പച്ചവിരിച്ച നെൽവയലുകൾ, കൃഷിയിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ജമന്തിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മണമുള്ള സ്ത്രീകൾ, അധ്വാനിക്കുന്ന ജനത... ഇതൊക്കെയാണ് തമിഴ്നാട് എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത്.
എന്നാൽ കാറ്റിൽ നിരന്തരം മുഖം മാറിക്കൊണ്ടിരിക്കുന്ന ചുവന്ന മണലാരണ്യം ഇവിടെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തേരികാടാണ് ആ അത്ഭുതപ്പെടുത്തുന്ന ഇടം. രാജ്യത്തെ മറ്റു മരുഭൂമികളിൽനിന്നു വ്യത്യസ്തമായി വലിപ്പമുള്ളതും ചുവന്നതുമായ മണൽത്തരികളാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യയിലെ ഏക മരുഭൂമിയെന്ന് തേരികാടിന് വിശേഷണമുണ്ടെങ്കിലും യഥാർഥത്തിൽ ഇത് മരുഭൂമിയല്ല. മണൽക്കാട് എന്നു വിളിക്കുന്നതാകും ശരി. 12,000 ഏക്കറിൽ (50 കിലോമീറ്റർ ചുറ്റളവിൽ) പരന്നുകിടക്കുന്ന തേരികാട് വ്യത്യസ്തവും ശാന്തവും നിഗൂഢവുമാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ചുവപ്പിന്റെ ചരിത്രം
കടൽ അവശിഷ്ടങ്ങളും ശക്തമായ കാറ്റും കൊണ്ട് രൂപപ്പെട്ട തേരികാട് ദീർഘകാല വരൾച്ചയുടെ ഫലമായ പരന്പരാഗത മരുഭൂമികളിൽനിന്ന് വ്യത്യസ്തമാണ്. ചുവന്ന മണൽ നിറഞ്ഞ ഈ തീരപ്രദേശം ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. ഉയർന്ന അളവിൽ അയണ്‍ ഓക്സൈഡ് അടങ്ങിട്ടുള്ളതാണ് ചുവപ്പു നിറത്തിന് കാരണം.
ഈ മണൽക്കാട് ഉണ്ടായതിനു പിന്നിൽ സംഘ കാലഘട്ടം (ബിസി 300-എഡി 300) മുതലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട നിഗൂഢ ചരിത്രമുണ്ട്. "റെഡ് ഡ്യൂണ്‍ ഫോറസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഉത്ഭവം സമുദ്ര നിക്ഷേപങ്ങളുടെയും അയോലിയൻ (കാറ്റിനാൽ ഉണ്ടാകുന്നത്) പ്രക്രിയകളുടെയും സങ്കീർണമായ ഇടപെടലിലാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നാണ്. ഇവിടം ഗവേഷകർ പരിശോധിച്ചപ്പോൾ മണൽ മൂന്നു പാളികളിലാണെന്ന് കണ്ടെത്തി. ആദ്യ പാളിക്ക് 8,000 വർഷത്തിലേറെ പഴക്കമുണ്ട്. അതിനു മുകളിലെ രണ്ടാമത്തെ പാളിക്ക് 5,000 വർഷവും ഏറ്റവും മുകളിലേതിന് ആയിരം മുതൽ രണ്ടായിരം വർഷം വരെയും പഴക്കമുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ചുവന്ന മണൽക്കാടിനടിയിൽ ഒരു നഗരംതന്നെ ഉറങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. അതിന് കരുത്തുപകരുന്ന തരത്തിൽ മധ്യശിലായുഗ, നവീനശിലായുഗ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെന്ന് ലഭിച്ച നന്നങ്ങാടികൾ, ഇരുന്പ് ആയുധങ്ങൾ, കളിമണ്‍ ഉപകരണങ്ങൾ, മണ്‍പാത്രങ്ങൾ എന്നിവ മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നവെന്നതിന് വ്യക്തമായ തെളിവാണ്.
മരുഭൂമിയിലെ കൃഷി
ശക്തമായ കാറ്റിലും മഴയിലും മണൽ ഒലിച്ചുപോകുന്നത് തടയാനായി തമിഴ്നാട് സർക്കാർ ഇവിടെ വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്ന പദ്ധതി ആവിഷ്കരിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ മരങ്ങളും ചെടികളും പടർന്നുപന്തലിച്ച് ചുവന്ന മരുഭൂമിയെ മണൽക്കാടാക്കി മാറ്റി. തേരികാടിൽ പ്രധാനമായും വരണ്ട കാലാവസ്ഥയിൽ വളരാൻ കഴിവുള്ള കണ്ടൽച്ചെടികളും കുറ്റിച്ചെടികളുമാണുള്ളത്. കാറ്റാടി, കരിന്പന, ആൽ തുടങ്ങിയ മരങ്ങളും കാണാം.
വരണ്ട കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വളക്കൂറില്ലായ്മയും വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയും മൂലം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ ഇവിടെ കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും ചില പ്രത്യേക വിളകൾ ഈ മണ്ണിൽ വളരും. കശുമാവ്, മുരിങ്ങ പോലുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ കർഷകർ ജൈവവളങ്ങളും പുറത്തുനിന്നു കൊണ്ടുവന്ന മണ്ണും മറ്റും ഉപയോഗിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി തണ്ണിമത്തൻ, നിലക്കടല, പപ്പായ, നാരങ്ങ പോലുള്ള വിളകളും ഒരുക്കുന്നു.
മരുഭൂമി ചെറുകാടുകളായി മാറിയതോടെ ഇന്ന് ഇവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ചെറിയ സസ്തനികളും വസിക്കുന്നുണ്ട്. മയിലുകൾ, മാനുകൾ, കുറുക്കന്മാർ, അണലി വർഗത്തിൽപ്പെട്ട പാന്പുകൾ, വിവിധയിനം ദേശാടനപ്പക്ഷികൾ തുടങ്ങിയയെല്ലാം ഇവിടത്തെ കാഴ്ചകളാണ്.
കാഴ്ചയുടെ മരുപ്പച്ച
ചുവന്ന മണൽക്കുന്നുകൾക്കു പുറമേ ഇവിടെ അതിമനോഹരമായ മറ്റു കാഴ്ചകൾ കൂടിയുണ്ട്. ഇവിടത്തെ ബീച്ചുകളുടെ ഭംഗി എടുത്തുപറയണം. കൽക്കുളം ഗുഹാക്ഷേത്രം, ശ്രീ ധർമ്മശാസ്താ അയ്യനാർ ക്ഷേത്രം, ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, തിരുമലൈ നായ്ക്കർ കൽമണ്ഡപം ഇവയെല്ലാം ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
മണൽക്കാടിലെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാഴ്ച മരുപ്പച്ചയാണ്. മേലപുതുക്കുടി അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രത്തിന് സമീപമുള്ള നീരുറവയാണ് ഈ മരുപ്പച്ച. കൊടുംവേനലിലും ഈ നീരുറവ വറ്റിപ്പോകില്ല.
ചൂടിന്റെ കാഠിന്യം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തേരികാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബർ മുതൽ ഡിസംബർ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കാറില്ല. രാവിലെ ഒന്‍പതു കഴിഞ്ഞാൽ ചൂടിന്റെ കാഠിന്യം കൂടിവരും.
സൂര്യാസ്തമയമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ചുവന്ന മണലിൽ തട്ടി പ്രതിഫലിക്കുന്പോൾ മണൽക്കൂനകൾക്ക് കടുംചുവപ്പുനിറമാകും.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് ശക്തമായ കാറ്റു വീശുന്പോൾ സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള ഈ മണൽക്കൂനകൾ 25 മീറ്റർ വരെ ഉയരും. മണിക്കൂറുകൾക്കുള്ളിൽ പുതിയ മണൽക്കൂനകൾ സൃഷ്ടിക്കപ്പെടും.
ഇങ്ങനെ മണൽക്കൂനകൾ മാറിമറിയുന്നതുകൊണ്ട് വഴി തെറ്റാതെ ഇതിനുള്ളിലൂടെ സഞ്ചരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വഴി തെറ്റാനിടയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമേ മണൽക്കാട്ടിൽ കയറാവൂ. സഞ്ചാരികൾക്കായി സാൻഡ്ബോർഡിംഗ്് പോലുള്ള ഒട്ടേറെ സാഹസിക വിനോദങ്ങളും ഈ മണൽക്കാട്ടിലുണ്ട്. ചുവന്ന മരുഭൂമിയുടെ ഉൾസൗന്ദര്യം തേടിപ്പോകാൻ താല്പര്യമുള്ളവർക്കായി ഡെസേർട്ട് ട്രെക്കുകളും ഒരുക്കിയിട്ടുണ്ട്.
തേരികാടിലെ ധാതുയുദ്ധം
വിലയേറിയ ധാതുക്കളുടെ നിക്ഷേപം കാരണം വൻകിട ഖനന കന്പനികളുടെ നോട്ടപ്പുള്ളിയാണ് തേരികാട്. പ്രദേശത്തെ ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി തമിഴ്നാട് മിനറൽസ് ലിമിറ്റഡും കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്. സാത്താൻകുളം, കുതിരൈമൊഴി എന്നീ ഇടങ്ങളിൽ 3,000 കോടി രൂപയുടെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ ധാതുക്കൾ ആണവോർജ്ജ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും സർക്കാർ നീക്കം പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഖനന പദ്ധതികൾ നിലവിൽവന്നാൽ തേരികാട്ടിൽ തീരദേശ ശോഷണം, ഭൂഗർഭ ജലലഭ്യത കുറയൽ, ജൈവവൈവിധ്യ നാശം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികളും കർഷകരും ആശങ്കപ്പെടുന്നു.
ഒരു വശത്ത് ചുവന്ന മണൽക്കൂനകളുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്പോൾ മറുവശത്ത് ഈ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി തീരദേശവാസികൾ കണക്കാക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട് ഈ ചുവന്ന മണ്ണിൽ.
തേരി കാടിലേക്ക് ഈ വഴി...
തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും എളുപ്പത്തിൽ തേരികാടിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചെന്തൂർ ആണ്. തിരുച്ചെന്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് തേരികാട്. തൂത്തുക്കുടി വിമാനത്താവളം 60 കിലോമീറ്റർ അകലത്തിലും. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും തേരികാടിൽ ലഭ്യമാണ്. ഹോംസ്റ്റേ സൗകര്യങ്ങളുമുണ്ട്. ഭക്ഷണശാലകൾ കുറവാണെങ്കിലും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്.
Tags : Red Land Mystery sunday special story tamilnadu