കഴിഞ്ഞ ബുധനാഴ്ച രാവിലെ പൂനെയ്ക്കടുത്ത ബാരാമതിയിൽ പ്രൈവറ്റ് ജെറ്റ് വീണു തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച അപകടം, ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത, ഒരു വ്യോമയാന സുരക്ഷാപ്രശ്നത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്- വിഐപി സിൻഡ്രോം.
രാജ്യങ്ങളുടെ പരമോന്നത നേതാക്കൾ, സേനാധിപർ, മന്ത്രിമാർ തുടങ്ങിയ അതിവിശിഷ്ട, വിശിഷ്ട യാത്രക്കാരുടെ സാന്നിധ്യം, വിമാനം പറത്തുന്നവരുടെ മേൽ ചെലുത്തുന്ന, ബോധപൂർവവും അല്ലാത്തതുമായ സമ്മർദം അപകടകരമാണെന്ന്, ലോകമെങ്ങും ഇത്തരം വിമാനങ്ങൾ ഉൾപ്പെട്ട ഒരുപിടി അപകടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രികന്റെ, യാത്രക്കാരുടെ പ്രാധാന്യം ഏറുംതോറും തടസമോ താമസമോ ഇല്ലാതെ വിമാനം എത്രയും വേഗം ലക്ഷ്യസ്ഥാനത്തിറക്കണം എന്ന തിടുക്കം ("get-there-itis') പൈലറ്റുമാർക്കുണ്ടാകുന്നതായാണ് വ്യോമയാന മനഃശാസ്ത്രത്തിൽ നടന്ന പല പഠനങ്ങളും സൂചിപ്പിച്ചിട്ടുള്ളത്. മോശം കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം, സുരക്ഷാപ്രശ്നങ്ങളായല്ല, മറിച്ച് യാത്ര വൈകിക്കാൻ വന്നുകയറുന്ന തടസങ്ങളായി കാണുന്ന ഈ മാനസികാവസ്ഥയിൽ, കഴിയുന്നത്ര പ്രശ്നങ്ങൾ അവഗണിക്കാനാണ് പ്രേരണയുണ്ടാവുക.
പല വിഐപി വിമാനാപകടങ്ങളിലും സംശയിച്ചിട്ടുള്ളതുപോലെ, വേഗംപറക്കാൻ യാത്രക്കാർ പൈലറ്റിനോടു നേരിട്ട് ആവശ്യപ്പെടണമെന്നില്ല എന്നർഥം. പിന്നിൽ, കാബിനിൽ അവരുടെ സാന്നിധ്യംതന്നെ അത് ആവശ്യവും നിർബന്ധവുമാക്കും.
ഇനി, വിശിഷ്ട വ്യക്തിയുടെ സെക്രട്ടറി അദ്ദേഹത്തിന്റെയടുത്തുനിന്ന് ഏഴുന്നേറ്റുവന്ന്, ക്യാപ്റ്റന്റെ സീറ്റിനുപിന്നിൽ വെറുതേയൊന്നു നിൽക്കുകയോ മറ്റോ ചെയ്താലുണ്ടാകുന്ന സമ്മർദം അതിലെത്രയോ അധികമായിരിക്കുകയും ചെയ്യും.
2010 ഏപ്രിൽ 10ന് പോളിഷ് എയർ ഫോഴ്സ് വൺ, പിഎൽഎഫ് 101 എന്ന ടുപലേവ് ടിയു154 വിമാനം റഷ്യയിലെ സ്മൊളെൻസ്കിൽ വീണുതകർന്നത് വിഐപി സിൻഡ്രോം സൃഷ്ടിച്ച അപകടത്തിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. റഷ്യയിലെ സ്മൊളെൻസ്കിനടുത്ത കാറ്റിനിൽ, പോളിഷ് പട്ടാളക്കാരും പോലീസുകാരുമായിരുന്ന 22,000 പേരെ സോവിയറ്റ് യൂണിയൻ കൂട്ടക്കൊല ചെയ്തതിന്റെ എഴുപതാം വാർഷികം ആചരിക്കുന്ന ചടങ്ങളിൽ പങ്കെടുക്കാൻ വാഴ്സോയിൽനിന്ന് വരികയായിരുന്ന പോളിഷ് പ്രസിഡന്റ് ലെഹ്ക് കാഹ്ച്ചിൻസ്കീ അടക്കമു ള്ളവരായിരുന്നു വിമാനത്തിൽ.
അനുസ്മരണം നടക്കുന്ന സ്ഥലത്തിനടുത്തുള്ള സ്മൊളെൻസ്ക് നോർത്ത് എയർപോർട്ടിൽ വിമാനം ഇറക്കാൻ ശ്രമിക്കുമ്പോൾ സാമാന്യം നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു. 400 മീറ്ററിനപ്പുറം ഒന്നും കാണാൻകഴിയാത്ത അവസ്ഥയിൽ, റൺവേ കാണാൻ താഴ്ന്നിറങ്ങിവന്ന വിമാനം മരങ്ങളിലിടിച്ച് കീഴ്മേൽമറിഞ്ഞ് നിലത്തുവീണു തകർന്നു. ഏഴു വിമാനജോലിക്കാരും 89 യാത്രക്കാരുമായി വിമാനത്തിലുണ്ടായിരുന്ന 96 പേരിൽ ഒരാൾപോലും രക്ഷപ്പെട്ടില്ല.
പോളണ്ടിന്റെ സംയുക്ത സേനാ തലവന്റെ കോക്പിറ്റിലെ സാന്നിധ്യം, ഏതു വിധേനയും മോശം കാലാവസ്ഥയെ അവഗണിച്ചും ലാൻഡു ചെയ്യാൻ പൈലറ്റുമാരിൽ ചെലുത്തിയ മനഃശാസ്ത്രപരമായ നിർബന്ധമാണ് അപകടത്തിന്റെ പ്രധാന കാരമെന്നായിരുന്നു റഷ്യൻ അന്വേഷണസമിതിയുടെ കണ്ടെത്തൽ.
പോളണ്ടിന്റെ അന്വേഷകർ ഈ നിഗമനം എടുത്തുപറയുന്നില്ലെങ്കിലും, അനുസ്മരണച്ചടങ്ങു നടക്കാനിരുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്മൊളെൻസ്കിൽതന്നെ വിമാനമിറക്കാൻ പൈലറ്റിനുമേൽ സമ്മർദമുണ്ടായിരുന്നു എന്നു വ്യക്തം.
2002ൽ റുവാണ്ടയിലെ കിഗാലളി വിമാനത്താവളത്തിനടുത്ത്, റുവാണ്ട എയർ ഫ്ളൈറ്റ് 205, മോശം കാലാവസ്ഥയിൽ വീണുതകർന്നത് ഇതിനോട് സമാനമായ അപകടമായിരുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുണ്ടായിരുന്ന വിമാനം എത്രയുംവേഗം നിലത്തിറക്കാനുള്ള തത്രപ്പാട് അപകടമുണ്ടാക്കി എന്നായിരുന്നു റിപ്പോർട്ട്.
ഇറാൻ എയർഫോഴ്സിന്റെ മുതിർന്ന ഓഫീസർമാർ യാത്രക്കാരായിരുന്ന ഒരു സി130 വിമാനം 1981ൽ ടെഹ്റാനിൽ തകർന്നതും, 1989ൽ പാക്കിസ്ഥാൻ നാവികസേനയുടെ ഉന്നതോദ്യോഗസ്ഥരുമായി ഫോക്കർ 27 വിമാനം ടാൻഡോ മുഹമ്മദ് ഖാൻ വിമാനത്താവളത്തിനടുത്ത് വീണതും മറ്റ് ഉദാഹരണങ്ങൾ.
2021 ഡിസംബറിൽ, ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും മുതിർന്ന സേനാ ഉദ്യോഗസ്ഥരും യാത്രക്കാരായിരുന്ന, ഇന്ത്യൻ വ്യോമസേനയുടെ മി-17V-5 ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കൂനൂരിൽ വീണുതകർന്ന്, ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ച അപകടമുണ്ടാക്കിയത് മോശം കാലാവസ്ഥയിൽ അപകടകരമായ ഭൂപ്രദേശത്തു കൂടി പറന്നതാണെന്നാണ് റിപ്പോർട്ടിലെങ്കിലും അത്തരത്തിലുള്ള റിസ്ക് എടുക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ചത് വിഐപി സിൻഡ്രോമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാഴ്ച മറയ്ക്കുന്ന മൂടൽമഞ്ഞിൽ മലമ്പ്രദേശത്തുകൂടി പറന്നതാണ് 2024 മേയ് 19ന് ഇറാൻ പ്രസിഡന്റ്് ഇബ്രാഹം റയ്സി, വിദേശകാര്യമന്ത്രി അമീർ അബ്ദൊല്ലഹിയാൻ എന്നിവരടക്കം എട്ടു യാത്രക്കാരും ബെൽ212 ഹെലികോപ്ടർ അസർബൈജാനിലെ വർസഖാനിൽ തകർന്ന് മരിക്കാനിടയായ അപകടമുണ്ടാക്കിയത്. ഇതിലും ലക്ഷ്യസ്ഥാനത്തിനു വളരെ അടുത്തുവച്ച്, മോശം കാലാവസ്ഥയിൽ വിവിഐപികളുമായുള്ള പറക്കൽ എന്ന അപകടസൂചനകളെല്ലാം ഒത്തുചേർന്നിരുന്നു.
യാത്രക്കാരായ അതിവിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചെലുത്താനിടയുള്ള അപകടരമായ സമ്മർദത്തിൽനിന്ന് പൈലറ്റുമാരെയും വിമാനത്തെത്തന്നെയും രക്ഷിക്കാൻ ഏറെ മാർഗങ്ങൾ നിർദേശിക്കുന്ന പഠനങ്ങളുണ്ടായിട്ടുണ്ട്. കാബിനും കോക്പിറ്റുമായി എല്ലാ അർഥത്തിലും വേർതിരിക്കുകയാണ് ഒന്നാമത്തേത്. യാത്രക്കാരായ വിഐപികളോടല്ല വിമാനം പറത്തുന്നതിന്റെ എസ്ഒപി (സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) അതേപടി പാലിക്കുന്നതിനു മാത്രമാണ് പൈലറ്റുമാർക്ക് ബാധ്യതയുള്ളത് എന്ന ബോധ്യം ഉറപ്പിക്കുക പ്രധാനം.
മോശം കാലാവസ്ഥപോലുള്ള സാഹചര്യങ്ങളിൽ വിമാനം യാത്രപുറപ്പെടണോ എന്ന തീരുമാനമെടുക്കാനുള്ള ചുമതല പൈലറ്റുമാരിൽനിന്നു മാറ്റി നിഷ്പക്ഷരായ, വിഐപികളെ പേടിക്കേണ്ടതില്ലാത്ത മൂന്നാംകക്ഷികൾക്കു നൽകുകയെന്നത് അടുത്തത്. പറക്കലിനിടെ വിമാന സുരക്ഷയ്ക്കായി പൈലറ്റ് എടുക്കുന്ന ഏതു തീരുമാനത്തിനും അധികൃതരുടെ പൂർണപിന്തുണയുണ്ടാവും എന്ന ഉറപ്പുനൽകുക എന്നത് മൂന്നാമത്തെ കാര്യം.
പൈലറ്റുമാർ തമ്മിൽ കൃത്യമായ ആശയവിനിമയം, ഉത്തരവാദിത്വങ്ങൾ പങ്കിടൽ, അരക്ഷിതമായ സാഹചര്യങ്ങളിൽ ക്യാപ്റ്റന്റെ തെറ്റായ നടപടിയെ മറികടക്കാനുള്ള കോപൈലറ്റിന്റെ സ്വാതന്ത്ര്യം- ഇവയെല്ലാം വിഐപികളുടെ ഇഷ്ടം സുരക്ഷയ്ക്കുപരിയായി കാണുന്നതിന് ഒരു പരിധിവരെ തടയിടും.
Tags : VIP syndrome shadow danger cockpit sunday deepika