National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും സുപ്രീം കോടതി. ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സതീശ് ചന്ദ്രശർമയാണ് ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്. കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റീസ് പറഞ്ഞു. ആരോഗ്യകാര്യങ്ങൾ പരിഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികൾക്കും യാതൊരു ഇളവും നൽകില്ലെന്നും കോടതി സൂചന നൽകി.
അതേസമയം, സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണ്. സ്വർണം പൂശുകമാത്രമാണ് അദ്ദേഹത്തിന്റെ ജോലി. മംഗൾയാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശി നൽകിയിട്ടുണ്ട്. സ്വർണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് സുപ്രീം കോടതി മാറ്റിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
National
ന്യൂഡൽഹി: അവധിദിവസങ്ങളിലും ഉത്സവസീസണിലും വിമാനക്കന്പനികൾ അധിക നിരക്ക് ഈടാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിമാന ടിക്കറ്റ് നിരക്കിന്റെ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
വിഷയം സർക്കാർ ഉന്നതതലത്തിൽ പരിശോധിച്ചുവരികയാണെന്നും നാലാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതിയിൽ മറുപടി നൽകുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് കോടതിയെ അറിയിച്ചു.
വിഷയം പ്രാധാന്യം അർഹിക്കുന്നതാണെന്നും അല്ലെങ്കിൽ 32 ഹർജികൾ തങ്ങൾ സ്വീകരിക്കില്ലായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിമാനയാത്ര ഒരു ആഡംബരമല്ലെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് അത്യാവശ്യ സേവനമാണെന്നും ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിമാനക്കന്പനികളുടെ ഇത്തരം തീരുമാനം അവശ്യയാത്രക്കാരെ സാരമായി ബാധിക്കുന്നു. 1981ലെ അവശ്യസേവന പരിപാലന നിയമപ്രകാരം വിമാനയാത്രയെ അവശ്യസേവനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിമാനടിക്കറ്റുകളുടെ വില നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു മേൽനോട്ട സംവിധാനം ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ കുംഭമേള ഉൾപ്പെടെയുള്ള ഉത്സവസീസണുകളിൽ വിമാനക്കന്പനികൾ ഈടാക്കിയ അധിക ടിക്കറ്റ് നിരക്കിനെതിരേ സുപ്രീംകോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിനോടുൾപ്പെടെ കോടതി പ്രതികരണവും തേടി. കേസ് മാർച്ച് 23ലേക്കു മാറ്റി.
Kerala
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജ്യോതിബാബുവിന്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമായതായും അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.
ജയിലിൽ വെച്ച് കൃത്യമായ ചികിത്സ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചത്. സർക്കാരും ജ്യോതിബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് കോടതിക്ക് കൈമാറിയിരുന്നു.
നവംബറിൽ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ഇപ്പോൾ മാനുഷിക പരിഗണനയോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനാ കുറ്റത്തിന് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമായ ജ്യോതിബാബു. ഹൈക്കോടതി വിധിക്ക് പിന്നാലെ 2024 ഫെബ്രുവരിയിലാണ് ഇദ്ദേഹം കീഴടങ്ങിയത്.
കൊലപാതകക്കേസിലെ പ്രതിയായതിനാൽ ജാമ്യം അനുവദിക്കുന്നതിനെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ കോടതിയിൽ എതിർത്തിരുന്നു. എന്നാൽ ചികിത്സയ്ക്കുള്ള മൗലികാവകാശം പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.
International
വാഷിംഗ്ടൺ ഡിസി: തന്റെ സർക്കാർ വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോടതിവിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രംപ് പത്തു ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെയാണ് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്കുമേലുള്ള തീരുവ തത്കാലത്തേക്ക് 15 ശതമാനമാക്കി ഉയർത്തുകയാണെന്നു ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
‘‘ഇന്നലെ യുഎസ് സുപ്രീംകോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പത്തു ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്.
ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതിനിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതിക്കെതിരേ നിശിത വിമർശനമാണു ട്രംപ് നടത്തിയത്. “സുപ്രീംകോടതിയിലെ ചില ജഡ്ജിമാരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ജഡ്ജിമാർ വിഡ്ഢികളാണ്. ചില വിദേശരാജ്യങ്ങളുടെ താത്പര്യത്തിനായി പ്രവർത്തിക്കുന്നവരാണ്. സുപ്രീംകോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്. എന്നാൽ ഇതു കാര്യമാക്കുന്നില്ല. ഞങ്ങൾക്കു ശക്തമായ ബദൽ മാർഗങ്ങളുണ്ട്” -ട്രംപ് പറഞ്ഞു.
ആറു ജഡ്ജിമാരാണ് ട്രംപിനെതിരേ വിധി പ്രഖ്യാപിച്ചത്. മൂന്നുപേർ ട്രംപിനെ അനുകൂലിച്ചു. ട്രംപ് നിയമിച്ച രണ്ടു ജഡ്ജിമാരും എതിരായി വിധി പ്രഖ്യാപിച്ചുവെന്നതാണു ശ്രദ്ധേയം. യുഎസിലെ കന്പനികളും ബിസിനസ് കൂട്ടായ്മകളും ഏതാനും സംസ്ഥാനങ്ങളുമാണ് ട്രംപിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
പുതിയ തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിലാകും. 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരമാണ് എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുന്ന പുതിയ ഉത്തരവിറക്കിയത്. ഈ വകുപ്പുപ്രകാരം മറ്റു രാജ്യങ്ങൾക്കുമേൽ 15 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ട്. ഏതു രാജ്യവുമായുള്ള വ്യാപാരബന്ധവും പൂർണമായും വിച്ഛേദിക്കാനും ഉപരോധം ഏർപ്പെടുത്താനും തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽനിന്ന് പത്തു ശതമാനമാകുമെന്നാണു സൂചന.
ന്യൂഡൽഹി: ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയുടെയും ആഗോള തീരുവ 15 ശതമാനമാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന്റെയും പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ.
“തീരുവ സംബന്ധിച്ച യുഎസ് സുപ്രീംകോടതി വിധി ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിച്ചുവരികയാണ്” -കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎസ് സുപ്രീംകോടതി വിധി സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി സർക്കാരുകളെ നാണം കെടുത്താൻ സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിക്കുന്ന പ്രവണതയ്ക്കെതിരേ സുപ്രീംകോടതി.
ഇത്തരം ഹർജികൾ പരിഗണിക്കുന്നതു വഴി സുപ്രീംകോടതിയെ രാഷ്ട്രീയ വിവാദത്തിലേക്കു തള്ളിവിടുന്നതായും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ പരസ്യങ്ങൾ പതിക്കുന്നതിന് പിവിസി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സ്വകാര്യ വ്യക്തികളും എൻജിഒകളും സർക്കാരുകളെ പ്രതിസന്ധിയിലാക്കാൻ ചില ഹർജികൾ ഫയൽ ചെയ്യുന്നതായി കാണുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയെ രാഷ്ട്രീയ യുദ്ധങ്ങൾക്കു വേദിയായി ഉപയോഗിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം.
ജുഡീഷൽ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി. ഹർജി സുപ്രീംകോടതിയിൽ എത്തിയ സമയവും സാഹചര്യവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അതേസമയം വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരൻ സുപ്രീംകോടതി സ്വാതന്ത്ര്യം നൽകി.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പിവിസി ഫ്ലക്സ് ബോർഡുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഹൈക്കോടതി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ്. ജയശ്രീ സുപ്രീം കോടതിയിൽ പുതിയ സത്യവാംഗ്മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സത്യവാംഗ്മൂലത്തിൽ പറയുന്നത്.
തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ല. ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന കേസുകൾ കോൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി ഷമിക്ക് നോട്ടീസ് അയച്ചു. നിലവിൽ കോൽക്കത്തയിലെ അലിപൂർ കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹസിൻ ജഹാന്റെ ആവശ്യം.
നിലവിൽ താൻ മകളോടൊപ്പം ഡൽഹിയിലാണ് താമസിക്കുന്നതെന്നും, മകളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡൽഹിയിൽ തുടരേണ്ടതുണ്ടെന്നും ഹസിൻ ജഹാൻ കോടതിയെ അറിയിച്ചു. ഓരോ തവണയും കേസിനായി കോൽക്കത്തയിലേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഷമി ഒരു അന്താരാഷ്ട്ര താരമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും, അതിനാൽ കേസ് ഡൽഹിയിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന് തടസമാകില്ലെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ഷമിയുടെ കുടുംബം ഉത്തർപ്രദേശിൽ ആയതിനാൽ അവർക്കും കോൽക്കത്തയെ അപേക്ഷിച്ച് ഡൽഹിയാണ് അടുത്തെന്നും ഹസിൻ ജഹാൻ വാദിച്ചു.
ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹസിൻ ജഹാന്റെ വാദം കേട്ട കോടതി ഷമിയോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഷമി ഇതിന് മറുപടി നൽകണം.
National
ന്യൂഡല്‍ഹി: സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും"’ബലാത്സംഗ ശ്രമമല്ല’എന്നു വിധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമല്ല, മറിച്ച് അതിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.
ഈ പ്രവൃത്തി കുറ്റകൃത്യമായി കണക്കാക്കുന്നെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരം ചുമത്തിയിരുന്ന ബലാത്സംഗ ശ്രമക്കുറ്റം പുനഃസ്ഥാപിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാരില്‍ കൂടുതല്‍ സംവേദനക്ഷമത വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനാതത്വങ്ങള്‍ ശരിയായി നടപ്പാക്കുന്നതിനൊപ്പം അനുകമ്പയുടെയും സഹാനുഭൂതിയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനും ജഡ്ജിമാര്‍ ശ്രമിക്കണം. ഇതിന്റെ അഭാവം നീതിന്യായ സ്ഥാപനങ്ങളെ അവയുടെ യഥാര്‍ഥ കടമകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുമെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സർവേ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നാണ് സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നവകേരള സർവേ റദ്ദാക്കി ഉത്തരവിട്ടത്.
ബജറ്റിൽ വകയിരുത്താതെയും കൃത്യമായ ധനകാര്യ അനുമതിയില്ലാതെയും 20 കോടി രൂപ സർവേയ്ക്കായി നീക്കിവെച്ചത് നിയമവിരുദ്ധമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ചിലവിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ദുരന്തനിവാരണത്തിനായി രൂപീകരിച്ച പോർട്ടലിലൂടെ സർവേയ്ക്കായി വോളണ്ടിയർമാരെ തിരഞ്ഞെടുത്തത് ചട്ടവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
എന്നാൽ ഹൈക്കോടതി വിധി ഭരണപരമായ തീരുമാനങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനും ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനുമാണ് സർവേ നടത്തുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ വാദിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും സാമ്പത്തിക ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി സർക്കാർ ഉത്തരവിന് മുൻപേ പാർട്ടി പ്രവർത്തകർക്ക് സർവേ സംബന്ധിച്ച് കത്തു നൽകിയത് ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സുപ്രീംകോടതിയിലെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം ദുര്‍ബലമെന്ന് രാഹുല്‍ ഈശ്വര്‍. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന ശബരിമല വിശ്വാസ സംബന്ധമായ കേസ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി അടക്കമുള്ള വിശ്വാസങ്ങള്‍ക്കും ഇത് ബാധകമാകും. മൗലികാവകാശത്തിന്റെ നിലനില്‍പ്പുതന്നെ ഈ കേസിനെ ആശ്രയിച്ചായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളും നേതാക്കളും ഭരണഘടനാധാർമികത പിന്തുടരാനും രാജ്യത്തു സാഹോദര്യം വളർത്താനും ശ്രമിക്കണമെന്നു വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
പരസ്പരബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുകളെ നേരിടാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമീപകാല പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പരാമർശങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
75 വർഷത്തെ പക്വമായ ജനാധിപത്യപാരന്പര്യം ഈ രാജ്യത്തിനുണ്ട്. ആളുകൾ ഇങ്ങനെ പെരുമാറുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഭരണഘടനാപരമായ ധാർമികത, മൂല്യങ്ങൾ, പരസ്പരബഹുമാനം, ആത്മാഭിമാനം എന്നീ തത്വങ്ങൾ പാലിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളോടും തങ്ങൾ ആവശ്യപ്പെടുന്നുവെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വാക്കാൽ പറഞ്ഞു.
വിവേചനപരവും വർഗീയമായി ഭിന്നിപ്പിക്കുന്നതുമായ പ്രസംഗങ്ങൾ എല്ലാ വശങ്ങളിൽനിന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ബെഞ്ചിലെ അംഗം ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. എങ്കിലും സംസാരത്തിന്റെ ഉത്ഭവം ചിന്തയാണെന്നും അതു നിയന്ത്രിക്കാൻ കോടതിക്ക് എങ്ങനെ സാധിക്കുമെന്നും ജസ്റ്റീസ് നാഗരത്ന ചോദിച്ചു. ഇത്തരം പ്രസംഗങ്ങൾ നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ച് പാർട്ടി ഭരണഘടനയിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ലേയെന്നും ബെഞ്ച് ചോദിച്ചു. ജനാധിപത്യസ്ഥാപനങ്ങൾ ഭരണഘടനാമൂല്യങ്ങൾക്ക് അനുസൃതമായി പെരുമാറുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നതായി ബെഞ്ചിലെ മറ്റൊരു അംഗം ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാക്കൾ വർഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളും രാജ്യത്തു വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൂടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടുത്തിടെ നടത്തിയ വിദ്വേഷ പരാമർശമാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്താതെ ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
എന്നാൽ ചില വ്യക്തികളെ മാത്രം തെരഞ്ഞെടുത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും മറ്റു വിഷയങ്ങൾ സൗകര്യപൂർവം അവഗണിച്ചതായും ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ തത്വങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഹർജിയിൽ മാറ്റം വരുത്തി സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു. ഹർജിയിൽ മാറ്റം വരുത്തുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
ഉന്നയിക്കുന്ന ഭരണഘടനാവിഷയങ്ങൾ വിശാലമായി പരിശോധിക്കുമെന്നു പറഞ്ഞ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഹിമന്ത ബിശ്വ ശർമയുടെ വിദ്വേഷ പരാമർശത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച മറ്റൊരു ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി തിങ്കളാഴ്ച നിർദേശിച്ചിരുന്നു.
National
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ പുതിയ ഒന്‍പതംഗ ബെഞ്ച് അന്തിമവാദം കേൾക്കും. ഏപ്രിൽ ഏഴുമുതൽ 22 വരെയാണു വിശദമായ വാദംകേൾക്കലിനു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ പുതിയൊരധ്യായം തുറക്കുകയാണ്.
മാർച്ച് 14നോ അതിനു മുന്‍പോ കക്ഷികൾ അവരുടെ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കേരള സർക്കാർ അടുത്ത മാസം 14നു മുന്‍പായി നിലപാട് അറിയിക്കേണ്ടിവരും. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായാണു സുപ്രീംകോടതിയിലെ വാദമെന്നതിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന.
വിവിധ മതങ്ങളിലും ശബരിമല അടക്കമുള്ള ആരാധനാ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ വിവേചനങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
പുതിയ ഭരണഘടനാ ബെഞ്ചിലെ ഒന്‍പത് ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് പിന്നീട് നിയമിക്കും. നേരത്തേ രൂപവത്കരിച്ച ഒന്‍പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മാത്രമാണു ശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നാണു കേസിലെ നടപടികൾ വൈകിയത്.
സുപ്രീംകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാടാകും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണു സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹർജി. ഒന്‍പതംഗ ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റീസ് പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും. എട്ടു ദിവസം വാദം കേട്ട് സമയബന്ധിതമായി വാദം കേൾക്കൽ പൂർത്തിയാക്കാനാണു പുതിയ തീരുമാനം. കോടതി വേനലവധിക്കു പിരിഞ്ഞ ശേഷം വീണ്ടും ചേരുന്പോഴാകും അന്തിമവിധിയെന്നു പ്രതീക്ഷിക്കുന്നു.
പുനഃപരിശോധനാ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിലാണ് ഒന്‍പതംഗ ബെഞ്ച് ഏപ്രിൽ ഏഴിനു രാവിലെ 10.30ന് വാദം കേൾക്കൽ ആരംഭിക്കുക. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും മൂന്നു ദിവസം വീതം വാദിക്കാം. പുനഃപരിശോധനാ ഹർജിക്കാരുടെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ ഏഴു മുതൽ ഒന്‍പതു വരെ കേൾക്കും. എതിർക്കുന്ന കക്ഷികൾക്ക് അവരുടെ വാദങ്ങൾക്കായി ഏപ്രിൽ 14 മുതൽ 16 വരെ സമയം നൽകിയിട്ടുണ്ട്. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. തുടർന്നു വിഷയം പഠിച്ച അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങൾ കേൾക്കും. ഏപ്രിൽ 22ന് വാദം അവസാനിപ്പിക്കും.
സുപ്രീംകോടതിയെ സഹായിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറിനെയും ശിവം സിംഗിനെയും അമിക്കസ് ക്യൂറിയായി നിയമിക്കും. എല്ലാ കക്ഷികളും സ്വീകരിച്ച നിലപാട് ശിവം സിംഗ് കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ശബരിമല വിധി പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ നോഡൽ കൗണ്‍സലായി അഭിഭാഷകൻ കൃഷ്ണ കുമാർ സിംഗിനെ കോടതി നിയമിച്ചു. പുനഃപരിശോധനയെ എതിർക്കുന്നവർക്കുള്ള നോഡൽ കൗണ്‍സലായി ശശ്വതി പരിയെയും നിയമിച്ചു.
National
ന്യൂഡൽഹി: വിവാഹത്തിനുമുന്പുള്ള ശാരീരികബന്ധങ്ങളോടു വിയോജിച്ച് സുപ്രീംകോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഒരുപക്ഷേ നമ്മൾ പഴയ രീതിയിലുള്ളവരായിരിക്കാമെന്ന് ജസ്റ്റീസ് നാഗരത്ന വാക്കാൽ പറഞ്ഞു.
വിവാഹത്തിനുമുന്‍പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവരുടെ ബന്ധത്തിന്റെ സ്വഭാവം എന്തുതന്നെയായാലും, വിവാഹത്തിനുമുന്‍പ് അവർക്കെങ്ങനെ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ നമ്മൾ പഴയ ഫാഷനിലുള്ളവരായിരിക്കാം. നിങ്ങൾ വളരെ ശ്രദ്ധിക്കണം. വിവാഹത്തിനു മുന്‍പ് ആരും ആരെയും വിശ്വസിക്കരുത്.- ജസ്റ്റീസ് നാഗരത്ന നിരീക്ഷിച്ചു.
വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിവാഹപൂർവ ബന്ധങ്ങളെക്കുറിച്ച് രണ്ടംഗ ബെഞ്ച് ശക്തമായ വാക്കാലുള്ള പരാമർശങ്ങൾ നടത്തിയത്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി ഡൽഹിയിലും ദുബായിലും വച്ച് പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി പ്രോസിക്യൂഷൻ ആരോപിച്ചു.
വിവാഹിതനാണെങ്കിലും പിന്നീട് മറ്റൊരു സ്ത്രീയെ 2024 ജനുവരിയിൽ പഞ്ചാബിൽ വച്ച് പ്രതി വിവാഹം കഴിച്ചതായി പ്രോസിക്യൂഷൻ പറയുന്നു. എന്നിട്ടും 30 വയസുള്ള മൂന്നാമതൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി ശാരീരികബന്ധത്തിലേക്ക് ആകർഷിച്ചുവെന്നാണ് കുറ്റാരോപണം.
2022ൽ ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കണ്ടുമുട്ടിയെന്നും വിവാഹവാഗ്ദാനം നൽകി ഡൽഹിയിലും ദുബായിലും പ്രതി പലതവണ ശാരീരികബന്ധം നടത്തിയെന്നും ഹർജിക്കാരി പറയുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന്റെ വീഡിയോകൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും എതിർത്താൽ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വാദിച്ചു.
വിവാഹത്തിനുമുന്‍പ് ദുബായിലേക്കു പോകാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. ഇരുവരും ഒരു വിവാഹസ്ഥലത്ത് കണ്ടുമുട്ടിയെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വിവാഹത്തെക്കുറിച്ചു താത്പര്യമുണ്ടെങ്കിൽ, അവൾ അതിനുമുന്‍പ് പോകരുതായിരുന്നുവെന്ന് ജഡ്ജി നിരീക്ഷിച്ചു. പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പുരുഷനെ ശിക്ഷിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
National
റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുള്ള എട്ട് ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാരുടെയും മതം മാറിയവരുടെയും പ്രവേശനം തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡുകൾക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഈ ബോർഡുകൾ ഭരണഘടനാ വിരുദ്ധമല്ലെന്ന ഒക്ടോബറിലെ ഛത്തീസ്ഗഡ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ഗോത്രവർഗക്കാരുടെ താത്പര്യങ്ങളും പ്രാദേശിക സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള "മുൻകരുതൽ നടപടി" എന്ന നിലയിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, പരാതിക്കാർക്ക് പിഇഎസ്എ (പഞ്ചായത്ത് എക്സ്റ്റന്റഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) നിയമങ്ങൾ പ്രകാരമുള്ള അതോറിറ്റിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
ക്രിസ്ത്യൻ സമൂഹത്തോടുള്ള വിവേചനമാണ് ഇത്തരം ബോർഡുകളെന്ന് കാട്ടി കാങ്കർ സ്വദേശിയായ ദിഗ്ബാൽ ടാണ്ഡിയാണ് ഹർജി നൽകിയത്. ആദിവാസി മേഖലകളിൽ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നതായി കൃത്യമായ തെളിവുകളില്ലാതെയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ് വാദിച്ചു.
ഹൈക്കോടതിയിൽ ഉന്നയിച്ചതിനേക്കാൾ പുതിയ കാര്യങ്ങൾ സുപ്രീം കോടതിയിൽ ഹർജിക്കാർ ചേർത്തിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പഞ്ചായത്ത് നിയമങ്ങൾ പ്രകാരമുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് സത്യവാങ്മൂലവും തെളിവുകളും നൽകി വിഷയം പരിശോധിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
National
ന്യൂഡൽഹി: മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരാതിയുമായി അസം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാണ്ഡ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന 'ഷോർട്ട് കട്ട്' രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിപിഐ നേതാവ് ആനി രാജ, അസമിലെ പ്രമുഖ പണ്ഡിതൻ ഡോ. ഹിരേൻ ഗോഹെയ്ൻ എന്നിവരാണ് ഹർജി നൽകിയത്.
അസം മുഖ്യമന്ത്രി സ്ഥിരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു.
അസം മുഖ്യമന്ത്രിയായതിനാൽ അവിടുത്തെ പൊലീസോ അന്വേഷണ ഏജൻസികളോ നടപടിയെടുക്കില്ലെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഫലപ്രദമായ തീരുമാനമെടുക്കാൻ കഴിയുമെന്നും ഹൈക്കോടതിയെ മറികടന്നുള്ള ഹർജികൾ കീഴ്വഴക്കങ്ങളെ തകർക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. എന്നാൽ, വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനാകാതെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലപാട് ഇപ്പോൾ പറയേണ്ടതില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം ആലോചിക്കാമെന്നുമാണ് നിയമ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മുൻപ് യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ "വിശ്വാസികൾക്കൊപ്പം" എന്ന നിലപാടിലേക്ക് പതുക്കെ ചുവടുമാറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഏഴംഗ വിശാല ബെഞ്ചിന് മുന്നിലുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കോടതിയിൽ നടക്കുക. യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
ശബരിമല വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ഭക്തരെ വീണ്ടും വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു. സർക്കാർ സത്യവാംഗ്മൂലം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമലയിലെ ആചാര സംരക്ഷണവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി നടപടികൾ അതീവ നിർണായകമാണ്.
National
ന്യൂഡൽഹി: വിവാഹിതരാകാതെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്പോൾ (ലിവിംഗ് ടുഗതർ) സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷനെതിരേ സ്ത്രീധന നിരോധ നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ ഭാര്യക്കു മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരമോ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമോ സ്ത്രീധന പീഡനത്തിനെതിരേ പരാതി നൽകാൻ സാധിക്കൂ. എന്നാൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിനോടു പ്രതികരണം തേടിയ സുപ്രീംകോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷക നീന നരിമാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ലിവ് ഇൻ പങ്കാളി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റവിചാരണ ആരംഭിച്ചതു ചോദ്യം ചെയ്ത് കർണാടക സ്വദേശിയായ ഡോക്ടർ സമർപ്പിച്ച ഹർജിയാണ് വിഷയത്തിന് അടിസ്ഥാനം.
National
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും പരിഗണിക്കുക.
2019 ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷമാണിപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.
2019ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം കേൾക്കുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.
ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സർക്കാർ നിലപാട് എടുത്തിരുന്നത്.
National
ന്യൂഡൽഹി: വിവിധ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാർക്കെതിരേ 2016 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ 8630 പരാതികൾ ലഭിച്ചതായി കേന്ദ്രസർക്കാർ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് കൈമാറിയ വിവരം കേന്ദ്ര നിയമമന്ത്രാലയമാണു പാർലമെന്റിനെ അറിയിച്ചത്. ജഡ്ജിമാർക്കെതിരായ അഴിമതി, ലൈംഗിക ദുരുപയോഗം, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികളുടെ എണ്ണമാണു കേന്ദ്രസർക്കാർ പുറത്തുവിട്ടത്.
ഡിഎംകെ അംഗത്തിന്റെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് രേഖാമൂലം വിവരം ലോക്സഭയെ അറിയിച്ചത്. എന്നാൽ, ഈ പരാതികൾ സംബന്ധിച്ച് കുറ്റാരോപിതർക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകിയില്ല.
ജഡ്ജിമാർക്കെതിരേ ലഭിക്കുന്ന പരാതികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള സംവിധാനം സുപ്രീംകോടതിയിലുണ്ടോ എന്ന ചോദ്യത്തിനും കേന്ദ്രസർക്കാർ ഉത്തരം നൽകിയില്ല.
പകരം, ജഡ്ജിമാർക്കെതിരായ പരാതികൾ സ്വീകരിക്കാൻ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റീസിന് അധികാരമുണ്ടെന്നു മാത്രമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി. ജഡ്ജിമാർക്കെതിരേ പരാതി ലഭിച്ചാൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ ആഭ്യന്തര അന്വേഷണം നടത്താറാണു പതിവ്.
National
ന്യൂഡൽഹി: സർവ ശിക്ഷ അഭിയാൻ (എസ്എസ്എ) പദ്ധതിയിൽ അർഹതപ്പെട്ട പണം നൽകുമെന്ന കേന്ദ്രവാഗ്ദാനം പാലിച്ചില്ലെന്ന് കേരളം സുപ്രീംകോടതിയിൽ.
സ്പെഷൽ എഡ്യുക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിനിടയിലാണ് സംസ്ഥാനസർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പദ്ധതിപ്രകാരം കേരളത്തിന് അർഹതപ്പെട്ട തുക കൈമാറുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു.
എന്നാൽ ഈ ഉറപ്പ് പാലിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായാണു കേരളത്തിന് വാദം. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയ്ക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരേ ഇത്തരത്തിൽ എഴുതാൻ എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഒരു അഭിഭാഷകയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണു ദീപ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടതി പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും അപമാനിച്ചിട്ടില്ലെന്നും ദീപ പറഞ്ഞെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
Kerala
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിലെ പ്രതി ദീപ ജോസഫിന്റെ ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
കേസെടുത്തതിനെ ചോദ്യംചെയ്താണ് ദീപ ജോസഫിന്റെ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പരാതിക്കാരി ദീപ ജോസഫിന്റെ ജാമ്യ ഹർജിക്കെതിരെ തടസഹർജി നൽകിയിട്ടുണ്ട്.
താൻ ഉൾപ്പെടെയുള്ള മറ്റ് പരാതിക്കാരെ ദീപ ജോസഫ് നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയിൽ ദീപ നൽകിയ സത്യവാംഗ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളാണ് ആദ്യ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും ആരോപണമുണ്ട്.
National
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ തടയുന്നതിനായി വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ 'സിം ബൈൻഡിംഗ്' നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം ഉള്ളത്.
വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണിൽ തന്നെ ആ നമ്പറിലുള്ള സിം കാർഡും ഉണ്ടായിരിക്കണം എന്ന് നിർബന്ധമാക്കുന്ന സാങ്കേതിക വിദ്യയാണിത്. നിലവിൽ ബാങ്കിംഗ് ആപ്പുകൾ സുരക്ഷയ്ക്കായി ഈ രീതിയാണ് ഉപയോഗിക്കുന്നത്. ഇത് നടപ്പിലാക്കുന്നതോടെ, മറ്റൊരാളുടെ നമ്പറോ ഒടിപിയോ ഉപയോഗിച്ച് ദൂരസ്ഥലത്തിരുന്ന് വാട്ട്സ്ആപ്പ് വഴി തട്ടിപ്പ് നടത്തുന്നത് തടയാനാകും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി പ്രധാനമായും വാട്ട്സ്ആപ്പ് ആണ് ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന കോളുകൾ ഇന്ത്യൻ നമ്പറുകളായി കാണിക്കുന്ന സ്പൂഫിംഗ് രീതി തടയാൻ അന്താരാഷ്ട്ര ഗേറ്റ്വേകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതുവഴി കോടിക്കണക്കിന് വ്യാജ കോളുകൾ ഇതിനോടകം തടയാൻ സാധിച്ചതായി സർക്കാർ അറിയിച്ചു.
2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമം അനുസരിച്ച് സിം കാർഡ് എടുക്കുന്നതിന് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനുള്ള ചട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരാൾക്ക് ഒരു ദിവസം ഒരു ടെലികോം സേവനദാതാവിൽ നിന്ന് പരമാവധി മൂന്ന് സിം കാർഡുകൾ മാത്രമേ എടുക്കാൻ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ മുതിർന്ന ദമ്പതികളിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ മറുപടി.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഐ നേതാവ് ആനി രാജ. ബിജെപി അസം ഘടകത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച 'പോയിന്റ് ബ്ലാങ്ക്' വിവാദ വീഡിയോ വിദ്വേഷം പടർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
മുഖ്യമന്ത്രി തോക്കെടുത്ത് നിറയൊഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ഇത് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ് ഈ വീഡിയോയെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.
വിദ്വേഷം പടർത്തുന്ന വീഡിയോ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.
National
ന്യൂഡൽഹി: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി ബിജെപി ആസാം സംസ്ഥാന ഘടകം സമൂഹമാധ്യമത്തിൽ പങ്കുവച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരേ ഇടത് പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.
"പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന അടിക്കുറിപ്പോടെ മുസ്ലിം ജനതയ്ക്കു നേരേ ഹിമന്ത ബിശ്വ ശർമ തോക്ക് ചൂണ്ടുന്ന പോസ്റ്റാണ് ആസാം സംസ്ഥാന ഘടകം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ബിജെപിക്കെതിരേ വലിയ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തുവന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടത് പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ആസാം മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിനെതിരേ തുടരെ നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ കോടതിയുടെ അടിയന്തര ഇടപെടലും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അപ്പോൾ തെരഞ്ഞെടുപ്പുമായി പരോക്ഷ ബന്ധമുള്ള ഈ വിഷയം കോടതിയിൽ വാദം കേൾക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, വിവാദ പോസ്റ്റിനെതിരേ കോൺഗ്രസ് സംസ്ഥാന ഘടകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
National
ന്യൂഡല്‍ഹി: 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതവിദ്യാഭ്യാസം നല്‍കുന്നതിന് ബന്ധപ്പെട്ട സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി.
ബന്ധപ്പെട്ട അഥോറിറ്റിയെ വിഷയം പരിഗണിക്കാന്‍ വിസമ്മതിച്ചാല്‍ ഇടപെടാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയെ ബെഞ്ച് ഹര്‍ജി തള്ളിയത്.
14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതപരമായ പ്രബോധനമോ വിദ്യാഭ്യാസമോ നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിർദേശിക്കണമെന്നാണ് ഹര്‍ജിക്കാരനായ അശ്വനി കുമാര്‍ ഉപാധ്യായ റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചതിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ സുപ്രീംകോടതി തള്ളി. ഒരു മുഖ്യമന്ത്രി നേരിട്ട് ഹാജരാകുന്നത് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മമത ബാനർജി നേരിട്ട് ഹാജരായത്. ഇതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ ഉന്നയിച്ച എതിർപ്പുകളാണ് കോടതി തള്ളിയത്.
"ഇതിൽ കേട്ടുകേൾവിയില്ലാത്തതായി എന്താണുള്ളത്? ഇത് ഭരണഘടനയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്," എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകനോട് പറഞ്ഞു.
ഫെബ്രുവരി നാലിന് നടന്ന ഹിയറിംഗിൽ മമത ബാനർജി നേരിട്ട് ഹാജരാവുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി നൽകുന്നു എന്ന് ആരോപിച്ച് കമ്മീഷനെ "വാട്സാപ്പ് കമ്മീഷൻ" എന്നാണ് മമത വിശേഷിപ്പിച്ചത്.
അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും, വിവാഹശേഷം പേര് മാറിയ സ്ത്രീകളെയും ദരിദ്രരായ വോട്ടർമാരെയും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും മമത വാദിച്ചു. പുതുതായി പേര് ചേർക്കുന്നതിനേക്കാൾ കൂടുതൽ പേരുകൾ ഒഴിവാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ബിഹാറിൽ വോട്ടർ പട്ടിക പുതുക്കിയതിന് പിന്നാലെയാണ് കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഈ നടപടി തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വർഗീയ സ്വഭാവമുള്ള മീമുകൾ പങ്കുവെച്ചതിന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി നൽകിയ ഹർജി പരിഗണിക്കവെ രൂക്ഷമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കുട്ടികൾ ഇത്തരം വർഗീയ ചിന്താഗതികൾ പഠിക്കുന്നത് സ്വന്തം വീടുകളിൽ നിന്നാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമർശം നടത്തിയത്.
മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെയാണ് വർഗീയ വിദ്വേഷം പടർത്തുന്ന ഉള്ളടക്കം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന് കോളേജ് അധികൃതർ പുറത്താക്കിയത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി പുറത്താക്കൽ നടപടി ശരിവെച്ചിരുന്നു. തുടർന്നാണ് വിദ്യാർത്ഥി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
വിദ്വേഷം പടർത്തുന്ന കാര്യങ്ങൾ കുട്ടികൾ എവിടെ നിന്നാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. "ഇത്തരം കാര്യങ്ങൾ കുട്ടികൾ സ്കൂളിൽ നിന്നല്ല പഠിക്കുന്നത്, അത് അവർ വീട്ടിൽ നിന്നാണ് പഠിക്കുന്നത്" എന്ന് ജസ്റ്റിസ് വിശ്വനാഥൻ നിരീക്ഷിച്ചു. വിദ്യാർത്ഥിക്ക് മാപ്പ് നൽകണമെന്ന അഭിഭാഷകന്റെ അഭ്യർത്ഥന കോടതി തള്ളി. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന വർഗീയതയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും ആഴം ഈ സംഭവം വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു.
വിദ്യാർത്ഥിക്ക് തന്റെ പഠനം തുടരാൻ അനുവദിക്കണമെന്നും പുറത്താക്കൽ ഒഴിവാക്കണമെന്നുമുള്ള ആവശ്യം തള്ളിയ സുപ്രീം കോടതി, ബോംബെ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും മതസൗഹാർദ്ദവും പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി അടിവരയിട്ടു.
സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വർഗീയതയ്ക്കെതിരെ കുടുംബങ്ങളിൽ നിന്ന് തന്നെ ബോധവൽക്കരണം തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഈ കോടതി വിധി വിരൽ ചൂണ്ടുന്നു.
National
ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ അദാനി പോർട്ട്സിന് അനുവദിച്ച 108 ഹെക്ടർ മേച്ചിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഭൂമി തിരിച്ചുപിടിക്കുന്നതിന് മുൻപ് ബാധിക്കപ്പെട്ട കക്ഷിയായ അദാനി പോർട്ട്സിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
2005-ൽ സ്പെഷ്യൽ എക്കോണമിക് സോൺ വികസനത്തിനായി നൽകിയ ഭൂമിക്കെതിരെ ഗ്രാമവാസികൾ നൽകിയ ഹർജിയെത്തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. വിഷയത്തിൽ അദാനി പോർട്ട്സിന്റെ ആക്ഷേപങ്ങൾ കൂടി കേട്ട ശേഷം പുതിയ തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതുവരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.
National
ന്യൂഡല്‍ഹി: വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം അയാള്‍ക്കെതിരേ വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോള്‍ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വിവാഹബന്ധത്തിലായിരിക്കെ അഭിഭാഷക സുഹൃത്തുമായി മൂന്ന് വര്‍ഷത്തോളം ബന്ധം സ്ഥാപിച്ച് ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയാണ് പരാതിക്കാരി.
ആദ്യബന്ധത്തില്‍ വിവാഹമോചനക്കേസ് കുടുംബക്കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും അതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സ്ത്രീ മറ്റൊരു പുരുഷനുമായി ബന്ധം സ്ഥാപിച്ചതെന്ന് കോടതി കണക്കിലെടുത്തു.
1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇണ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി.
കേസില്‍ കുറ്റാരോപിതനെ വെറുതെവിട്ടുകൊണ്ടാണ് സുപ്രീംകോടതി നടപടി.
National
ന്യൂഡൽഹി: ഏഴ് വർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 35 (3 ) വകുപ്പ് പ്രകാരം പോലീസ് നോട്ടീസ് അയയ്ക്കുന്നത് നിർബന്ധമെന്ന് സുപ്രീംകോടതി. ഇത്തരത്തിൽ നോട്ടീസ് നൽകാത്ത സാഹചര്യത്തിൽ ഏഴ് വർഷത്തിൽതാഴെ തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് പാടില്ലെന്ന് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 35 (3) വകുപ്പ് പ്രകാരം എല്ലാ കേസുകളിലും നിർബന്ധമായി നോട്ടീസ് അയക്കണോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്. പ്രതിയെ കൂടുതൽ കുറ്റകൃത്യത്തിൽനിന്ന് തടയുക, ശരിയായ അന്വേഷണം സാധ്യമാക്കുക, തെളിവുകൾ നശിപ്പിക്കുന്നത് തടയുക, സാക്ഷികളെ സംരക്ഷിക്കുക, കോടതിയിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കുക തുടങ്ങിയ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമാണെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ മാത്രമേ ബിഎൻഎസ്എസ് സെക്ഷൻ 35(1)(ബി)(ശശ) പ്രകാരം അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നും കോടതി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ സ്ഥിരമായ ഡിജിപിമാരെ നിയമിക്കാതെ 'ആക്ടിംഗ് ഡിജിപി'മാരെ നിയമിക്കുന്ന രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങൾ കാലതാമസം വരുത്തിയാൽ യുപിഎസ്സിക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സ്ഥിരമായ ഡിജിപിമാരെ നിയമിക്കുന്നതിന് യുപിഎസ്സിക്ക് പേരുകൾ ശുപാർശ ചെയ്യുന്നതിന് പകരം, സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം 'ആക്ടിംഗ്' ഡിജിപിമാരെ നിയമിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് അർഹരായ ഉദ്യോഗസ്ഥരുടെ അവസരം നഷ്ടപ്പെടുത്തുന്ന രീതിയാണെന്നും കോടതി പറഞ്ഞു.
ഡിജിപി നിയമനത്തിനായി കൃത്യസമയത്ത് പേരുകൾ അയക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ യുപിഎസ്സിക്ക് കോടതി അധികാരം നൽകി. സംസ്ഥാനങ്ങൾ ഇതിൽ വീഴ്ച വരുത്തിയാൽ യുപിഎസ്സിക്ക് സുപ്രീംകോടതിയിൽ അപേക്ഷ നൽകാം. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തെലങ്കാനയിലെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്. 2017 മുതൽ തെലങ്കാനയിൽ സ്ഥിരമായ ഡിജിപി നിയമനം നടന്നിട്ടില്ലെന്നും സംസ്ഥാനം വലിയ കാലതാമസം വരുത്തിയെന്നും യുപിഎസ്സി കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന അശാസ്ത്രീയമായ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേസ് മാർച്ച് മാസത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അഴിമതിയുടെ പരിധിയിൽ വരുമോ എന്ന് കോടതി പരിശോധിക്കും. "സൂര്യനെയും ചന്ദ്രനെയും ഒഴികെ ബാക്കി എല്ലാം രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്നു" എന്ന ഹർജിക്കാരന്റെ വാദം കോടതി ശ്രദ്ധിച്ചു.
അശാസ്ത്രീയമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം കണ്ടുകെട്ടണമെന്നും അവരുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.പൊതുപണം ഉപയോഗിച്ചുള്ള ഇത്തരം വാഗ്ദാനങ്ങൾ സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വോട്ട് ലക്ഷ്യമിട്ടുള്ള സൗജന്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദമായ 'മിയാൻ' വോട്ടർ പരാമർശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനുവരി 27-ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം "അതിരൂക്ഷമായ വെറുപ്പുളവാക്കുന്ന പ്രസംഗം" ആണെന്നും അത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ് കോടതിയെ സമീപിച്ചത്.
അസമിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' സമയത്ത് നാല് മുതൽ അഞ്ച് ലക്ഷം വരെ 'മിയാൻ' വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും, താനും ബിജെപിയും ഈ വിഭാഗത്തിന് എതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇവർ ഇന്ത്യയിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'മിയാൻ' എന്ന പദം അസമിലെ മുസ്ലീങ്ങളെ അവഹേളിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ ബോധിപ്പിച്ചു. ഇത്തരം പ്രസംഗങ്ങൾ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സാമൂഹിക സൗഹാർദ്ദം തകർക്കാനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.
ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
സമാധാന പ്രവർത്തകനായ ഹർഷ് മന്ദർ ഡൽഹി പോലീസിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ അസമിലെ 43 പ്രമുഖ പൗരന്മാർ ഗുവാഹത്തി ഹൈക്കോടതിയെയും ഈ വിഷയത്തിൽ സമീപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു.
ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് ആദ്യം നോട്ടീസ് നൽകണം. പ്രതി തെളിവ് നശിപ്പിക്കാനോ ഒളിവിൽ പോകാനോ സാധ്യതയുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ഇതിനുള്ള കാരണങ്ങൾ പോലീസ് രേഖാമൂലം കോടതിയെ അറിയിക്കണം. പോലീസ് നൽകുന്ന കാരണങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രതിയെ റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റ് അനുവദിക്കരുത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്കും കോടതി അലക്ഷ്യത്തിനും ഉത്തരവിടും. |
ജയിലുകളിലെ തിരക്ക് കുറയ്ക്കാനും നിരപരാധികൾ അനാവശ്യമായി തടങ്കലിലാകുന്നത് ഒഴിവാക്കാനുമാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സ്ത്രീധന പീഡനക്കേസുകൾ , ചെറിയ മോഷണങ്ങൾ, വഞ്ചനാക്കേസുകൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഈ വിധി വലിയ ആശ്വാസമാകും.
പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പൗരന്മാരെ പീഡിപ്പിക്കാനുള്ള ആയുധമാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഈ നിർദ്ദേശങ്ങൾ കൈമാറാനും പോലീസുകാർക്ക് ഇതിൽ പ്രത്യേക പരിശീലനം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതികൾക്ക് ഇത് സംബന്ധിച്ച മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. അഞ്ച് മാസത്തോളമായി തുടരുന്ന അദ്ദേഹത്തിന്റെ തടങ്കൽ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് ഗൗരവമായി ചിന്തിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വാംഗ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഒട്ടും തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചു. വയറുവേദനയും പ്രായത്തിന്റേതായ അവശതകളും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
"നിയമപരമായ വാദങ്ങൾക്കും സാങ്കേതികതകൾക്കും അപ്പുറം, ഒരു കോടതി ഓഫീസർ എന്ന നിലയിൽ ഇക്കാര്യം ഗൗരവമായി ആലോചിക്കൂ" എന്ന് സർക്കാർ അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് കോടതി പറഞ്ഞു. സെപ്തംബർ 26 മുതൽ അദ്ദേഹം തടവിലാണ്. ഇത്രയും കാലം തടവിൽ വെച്ചത് കണക്കിലെടുത്ത് സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടോ എന്ന് കോടതി ആരാഞ്ഞു.
വാംഗ്ചുക്കിനെ തടങ്കലിലാക്കാൻ കാരണമായ ഔദ്യോഗിക ഫയലുകളും റിപ്പോർട്ടുകളും നേരിട്ട് ഹാജരാക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
ലഡാക്കിലെ യുവാക്കളെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കേന്ദ്ര സർക്കാർ വാംഗ്ചുക്കിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലെയുള്ള പ്രക്ഷോഭങ്ങൾ ലഡാക്കിലും കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുവെന്നും അത് നാല് പേരുടെ മരണത്തിന് കാരണമായ അക്രമങ്ങളിൽ കലാശിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വാംഗ്ചുക്കിന്റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്. സമാധാനപരമായ പോരാട്ടത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കോടതിയിൽ വാദിച്ചു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും നീതിക്കായി താൻ കോടതിയെ സമീപിക്കുകയാണെന്നും മമത പറഞ്ഞു.
ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു 'വാട്സാപ്പ് കമ്മീഷനായി' മാറിയിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്സാപ്പിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ കമ്മീഷൻ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ഉള്ളവ ഒഴിവാക്കാനാണ് കമ്മീഷൻ താത്പര്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മാറുന്ന സ്ത്രീകളുടെ പേരുകൾ പോലും പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്യപ്പെടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം ഏകദേശം 58 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി അവർ കോടതിയിൽ പറഞ്ഞു.
അസം പോലുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിധം ബംഗാളിൽ മാത്രം എന്തിനാണ് ഇത്ര ധൃതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മമത ചോദിച്ചു. സാധാരണ രണ്ട് വർഷം എടുക്കുന്ന നടപടികൾ വെറും രണ്ട് മാസം കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്നും അവർ ആരോപിച്ചു.
മമതയുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പുതുക്കുമ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ കൂടുതൽ 'സെൻസിറ്റീവ്' ആയി പെരുമാറണമെന്ന് കോടതി നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകുകൾ മാത്രം നോക്കി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കരുതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ അടുത്ത വാദം ഫെബ്രുവരി ഒൻപതിന് നടക്കും.
National
ന്യൂഡൽഹി: രാഷ്ട്രീയ കണ്‍സൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐപാക്ക്) യുടെ ഓഫീസിലെ റെയ്ഡ് തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പശ്ചിമബംഗാൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇഡി സമർപ്പിച്ച ഹർജി ഫെബ്രുവരി പത്തിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാനസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തോടു പ്രതികരിക്കാൻ സമയം വേണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
വിഷയം സംബന്ധിച്ച സംസ്ഥാനസർക്കാരിന്റെ പ്രതികരണം ഇന്നലെയാണു ലഭിച്ചതെന്നും അതു പരിശോധിച്ച് വിയോജിപ്പ് ഫയൽ ചെയ്യാൻ സമയം വേണമെന്നുമാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്.
National
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നീക്കം.
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കുന്നത് അപൂര്‍വമായ സംഭവമാണ്. ഇതിനായി മമത ബാനര്‍ജിക്ക് സുപ്രീംകോടതി പ്രത്യേക സുരക്ഷാ പാസ് അനുവദിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കുന്ന നിലവിലെ രീതി അശാസ്ത്രീയമാണെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്നും മമത ആരോപിക്കുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലം സംസ്ഥാനത്ത് ഏകദേശം 140 പേര് മരിച്ചതായി മുഖ്യമന്ത്രി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതിയായ പരിശീലനം ലഭിക്കാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ചോദ്യം ചെയ്യുന്നു. 'ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നിലവിലെ പരിഷ്കരണം നടക്കുന്നത്. ഇത് വോട്ടര്‍മാരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ജനുവരി 28-നാണ് മമത ബാനര്‍ജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും കക്ഷിചേര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്കിയ ഹര്‍ജികള്‍ക്കൊപ്പം ഈ കേസും കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. പ്രാധാന്യം കണക്കിലെടുത്ത് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു തീരുമാനം. മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ചിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടെ ഹർജികൂടി ഉൾപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി. ഹർജിയിൽ ബന്ധപ്പെട്ട കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനും നിർദേശിച്ചു.
സമാനവിഷയവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഹർജികളാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുക. ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ സമാന വിഷയത്തിൽ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞവർഷം സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു.
മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ച വിവിധ ഹർജികളിൽ കേന്ദ്രസർക്കാരിൽനിന്ന് സുപ്രീംകോടതി പ്രതികരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങൾ പാസാക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരേ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പല സമയത്തായി വിവിധ സമുദായങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയത് സംസ്ഥാനം പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ്.
ഈ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം ലഭിക്കുക പ്രയാസമാണ്. ഓരോ സംസ്ഥാനങ്ങളിലും നിയമത്തിന്റെ കാഠിന്യം മാറിക്കൊണ്ടിരിക്കും. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ രാജസ്ഥാനിലാണ് ഏറെ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം പാസാക്കിയത്.
National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാംഗ്ചുക് ബംഗ്ലാദേശിലും നേപ്പാളിലും നടന്നതിന് സമാനമായ ജെൻസി കലാപത്തിന് ആഹ്വാനം ചെയ്തതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
തന്റെ ലക്ഷ്യങ്ങൾക്ക് മറയായി ഗാന്ധിജിയുടെ പ്രസംഗങ്ങളും ഉപയോഗിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26ന് ആയിരുന്നു സോനത്തെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുത്തത്.
നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയാണ് സോനം വാംഗ്ചുക്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് വാംഗ്ചുകിനായി കോടതിയിൽ ഹാജരായത്. കേസിൽ ചൊവ്വാഴ്ചയും വാദം തുടരും.
National
കോൽക്കത്ത: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു.
മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്.
വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും ഹർജിയിൽ ആരോപിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. സ്കൂളിന്റെ ശുചിമുറിയുടെ സമീപം സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വഴി കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ ഇതു സജ്ജീകരിക്കണം. അതിനു സാധ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്ററി പാഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ആവശ്യമായ ക്രമീകരണം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ആർത്തവ ശുചിത്വത്തിനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയുടെ 21-ാം അനുഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
ആർത്തവ ശുചിത്വം ഔദാര്യമല്ല. ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിൽനിന്ന് ഉളവാകുന്ന ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ കോടതി, നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാരായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. ആർത്തവസമയത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും അതുമായി ബന്ധപ്പെട്ട് നേരിടുന്ന അപമാനവുമൊക്കെ സ്വകാര്യതയെ മാത്രമല്ല പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആർത്തവസമയമായതിനാൽ ജോലിക്കെത്താൻ കഴിയില്ലെന്ന് അറിയിച്ച ശുചീകരണ തൊഴിലാളികളായ രണ്ടു സ്ത്രീകളോട് അതിനു തെളിവായി ധരിച്ചിരിക്കുന്ന പാഡിന്റെ ഫോട്ടോ വാട്സാപ്പിൽ അയയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം പ്രതിഷേധത്തിനു കാരണമായിരുന്നു. ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലെ ഈ സംഭവമാണ് കേസിന് അടിസ്ഥാനം.
National
ന്യൂഡല്‍ഹി: ആര്‍ത്തവകാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശത്തിന്റെ ഭാഗമാണ് അതെന്നും ആര്‍ത്തവ സമയത്ത് ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉല്പന്നങ്ങള് ലഭിക്കേണ്ടതും മൗലകാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു.
പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, ആര്. മഹാദേവന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ആര്‍ത്തവ ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് പെണ്‍കുട്ടികളുടെ അന്തസ്സിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യം ഉറപ്പുവരുത്തണമെന്നും പെണ്‍കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
National
ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ജസ്റ്റീസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ്. ഈ ഉത്തരവിനെതിരേ വഖഫ് സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് നീട്ടിയിരിക്കുന്നത്.
ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്കിയ അപ്പീലിന് മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഇത് പരിഗണിച്ച കോടതി, സർക്കാരിന് മറുപടി നൽകാനുള്ള സമയം അനുവദിക്കുകയും കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
CAREER DEEPIKA
സുപ്രീംകോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം: 20-32. ശമ്പളം: 1,00,000, തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
www.sci.gov.in
Kerala
തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനുവരി 22 വരെ ആയിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി.
സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷിച്ചത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.
2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്. ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം വ്യാഴാഴ്ച വരെ 9,868 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പാക്കിയ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ചട്ടങ്ങൾ എന്നിവ പ്രകാരം നിലവിലെ രീതിയിൽ എസ്ഐആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ എസ്ഐആർ നടപ്പാക്കിയതിനെ പിന്നാലെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഈ വിഷയത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടർമാരെ ഒഴിവാക്കാൻ ഇത് കാരണമാകുമെന്നും ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും കോടതിയെ സമീപിച്ചത്.
ഹർജികളിൽ വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വിധി പറയാനായി മാറ്റിയത്. വിദേശികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പട്ടികയുടെ കൃത്യത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 324 പ്രകാരം ഇതിനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ ഈ നടപടി അശാസ്ത്രീയമാണെന്നും അർഹരായ പല വോട്ടർമാരും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.
കേരളം, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹർജികളാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
National
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
2015ൽ കേരള നിയമസഭ പാസാക്കിയ നിയമം സുതാര്യത ഉറപ്പ് വരുത്താനാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.
നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയമസാധുതയെന്നും ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമം ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരേ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് സുപ്രീംകോടതിയിലെത്തിയത്.
ദേവസ്വത്തിലെ നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
National
ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതും വന്ധ്യംകരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ കുറവിനെക്കുറിച്ച് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്കിയ കണക്കുകളില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യയിലാകെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള 76 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ എന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. കോടിക്കണക്കിന് തെരുവുനായ്ക്കളുള്ള രാജ്യത്ത് ഈ സംഖ്യ ഒട്ടും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. വന്ധ്യംകരണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ കണക്കെടുപ്പോ നടക്കുന്നില്ലെന്ന് എഡബ്ല്യുബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അവയെ തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും കോടതിയില്‍ ചര്‍ച്ച നടന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് പരിഹാരമല്ലെന്നും ശാസ്ത്രീയമായ രീതിയിലുള്ള വന്ധ്യംകരണവും വാക്സിനേഷനും മാത്രമാണ് ഫലപ്രദമെന്നും കോടതി ആവര്‍ത്തിച്ചു. എന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ ഇതിന് ഒട്ടും സഹായിക്കുന്നതല്ലെന്നും കോടതി കുറ്റപ്പെടുത്തി.
തെരുവുനായ്ക്കളുടെ അവകാശങ്ങളും മനുഷ്യരുടെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സുപ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ വിധിയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാനും കോടതി തയ്യാറായേക്കും.
National
ന്യൂഡല്‍ഹി: അഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിക്ക് ഹൈക്കോടതി വിധിച്ച ആറ് വര്‍ഷത്തെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എം.വി. നികേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016-ലെ തെരഞ്ഞെടുപ്പ് കേസ് ഇപ്പോള്‍ അപ്രസക്തമായെങ്കിലും ഷാജിക്കെതിരായ അയോഗ്യത സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് നികേഷ് കുമാറിന്റെ ആവശ്യം.
2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന നികേഷ് കുമാറിന്റെ പരാതി ശരിവെച്ചാണ് കേരള ഹൈക്കോടതി കെ.എം. ഷാജിയെ അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്കായിരുന്നു അയോഗ്യത. തെരഞ്ഞെടുപ്പ് കേസ് പഴയതായതിനാല്‍ ഇനി പ്രസക്തിയില്ലെന്ന് ഷാജിയുടെ അഭിഭാഷകന് വാദിച്ചു. എന്നാൽ, അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകന് പി.വി. ദിനേശ് കോടതിയെ ബോധിപ്പിച്ചു.
നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. മുന്‍പ് സുപ്രീംകോടതി ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വോട്ടിംഗ് അവകാശമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. അയോഗ്യത പ്രാബല്യത്തില്‍ വന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ഷാജിക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാം.
National
ന്യൂഡല്‍ഹി: വഖഫ് നിയമം (1995) നിലവിലുണ്ട് എന്നതുകൊണ്ട് മാത്രം വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളിലും സിവില്‍ കോടതികളുടെ അധികാരം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി. വഖഫ് ട്രിബ്യൂണലുകള്‍ക്ക് എല്ലാത്തരം തര്‍ക്കങ്ങളിലും അമിതമായ അധികാരം നല്കാന് വഖഫ് നിയമത്തിലെ സെക്ഷന്‍ 85 അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.വഖഫ് നിയമത്തിലെ സെക്ഷന്‍ 85 പ്രകാരം സിവില്‍ കോടതികളുടെ അധികാരം പൂര്‍ണമായും എടുത്തുകളയുന്നില്ല. നിയമം കൃത്യമായി നിഷ്കര്‍ഷിച്ചിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ വഖഫ് ട്രിബ്യൂണലിന് ഇടപെടാന്‍ അധികാരമുള്ളൂ.
ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ട്രിബ്യൂണലിന് അധികാരമുള്ളത് ആ സ്വത്ത് വഖഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമാണ്. ലിസ്റ്റില്‍ ഇല്ലാത്തതോ രജിസ്റ്റര്‍ ചെയ്യാത്തതോ ആയ സ്വത്തുക്കളുടെ കാര്യത്തില്‍ ട്രിബ്യൂണലിന് തീരുമാനമെടുക്കാന്‍ കഴിയില്ല.
വാടകക്കാരെ ഒഴിപ്പിക്കുകയോ വഖഫ് സ്വത്തുക്കളിലെ ലീസ് വ്യവസ്ഥകള്‍ തീരുമാനിക്കുകയോ ചെയ്യുന്നത് പോലുള്ള എല്ലാ സിവില്‍ തര്‍ക്കങ്ങളും വഖഫ് ട്രിബ്യൂണലിന്റെ പരിധിയില്‍ വരില്ല.
ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥന നടത്തുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഈ വിധി. ഈ പ്രദേശം വഖഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ലെന്ന് കണ്ടെത്തിയ കോടതി, അവിടെ വഖഫ് ട്രിബ്യൂണലിന് അധികാരമില്ലെന്നും പരാതി സിവില്‍ കോടതിയിലാണ് നല്‍കേണ്ടതെന്നും നിരീക്ഷിച്ചു.
National
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ വാദം തുടരുന്നതിനിടയിലാണു നിരീക്ഷണം. നായപ്രേമികളുടെയും സംസ്ഥാനങ്ങളുടെയും അതിക്രമം നേരിട്ടവരുടെയും ഉൾപ്പെടെ വിശദമായ വാദമാണ് മൂന്നംഗ ബെഞ്ചിന് മുന്നിൽ നടക്കുന്നത്.
സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ചില കണക്കുകളിലും സുപ്രീംകോടതി ഇന്നലെ ആശ്ചര്യം പ്രകടിപ്പിച്ചു. ആസാമിൽ മാത്രം 2024ൽ നായ്ക്കളുടെ കടിയേറ്റ ഒന്നര ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും തെരുവുനായ സംരക്ഷണത്തിനായി ഒരു സെന്റർ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഗുജറാത്തിൽ ഇത്തരം സെന്റർ ഉണ്ട് എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജാർഖണ്ഡിൽ 1.6 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന കണക്ക് സംസ്ഥാനം പെരുപ്പിച്ച കാണിക്കുന്നതായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെയും ഗോവയിലെയും ബീച്ചുകളിലെ തെരുനായ്ക്കളുടെ സാന്നിധ്യം വാദത്തിനിടയിൽ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ആത്യന്തികമായി വിനോദസഞ്ചാര മേഖലയെ ഇത് ബാധിക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വാദം ഇന്നും തുടരും.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറത്തിറക്കിയ പുതിയ ചട്ടത്തിനെതിരേ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും ഹർജി പരിശോധിച്ച് പോരായ്മകൾ കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
National
ന്യൂഡല്‍ഹി: കേരളത്തിലെ കേബിള്‍ ടിവി വിപണിയില്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിന് എതിരെ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജിയോസ്റ്റാറിന്റെ ഹര്‍ജി തള്ളിയത്.
കേരളത്തിലെ പ്രമുഖ കേബിള്‍ നെറ്റ്വര്ക്കായ ഏഷ്യാനെറ്റ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കാണ് ജിയോസ്റ്റാറിനെതിരെ സിസിഐയെ സമീപിച്ചത്. പ്രമുഖ സ്പോര്‍ട്സ് ചാനലുകളുടെയും വിനോദ ചാനലുകളുടെയും കുത്തകാവകാശമുള്ള ജിയോസ്റ്റാര്‍, കേരളത്തില്‍ തങ്ങളുടെ വിപണി സ്വാധീനം ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം.
മറ്റൊരു കേബിള്‍ വിതരണക്കാരായ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡിന് ജിയോസ്റ്റാര്‍ 50 ശതമാനത്തിലധികം ഡിസ്കൗണ്ട് നല്‍കിയെന്നും, ഇതിനായി കൃത്രിമ മാര്‍ക്കറ്റിംഗ് കരാറുകള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇത് മറ്റ് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്നാണ് ഏഷ്യാനെറ്റിന്റെ വാദം.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ട്രായ് നിയമങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സിസിഐക്ക് ഇതില്‍ അധികാരമില്ലെന്നുമുള്ള ജിയോസ്റ്റാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ കേരള ഹൈക്കോടതിയും സിസിഐ അന്വേഷണം ശരിവെച്ചിരുന്നു.
Kerala
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
കേസിന് ആസ്പദമായ ലൈംഗികാതിക്രമം ഉദ്യോഗസ്ഥയ്ക്കെതിരേ 1999 ഫെബ്രുവരി 27ന് ഉണ്ടായി എന്നാണ് ആരോപണം. കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങാൻനേരം മോശമായി പെരുമാറി എന്നുമാണ് പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ നീലലോഹിതദാസൻ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഇതിനെതിരേ നൽകിയ അപ്പീലിൽ ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരേ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ കേസ് എടുക്കുന്നതിനുമുന്‍പ് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പോലീസ് റിപ്പോർട്ട് തേടാതെ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്കു നൽകിയ നിർദേശം. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തുന്നത്. ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം ശരിവയ്ക്കുകയായിരുന്നു.
ബലാത്സംഗ കേസിൽ മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നി, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് എന്നിവരടക്കമുള്ളവർക്കെതിരെയായിരുന്നു പരാതി.
National
ന്യൂഡല്‍ഹി: അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് വായ്പ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു. സിബിഐ, ഇഡി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. വായ്പ നല്കിയ ബാങ്കുകള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും, പൊതുപണം ഉള്‍പ്പെട്ട വിഷയമായതിനാല്‍ അന്വേഷണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ വഴി വന്‍തുക വകമാറ്റിയെന്നും ബാങ്കുകളെ കബളിപ്പിച്ചെന്നുമാണ് ആരോപണം. സന്നദ്ധ സംഘടനയായ 'സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍'നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
എട്ട് ആഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ റെയ്ഡുകള്‍, പിടിച്ചെടുത്ത രേഖകൾ, ചോദ്യം ചെയ്ത വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണം.
നേരത്തെ ഇതേ കേസുകളില്‍ സെബി അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും അഞ്ച് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.