2026 എന്ന പുതിയ വർഷത്തിലേക്ക് നാം പ്രവേശിക്കാൻ പോവുകയാണ്. അതിനുമുന്പ്, കഴിഞ്ഞ വർഷത്തിലെ അനുഗ്രങ്ങളെക്കുറിച്ച് ദൈവത്തിനു നന്ദിപറയാൻ മറന്നുപോകേണ്ട. കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാനും നാം മറന്നുപോകരുത്. ആ അനുഭവങ്ങളിൽ പലതും സന്തോഷകരവും മറ്റുള്ളവ ദുഃഖകരവുമാകാം. ദുഃഖകരമായവയിൽ ചിലത് നമ്മുടെ ബലഹീനതകൾമൂലം സംഭവിച്ചവയുമാകാം. അങ്ങനെയെങ്കിൽ നാം അവയെക്കുറിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ദൈവാനുഗ്രഹത്തോടെ സന്തോഷകരമായി പുതിയവർഷം നമുക്കു തുങ്ങാൻ സാധിക്കൂ.
ഓരോ പുതിയ വർഷവും നമ്മുടെ ജീവിതം പുതിയതായി തുടങ്ങാനുള്ള അവസരമാണ്. അതിനു വലിയ പ്ലാനും പദ്ധതിയും എപ്പോഴും ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ജീവിതം എല്ലാ രീതിയിലും മെച്ചപ്പെടുത്താൻവേണ്ടി ഉറച്ച തീരുമാനങ്ങളും ധീരമായ ചുവടുവയ്പ്പുകളും ഉണ്ടാകണം. എങ്കിൽ മാത്രമേ പലപ്പോഴും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന ലോകത്തിൽ നമുക്കു വിജയംവരിക്കാനാകൂ.
അടുത്തകാലത്ത് അമേരിക്കൻ ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട വാൾട്ടർ കാർ എന്ന ചെറുപ്പക്കാരന്റെ കഥ ഇവിടെ കുറിക്കട്ടെ. അലബാമ സംസ്ഥാനത്തെ ഹോംവുഡ് സ്വദേശിയാണു വാൾട്ടർ. കോളജ് വിദ്യാർഥിയായ ഈ യുവാവ് പാർട്ട് ടൈം ജോലിചെയ്താണ് തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജോലിക്ക് ഓഫർ ലഭിച്ചത് താമസസ്ഥലത്തുനിന്ന് മുപ്പത്തിരണ്ടു കിലോമീറ്റർ അകലെയുള്ള പെൽഹാം എന്ന സ്ഥലത്തായിരുന്നു.
പഴയൊരു കാറായിരുന്നു വാൾട്ടറിന്റേത്. ജോലിക്കു പോകേണ്ട തലേദിവസം രാത്രിയായപ്പോൾ അതു സ്റ്റാർട്ടാക്കാൻ സാധിക്കാതെവന്നു. കൈയിൽ പണമില്ലാത്തതുകൊണ്ട് കാർ നന്നാക്കിയെടുക്കാനോ ടാക്സി വിളിച്ച് ജോലിക്കു പോകാനോ പറ്റാത്ത സാഹചര്യമായിരുന്നു. തന്നെ ജോലിസ്ഥലത്തെത്തിക്കാൻ വാൾട്ടരിന് ആരുടെയും സഹായവും ലഭിച്ചില്ല.
ജോലിക്കു ഹാജരാകാതിരിക്കാൻ ഇതൊരു ന്യായീകരണമാക്കാമായിരുന്നു. പക്ഷേ വാൾട്ടറിന്റെ തീരുമാനം മറിച്ചായിരുന്നു. അയാൾ ജോലിക്കു ഹാജരാകാൻതന്നെ തീരുമാനിച്ചു. അതിന് ഒരുക്കമായി ഭക്ഷണംകഴിച്ചശേഷം നാലു മണിക്കൂർ ഉറങ്ങി. പിന്നീട് അവൻ ജോലിസ്ഥലത്തേക്കു നടന്നു. നമ്മുടെ നാട്ടിലേതുപോലെ ബസ് സൗകര്യവും മറ്റുമുള്ള സ്ഥലമല്ല അലബാമയിലെ ഉൾപ്രദേശങ്ങൾ. യാത്രയ്ക്കിടയിൽ വാൾട്ടർ തളർന്നവശനായി വിശ്രമിക്കുന്പോൾ ഒരു പോലീസുകാരൻ അവന്റെ സഹായത്തിനെത്തി.
വേറെ രണ്ടു പോലീസുകാരും ഒപ്പംചേർന്ന് അവനു ഭക്ഷണം വാങ്ങിക്കൊടുത്തു. അതു മാത്രമല്ല അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഒരു പോലീസുകാരൻ സഹായിക്കുകയും ചെയ്തു.
വാൾട്ടർ ജോലിക്കെത്തിയ സ്ഥലം ഒരു വീടായിരുന്നു. അവിടെനിന്ന് വീട്ടുപകരണങ്ങൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുന്ന ജോലിയായിരുന്നു ബെൽഹോപ്സ് മൂവിംഗ് കന്പനിയുടെ പേരിൽ മറ്റു ജോലിക്കാരോടൊപ്പം അവൻ ചെയ്യേണ്ടിയിരുന്നത്.
രാവിലെ എട്ടുമണിക്കാണ് ജോലി തുടങ്ങേണ്ടിയിരുന്നത്. എന്നാൽ രാവിലെ ആറരയ്ക്ക് വാൾട്ടർ അവിടെ എത്തിയിരുന്നു. എട്ടുമണിവരെ ആ വീട്ടിലെ വിശ്രമമുറിയിൽ ഉറങ്ങി ക്ഷീണം തീർക്കാൻ വീട്ടുടമയായ ജനി ലാമി പറഞ്ഞിട്ടും അതിനു തയാറാകാതെ അവൻ ഉടനെത്തന്നെ തന്റെ ജോലി തുടങ്ങുകയാണ് ചെയ്തത്.
കിട്ടിയ ജോലി നഷ്ടപ്പെടുത്താതിരിക്കാൻ കാൽനടയായി യാത്രചെയ്ത വാൾട്ടറിന്റെ കഥ ജനി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. എന്നുമാത്രമല്ല കോളജ് പഠനത്തിന് വാൾട്ടറെ സഹായിക്കാനായി ജനി ഒരു ഫണ്ട് സമാഹരണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ വാൾട്ടറിനെക്കുറിച്ച് കേൾക്കാനിടയായ മൂവിംഗ് കന്പനിയുടെ ചെയർമാൻ ലൂക്ക് മാർക്ക്ലിൻ അവനെ കാണാനെത്തി സ്വന്തം കാർ സമ്മാനമായി നൽകി. വാൾട്ടറിന്റെ കഥ കേട്ടവർ അവനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ സഹായിച്ചു. അങ്ങനെ വാൾട്ടറിന് ഒരു ലക്ഷത്തോളം ഡോളർ ലഭിച്ചു.
എന്നാൽ ആ തുക മുഴുവനും വാൾട്ടർ എടുത്തില്ല. അതിൽനിന്ന് 25,000 ഡോളർ ബർമിംഗ് എഡ്യൂക്കേഷൻ ഫൗണ്ടേഷന് സംഭാവനചെയ്തു. ആ ഫൗണ്ടേഷനാകട്ടെ ആ തുക ഉപയോഗിച്ച് വാൾട്ടറിന്റെ പേരിൽ ഒരു സ്കോളർഷിപ് ആരംഭിച്ചു. വാൾട്ടർ ഇന്നു പലർക്കും ഒരു റോൾ മോഡലായി മാറിയിരിക്കുകയാണ്.
2005ലെ കത്രീന എന്ന കൊടുങ്കാറ്റിൽ വാൾട്ടറിന് വീടു നഷ്ടപ്പെട്ടിരുന്നു. അന്ന് അഞ്ചുവയസുകാരനായിരുന്ന വാൾട്ടർ പിതാവില്ലാതെ അമ്മയോടൊപ്പം കഷ്ടപ്പെട്ടാണ് വളർന്നത്. കറുത്ത വംശജനായ വാൾട്ടർ കോളജ് പഠനത്തിനുശേഷം സൈനികസേവനമാണ് ലക്ഷ്യംവയ്ക്കുന്നത്. 32 കിലോമീറ്റർ നടന്ന് ജോലിക്കുപോകാൻ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ വാൾട്ടർ പറഞ്ഞു: ""എന്നെ തോല്പിക്കാൻ എനിക്കു മനസില്ലായിരുന്നു.''
പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുന്പോൾ നമ്മിൽ പലരും "എനിക്കു മടുത്തു, എനിക്കു മതിയായി' എന്നുപറഞ്ഞ് ജീവിതത്തിൽനിന്നു പിൻവാങ്ങുകയാണു പതിവ്. നമ്മിൽ ചിലരെങ്കിലും ചിലപ്പോൾ ഒരു പരാജയകാരണം കാണുവാൻ കാത്തിരുന്നുവെന്നും വരാം. അതു കിട്ടുന്പോൾ അവർക്കു സമാധാനമായി.
എന്നാൽ പ്രതികൂലസാഹചര്യങ്ങൾ വാൾട്ടറിനെ തളർത്തിയില്ല. അവൻ അവയെ സധൈര്യം നേരിടുകതന്നെചെയ്തു. അന്ധയും ബധിരയും മൂകയുമായിരുന്ന ലോകപ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരി ഹെലൻ കെല്ലർ എഴുതി: ""സുഖത്തിലും നിശബ്ദതയിലും സ്വഭാവം മെച്ചപ്പെടുന്നില്ല. പരീക്ഷണങ്ങളും വേദനകളും വഴിയാണ് ഒരാളുടെ ആത്മാവ് ശക്തമാകുന്നത്.''
വാൾട്ടറിന്റെ ജീവിതം ഈ സത്യമാണ് തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ അവനെ തളർത്തിയില്ല. അവ അവനെ മെച്ചപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി രൂപപ്പെടുത്തി. പരാജയത്തിന് ഒരു നായീകരണം കണ്ടെത്താനല്ല വാൾട്ടർ ശ്രമിച്ചത്. അതിനുപകരം ഇരുട്ടിലൂടെ പ്രതീക്ഷ നഷ്ടപ്പെടാത്തവനായി നടക്കുകയാണു ചെയ്തത്.
ദൈവവചനം പറയുന്നു: ""നിന്റെ പ്രവൃത്തികൾ കർത്താവിനു സമർപ്പിക്കുക. അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും'' (സുഭാഷിതങ്ങൾ 16: 3). നമ്മുടെ പ്രവൃത്തികൾ നാം ദൈവത്തിനു സമർപ്പിക്കുന്പോൾ തടസങ്ങൾ വേഗം ഇല്ലാതാകണമെന്നില്ല. എന്നാൽ ആ തടസങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം അപ്പോൾ നമുക്കു നൽകും. ആ ശക്തിയാണ് വാൾട്ടറിനെപ്പോലെ രാത്രിയിലും നടന്നു ലക്ഷ്യത്തിലെത്താൻ നമ്മെ സഹായിക്കുന്നത്.
പുതിയൊരു വർഷത്തിലേക്കു നാം കടക്കുന്പോൾ പരാജയങ്ങൾക്കുള്ള ന്യായീകരണങ്ങൾ നമുക്കു മാറ്റിവയ്ക്കാം. അനുകൂലമായ അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ ഉത്തരവാദിത്തങ്ങളോട് വിശ്വസ്തതയുള്ളവരായി നമുക്കു മുന്നോട്ടുപോകാം. അപ്പോൾ നമ്മുടെ യാത്ര ഇരുട്ടിലൂടെയാണെങ്കിലും ഓരോ ചുവടും വിജയത്തിലേക്കുള്ളതുതന്നെ എന്നതിൽ സംശയംവേണ്ട.
എല്ലാവർക്കും
നവവത്സരാശംസകൾ!
Tags : With hope dark alleys sunday deepika