പുറ്റടി, കുമളി, ആനവിലാസം തോട്ടങ്ങളിലെ ഏലപ്പെരുമ ഹൈറേഞ്ചിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഏലത്തിനു മികച്ച വില ലഭിക്കുന്നതിനാൽ, പരന്പരാഗത കാപ്പിത്തോട്ടങ്ങൾ പലതും ഏലത്തോട്ടങ്ങളായി മാറി.
തോപ്രാംകുടി ഉദയഗിരിയിലെ കാറ്റിനുപോലും ഇപ്പോൾ ഏലത്തിന്റെ സുഗന്ധമാണ്. പച്ച ഏലയ്ക്കാ സംഭരണ കേന്ദ്രങ്ങൾ ധാരാളമുണ്ടായിരുന്ന ഉദയഗിരിയിൽ ഇപ്പോൾ കായ ഉണക്കുന്നതിനുള്ള ഡ്രയറുകളും സോർട്ടിംഗ് കേന്ദ്രങ്ങളും സുലഭമാണ്. ഉദയഗിരിയിലെ ഏലസുഗന്ധത്തിലൂടെ ഒരു യാത്ര.
കാപ്പിയിൽനിന്ന് ഏലത്തിലേക്ക്
ഉദയഗിരി, മേരിഗിരി സ്വദേശിയായ നിഖിൽ കെ. ജോയി എന്ന ചെറുപ്പക്കാരൻ ആറു വർഷമായി ഏലക്കൃഷി ചെയ്തുവരുന്നു. നേരത്തേ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ, ഏലത്തിനു മികച്ച വില ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ കൃഷിയിലേക്കു തിരിഞ്ഞത്.
നിലവിൽ 16 ഏക്കർ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ട്. കണിപറന്പൻ, ഞള്ളാനി, 9 ബോൾട്ട് ഏലം വെറൈറ്റിയാണ് തോട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ കണിപറന്പനാണ് കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.
ഉദയഗിരിയിലെ കാലാവസ്ഥയിൽ കണിപറന്പൻ വെറൈറ്റിക്ക് ഉത്പാദനക്ഷമത കൂടുതലുള്ളതിനാലാണ് ഇത്. 15 വർഷം മുന്പ് മറ്റൊരു കർഷകനിൽനിന്നു ശേഖരിച്ച ചിന്പിൽനിന്നാണ് ഇപ്പോൾ കൃഷിക്കുള്ള ചിന്പ് ഉപയോഗിക്കുന്നത്.
കണിപറന്പന്റെ ഒന്നിൽ കൂടുതൽ വെറൈറ്റികൾ നിലവിൽ തോട്ടത്തിൽ ഉണ്ട്. ഞള്ളാനിയുടെ പല കാലാവസ്ഥയിൽ വളരുന്ന വെറൈറ്റികളുണ്ട്. നമ്മുടെ തോട്ടത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏലം ഏതെന്നു തിരിച്ചറിഞ്ഞാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നതെന്ന് നിഖിൽ പറഞ്ഞു.
തോട്ടത്തിൽ കാപ്പിയും കുരുമുളകുമാണ് ആദ്യകൃഷി ചെയ്തിരുന്നത്. കാപ്പി, കുരുമുളക് കൃഷിയിൽനിന്ന് വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവ് ലഭിക്കുന്നത്. കാപ്പിക്കുരുവിന് വില കുറഞ്ഞതും കുരുമുളക് ചെടിയിൽ രോഗം വന്നതുമാണ് ഏലത്തിലേക്കു തിരിയാൻ കാരണം.
ജൂണിൽ തൈ നടും
ജൂണ് മാസത്തിലാണ് ഏലം നടുന്നത്. രണ്ടടി ആഴത്തിൽ ഒരു അടി വലുപ്പത്തിൽ കുഴിയെടുത്ത് തടം എടുക്കണം. ചാണകപ്പൊടിയും ജൈവവളവും ഇട്ട് ചിന്പ് വയ്ക്കും. മൂത്തുപാകമായ രണ്ടു മുളയുള്ള ചിന്പാണ് നടുന്നത്. പത്തടി അകലത്തിലാണ് തടം എടുക്കുന്നത്.
ചിന്പിന്റെ വേരുമാത്രമാണ് മൂടുന്നത്. ഇതിനു മുകളിൽ കരികിലയും ചപ്പും ഇട്ടുകൊടുക്കും. ചിമ്പ് താങ്ങുകാലിൽ കെട്ടിവയ്ക്കും. 15 ദിവസം കഴിയുന്പോൾ ഫംഗിസൈഡ് കലക്കി ഒഴിക്കും. ഇതിനുശേഷം വളപ്രയോഗം ആരംഭിക്കും. കാത്സ്യം പോലെയുള്ള സൂക്ഷ്മമൂലകങ്ങൾ നൽകും.
ചെടിയുടെ വളർച്ച നിരീക്ഷിച്ചാണ് സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തുന്നത്. നട്ട ചിന്പിൽനിന്ന് പുതിയ ചിന്പ് ഒരടി ഉയരത്തിൽ എത്തുന്പോൾ, ആദ്യത്തെ രാസവള പ്രയോഗം നടത്തും. ജൈവവളവും ധാന്യങ്ങളുടെ പൊടിയും കുമിക്കും ചേർത്താണ് രാസവളങ്ങൾ ചെടിക്ക് നൽകുന്നത്.
ചെടി ആറുമാസം പ്രായമാകുമ്പോൾ, ചെടിക്കുണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ ആക്രമണം എന്നിവ തടയുന്നതിനായി മരുന്നു സ്പ്രേ ചെയ്തു കൊടുക്കും. വേനൽക്കാലമാകുന്പോൾ ജനുവരി മുതൽ മാർച്ച് വരെ തോട്ടം നനയ്ക്കും.
സ്പ്രിംഗളറും മിസ്റ്റും വച്ചാണ് നനയ്ക്കുന്നത്. ഇതിനുള്ള കിണറുകളും കുളങ്ങളും തോട്ടത്തിൽ രണ്ട്.
ആറുതവണ കായ എടുക്കും
ഏലച്ചെടിക്ക് രണ്ടു വർഷം പ്രായമാകുമ്പോൾ കായ ഉണ്ടാകുന്നതിനുള്ള ശരം പെട്ടാൻ തുടങ്ങും. അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രി സെൽഷസിലേക്ക് എത്തുന്പോഴാണ് ചെടിയിൽ കായ പിടിക്കാൻ തുടങ്ങുന്നത്. ഈ സമയത്ത് ചെടി കവാത്ത് ചെയ്ത് (ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി) ഒരുക്കി നിർത്തും.
ആറു തവണയാണു ചെടിയിൽനിന്ന് കാ എടുക്കുന്നത്. ജൂണ് മാസത്തിലാണ് ആദ്യ കായ എടുക്കുന്നത്. ഓരോ കായ എടുപ്പിനുശേഷവും ഫംഗിസൈഡുകളും ബോർഡോ മിശ്രിതവും പ്രയോഗിക്കും. എൻപികെ വളങ്ങളും ജൈവവളവും ചെടിക്കു നൽകും. സൂക്ഷ്മമൂലകങ്ങൾ ഫോളിയാർ രീതിയിൽ ചെടിക്ക് നൽകും.
ഒരു ചിന്പിൽനിന്നു രണ്ടു ശരമാണ് ഉണ്ടാകുന്നത്. നല്ലതുപോലെ പരിപാലിക്കുന്ന ചെടിയിൽ നൂറു മുതൽ നൂറ്റന്പതു ചിന്പുകൾവരെ ഉണ്ടായിരിക്കും. ഒരു ശരത്തിൽ 20 മുതൽ 28 വരെ കൊത്ത് കാണും. ഒരു കൊത്തിൽ 24 മുതൽ 30 വരെ കായ് പിടിക്കും.
കൃത്യമായ പരാഗണവും പരിചരണവുമുണ്ടെങ്കിൽ കൊത്തിൽനിന്ന് ഭൂരിഭാഗം കായും ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറുകിലോ പച്ചക്കായ വരെ ലഭിക്കും. വിളവെടുക്കുന്ന കായ സ്റ്റോറിൽ കൊടുത്ത് ഉണക്കി സൂക്ഷിക്കും. മാർക്കറ്റിലെ വില നോക്കി ലേല സെന്ററിൽ എത്തിച്ചാണ് ഏലക്ക വില്ക്കുന്നത്.
ഏലത്തോട്ടത്തിൽ 40 ശതമാനം ഷെയ്ഡ് വേണം. പ്ലാവാണ് തോട്ടത്തിൽ തണൽ മരമായി ഉള്ളത്. ഏലത്തോട്ടത്തിൽ ഇടവിളയായി കുരുമുളക് കൃഷിയുണ്ട്. രണ്ടേക്കർ സ്ഥലത്തു കാപ്പി കൃഷി ചെയ്യുന്നു. നിഖിലിനൊപ്പം അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി പണിക്കുണ്ട്.
രോഗങ്ങൾ
രണ്ടു വർഷംകൊണ്ട് ആദായം ലഭിക്കുന്ന വിളയാണ് ഏലച്ചെടി. അതിനാൽതന്നെ രോഗബാധ ഇതിനു കൂടുതലാണ്. ഫംഗസ് രോഗമാണ് ചെടിക്ക് കൂടുതലായി ഉണ്ടാകുന്നത്. ഫംഗിസൈഡുകളും കീടനാശിനികളുമാണ് പ്രതിവിധിയായി പ്രയോഗിക്കുന്നത്.
വായുവിലൂടെ പകരുന്ന മൊസൈക്ക് രോഗത്തിനു മരുന്നില്ല. മൂലകങ്ങൾ വലിച്ചെടുക്കാനുള്ള ചെടിയുടെ ശേഷി നഷ്ടപ്പെടുകയും നശിച്ചു പോവുകയും ചെയ്യും. ഫിസേറിയം എന്ന ഫംഗസ് രോഗം പൂർണമായി നിയന്ത്രിക്കുന്നതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കീടങ്ങളുടെ ആക്രമണവും ചെടിക്ക് ഉണ്ടാകാറുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായം
പട്ടയമുള്ള സ്ഥലത്തെ ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നു ജലസേചനത്തിനുള്ള സൗകര്യവും പുതിയ ചെടി നടുന്നതിനുള്ള സഹായവും കാലാവസ്ഥ മൂലമുള്ള കൃഷി നാശത്തിനുള്ള സഹായവും ലഭിക്കുന്നുണ്ട്. കൃഷി വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
പട്ടയമില്ലാത്ത സ്ഥലത്തു കൃഷി നടത്തുന്നവർക്ക് ഒരു സഹായവും സർക്കാർ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ഏലക്കർഷകർ വാങ്ങുന്ന ഫംഗിസൈഡുകൾക്കും പെസ്റ്റിസൈഡുകൾക്കും ഉയർന്ന ജിഎസ്ടിയാണ് ഉള്ളത്.
ഇതു കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. നിലവിൽ ഏലത്തിനു മികച്ച വിലയാണു ലഭിക്കുന്നത്. കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മുകളിൽ ലഭിക്കുന്പോൾ കൃഷി ലാഭമാണ്. കിലോയ്ക്കു രണ്ടായിരം രൂപ താങ്ങുവില നൽകുകയാണെങ്കിൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരുമെന്നും നിഖിൽ പറഞ്ഞു.
അഞ്ചര കിലോയ്ക്ക് ഒരു കിലോ
750 കിലോഗ്രാം പച്ചക്കായ ഉണങ്ങാൻ ശേഷിയുള്ള രണ്ട് ഡ്രയറുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. 1,500 കിലോ ഉണക്കാൻ സാധിക്കും. ചില ദിവസങ്ങളിൽ മൂവായിരം കിലോയോളം പച്ചക്കായ സ്റ്റോറിൽ എത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ടാണ് ഉണക്കിയത്.
17 മണിക്കൂർ ആണ് കായ ഉണങ്ങുന്നതിനു വേണ്ട സമയം. നല്ല കായാണെങ്കിൽ 15 മണിക്കൂർകൊണ്ട് ഉണങ്ങും. മൂക്കാത്ത കായാണെങ്കിൽ 17 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമെന്നു ബെന്നി പറഞ്ഞു. അഞ്ചു മുതൽ ആറു കിലോ പച്ചക്കായ ഉണങ്ങിയാലേ ഒരു കിലോ ഉണക്ക ഏലയ്ക്കാ ലഭിക്കുകയുള്ളൂ. മഴ മാറിയാൽ അഞ്ചരക്കിലോ പച്ചക്കായ്ക്ക് ഒരു കിലോ ഉണക്കക്കായ ലഭിക്കും.
ആദ്യം കുറഞ്ഞ ചൂടിലാണ് (48 ഡിഗ്രി സെൽഷ്യസ്) കായ് ഉണക്കാൻ ഇടുന്നത്. വെള്ളം വലിഞ്ഞശേഷം രണ്ടു മണിക്കൂർ കൂടുന്പോൾ താപനില കൂട്ടി 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ച് ഉണക്കും.
ഇത്തരത്തിൽ ഉണങ്ങുമ്പോഴാണ് കായ്ക്ക് മികച്ച കളർ ലഭിക്കുന്നത്. ഉണങ്ങിയശേഷം കാ പോളിഷ് ചെയ്താണ് കർഷകർക്ക് തിരിച്ചു നൽകുന്നത്. ഒരു കിലോ കായ്ക്ക് 11 രൂപയാണ് ഉണങ്ങുന്നതിന് കർഷകരിൽനിന്ന് ഈടാക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രയറുകൾ വരുന്നതിനു മുന്പ് വിറകിൽ പ്രവർത്തിക്കുന്ന ഡ്രയറുകളാണ് ഉണ്ടായിരുന്നത്. തീ കൂടിപ്പോയാൽ കായ്കൾ കരിഞ്ഞുപോകുന്നതിനുള്ള സാധ്യത ഇത്തരം ഡ്രയറുകളിൽ ഉണ്ടായിരുന്നു. ഇലക്ട്രിക് ഡ്രയറുകൾ ഹീറ്റ് പമ്പ് ഡ്രയറുകളാണ്.
മോയിസ്റ്റർ കണ്ട്രോളർ സംവിധാനവും ഡ്രയറിൽ ഉണ്ട്. വൈദ്യുതി പോകുന്പോൾ ഡ്രയറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കർഷകർ പച്ചക്കായ ആയിത്തന്നെ വില്പന നടത്തിയിരുന്നു.
ഉണക്കക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നതിനാൽ ഇപ്പോൾ കർഷകർ കാ സ്റ്റോറിൽ എത്തിച്ച് ഉണക്കിയാണ് വില്ക്കുന്നത്.
ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.

ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.
Tags : karshakan Agriculture