കായലോളങ്ങളിൽ നീന്തിനടക്കുന്ന കരിമീനിനെ കൂട്ടിലാക്കിയാൽ നൂറുമേനി കൊയ്യാമെന്നു തെളിയിക്കുകയാണ് കൊല്ലം നെല്ലിമുക്കം പടപ്പക്കര പ്ലാവിളകിഴക്കതിൽ എ.പി. സെബാസ്റ്റ്യൻ.
തെങ്ങും കവുങ്ങും മുളയും ഉപയോഗിച്ചു കരയിൽനിന്ന് നടപ്പാതയും തട്ടുമൊരുക്കി കായലിന്റെ അടിഭാഗത്തും വശങ്ങളിലും നെറ്റ് സ്ഥാപിച്ചാണ് കൃഷിയിടമൊരുക്കി മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. നിസാര മീനൊന്നുമല്ല ഇവിടെ വളർത്തുന്നത്. കരിമീനാണ്! കേരളത്തിൽ ലഭിക്കുന്ന ഏറ്റവും സ്വാദിഷ്ടമായ കരിമീൻ.
ഏകദേശം അഞ്ച് സെന്റ് ഭൂമിയുടെ വലിപ്പമുള്ള കായലിലാണ് കൃഷി. രണ്ടു മീറ്റർ പിവിസി പൈപ്പിൽ പത്ത് കൂടുകൾ, നാലുമീറ്റർ നീളവും വീതിയുമുള്ള ഒരെണ്ണം, നാലുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള രണ്ടെണ്ണം, തെങ്ങിൻകുറ്റിയിൽ നാലുമീറ്ററിന്റെ രണ്ടെണ്ണം ഇങ്ങനെ തരംതിരിച്ചാണ് കരിമീൻ കൃഷി നടത്തുന്നത്.
രണ്ടിഞ്ചിന്റെ പിവിസി പൈപ്പുകൾ നീളത്തിലും വീതിയിലും സമചതുരമാക്കി കോണോടു കോണ് ബന്ധിപ്പിക്കും. ഇരട്ട വലകൾ ഉപയോഗിച്ച് കൂടിനെ പൊതിയും.
കായലിൽ ഒന്നര മീറ്ററോളം ആഴമുള്ളതും ഒഴുക്കുള്ളതുമായ സ്ഥലത്തിറങ്ങി കാറ്റാടിക്കഴകളോ തെങ്ങിൻകുറ്റികളോ മുളങ്കന്പുകളോകൊണ്ടുള്ള താങ്ങുകാലുകൾ ഉറപ്പിച്ച് നിർത്തുന്നതോടെ മീൻ കൂട് റെഡി. സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ട്.
വിവിധ പ്രായത്തിലുള്ള പതിനായിരത്തോളം കരിമീനുകൾ ഇവിടെ നീന്തിത്തുടിക്കുന്നു. ആവശ്യക്കാരെ തേടി പോകേണ്ടിവരുന്നില്ല. ചില്ലറ- മൊത്തക്കച്ചവടക്കാരും ഫാമിലെത്തും. മത്സ്യങ്ങളെ ഓരോ കളത്തിലും തരംതിരിച്ചിട്ടിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നൽകാറുണ്ട്. പത്തു രൂപയാണ് ഒരു കുഞ്ഞിനു വില.
പടപ്പക്കര കായലിലെ കരിമീൻ വാങ്ങിയാൽ അത്ര സ്വാദിഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഡിമാൻഡ് അനുസരിച്ചു കൊടുക്കാൻ മത്സ്യമില്ല. കരിമീനൊടൊപ്പം 300 കൊമ്പാടി ഇനത്തിലുള്ള മത്സ്യവുമുണ്ട്.
മത്സ്യത്തീറ്റ
മത്സ്യക്കൃഷിയിലും മുതൽമുടക്കിന്റെ ഏതാണ്ട് 60 ശതമാനവും ചെലവാകുന്നത് തീറ്റയ്ക്കാണ്. 20 കിലോ ന്യൂട്രലാ തീറ്റയ്ക്ക് 2,500 രൂപയാണ് വില. ഗ്രോവൽ 20 കിലോയ്ക്ക് 1,500 രൂപയും. ഒന്നര ദിവസം കൊണ്ടു തീറ്റ തീരും. നമ്മൾ കൊടുക്കുന്ന തീറ്റയും രുചിയെ ബാധിക്കുന്നുണ്ട്.
വെറും അവശിഷ്ടങ്ങളൊന്നും കൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ കരിമീനിനു മനുഷ്യരെ അകറ്റിനിർത്തുന്ന മണമില്ല. കൈത്തീറ്റകൊടുത്താൽ രുചി കുറയുമെന്നു സെബാസ്റ്റ്യൻ പറയുന്നു.
ഇവിടുത്തെ കായലിലെ ചേറിനു ദുർഗന്ധപൂർണമായ മണമില്ല. ചേറ് നല്ലതാണ്. കൂടാതെ, നല്ല തീറ്റ തന്നെയാണ് കൊടുക്കുന്നത്. കടലിൽനിന്നുള്ള കടൽവിഷം അടിച്ചുകയറുന്നില്ല. ശുദ്ധമായ വെള്ളമാണ് ഇവിടെയുള്ളത്. അതുകൊണ്ട് കാഞ്ഞിരംകോട്, പടപ്പക്കര കായലിലെ മത്സ്യത്തിനാണ് രുചി കൂടുതലുള്ളത്.
ആന്ധ്രയിലെ കരിമീൻ നമ്മുടെ മാർക്കറ്റുകളിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പെട്ടെന്നു വളരാൻ വേണ്ടി അവിശിഷ്ടം കൊടുത്താണ് ഇതിനെ വളർത്തുന്നത്. ഇവയ്ക്കു ദുർഗന്ധമായിരിക്കും. നമ്മുടെ മാർക്കറ്റുകളിലെ കരിമീനുകളെ ശ്രദ്ധിച്ചാൽ മനസിലാകുമെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

ലാഭകരമാണോ?
മത്സ്യത്തീറ്റയിലാണ് പ്രധാനമായും കാശ് പോകുന്നത്. എന്നാൽ ഇതു പൂർണമായും ശ്രദ്ധിച്ചാൽ നഷ്ടം വരില്ല. നല്ലഡിമാൻഡ് ആണ് എന്നതാണ് കാരണം. വല, പിവിസി പൈപ്പ്, അറ്റകുറ്റപ്പണി തുടങ്ങി എല്ലാത്തിനും പണം വേണം. ഇതിനിടെ, എലിശല്യം ശക്തമാണ്.
കരയിലൂടെയും നീന്തിയെത്തിയും വല മുറിച്ചു കളഞ്ഞു കടന്നു പോകും. വലയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. പലപ്പോഴും മീൻ കോരാൻ വരുന്പോഴാണ് മീൻ നഷ്ടപ്പെട്ടെന്നു കണ്ടെത്തിയത്. നീർനായ് ശല്യവുമുണ്ട്. പക്ഷികൾ, രാത്രിയിൽ മീൻ പിടിക്കാൻ വരുന്നവരെല്ലാം നമുക്ക് നഷ്ടം വരുത്തുന്നവരാണ്.
കായലിൽ തകരപ്പാട്ടകൾകൊണ്ടും ഷീറ്റുകൾകൊണ്ടും കൂടൊരുക്കി കായലിലാണ് സെബാസ്റ്റ്യന്റെ വാസം. വിവാഹിതനല്ല. ബന്ധുക്കളെല്ലാം അടുത്തുതന്നെയുണ്ട്. എന്നാൽ സെബാസ്റ്റ്യൻ 24 മണിക്കൂറും ഇവിടെയാണ് താമസം. സിസിടിവി കാമറ അടക്കമുള്ള സുരക്ഷ സംവിധാനം ഒരുക്കിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം
കായൽമത്സ്യക്കൃഷി ലാഭകരമാണോ എന്നു ചോദിച്ചാൽ സെബാസ്റ്റ്യനു ലാഭകരമാണ്. കാരണം എപ്പോഴും ഇതിൽതന്നെയാണ് ശ്രദ്ധ. അനാവശ്യ ചെലവില്ല. എന്നാൽ, കുടുംബവുമായി ജീവിക്കുന്ന ഒരാൾക്ക് ഇതു നഷ്ടമായിരിക്കും.
കാരണം. ഇത്ര വിലയുള്ള തീറ്റ കൊടുത്ത് മുന്നോട്ടു പോകാൻ സാധിക്കില്ല. ഇത്ര രുചികരമായ കരിമീനായിട്ടും സെബാസ്റ്റ്യനൊടൊപ്പം തുടങ്ങിയവരിൽ ഭൂരിപക്ഷവും നിർത്തിയ കായൽ മത്സ്യക്കൃഷി നിർത്തിയ അവസ്ഥയിലാണ്. ഇപ്പോൾ രണ്ടോ മൂന്നോ പേരാണ് കായൽ മത്സ്യക്കൃഷി നടത്തുന്നത്.
സെബാസ്റ്റ്യൻ: 9895144291
ചിത്രങ്ങൾ: റോണ റിബൈറോ
Tags : karimeen pearl spot karshakan