ജർമനിയിലെ തുടർപഠന സാധ്യത കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും അതിൽ തളരാതെ മധുരമേറും ബിസിനസിൽ മുന്നേറുകയാണ് അരക്കമറ്റത്തിൽ മനു മാത്യു. തൊടുപുഴ-പാല റൂട്ടിൽ കടന്നുപോയിട്ടുള്ളവർ കുറിഞ്ഞിക്കു സമീപമുള്ള നാടൻ ശർക്കര നിർമാണ യൂണിറ്റ് കണ്ടിരിക്കും.
പ്രതിസന്ധിയിൽ തളരാതെ നാട്ടിൽ ഒരു സംരംഭം യാഥാർഥ്യമാക്കാമെന്ന എൻജിനിയറിംഗ് ബിരുദധാരിയായ മനുവിന്റെ നിശ്ചയദാർഢ്യമാണ് ഇതിനു പിന്നിൽ. 2017ൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം പാസായ മനു ജർമനിയിൽ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു.
ജർമൻ പഠനവും വീസ പ്രോസസിംഗുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ സമ്പൂർണ ലോക്ഡൗണ് പ്രഖ്യാപിച്ചതോടെ, മനുവിന്റെ ജർമൻ മോഹത്തിനും പൂട്ടുവീണു.
തിരിച്ചടിയിൽ പിന്നോട്ടുപോകാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ലോക്ക്ഡൗണ് കാലത്താണ് മനുവിനുണ്ടായത്. മാതൃസഹോദരൻ പൈനാപ്പിൾ കൃഷി നടത്തുന്നതിനാൽ, ഈ പാത പിന്തുടർന്നാലോ എന്നായിരുന്നു ആദ്യചിന്ത.
കോവിഡ് കാലത്ത് അമ്മാവൻ റോബി ജോണിനൊപ്പം പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച മനു പാട്ടക്കൃഷി വ്യവസ്ഥകൾ നേരിട്ടു മനസിലാക്കി. പാലായിലെ കൃഷിയിടങ്ങൾ കരിന്പുകൃഷിക്ക് അനുയോജ്യമാണെന്ന് മനു ഇതിനകം അറിഞ്ഞിരുന്നു.
കരിന്പുകൃഷിയുടെ ബാലപാഠങ്ങൾ കർഷകരിൽനിന്നു മനസിലാക്കുകയും തുടർപഠനത്തിനായി തിരുവല്ല കരിന്പുഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. രണ്ടു വർഷം നീണ്ടുനിന്ന ഗവേഷണത്തിനിടെ ചെറിയ തോതിൽ കരിന്പുകൃഷി ആരംഭിച്ചു.
നിലവിൽ മുപ്പതേക്കറോളം സ്ഥലത്ത് മനു പാട്ടക്കൃഷി ചെയ്യുന്നു. പത്തുമാസവും വിളഞ്ഞ കരിന്പുകിട്ടുന്ന രീതിയിലാണ് കൃഷി. മുപ്പതിനായിരം രൂപ വരെ പാട്ടം നൽകി കരക്കണ്ടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം.
കരിന്പിൻ നീരിൽ സ്വാഭാവികമായി ഉപ്പുരസമുണ്ട്. നീരൊഴുക്കമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്താൽ ഇവയില്ലാതാകും. ഭൂമി തട്ടുതട്ടായി തിരിച്ചാണ് കൃഷി. കൃഷി വകുപ്പിന്റെ ലാബിൽ മണ്ണു പരിശോധന നടത്തിയാണ് വളപ്രയോഗം.
ചെടിക്ക് യൂറിയ കൂടുതലായാൽ അധികം ജ്യൂസ് ലഭിക്കില്ല. പൊട്ടാഷ് നൽകുന്നത് മികച്ച വിളവ് ലഭിക്കും.

നിർമാണ യൂണിറ്റ്
സ്വന്തമായി കരിമ്പ് ചക്കിലാട്ടി നീരുചൂടാക്കി കുറുക്കി ശർക്കരയായി വിപണിയിൽ എത്തിച്ചാൽ മാത്രമേ വേണ്ട ആദായം ലഭിക്കൂവെന്നു മനു നേരത്തേ മനസിലാക്കിയിരുന്നു. ഇതിനായി കുറിഞ്ഞിയിലും പാലായിലും രണ്ടു ശർക്കരനിർമാണ യൂണിറ്റ് ആരംഭിച്ചു.
ഡീസൽ എൻജിനിലും വിറകിലും പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് വൈദ്യുതീവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കേരളത്തിൽ ജ്യൂസ് കരിന്പ്, ശർക്കര കരിന്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്.
തിരുമധുരം, ജാവ, നമ്പർ-7, മാധുരി എന്നിവയാണ് ശർക്കരയ്ക്കായി കൃഷി ചെയ്യുന്ന ഇനങ്ങൾ. തിരുവല്ല കരിന്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൂടുതൽ ശർക്കര ലഭിക്കുന്ന മാധുരിയാണ് മനു കൃഷി ചെയ്യുന്നത്.
ശർക്കര നിർമിക്കുന്നതിനായി കൃഷിയിടത്തിൽനിന്നു കരിന്പ് വെട്ടി നിർമാണ യൂണിറ്റിലെത്തിച്ച് മെഷീന്റെ സഹായത്തോടെ ജ്യൂസാക്കി മാറ്റും. രണ്ടു ചെന്പുകളിലായി ജ്യൂസ് തിളപ്പിച്ച് അഴുക്കെല്ലാം നീക്കി, ലായനി കുറുക്കി പാവു നോക്കി ശർക്കരയാക്കി മാറ്റും.
കരിന്പിൻ ജ്യൂസ് 70 ഡിഗ്രി സെൽഷ്യസിൽ ആദ്യത്തെ ചെന്പിൽ (Primary Container) തിളയ്ക്കുമ്പോൾ ലായനിലെ അഴുക്കും പൊടിയും പതയ്ക്കൊപ്പം പൊങ്ങിവരും ഇതു നീക്കം ചെയ്തശേഷം രണ്ടാമത്തെ ചെമ്പി(Secondary)ലേക്കു മാറ്റും.
230 ഡിഗ്രി സെൽഷ്യസൽ രണ്ടാംചെന്പിൽ ലായനി തിളച്ച് ലാവ പരുവത്തിലാക്കും. പിന്നീടു ശർക്കര ലാവ 60 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് തോണിയിലൊഴിച്ച് ഉണ്ട പിടിച്ച് തകിടിലേക്കു മാറ്റും. പാനി, പതിയൻ, ശർക്കര, ശർക്കരപ്പൊടി എന്നിവയാണ് ഒൗട്ട്ലറ്റിലൂടെ വിൽക്കുന്നത്.
ദ്രാവകരൂപത്തിലുള്ളതാണ് പാനി. നേരത്തെ കല്യാണസദ്യയ്ക്കൊപ്പം മധുരമായി വിളന്പിയിരുന്നത് പാനിയായിരുന്നു. പാനിയുടെ കട്ടികൂടിയ ലായനി രൂപമാണ് പതിയൻ. തിരുവല്ല, പന്തളം ഭാഗങ്ങളിൽ ശർക്കരയെന്നാണ് ഇതിനു പറയുന്നത്.
ഉണ്ടപിടിക്കാൻ സാധിക്കാത്ത ശർക്കര പൊടിരൂപത്തിൽ വില്ക്കുന്നു. ജീരകം, ചുക്ക്, ഏലക്ക, എന്നിവ ചേർത്ത ശർക്കരയും വിൽക്കുന്നുണ്ട്. കരിന്പിൻ ചണ്ടി ഫാക്ടറിയിലേക്കുള്ള വിറകാവശ്യത്തിനും പരിസ്ഥിതി സൗഹൃദസഞ്ചി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്.
ശർക്കര നിർമാണത്തിനിടെ വെട്ടിക്കളഞ്ഞ മാലിന്യം (ചെളി) ജൈവകൃഷിക്കുള്ള ജീവാമൃതം നിർമിക്കുന്നതിനായി ആവശ്യക്കാർ കൊണ്ടുപോകും.

ദിവസം 180 കിലോ ശർക്കര
രണ്ടു ടണ് കരിന്പിൽനിന്ന് 180 കിലോ ശർക്കരയാണ് ഒരു ദിവസം ഒരു യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്. 150 ലിറ്ററിന്റെ ചെമ്പിൽ അഞ്ചു തവണയായാണ് ലായനി പാകം ചെയ്യുന്നത്. ശർക്കര നിർമാണത്തിന് ആവശ്യമായ വരുന്ന കരിന്പ് സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തിരുവല്ല റിസർച്ച് സെന്ററിൽനിന്നും ലേലത്തിലും വാങ്ങും.
മികച്ച ഒരു ടീം കൂടെയുണ്ടെങ്കിൽ മാത്രമേ ബിസിനസ് വിജയിക്കൂ. ശർക്കര നിർമിക്കുന്നവർ, കരിന്പ് നടുന്നവർ, വെട്ടുകാർ, കയറ്റക്കാർ എന്നിങ്ങനെയായി കൃഷിയിടത്തും നിർമാണയൂണിറ്റിലുമായി മൊത്തം 28 തൊഴിലാളികളുണ്ട്.
കേരളം, തമിഴ്നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ. അഞ്ചേക്കറിൽ താഴെ കരിന്പ് വ്യാവസായികാടിസ്ഥനത്തിൽ കൃഷി ചെയ്താൽ നഷ്ടസാധ്യതയുണ്ടെന്നും മനു പറഞ്ഞു.
യൂണിറ്റ് ആധുനീകരിക്കുന്ന പ്രവർത്തനങ്ങളുമായി മനുവും സംഘവും നാട്ടിൽ മധുരം വിതറി മുന്നോട്ടുപോവുകയാണ്.
മനു മാത്യു: 7907210683
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
Tags : agriculture sugarcane cultivation manu