ജാഗ്വര്‍ ലാൻഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്ള്യുവിലും ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളമുള്ള ജോലിചെയ്തിരുന്ന എംബിഎക്കാരൻ. ജോലിയും ശന്പളവും വേണ്ടെന്നുവച്ച് ഒരുദിവസം അയാൾ മണ്ണിലേക്കിറങ്ങി. 18 ഏക്കർ ഭൂമിയിൽ പൊന്നുവിളയിച്ചു. മുന്‍പു വാങ്ങിയിരുന്ന ശന്പളത്തിന്റെ നാലിരട്ടി വരുമാനം നേടുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന യുവകര്ഷകന് ഇപ്പോൾ.
മാത്തുക്കുട്ടിയുടെ തോട്ടത്തിൽ റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവര്ഗങ്ങളുമെല്ലാമുണ്ട്. ഈ തൊടിയിലും പറമ്പിലും ഇണങ്ങാത്ത മൃഗങ്ങളില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി യവയെല്ലാം ഇവിടെയുണ്ട്. ഓമനിക്കാന്‍ കുതിരയും കഴുതയും നായ്ക്കളും പൂച്ചകളും. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്.
കോർപറേറ്റ് ജോലി പോരാ
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി ഉന്നത പഠനത്തിനുശേഷം ജോലിതേടി പോയെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരമ്പര്യം പിന്തുടര്ന്നുകൊണ്ടേയിരുന്നു. കോര്‍പറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നല്‍കിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സര്‍ദാര്‍ജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടത്തെ കൃഷിയും കാര്‍ഷിക സംരംഭങ്ങളും കണ്ട് തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു നാട്ടിലേക്കുള്ള മടക്കം.
500 കോഴികളുമായി റബര്‍ തോട്ടത്തിലെ ഒരു ഷെഡില്‍ കോഴി വളര്‍ത്തല്‍ ആദ്യം തുടങ്ങി.കോഴിക്കൂടുകള്‍ വികസിച്ച് ഇപ്പോള്‍ ഏഴായിരം കോഴികള്‍ വരെയുണ്ട്. കോഴികളെ ഇവിടെത്തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവര്‍ധിത രീതിയാണ് മാത്തുക്കുട്ടി പിന്തുടരുന്നത്.
80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു വിറ്റിരുന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലര്‍ കോഴിയിറച്ചി വില്ക്കാന് തുടങ്ങി. ലോലിപോപ്, ഡ്രംസ്റ്റിക് എന്നിങ്ങനെയായി ദിവസവും ശരാശരി മൂന്നു ടണ്‍ മാംസമാണു ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നു കയറിപ്പോകുന്നത്. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാര്‍ഗം. 60 മുട്ടക്കോഴികളുണ്ട്. നൂറു കാടകളും അത്രയുംതന്നെ താറാവുകളുമുണ്ട്.
കോഴി സംസ്കരണത്തിലെ ശേഷിക്കുന്ന തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോഴാണ് മാത്തുക്കുട്ടിയുടെ ബിസിനസ് മനസ് പന്നി വളര്‍ത്തലിലേക്കു തിരിഞ്ഞത്. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ ഇപ്പോള്‍ 400 പന്നികളുണ്ട്. കോഴിയിറച്ചിക്കൊപ്പം ഇപ്പോൾ നല്ലയിനം പന്നിയിറച്ചിയും മാത്തുക്കുട്ടി വിപണിയിലെത്തിക്കുന്നു.
കാൽലക്ഷം മീനുകൾ
പന്നിഫാമിലെ മാലിന്യം ഒഴിവാക്കാരനാണ് പറമ്പിലെ പാറക്കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. ഇപ്പോൾ അഞ്ചു കുളങ്ങളിലായി 25,000 മീനുകളുണ്ട്. പന്നിഫാമിലെയും ചിക്കന്‍ പ്രോസസിംഗ് യൂണിറ്റിലെയും അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
ചാണകം ലഷ്യമിട്ടാണു പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചത്്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറമ്പിലെ രണ്ടരയേക്കറില്‍ പുല്‍കൃഷിയും തുടങ്ങി. പശുവിന് ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപ്പുല്ലിന് നല്ല വളമായി. 600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകള്‍ക്കുള്ള തീറ്റയായി ദിവസവും വില്‍ക്കുന്നു. 45 ദിവസം കൂടുമ്പോള്‍ ഒരേക്കറില്‍നിന്നും 11 ടണ്‍ പുല്ല് ലഭിക്കുന്നുണ്ട്.
പശുവളര്‍ത്തല്‍ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി പോത്തുകൃഷിയിലേക്ക് തിരിഞ്ഞു. ഹരിയാനയില്‍നിന്നുള്ള മുറ ഇനത്തില്‍ പെട്ട 25 പോത്തുകളാണ് കൂട്ടില്‍ മിനുങ്ങിനില്ക്കുന്നത്. ആട് ഫാമില്‍ ഇപ്പോള്‍ 20 ആടുകളുണ്ട്. ആട്ടിന്‍കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവുമാണ് ലക്ഷ്യം.
വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, മുളക് എന്നിവയാണ് പ്രധാന പച്ചക്കറി കൃഷി. പറമ്പില്‍ അവിടവിടായി 100 ചുവട് പാഷന് ഫ്രൂട്ടുമുണ്ട്. നല്ല ആദായമാണ് മാത്തുക്കുട്ടിക്ക് പാഷന് ഫ്രൂട്ട് നല്‍കുന്നത്. 250 ചുവട് റെഡ് ലേഡി പപ്പായയും മികച്ച ആദായം നൽകുന്നു. കുഞ്ഞന്‍ തെങ്ങുകള്‍ മാത്രം നൂറോളമുണ്ട്.
കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ ചേനയും ചേമ്പും കാച്ചിലും കപ്പയും ഇഞ്ചിയും, മഞ്ഞളും, വാഴയുമെല്ലാം നൂറുമേനി വിളവുനല്കുന്നു. അലങ്കാര കോഴികളും പക്ഷികളുമുണ്ട്. പറമ്പിനോടു ചേര്‍ന്നു തരിശായി കിടന്ന നെല്‍പ്പാടവും മാത്തുക്കുട്ടി വെറുതേയിട്ടില്ല- ഉമ വിത്തുപാകി പൊന്നു വിളയിച്ചു
പാഴാക്കില്ല ഒന്നും
മാലിന്യസംസ്കരണത്തിനും പുനര്‍ ഉപയോഗത്തിനും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ പുഴുങ്ങി വേവിച്ച് പന്നി, മീന്‍, താറാവ് എന്നിവയ്ക്ക് തീറ്റയ്ക്കുള്ള ഒരു ഭാഗമാക്കുന്നു. ഇവിടത്തെ ദ്രവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കുന്നു.
ശേഷിക്കുന്ന സ്ലറി നേരേ തീറ്റപ്പുല്ലു തോട്ടത്തിലേക്കും പച്ചക്കറി തോട്ടത്തിലേക്കുമാണു പോകുന്നത്. പന്നി ഫാമിലെ ഖരമാലിന്യങ്ങള്‍ നേരേ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ്. ദ്രവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക്. കൂടാതെ ഫാമുകളില്‍നിന്നുള്ള മൃഗങ്ങളുടെ വിസർജ്യവും മാലിന്യവുമെല്ലാം നല്ല വളമാക്കി വില്‍ക്കുകയാണ്.
പുലര്‍ച്ചെ മൂന്നിന് മാത്തുക്കുട്ടിയും ഫാമും ഉണരും. ആദ്യം ഫുഡ് പ്രോസസിംഗ് യൂണിറ്റിലാണ് തിരക്ക്. സംസ്കരിച്ച മാംസ ഉത്പന്നങ്ങൾ ജില്ലയുടെ വിവിധ ഔട്ട്ലെറ്റുകളിലേക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള സ്ഥലങ്ങളിലേക്കും അയ്ക്കും. നേരം പുലര്‍ന്നാല്‍ ഫാമിലെ ഓരോ വിഭാഗത്തിലും ജോലികള്‍ ആരംഭിക്കും. എല്ലായിടത്തും മാത്തുക്കുട്ടി ഓടിയെത്തും. ഉച്ചയ്ക്ക് അല്പസമയം വിശ്രമം. അതുകഴിഞ്ഞാല്‍ സായാഹ്നംവരെ കൃഷിയിടത്തില്‍.
കുടുംബത്തിന്റെ പിന്തുണ
പിതാവ് ടോമിയും അമ്മ മോളിയും ഭാര്യ തെരേസ, മക്കളായ അലക്സാണ്ടര്‍, മരിയന്‍ എന്നിവരും മാത്തുക്കുട്ടിക്ക് കൃഷിയില്‍ താങ്ങും തണലുമായി ഏപ്പോഴുമുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ കര്ഷകന് കാര്‍ഷിക സംരംഭകനായി വളരണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം.
Tags : BMW Broiler agriculture farming