Kerala
കൊച്ചി: വിചാരണ കോടതിയുടെ വിമർശനത്തിൽ പ്രതികരിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. നടിയെ ആക്രമിച്ച കേസിൽ 10 ദിവസം മാത്രമാണ് വിചാരണക്കിടെ ഹാജരായതെന്ന കോടതിയുടെ വിമർശനം നുണയാണെന്ന് മിനി പറഞ്ഞു.
കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും, കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടി.ബി. മിനി ആരോപിച്ചു. കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.
സാധാരണയായി സീനിയർ അഭിഭാഷകർ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും ടി.ബി. മിനി ചോദിച്ചു.
മെമ്മറി കാര്‍ഡ് ചോര്‍ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞതെന്ന് പറഞ്ഞ അഭിഭാഷക ദിലീപിന്റെ ആളുകള്‍ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോടതി നടത്തുന്നതെന്നും കുറ്റപ്പെടുത്തി. പൊതുപരിപാടികളിൽ കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടി.ബി. മിനി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് മാർട്ടിൻ ആന്റണി.
കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് മാർട്ടിന്റെ വാദം. അതേസമയം കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോഴാണ് മാർട്ടിൻ ആന്റണി അപ്പീലുമായി ഹൈക്കോടതിയിലെത്തുന്നത്. നടിയുമായി തനിക്ക് മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിച്ചെന്നും അപ്പീലിൽ പറയുന്നു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Movies
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഭഭബ ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും. ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തിയിരുന്നു.
നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.
ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കൈയടി നേടുന്നു.
സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സ്പൂഫ് മാസ് എന്റർടെയ്നർ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിംഗ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം സ്ട്രീമിംഗ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം. മൊബൈൽ ഷോപ്പിൽ നിന്ന് ലഭിച്ച കുറിപ്പിൽ കൗൺസിലർ ഗ്രാമം പ്രവീണിനെതിരെ ആരോപണമുണ്ടെന്ന് ദിലീപിന്റെ സഹോദരൻ രതീഷ് പറഞ്ഞു.
ഒരു കൗൺസിലർ കുടുംബകാര്യങ്ങളിൽ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്. പോലീസിന് കൊടുത്ത പരാതിയിലാണ് സഹോദരൻ രതീഷിന്റെ ആരോപണം. അതേസമയം രതീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ഗ്രാമം പ്രവീൺ രംഗത്തെത്തി.
ഞായറാഴ്ചയാണ് ദിലീപിനെ നെയ്യാറ്റിൻകര ടൗണിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ മാധ്യമപ്രവർത്തകർ അനധികൃതമായി ഡ്രോൺ പറത്തിയെന്ന് ആരോപിച്ച് സഹോദരി പോലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസമായിരുന്നു സംഭവം.
ദിലീപ് വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതു തങ്ങളുടെ സ്വകാര്യത ലംഘിച്ചെന്ന് എസ്.ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വസതിയിൽ അനധികൃതമായി ചിലർ ഡ്രോൺ പറത്തിയിരുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Movies
നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി നൽകി താരത്തിന്റെ സഹോദരി.
നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന് കാണിച്ചാണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
2025 ഡിസംബർ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.
നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീട്ടിൽ നിന്നും ഇറങ്ങുന്നതും കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. തിരികെ വന്ന് ഭാര്യയെയും മകളെയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളുമെല്ലാം ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.
ദിലീപിന്റെ സഹോദരി നൽകിയ പരാതിയുടെ പൂർണ രൂപം
എസ്. ജയലക്ഷ്മി (സബിത) പത്മസരോവരം, കൊട്ടാരക്കടവ് റോഡ്, ആലുവ.
സ്റ്റേഷൻ ഹൗസ് ഓഫിസർ, ആലുവ.
വിഷയം: 08.12.2025-ൽ റിപ്പോർട്ടർ ടിവിയും ഏഷ്യാനെറ്റ് ടിവിയും ഞങ്ങളുടെ സ്വകാര്യ വസതിക്ക് മുകളിൽ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോൺ നിരീക്ഷണം നടത്തിയതിനെതിരെയുള്ള പരാതി.
സർ, സിനിമ നടൻ ദിലീപിന്റെ സഹോദരിയാണ് ഞാൻ. മേൽ സൂചിപ്പിച്ച വിലാസത്തിൽ അദ്ദേഹത്തോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. 2025 ഡിസംബർ എട്ടിന്, റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ടിവി എന്നീ ചാനലുകൾ ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഡ്രോൺ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ച് അവർ ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തുകയും അത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിലെ .... സംപ്രേക്ഷണത്തിനിടെ ഡ്രോൺ അയച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്, ഇതിലൂടെ ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ല.
ഡ്രോൺ നിരീക്ഷണം നടത്തിയ സമയവും രീതിയും പരിശോധിച്ചാൽ, ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങൾ ശേഖരിച്ച് സംപ്രേക്ഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യം വ്യക്തമാണ്.
റിപ്പോർട്ടർ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും മേൽപറഞ്ഞ വ്യക്തികളുടെയും ഈ പ്രവൃത്തികൾ ഞങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. ഇത് ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), സെക്ഷൻ 270 (പൊതുജനശല്യം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തതിലൂടെ, 08.12.2025-ൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു.
അതിനാൽ, മേൽപറഞ്ഞ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
എസ്. ജയലക്ഷ്മി.
Movies
അനശ്വരനടൻ ശ്രീനിവാസന് അനുശോചനവുമായി നടൻ ദിലീപ്. ജീവിതത്തിലും മലയാള സിനിമയിലും ശ്രീനിവാസന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് ദിലീപ് കുറിച്ചു.
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട, സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.
സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികൾ. ദിലീപ് കുറിച്ചു.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്.
Kerala
കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.
Movies
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്റെ സിനിമകൾ കാണുമെന്ന് മോഡലും ഡബ്ബിംഗ് ആർടിസ്റ്റുമായ പ്രിൽന രാജ്. നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണമെന്നും അല്ലാതെ ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും പ്രിൽന പറയുന്നു.
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളുടെ സിനിമ ഞാൻ കാണും. അവൾ അതിജീവിത തന്നെയാണ്, അവൾക്കു നീതി കിട്ടുക തന്നെ വേണം.. തന്റെ സമ്മതം പോലും ഇല്ലാതെ തന്നെ ഉപദ്രവിച്ച ആൾക്കാരെ മുഴുവൻ ശിക്ഷ മേടിച്ചു കൊടുക്കണം അവൾ അത് അർഹിക്കുന്നു.
അയാൾ ആണ് അതിനു പിന്നിൽ എങ്കിൽ, പറയുന്നവരുടെ കയ്യിൽ അതിനുള്ള തെളിവ് ഉണ്ടെങ്കിൽ അയാൾക്കെതിരെ എന്തുകൊണ്ട് നീങ്ങുന്നില്ല.... ഇത്രയും വ്യക്തമായി അയാളെന്നു പറയാതെ പറയുന്ന പലർക്കും അങ്ങനെ തോന്നുന്നെങ്കിൽ തെളിവുകൾ കാണില്ലേ.
ശക്തമായി മുന്നോട്ടു വന്നു തെളിയിക്കുക. നിയമം തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പലരേയും ശിക്ഷിക്കുന്നതും വെറുതെ വിടുന്നതും. നിയമത്തിൽ വിശ്വാസം ഉണ്ട്. നീതി നിയമ വ്യവസ്ഥിതിയെ മാനിക്കുന്നു.
നമ്മുടെ മനസിൽ ഉള്ള ആള് തന്നെയാണ് പ്രതി എന്ന് മനസിൽ ഉറപ്പിച്ചു വച്ച് മുന്നോട്ട് വന്നു അലറി വിളിക്കുന്ന ജനങ്ങളോട്, നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ ശരി. അത് എല്ലാവർക്കും ഉണ്ടാവില്ല... ഈ പറയുന്ന ഞാൻ പോലും അങ്ങനെ ആണ് എന്റെ അഭിപ്രായം ആണ് മറ്റുള്ളവർക്ക് ശരി എന്ന് ഞാൻ എല്ലാരോടും പോയി ശക്തമായി പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യം ഇല്ല ...വ്യക്തി സ്വാതന്ത്ര്യം.
ഇനി അയാൾ അല്ല പ്രതിയെങ്കിൽ, നിങ്ങൾ വലിച്ചു കീറിയ അയാളുടെ 8 വർഷം അയാൾ അനുഭവിച്ച വേദന അപമാനം ഒക്കെ നിങ്ങൾക്കു തിരികെ കൊടുക്കാൻ ആവുമോ? അയാളുടെ മക്കളുടെ മനസിന് ഏറ്റ മുറിവുകൾ നിങ്ങൾക്കു മായിച്ചു കളയാൻ ആവുമോ?
മാധ്യമങ്ങൾക്കു വേണ്ടത് വാർത്തയാണ് അത് വളച്ചോ ഓടിച്ചോ എങ്ങനെ വേണേലും പറയാം. അതുകൊണ്ട് അതാണ് ശരി എന്ന് ഇന്നത്തെ കാലത്ത് വിശ്വസിക്കുന്ന നമ്മളിൽ പലരും ആണ് വിഡ്ഢികൾ. ഇവിടെ സിനിമയിൽ അയാൾ മാത്രം അല്ല അഭിനയിച്ചത് കുറെ ഏറെ പേരുണ്ട്. അവരുടെ അന്നവും കൂടി ആണ് അത്. അത് കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണം, ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് നിർബന്ധിപ്പിക്കുന്നതും ശരിയല്ല. അവൾക്കൊപ്പം.
തെളിവ് കൊണ്ട് അയാള്‍ തന്നെയെന്ന് നിങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തു.അയാളുടെ കഴിഞ്ഞ എട്ടു വർഷം അയാളെ എല്ലാവരും കൊത്തി വലിച്ചിട്ടുണ്ട് എന്നിട്ടും അയാൾ ആത്മഹത്യ ചെയ്തിട്ടില്ല.. വിധി വരുന്ന ദിവസം വരെയും കാത്തിരുന്നില്ലേ? അയാൾ തെറ്റുകാരൻ എങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ. സ്വന്തം അഭിപ്രായം. പ്രിൽനയുടെ വാക്കുകൾ
Kerala
പത്തനംതിട്ട: നടൻ ദിലീപ് ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.
രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു.
കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Kerala
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് നടൻ ദിലീപിനെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്.
ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാര്‍ പറഞ്ഞു.
വിഷയം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ്. അശോക് കുമാര്‍ പറഞ്ഞു.
Movies
കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമയിട്ടതില് തര്‍ക്കം. യാത്രക്കാര്‍ ചേരി തിരിഞ്ഞതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം.
ദിലീപിന്റെ പറക്കും തളിക എന്ന ചിത്രമാണ് ബസിലിട്ടത്. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു.
എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ബസ് പുറപ്പെട്ടപ്പോൾ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന് പറഞ്ഞു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
Kerala
കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
Movies
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്ന് മഞ്ജു കുറിച്ചു. നീതി പൂർണമായില്ലെന്നും അതിജീവിതയ്ക്കൊപ്പമാണെന്നും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.
അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് ആണ് വിചാരണക്കോടതി വിധിച്ചത്. നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി.
Movies
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കന്നു!!
എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.
അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഈ പ്രസ്തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി.
ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക- അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.
ഈ ട്രയൽ കോടതിയിൽ എന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു.
അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപെട്ടത്.
ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന വിധിപകർപ്പിൽ പ്രോസിക്യുഷൻ വീഴ്ചകളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോടതി. പ്രോസിക്യുഷൻ ഹാജരാക്കിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
1,709 പേജുള്ള വിധിപകർപ്പിൽ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കിയെന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല.
അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാല്‍ ഇതിൽ വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.
ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുണ്ട്. എന്നാൽ അത് ഗൂഢാലോചന നടത്താനാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
Kerala
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 12നു ശേഷം വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
രാവിലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജയിലിൽനിന്നു കോടതിയിലെത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.
ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
Movies
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.
പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.
‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.
ഇവരായതുകൊണ്ട്, ഇവര്‍ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Movies
നടിയെ അക്രമിച്ച കേസിൽ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വിശദ്ദീകരിച്ച് ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവൾ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി വന്ന ദിവസം ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കു ശേഷം നമുക്ക് ടിവി ഒക്കെ കണ്ടാൽ മതി നീ മുകളിൽ എവിടെയെങ്കിലും പോയി ഇരിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവൾ വല്ലാതെ റെസ്റ്റ്ലെസ്സ് ആയിരുന്നു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒക്കെ അവൾ മുകളിൽ അവളുടെ മുറിയിൽ തന്നെയായിരുന്നു. ടിവി കാണാൻ ഒന്നും വന്നില്ല.
ഞാനും അവളുടെ കുറച്ച് വളരെ അടുത്ത് സുഹൃത്തുക്കൾ ശിൽപ, മൃദുല എന്നൊക്കെ പറയുന്ന കുട്ടികൾ പിന്നെ അവളുടെ ബ്രദേഴ്സ് രണ്ടുപേരും ഉണ്ടായിരുന്നു. അമ്മയും ഞങ്ങളും മാത്രം ടിവിയുടെ മുമ്പിൽ ഇരുന്ന് കണ്ടുകൊണ്ടിരുന്നു. ഏഴാം പ്രതിയെ വെറുതെ വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു, സ്വിച്ച് ഓഫ് ചെയ്തോളൂ ഇനി അവിടുന്ന് അങ്ങോട്ട് ആർക്കും ശിക്ഷ ഉണ്ടാവാൻ വഴിയില്ലെന്ന്. അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു.
താഴെ വച്ചിരിക്കുന്ന ടിവിയുടെ ശബ്ദം മുകളിൽ അവൾ കേൾക്കുന്നുണ്ടല്ലോ. ഞങ്ങൾ അവളുടെ അടുത്തേക്ക് പോയപ്പോൾ അവളിങ്ങനെ ഷോക്ക് അടിച്ചതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ‘ഞാനിനി എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല, ആരും ഭക്ഷണം കഴിച്ചില്ല. എല്ലാവരും വൈകുന്നേരം വരെ അങ്ങനെ സൈലന്റ് ആയിട്ട് തന്നെ ഇരുന്നു. അപ്പീലിന് പോകുന്നതിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അവളെ ഒന്ന് ആ സമയത്ത് ഒന്ന് സമാധാനിപ്പിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
നൂറ് ശതമാനം നീതി കിട്ടിയില്ല എന്നുള്ള ഒരു വികാരമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. കോടതിമുറിക്കുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചല്ലോ. രണ്ടു മണിക്കൂർ ആ തെരുവിൽ അനുഭവിച്ചതിന്റെ നൂറിരട്ടി 15 ദിവസം കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അത് അവൾ പറയുമ്പോഴേ നിങ്ങൾക്ക് മനസിലാവുകയുള്ളൂ.
ഞാൻ പറയുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് കിട്ടണമെന്ന് ഇല്ല. ആ സംഭവത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ അത് കേൾക്കുക എന്ന് പറയുന്ന ഒരു വലിയ ശിക്ഷയാണത്. അതേപോലെ തന്നെ അവളുടെ ഓരോ വിചാരണ കഴിഞ്ഞതിനുശേഷം വീട്ടിൽ ചെന്നു കണ്ടിട്ടുണ്ട്. ‘എനിക്കു വയ്യ’ ചേച്ചി എന്നു പറയും.
മീഡിയയുടെ മുമ്പിൽ കാണുമ്പോൾ അവൾ ഭയങ്കരമായി ചിരിച്ചൊക്കെയാണ് നമ്മൾ കാണുന്നത്. അവൾക്ക് സർവൈവ് ചെയ്തേ പറ്റൂ. എപ്പോഴും കരഞ്ഞിരിക്കണം എന്ന് കരുതുന്നത് ഒരു വേട്ടക്കാരനാണ്. അവളുടെ ജീവിതം ഇല്ലാതെയാകണം, അവള് കരയണം എന്നതാണ് അവരുടെ ലക്ഷ്യം.
ഞങ്ങളാണ് അവളോട് പറയുന്നത്, ഒരിക്കലും നീ കരയരുത്. ഹസ്ബൻഡ് പോലും അവളെ എല്ലാ നിമിഷവും വിളിച്ചുകൊണ്ടിരിക്കുകയാണ്. പനിയായിട്ടാണ് അദ്ദേഹത്തിന് വരാൻ പറ്റാതെ പോയത്. ഞാനുണ്ടല്ലോ നിന്നോടൊപ്പം! നീ എന്തിനാണ് ഇങ്ങനെ അപ്സെറ്റ് ആകുന്നത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊക്കെയാണ് ഏറ്റവും വലിയ ആശ്വാസം.
മാനസികമായ ധൈര്യം കൊടുത്ത് അവളെ മുൻപോട്ട് കൊണ്ടുപോവുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനം വരെ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും.
വിധി വന്ന ദിവസം രാത്രി മുഴുവനും അവളും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. രാത്രി മുഴുവൻ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു. രാവിലെ ഞാൻ വിചാരിച്ചു ഫെഫ്കയിലേക്ക് ഒരു മെയിൽ അയയ്ക്കാം. പക്ഷേ, ഈ മെയിൽ അയച്ചാൽ അത് ആരും അറിയാതെ അവിടെ കിടക്കുകയേ ഉള്ളൂ.
പക്ഷേ, ഇത് എല്ലാവരും അറിയണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പ്രതിഷേധം എല്ലാവരും അറിയണം. ഈയൊരു അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഏതൊരു വ്യക്തിക്ക് പ്രശ്നം വന്നാലും, പ്രശ്നം അനുഭവിക്കുന്നവർക്കുവേണ്ടി നിൽക്കുക. എനിക്ക് അതിൽ എന്ത് നഷ്ടം സംഭവിക്കുന്നു എന്നൊന്നും ഞാൻ നോക്കുന്നില്ല. എനിക്ക് പ്രത്യേകിച്ച് ലാഭവും നേട്ടവും ഒന്നും നോക്കേണ്ട ആവശ്യമില്ല. അത് എന്റെ ചെറുപ്പകാലത്തും ഞാൻ നോക്കിയിട്ടില്ല.
Movies
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമവിധി അല്ലെന്നും ഇനിയും കോടതികളുണ്ടെന്നും നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പാലക്കാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ദിലീപ് നിരപരാധിയെന്നു സുപ്രീംകോടതി പറയണം. നിലവില്‍ വിധിപറഞ്ഞതു കീഴ്ക്കോടതി മാത്രമാണ്. വിധി ഇങ്ങനെയാകാന്‍ കാരണം എന്താണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് രാത്രിയിരുന്നു കണ്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറുമാറിയിട്ടുണ്ട്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കേസിലുണ്ടായിട്ടുണ്ട്.
ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. വിധിക്കുശേഷം അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു.
മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിനുപിന്നില്‍ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ല.
ഫെഫ്കയില്‍നിന്ന് താന്‍ ഔദ്യോഗികമായി രാജിവച്ചു. ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടന് ദിലീപിനെ സംഘടനകളിലേക്കു തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്കയില്നിന്നു രാജിവച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ല. അമ്മ സംഘടനയ്ക്കെതിരേയും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങൾ ഉയര്‍ത്തി. അന്ന് അവള്‍ക്കുവേണ്ടി യോഗം ചേര്‍ന്നില്ലെന്നും, എന്നാല്‍ കഴിഞ്ഞദിവസം അടിയന്തരയോഗം ചേര്‍ന്നെന്നും അവർ പറഞ്ഞു.
ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ചുനില്ക്കാനാവുമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സംഘടനയില്‍നിന്ന് എന്നെ ആരും വിളിച്ചില്ല. ഞങ്ങളുണ്ട് നിന്റെകൂടെ എന്നുപോലും അവളോട് സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില്‍ സ്ത്രീകള്‍ തലപ്പത്തിരുന്നതുകൊണ്ട് കാര്യമില്ലെന്നും മനസിലായി. അയാള്ക്കൊപ്പംതന്നെയെന്നു പറയാതെ പറയുന്നു.
യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പമാണു നില്‍ക്കുന്നതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വാക്കില്‍നിന്നു മനസിലായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതില്‍ വലിയ അദ്ഭുതമില്ല. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഇങ്ങനെയാകുമോ പെരുമാറുക. ഇതാണ് ദിലീപിന്റെ ധൈര്യം. രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരമുള്ളവര്‍ അയാളുടെ ഒപ്പമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍പോലും യുഡിഎഫ് നടപടിയെടുത്തത് എങ്ങനെയാണെന്നു കണ്ടതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. തനിക്കെതിരേ നടന്ന ഉന്നത പോലീസ് ഗൂഢാലോചന അന്വേഷിക്കണമെന്നാണു ദിലീപിന്റെ പ്രധാന ആവശ്യം.
കേസിൽ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, തനിക്കെതിരേ ചിലർ ഗൂഢാലോചന നടത്തിയതെന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തുകയുണ്ടായി.
മുൻ ഭാര്യ മഞ്ജു വാര്യരാണു കേസിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം പറഞ്ഞതെന്ന് ദിലീപ് കോടതിക്കു പുറത്ത് തുറന്നടിക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയും അന്വേഷണസംഘവും തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയർത്തിയ ദിലീപ് മാധ്യമങ്ങൾക്കെതിരേയും കടുത്ത ഭാഷയിലാണു വിമർശനമുന്നയിച്ചത്.
12ന് കേസിന്റെ ശിക്ഷാവിധി സംബന്ധിച്ചു വാദം നടക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ, കുറ്റമുക്തരാക്കിയ ദിലീപ് ഉൾപ്പെടെ നാലു പേർക്കെതിരേയുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ശിക്ഷയുടെ വിധിപ്പകർപ്പിലൂടെയാകും അറിയാനാകുക.
ഇതു ലഭിച്ചശേഷമാകും പോലീസിനെതിരേയുള്ള നിയമനടപടികളിലേക്ക് ദിലീപ് കടക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Kerala
കടുത്തുരുത്തി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കില് അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്നും അല്ലാതെ അത് തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നും രമേഷ് പിഷാരടി.
കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ചിലപ്പോഴൊക്കെ എല്ലാവര്ക്കും സ്വാഗതാര്‍ഹമായ, ഏല്ലാവരും അംഗീകരിക്കുന്ന വിധികള്‍ ഉണ്ടാകാറില്ലെന്നും പിഷാരടി പറഞ്ഞു.
മുളക്കുളം പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് പിഷാരടിയും ഭാര്യ സൗമ്യയും മകനൊപ്പം വോട്ട് ചെയ്യാനെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ സുബിന് മാത്യുവും സുരേഷ് വട്ടക്കാടനും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
അതിജീവിത ഈ ദിവസങ്ങളിൽ വലിയ പ്രയാസത്തിലായിരുന്നുവെന്നും അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം അതിജീവിതയെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്.
എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഫെഫ്കയിൽ നിന്ന് താന്‍ ഔദ്യോഗികമായി രാജിവച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ രാജിവയ്ക്കുന്നത്.
കുറ്റാരോപിതൻ എന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകൾ പെരുമാറിയത്. വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. എന്ത് ചെയ്യുമെന്ന് ഓർത്തിരുന്നു.
അവൾക്ക് വേണ്ടി ആരും യോഗം ചേർന്നില്ല. എന്നാല്‍ ഇന്നലെ അടിയന്തര യോഗം ചേർന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നിൽക്കാനാവും?. സംഘടനയിൽ നിന്ന് എന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാൻ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.
മെമ്മറി കാർഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഉണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല.
അമ്മയിൽ സ്ത്രീകൾ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാൾക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നിൽ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാൾക്കൊപ്പമാണ്. സൂപ്പർ സ്റ്റാറുകളൊന്നും അവൾക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Kerala
ആലപ്പുഴ: ദിലീപ് നല്ല നടനാണെന്നും അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല. സിനിമ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങളുമൊക്കെ ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിംഗ് ഉയർന്നത്.
സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽഡിഎഫ് തൂത്ത് വാരി. സർക്കാർ ഒരുപാട് നൻമകൾ ചെയ്തു. അതുപക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ല. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Movies
തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദിലീപും കാവ്യ മാധവനും. ആലുവ നഗരസഭയിലെ സെന്റ് ഫ്രാൻസീസ് സ്കൂളിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്.
കോടതി വിധിക്ക് ശേഷം കാവ്യയും ദിലീപും ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല.
തിങ്കളാഴ്ച രാവിലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നത്. എട്ടു വർഷത്തിനു ശേഷമാണ് കാത്തിരുന്ന വിധി എത്തിയത്.
ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജി ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Movies
ഫിലിം എംപ്ലോയിസ് ഫെഡറേഷ(ഫെഫ്ക)നിൽ നിന്നും രാജിവച്ച് നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ നടനെ ഫെഫ്കയിലേയ്ക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ലെന്നും കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Movies
ആക്രമണത്തിന് പിന്നാലെ അതിജീവിത വീട്ടിലെത്തിയപ്പോൾ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിളിച്ചത് താനാണെന്നും പി.ടി. തോമസ് അല്ലായിരുന്നുവെന്നും നടനും സംവിധായകനുമായ ലാൽ.
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്.
കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. അതിനുശേഷമാണ് പി.ടി. തോമസ് വരുന്നത്. മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു.
കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയാറാണ്. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല.
വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചു.
ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം. വര്‍ഗീസ് ഉത്തരവിടുകയായിരുന്നു.
ആദ്യ ആറു പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.
കൂട്ട ബലാല്‍സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കി. പിന്നീടാണ് ഈ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.
സംഘടനയില്‍ തിരിച്ചെടുക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്നു അസോസിയേഷന് പ്രസിഡന്റ് ബി.രാകേഷ്. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ മറ്റൊന്ന് ആലോചിക്കാന്‍ ഇല്ലല്ലോ. സംഘടന യോഗത്തിനുശേഷം നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Movies
നടിയെ അക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയിൽ പ്രതികരിച്ച് രഞ്ജി പണിക്കർ. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം ദിലീപിൽ ഉണ്ടായതിൽ എന്താണ് തെറ്റെന്നും രഞ്ജി പണിക്കർ ചോദിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൺജി പണിക്കർ നിലപാട് വ്യക്തമാക്കിയത്.
ഏത് കേസിലും വിധി വരുമ്പോൾ പ്രതീക്ഷിക്കുന്നത് കിട്ടാത്തവർക്ക് പ്രതിഷേധവും ആക്ഷേപവുമുണ്ടാകും. ഡബ്ല്യുസിസിയുടെ പ്രതിഷേധം സ്വാഭാവികമാണ്. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്. ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത.
ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ്?
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പോലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പോലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്,’ രൺജി പണിക്കർ പറഞ്ഞു.
Movies
നടി അക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് നടൻ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി തൊടുപുഴയിലെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കോടതി നിന്ദ ആകും.
ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. പിന്തുണയുമുണ്ട്. വിധിയെ കുറിച്ച് അഭിപ്രായം പറയാനുള്ളയാളല്ല ഞാൻ. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം.
പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
സർക്കാർ അപ്പീൽ പോവുന്നത് പൂർണമായി നീതി ലഭിച്ചില്ലെന്ന് കരുതുന്നത് കൊണ്ട് തന്നെയായിരിക്കാം. ദിലീപ് ആരോപണ വിധേയനായപ്പോൾ നടപടിയെടുത്ത സംഘടനകൾ അങ്ങനെയല്ലെന്ന് വിധി വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. ഏകപക്ഷീയമായ നിലപാട് ആരുമെടുത്തിട്ടില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാണ്. ആര് ശിക്ഷിക്കപ്പെടണം എന്നല്ല. സംഭവിച്ചതിന് നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയാണ്.
കോടതിക്ക് ശരിയെന്ന് തോന്നുന്നതാണ് കോടതി വിധിച്ചത്. അതിനെതിരെ അപ്പീലും പോവുന്നുണ്ട്. ദിലീപിന്റെ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല താനെന്നും ആസിഫ് അലി പറഞ്ഞു.
Kerala
കൊച്ചി: ജനപ്രിയ നടനില്‍നിന്നും പ്രതിസ്ഥാനത്തേക്ക് എത്തപ്പെട്ട ദിലീപിലേക്കായിരുന്നു വിധിദിനം ഏവരുടെയും ശ്രദ്ധ. രാവിലെ ശാന്തനായി വീട്ടില്‍നിന്നു കോടതിയിലേക്ക്. കോടതി നടപടികള്‍ക്കുശേഷം ചെറുചിരിയോടെ മടക്കം.
ഇക്കുറി പതിവില്‍നിന്നു വിപരീതമായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷവും ആശ്വാസവും ചെറുചിരിയില്‍ ഒതുക്കിയായിരുന്നു സംസാരം. രാവിലെ 11 വരെ പ്രതിനായകനായിരുന്ന ദിലീപ് കോടതിനടപടികള്‍ പൂര്‍ത്തിയായതോടെ വീണ്ടും നായകനിലേക്ക് എത്തുന്നതിനാണ് ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
പതിവ് പ്രാര്‍ഥനകള്‍ക്കുശേഷം, ആലുവ പത്മസരോവരം വീടിന്റെ ഗേറ്റിനു മുന്നില്‍ കാത്തുനിന്ന കാമറക്കണ്ണുകള്‍ക്ക് നടുവിലൂടെ രാവിലെ 9.30നാണ് ദിലീപ് കോടതിയിലേക്കു തിരിച്ചത്. സഹോദരന് അനൂപിനൊപ്പമായിരുന്നു യാത്ര.
കേസിലെ പത്താം പ്രതി ശരത്തും ദിലീപിനെ അനുഗമിച്ചു. കോടതിയിലേക്ക് എത്തും മുമ്പ് അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച . തുടര്‍ന്ന് 10.27 ഓടെ കോടതിയിലെത്തി. ഈ സമയം ആരാധകരുടെ ഒരു വലിയ കൂട്ടം കോടതി വളപ്പില്‍ ഉണ്ടായിരുന്നു. കാമറകള്‍ക്കു പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി വേഗം കോടതിമുറിയിലേക്കു കയറി.
നടപടികള്‍ പൂര്‍ത്തിയാക്കി 11.45 ഓടെ കോടതിക്കു പുറത്തേക്കുള്ള വരവ് സിനിമാ രംഗങ്ങള്‍ക്ക് സമാനമായിരുന്നു. ആരാധകരുടെ ആര്‍പ്പുവിളിയും കൈയടികളും കോടതിയുടെ പടിക്കെട്ട് ഇറങ്ങിവന്ന ദിലീപിനെ എതിരേറ്റപ്പോള്‍ കറുത്ത ഗൗണിട്ട അഭിഭാഷകരുടെ നടുവില്‍നിന്നും വെളുത്ത ഷര്‍ട്ടണിഞ്ഞ നടന് കൈകള്‍ വീശി നന്ദി അറിയിച്ചു.
തടിച്ചുകൂടിയ മാധ്യമങ്ങളോട് ചുരുക്ക വാചകങ്ങളില്‍ പ്രതികരിച്ച് ഉടന്‍തന്നെ വാഹനത്തിലേക്കു കയറി കോടതി പരിസരം വിട്ടു. ഈ സമയം ചുറ്റും കൂടിനിന്നവര്‍ക്ക് ദിലീപ് ആരാധകരുടെ വക മധുരമെത്തി.
കോടതി വിധിക്കുശേഷം ആദ്യം പോയത് എളമക്കരയിലെ അഡ്വ. രാമന്‍പിള്ളയുടെ വസതിയിലേക്ക്. കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചശേഷം അഭിഭാഷകന്റെ കൈ ചേര്‍ത്തുപിടിച്ച് നന്ദി അറിയിച്ചു.
ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടില്‍ എത്തുമ്പോഴേക്കും പത്മസരോവരത്തിനു മുന്നില്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. അവരെ അഭിവാദ്യം ചെയ്തു ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ വനിതകള്‍ കൈ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തിയ മകള്‍ മഹാലക്ഷ്മിയെ എടുത്തുയര്‍ത്തി ഉമ്മ നല്കി. കാവ്യയും ദിലീപിനെ വാരിപ്പുണര്‍ന്നു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.
Kerala
കൊച്ചി: സ്ത്രീകൾക്കു നേരേ നടന്ന അതിക്രമക്കേസുകളിൽ കൂട്ടബലാത്സംഗത്തിനു ക്വട്ടേഷൻ നൽകിയെന്ന അപൂർവമായ കുറ്റം ആരോപിക്കപ്പെട്ട നടി ആക്രമണക്കേസിൽ, കാലങ്ങളായി കാത്തിരുന്ന കോടതിവിധിക്കുശേഷവും നിയമവൃത്തങ്ങളിൽ ചോദ്യങ്ങൾ ബാക്കി.
ബലാത്സംഗത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതുമുൾപ്പെടെ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നതും ഇത് ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിനു കൈമാറിയെന്നുമുള്ള പോലീസിന്റെ കണ്ടെത്തൽ കേസിലെ ഗൂഢാലോചനയ്ക്കുള്ള കൃത്യമായ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പൾസറിന്റെ അഭിഭാഷകൻ പ്രതീഷ് ചാക്കോ വഴിയാണ് ദൃശ്യങ്ങൾ ദിലീപിനു നൽകിയതെന്ന് പോലീസിന്റെ അന്വേഷണറിപ്പോർട്ടിലുമുണ്ട്. ഇതിന് ഒന്നരക്കോടി രൂപയാണു പ്രതിഫലം നിശ്ചയിച്ചത്. കൃത്യത്തിനുശേഷം കേസായാൽ നിയമനടപടികൾക്കായി മൂന്നര കോടിയും നൽകാമെന്ന ഉറപ്പും ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2015ൽ പൾസർ സുനിക്ക് 1.10 ലക്ഷം രൂപയും കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടൻ നാദിർഷാ വഴി 30,000 രൂപയും ദിലീപ് കൈമാറിയതിന്റെ തെളിവുകൾ കിട്ടിയതാണ്. ഇതു ക്വട്ടേഷൻ പണമിടപാടുകളുടെ അഡ്വാൻസ് ആണെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഇത്തരം കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടും ഇതു കേസിന്റെ വിധിയിൽ പരിഗണിക്കപ്പെടാതെ പോയത് അപ്പീൽ ഘട്ടത്തിൽ ഉയർന്നുവന്നേക്കും.
പ്രതികൾ നടത്തിയ ആക്രമണം അവർതന്നെ വീഡിയോയിൽ പകർത്തിയത് തങ്ങളെ അതിനു നിയോഗിച്ചവർക്ക് കൈമാറാനാണെന്ന പ്രസക്തമായ വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിച്ചിരുന്നു. ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതിലെ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യവും കോടതിവിധിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.
നടി ആക്രമണക്കേസിൽ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 84 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ആ വർഷം ഒക്ടോബര്‍ മൂന്നിനാണ് പുറത്തിറങ്ങിയത്.
ഏഴര വർഷത്തോളം വിചാരണത്തടവിലായിരുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങാനായത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ ജാമ്യം.
നടിയെ ആക്രമിച്ച കേസിൽ നാലുപേരെ വെറുതെ വിട്ടതു ശാശ്വതമായ വിധിയായി കാണേണ്ടതില്ല. സ്വാഭാവികമായും ഇതു മേൽക്കോടതിയിൽ ചോദ്യംചെയ്യപ്പെടും. ക്രിമിനൽ ഗൂഢാലോചനയ്ക്കു നേരിട്ട് തെളിവുകളുള്ള കേസാണിത്. രേഖാപരവും ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ ഇതിലുണ്ട്.
എന്തിനാണു നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്? ഇതു തെളിഞ്ഞതല്ലേ. നിങ്ങളെ ആക്രമിക്കാൻ ക്വട്ടേഷൻ കിട്ടിയിട്ടുണ്ടെന്ന് പ്രതികൾ ഇരയോടു പറഞ്ഞതിനും തെളിവുണ്ട്. എട്ടു വർഷമായി അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ നിയമലോകത്തിന് അറിവുള്ളതാണ്.
Kerala
കൊച്ചി: ഇന്നലെ രാവിലെ മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കായിരുന്നു കേരളത്തിന്റെ കണ്ണും കാതും. പ്രമാദമായ കേസിന്റെ ക്ലൈമാക്സിലെ വിധി അറിയാന്‍ രാവിലെതന്നെ കോടതിവളപ്പിനു പുറത്ത് ജനം നിറഞ്ഞു.
അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമേ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപിന്റെ ആരാധകരും കോടതി വ്യവഹാരങ്ങള്‍ക്കായി വന്നവരുമൊക്കെയായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഒപ്പം, കനത്ത സുരക്ഷയൊരുക്കി പോലീസും.
വിധിക്കു മുമ്പ്
ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി വ്യവഹാരങ്ങള്‍ക്കായി എത്തിയവരെയും മാത്രമാണു കോടതി ഗേറ്റ് കടക്കാന്‍ പോലീസ് അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരെ കര്‍ശന പരിശോധനകളോടെ പ്രവേശിക്കാന്‍ അനുവദിച്ചു. 10.15ന് ഇരയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി എത്തി. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറും.
പ്രതികരിക്കാതെ ദിലീപ്
10.20ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് അഭിഭാഷകര്‍ക്കൊപ്പം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ എത്തി. മാധ്യമപ്പടയാകെ കാറിനു സമീപത്തേക്ക് ഓടിയടുത്തെങ്കിലും ഒന്നും പ്രതികരിക്കാതെ ദിലീപും അഭിഭാഷകരും വാഹനത്തില്‍നിന്നിറങ്ങി കോടതയിലേക്കു കയറിപ്പോയി.
ദാ പൾസർ, സോറി മാറിപ്പോയി
ഇതിനിടെ, പള്‍സര്‍ സുനിയുടെ രൂപസാദൃശ്യം തോന്നിക്കുന്ന ഒരാള്‍ കോടതി വളപ്പിലേക്കു പ്രവേശിക്കുന്നത് കണ്ടതോടെ ദാ പള്‍സര്‍ സുനി എന്നു വിളിച്ച് മാധ്യമങ്ങള്‍ അങ്ങോട്ടോടി. മറ്റേതോ കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞ് മടങ്ങിയ ചാനൽ പ്രവര്‍ത്തകര്‍ക്കിടയിലൂടെ 10.40ന് യാതൊരു കൂസലുമില്ലാതെ പള്‍സര്‍ സുനി കോടതിയിലേക്കു കയറിപ്പോയി. പിന്നാലെ മറ്റു പ്രതികളും.
പരസ്പരം നോക്കാതെ ദിലീപും സുനിയും
കോടതിമുറിയില്‍ പ്രതികളുടെ നിരയില്‍ രണ്ടറ്റത്തായാണ് പള്‍സര്‍ സുനിയും ദിലീപും നിന്നത്. കോടതി നടപടികളില്‍ ഒരുഘട്ടത്തില്‍പ്പോലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. വിധിയെന്താകുമെന്ന ആശങ്ക ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും നിര്‍വികാരനായിരുന്നു പള്‍സര്‍ സുനി. താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും ഭാവമാറ്റമില്ലായിരുന്നു.
ദിലീപിനെതിരേ ഒന്നും മിണ്ടാതെ പ്രതികള്‍
കുറ്റക്കാരെന്നു കോടതി വിധിച്ച ആറു പ്രതികളെയുമായി ഉച്ചയ്ക്ക് 1.45ഓടെ പോലീസ് കോടതിക്കു പുറത്തേക്ക് വന്നു. ഇവരെ കൊണ്ടുപോകാനായി എത്തിച്ച വാഹനത്തിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെ ദിലീപ് പറഞ്ഞിട്ടാണോ കുറ്റകൃത്യം ചെയ്തത് എന്ന ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതികള്‍ക്കു നേരേ മൈക്ക് നീട്ടി. പക്ഷേ ഒന്നും പ്രതികരിക്കാന്‍ അനുവദിക്കാതെ പോലീസ് പ്രതികളെ വാഹനത്തിലുള്ളിലേക്ക് കയറ്റി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
Kerala
നടി ആക്രമണക്കേസിന്റെ നിർണായകമായ കോടതിവിധി പുറത്തുവന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടു പ്രസംഗങ്ങൾ വീണ്ടും ചർച്ചയാകുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യമറിയിക്കാൻ സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം 2019 ഫെബ്രുവരി 19ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സിനിമാപ്രവർത്തകർ നടത്തിയ സംഗമത്തിൽ മഞ്ജു വാര്യരും ദിലീപും നടത്തിയ പ്രസംഗങ്ങളാണു കോടതിവിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് അന്നത്തെ പ്രസംഗത്തിൽ മഞ്ജു വാര്യരാണ്. അന്ന് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയപ്പോഴും മഞ്ജു അതിജീവിതയ്ക്കൊപ്പം ശക്തമായി നിന്നു. അതേസമയം നടിക്കു പിന്തുണയറിയിക്കുന്നതായിരുന്നു ദിലീപിന്റെയും പ്രസംഗം. ഇരുവരുടെയും പ്രസംഗങ്ങളിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:
ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ഇതിനുപിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്.
ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്.
ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടേയെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ള കുട്ടികൂടിയാണ് ആക്രമിക്കപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ നമ്മള് ഉടനെ നമ്മുടെ വീടിന്റെ അകത്തേക്കുതന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയക്കുന്നത്, ഇതു സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാളേറെ നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ്.
സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിന്നാലെതന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകിച്ചു പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചുവെന്ന് പറയുമ്പോള്‍ അതില്‍ ഇത്രയും കൂട്ടായ്മയുണ്ടായി.
പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത് ഇനി ഈ നാട്ടില്‍ ഇതു സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ചു നില്ക്കാം. അതിന്റെ ഭാഗത്ത് ഞാനുമുണ്ടാകും.
Kerala
പൊൻകുന്നം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടന് ദിലീപ് കുടുംബത്തോടൊപ്പം അടുത്തയാഴ്ച ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് കോവിലില്‍ പൂജ നടത്താന്‍ എത്തുമെന്ന് സൂചന.
2019 മാര്‍ച്ച് എട്ടിനു രാത്രി ദിലീപും സഹോദരന് അനൂപും ഇവിടെ കരിക്ക് അഭിഷേകവും അട വഴിപാടും നടത്തിയിരുന്നു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസവും സഹോദരന് അനൂപ് ജഡ്ജിയമ്മാവന് കോവിലിലെത്തിയിരുന്നു.
ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ദിലീപും അനൂപും ചെറുവള്ളിയിലെത്തിയത്. ശ്രീശാന്ത്, ശാലു മേനോന്, സരിത എസ്. നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്, ആര്. ബാലകൃഷ്ണപിള്ള തുടങ്ങിയവരൊക്കെ മുന്‍പ് ഇവിടെ പൂജ നടത്തിയവരാണ്. അണ്ണാ ഡിംഎംകെ നേതാവ് ശശികല നടരാജന് ജയിലിലായപ്പോൾ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെറുവള്ളിയില്‍ വഴിപാട് നടത്തിയിരുന്നു.
ക്ഷേത്രത്തിലെ അത്താഴപൂജകള്ക്കുശേഷം രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ കോവിൽനട തുറക്കുക.
Kerala
കൊച്ചി: എട്ടേമുക്കാല് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും വിചാരണ നടപടികള്‍ക്കും ഒടുവില്‍ കോടതി വിധി പറഞ്ഞത് വെറും ഒന്‍പത് മിനിറ്റില്‍.
രാവിലെ 11ന് ചേംബറിലെത്തിയ ജഡ്ജി പ്രതികളെ കാണാന്‍ പാകത്തിന് മുന്നിലെ തടസങ്ങള്‍ നീക്കിവയ്പിച്ചശേഷം വിധി പ്രസ്താവം വായിച്ചുതുടങ്ങി.
ആദ്യം ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നു വിധി. തൊട്ടുപിന്നാലെ ഏഴു മുതലുള്ള പ്രതികളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്തേക്കു കടന്നു.
ഈ സമയം എട്ടാം പ്രതിയായ ദിലീപ് പ്രതികളുടെ നിരയില്‍ ഒരറ്റത്തായി പ്രതിക്കൂട്ടിലെ തടിവേലിയില് കൈപിടിച്ച് തലകുനിച്ച് കണ്ണടച്ച് നില്‍പ്പായിരുന്നു.
കുറ്റകൃത്യത്തില്‍ ഏഴ്, എട്ട് പ്രതികള്‍ക്കു നേരിട്ട് ബന്ധമുള്ളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കുന്നുവെന്ന കോടതിയുടെ വിധിപ്രസ്താവം കേട്ടതോടെ എല്ലാം അടക്കിപ്പിടിച്ചുനിന്ന അദ്ദേഹത്തിൽനിന്ന് ആശ്വാസത്തിന്റെ നിശ്വാസമുണ്ടായി.
മുകളിലേക്കു നോക്കി കൈകൂപ്പി. ഈ സമയം ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറു പ്രതികളും തൊട്ടടുത്തായി തലകുനിച്ച് നില്‍പ്പായിരുന്നു.
കോടതിമുറിയിലെ ക്ലോക്കില്‍ അപ്പോള്‍ സമയം 11.09. ശേഷിക്കുന്ന നടപടികള്‍ ഒരു മിനിറ്റില്‍ പൂര്‍ത്തിയാക്കി കോടതി അടുത്ത കേസ് വിളിച്ചു.
Movies
ദിലീപ് കുറ്റവിമുക്തൻ. എട്ടു വർഷത്തിനുശേഷം, വിചാരണക്കോടതിയിൽനിന്നു സുപ്രധാന വിധി വന്നിരിക്കുന്നു. നടി ആക്രമണക്കേസിൽ കുറ്റവിമുക്തനായി കോടതിയുടെ പുറത്തേക്കിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്- എനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചനയാണിത്..
2018ൽ ദിലീപ് റിമാൻഡിൽ കഴിയുന്പോൾ റിലീസ് ചെയ്ത രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗുണ്ട്- എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ..?
സ്വാഭാവികമായ രണ്ടുകാര്യങ്ങൾ. അതിന്റെ വിലയോ ഒരു നടന്റെ ജീവിതം..! നടി ആക്രമണക്കേസിൽ പ്രതിസ്ഥാനത്തുനിന്ന താരം വൻ ആരോപണങ്ങൾക്കാണിരയായത്. സമൂഹമാധ്യമങ്ങളിലും ന്യൂജെൻ മീഡിയകളിലും ദിലീപിനെതിരെ വൻ ആക്ഷേപങ്ങളും പ്രചരിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ ജനപ്രിയനാകൻ, ജനം ഏറ്റവും കൂടുതൽ വെറുക്കുന്ന നടനായി മാറി. അമ്മ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നു താരത്തെ പുറത്താക്കി. ജനപ്രിയ നായകന്റെ വീഴ്ചയായിരുന്നു പിന്നീട് സംഭവിച്ചത്. സുഹൃത്തുക്കളിൽനിന്നു പോലും ദിലീപ് ഒറ്റപ്പെട്ടു. താരത്തിനായി അണിയറയിൽ ഒരുങ്ങിയ പ്രോജക്ടുകൾ മുടങ്ങി. ചില താരങ്ങളും ടെക്നീഷന്മാരും ദിലീപിന്റെ പ്രോജക്ടുകളോടു സഹകരിക്കാതെയായി.
കോടികളുടെ സാറ്റലൈറ്റ് ബിസിനസ് ഉണ്ടായിരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് കുത്തനെ ഇടിവു സംഭവിച്ചു. സ്ത്രീപ്രേക്ഷകരുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുയർന്നു. രാമലീലയ്ക്കുശേഷം വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ സാന്പത്തികനേട്ടം കൈവരിച്ചില്ല. നല്ല സിനിമ പോലും സമൂഹമാധ്യമങ്ങളിൽ ഇകഴ്ത്തിക്കാണിക്കപ്പെട്ടു. കുറ്റവാളിയോടെന്നപോലെ പകയോടെയാണ് പൊതുസമൂഹം ദിലീപിനോട് പെരുമാറിയത്. കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ, പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് കേസിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം. പലതും മികച്ച സിനിമയായിരുന്നിട്ടും നെഗറ്റീവ് പ്രചരണത്തിൽ കൂപ്പുകുത്തുകയായിരുന്നു.
വെള്ളിത്തിരയിലും പിന്നിലും
പ്രമുഖ സംവിധായകൻ കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കവെ എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ തന്നെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മാത്തെ കൊട്ടാരം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു മറ്റു താരങ്ങൾ. തുടർന്ന്, ദിലീപിന്റെ കരിയർ ആകാശത്തോളം ഉയരുകയായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമകളുടെ വാണിജ്യചേരുവകളിലൊന്നായി ആലുവക്കാരൻ മാറി. സല്ലാപം എന്ന സിനിമയാണ് ദിലീപിന്റെ കരിയർതന്നെ മാറ്റിയത്. ഈ പുഴയും കടന്ന്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര്‍ തുടങ്ങിയ ജനപ്രിയഹിറ്റുകൾ പുറത്തിറങ്ങി.
മഞ്ജുവുമായുള്ള വിവാഹം
മഞ്ജു വാര്യരുടെ വിവാഹശേഷം ദിലീപിന്റെ കരിയറിൽ വീണ്ടും വൻഹിറ്റുകൾ പിറന്നു. മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിലിൽ അവരുടെ ആരാധകരും ദിലീപിനെ സ്നേഹിച്ചു. നിർമാണമേഖലയിലും ദിലീപ് കൈവച്ചു. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നീ ചിത്രങ്ങളിൽ പരീക്ഷണകഥപാത്രങ്ങളായും താരം എത്തി. മിസ്റ്റർ മരുമകൻ, മീശമാധവൻ, ലയൺ, റൺവേ, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ദിലീപിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. താരസംഘടനയായ അമ്മയുടെ ധനശേഖരണാര്‍ഥം മലയാളത്തില താരങ്ങളെയെല്ലാം അണിനിരത്തി നിര്‍മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാലോകത്തെ ദിലീപിന്റെ മേൽക്കോയ്മ ശക്തമാക്കി.
ഇനിയെന്ത്
താരം തന്റെ സുവർണത്തിളക്കത്തിൽ നിൽക്കുന്പോഴാണ് കേസിൽ അകപ്പെടുന്നത്. ഇപ്പോൾ കുറ്റവിമുക്തനായി തിരച്ചെത്തിയെങ്കിലും താരത്തിന്റെ ശത്രുതാകേന്ദ്രങ്ങളിൽനിന്നുള്ള നീക്കം ഭാവിസിനിമകളെയും ബാധിക്കുമോ എന്നു കാണേണ്ടതാണ്. ഭഭബ- ആണ് റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ചിത്രത്തിന്റെ കോടതിയിൽ ഹാജരാകുന്നതിന്റെ തലേദിവസം രാത്രി ഡബ്ബിംഗ് ജോലികൾ ദിലീപ് പൂർത്തിയാക്കിയിരുന്നു. ഇനി താരത്തിന്റെ ഭാവി പ്രോജക്ടകൾ വരുംദിവസങ്ങളിൽ അറിയാൻ കഴിയും. കുറ്റവിമുക്തനായതിനെത്തുടർന്ന് വിവിധ സംഘടനകൾ താരത്തെ തിരിച്ചെടുക്കും.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ നമ്മൾ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ്. ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും ക്വട്ടേഷൻ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാൻ കേരളാ പോലീസിലെ മിടുക്കർക്കും ചാനൽ ചർച്ചകളിൽ ഡയലോഗ് കാച്ചിയ അഭിഭാഷകർക്കും സാധിച്ചില്ലെങ്കിൽ ബാക്കി ഇനി അയാൾ പറയട്ടെ.
എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.
ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യൽ മീഡിയയിൽ അല്ല, കോടതിയിലാണ്. അയാൾക്കു പറയാനുള്ളതും നമ്മൾ കേൾക്കണം. അതിനു കേരളത്തിനും ഇവിടത്തെ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യം തെളിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജ. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നുവെന്നും ഷൈലജ വ്യക്തമാക്കി.
അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.കെ. ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
Movies
ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തെ കുരുക്കുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞെന്നും വെളിപ്പെടുത്തി നിർമാതാവ് ജി.സുരേഷ് കുമാർ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല വിധിയാണ് വന്നിരിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇതൊന്നും സത്യമല്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് എന്നോട് പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ദിലീപിനെ കുരുക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അന്നുമുതലേ സത്യം എല്ലാവർക്കും അറിയാം.
പക്ഷേ ചിലയാളുകളുടെ താത്പര്യ പ്രകാരമാണ് കാര്യങ്ങൾ ഈ രീതിയിൽ കൊണ്ടുവന്നത്. അത് ശരിയായ നടപടിയല്ല. സിനിമയിലുള്ള ചിലരും പൊലീസിലെ ചില ആളുകളും ഇതിന്റെ ഭാഗമായി.
അവരുടെ ആരുടെയും പേര് പറയാൻ എനിക്ക് താത്പര്യമില്ല. ഇപ്പോൾ ദിലീപിനെ വെറുതെ വിട്ടു. ഈ അനുഭവിച്ചതിനൊക്കെ ആര് സമാധാനം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ നമുക്കറിയാം. കുഞ്ഞിനെ വരെ വേട്ടയാടിയ ദിവസങ്ങളുണ്ട്. അതിനു സ്കൂളിൽ പോലും പോകാൻ പറ്റാത്ത സാഹചര്യത്തിൽ മദ്രാസിലേക്കു മാറേണ്ടി വന്നു.
അതിനൊക്കെ ആര് ഉത്തരം പറയും. ഗൂഢാലോചനയുടെ ഒരു തെളിവെങ്കിലും ഇവർക്ക് നിരത്താൻ പറ്റിയോ? ഏറ്റവും ഉന്നതിയില്‍ നിൽക്കുന്ന താരത്തെ എത്രമാത്രം പീഡിപ്പിച്ചു. എത്ര കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നു.
പൊതുസമൂഹവും അദ്ദേഹത്തിനെതിരെ നിന്നു. എന്നിട്ടും അയാൾ പിടിച്ചു നിന്നു. ഇപ്പോൾ അഗ്നിശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുന്നു. ഞാൻ അനിയനെപ്പോലെ കാണുന്ന ഒരാളാണ് ദിലീപ്. എന്റെ സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി വരുന്നത്. അയാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്. 87 ദിവസം ജയിലിൽ കിടന്നതിന് ആര് ഉത്തരം പറയും. സർക്കാരും പോലീസും ഇതിൽ ഉത്തരം പറയണം.’ സുരേഷ് കുമാർ പറഞ്ഞു.
Movies
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപ് ആലുവയിലെ പത്മസരോവരത്തിലെ വീട്ടിലെത്തിയപ്പോൾ ചുടുചുംബനം നൽകി കാവ്യ മാധവൻ. അച്ഛനെ ഓടി വന്ന് കെട്ടിപ്പിടിച്ച മകൾ മഹാലക്ഷ്മിയെ ദിലീപ് വാരിയെടുത്തു. ദിലീപിന്റെ സഹോദരി സരിതയും സഹോദരൻ അനൂപിന്റെ ഭാര്യയും താരത്തെ ആലിംഗനം ചെയ്തു.
തുടർന്ന് വീടിനകത്തേയ്ക്ക് പോയ താരത്തെ നിലവിളക്ക് നൽകിയാണ് സ്വീകരിച്ചത്.
ദിലീപിനെ കാണാൻ ആരാധകരും വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ അഭിവാദ്യം ചെയ്താണ് ദിലീപ് വീട്ടിലേക്ക് പ്രവേശിച്ചത്. ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ ആരാധകരുടെ ആഹ്ലാദപ്രകടനവും വിവിധയിടങ്ങളിൽ നടക്കുകയാണ്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.
Movies
നടിയെ ആക്രമിച്ച കേസില്‍ രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക വിധി പുറത്തുവരുമ്പോള്‍ "അവള്‍ക്കൊപ്പം' കുറിപ്പുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).
നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഡബ്ല്യുസിസി, അതിജീവിതയുടെ അസാമാന്യ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. അതിജീവിതയുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയാണെന്ന് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇക്കാലമത്രയും അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകള്‍ ഇല്ലെന്നും ഡബ്ല്യുസിസി കുറിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതിജീവിതയും നീതി നിഷേധത്തിന്റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.
Movies
നടിയെ അക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന്റെ വീടിന് മുന്നിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ആരാധകർ. ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചാണ് ആരാധകർ സന്തോഷം അറിയിച്ചത്. ദിലീപിന്റെ വീടിനു മുന്നിൽ കേക്കും ലഡുവും വിതരണം പുരോഗമിക്കുകയാണ്.
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്.
കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജി ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്മജന് ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്മജന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന് ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന് ധര്മജന് പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന് വികാര ഭരിതനാവുകയായിരുന്നു.
'എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്മജന് അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.
Movies
നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാള സിനിമയിലെ ജനപ്രിയ നായകന്റെ കരിയറിനെ താഴ്ത്തിക്കെട്ടുന്നതായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീല ഒഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നടി കേസിനെ തുടര്‍ന്ന് സ്ത്രീ പ്രേക്ഷകരില്‍ പലരും ദിലീപിന്റെ സിനിമകള്‍ കാണാതായി.
ദിലീപിന്റെ സിനിമാജീവിതത്തിലെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. കമലിന്റെ സഹസംവിധായകനായിട്ടായിരുന്നു ഇയാളുടെ തുടക്കം. സഹസംവിധായകനായി കാമറയ്ക്ക് പിന്നില്‍ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കാമറയ്ക്ക് മുന്നിലെത്തിയത്. നായക നടന് വേണ്ട മുഖസൗന്ദര്യമോ ആകാരവടിവോ ഇല്ലാതിരുന്നിട്ടും 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി. ആ ചിത്രം ഹിറ്റായതോടെ ദിലീപിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ത്രീ മെന്‍ ആര്‍മി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ ഇയാള്‍ വിജയക്കുതിപ്പ് തുടര്‍ന്നു.
ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപമായിരുന്നു ദിലീപിന്റെ കരിയറിലെ ടേണിംഗ് പോയിന്റ്. ഈ പുഴയും കടന്ന്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര്‍ തുടങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇതിനിടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മഞ്ജുവാര്യരുമായി വിവാഹം. പിന്നീട് മഞ്ജു സിനിമയില്‍ നിന്നകലുകയും ദിലീപ് സിനിമയില്‍ ശക്തമാകുകയുമായിരുന്നു. നടന് എന്ന ലേബലിനപ്പുറം നിര്‍മാതാവായും തീയേറ്റര്‍ ഉടമയായും ദിലീപ് മാറി.
ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുത്തു. ബോക്സോഫീസില്‍ പണം വാരിയ മീശമാധവന് ദിലീപിന്റെ താരപദവി ഉയര്‍ത്തി. ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയ സിഐഡി മൂസയും, വെട്ടവും, പാണ്ടിപ്പടയുമെല്ലാം കൈയടി നേടി. കഥാവശേഷനും, കല്‍ക്കട്ടാ ന്യൂസും, പെരുമഴക്കാലവും ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഗൗരവമുള്ള വേഷങ്ങളിലെത്തി. ലയണ്‍, ഡോണ്‍ പോലെയുള്ള ചിത്രങ്ങളില്‍ ആക്ഷന്‍ റോളുകളും ചെയ്തു.
അമ്മ സംഘടനയുടെ ധനശേഖരണാര്‍ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിര്‍മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്റെ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ ദിലീപിന്റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വന്നത്. അതോടെ കേസും വിവാദങ്ങളും ജയില്‍വാസവുമായി ജനപ്രിയ നായകന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീലയെ കേസിന്റെ പേരില്‍ പ്രേക്ഷകര്‍ കൈവെടിയരുതെന്ന് സംവിധായകന് അരുണ്‍ ഗോപി അഭ്യര്ഥിക്കേണ്ടിവന്നു. എന്നാല്‍ ചിത്രം ഹിറ്റായി. ദിലീപിന്റെ ഇതുവരെയുള്ള സിനിമകളുടെ കണക്കെടുത്താല്‍ അവസാനത്തെ ഹിറ്റ്.
പൊതു വേദികളില്‍ നിന്ന് ഇയാള്‍ കുറേക്കാലം അകന്നു നിന്നെങ്കിലും വീണ്ടും സിനിമയില്‍ അഭിനയിച്ചു തുടങ്ങി. സിനിമകള്‍ ഇറങ്ങിയെങ്കിലും സ്ഥിരം പ്രേക്ഷകരെ അയാളെ കൈവിട്ടു. കമ്മാരസംഭവം, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്, വോയ്സ് ഓഫ് സത്യനാഥന്, ബാന്ദ്ര, തങ്കമണി, പവി കെയര്‍ ടേക്കര്‍ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ദിലീപ് വന്നുപോയി. ഏറ്റവുമൊടുവില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
എറണാകുളം പ്രിന്‍സിപ്പള്‍ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി അന്തിമം അല്ലെന്നും മേൽകോടതികളുണ്ടെന്നും കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ബി. സന്ധ്യ പ്രതികരിച്ചു.
അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.
Kerala
കൊച്ചി: നടി മഞ്ജു വാര്യരുടെ പേരെടുത്ത് വിമർശിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞത് മുതൽ തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഡാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം പറഞ്ഞു
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.
ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.
ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.
സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.
സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.
Movies
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകനും നടന്റെ അടുത്ത സുഹൃത്തുമായ നാദിർഷ.
‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്നായിരുന്നു നാദിർഷയുടെ പ്രതികരണം. ദിലീപിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് നാദിർഷ ഉൾപ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ദിലീപ്, നാദിർഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തിരുന്നു.
Kerala
കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.
Movies
മലയാളസിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടിയെ അക്രമിച്ച കേസ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വന്ന കാറിൽവച്ച് അക്രമത്തിനിരയായ നടിയുടെ പരാതിയിൽ എട്ടുവർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. ആദ്യത്തെ ആറുപ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി കേസിലെ പ്രമുഖനായ ദിലീപിനെ വെറുതെ വിട്ടു എന്നതാണ് ഇതിലെ പ്രധാനം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ് കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരുന്നു. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമലീല. ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻ പരാജയമായി മാറി.
ഒരുകാലത്ത് മലയാളസിനിമയുടെ സാമ്പത്തിക ഇടപാടുകളുടെയെല്ലാം തലവനായിരുന്നു ദിലീപ്. എന്നാൽ ഈ കേസ് വന്നതോടെ താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
Kerala
കൊച്ചി: മലയാളസിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടിയെ അക്രമിച്ച കേസ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വന്ന കാറിൽവച്ച് അക്രമത്തിനിരയായ നടിയുടെ പരാതിയിൽ എട്ടുവർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. ആദ്യത്തെ ആറുപ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി കേസിലെ പ്രമുഖനായ ദിലീപിനെ വെറുതെ വിട്ടു എന്നതാണ് ഇതിലെ പ്രധാനം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ് കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരുന്നു. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമലീല. ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻ പരാജയമായി മാറി.
ഒരുകാലത്ത് മലയാളസിനിമയുടെ സാമ്പത്തിക ഇടപാടുകളുടെയെല്ലാം തലവനായിരുന്നു ദിലീപ്. എന്നാൽ ഈ കേസ് വന്നതോടെ താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനെന്ന് കോടതി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ ഗൂഡാലോചന കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ല. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. കേസിലെ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളെ ജയിലിലേക്ക് മാറ്റും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദിലീപിനെതിരെയും പ്രോസിക്യൂഷൻ ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.
Kerala
കൊച്ചി: നടി അക്രമിക്കപ്പെട്ട ദിവസം അവർ ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ കൊച്ചിയിലെ വീട്ടിലേയ്ക്കായിരുന്നു. നടി സംഭവങ്ങൾ വിവരിച്ചപ്പോൾ ഉടനടി തന്നെ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു.
ലാലിന്റെ വീട്ടിലേയ്ക്ക് പോകാനായി ഇറങ്ങിയ ആന്റോ ജോസഫ് ഉടനെ തന്നെ തന്റെ വീടിനടുത്ത് പാർപ്പിട കോളനിയിൽ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പി.ടി ആന്റോയ്ക്കൊപ്പം ലാലിന്റെ വീട്ടിലെത്തി.
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
ഉടൻ ഒരു മുതിർന്ന വനിത പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി.
‘ഞാൻ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒൻപതരയോടെയാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കെതിരെ ഇതുണ്ടായത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാൻ ഒപ്പമുണ്ടാവും’’ പി.ടി അന്ന് അതിജീവിതയോട് പറഞ്ഞത് ഇങ്ങനെയാണ്.
ഏതായാലും സാക്ഷിവിസ്താരത്തിൽ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്കു മുൻപിൽ പതറാതെനിന്ന പി.ടിയുടെ മൊഴികൾ പ്രോസിക്യൂഷൻ ബലമായിരുന്നു. എന്നാൽ എട്ടുവർഷങ്ങൾക്കിപ്പുറം വിധി വന്നപ്പോൾ അത് കേൾക്കാൻ പിടി ഇല്ലാതെ പോയി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി കേൾക്കാൻ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കോടതിയിലെത്തി.
സഹോദരന് അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് അഭിഭാഷകൻ ബി. രാമൻപിള്ളയുമായി ചർച്ച നടത്തിയതിന് ശേഷം കോടതിയിൽ എത്തിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറയുന്നത്. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതേസമയം, അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.