ഒരാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച. ഒഴിവുദിവസമായതുകൊണ്ട് ഉച്ചതിരിഞ്ഞ് മാക്സിം എന്നെയുംകൊണ്ട് അവിടെത്തന്നെ നടക്കാനിറങ്ങി.
മാക്സിം സരസമായി പറഞ്ഞു: ""ഒരാവശ്യത്തിനും എന്നെ കിട്ടുന്നില്ല എന്നല്ലേ നിന്റെ പരാതി. അത് ഇന്നു തീർക്കാം. നമുക്കിവിടെ ഒന്നു കറങ്ങാം.'' ഞങ്ങളെ നയിക്കാനെന്നവണ്ണം ജാസ്പ്പർ വാലാട്ടിക്കൊണ്ടു മുന്നിൽ.
നടന്ന് പുൽത്തകിടിയുടെ ഭാഗം കഴിഞ്ഞ് ഞങ്ങൾ കുന്നുപോലെ ഉയർന്ന ഭാഗത്തേക്കു കയറി. തഴച്ചുവളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ ചെറിയ കാടിന്റെ പ്രതീതി ജനിപ്പിച്ചു. ഞാൻ മാക്സിമിന്റെ കൈപിടിച്ചു നീങ്ങി. കാടുഭാഗം കഴിയുന്നിടത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന രണ്ടു പാതകൾ. ജാസ്പ്പർ വലത്തേ വഴിയിലൂടെ ഓടുകയാണ്.
മാക്സിം വിളിച്ചുപറഞ്ഞു: ""ജാസ്പ്പർ! ആ വഴിയല്ല. ഇങ്ങോട്ടു വാ!'' നായ അവിടെനിന്ന് വാലാട്ടിക്കൊണ്ട് ഞങ്ങളെ തിരിഞ്ഞുനോക്കിയെങ്കിലും മുന്നോട്ടുതന്നെ പോയി. ഞങ്ങൾ നടന്നത് ഇടത്തോട്ടുള്ള വഴിയിലൂടെ. ഞാൻ ചോദിച്ചു: ""നായ ആ വഴിക്കുതന്നെ പോകാനെന്താ കാരണം?''
""മുന്പു പോയി ശീലിച്ചിട്ടുള്ള വഴിയാണ്. അതു ചെന്നുമുട്ടുന്നത് കടലിനോടു ചേർന്നുള്ള ഒരു ഉള്ളറ, അല്ലെങ്കിൽ ഉൾക്കടലിലാണ്. അവിടെ ഞങ്ങൾക്ക് ഒരു ബോട്ടുമുണ്ടായിരുന്നു.''
മാക്സിം വീണ്ടും നായയെ വിളിച്ചു. ""അനുസരണയില്ലാത്ത ആ കുറുന്പൻ എവിടെയൊക്കെയോ ഓടിനടക്കുന്നുണ്ടാവും.'' ഞങ്ങൾ കുന്നിൻചെരുവിലേക്കു നീങ്ങി. മാക്സിം കൈചൂണ്ടിക്കൊണ്ട് എന്നോടു പറഞ്ഞു: ""അതാ അങ്ങോട്ടു നോക്കൂ. ആ കാഴ്ച കണ്ടോ?'' ഞാൻ അങ്ങോട്ടുനോക്കി. പ്രകൃതി വർണപ്പട്ടു വിരിച്ചപോലുള്ള കാഴ്ച.
ആകാശത്ത് വെള്ളിമേഘങ്ങൾ. താഴെ ഒരുവശത്ത് കളകളശബ്ദവുമായി ഒഴുകുന്ന അരുവി, കിളികളുടെ കളകൂജനം, വിവിധ വർണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ, അവ കാറ്റിൽ നൃത്തമാടിക്കളിക്കുന്നു.. അവയിൽനിന്ന് ഉയർന്നുപൊങ്ങിയ പരിമളം ആ ഭാഗമാകെ സുഗന്ധപൂരിതമാക്കി. നയനാനന്ദകരമായ ഈ കാഴ്ചകണ്ട് അതിശയിച്ചു നിൽക്കുകയാണ് ഞാൻ.
മാക്സിം ചോദിച്ചു: ""എങ്ങനെയുണ്ട്?''
ഞാൻ പറഞ്ഞു: ""വണ്ടർഫുൾ!''
""ഇതിനെ ഞങ്ങൾ ഹാപ്പി വാലി എന്നാണ് വിളിക്കുന്നത്.''
""നല്ല അർഥവത്തായ പേര്. മാക്സിമിനോടൊപ്പം നിന്ന് ഇതൊക്കെ കാണുന്പോൾ ഞാൻ
എന്നെത്തന്നെ മറക്കുന്നു. അഭിമാനം കൊള്ളുന്നു. എങ്ങനെ ഞാനിവിടെവന്നു എന്ന് അദ്ഭുതപ്പെടുന്നു.'' ഇതുകേട്ട് മാക്സിം പൊട്ടിച്ചിരിച്ചു. ആ മുഖത്തേക്ക് ഉറ്റുനോക്കി ഞാൻ ചോദിച്ചു: ""മാക്സിം എന്നെ എന്തുമാത്രം സ്നേഹിക്കുന്നു?''
എന്റെ ഇരു തോളുകളിലും കൈവച്ച് പ്രേമപൂർവം പറഞ്ഞു: ""നീ അത് അർഹിക്കുന്നു. അതുകൊണ്ടാണ് എന്റെ ഇണയും തുണയുമായി നിന്നെ സ്വീകരിച്ചത്.''
ഞാൻ പറഞ്ഞു: ""എത്ര ഭാഗ്യവതിയാണ് ഞാൻ. മാക്സിമിനെ മനസുകൊണ്ടു സ്വീകരിക്കാൻ തയാറായത് മാൻഡെർലിയെ കണ്ടിട്ടല്ല. ഈ മനസു കണ്ടിട്ടാണ്.''
""അതെങ്ങനെ?''
""മോണ്ടി കാർലോയിലെ ഹോട്ടലിലായിരിക്കേ ഈ സാധു പെണ്ണിനെ കാറിൽ കയറ്റി മാക്സിം എത്രയോവട്ടം കറങ്ങി. ഏതെല്ലാം കാഴ്ചകൾ കാണിച്ചുതന്നു.''
""അതേ.''
""ഒരു ദുഃസ്വാതന്ത്ര്യവും എന്നോടു കാണിച്ചില്ല. അതിൽ ഞാൻ അളന്നു മാക്സിമിന്റെ സ്വഭാവശുദ്ധി.''
അതിനുള്ള മറുപടി മാക്സിമിന്റെ മധുരമുള്ള ഒരു ചുംബനമായിരുന്നു.
വന്ന വഴി ഏതാണ്ട് അവസാനിച്ചതുകാരണം ഞങ്ങൾ കുന്നിൻചെരുവിൽനിന്ന് കടലോരം ലക്ഷ്യമാക്കി തിരിച്ചുനടന്നു. അപ്പോഴേക്കും അതാ ജാസ്പ്പർ എവിടെനിന്നോ ഓടിയെത്തി. മാക്സിം ഒരു കല്ലെടുത്ത് കടലോരത്തേക്കു നീട്ടിയെറിഞ്ഞിട്ടു പറഞ്ഞു: ""എടാ തെമ്മാടി, നീ പോയി ആ കല്ലെടുത്തുകൊണ്ടുവാ.''
കേട്ടപാടേ ജാസ്പ്പർ കല്ലിനെ ലക്ഷ്യമാക്കി കുതിച്ചു. ഏകാന്തവിശാലമായ ആ കടലോരത്ത് ഞങ്ങൾ മാത്രമായി. കുറേ നേരമായിട്ടും ജാസ്പ്പറെ കാണാതായപ്പോൾ മാക്സിം ഉച്ചത്തിൽ വിളിച്ചു: ""ജാസ്പ്പർ... ജാസ്പ്പർ..! നീയെവിടെയാണ്?'' ചുറ്റും നോക്കി. കാണുന്നില്ല. ഞങ്ങൾക്ക് ഉത്കണ്ഠയായി. ഞാൻ സംശയം പറഞ്ഞു:
""അവൻ ഹാപ്പി വാലിയിലേക്കു തിരിച്ചുപോയിക്കാണുമോ?''
""ഇല്ലില്ല. അല്പംമുന്പ് ദൂരെ ഞാൻ അവനെ കണ്ടതാ.'' എന്നിട്ടു മാക്സിം വീണ്ടും ഉച്ചത്തിൽ വിളിച്ചു.
ഞാൻ ചെവിയോർത്തു. അങ്ങുദൂരെ ബീച്ചിലെ അറ്റത്തുള്ള പാറക്കെട്ടുകളുടെ ഭാഗത്തുനിന്ന് നായ കുരയ്ക്കുന്ന ശബ്ദംകേട്ടു. ""മാക്സിം! അതാ അവന്റെ കുര കേൾക്കുന്നു.''
ഇതും പറഞ്ഞ് വഴുവഴുപ്പുള്ള പാറയാണെങ്കിലും ഞാൻ ശ്രദ്ധിച്ച്, വീഴാതെ, അള്ളിപ്പിടിച്ചു താഴേക്കിറങ്ങി. മാക്സിം വിലക്കി. ""നീയിങ്ങു വാ! അവൻ വന്നോളും. വരേണ്ട വഴി അവനറിയാം.''
അകലെ അലയടിക്കുന്ന കടൽ. ജാസ്പ്പർ അതിൽപ്പെട്ടു ചാവുമോ? അവന്റെ ശബ്ദം അവിടെനിന്നാണ് കേൾക്കുന്നത്. മാക്സിം എന്താണ് ഹൃദയശൂന്യമായി ഇങ്ങനെ പറയുന്നത് എന്നെനിക്കു തോന്നി. ഞാൻ ആ ഭാഗത്തേക്ക് ഓടി. അല്പംകഴിഞ്ഞ് പിൻതിരിഞ്ഞുനോക്കിയപ്പോൾ മാക്സിമിനെ കാണാൻ പറ്റാത്ത അത്ര അകലത്തിലായി ഞാൻ. എങ്കിലും ധൈര്യത്തോടെ നീങ്ങി.
അപ്പോൾ തിരയടിച്ചു നനഞ്ഞ വലിയൊരു ഉരുളൻ പാറക്കല്ല് ഉയർന്നു നിൽക്കുന്നു. അതിനു മുകളിലൂടെ ഞാൻ എത്തിനോക്കിയപ്പോൾ ഗുഹപോലെ ഒരു ഉള്ളറ. ജാസ്പ്പർ എവിടെപ്പോയി? ഉൾഭയത്തോടെ കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ട ദൃശ്യം എന്നെ അദ്ഭുതപ്പെടുത്തി. സൗകര്യപ്രദമായ ഒരു സുരക്ഷിത സങ്കേതം. ഉയരംകുറഞ്ഞ ഒരു കൊച്ചുകെട്ടിടം. ഒരു ബോട്ട് ഹൗസ്. അത് കടലിലേക്കു തുറന്നുകിടക്കുന്നു.
അപ്പുറത്തു നോക്കിയപ്പോൾ അതാ ഒരു മനുഷ്യൻ. ഞാൻ പേടിച്ചുപോയി. ജാസ്പ്പർ അയാളുടെനേരേ കുരയ്ക്കുകയാണ്. ഒരുപക്ഷേ അയാൾ മീൻപിടിത്തക്കാരനാവാം.
ഞാൻ വീണ്ടും പിന്നിലേക്കു തിരിഞ്ഞുനോക്കി. അപ്പോഴും മാക്സിമിനെ കണ്ടില്ല. ""ജാസ്പ്പർ! വാ ഇവിടെ.'' ഗൗരവസ്വരത്തിൽ ഞാൻ പറഞ്ഞു. അപ്പോഴേക്കും ആ മനുഷ്യൻ എന്റെ അടുത്തേക്കു വന്നു. കൊച്ചു കണ്ണുകളോടുകൂടിയ, ബുദ്ധിവികാസമില്ലാത്തതുപോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ. അധികം പ്രായമില്ല. എന്നെ കൗതുകത്തോടെ നോക്കി കൈകൂപ്പി പുഞ്ചിരിച്ചുനിന്നു.
""ആമയെ ഒന്നും കിട്ടീല്യ. ഉച്ചയ്ക്കുമുന്പ് കുഴിച്ചുതുടങ്ങീതാ...''
""ഓ ഹോ! ഇവിടെ ഒരു ചരടോ കൊച്ചു കയറോ കിട്ടുമോ? കഴുത്തിൽ കെട്ടി ഈ നായയെ കൊണ്ടുപോകാനാ.''
""ഞാൻ ഈ നായയെ അറിയും. ഇവിടത്തെ മൊതലാളീടെയാ.''
""അതേ. ആ വീട്ടിലേക്കു കൊണ്ടുപോകാനാ. ഒരു ചരടുവേണം.''
എന്തായാലും ധൈര്യം സംഭരിച്ച് ഞാൻ ബോട്ട് ഹൗസിന്റെ വാതിൽ തുറന്നു. നല്ല വിസ്താരമുള്ള അലങ്കരിച്ച മുറി. മേശ, കസേരകൾ, ഒരു ഡെസ്ക്, ചുമരിനോടു ചേർന്ന സോഫാ ബെഡ്, അപ്പുറത്തെ മുറിയിൽ കപ്പുകൾ, പ്ലേറ്റുകൾ, പുസ്തകങ്ങൾ മുതലായവ. പലയിടത്തും എട്ടുകാലിവല. സോഫാ ബെഡ് എലി കടിച്ചുകീറി നാശമാക്കിയിരിക്കുന്നു. എന്തായാലും ഉദ്ദേശിച്ച ചരടുകിട്ടി. ആ മനുഷ്യൻ എന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു.
""ജാസ്പ്പർ വാടാ ഇങ്ങോട്ട്!'' ഞാൻ കുനിഞ്ഞ് കഴുത്തിലെ പട്ടയിൽ ചരടുകെട്ടി.
ഒരു വിഡ്ഢിയുടെ മട്ടിലുള്ള ആ മനുഷ്യൻ പറഞ്ഞു: ""നിങ്ങള് അങ്ങോട്ടു പോകുന്നത് ഞാൻ കണ്ടു. ആ സ്ത്രീ ഇനി ഇവിടേക്കു വരില്യ. ഈ കടലില് മുങ്ങിപ്പോയി.''
ജാസ്പ്പറും ഞാനും മടങ്ങി. ഒപ്പം ആ മനുഷ്യനും. നോക്കിയപ്പോൾ തെല്ലകലെ മാക്സിം ഇരുപോക്കറ്റുകളിലും കൈയിട്ട് എന്നെ കാത്ത് ഒരു പാറയ്ക്കരികേ നിൽക്കുന്നു. പ്രസന്നമല്ല മുഖം.
""സോറി, വൈകിയത് ഈ ജാസ്പ്പർ മൂലമാണ്. ഇവൻ ഇയാളുടെ അരികെനിന്നു കുരയ്ക്കുകയായിരുന്നു. ആരാണിയാൾ?''
""ഇവൻ ബെൻ. പാവം. നിരുപദ്രവകാരിയാണ്. ഇവന്റെ പിതാവ് മുന്പ് നമ്മുടെ ജോലിക്കാരനായിരുന്നു. നമ്മുടെ തോട്ടത്തിനടുത്താണ് താമസം.'' നായയുടെ കഴുത്തിലെ ചരടുകണ്ട് ചോദിച്ചു: ""അതിരിക്കട്ടെ, നിനക്ക് ഈ ചരട് എവിടെന്നുകിട്ടി?''
""ബീച്ചിലെ കോട്ടേജിൽനിന്ന്.''
""അതിന്റെ വാതിൽ തുറന്നുകിടന്നിരുന്നോ?''
""ഞാൻ തള്ളിത്തുറന്നു. ചരടുകിട്ടിയത് തൊട്ടടുത്ത മുറിയിൽനിന്ന്. അവിടെ ഒരു ചെറിയ ബോട്ടും കണ്ടു. ആകെ മണ്ണും പൊടിയുമാണവിടെ. കുറച്ചുകാലമായിട്ട് ആരും ഉപയോഗിക്കാത്തതുപോലെ. കുറേ പുസ്തകങ്ങൾ കണ്ടു. അതെല്ലാം അവിടെക്കിടന്നു നാശമാവും.''
ഇതിന് മാക്സിം മറുപടിയൊന്നും പറഞ്ഞില്ല. കുത്തനെ കയറ്റംകയറി ഏറ്റവും വേഗത്തിൽ മടങ്ങി. ഒപ്പം ഞാനും.
ഞാൻ പറഞ്ഞു: ""എന്തൊരു നടത്തമാണിത്. ഒപ്പമെത്താൻ ഞാൻ വിഷമിച്ചു.''
തെല്ലും മയമില്ലാത്ത മറുപടിവന്നു: ""എല്ലാം നിന്റെ തെറ്റാണ്. ജാസ്പ്പറെ അന്വേഷിച്ച് പാറക്കൂട്ടവും കടന്ന് അറ്റംവരെ പോകേണ്ട വല്ലകാര്യവുമുണ്ടോ? ആരുടെയും സഹായമില്ലാതെ ചരടിട്ടു കെട്ടാതെതന്നെ അവൻ തിരിച്ചുവരും. മുന്പ് പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ആ സ്ഥലത്തേക്ക് പോകാൻ ഇത്രവലിയ വ്യഗ്രത എന്തിനായിരുന്നു?''
""ജാസ്പ്പർ കടലിൽ മുങ്ങിപ്പോകുമോ എന്നു ഭയന്ന്.''
""ഞാൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഇതിനകം നമ്മൾ വീട്ടിലെത്തുമായിരുന്നു. ഞാൻ നല്ല വാക്കിൽ പറഞ്ഞതാണ്, കുന്നും പാറകളും ചവിട്ടി പോകേണ്ടെന്ന്. എന്നിട്ടിപ്പോൾ ക്ഷീണവും പിറുപിറുപ്പും.''
""എനിക്കു ക്ഷീണവും പിറുപിറുപ്പുമൊന്നുമില്ല. എന്നാലും മാക്സിം എന്നോടൊപ്പം വരുമെന്ന് ഞാൻ വിചാരിച്ചു.''
""നായയെ അന്വേഷിക്കാൻവേണ്ടി ഞാൻ എന്തിന് ക്ഷീണിച്ചു കഷ്ടപ്പെടണം?'' പറഞ്ഞത് കടുത്ത സ്വരത്തിൽ.
""വേണ്ട, മതി. നമുക്കിവിടെവച്ച് നിർത്താം.''
""പറഞ്ഞത് അനുസരിക്കാതെ വേണ്ടാത്തതൊക്കെ പ്രവർത്തിച്ചിട്ട്...''
""പ്ലീസ് മാക്സിം, പ്ലീസ്! പറഞ്ഞതെല്ലാം നമുക്കിവിടെ മറക്കാം.''
കുറേനേരം പരസ്പരം മിണ്ടാതെ നടന്നു. വീട്ടിലെത്തിയ ഉടനെ ഫ്രിത്തിനോടു പറഞ്ഞു: ""ഞങ്ങൾക്ക് ചായ വേണം.'' ഇതും പറഞ്ഞ് എന്നെ നോക്കാതെ മാക്സിം ലൈബ്രറിയിലേക്കു കടന്നു വാതിലടച്ചു.
ഫ്രിത്ത് പോയശേഷം ഞാൻ വികാരഭരിതയായി, അടർന്നുവീഴാൻ വെന്പുന്ന കണ്ണീർത്തുള്ളികളോടെ, സ്വയം എളിമപ്പെട്ട് ലൈബ്രറിയുടെ വാതിൽ തുറന്നു. കസേരയിൽ ചിന്താമൂകനായി ഇരിക്കുന്ന മാക്സിം എന്നെ ഉറ്റുനോക്കി. ഞാൻ മാക്സിമിന്റെ അരികേ മുട്ടുകുത്തി, കണ്ഠമിടറിക്കൊണ്ടു പറഞ്ഞു: ""എന്നെ കുറ്റപ്പെടുത്തരുത്. എന്നോടിങ്ങനെ ദേഷ്യപ്പെടരുത്.''
എന്റെ മുഖം കൈകളിലൊതുക്കിക്കൊണ്ട് മാക്സിം പറഞ്ഞു: ""എനിക്ക് നിന്നോടു ദേഷ്യമൊന്നുമില്ല.''
""ഈ മനസു നൊന്തുവെന്നും സന്തോഷം ഞാൻ നഷ്ടപ്പെടുത്തിയെന്നും എനിക്കുതോന്നി. മാപ്പ്! ഞാൻ അങ്ങേയറ്റം മാക്സിമിനെ സ്നേഹിക്കുന്നുണ്ട്.''
""ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.'' നിറപുഞ്ചിരിയോടെ ഇതും പറഞ്ഞ് വരിഞ്ഞുമുറുക്കിയപോലെ എന്നെ കെട്ടിപ്പുണർന്നു. പിണക്കവും പരിഭവവും അതോടെ അലിഞ്ഞ് അപ്രത്യക്ഷമായി.
(തുടരും)
Tags : Sunday deepika Sunday