​ഴ​ക​ത്തേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​തി​നെ​തി​രേ വി​ജ​യ് രം​ഗ​ത്തു​വ​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ പേ​രോ, ചി​ത്ര​മോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽനി​ന്ന് മാ​താ​പി​താ​ക്ക​ളെ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ സി​റ്റി സി​വി​ൽ കോ​ർ​ട്ടി​ൽ ഇ​ന്‌ജങ്ഷ​ൻ ഫ​യ​ൽ ചെ​യ്തു. തു​ട​ർ​ന്ന് മ​ക​നെ​തി​രെ ച​ന്ദ്ര​ശേ​ഖ​ർ പ​ര​സ്യ പ്ര​തി​ക​ര​ണം ആ​രം​ഭി​ച്ചു. വി​ജ​യ്‌​യു​ടെ സമീപകാല ചി​ത്ര​ങ്ങ​ളെവ​രെ വി​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വാ​ർ​ത്ത​ക​ളി​ൽ കു​റ​ച്ചു​കാ​ലം തു​ട​ർ​ന്നെ​ങ്കി​ലും ച​ന്ദ്ര​ശേ​ഖ​റി​ന് അ​സു​ഖംബാ​ധി​ച്ച​തോ​ടെ വി​ജ​യ് ര​മ്യ​ത​യി​ലെ​ത്തി.

സിനിമയും രാഷ്ട്രീയവും ഒന്ന്

സി​നി​മ​യും രാ​ഷ്ട്രീ​യ​വും ഒ​ന്നാ​യൊ​ഴു​കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ സി​നി​മ​യി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ത്തു​ന്ന ന​ട​ന്മാ​രി​ലെ ഇ​ന്ന​ത്തെ ക​ണ്ണി​യാ​ണ് വി​ജ​യ്. ഡി​എം​കെ സ്ഥാ​പ​ക​നാ​യ അ​ണ്ണാ​ദു​രൈ, ക​രു​ണാ​നി​ധി, എ​ഐ​എ​ഡി​എം​കെ സ്ഥാ​പ​ക​നാ​യ എം​ജി​ആ​ർ, എം.​ആ​ർ. രാ​ധ, രാ​ജേ​ന്ദ്ര​ൻ, ശി​വാ​ജി ഗ​ണേ​ശ​ൻ, ജ​യ​ല​ളി​ത തു​ട​ങ്ങി ക​മ​ല​ഹാ​സ​ൻ, വി​ജ​യ​കാ​ന്ത്, രാ​ധാ​ര​വി, ശ​ര​ത് കു​മാ​ർ, രാ​ധി​ക, ഖു​ഷ്ബു ക​രു​ണാ​സ്, നെ​പ്പോ​ളി​യ​ൻ, വി​ശാ​ൽ വ​രെ​യു​ള്ള ന​ടീ​ന​ട​ന്മാ​മാ​ർ രാ​ഷ്ട്രീ​യ രം​ഗ​ത്ത് ഏ​റി​യും കു​റ​ഞ്ഞും ശ​ക്തി​കാ​ണി​ച്ച​വ​രാ​ണ്. ഇ​തി​ൽ മി​ക്ക​വ​രും ഡി​എം​കെ​യിലും ബാ​ക്കി​യു​ള്ള​വ​ർ എ​ഐ​എ​ഡി​എം​കെയി​ലും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. പി​ന്നെ​യും ചി​ല​ർ സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. അ​വ​രും ഡി​എം​കെ​യി​ലോ, എ​ഐ​എ​ഡി​എം​കെ​യി​ലോ സ​ഖ്യ​ക​ക്ഷി​ക​ളാ​യി​രു​ന്നു.

മി​ക്ക​വ​ർ​ക്കും പ​ര​മാ​വ​ധി എം​എ​ൽ​എ സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടാ​നാ​യി​രു​ന്നു വി​ധി. ഭാ​ഗ്യ​രാ​ജ് വ​ടി​വേ​ലു, ടി. ​രാ​ജേ​ന്ദ​ർ തു​ട​ങ്ങി​യ ന​ട​ന്മാ​ർ പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്രാ​സം​ഗി​ക​രാ​യും രംഗത്തുവന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ജ​ന​പ്രീ​തി​നേ​ടു​ന്ന ന​ടീ​ന​ട​ന്മാ​രെ ത​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​ത് ത​മി​ഴ​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം ​ചെ​യ്യു​ന്ന വി​ദ്യ​യാ​ണ്. ഇ​തി​ൽ വി​ജ​യ​കാ​ന്ത് മാ​ത്രം സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു​മ​ത്സ​രി​ച്ച് ജ​യി​ക്കു​ക​യും ഡി​എം​കെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി ഉ​യ​രു​ക​യും​ചെ​യ്തു. പി​ന്നീ​ട് കൂ​റു​മാ​റി ജ​യ​ല​ളി​ത​യു​ടെ പാ​ർ​ട്ടി​യി​ൽ ല​യി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വ​വും അ​വ​സാ​നി​ച്ചു.

എം​ജി​ആ​റും ര​ജ​നി​യും വി​ജ​യും

കാ​ര്യ​മാ​യ അ​ഭി​ന​യ​സി​ദ്ധി​യോ, ക​ഥ​യു​ടെ നി​ല​വാ​ര​മോ ഇ​ല്ലെ​ങ്കി​ലും ത​മി​ഴ​ക​മ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ഇ​ള​ക്കി അ​വ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി​ത്തീ​ർ​ന്നു ര​ക്ഷ​ക​സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്ന എം​ജി​ആ​റി​ന്‍റെയും ര​ജ​നി​യു​ടെ​യും പി​ൻ​മു​റ​ക്കാ​ര​നാ​യാ​ണ് വി​ജ​യ് വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. എം​ജി​ആ​റി​ന്‍റെ ജീ​വി​തം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​തി​ഹാ​സ​മാ​യി​രു​ന്നു. കൊ​ടും ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ത​മി​ഴ് ജ​ന​ത​യു​ടെ "ദൈ​വ​'മാ​യിവ​രെ അ​ദ്ദേ​ഹം വ​ള​ർ​ന്നു. ക​യ​റി​യ ഒ​രു പ​ടി​യും തി​രി​ച്ചി​റ​ങ്ങേ​ണ്ടി വ​ന്ന​തു​മി​ല്ല. അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ അ​ദ്ദേ​ഹം ഒ​രു​കൈ രാ​ഷ്ട്രീ​യ​ത്തി​ലും മു​റു​കെ പി​ടി​ച്ചി​രു​ന്നു. ആ​ദ്യം കോ​ൺ​ഗ്ര​സി​ലും പി​ന്നീ​ട് ഡി​എം​കെ​യി​ലും. ഡി​എം​കെ​യെ​കൊ​ണ്ട് എം​ജി​ആ​ർ വ​ള​ർ​ന്നു, എം​ജി​ആ​റി​നെ​കൊ​ണ്ട് ഡി​എം​കെ​യും.

എം​ജി​ആ​റി​ന്‍റെ വ​ള​രു​ന്ന ജ​ന​പ്രീ​തി തി​രി​ച്ച​റി​ഞ്ഞ അ​ണ്ണാ​ദു​രൈ ത​ന്ത്ര​ത്തി​ൽ എം​ജി​ആ​റി​നെ ത​ന്നോ​ടൊ​പ്പം നി​ർ​ത്തു​ക​യാ​യി​രു​ന്നു. എം​ജി​ആ​റി​നെ കാ​ണാ​ൻ​വ​രു​ന്ന ജ​ന​ങ്ങ​ൾ ത​ന്‍റെ പാ​ർ​ട്ടി​യെ വ​ള​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ട്ടി കാ​ണാ​ൻ സാ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള ഏ​ഴൈക​ൾ (​പാ​വ​പ്പെ​ട്ട​വ​ർ) ഒ​ഴു​കി​യെ​ത്തു​ന്ന ഡി​എം​കെ യോ​ഗ​ങ്ങ​ൾ ത​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​ത​കു​മെ​ന്ന് എം​ജി​ആ​റി​നും മ​ന​സി​ലാ​യി. 1967ൽ ​എം.​ആ​ർ. രാ​ധ​യു​ടെ വെ​ടി​യേ​റ്റ എം​ജി​ആ​റി​ന്‍റെ ചി​ത്രം പ​തി​ച്ചു​ള്ള പ്ര​ച​ര​ണ​മാ​ണ് ഡി​എം​കെ​യെ ആ​ദ്യ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണ​ത്തി​ൽ എ​ത്തി​ച്ച​ത്.

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ മ​രി​ച്ച​തോ​ടെ ര​ണ്ടാ​മ​നാ​യ ക​രു​ണാ​നി​ധി എ​ത്തു​ക​യും എം​ജി​ആ​റു​മാ​യി അ​ക​ലാ​ൻ ആ​രം​ഭി​ക്കു​ക​യും​ചെ​യ്തു. അ​ങ്ങ​നെ 1972ൽ എം​ജി​ആ​റി​നെ പു​റ​ത്താ​ക്കി. ത​മി​ഴ​ക​വും എം​ജി​ആ​റും ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എം​ജി​ആ​ർ പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തെ നി​ര​ന്ത​ര പ്ര​ചാ​ര​ണം​കൊ​ണ്ട് 1977ൽ ​എം​ജി​ആ​ർ ഭ​ര​ണം​പി​ടി​ച്ചു, മു​ഖ്യ​മ​ന്ത്രി​യാ​യി. ഇ​തി​നാ​യി മു​ഖ്യ ആ​യു​ധ​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത് ത​ന്‍റെ സി​നി​മ​ക​ൾ ത​ന്നെ​യാ​ണ്.

എം​ജി​ആ​ർ സി​നി​മാ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഉ​ദി​ച്ചു​യ​ർ​ന്ന താ​ര​മാ​ണ് ര​ജ​നീ​കാ​ന്ത്. വ​ള​രെ​ക്കുറ​ച്ച് സ​മ​യംകൊ​ണ്ടു​ത​ന്നെ എം​ജി​ആ​റി​ന്‍റെ സ്ഥാ​നം ത​മി​ഴ് മ​ക്ക​ൾ ര​ജ​നി​ക്ക് ന​ൽ​കി. എ​ങ്കി​ലും ര​ജ​നി ത​ന്‍റെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം ഒ​രി​ക്ക​ലും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. 1996​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​ല​ളി​ത​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​തോ​ടെ​യാ​ണ് ര​ജ​നീ​കാ​ന്ത് ആ​ദ്യ​മാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്തു​വ​രു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ അ​ഴി​മ​തി​യും ഏ​കാ​ധി​പ​ത്യ​വും കി​രാ​ത​ഭ​ര​ണ​വും ചൂ​ണ്ടി​ക്കാ​ണി​ച്ച് ര​ജ​നി​കാ​ന്ത് ന​ട​ത്തി​യ ഒ​രു പ​ത്ര​സ​മ്മേ​ള​നം. അ​തു​പ​ക്ഷേ ത​മി​ഴ്നാ​ട്ടി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചു. ജ​യ​ല​ളി​ത ത​ക​ർ​ന്ന​ടി​ഞ്ഞു.

അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​യ ക​രു​ണാ​നി​ധി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന വേ​ള​യി​ൽ ന​ന്ദി​പ​റ​ഞ്ഞ കൂ​ട്ട​ത്തി​ൽ ഒ​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​രോ​ടു​മാ​യി​രു​ന്നു. അ​ത്ര​ത്തോ​ളം സ്വാ​ധീ​ന​ശ​ക്തി ര​ജ​നി​ക്ക​ന്ന് ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ജ​നി​യെ കൂ​ടെ​നി​ർ​ത്താ​ൻ ക​രു​ണാ​നി​ധി ശ്ര​മി​ച്ചെ​ങ്കി​ലും ര​ജ​നി പി​ടി​കൊ​ടു​ത്തി​ല്ല. പി​ന്നീ​ട് ര​ജ​നി വ​ള​രും​തോ​റും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ചു. ര​ജ​നി സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ഒ​ഴി​ഞ്ഞു​മാ​റി​ക്കൊ​ണ്ടേ​യി​രു​ന്നു.

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബി​ജെ​പി​യു​മാ​യും പ്ര​ത്യേ​കി​ച്ച് ന​രേ​ന്ദ്ര​മോ​ദി​യു​മാ​യും ര​ജ​നീ​കാ​ന്ത് അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു എ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും വി​ട​പ​റ​ഞ്ഞശേ​ഷ​മാ​ണ് ര​ജ​നി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രാം എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ത​മി​ഴ്നാ​ടി​നു വീ​ണ്ടും ഉ​ത്സ​വ​മാ​യി. പ​ക്ഷേ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ടു​ത്ത പ്ര​ഖ്യാ​പ​നം​വ​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന് ര​ജ​നീ​കാ​ന്ത് പ്ര​ഖ്യാ​പി​ച്ചു.

സുവർണാവസരം!

ഇ​താ​ണ് ഉ​ചി​ത​മാ​യ സ​മ​യ​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് 2020ൽ ​വി​ജ​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ശേ​ഖ​ർ വി​ജ​യ്‌യു​ടെ പേ​രി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങു​ന്ന​തും വി​ജ​യ് എ​തി​ർ​ക്കു​ന്ന​തും. എം​ജി​ആ​റി​നെ​യും ര​ജ​നി​യെ​യും പോ​ലെ, സി​നി​മ​യി​ലെ ത​ങ്ങ​ളു​ടെ ഇ​ഷ്ട​നാ​യ​ക​ൻ ത​ങ്ങ​ളെ​ ര​ക്ഷി​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന ത​മി​ഴ് മ​ക്ക​ൾ​ക്ക് കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും വി​ജ​യു​ടെ വ​ര​വ് പ്ര​ത്യാ​ശ പ​ക​ർ​ന്നു. ക​രു​ണാ​നി​ധി​യും ജ​യല​ളി​ത​യും വി​ടപ​റ​ഞ്ഞു.

ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ആ​കെ പേ​രി​നു​ള്ള ക​രു​ണാ​നി​ധി​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ര​നാ​യ സ്റ്റാ​ലി​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട​വ​ന​ല്ല. ക​മ​ല​ഹാ​സ​നു ഒ​ട്ടും ച​ല​നം സൃ​ഷ്ടി​ക്കാ​ൻ കെ​ല്പി​ല്ല. ഭ​യ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ര​ജ​നീ​കാ​ന്താ​ണെ​ങ്കി​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് സു​വ​ർ​ണാ​വ​സ​ര​മെ​ന്ന് വി​ജ​യ്‌യും മ​ന​സി​ലാ​ക്കിക്കാ​ണ​ണം, നേ​രി​ട്ട് രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം​ന​ട​ത്തി.

എം​ജി​ആ​റി​നു​ശേ​ഷം സ്വ​ന്തം പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സൂ​പ്പ​ർ​താ​ര​മാ​യി വി​ജ​യ് മാ​റി. ത​ലേ​ന്നു​വ​രെ യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും വി​ജ​യ് ന​ട​ത്തി​യ​താ​യി ആ​ർ​ക്കും അ​റി​വി​ല്ല. അ​തും ഒ​രു മു​ന്ന​ണി​യു​മാ​യി സ​ഖ്യം​പോ​ലു​മി​ല്ലാ​തെ. അ​തു​പോ​ലെ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഡി​എം​കെ​യേ​യും കേ​ന്ദ്ര​ത്തേ​യും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് വി​ജ​യി​ന്‍റെ വ​ര​വ്.

ത​മി​ഴ്നാ​ട്ടി​ൽ ഉ​ട​നീ​ളം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ വി​ജ​യ് ന​ട​ത്തി​യി​ട്ടു​ള്ളൂ. ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി ഒ​രാ​ളെ നി​ർ​ത്തി ജ​യി​പ്പി​ക്കു​ക​യോ, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കി ശ​ക്തി തെ​ളി​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന​ർ​ഥം. അ​ങ്ങ​നെ​യു​ള്ള എ​ല്ലാം പ​യ​റ്റി​യാ​ണ് എം​ജി​ആ​ർ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ബ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച​തെ​ന്നും ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ജ​യി​ച്ച ശേ​ഷ​മാ​ണ് എം​ജി​ആ​ർ സി​നി​മ വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ​ക്കു​മു​ന്നേ ത​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ എ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സി​നി​മ​യി​ൽ​നി​ന്ന് പു​റ​ത്താ​യ​ശേ​ഷ​മ​ല്ല താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഇ​ന്ന് ഇ​ന്ത്യ​യി​ൽ​ത​ന്നെ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന, ഏ​റ്റ​വു​മ​ധി​കം മാ​ർ​ക്ക​റ്റു​ള്ള ത​ന്‍റെ സി​നി​മാ​ജീ​വി​തം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ട് തി​രി​ച്ചു ന​ന്ദി​കാ​ണി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു.

അമിത ആത്മവിശ്വാസമോ‍?

ഇ​തെ​ല്ലാം വ​ള​രെ അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രു​മു​ണ്ട്. എം​ജി​ആ​റി​നെ​പ്പോ​ലെ സി​നി​മ​യി​ലും രാ​ഷ്ട്രീ​യ​ത്തി​ലും സാ​മൂ​ഹ​ത്തി​ലും സ​ൽ​പ്പേ​ര് സൃ​ഷ്ടി​ച്ച് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് അ​ന്നും ഇ​ന്നും ഒ​രു​പോ​ലെ നി​ല​നി​ൽ​ക്കു​ന്ന ആ​ള​ല്ല വി​ജ​യ്. കു​റ​ച്ചു​കാ​ലം സി​നി​മ​യി​ൽ സൂ​പ്പ​ർ​നാ​യ​ക​നാ​യി നി​ല​നി​ന്നു​വെ​ന്നു​മാ​ത്രം. അ​തി​ലു​പ​രി രാ​ഷ്ട്രീ​യ​ത്തി​ലോ, സ​മൂ​ഹ​ത്തി​ലോ കാ​ര്യ​മാ​യ യാ​തൊ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ൻ ഇ​തു​വ​രെ വി​ജ​യി​ക്കാ​യി​ട്ടി​ല്ല.

ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ലൂ​ടെ കേ​ന്ദ്രം​ഭ​രി​ക്കു​ന്ന ബി​ജെ​പി ഭ​യ​പ്പെ​ടു​ന്ന ശ​ക്ത​നാ​ണ് താ​നെ​ന്ന ഒ​രു പ്ര​തീ​തി​യു​ള​വാ​ക്കാ​ൻ സാ​ധി​ച്ച​താ​ണ് ആ​ദ്യ നേ​ട്ടം. ബി​ജെ​പി​യെ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ വി​ജ​യ്‌യു​ടെ പേ​രി​നു മു​ന്നി​ൽ ജോ​സ​ഫ് എ​ന്നു​കൂ​ടി ഉ​ണ്ടെ​ന്ന് പ്ര​തി​യോ​ഗി​ക​ൾ ആ​രോ​പി​ച്ച​തോ​ടെ ത​ന്‍റെ പേ​ര് ജോ​സ​ഫ് വി​ജ​യ് എ​ന്നു​ത​ന്നെ​യാ​ണെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി, താ​ൻ മ​തേ​ത​ര​ത്വ മു​ഖ​മു​ള്ള​വ​നാ​ണെ​ന്ന് തെ​ളി​യി​ച്ച​താ​ണ് മ​റ്റൊ​രു നേ​ട്ടം.

കാ​രൂ​രി​ൽ ന​ട​ത്തി​യ പ്ര​ച​ാര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 41 പേ​ർ മ​രി​ച്ചതും 60 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തും ത​ന്‍റെ ജ​ന​പ്രീ​തി​യു​ടെ തെ​ളി​വാ​യി വി​ജ​യ്‌യി​ന് പ​റ​യാ​തെ പ​റ​യാം. അ​തു​ത​ന്നെ ആ​യു​ധ​മാ​ക്കി ബി​ജെ​പി​യും ഡി​എം​കെ​യും വി​ജ​യി​നെെ​തി​രേ പ​യ​റ്റു​ക​യാ​ണ്. കാ​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു നേ​രി​ട്ട് ഹാ​ജ​രാ​വാ​ൻ സി​ബി​ഐ വി​ജയ്‌​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഏ​റ്റ​വു​മൊ​ടു​വി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന, എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന, അ​വ​സാ​ന​ചി​ത്ര​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സും ത​ട​ഞ്ഞി​രി​ക്കു​ന്നു. വി​ജ​യ് എ​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് അ​വ​സാ​നി​ക്കു​മോ, അ​തോ ദ​ള​പ​തി വി​ജ​യ് എ​ന്ന സൂ​പ്പ​ർ​താ​രം അ​വ​സാ​നി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

Tags : vijay

Recent News

Up