District News
കോതമംഗലം: വാട്ടർ അഥോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധർ മനുഷ്യ വിസർജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉൾപ്പെടെയുള്ള മാലിന്യം തള്ളി. കോഴിപ്പിള്ളി പാലത്തിനു താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍, ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികളും കാരി ബാഗുകളും തള്ളിയിരിക്കുന്നത്.
പാലത്തിനു മുകളിൽനിന്ന് രാത്രി സമയത്ത് താഴേക്ക് തള്ളിയ മാലിന്യമാണ് പുഴയിൽ ഒഴുക്കുകുറഞ്ഞതിനാൽ മണല്തിട്ടകളില് അടിഞ്ഞുകിടക്കുന്നത്. വേനലില്‍ ഒഴുക്കുനിലച്ച പുഴയില്‍ തടയണയില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും വാട്ടർ അഥോറിറ്റിയുടെ ശുചീകരണ പ്ലാന്റില്‍നിന്നുള്ള വെള്ളവും മാത്രമാണ് ചെറിയ ചാലു പോലെ ഒഴുകുന്നത്.
പെരിയാര്‍ വാലി കനാലില്നിന്നെത്തുന്ന നാമമാത്രമായ വെള്ളമാണ് തടയണയില്‍ ഉള്ളത്. കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്താണ് പുഴയിലേക്ക് മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്.
പുഴയില്‍ ഏതാനും ദിവസം മുമ്പ് തള്ളിയ മാലിന്യങ്ങള്‍ കുറെ ഭാഗം ഒഴുകി പോയിട്ടുണ്ട്. ബാക്കിയുള്ളവ തുരുത്തുപോലെയും പാറക്കെട്ടുകളിലുമായി തങ്ങി കിടക്കുന്നത് കാണാം. ഇതിന് താഴെയായി നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാലത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മൂവാറ്റുപുഴ: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ(ഡിഎഫ്സി)യും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോന കൺവൻഷൻ കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി ഹാളിൽ നടന്നു. രൂപത ഡയറക്ടർ ഫാ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോയി കാട്ടുവള്ളി അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ ‘സമുദായ ശാക്തീകരണം ദീപികയിലൂടെ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ, ഡിഎഫ്സി ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ജെയിംസ് ഏഴാനിക്കാട്ട്, സിസ്റ്റർ ജെസ്ലെറ്റ്, രൂപത പ്രസിഡന്റ് ഡിഗോൾ കൊളംബേൽ, സെക്രട്ടറി ഡോളി ബെന്നി, ജൂലി ബാബുഎന്നിവർ പ്രസംഗിച്ചു. ഡിഎഫ്സി കാളിയാർ ഫൊറോന പ്രസിഡന്റായി ചാക്കോച്ചൻ പുന്നോലിൽ, ജോ. സെക്രട്ടറിയായി ആൻസി സെർബി എന്നിവരെ തെരഞ്ഞെടുത്തു.
ജോയ് മാറാട്ടിൽ, ജെസി ജോസഫ്, ജയൻ റാത്തപ്പിള്ളി, അംബിക സിബി തുടങ്ങിയവർ നേതൃത്വം നല്കി. ഫാമിലി അപ്പോസ്തലേറ്റ് ഇടവക വാർഡ് ഭാരവാഹികൾ, ഡിഎഫ്സി യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: സുവിശേഷാധിഷ്ഠിത നീതിയിൽ അടിയുറച്ച രാജ്യസ്നേഹമാണ് ക്രൈസ്തവർ പുലർത്തേണ്ടതെന്ന് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് സഭ നിലനിൽക്കുന്നതും വളരേണ്ടതുമെന്നും സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ക്രിസ്തുവിൽ വേരുറച്ചുനിന്നുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ഡെനി ഫിലിപ്പ്, ജോസഫ് ജൂഡ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വി. സി. ജോർജുകുട്ടി, എൽദോ പൂക്കുന്നേൽ, എൻ.ടി. ജേക്കബ്, ഫാ. ജോർജ് മാങ്കുളം, എബീഷ് കൂരാപ്പിള്ളിൽ, ജിജി ജോയ്, സീമോൻ ജോൺ എന്നിവർ ഐക്യസന്ദേശം നൽകി.
കൺവൻഷൻ സമാപനദിവസമായ ഇന്നലെ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് സീറോ മലങ്കര ക്രമത്തിൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ ത്രിദിന ബൈബിൾ കൺവൻഷനിൽ വചന പ്രഘോഷണം നടത്തി.
District News
മൂവാറ്റുപുഴ: എംവിഐപി കനാലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്തി. ഏനാനല്ലൂര്‍ ഭാഗം വരെ മാത്രമാണ് വെള്ളം എത്തുന്നതെന്നും അവിടെനിന്ന് ആവോലി, ആനിക്കാട്, രണ്ടാര്‍കര പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ലെന്നുമുള്ള പരാതിയിലായിരുന്നു സന്ദര്‍ശനം.
കൃഷിക്ക് വെള്ളം ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ ദുരിതത്തിലാകുകയും, ഇവർ നിരന്തരം എംവിഐപി ഓഫീസില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, എംവിഐപി എഇ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ആനിക്കാട് ഭാഗത്തേക്ക് വെള്ളമെത്തിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസഫ്, വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ്, പഞ്ചായത്തംഗങ്ങളായ ഷിബു ജോസഫ്, ഷിന്‍സ് പുളിക്കായത്ത്കടവ്, കെ.വി. ഷാനവാസ്, സൗമ്യ എന്നിവരങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
District News
വാഴക്കുളം: സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്കാരം എംജി യൂണിവേഴ്സിറ്റി, സ്പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ വാഴക്കുളം നമ്പ്യാപറമ്പിൽ വടക്കേക്കര ജേക്കബ് ജോസഫിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെട്ടതാണ് അവാർഡ്. സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്.
ഇന്റർനാഷണൽ വോളിബോൾ താരം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ, എൻഐഎസ് പരിശീലകൻ, അരുവിത്തറ സെന്റ് ജോർജ് കോളജ് വോളിബോൾ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ജേക്കബ് ജോസഫ് 2009ലാണ് സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ്, തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കോട്ടയം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് 2023ൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനാകുന്നത്.
പ്രഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിയിലെ പ്രമുഖരായ ഷമീമുദീൻ, ജിഷ്ണു എന്നിവരടക്കം നിരവധി പേർ ജേക്കബ് ജോസഫിന്റെ ശിഷ്യരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അരുവിത്തുറ കോളജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.
1942 മുതലുള്ള വാഴക്കുളത്തെ ഏറ്റവും പഴക്കമുള്ള സെന്റ് ജോർജ് വോളിബോൾ ക്ലബിന്റെ നിലവിലെ ജനറൽ സെക്രട്ടറിയായ ജേക്കബ് ഇവിടത്തെ പരിശീലകനുമാണ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എട്ടു വർഷത്തോളമായി മധ്യവേനലവധിയിൽ പ്രദേശത്തെ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകി വരുന്നത് ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലാണ്. ഭാര്യ ടീന തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യപികയാണ്. കായികതാരങ്ങളായ മൂത്ത മകൻ നൈജൽ വാഴക്കുളം കാർമൽ സ്കൂൾ 12-ാം ക്ലാസ് വിദ്യാർഥിയും ഇളയമകൻ റോബിൻ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമാണ്.
District News
പിറവം: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി-18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എൻസിസി എക്സ്പോയും നടത്തി.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എൻസിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ അനുരുദ്ധ് സിൻ എൻസിസി എക്സ്പോ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബ്രീസി പൗലോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. വർഗീസ് ബേബി മഠത്തിക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ ജിജി ജോജി, സ്കൂൾ പിടിഎ പ്രസിഡന്റ് സ്മിത ബൈജു , എൻസിസി സുബൈദർ മേജർ സുഗജിത് സിംഗ്, സ്കൂൾ അസോസിയേറ്റ് എൻസിസി സെക്കൻഡ് ഓഫീസർ ബിച്ചു കുര്യൻ തോമസ്, സീനിയർ അസിസ്റ്റന്റ് എ.എം. ലില്ലി, സ്റ്റാഫ് സെക്രട്ടറി ജെനു മാത്യു എന്നിവർ പ്രസംഗിച്ചു.
എൻസിസി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസായ മുഴുവൻ കുട്ടികൾക്കും മെമന്റോ വിതരണം ചെയ്തു .
ഡ്രോപ്പ്ലറ്റ് ഗാർഡിയൻസ് എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ജലവിതരണ സംരക്ഷണ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. സർജന്റ് സാൻ സനു, ലാൻസ് കോർപറൽ അദീന മരിയ സിജു , കോർപറൽ കെവിൻ പോൾ സിബി എന്നിവർ എക്സ്പോയ്ക്ക് നേതൃത്വം നൽകി.
District News
മൂവാറ്റുപുഴ: രാഷ്ട്രീയം മറന്ന് നാടിന്റെ ഭാവിക്കായി എല്ലാവരും കൈകോർത്ത അപൂർവ സംഗമമായി ഫ്യൂച്ചർ മുവാറ്റുപുഴയുടെ വേദി മാറി. ആശയങ്ങളും സജീവ ചർച്ചയുമായി മൂവാറ്റുപുഴ നഗരസഭയുടെ സമഗ്ര വികസന പദ്ധതി ഫ്യൂച്ചർ മൂവാറ്റുപുഴയുടെ ഒന്നാംഘട്ട ചർച്ച പൂർത്തിയായി.
നഗരത്തിന്റെ ഭാവി ദിശ നിർണയിക്കുന്ന ചർച്ചയ്ക്ക് വിപുലമായ പൊതുപിന്തുണയാണ് ലഭിച്ചത്. ടൂറിസം,ആരോഗ്യരംഗം, ബൈപാസ് റോഡുകൾ തുടങ്ങിയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സമഗ്ര വികസന രൂപരേഖ 3ഡി പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. ടൗണിലെ മുഴുവൻ വികസന സാധ്യതകളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും , വിവിധ മേഖലകളിലെ പ്രതിനിധികളും ഒരേ വേദിയിൽ ഒന്നിച്ചുചേർന്നത് പരിപാടിയുടെ പ്രധാന സവിശേഷതയായി.യോഗത്തിൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, വൈസ് ചെയർമാൻ പി.എം. അബ്ദുൾ സലാം, നഗരസഭാ മുൻ ചെയർമാന്മാരായ പി.പി. എൽദോസ്, എം.എ. സഹീർ, മേരി ജോർജ് തോട്ടം എന്നിവരോടൊപ്പം നഗരസഭാംഗങ്ങളും പങ്കെടുത്തു.
District News
കാക്കനാട്: ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജി. പ്രിയങ്ക കൈമാറി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 24,69,794 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്.
അന്തിമ പട്ടിക പ്രകാരം ജില്ലയിൽ പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ്. ജില്ലയിലാകെ 12,66,891 സ്ത്രീ വോട്ടർമാരും 12,02,881 പുരുഷ വോട്ടർമാരും 22 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിൽ ആകെ 26,53,065 വോട്ടർമാരാണ് ഉണ്ടായിരുന്നത്. തുടർന്ന് 2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുള്ളത് 23,30,643 വോട്ടർമാർ. കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അവകാശവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഇപ്പോൾ അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്.
കൂടുതൽ വോട്ടർമാർ കളമശേരിയിൽ
മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കളമശേരിയിലാണ്, 1,95,291 പേർ. പിറവം മണ്ഡലത്തിൽ 1,93,075, ആലുവയിൽ 1,92,212, പറവൂർ 1,89,626, കുന്നത്തുനാട് 1,85,970, തൃപ്പൂണിത്തുറ 1,84,625, മൂവാറ്റുപുഴ 1,83,772, പെരുമ്പാവൂർ 1,78,238 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. തൃക്കാക്കര മണ്ഡലത്തിൽ 1,73,135, കോതമംഗലം 1,70,341, അങ്കമാലി 1,67,727, കൊച്ചി 1,62,401, വൈപ്പിൻ 1,59,497, എറണാകുളം 1,33,884 എന്നിങ്ങനെയാണ്.
2002ലെ ലിസ്റ്റിലെ സാങ്കേതിക പിഴവുകൾ മൂലം ഒഴിവാക്കപ്പെട്ടവർ, കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ എന്നിങ്ങനെ ആകെ 4,06,389 പരാതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ ലിസ്റ്റ് പ്രകാരം ഹിയറിംഗ് നടത്തിയ ശേഷം ലോജിക്കൽ പിഴവുകൾ പരിഹരിച്ചും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങളിലൂടെ 2,996 പേരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതുതായി പേര് ചേർക്കൽ: ലഭിച്ചത് 1,13,480 അപേക്ഷകൾ
ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പ്രകാരം 1,13,480 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,0,781 പേരുടെ അപേക്ഷ പരിഗണിച്ചു. ഫോം 6(എ) പ്രകാരം ഓൺലൈനായും നേരിട്ടും ലഭിച്ച 6,329 പ്രവാസി അപേക്ഷകളിൽ 4,411 അപേക്ഷകൾ സ്വീകരിച്ചു. മരണം, പല കാരണങ്ങളാൽ പട്ടികയിൽ ആവർത്തനം സംഭവിച്ചത്, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാൽ ഫോം 7 പ്രകാരം ലഭിച്ച 2,978 അപേക്ഷകളിൽ 2,830 എണ്ണം അംഗീകരിച്ചു.
വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കും മറ്റ് മാറ്റങ്ങൾക്കുമായി ഫോം 8 പ്രകാരം ലഭിച്ച 28,793 അപേക്ഷകളിൽ 27,414 എണ്ണം അംഗീകരിച്ചു. സ്ഥലംമാറ്റം, തിരുത്തൽ, പിഡബ്ല്യുഡി വിഭാഗക്കാർക്കുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് ഫോം എട്ടിൽ അപേക്ഷകൾ സ്വീകരിച്ചത്.
മണ്ഡലത്തിനുള്ളിൽ തന്നെ മാറ്റം വരുത്തുന്നതിന് 12,066 അപേക്ഷകളും മണ്ഡലത്തിന് പുറത്ത് നിന്ന് 3,157, സംസ്ഥാനത്തിന് പുറത്ത് നിന്ന് 144 അപേക്ഷകളുമാണ് അംഗീകരിച്ചത്. പേര്, വയസ് തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ലഭിച്ച 13,293 അപേക്ഷകൾ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ നൽകിയ 10 പേരുടെ അപേക്ഷകൾ അംഗീകരിച്ചു. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്കും മറ്റും പുതിയ കാർഡ് നൽകുന്നതിനായി 123 അപേക്ഷകളാണ് അംഗീകരിച്ചത്.
ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി: ജില്ലാ കളക്ടർ
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്കുന്നവര്ക്കും മനപൂര്‍വം ഇരട്ട വോട്ട് നിലനിര്‍ത്തുന്നവര്‍ക്കും എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരേ വ്യക്തിയുടെ പേരും ഫോട്ടോയും ഒന്നിലധികം സ്ഥലങ്ങളില്‍ വരുന്നത് കണ്ടെത്താന്‍ ഡെമോഗ്രഫിക്കലി സിമിലര്‍ എന്ട്രീസ് (ഡിഎസ്ഇ) എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. പേര്, പിതാവിന്റെ പേര്, ഫോട്ടോ എന്നിവ സമാനമായി വരുന്ന കേസുകള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
ജില്ലയിലെ വിവിധ കോളജുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി 18 വയസ് തികഞ്ഞ പരമാവധി വിദ്യാര്‍ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം വേണം. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അനാവശ്യ ഫോണ്‍ വിളികള്‍ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായി ഉണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു.
District News
കരുമാലൂർ: തട്ടാംപടി-ആലങ്ങാട് റോഡിൽ ടോറസ് ലോറി ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി മുന്നോട്ട് നീങ്ങിയതിനെ തുടർന്ന് ആറു വൈദ്യുത പോസ്റ്റുകൾ തകർന്നു. അപകടസമയം വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആലങ്ങാട് സിമന്റ് കട്ട നിർമാണ യൂണിറ്റിലേക്ക് നിർമാണ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി ഇന്റർനെറ്റ് കേബിളിൽ കുരുങ്ങുകയായിരുന്നു. ഇന്റർനെറ്റ് കേബിളുകൾ വൈദ്യുത പോസ്റ്റിൽ ബന്ധിച്ചിരുന്നതിനാൽ ലോറി മുന്നോട്ട് നീങ്ങിയതോടെ ആറ് വൈദ്യുത പോസ്റ്റുകൾ തകർന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.
സംഭവമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ കേബിളുകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം ഇന്ന് വൈകിട്ടോടെ മാത്രമേ പുനസ്ഥാപിക്കാനാകൂ എന്നും നഷ്ടപരിഹാരം ലോറി ഉടമയിൽനിന്ന് ഈടാക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
District News
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയിൽ വളർത്തു പോത്തിനെ കാട്ടാനകൾ ചവിട്ടിക്കൊന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വെറ്റിലപ്പാറ തുടുമ്മേൽ ബെന്നിയുടെ പോത്താണ് കൊല്ലപ്പെട്ടത്. വീടിന് സമീപം റബർ തോട്ടത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്.
വെറ്റിലപ്പാറയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം ആയിരുന്നു. ഒന്നിലേറെ കൂട്ടങ്ങളാണ് നാട്ടിലിറങ്ങിയത്. ഇതിലൊരു ആനക്കൂട്ടത്തിന്റെ ചവിട്ടേറ്റാണ് വളര്ത്തുപോത്തിന് ജീവന് നഷ്ടപ്പെട്ടത്. വീടിന് സമീപത്തെ റബര്‍തോട്ടത്തില്‍ മൂന്ന് പോത്തുകളെയാണ് കെട്ടിയിരുന്നത്. ഇതില്‍ ഒരെണ്ണത്തിനെയാണ് ആനക്കൂട്ടം ചവിട്ടിക്കൊന്നത്. സമീപത്ത് താമസിക്കുന്നവര്‍ ശബ്ദം കേട്ടെങ്കിലും ഭയംകാരണം പുറത്തിറങ്ങിയില്ല.
ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ ബെന്നിയുടെ സഹോദരനാണ് പോത്തിനെ ചത്തനിലയില്‍ കണ്ടത്. ആന്തരികാവയവങ്ങള്‍ പുറത്തുചാടിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തി. രണ്ടര വയസ് പ്രായമുള്ള പോത്താതാണ് കൊല്ലപ്പെട്ടത്.
കാട്ടാനശല്യം നിരന്തരമുള്ള പ്രദേശമാണിത്. ആന ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍പോലും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന മനുഷ്യനെയും വകവരുത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഫെന്‍സിംഗ് സ്ഥാപിച്ചതൊന്നും ഫലംകണ്ടിട്ടില്ല. പ്രദേശവാസികളുടെ പ്രധാന സഞ്ചാരമാര്‍ഗ്ഗമാണ് കോതമംഗലം-വെറ്റിലപ്പാറ റോഡ്. സന്ധ്യകഴിഞ്ഞാല്‍ ഈ റോഡിലൂടെ യാത്ര ചെയ്യാന്‍പോലും കഴിയാത്ത സാഹചര്യമാണ്.
വെള്ളിയാഴ്ച രാത്രിയില്‍ ഒരു ബൈക്ക് യാത്രികന് ആനക്കൂട്ടത്തിന്റെ മുമ്പില്‍പ്പെട്ട സംഭവവുമുണ്ടായി. റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയാണ് ആനശല്യം തടയാനുള്ള പോംവഴിയെന്ന് പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോര്‍ജ് പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പോത്തിനെ നഷ്ടപ്പെട്ട ബെന്നിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
District News
കൊച്ചി: ചെമ്പുമുക്ക് സിവില്‍ലൈന്‍ അട്ടിപ്പേറ്റി നഗര്‍ റോഡിലും എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷനു സമീപവുമുള്ള കുഴികള്‍ മൂടാതെ അപകടം ക്ഷണിച്ചു വരുത്തുന്ന അധികൃത സമീപനത്തിനെതിരെ കര്‍ശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
ചെമ്പുമുക്ക് സിവില്‍ ലൈനിലെ കുഴി അടിയന്തരമായി മൂടാൻ തൃക്കാക്കര മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും, കടവന്ത്ര മെട്രോ സ്റ്റേഷന് സമീപമുള്ള കുഴി മൂടാൻ കൊച്ചി കോര്പറേഷന് സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. സ്ഥലത്ത് മുന്നറിയിപ്പു ബോര്‍ഡും റിഫ്ളക്റ്ററും സ്ഥാപിക്കണം. നടപടിയെടുത്തശേഷം സെക്രട്ടറിമാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. മാര്‍ച്ച് മൂന്നിന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെമ്പുമുക്ക് സിവില്‍ ലൈന്അട്ടിപേറ്റി നഗര്‍ റോഡില്‍ ഇടപ്പള്ളി തോടിനും സെന്റ് മൈക്കിള്‍സ് പള്ളിയുടെ പാരിഷ് ഹാളിനുമിടയിലാണ് കാനയുടെ മേല്മൂടി ഇളക്കി മാറ്റിയിരിക്കുന്നത്. നാട്ടുകാര്‍ക്കും സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്കും ഇത് ഭീഷണിയാണ്. കുഴിയില്‍ ഒരു കമ്പ് നാട്ടി പ്ലാസ്റ്റിക് കവര്‍ കെട്ടിവച്ച നിലയിലാണ്. രാത്രി കാലങ്ങളില്‍ ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനിടയുണ്ട്.
കടവന്ത്രയില്‍ നിന്നും പള്ളിമുക്കിലേക്ക് വരുമ്പോള്‍ പാലത്തില്‍ നിന്ന് അപ്രോച്ച് റോഡിലേക്ക് കടന്നാലുടന്‍ ഇടതുഭാഗത്ത് വന്‍കുഴി കാണാം. അപ്രോച്ച് റോഡിന്റെ കൈവരികള്‍ ദ്രവിച്ച് ഇളകിയ അവസ്ഥയിലാണുള്ളത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.
District News
വൈപ്പിൻ: വീടുവിട്ടിറങ്ങിയ പതിനേഴുകാരന്റെ മൃതദേഹം കടൽതീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയതിനു പിന്നിൽ ദുരൂഹത. മരണം ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന വീട്ടുകാരുടെ സംശയമാണ് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുള്ളത്. ഗെയിമിൽ പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതായിരിക്കുമോ, അതോ ഗെയിമിന്റെ ഭാഗമായി കടലിൽ ചാടിയതാണോയെന്നും വ്യക്തമല്ല.
മരണത്തിലും മരണകാരണത്തിലും വ്യക്തത ലഭിക്കണമെങ്കിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ ഫോൺ പരിശോധിക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. വെള്ളം കയറിയ ഫോൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്. വീട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഞാറക്കൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിത്കുമാറിന്റെ മകൻ അർജുൻകുമാറിന്റെ മൃതദ്ദേഹം വെള്ളിയാഴ്ചയാണ് എളങ്കുന്നപുഴ ബീച്ചിലെ തീരത്തടിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.
District News
ആലുവ: ഇരുചക്രവാഹനത്തിന്റെ പ്രത്യേക അറയിൽ സൂക്ഷിച്ച 1.3 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പോലീസ് പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വില്പന നടത്തുന്നതിനായി കൊണ്ടുവന്ന ലഹരിയാണിതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
ആലുവ: സിവിൽ സ്റ്റേഷന് സമീപം ആലുവ പങ്കജം ജംഗ്ഷനിൽ ഭൂഗർഭ കുടിവെള്ള വിതരണ പൈപ്പ് വീണ്ടും തകർന്നു. ഇതോടെ ഈ മേഖലയിൽ ശുദ്ധജല വിതരണം നിർത്തിവച്ചു. ഇന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ മുനിസിപ്പാലിറ്റിയിലും ചൂർണിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.
സിവിൽ സ്റ്റേഷൻ റോഡിൽ പഴകിയ ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ മാസം ഇടവിട്ട് പൈപ്പ് പൊട്ടുന്നത് ഇവിടെ തുടർക്കഥയാണ്. പൈപ്പ് പൊട്ടുമ്പോൾ ഒരാഴ്ച വരെ ഈ മേഖലയിൽ തുടർച്ചയായി പമ്പിംഗ് നിർത്തിവയ്ക്കാറുണ്ട്.
ഹിൽറോഡ് മേഖലയിലേക്ക് കുടിവെള്ളം എത്തണമെങ്കിൽ ശക്തമായ പമ്പിംഗ് നടക്കണം. പമ്പിംഗ് മർദ്ദം കൂടുമ്പോൾ പങ്കജം ജംഗ്ഷനിലെ ഭൂഗർഭ പൈപ്പുകൾ പൊട്ടും. കാലഹരണപ്പെട്ട ഭൂഗർഭ പൈപ്പുകൾ മാറ്റാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നത് വാട്ടർ അഥോറിറ്റിയ്ക്കും അറിയാവുന്നതാണ്.
എന്നാൽ പദ്ധതി നടപ്പിലാക്കാൻ താത്പര്യം എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ഇന്ന് ആലുവ നഗരസഭയിലെ പമ്പിംഗ് മുഴുവനായി നിർത്തിവച്ച് അറ്റകുറ്റപ്പണി തുടരാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. ചൂർണിക്കര പഞ്ചായത്തിലെ വിവിധയിടങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടും.
District News
കാലടി: വർഷങ്ങൾക്ക് മുൻപ് സർവേ കഴിഞ്ഞ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് യൂത്ത് കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
അങ്കമാലി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂർ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട മലയാറ്റൂർ തീർഥാടന കേന്ദ്രവും അതിരപ്പിളളി, ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സർവേയും ഡിപിആറും പൂർത്തിയായി വർഷങ്ങളായിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് യൂത്ത്കോൺഗ്രസ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മഞ്ഞപ്ര, ചുള്ളി എടലക്കാട് പ്രദേശത്തുള്ള ജനങ്ങൾ ഈ റോഡ് വരുമെന്നുള്ള പ്രതീക്ഷയോടെ വർഷങ്ങളായി കാത്തിരിക്കുകയാണ്.
സമീപ പഞ്ചായത്തിലുള്ള റോഡുകളെല്ലാം ഉന്നത നിലവാരത്തിലായി. എന്നാൽ മഞ്ഞപ്ര,ചുളളി, എടലക്കാട് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചപ്പോൾ 12 മീറ്റർ വീതിയുടെ കുറവുമൂലം ഫയൽ മാറ്റിവെച്ചിരിക്കുകയാണെന്നാണ് അറിച്ചത്.
പ്രതിപക്ഷ നേതാവ് ഇടപെട്ട് ഈ സർക്കാരിൽ നിന്നോ വരുന്ന സർക്കാരിൽ നിന്നോ റോഡിന്റെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഭൂവുടമകളിൽ നിന്ന് ഏറ്റെടുത്ത് മലയോര ഹൈവേയുടെ പണി പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം പ്രസിഡന്റ് പ്രിൻസ് പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ. വർഗീസ്, ബ്ലോക്ക് സെക്രട്ടറി ലൈജു ഈരാളി, വാർഡ് മെമ്പർമാരായ അനൂപ് അഗസ്റ്റിൻ, അഭിജിത്ത്, ദിവ്യ, സിജു മൈപ്പാൻ, വാർഡ് പ്രസിഡന്റ് ജോമി മാടൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
District News
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് റിനൈസന്‍സ് സിയാല്‍ ട്രേഡ് ഫെയര്‍ ആൻഡ് എക്സിബിഷന് സെന്ററില്‍ തുടങ്ങി. നിയമത്തിന്റെ ആധിപത്യം നിലനിർത്തുന്നത് കോടതികളാണെങ്കിൽ സേവനത്തിന്റെ ആത്മാവിനെ നിലനിർത്തുന്നത് റോട്ടറിയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥി ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.
പത്മവിഭൂഷണ്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി വിശിഷ്ടാതിഥിയായി. റോട്ടറി സിസ്ട്രിക്ട് 3205 ഗവർണർ ഡോ. ജി.എൻ. രമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റിന്റെ പ്രതിനിധി ഡോ. ദീപക് പുരോഹിത്, കോൺഫറൻസ് ചെയർമാൻ ടി.എസ്. ജയരാജ്, ഡോ. കെ. അജയകുമാർ, ബി. ബാലഗോപാൽ, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി പി.ആർ. തേജസ് എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര പിന്നണി ഗായിക സേബ ടോമി, ഐഡിയ സ്റ്റാർ സിംഗർ ഫെയിം നന്ദ ജെ. ദേവൻ എന്നിവർക്ക് യൂത്ത് ഐക്കൺ പുരസ്കാരം സമ്മാനിച്ചു. റോട്ടറി ക്ലബ് പാർപ്പിടം പദ്ധതിയിൽ നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറി. ആയിരം ഭവനങ്ങൾ നിർമിച്ചു നൽകിയ കൊടുങ്ങല്ലൂർ ക്ലബ്ബിലെ ഫാ. ഫ്രാൻസിസ് താനിയത്തിനെ ചടങ്ങിൽ ആദരിച്ചു.
ടി.ആർ. വിജയകുമാർ , ആർ. മാധവ് ചന്ദ്രൻ, കൊച്ചി സിറ്റി എസിപി അശ്വതി ജിജി, ഇ സ്ക്രാപ്പി റീ സൈക്ലേഴ്സ് അജേഷ് കെ. ജോയ്, റോട്ടറി പോലീസ് എൻഗേജ്മെന്റ് ജിഗീഷ് നാരായണൻ, ബാഡ്മിന്റൺ ദേശീയ ചാംപ്യൻ ആരതി സാറ സുനിൽ, ഡോ. വി.പി. കുറിയിപ്പെ, അഡ്വ. എസ്.എ എസ്. നവാസ്, ആസ്റ്റർ മെഡിസിറ്റി എന്നിവർക്ക് വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സമ്മേളനം ഇന്നും തുടരും. സമാപന ചടങ്ങില്‍ രവിശങ്കര്‍ ദകൊജു മുഖ്യാതിഥിയായിരിക്കും.
District News
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഐഎസ്എല്‍ മത്സരം നടക്കുന്നതിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. തിരക്ക് ഒഴിവാക്കാനായി വിവിധ മേഖലകളില്‍നിന്ന് എത്തുന്ന കാണികള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മത്സരം കാണാന്‍ എത്തുന്നവര്‍ പരമാവധി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കളിയോടനുബന്ധിച്ച് മെട്രോ സര്‍വീസ് രാത്രി 11.30 വരെ ഉണ്ടായിരിക്കും.
വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാം
പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തോ, കണ്ടെയ്നര്‍ റോഡിനരികിലോ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗതം വഴി സ്റ്റേഡിയത്തിലേക്ക് എത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നുള്ള കാണികള്‍ മെട്രോ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
യാത്ര ഇതുവഴി വേണം
വൈകുന്നേരം അഞ്ച് മുതല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി യാത്ര ചെയ്യണം.
ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന് വഴി എസ്എ റോഡ് വഴി യാത്ര തുടരേണ്ടതാണെന്നും പോലീസ് അറിയിച്ചു.
District News
കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ തന്റെ അഞ്ചേക്കർ വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു 102 വയസുകാരി പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ചെല്ലാനം കളത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന ബേബിയാണ് നിവേദനം നൽകിയത്.
പതിനാറാം വയസു മുതൽ ഫിലോമിന കൃഷി ചെയ്തുവരുന്നു. 1990ൽ ഭർത്താവിന്റെ മരണത്തിനു ശേഷം മക്കളുടെ സഹായത്തോടെ കൃഷി തുടർന്നു. എല്ലാ വർഷവും നിലം ഉഴുതുമറിച്ച് വിത്ത് വിതയ്ക്കും. എന്നാൽ പാടശേഖരത്തിലെ ജലനിരപ്പ് കൃഷിക്ക് അനുയോജ്യമായ രീതിയിൽ കൃഷി വകുപ്പ് നിയന്ത്രിക്കാറില്ലെന്നു ഫിലോമിന പറയുന്നു. മിക്ക വർഷങ്ങളിലും വിളവെടുക്കുന്നതിനു മുമ്പ് തന്നെ കൃഷി നശിക്കുകയാണ് പതിവ്. പിഎൽഡിഎ സമിതി അംഗവും കൂടിയായ പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
തന്റെ കണ്ണടയുന്നതിനു മുമ്പെങ്കിലും നെൽകൃഷി വിജയകരമായി പരിപാലിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു നിവേദനത്തിൽ അവർ അഭ്യർഥിച്ചു. മകൻ ജോസഫാണ് ഫിലോമിനയ്ക്കു വേണ്ടി നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ ഇടപെടാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
District News
ഫോർട്ടുകൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ ആഭിമുഖ്യത്തിൽ ആശകിരണം കാൻസർ സുരക്ഷപദ്ധതിയുടെ ഭാഗമായി ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാരത്തൺ സമാപന സമ്മേളനം കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തൺ തോപ്പുംപടി ബിഒടി പാലത്തിനു സമീപം സമാപിച്ചു.
കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനെ എംഎൽഎ അഭിനന്ദിച്ചു. ഡിവിഷൻ കൗൺസിലർ സുമിത് ജോസഫ് , സിഎസ്എസ്എസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ കടവിപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ജെയ്ഫിൻ ദാസ് കട്ടികാട്ട്, സിഎസ്എസ്എസ് കോ ഓർഡിനേറ്റർ ലാലി സേവ്യർ എന്നിവർ പ്രസംഗിച്ചു.
പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച മാരത്തൺ ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവിഷൻ കൗൺസിലർമാരായ വി.എ. ശ്രീജിത്ത് , സുമിത് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1000 അംഗങ്ങൾ മാരത്തണിൽ പങ്കെടുത്തു.
District News
മരട്: ഫിഷറീസ് വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിന്റെ പരിപാലനം-വേമ്പനാട് പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ പരിധിയിലെ കുണ്ടന്നൂർ കടവ്, വളന്തകാട് കടവ് എന്നീ പ്രദേശങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
നഗരസഭാ ചെയർപേഴ്സൺ അജിതാ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജിൻസൺ പീറ്റർ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനില സിബി, പി.ഡി. രാജേഷ്, ടി.കെ. സച്ചിദാനന്ദൻ, കൗൺസിലർമാരായ എ.യു. വിജു, പി.പി. സന്തോഷ്, ജോസഫ് പള്ളിപ്പറമ്പിൽ, സിജോയ് പുതുശേരി തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി 2,48,000 കാര ചെമ്മീൻ കുഞ്ഞുങ്ങളെയും 12,200 കരിമീൻ കുഞ്ഞുങ്ങളെയുമാണ് ജലാശയങ്ങളിൽ നിക്ഷേപിച്ചത്.
District News
കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങൾ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്ത്യയിൽ ഒന്നാമതാക്കും. അതിനുള്ള മാസ്റ്റർ പ്ലാൻ യുഡിഎഫ് തയാറാക്കികഴിഞ്ഞു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണ്. അതിനുള്ള പരിഹാരമാണ് ഏറ്റവും ആദ്യം നടപ്പാക്കാൻ പോകുന്നത്. ആറര ലക്ഷം കോടി രൂപയാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം. സമ്പദ്ഘടന പുനർജീവിപ്പിക്കാൻ വിഭവസമാഹരണം ശക്തിപ്പെടുത്തുകയും കാര്യക്ഷമമായ ഭരണനൈപുണ്യം നടപ്പാക്കുകയും ചെയ്യണം. അങ്ങനെ ഖജനാവിനെ മിച്ചത്തിലാക്കുകയും ജനാഭിലാഷ വികസനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫിന് നഷ്ടമായ കോതമംഗലം നിയമസഭാ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ടി യു കുരുവിള അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, അനൂപ് ജേക്കബ് എംഎൽഎ,
യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എം.എസ്. എൽദോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ മുഹമ്മദ് ഷാ, എൻ.വി.സി. അഹമ്മദ്, ഇ.എം. മൈക്കിൾ, എ.ജി. ജോർജ്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു തുടങ്ങിയവരും പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയുടെ ജില്ലാ പര്യടനത്തിന് മൂവാറ്റുപുഴയിൽ സമാപനം. മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കോതമംഗലത്തെ സ്വീകരണത്തിന് ശേഷം ജില്ലയിലെ സമാപനവേദിയായ മൂവാറ്റുപുഴയിലെത്തിയ പ്രതിപക്ഷ നേതാവിനെ വെള്ളൂർക്കുന്നത്തുനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്കെത്തിയ നേതാക്കളെ മുദ്രാവാക്യങ്ങളോടെ വരവേറ്റു.
സമാപന സമ്മേളനം മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലീം അധ്യക്ഷനായി. എംപിമാരായ ഡീൻ കുര്യാക്കോസ്, കെ. ഫ്രാൻസിസ് ജോർജ്, മാത്യു കുഴൽനാടൻ എംഎൽഎ, വി.പി. സജീന്ദ്രൻ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അബ്ദുൾ മജീദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, സുഭാഷ് കടയ്ക്കോട്ട്, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി റെജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, റോജി എം. ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡിസിസി പ്രിസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജോസഫ് വാഴക്കൻ, മുനിസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. യാത്ര നാളെ ഇടുക്കി ജില്ലയിൽ പ്രവേശിക്കും.
District News
മൂവാറ്റുപുഴ: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിനെയും ഭാര്യയെയും മക്കളെയും രാത്രിയില്‍ വിളിച്ചുവരുത്തി ഒരു സംഘം ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പെരുമറ്റത്ത് താമസിക്കുന്ന സ്രാമ്പിക്കല്‍ അസീസ് മൈതീനെയും കുടുംബത്തെയുമാണ് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. പേഴയ്ക്കാപ്പള്ളിയിലെ ഷോപ്പിംഗ് സെന്ററില്‍ പാര്‍ക്ക് ചെയ്തിരുന്ന അസീസിന്റെ കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയെന്ന് ആരോപിച്ചാണ് അസീസിനെ ഒരാള്‍ ഫോണില്‍ വിളിച്ചത്.
കാര്‍ മറ്റൊരു വാഹനത്തിലും തട്ടിയിട്ടില്ലെന്ന് അസീസ് വ്യക്തമാക്കിയെങ്കിലും ഒത്തുതീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ അസീസ് രാത്രി പതിനൊന്നരയോടെ ഭാര്യയെയും മൂന്നു മക്കളെയും കൂട്ടി പ്രതികള്‍ നിര്‍ദ്ദശിച്ച ബിഒസി ജംഗ്ഷനിലെത്തി.
ഇവിടെ കാറിലെത്തിയ സംഘം അസീസിനെ ആക്രമിക്കുകയായിരുന്നു. താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന രോഗിയാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ പിന്തിരിഞ്ഞില്ലെന്ന് അസീസ് പറഞ്ഞു. മര്‍ദനം തടയാന്‍ ശ്രമിച്ച അസീസിന്റെ ഭാര്യയെയും മക്കളേയും സംഘം ആക്രമിച്ചു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ അസീസിന്റെ മുഖത്തും കൈകള്‍ക്കും പരിക്കേറ്റു. മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം മാർ ഈവാനിയോസ് നഗറിൽ മൂന്ന് ദിവസമായി നടന്നുവരുന്ന ഏഴാമത് മൂവാറ്റുപുഴ ബൈബിൾ കൺവൻ ഇന്ന് സമാപിക്കും. ഇന്നലെ തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവ്വണ്ണത്തിലിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണം നടന്നു. ആത്മാവിലെ വെളിപ്പെടുത്തൽ മനസിലാക്കാൻ കഴിയാത്തവർക്ക് നിത്യ ജീവനേക്കുറിച്ച് അറിവു ലഭിക്കില്ലെന്ന് ഫാ. ഡാനിയേൽ വ്വണ്ണത്തിൽ പറഞ്ഞു.
കൺവൻഷനോടനുബന്ധിച്ച് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികനായും ഫാ. മാനുവൽ പിച്ചളക്കാട്ട്, ഫാ.അഗസ്റ്റിൻ നിരപ്പേൽ എന്നിവർ സഹകാർമികരായും സീറോ മലബാർ ക്രമത്തിൽ കുർബാന അർപ്പിച്ചു. മൂവാറ്റുപുഴ ബൈബിൾ കൺവൻഷൻ ദേശത്തിന് അനുഗ്രഹമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. വലിയ നോമ്പുകാലത്ത് അനുരഞ്ജനത്തിനും ആത്മസൗഖ്യത്തിനും കൺവൻഷൻ അവസരമൊരുക്കുകയാണെന്നും ബിഷപ് പറഞ്ഞു.
ബൈബിൾ കൺവൻഷനോടനുബന്ധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മാതൃസമാജം, സുവിശേഷ സംഘം അംഗങ്ങൾക്കായി കൂദാശ പഠന ക്ലാസ് നടത്തി. ഫാ.സജി അറയ്ക്കൽ ക്ലാസ് നയിച്ചു. സമാപന ദിവസമായ ഇന്ന് മലങ്കര കാത്തലിക് അസോസിയേഷൻ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നടക്കുന്ന എക്യുമെനിക്കൽ സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും.
ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവസഭാ പ്രതിനിധികൾ ഐക്യസന്ദേശം നൽകും. വൈകുന്നേരം 4.30 ന് മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മലങ്കര ക്രമത്തിൽ കുർബാന അർപ്പിക്കും. തുടർന്ന് ഒന്‍പത് വരെ ഫാ. ഡാനിയേൽ പൂവ്വണ്ണത്തിൽ വചന പ്രഘോഷണം നടത്തും.
District News
കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാന്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.
പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിന്നീട് കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.
District News
കൂത്താട്ടുകുളം: അന്താരാഷ്ട്ര ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ഭാഷ എന്ന പേരിൽ ദേവമാതാ ആശുപത്രിയിൽ നമ്മുടെ ഭാഷാ പദ്ധതി സംഘടിപ്പിച്ചു. വാക്കുകൾ എഴുതിയതിൽ അമ്മ എന്ന വാക്കാണ് ഏറ്റവും തവണ ആവർത്തിക്കപ്പെട്ടത്. 500 ലേറെ പേർ ബോർഡിൽ പദങ്ങൾ എഴുതി.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. മേഴ്സി അലക്സ് അധ്യക്ഷത വഹിച്ചു. ആശുപത്രി ചാപ്ളൈൻ ഫാ. കുര്യാക്കോസ് നരിതൂക്കിൽ,
ദേവമാതാ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി കൊള്ളികുളവിൽ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനറ്റ് കട്ടിപ്പറമ്പിൽ, ഡോ. സി.ടി. ബാബുരാജ്, ഡോ. പി.കെ. മുഹമ്മദ് സമീർ, സിസ്റ്റർ ഡോ. ടി.എം. ടീന, ഡോ. ടി.എം. കുര്യാക്കോസ്, ഡോ. ജി. അരുൺ, പിആർഒ പി. ലാൽസൺ തുടങ്ങിയവരും ഇഷ്ട പദങ്ങളെഴുതി പദ്ധതിയുടെ ഭാഗമായി.
District News
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ കുടിവെളളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് ജനപ്രതിനിധികള്‍ സമരം അവസാനിപ്പിച്ചത്.
പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും കുടിവെളള ക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയാറാകാത്തത് മൂലമാണ് ഇന്നലെ രാവിലെ ഉപരോധ സമരം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ കുടിവെളളക്ഷാമം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ജല അഥോറിറ്റി അറ്റകുറ്റപ്പണി ചെയ്യുന്ന കോണ്‍ട്രാക്ടര്‍ക്ക് രണ്ട് വര്‍ഷമായി ബില്ല് മാറി നല്‍കാത്തത് മൂലം കൃത്യമായി പമ്പിംഗ് ലൈനില്‍ പണി നടക്കാത്തതും കുടിവെളള ക്ഷാമത്തിന് കാരണമാകുന്നതായും നേതാക്കള്‍ ആരോപിച്ചു.
പ്രസിഡന്റ് സീനത്ത് അസീസ്, വൈസ് പ്രസിഡന്റ് കെ.പി. ജോയി, സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബുബക്കര്‍, അംഗങ്ങളായ എം.സി. വിനയന്, മന്‍സൂര്‍ ചേന്നര, ശാലിനി ഷാജി എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
District News
കൊച്ചി: വൈപ്പിന്‍ എടവനക്കാട് മേഖലയിലെ കടല്‍ഭിത്തി നിര്‍മാണ നടപടിയിലെ പുരോഗതി തേടി ഹൈക്കോടതി. കടല്‍ ഭിത്തി പുനര്നിര്മിക്കണമെന്നുമാവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 13 വാര്‍ഡുകളിലെ താമസക്കാരായ ഇ.കെ. സലിഹരന്‍, എസ്.വൈ. സംജാദ്, എം.ആര്. ജോസഫ് ബേസില്‍ എന്നിവരടക്കം നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി. എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 12 നകം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് 75 കോടി രൂപ നല്കാന് തയാറാണെന്ന് ഗോശ്രീ ഐലന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി കോടതിയെ അറിയിച്ചു. ഭരണാനുമതിയും ഫണ്ട് അനുവദിക്കലും സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ വേണ്ടി ഇതു സംബന്ധിച്ച സ്ഥിരീകരണ കത്ത് ജിഡ 48 മണിക്കൂറിനകം സര്‍ക്കാരിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
District News
പെരുമ്പാവൂര്‍: അന്താരാഷ്ട്ര കായിക വേദിയില്‍ കരുത്ത് തെളിയിച്ച് മലയാളി താരം അനന്തു പ്രദീപ്. ന്യൂഡല്‍ഹിയില്‍ നടന്ന വാക്കോ ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്ക്ബോക്സിംഗ് കപ്പില്‍ അനന്തു സ്വർണ മെഡൽ കരസ്ഥമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളോട് മത്സരിച്ചാണ് ഉജ്ജ്വല നേട്ടം കൈവരിച്ചത്.
2025 ജൂലൈ 16-ന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന വാക്കോ സീനിയര്‍ ആന്‍ഡ് മാസ്റ്റര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും അനന്തു സ്വര്‍ണം നേടിയിരുന്നു. പെരുമ്പാവൂരിലെ ആര്-4 ക്ലബ്ബില്‍ മാസ്റ്റര്‍ ടി.എസ്. ഇന്ദ്രജിത്തിന്റെ കീഴിലുള്ള പരിശീലനമാണ് അനന്തുവിനെ ഈ നേട്ടങ്ങള്‍ക്ക് അര്‍ഹനാക്കിയത്.
District News
കൊച്ചി: കൊച്ചിയുടെ കായൽതീരങ്ങളിലെ ആകർഷകകാഴ്ചയായിരുന്ന ചീനവലകള്‍ വിസ്മൃതിയിലേക്ക്. മുമ്പ് ഇടതടവില്ലാതെ കണ്ടിരുന്ന ചീനവലകള്‍(കമ്പവലകള്‍) ഇന്ന് നേര്പ്പകുതിയില് താഴെയായി കുറഞ്ഞിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അടുത്ത കാലത്തുവരെ വേമ്പനാട്ടുകായലിന്റെ ഓരങ്ങളില്‍ എണ്ണൂറിലേറെ കമ്പവലകള്‍ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ പകുതി വലകള്‍ പോലും ഇല്ല. ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലകളില്‍ ചീനവലകള്‍ എല്ലാം അപ്രത്യക്ഷമാവുകയാണ്. 25 ഓളം വലകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 15 ല്‍ താഴെയായി.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, മൽസ്യലഭ്യതയിലെ കുറവ്, കായലിലെ ചെളി അടിയല്‍ തുടങ്ങിയവയാണ് കമ്പവലകളെ പ്രതികൂലമായി ബാധിച്ചത്. വെള്ളത്തിന് ചൂട് കടുത്തതോടെ മത്സ്യങ്ങള്‍ ഉള്‍കടലിലേക്ക് മടങ്ങി. കിഴക്കന്‍ മേഖലകളിലെ ഫാക്ടറികളില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന വെള്ളം കായലുകളിലേക്ക് അനധികൃതമായി ഒഴുക്കിവിടുന്നതും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി.
രാപകല്‍ മത്സ്യബന്ധനം നടത്തിയാല്‍ ചെലവിനുള്ളതു പോലും കിട്ടാതെ വന്നതോടെ പലരും ചീനവലകളെ ഉപേക്ഷിച്ചു. 15 ഉം 20 ഉം വരെ വലകള്‍ ഉണ്ടായിരുന്നവര്‍ പരിപാലിക്കാന്‍ സമയമില്ലാത്തതിനാല്‍ മറ്റു ജോലികള്‍ തേടിപ്പോയി. പരിപാലനച്ചെലവ് വര്‍ധിച്ചതും ആധുനിക മത്സ്യബന്ധനരീതികളുടെ വ്യാപനവും നിരവധി ചീനവലകളെ പ്രവര്‍ത്തനരഹിതമാക്കി. പുതുതലമുറക്കാര്‍ക്ക് മത്സ്യബന്ധത്തില്‍ താല്പര്യം കുറഞ്ഞതും ചീനവലകളുടെ എണ്ണം കുറയാന്‍ ഒരു കാരണമാണ്.
ചീനവലകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. കൊച്ചിയുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യഘടകമായ ചീനവലകളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നതാണ് കൊച്ചിയുടെ ആവശ്യം.
കൊച്ചിയുടെ പൈതൃക അടയാളം
കൊച്ചിയുടെ പ്രധാന കായല്‍ മത്സ്യബന്ധന ഉപാദിയാണ് കമ്പവലകള്‍ എന്നു വിളിപ്പേരുള്ള ചീനവലകള്‍. കൊച്ചിയുടെ ചരിത്രത്തോടും പൈതൃകത്തോടും ചേര്‍ന്നുനില്‍ക്കുന്ന ചീനവലകള്‍ 14-ാം നൂറ്റാണ്ടില്‍ ചൈനീസ് വ്യാപാരികള്‍ കൊച്ചിയില്‍ എത്തിച്ചതെന്നാണു വിശ്വാസം.
തീരത്തുനിന്ന് കായലിലേക്ക് അല്‍പ്പം നീങ്ങി മുളക്കമ്പുകളിലും മറ്റും താങ്ങിനിര്ത്തുന്നതിനാലാണ് കമ്പവലകള്‍ എന്ന് ഇവയെ വിളിക്കുന്നത്. വലിയ മരഘടനയും കല്ല് തൂക്കങ്ങളുമാണ് പ്രധാന സവിശേഷത. ലിവര്‍ സംവിധാനത്തിലൂടെയാണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്.
District News
കരുമാലൂർ: കരുമാലൂർ പുതുക്കാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് തുണയായി ആലുവ വെസ്റ്റ് പോലീസിലെ അഞ്ചംഗ സംഘം. കരുമാലൂർ പുതുക്കാട് മാമ്പിള്ളിപ്പറമ്പില് ചന്ദ്രമതി (85)യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കിണറ്റില്‍ വീണത്.
ചന്ദ്രമതി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അല്‍പ്പം ഓര്‍മക്കുറവുള്ള അവർ ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിപ്പോഴാണ് അബദ്ധത്തില്‍ 30 അടിയോളം ആഴമുള്ള കിണറിലേക്ക് വീണത്. ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്ന മകൻ രാജീവെത്തിയപ്പോൾ കിണറില്‍നിന്നും വെളളം പമ്പുചെയ്യുന്ന മോട്ടോറിന്റെ ഹോസിൽ പിടിച്ച് അമ്മ കിടക്കുന്നത് കണ്ടു.
ഉടന്‍ ഫയര്‍ഫോഴ്സിലും പോലീസ് കണ്‍ട്രോള്‍റൂമിലും വിവരമറിയിച്ചു. ആലുവ വെസ്റ്റ് പോലീസ് നിമിഷങ്ങള്‍ക്കുളളില്‍ സ്ഥലത്തെത്തി പെട്ടെന്ന് തന്നെ കിണറിലേക്കിറങ്ങി.ചെറിയ കോണിയിറക്കി ചന്ദ്രമതിയെ അതിൽ ഇരുത്തി കരയ്ക്കെത്തിച്ചു. വീഴ്ചയിൽ കാര്യമായ പരിക്കില്ല.
ഉടന്‍തന്നെ ആലുവ ഗവ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.ആലുവ വെസ്റ്റ് പോലീസിലെ സീനിയർ സിപിഒ ഷാരോ, സി പി ഓ മാരായ ലെനീഷ് , അബ്ദുൽ ഖാദർ ,സുജിത്ത്,രഹസ്യ അന്വേഷണ വിഭാഗത്തിലെ എ എസ് ഐ സുധീർ എന്നിവർ അടങ്ങുന്ന സംഘമാണ് വയോധികയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.
District News
പാമ്പുകളെ പിടികൂടി വനപാലകർക്ക് കൈമാറി
കോതമംഗലം: ആയക്കാട് ബഥേൽ പള്ളി ഹാളിന്റെ മുറ്റത്ത് മതിൽക്കെട്ടിലൊളിച്ച മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെ ഉച്ചയോടെ ഹാളിനു സമീപം ഒരു മൂർഖൻ പാമ്പിനെ പാസ്റ്റർ എൽദോ വർഗീസ് കണ്ടതിനെ തുടർന്ന് വാർഡ് മെമ്പർ ബിൻസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധരായ മാർട്ടിൻ മേയ്ക്ക മാലിയും ജുവൽ ജൂഡിയും സ്ഥലത്തെത്തി മതിൽക്കെട്ടിലെ മാളം പരിശോധിച്ചപ്പോഴാണ് മൂന്ന് മൂർഖൻ പാമ്പുകൾ ഉണ്ടെന്ന് അറിഞ്ഞത്.
ഇരുവരും ചേർന്ന് മൂന്ന് പാമ്പുകളെയും പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പുകളെ വനപാലകർക്ക് കൈമാറി. ആദ്യമായാണ് മൂന്ന് പാമ്പുകളെ ഒരു മാളത്തിൽ നിന്ന് പിടികൂടുന്നതെന്ന് മാർട്ടിൻ മേയ്ക്കമാലി പറഞ്ഞു.
District News
കൊച്ചി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റോ റോ സര്‍വീസുമായി ബന്ധപ്പെട്ട് നടത്തിപ്പ് ഏജന്‍സിയും കോര്‍പറേഷനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം ചേരും. കെഎസ്ഐഎന്‍സി കോര്പറേഷന് നല്കിയ കണക്കുകളില്‍ അവ്യക്തയുണ്ടെന്നും വിശ്വാസ യോഗ്യമല്ലെന്നുമുള്ള ധനകാര്യ സ്ഥിരം സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് വിഷയം സര്‍വകക്ഷിയോഗത്തിന് വിടാമെന്ന് മേയര്‍ അഡ്വ.വി.കെ. മിനിമോള്‍ കൗണ്‍സിലിനെ അറിയിച്ചത്. നടത്തിപ്പിന് മറ്റേതെങ്കിലും ഏജന്‍സിയെ കണ്ടെത്തുന്നതടക്കം യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും.
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ദിവസം റോ റോ വെസലുകള്‍ ഡ്രൈഡോക്കിന് കയറ്റും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളം എടുക്കും. ഇതിനു ശേഷം സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായി പുതിയ ഏജന്‍സിക്ക് നല്‍കണോ അതോ കെഎസ്ഐഎന്‍സിക്ക് തന്നെ നടത്തിപ്പ് കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനിക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. കെഎംആര്‍എല്‍ അടക്കമുള്ള ഏജന്‍സികള്‍ പരിഗണനയിലുണ്ട്.
കെഎസ്ഐഎന്‍സി കോര്‍പറേഷനില്‍ നല്‍കിയിട്ടുള്ള വരവ് ചെലവ് കണക്കുകള്‍ വിശ്വാസമില്ലെന്ന് കഴിഞ്ഞ മാസമാണ് ധനകാര്യ സ്ഥിരം സമിതി പരിശോധിച്ച് വിലയിരുത്തിയത്. യഥാര്‍ഥ കണക്കുകളില്‍ മാറ്റം വരുത്തിയിട്ടണ്ടെന്നും കണക്കുകള്‍ പരിശോധിക്കണമെന്നും സമതി ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ റോ റോ സര്‍വീസ് മൂലം 77 ലക്ഷം രൂപ നഷ്ടമാണെന്നാണ് കെഎസ്ഐന്‍സിയുടെ കണക്ക്. ഈ സഹാചര്യത്തിലാണ് റോ റോ നടത്തിപ്പ് മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചത്.
District News
ആലുവ: ശിവരാത്രി മണപ്പുറത്തേക്കുള്ള ഉത്തരേന്ത്യൻ ഭക്ഷ്യവിഭവത്തിന്റെ മറവിൽ കടത്തിയ 38 കിലോഗ്രാം കഞ്ചാവ് ആലുവയിൽ പിടികൂടി. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും ആലുവ എക്സൈസും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഭാഗത്തു നിന്നു കഞ്ചാവ് കണ്ടെടുത്തത്.
വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടശേഷമാണ് കഞ്ചാവ് കണ്ടെത്തിയത്. പലഹാരങ്ങളടങ്ങിയ ചാക്കുകൾക്കുള്ളിൽ രണ്ട് വലിയ പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് സിഐ ജോമോൻ ജോർജ് അറിയിച്ചു.
District News
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ നിരത്തുകളിൽ അപായക്കെണിയൊരുക്കി കേബിൾകുരുക്കുകൾ. ടെലഫോൺ പോസ്റ്റുകളിലും, വൈദ്യുതി തൂണുകളിലും യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വലിച്ചുകെട്ടുന്ന സ്വകാര്യ കേബിൾ ചാനലുകളും വൈഫൈ കണക്ഷൻ കേബിളുകളും അയഞ്ഞു തൂങ്ങിയും പൊട്ടിയും നിരത്തുകളിൽ വീഴുന്നതു മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
എൻജിഒ ക്വാർട്ടേഴ്സിനു സമീപം പൊട്ടിക്കിടന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ, എൻജിഒ ക്വാർട്ടേഴ്സ് മേഖലകളിലും അലക്ഷ്യമായി വലിച്ചു കെട്ടിയിരിക്കുന്ന കേബിളുകൾ അപകടം വിതയ്ക്കുന്നത് പതിവായിട്ടുണ്ട്.
തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ അഴിച്ചുമാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
District News
ആലങ്ങാട്: പത്ത് വർഷക്കാലം കൊണ്ട് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ചെന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പട്ടയ മിഷനിലൂടെ നിരവധിയായ ജനങ്ങളുടെ ആകുലതകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. ഇതിനോടകം 628 വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തീകരിക്കുകയും 400 വില്ലേജ് ഓഫീസുകളെ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ 250 വില്ലേജ് ഓഫീസുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലീംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാംവാർഡ് ഗ്രാമസഭയുടെ ബോർഡ് സെക്രട്ടറിയുടെ നിർദേശപ്രകാരം എടുത്തുമാറ്റി. ഇതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഗ്രാമസഭ നടക്കുന്ന പെരുമാൾപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിനു മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്. ഇതിന് പള്ളിക്കാരുടെ അനുവാദവും വാങ്ങിയിരുന്നുവെന്നാണ് പഞ്ചായത്തംഗം പറയുന്നത്. എന്നാൽ ബോർഡ് നീക്കിയത് പൊതു ഇടങ്ങളിൽ ബോർഡുകൾ പാടില്ല എന്ന ഹൈക്കോടതിയുടെ കർശന നിർദേശമുള്ളതുകൊണ്ടാണെന്ന് സെക്രട്ടറി പറയുന്നു.
എന്നാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ബോർഡുകൾ ഉണ്ടായിരുന്നിട്ടും ഇത് മാത്രം എടുത്തു മാറ്റിയത് ബോധപൂർവം ആണെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു.
District News
ആലുവ: ആലുവ കോടതി സമുച്ചയത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ തറക്കല്ലിട്ടു. രാജ്യത്തെ തന്നെ ആദ്യ കോടതികൾ സ്ഥാപിക്കപ്പെട്ട ആലുവ പൗരാണികമായും വാണിജ്യപരമായും പ്രാധാന്യമേറിയതാണെന്ന് ചീഫ് ജസ്റ്റീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. മന്ത്രി പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ, ജില്ലാ ജഡ്ജി ഹണി എം. വർഗീസ്, നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ, കെ.വി. രാജൻ എന്നിവർ പ്രസംഗിച്ചു.
35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പഴയ കോടതി കെട്ടിടവും മുൻസിഫുമാരുടെ ക്വാർട്ടേഴ്സും പൊളിച്ചുനീക്കിയ ശേഷമാണ് പുതിയ കോടതി കെട്ടിടം നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതുവരെ സമീപത്തെ ബിഎസ്എൻഎൽ കെട്ടിടത്തിൽ ആലുവ കോടതി വാടകയ്ക്ക് പ്രവർത്തിക്കും.
District News
കൊച്ചി: വടുതലയെയും പേരണ്ടൂരിനെയും ബന്ധിപ്പിക്കുന്ന പേരണ്ടൂര്‍-വടുതല പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. പേരണ്ടൂര്‍ ഭാഗത്തെ പൈലിംഗ് ജോലികളാണ് ഇന്നലെ ആരംഭിച്ചത്. വര്‍ഷങ്ങളായി കടലാസില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതും പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ടി.ജെ. വിനോദ് എംഎല്‍എ പറഞ്ഞു.
34.24 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെയാണ് പ്രവര്‍ത്തികള്‍ ആരംഭിക്കാനായത്. 32.33 കോടിയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. സ്ഥലമേറ്റെടുക്കലിന് മാത്രം 10 കോടി ചെലവഴിക്കും. പുതുക്കിയ അലൈന്മെന്റ് പ്രകാരം പേരണ്ടൂര്‍ ഭാഗത്ത് 34 സെന്റും വടുതല ഭാഗത്ത് 55 സെന്റും സ്ഥലമാണ് ഏറ്റെടുക്കുന്നത്.
153.60 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഒരുക്കും. കാരിയേജ് വേയ്ക്ക് 7.50 മീറ്ററാണ് നീളം. ഇരുവശത്തും 111 മീറ്റര്‍ സര്‍വീസ് റോഡുകള്‍ ഉണ്ട്. വടുതല ഭാഗത്തെ അപ്രോച്ച് റോഡ് ചിന്മയ റോഡിലേക്ക് ബന്ധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്ന് കോടി രൂപയും നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി രണ്ട് കോടിയുമുള്‍പ്പെടെ അഞ്ച് കോടി രൂപയുടെ പ്രപ്പോസലിനും അനുമതി ലഭിച്ചു.
പാലം യാഥാര്‍ഥ്യമാകുന്നതോടെ പച്ചാളം വടുതല മേഖലയില്‍ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡന് എംപി, അഡ്വ. വി.കെ. മിനിമോള്‍, സ്ഥിരം സമിതി അധ്യക്ഷരായ സീന ഗോകുലന്, ജിസ്മി ജെറാള്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കാലടി: കുടിവെള്ളം കിട്ടാക്കനിയായതോടെ പാത്രങ്ങളുമായി ഒരു കുടുംബം പ്രതിഷേധവുമായി അയ്യന്പുഴ പഞ്ചായത്തിന് മുന്നിലെത്തി. വെള്ളം കിട്ടാക്കനിയായതോടെയാണ് പഞ്ചായത്തിനു സമീപം താമസിക്കുന്ന ബിനോയി മഞ്ഞളിയും കുടുംബവും ധർണ നടത്തിയത്.
കുടിവെള്ള വിതരണ ലൈനിൽ വാട്ടർ അഥോറിറ്റി സ്ഥാപിച്ചിട്ടുള്ള വാൽവുകൾ ചിലർ തോന്നിയതുപോലെ തിരിക്കുന്നതാണ് പല ഉയർന്ന പ്രദേശങ്ങളിലും വെള്ളമെത്താത്തതിന് കാരണമെന്ന് പരിസരവാസികൾ പറയുന്നു. വാട്ടർ അഥോറിറ്റി ജീവനക്കാർ വാൽവ് തുറന്ന് പോയി കഴിയുമ്പോൾ തന്നെ ചിലർ ഈ വാൽവുകൾ അടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമത്രെ. വെള്ളമില്ലാതെ ദുരിതം വർധിച്ചതോടെയാണ് ബിനോയ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അയ്യമ്പുഴയിൽ കിഫ്ബി വഴി ഊരാളുങ്കൽ സൊസൈറ്റി നടപ്പാക്കുമെന്ന് മന്ത്രിസഭായോഗം അംഗീകരിച്ച 22 കോടിയുടെ പദ്ധതി പഞ്ചായത്ത് അധികൃതർ വിശദീകരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത സാമൂഹിക പ്രവർത്തകൻ സാൻജോ ജോസഫ് അഭിപ്രായപ്പെട്ടു.
പൊതുപ്രവർത്തകൻ ഷാജി പുളിമൂട്ടിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടു. സണ്ണി ആലപ്പാട്ട്, പി.കെ. ബാബു എന്നിവരും പ്രസംഗിച്ചു. കുടുംബാംഗങ്ങളായ ഏല്യാമ്മ വറീത്, അനീഷ ബിനോയി, അലക്സ് ബിനോയി, സൈറ അന്ന, മെസി ബിനോയി, എഥേൻ ബിനോയി എന്നിവർ പ്രസംഗിച്ചു.
District News
കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഭൂമിയിലെ മരം കൊള്ള നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് അധ്യക്ഷത വഹിച്ചു.
District News
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികൾ വലയുന്നു. തിരക്കുമൂലം മണിക്കൂറുകള്‍ കാത്തുനിന്നാണ് അത്യാഹിത വിഭാഗത്തിൽ രോഗികള്‍ക്ക് ഡോക്ടറെ കാണുവാൻ പറ്റുന്നത്. ഒരു സമയത്ത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ പി സേവനമുള്ളത്. അതിന് ശേഷം എത്തുന്ന രോഗികളെല്ലാം അത്യാഹിത വിഭാഗത്തെയാണ് ആശ്രയിക്കുന്നത്. അപകടത്തില്പ്പെട്ടവരുള്പ്പെടെ അടിയന്തിര ചികിത്സ വേണ്ടവരും ആശുപത്രിയിലുള്ള കിടപ്പ് രോഗികളും കാഷ്വാലിറ്റി ഡോക്ടറെയാണ് ആശ്രയിക്കുന്നത്.
സായാഹ്ന ഒപി വേണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉയരുന്നതാണ്. സായാഹ്ന ഒപി സൗകര്യമുണ്ടെങ്കില്‍ അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. രാത്രി എട്ടിന് ആശുപത്രിയിലെ ഫാര്‍മസി അടക്കും. ഇതുമൂലം പിന്നീട് എത്തുന്ന രോഗികള്‍ പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുട്ടമ്പഴയിലെ ആദിവാസി മേഖലയിൽനിന്ന് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
District News
മൂവാറ്റുപുഴ: വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗവും ജനറല്‍ ആശുപത്രിയും സംയുക്തമായി മാര്‍ക്കറ്റ് ബസ് സ്റ്റാൻഡില്‍ ഇതര സംസ്ഥാന തൊഴിലാളി കൾക്കായി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കാവുങ്കര മേഖലയിലെ നൂറോളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനാണ് ക്യാമ്പ് ആരംഭിച്ചത്. മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, കുഷ്ഠരോഗം എന്നിവയുടെ നിര്‍ണയമാണ് നടന്നത്.
എറണാകുളം ജില്ലാ മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിംഗ് സംഘവും (എംഐഎസ്ടി) എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബ് ടെക്നീനീഷ്യന്മാരും ക്യാമ്പിലെത്തി രോഗ നിര്‍ണയത്തിനായി തൊഴിലാളികളുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. ഇത് റീജിണല്‍ ലാബില്‍ പരിശോധന നടത്തി മൂന്നു ദിവസത്തിനകം ഫലം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറും. ഇവരുടെ മേല്‍നോട്ടത്തിലാകും തുടര്‍ പ്രവര്‍ത്തനങ്ങളെന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. രജിത പറഞ്ഞു. രോഗ ലക്ഷണമുളളവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കും.
പെരുമ്പാവൂര്‍ അടക്കമുളള സ്ഥലങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി കൾക്ക് ഇടയില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടാം ഘട്ടമായി വിപുലമായ സൗജന്യ എയ്ഡ്സ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും രജിത വ്യക്തമാക്കി. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് നഗരസഭ പ്രദേശത്ത് അതിവസിച്ചു വരുന്നത്. ഇവര്‍ക്കിടയില്‍ ജലജന്യ രോഗങ്ങളടക്കം പിടിപെട്ടാല്‍ അതിവേഗം വ്യാപനം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ നഗരസഭ ആരോഗ്യ വിഭാഗം ക്യാമ്പ് നടത്തിയത്.
District News
കോലഞ്ചേരി:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ്, വട്ടക്കുഴി പാലം, കാവുംതാഴം എന്നീ സ്ഥലങ്ങളിൽ റോഡിൽ ഓയിൽ വീണ് ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞതിനെ തുടർന്നു പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി ഓയിൽ നീക്കം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. മനോജ് കുമാർ സേനാംഗങ്ങളായ, എ.എം. സനൂപ്, വി.ജി. വിജിത്ത്കുമാർ, വി.പി. മിഥുൻ, എ. അനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
District News
കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയിൽ സമാപിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ക്യാപ്റ്റനായി മൂന്നു ദിവസങ്ങളിലായി നടത്തിയ പ്രചരണ ജാഥയുടെ സമാപന സമ്മേളനം കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാൻ യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ കാബിനറ്റിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് ഷമീർ പനക്കൽ പറഞ്ഞു. സംസ്ഥാന സർക്കാരും വനവകുപ്പും എംഎൽഎയും നിരന്തരം ജനങ്ങളെ കബളിപ്പിക്കുന്ന പാഴ് പ്രഖ്യാപനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
സമാപന സമ്മേളനത്തിൽ ജോൺസൺ കാച്ചാപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എസ്. എൽദോസ്, പി.കെ. മൊയ്തു, ഇബ്രാഹിം കവല, ഭാനുമതി രാജു, പ്രിൻസ് വർക്കി, കെ.പി. ബാബു, അബു മൊയ്തീൻ, എ.സി. രാജശേഖരൻ, എ.ടി. പൗലോസ്, മാത്യു ജോസഫ്, മാമച്ചൻ ജോസഫ്, പി.സി. ജോർജ്, ബാബു പോൾ, സക്കറിയ, മേരി കുര്യാക്കോസ്, പീറ്റർ മാത്യു, എൽദോസ് ബേബി, ബിൻസി മോഹനൻ, ജോൺസൺ വടാട്ടുപാറ, സണ്ണി വർഗീസ്, സി.കെ. സത്യൻ, ജോഷി പൊട്ടക്കൽ, പി.എ. പാദുഷ, കെ. ഇ. കാസീം, ഇ.സി. റോയ്, കവിത ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ : നഗരത്തിലെ പുഴക്കടവുകളുടെ സംരക്ഷണഭിത്തികളും പടവുകളും തകര്‍ന്ന് പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം.
പുഴക്കരക്കാവ് ഉള്‍പ്പെടെയുള്ള പ്രധാന കടവുകളെല്ലാം കാടുകയറിയും സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന നിലയിലുമാണ്. പുഴയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുകള്‍ പലയിടത്തും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. പടവുകള്‍ ഇടിഞ്ഞു താഴ്ന്നതോടെ ആളുകള്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇതിനു പുറമെ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യവും കുന്നുകൂടികിടക്കുകയാണ് പലയിടങ്ങളിലും. പുഴക്കരക്കാവ് കടവ്, ചന്തക്കടവ്, കിഴക്കേക്കര കടവ് എന്നിവയാണ് അവഗണന നേരിടുന്ന പ്രധാന കടവുകള്‍. കടവുകളുടെ സംരക്ഷണത്തിന് നഗരസഭയുടെയും ബന്ധപ്പെട്ട അധികൃതരുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൈതൃക പ്രാധാന്യമുള്ള ഇത്തരം കടവുകള്‍ നവീകരിക്കാനും കൃത്യമായ ഇടവേളകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നടപടി വേണമെന്നും തകര്‍ന്നു കിടക്കുന്ന പടവുകള്‍ പുനര്‍നിര്‍മിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതമായി പുഴയില്‍ ഇറങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
District News
മൂവാറ്റുപുഴ : അസൗകര്യങ്ങളുടെ നടുവില്‍ പ്രതിസന്ധിയിലായിരുന്ന നിയോജക മണ്ഡലത്തിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ ഇനി മൂവാറ്റുപുഴ നഗര ഹൃദയ ഭാഗത്ത് പ്രവര്‍ത്തിക്കും. സാങ്കേതിക വിദ്യാഭ്യാസം അനിവാര്യമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമാകുന്ന വിധത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ആയവനയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്നിക്കല്‍ സ്കൂള്‍ വെളളൂര്ക്കുന്നത്തെ ലൈബ്രറി മന്ദിരത്തിലേക്ക് നഗരസഭ മാറ്റി സ്ഥാപിച്ചത്.
40 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂളിന് സ്വന്തമായി ഭൂമിയോ കെട്ടിടമോ, സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഗുരുതരമായ അടിസ്ഥാന സൗകര്യക്കുറവ് അനുഭവപ്പെട്ടിരുന്നു. 1985ല്‍ സ്ഥാപിതമായ സ്കൂള്‍ ആരംഭം മുതല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്. 2014ല്‍ പഴയ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സ്കൂള്‍ കരിമറ്റം ഗവ. എല്‍പി സ്കൂളിലെ ആറു ക്ലാസ് മുറികളിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പുകള്‍, ഡ്രോയിംഗ് ഹാളുകള്‍, ലാബുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് വൈദ്യുതിയും സുരക്ഷയും ഇല്ലാത്ത ഇടുങ്ങിയ സ്റ്റേജിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രോണിക്സ് വര്‍ക്ക് ഷോപ്പും സുരക്ഷിതമായിരുന്നില്ല. ഐടി പരിശീലനം പ്രത്യേക ലാബ് സൗകര്യമില്ലാത്തതിനാല്‍ ക്ലാസ് മുറികളില്‍ ലാപ്ടോപ്പുകള് ഉപയോഗിച്ചാണ് നടത്തിയിരുന്നത്. തുടര്‍ന്ന് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും അസൗകര്യം തുടര്‍ന്നു. പൊതുഗതാഗതം കുറവായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് എത്താനും ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ മൂവാറ്റുപുഴ നഗരസഭയെ സമീപിച്ചത്.
പി.പി എല്‍ദോസ് നഗരസഭാധ്യക്ഷനായിരുന്ന മുന്‍ കൗണ്‍സില്‍ വിഷയം അനുഭാവ പൂര്‍വം പരിഗണിച്ചു. അന്നത്തെ നഗരസഭാംഗം ജോയ്സ് മേരി ആന്റണി ചെയര്‍പേഴ്സണായി റ്റിഎച്ച്എസ് വികസന സമിതി രൂപീകരിച്ചു. പിന്നീട് ലൈബ്രറി മന്ദിരത്തിന്റെ രണ്ട് നിലകള്‍ സൗജന്യമായി വിട്ട് നല്കി. ഇതോടെ അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടിയിരുന്ന സ്കൂള്‍ മാറ്റി സാപിക്കാന്‍ അവസരം ഒരുങ്ങി. മുനിസിപ്പല്‍ ലൈബ്രറി കോംപ്ലക്സിന്റെ രണ്ടാമത്തെയും മൂന്നാമത്തേയും നിലകളും റൂഫ്ടോപ്പും സ്കൂള്‍ ആവശ്യത്തിന് നഗരസഭ വിട്ടു നല്‍കുകയായിരുന്നു.
സ്കൂള്‍ മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാചെയർ പേഴ്സൺ ജോയ്സ് മേരി ആന്റണി നിര്‍വഹിച്ചു. മുന്‍ നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പഴ്സണ്‍ പി.എം. അബ്ദുള്‍ സലാം ലബോറട്ടറി ഉദ്ഘാടനം ചെയ്തു.
District News
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി ഇടിച്ച് എംസി റോഡിലെ മീഡിയനും കൈവരിയും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കച്ചേരിത്താഴത്തായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തടിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗവും കൈവരിയുടെ കമ്പികളും മീഡിയനും തകര്‍ന്നു.
നഗര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതാനും മാസം മുന്‍പാണ് റോഡ് നിർമാണം പൂര്‍ത്തിയാക്കി കൈവരിയും മീഡിയനും സ്ഥാപിച്ചത്. മീഡിയനും കൈവരിയും സ്ഥാപിച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ അപകടം നടന്നിട്ടുണ്ട്.
District News
ഫോർട്ടുകൊച്ചി: കടലിനും കായലിനും ഇടയ്ക്കുള്ള തീരദേശ നഗരിയിൽ ഭൂഗർഭ ജല നിരപ്പ് കുറയുന്നതായി പഠനങ്ങൾ. ഇതിനിടെ പശ്ചിമകൊച്ചി മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു.
പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കണ്ണ മാലി, തോപ്പുംപടി, ഇടക്കൊച്ചി മേഖലകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. രാവിലെയും വൈകിട്ടും നി ശ്ചിത സമയത്ത് മാത്രമാണ് വാട്ടർ അഥോറിറ്റി ജല വിതരണ പമ്പിംഗ് നടത്തുന്നത്. ഇതിന്റെ അളവ് കുറച്ചതായും പരാതികൾ ഉയരുന്നുണ്ട്. കുടിവെള്ള പൈപ്പുകളിൽ മോട്ടോർ ഘടിപ്പിച്ചുള്ള ജല ചൂഷണം വ്യാപകമായതാണ് പൊതു ടാപ്പുകളിലും വിവിധ മേഖലകളിലും കുടിവെ ള്ളം ലഭിക്കാത്തതിന് കാരണമെന്ന്റസിഡന്റ്സ് അസോസിയേഷനുകൾ ചുണ്ടിക്കാട്ടുന്നു.
ചൂട് കുടിയതോടെ കിണറുകളിലും കുളങ്ങളുമടക്കമുള്ള ജലാശയങ്ങളിലും ജലലഭ്യത കുറഞ്ഞുനു. രണ്ടാഴ്ചക്കകം രണ്ടടി വരെ വെള്ളമാണ് കിണറുകളിൽ കുറഞ്ഞത്. നേരത്തെ മദ്രാസ് ഐഐടി അടക്കമുള്ള ഏജൻസികൾ നടത്തിയ പഠന ത്തിൽ കൊച്ചിയിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു.
District News
പറവൂർ: ദേശീയ പാത 66 നിലവിൽ വരുന്നതോടെ മൂത്തകുന്നത്ത് നിന്നും ദേശീയപാത മെയിൻ റോഡിലേക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കണമെന്ന് ആവശ്യം. പതിറ്റാണ്ടുകളായി ദേശീയപാത എന്ന സ്വപ്നവും പേറി നടക്കുന്ന മൂത്തകുന്നത്തുകാർക്ക് ദേശീയപാത പൂർത്തിയാകുന്നതോടെ തങ്ങൾക്ക് നിലവിൽ ഉണ്ടായിരുന്ന ഗതാഗത സൗകര്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വല്ലാർപാടത്തുനിന്നും വൈപ്പിൻ വഴി ദേശീയപാത 66 വന്നുചേരുന്നു സംസ്ഥാന പാത ദേശീയപാതയിൽ സന്ധിക്കുന്ന ജംഗ്ഷൻ എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട ദേശീയപാത കവലകളിൽ ഒന്നാണ് മൂത്തകുന്നം. എൻജിനീയറിംഗ് കോളജ് ഉൾപ്പെടെ നാല് കോളജുകൾ, രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ ചെട്ടിക്കാട് തീർഥാടന കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രശസ്തമായ സ്ഥലങ്ങളിലേക്കുള്ള ദേശീയപാത വഴി കടന്നു വരുന്ന യാത്രക്കാർക്ക് മൂത്തകുന്നം ജംഗ്ഷനിലൂടെയാണ്തിരിഞ്ഞു പോകേണ്ടത്.
മൂത്തകുന്നം ജംഗ്ഷൻ മുതൽ പാലം തുടങ്ങുന്നതുവരെയുള്ള ആ 400 മീറ്റർ ദൂരം ഒരു റാംപ് നിർമിക്കാൻ സാങ്കേതികമായി ധാരാളമാണ്.
സാധാരണയായി ഒരു എൻട്രി/എക്സിറ്റ് റാംപ് നിർമ്മിക്കാൻ 200 മുതൽ 300 മീറ്റർ വരെ ദൂരം മതിയാകും. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇവിടെ റാംപ് നിർമിക്കാനാവാത്ത സാഹചര്യമാണ്. ദേശീയ പാത 66 ൽ മൂത്തകുന്നം ഭാഗത്ത് തൂണുകളിൽ എലിവേറ്റ് ഡ് റോഡ് വേണമെന്നു മൂത്തകുന്നം ബൂത്ത് കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിനായി എല്ലാ രാഷ്ടീയ , ബഹുജന സംഘടനകളെ സംഘടിപ്പിച്ചു ശക്തമായ ജനകിയ സമരം സംഘടിപ്പിക്കണമെന്നു യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. പി.എസ്. രഞ്ജിത്ത്, എം.ഡി. മധു ലാൽ, അനിൽ ഏലിയാസ്, രാജീവ്, സി.എസ്. രാജേഷ് , ബൈജു തേവുരുത്തിൽ, ചന്ദ്രബാബു, കെ.സി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.
District News
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ - പൂത്തോട്ട റോഡ് വികസനവും കണിയാമ്പുഴ റോഡ് വികസനവും അനിശ്ചിതമായി നീളുമെന്ന് കെ. ബാബു എംഎൽഎ. ട്രുറയുടെ നേതൃത്വത്തിൽ നടന്ന വികസന മുരടിപ്പിനെതിരെയുള്ള ജനസദസ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംഎൽഎ ഇക്കാര്യമറിയിച്ചത്.
റോഡ് വികസനത്തിനായുള്ള നടപടികൾ പ്രായോഗിക തലത്തിലേക്കെത്താൻ ഇനിയും കടമ്പകളേറെയുണ്ടെന്ന സൂചനയാണ് എംഎൽഎ നടത്തിയതെങ്കിലും റോഡ് വികസനം കാത്തിരിക്കുന്ന പ്രദേശവാസികളെ നിരാശരാക്കുന്നതായി മാറി ജനസദസിൽ നിന്നുയർന്ന പ്രസ്താവന. റോഡ് വികസനത്തിനായി നിലവിലെ റോഡിനിരുവശവുമുള്ള സ്ഥലങ്ങൾ മൂന്ന് പതിറ്റാണ്ട് കാലത്തിലധികമായി മരവിപ്പിച്ചിട്ടിരിക്കുകയാണ്.
അതേസമയം മാമല ബണ്ട് റോഡ് ടെൻഡർ ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് അനൂപ് ജേക്കബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അറിയിച്ചു. ട്രുറ ചെയർമാൻ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി.എൽ. ബാബു, ട്രുറ കൺവീനർ വി.സി.ജയേന്ദ്രൻ, പി.എസ്. ഇന്ദിര, ജിജി വെണ്ട്രപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മെട്രോയോടനുബന്ധിച്ച് ബസ് ടെർമിനൽ, മിൽമ മുതൽ ഹിൽപാലസ് റോഡ് വരെ നാലുവരിപ്പാത, ഇരുമ്പു പാലം, സീപോർട്ട്-എയർപോർട്ട് റോഡ് വികസനം, കരിങ്ങാച്ചിറ-തിരുവാങ്കുളം റോഡ് വികസനം, ചമ്പക്കര-പെരീക്കാട് പാലം യാഥാർഥ്യമാക്കുക തുടങ്ങിയ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജനസദസ്.
District News
വൈപ്പിൻ : എൽഡിഎഫ് മധ്യമേഖലാ വികസന ജാഥയുടെ ഭാഗമായി ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി മണ്ഡലത്തിലെ പൗരപ്രമുഖരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ ഉയർന്നത് കായലോര റോഡ് മുതൽ മെട്രോ റെയിൽ വരെയുള്ള ആവശ്യങ്ങൾ. ഇപ്പോൾ ആലുവയിൽ വന്ന് അവസാനിക്കുന്ന മെട്രോ റെയിൽ പറവൂർ വഴി വൈപ്പിനിലെത്തി ഗോശ്രീ വഴി എറണാകുളം നോർത്തിൽ ബന്ധിപ്പിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ ഒരു പരിധിവരെ മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നും ആവശ്യം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടി. എന്നാൽ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ വൈപ്പിൻ ഫോർട്ട് കൊച്ചി തുരങ്ക പാത, ഓഷ്യനോറിയം തുടങ്ങിയ പദ്ധതികൾ പ്രത്യക്ഷത്തിൽ ഒരാളും ആവശ്യപ്പെട്ടില്ല.
അതേസമയം ഗോശ്രീ സമാന്തര പാലങ്ങൾ, ചെറായി ബീച്ചിലേക്ക് ജല മെട്രോ ,മുനമ്പം പുലിമുട്ട് നീളം കൂട്ടൽ,വേലിയേറ്റ വെള്ളപ്പൊക്ക പരിഹാരം, വീരൻ പുഴയിലെ എക്കൽ നീക്കൽ, ടെഡ്രോ പോഡ്കടൽ ഭിത്തി,തെങ്ങ് കൃഷിക്ക് പ്രത്യേക പദ്ധതി,പൊക്കാളി കൃഷിക്ക് കൂടുതൽ സാമ്പത്തിക സഹായം, മുനമ്പം ഫിഷിങ് ഹാർബറിന്റെ പുനരുദ്ധാരണം, തീരദേശ ഹൈവേ ,ദേവസ്വം നട ബൈപ്പാസ് തുടങ്ങിയ ആവശ്യങ്ങളും പൗരപ്രമുഖർ ജോസ് കെ. മാണിക്ക് മുന്നിൽ അവതരിപ്പിച്ചു.
നേരിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ എഴുതി തയാറാക്കിയ നിവേദനങ്ങളും നിരവധിപേർ സമർപ്പിച്ചു. എല്ലാം ക്രോഡീകരിച്ച് വൈപ്പിൻ നിയോജകമണ്ഡലത്തിന്റെ ഭാവി വികസനത്തിനായി സർക്കാരിൽ സമർപ്പിക്കുമെന്ന് മറുപടി പ്രസംഗത്തിലൂടെ അദ്ദേഹം ഉറപ്പുനൽകി. പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് , കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ , സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനില്‍ എന്നിവരും സംബന്ധിച്ചു.
District News
കൊച്ചി: ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മാരത്തണിന്റെ നാലാം പതിപ്പില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പതിനായിരത്തിലധികം പേര് പങ്കെടുത്തു. ഇന്‍ഫോപാര്‍ക്ക് കൊച്ചിയുടെ ഫെയ്സ് ഒന്ന് രണ്ട് കാമ്പസുകളും സ്മാര്‍ട്ട് സിറ്റി കാമ്പസും ഉള്‍പ്പെടുത്തിയായിരുന്നു മാരത്തണ്‍.
ഹാഫ് മാരത്തണ്‍ (21.1 കിലോമീറ്റർ), 10 കെ ടൈംഡ് റണ്‍, 3 കെ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. ഹാഫ് മാരത്തണിലും 10 കെ റണ്ണിലും പ്രഫഷണല്‍ ഓട്ടക്കാരും കോര്‍പറേറ്റ് ടീമുകളും പങ്കെടുത്തപ്പോള്‍ 3 കെ ഫണ്‍ റണ്ണില്‍ കുട്ടികളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.
21 കിലോമീറ്റര്‍ വിഭാഗത്തില്‍ സോനു യാദവ് വിജയിച്ചു. വിജയകരമായി ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡലുകള്‍ നല്കി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ എത്തിയവരെ പ്രത്യേക ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
ലഹരിവിരുദ്ധ സന്ദേശത്തോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധതയാണ് പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ്വേര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. സൂംബ സെഷനുകള്‍, മെഡിക്കല്‍ സപ്പോര്‍ട്ട്, വോളന്റിയര്‍ സേവനം എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
District News
കോതമംഗലം: അങ്കമാലി - ശബരി റെയിൽപാതയ്ക്ക് സ്ഥലമെടുപ്പിന് അക്വസിഷൻ ഓഫീസ് കോതമംഗലത്ത് തുടങ്ങണമെന്ന് എൻസിപി കോതമംഗലം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് തോമസ് തോമ്പ്രയിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി റോയ് ജോൺ ഉദ്ഘാടനം ചെയ്തു. എം.എം. വർഗീസ്, ബെന്നി പുളിക്കൻ, കുര്യാക്കോസ്കുട്ടമ്പുഴ, ടി.പി. തമ്പാൻ, രവി പ്രഭാകരൻ, ബേബി ഞവണംകുഴി, ബിനു പിണ്ടിമന എന്നിവർ പ്രസംഗിച്ചു.
District News
കല്ലൂർക്കാട്: ജെസിഐ ലോഗോ പതിപ്പിച്ച തപാൽ സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു. ജെസിഐ കല്ലൂർക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജെസിഐ കല്ലൂർക്കാട് എന്ന പേരിലാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റാമ്പിന്റെ ആദ്യ വിതരണം മുൻ സോൺ പ്രസിഡന്റ് ഡോ. ഹരീഷ്കുമാറിന് നൽകി സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് നിർവഹിച്ചു.
പ്രസിഡന്റ് ജേക്കബ് ഷാജു, സെക്രട്ടറി മനോജ് സെബാസ്റ്റ്യൻ, ട്രഷറർ ടോം വർഗീസ്, മുൻ പ്രസിഡന്റ് ടോണി എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
District News
കോതമംഗലം: ആദിവാസി സമൂഹത്തിന്റെ പുരാതന ആചാരമായ പായസ പൂജ വനത്തില്‍ കാടിനു നടുവില്‍ ഭക്തിസാന്ദ്രമായി നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പൂജ നടത്തിയത്. ക്ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസി സമൂഹം തലമുറകളായി തുടരുന്ന ആചാരത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളില്‍ നിന്നെത്തിയ വിശ്വാസികള്‍ പങ്കെടുത്തു.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് പാറയിലേക്ക് വിശ്വാസികള്‍ ആദ്യമെത്തുന്നത്. പാറയ്ക്കു മുകളില്‍ രണ്ട് ദ്വാരങ്ങള്‍ ഉണ്ട്. നിറയെ വെള്ളമുള്ള ഈ ദ്വാരങ്ങള്‍ ശിവഭഗവാന്റെ നാസാദ്വാരങ്ങള്‍ ആണെന്നാണ് ഇവരുടെ സങ്കല്പം. ഈ ദ്വാരങ്ങള്‍ക്ക് മുന്നില്‍ പൂജാരി വിളക്ക് തെളിക്കുന്ന തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
കാടിന്റെ നടുവിലെ പാറപ്പുറത്ത് ഒരുക്കിയ അടുപ്പില്‍ അരിപ്പായസമാണ് ഇവര്‍ നിവേദ്യമായി തയാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും. വിവിധ ഊരുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് പൂജയില്‍ പങ്കാളികളാവുന്നത്.
12 ദിവസം വ്രതമെടുത്ത് ക്ണാച്ചേരി ക്ടാത്താട്ടമ്മക്ക് പായസവും തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പായസ പൂജയുടെ പ്രധാന ചടങ്ങ്. സമീപത്തെ ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നാളികേരം ഉടക്കുന്ന ചടങ്ങുമുണ്ട്.
District News
കോലഞ്ചേരി: മൂശാരിപ്പടി കുര്യാകുളങ്ങരക്ക് സമീപം ഏഴിപ്രം അതിയാറമ്പ് മലയിലെ മൂന്ന്ഏക്കർ വരുന്ന കാലാവധി കഴിഞ്ഞ പൈനാപ്പിളിനും, അടിക്കാടിനും ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ തീപിടിക്കുകയായിരുന്നു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി. മനോജ് കുമാർ, പി.വി. വിജീഷ്, ആർ. ഷുഹൈബ്, പി.പി. ഷിജിൻ, അഭിജിത്ത്, സുനിൽ എന്നിവരും നാട്ടുകാരും ചേർന്ന് വെള്ളം പമ്പുചെയ്ത് തീയണച്ചു.
District News
വാഴക്കുളം: വാഴക്കുളത്ത് മെഡോറ സംഗീത കലാലയത്തിന്റെ ഉദ്ഘാടനം നടത്തി. നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മാനവീയതയാകണം കലയുടെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തലും ഒറ്റപ്പെടുത്തലുകളും അതിജീവിക്കുന്ന സഹനയാത്രയാണ് കലാകാരന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ലോഗോ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നന്മ സംസ്ഥാന കമ്മറ്റിയംഗം റെബി ജോസ്, സംഗീത സംവിധായകൻ ഈണം ജോസ്,
ജ്വാല പ്രസിഡന്റ് ഒ.എം. ജോർജ്, ചലച്ചിത്ര സംവിധായകൻ ഷാജി നെടുങ്കല്ലേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ ഡെയ്സി ജയിംസ്, രമ്യ ലിയോ, മഡോറ ഡയറക്ടർ റഷീദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
District News
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി.അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അസോസിയേഷൻ അംഗങ്ങളായ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പെരുമ്പിള്ളിക്കുന്നേൽ, പായിപ്ര പഞ്ചായത്തംഗം ഇ.ജെ. നജീബ്, ആവോലി പഞ്ചായത്തംഗം രമ്യ ലിയോ എന്നിവരെ അനുമോദിച്ചു.
ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റ് മുഹമ്മദ് നിയാസ് എന്നിവർക്ക് മെമന്റോ നൽകി. അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളിൽ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരേയും കഴിഞ്ഞ പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും യോഗത്തിൽ ആദരിച്ചു.
സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറർ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ്, ജിമ്മി ജോർജ്, ഷൈൻ ജോൺ, ജയ്സൺ ജോസ്, സാലസ് അലക്സ്, വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഭാരവാഹികളായ എം.പി. തോമസ്, സിജോ ജോർജ്, ഡിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
District News
മൂവാറ്റുപുഴ: കരഭൂമി പാട്ടത്തിനെടുത്ത് തണ്ണിമത്തന് കൃഷിചെയ്ത് മികച്ച വിളവു സ്വന്തമാക്കിയിരിക്കുകയാണ് ആയവന ഉപ്പൂവീട്ടുങ്കല് ഷോണ്‍ ജോഷി എന്ന കർഷകൻ. കിരണ്‍ ഇനത്തില്‍പ്പെട്ട തണ്ണിമത്തനാണ് ആയവനയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് ഷോൺ കൃഷി ചെയ്തത്.
നമ്മുടെ കാലാവസ്ഥയില്‍ ഇവ രണ്ടുതവണ കൃഷിയിറക്കാനാകുമെന്നും ഷോണ്‍ ജോഷി പറയുന്നു. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ മികച്ച വിളവ് ലഭിക്കും. എന്നാൽ മഴ പെയ്താല്‍ ഇവ നശിച്ചുപോകും. നട്ടീലിനു ശേഷം രണ്ട് മാസംകൊണ്ട് വിളവെടുക്കാമെന്നുള്ളതും തണ്ണിമത്തന് കൃഷിയുടെ പ്രത്യേകതയാണ്.
ശാസ്ത്രീയമായ രീതിയില്‍ സമീപിച്ചാല്‍ നല്ല വരുമാനം ലഭിക്കുമെന്നും പരമാവധി കൃഷി ചെലവ് കുറയ്ക്കാനാകുമെന്നും ഷോണ്‍ പറയുന്നു. പ്രാദേശിക മാര്‍ക്കറ്റുകളിലാണ് ഇവ വിറ്റഴിക്കുന്നത്. തണ്ണിമത്തന്റെ വിളവെടുപ്പ് ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടക്കല്‍ നിര്‍വഹിച്ചു.
ഇന്‍ഫാം മുന്‍ ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, ഫാ. ജോസഫ് കൊച്ചുപുത്തന്‍പുരയില്‍, ജിന്‍സ് പാലായികുടിയില്, സണ്ണി പൊട്ടംപുഴ, ജോമോന് കാക്കനാട്ട്, സാബു കാട്ടാംകോട്ടില്‍, മൈക്കിള്‍ ആഞ്ചലോ തണ്ടുംപുറത്ത് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് ഷോണ്‍ തണ്ണിമത്തന് കൃഷി ചെയ്തിരുന്നു.