നാട്ടിൽനിന്നും ഏറെക്കുറെ അപ്രത്യക്ഷമായ എള്ളുകൃഷി തിരികെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടു യുവകർഷകർ. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തിൽ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ളുകൃഷിയിലൂടെ പുതുചരിത്രമെഴുതുന്നത്.
പഴയകാലത്ത് നിരവധി കർഷക കുടുംബങ്ങളിൽ എള്ളുകൃഷി സർവ്വസാധാരണമായിരുന്നു. നെൽകൃഷി സമൃദ്ധമായിരുന്ന വേളയിൽ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ളുകൃഷി നടത്തിവന്നിരുന്നത്. എന്നാൽ, നെൽകൃഷി അന്യംനിന്നുപോയതോടെ ഏക്കർകണക്കിനു പാടങ്ങൾ ഇന്നു വൻനിർമിതികളായി മാറി.
ഇതിനുപുറമെ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉൾപ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു. മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനുപറ്റിയ സാഹചര്യമില്ലാത്തതിനാൽ ഭൂരിപക്ഷം കർഷകരുടേയും കൃഷിയിടങ്ങളിൽനിന്ന് ഈ കൃഷി അന്യംനിന്നു പോകാൻ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ളുകൃഷിയിൽ ഒരു കൈ പയറ്റാൻ തയാറെടുത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ഒരേക്കർ തരിശ് ഭൂമിയിൽ
റബർതോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വിൽപനയ്ക്കായിട്ടിരുന്ന ഒരേക്കർ സ്ഥലത്താണ് ഇരുവരും ചേർന്ന് കാരെള്ള് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാൽ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനൽകാൻ തയാറായി.
സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി. തൊഴിലാളികളെ നിയോഗിച്ചാൽ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവിൽ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതൽസമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു. അതിനാൽ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. ഒരേക്കറിൽ 600 ഗ്രാം വിത്താണ് വിതച്ചത്.
ശാസ്ത്രീയ വളപ്രയോഗം
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തിൽ സ്വീകരിച്ചത്. ആറു തവണ വളം നൽകിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടിൽ നേരിട്ട് നൽകിയില്ല. മിസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഇലവളം (ഫോളിയാർ ഫെർട്ടിലൈസേഷൻ) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളംഅൽപം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാൻ കഴിഞ്ഞു. കള പറിക്കാൻമാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു. ഒരു ചെടിയിൽ 100 മുതൽ 150 വരെ കായകളാണുള്ളത്.
ഒരുകായയിൽ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളിൽ ഇരുന്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പോഷകസമൃദ്ധമാണിത്. നവജാത ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കെല്ലാം ഏറെ ഉത്തമം.
അതിനാൽ വൻ ഡിമാന്റാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിർമാണത്തിനും മിഠായികൾ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ കിലോയ്ക്ക് 500550 രൂപ വരെയാണ് വിപണി വില. കൃഷിയെക്കുറിച്ചറിഞ്ഞ് തമിഴ്നാട്ടിൽ നിന്നടക്കം ആവശ്യക്കാർ എത്തുന്നുണ്ട്.
കുട്ടികൾ മുതൽ കൃഷി വിദഗ്ധർ വരെ
വിജയകരമായി നടപ്പാക്കിയ യുവകർഷകരുടെ എള്ളുകൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളിൽനിന്നു വിദ്യാർഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തിൽ എത്തുന്നത്. തൊടുപുഴ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തിൽ എള്ളുകൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കർഷകരെ പങ്കെടുപ്പിച്ച് ഇവിടേക്കു പഠന യാത്രയും നടത്തിയിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധികർഷകർ ഇവിടെ എത്തുന്നുണ്ട്. കരിമണ്ണൂർ കൃഷിഭവനിൽ നിന്നുള്ള മികച്ച പിന്തുണ തങ്ങൾക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു.
സ്ഥലം ലഭ്യമായാൽ അടുത്ത സീസണിൽ വിപുലമായ രീതിയിൽ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം. ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ഈ വർഷം മഴമാറാൻ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പിന് വേണ്ടതെന്നും ഇവർ പറഞ്ഞു.

യന്ത്രവത്കരണം ഫലം കണ്ട എള്ളുകൃഷി
യന്ത്രവത്കരണത്തിലൂടെയാണ് കൃഷിയുടെ 90 ശതമാനം ജോലികളും പൂർത്തീകരിച്ചത്. ചെറിയ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതെടുത്തു. പിന്നീട് നെൽകൃഷിക്ക് പാടം ഒരുക്കുന്ന ഞവരി ഉപയോഗിച്ച് വിത്ത് പാകുന്നതിനു ചെറിയ ബെഡ്ഡുകൾ തയാറാക്കി.
53 ബെഡ്ഡുകളാണ് ഇപ്രകാരം തയാറാക്കിയത്. ഒരു ബെഡ്ഡിൽ നാലു ലൈൻ എന്ന കണക്കിൽ വിത്തുകൾ പാകുന്നതിനു സ്വന്തം പരിജ്ഞാനം പ്രയോജനപ്പെടുത്തുകയായിരുന്നു. സാധാരണ കൈ ഉപയോഗിച്ച് മണ്ണിൽ ചെറിയ കുഴികളെടുത്താണ് വിത്തുകൾ പാകുന്നത്.
കൈ ഉപയോഗിച്ചാൽ വിരലുകളുടെ തൊലി പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചെറുവലിപ്പത്തിലുള്ള പിവിസി പൈപ്പിന്റെ അടിഭാഗം ചെരിച്ച് മുറിച്ചശേഷം ഇതുപയോഗിച്ച് ചെറുതായി മണ്ണു നീക്കി ഇതിനുള്ളിലൂടെ വിത്തുകൾ കുഴിയിലേക്കു നിക്ഷേപിക്കുകയായിരുന്നു.
കുനിഞ്ഞുനിന്നു വിത്ത് പാകുന്ന ഭാരിച്ച ജോലിയും ഇതിലൂടെ ഒഴിവാക്കാനായി. ഇതു ജോലിഭാരവും കൃഷിച്ചെലവും കുറയ്ക്കാൻ ഏറെ സഹായിച്ചു. മികച്ച വിളവ് നേടാൻ കഴിഞ്ഞതോടെ അധ്വാനത്തിന്റെ സംതൃപ്തി മനസിൽ നിറഞ്ഞു.
ഷിബു ജോസഫ്
ഫോണ്: 9447066051
Tags : Karshakan Agriculture